Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെസ്റ്റ് മിഡ്‌ലാൻഡിലെ സോളിഹളിനടുത്തുള്ള തടാകത്തിൽ നേർത്ത മഞ്ഞുപാളികൾക്കിടയിലൂടെ വീണ് എട്ട്, പത്ത്, പതിനൊന്ന് വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ മരണപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസ്സുള്ള നാലാമത്തെ ആൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കിംഗ്‌ഷർസ്റ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രമായ ബാബ്‌സ് മിൽ പാർക്കിലെ തടാകത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാല് കുട്ടികളും ഹൃദയസ്തംഭനത്തിലായി കഴിഞ്ഞിരുവെന്നത് ചുറ്റും കൂടെ നിന്നവരെ കണ്ണുനീരിലാഴ്ത്തി. ഐസ് നിറഞ്ഞ തടാകത്തിൽ കളിക്കുകയായിരുന്ന കുട്ടികൾ, പെട്ടെന്ന് ഐസ് തകർന്ന് തടാകത്തിലേക്ക് വീഴുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും മറ്റ് എമർജൻസി രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുറത്തെടുത്തത്. മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളോടും കുടുംബങ്ങളോടുമുള്ള ദുഃഖം അറിയിക്കുന്നതായും പോലീസ് സൂപ്രണ്ട് അറിയിച്ചു.

റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ആക്‌സിഡന്റ്‌സ് ജലാശയങ്ങൾ മഞ്ഞുമൂടിയതിനാൽ ജാഗ്രത പാലിക്കണമെന്ന് അപകടത്തെ തുടർന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ താപനില -15 ആയി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം കൂടുതൽ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നുള്ളതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. ഐസിൽ കളിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കാൻ രക്ഷിതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ നേർ ചിത്രങ്ങൾ കുറെ നാളുകളായി മാധ്യമങ്ങളിൽ വാർത്തകളായി കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ വെയിറ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനു പുറമെയാണ് ഈ മാസം 15 , 20 തീയതികളിലായി നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം എൻഎച്ച്എസിനെ ഗുരുതര പ്രതിസന്ധിയിലാക്കും .

മതിയായ ജീവനക്കാരുടെ അഭാവം മൂലം കഴിഞ്ഞ വർഷം 30,000 ശസ്ത്രക്രിയകൾ എൻഎച്ച്എസ് റദ്ദാക്കിയതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കുറിച്ച് പുറത്തു വന്നിരിക്കുന്നത്. റദ്ദാക്കിയ ശസ്ത്രക്രിയകളിൽ പതിനായിരത്തോളം അടിയന്തര ശസ്ത്രക്രിയകളായിരുന്നു. 2500 ക്യാൻസർ രോഗികളുടെയും 8000 കുട്ടികളുടെ ശസ്ത്രക്രിയകളും ഇങ്ങനെ റദ്ദാക്കിയവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ എൻഎച്ച്എസ് ജീവനക്കാരുടെ കുറവ് മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 12 വർഷമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതിലും പരിശീലിപ്പിക്കുന്നതിനും സർക്കാർ തലത്തിൽ പരാജയപ്പെട്ടതാണ് എൻഎച്ച്എസ് പ്രതിസന്ധി രൂക്ഷമായതിന് കാരണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിർമിംഗ്ഹാമിലെ സോലിഹള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ കുട്ടികൾ വീണുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എട്ട്, പത്ത്, പതിനൊന്ന് വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആറ് വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

അപകടത്തെ തുടർന്ന് നാല് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. രണ്ടു കുട്ടികൾ ബിർമ്മിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലും മറ്റു രണ്ടുപേർ സിറ്റിയിലെ ഹാർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ മൂന്നുപേരെ ചികിത്സകൾ വിഫലമാക്കികൊണ്ട് മരണം കവർന്നെടുക്കുകയായിരുന്നു. ഇവരുടെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുന്ന ചെറുപ്പക്കാരും, കുട്ടികളും ഐസിൽ കളിക്കാൻ സാധ്യതയുണ്ട്. തണുത്തുറഞ്ഞ തടാകത്തിനു മുകളിൽ പോയി നില്ക്കുന്നതും, ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഇതിനോടകം തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഭവസമയത്ത് പ്രദേശത്ത് താപനില 1C (34F) ആയിരുന്നു. എന്നാൽ പിന്നീട് ഇത് -3C (26F) ലേക്ക് താഴ്ന്നു. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി ഋഷി സുനാക് അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒൻപത് വയസ്സ് മാത്രമുള്ള മലയാളി പെൺകുട്ടിയെ മരണം തട്ടിയെടുത്തതിന്റെ ദുഃഖത്തിലാണ് യുകെയിലെ മലയാളികൾ. ലീഡ്സിൽ താമസിക്കുന്ന ജെയിംസിന്റെയും നെഫിയുടെയും മകളായ ആൻ തെരേസയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ആൻ തെരേസയുടെ പിതാവായ ജെയിംസ് മൂക്കന്നൂർ ഞാലൂക്കര ഗോപുരത്തിങ്കൽ കുടുംബാംഗമാണ്. അമ്മ നെഫി അങ്കമാലി കറുകുറ്റി കുടുംബാംഗമാണ് . പന്ത്രണ്ട് വയസ്സുള്ള ജോൺ ആണ് സഹോദരൻ . മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും .

ആൻ തെരേസയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് വീണ്ടും ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്ക് 0.5% ഉയർത്തുമെന്നാണ് സൂചന. മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) ഒമ്പത് അംഗങ്ങൾ ഡിസംബറിൽ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് 3% ൽ നിന്ന് 3.5% ആയി ഉയർത്താൻ തീരുമാനിച്ചേക്കും. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മറ്റു വഴികളില്ലാത്തതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നത്. തുടർച്ചയായ ഒമ്പതാം വർദ്ധനയാണിത്.

പലിശ നിരക്ക് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തും. ബാങ്കിന്റെ എംപിസി കഴിഞ്ഞ മാസം 0.75% വർദ്ധനവ് വരുത്തിയിരുന്നു. ഇനി നടക്കുന്ന മീറ്റിംഗിൽ നിരക്ക് 3.5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമ്മൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഡച്ച് ബാങ്കിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

2023-ൽ നിരക്കുകൾ 4.5% വരെ ഉയരുമെന്നാണ് ഡ്യൂഷെ ബാങ്കിന്റെ പ്രവചനം. 2020 മാർച്ച് 19 നും 2021 ഡിസംബർ 15 നും ഇടയിൽ പലിശ നിരക്ക് 0.1% ആയിരുന്നു, അതിനുശേഷം ക്രമാനുഗതമായി ഉയർന്നു. നിരക്ക് കുത്തനെ ഉയരുന്നതോടെ മോർട്ട്ഗേജ് തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ പ്രതിസന്ധി നേരിടും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാല് കുട്ടികൾക്ക് ഗുരുതരപരിക്ക്. ബർമിങ്ഹാമിന് സമീപമാണ് അപകടം. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും, അവർ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നാണ് വെസ്റ്റ്‌ മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് ജീവനക്കാർ പറയുന്നത്.

യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. തണുത്ത കാലാവസ്ഥ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ തടാകത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും, ഇനി ആരെങ്കിലും ഉള്ളിൽ കുടുങ്ങി കിടപ്പുണ്ടോ എന്നുള്ളത് പരിശോധിക്കുകയാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. തണുപ്പ് വളരെ കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടം അറിഞ്ഞ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് അഗ്നിശമനസേന എത്തുന്നതിനു മുൻപ് തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടസമയത്ത് പ്രദേശത്ത് 1C (34F) ആയിരുന്നു താപനില. അത് ഒറ്റരാത്രി കൊണ്ട് -3C വരെ താഴാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ തണുപ്പ് കൂടുവാൻ സാധ്യത ഉണ്ടെന്നും, അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാൻ സാധിച്ചതിനാൽ നാല് പേർക്കും അപകടനില തരണം ചെയ്യുവാൻ കഴിയുമെന്നാണ് പുറത്തുവരുന്ന പ്രാഥമികവിവരം. അതേസമയം, കുട്ടികളുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങളും നടത്താൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. തടാകത്തിലെ അപകടം അപ്രതീക്ഷിതമാണെന്നും, കുട്ടികൾ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നുവെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേയർ ആൻഡി സ്ട്രീറ്റ് പറഞ്ഞു. ബർമിങ്ഹാമിലെ അപകടത്തെ തുടർന്ന് കർശന നിയന്ത്രങ്ങൾ കൈകൊള്ളുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ സമരത്തിൻറെ തീച്ചൂളയിലാണ്. നേഴ്സുമാർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങൾ വരും ദിവസങ്ങളിൽ ജനജീവിതം സ്തംഭിപ്പിക്കും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് ജീവനക്കാരുടെ ആവശ്യം. പക്ഷേ നിലവിൽ ജീവനക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഇതിനിടെ സമരത്തെ നേരിടുന്നതിനുള്ള ശക്തമായ നടപടികളുമായി ഗവൺമെൻറ് മുന്നോട്ട് പോകുകയാണ് . ഇതിൻറെ ഭാഗമായി സമരം അതി രൂക്ഷമായി ബാധിക്കുന്ന എൻഎച്ച് എസിനെ ഉൾപ്പെടെ സഹായിക്കുന്നതിനായി നൂറുകണക്കിന് സൈനികരെ വിവിധ മേഖലകളിൽ വിന്യസിക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ഉടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ സൈന്യം അടിയന്തര പരിശീലനം ആരംഭിക്കും. സമരത്തെ നേരിടുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരയോഗം സർക്കാർ വിളിച്ചിട്ടുണ്ട്.

നേഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി ഗൗരവമായി ചർച്ച നടത്തി ഫല പ്രാപ്തിയിൽ എത്തിയാൽ ഉടൻ തന്നെ സമരം പിൻവലിക്കുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മേധാവി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. എന്നാൽ ശമ്പള ചർച്ച നടത്തേണ്ടത് സർക്കാരിൻറെ ജോലിയല്ല എന്നാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിലെ നേഴ്‌സുമാരുടെ സമരം ഡിസംബർ 15, 20 തീയതികളിലാണ്. നേഴ്സുമാർക്ക് 5% എങ്കിലും ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യമാണ് നേഴ്‌സിങ് യൂണിയൻ മുൻപോട്ട് വയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി ഗൗരവമായി ചർച്ച നടത്തി ഫല പ്രാപ്തിയിൽ എത്തിയാൽ ഉടൻ തന്നെ സമരം പിൻവലിക്കുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മേധാവി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. എന്നാൽ ശമ്പള ചർച്ച നടത്തേണ്ടത് സർക്കാരിൻറെ ജോലിയല്ല എന്നാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിലെ സമരം ഡിസംബർ 15, 20 തീയതികളിലാണ്. നേഴ്സുമാർക്ക് 5% എങ്കിലും ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യമാണ് നേഴ്‌സിങ് യൂണിയൻ മുൻപോട്ട് വയ്ക്കുന്നത്.

എന്നാൽ സർക്കാരുമായി ചർച്ച നടത്താനുള്ള തങ്ങളുടെ നീക്കം അഞ്ചു തവണ നിരസിക്കപ്പെട്ടതായി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. സമരം നേഴ്സുമാരുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ അല്ല മറിച്ച് അവരുടെ ദൈനംദിന ജീവിത ചിലവുകളെ നേരിടാനാണ് എന്ന് അവർ പറഞ്ഞു. തങ്ങളോടോ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്ന സ്വതന്ത്ര സംഘടനയായ അക്കാസ് വഴിയോ ചർച്ചകൾ ഉടൻ നടത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

അടിയന്തര സേവനങ്ങളും കിഡ്നി ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളും സമര സമയത്ത് ലഭ്യമായിരിക്കുമെന്നാണ് ഔദ്യോഗികമായി എൻ എച്ച് എസ് അറിയിച്ചിരിക്കുന്നത്. ട്രേഡ് യൂണിയൻറെ നിയമങ്ങൾ പ്രകാരം പണിമുടക്ക് സമയത്തും ജീവൻ രക്ഷിക്കാനുള്ള അടിയന്തര സേവനങ്ങൾ നൽകേണ്ടതുണ്ട്. ശൈത്യകാലത്തോടനുബന്ധിച്ച് ഉള്ള ആരോഗ്യപ്രശ്നങ്ങളും ഇൻഫ്ലുവൻസ ബാധിതരായ രോഗികളുടെ ഉയർന്ന എണ്ണവും എൻഎച്ച്എസിനെ വൻ സമ്മർദത്തിൽ ആക്കിയിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ആയ പ്രൊഫസർ പോവിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യകാലം കൂടുതൽ തീവ്രമാകാനുള്ള സാധ്യതകളിലേയ്ക്കാണ് കാലാവസ്ഥാ നിരീക്ഷകർ വിരൽചൂണ്ടുന്നത്. ശൈത്യകാലം കനക്കുന്നതിനൊപ്പം തന്നെ അതിശൈത്യം മൂലമുള്ള രോഗാവസ്ഥകളും കൂടുകയാണ്.

ശൈത്യകാലത്ത് വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം മെച്ചപ്പെട്ടതല്ലെങ്കിൽ ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അതിലുപരി പലരും കടുത്ത ജീവിത ചിലവ് വർദ്ധനവുമൂലം എനർജി ബില്ലുകൾ കുറയ്ക്കാനായി വീടുകളിലെ ഹീറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിശൈത്യം മൂലം രോഗാവസ്ഥയിൽ ആകാൻ സാധ്യതയുള്ള രോഗികൾക്ക് ഡോക്ടർമാർ ഹീറ്റിംഗ് പ്രിസ്ക്രിപ്ഷൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞു. അതിശൈത്യം മൂലമുള്ള രോഗങ്ങൾ ജനങ്ങൾക്ക് പിടിപെടുന്നത് മൂലം എൻഎച്ച് എസിന് മേലുണ്ടാകാൻ സാധ്യതയുള്ള അധികസമ്മർദ്ദം കുറയ്ക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

2021 ഡിസംബറിൽ ഗ്ലൗസെസ്റ്റർ ഷെയറിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ക്രോണിക് ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങൾ ഉള്ളവർ ഹീറ്റിംഗ് ഉപയോഗിക്കാതെ ശൈത്യകാലത്ത് ജീവിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഗ്ലൗസെസ്റ്റർ ഷെയറിലെ എൻഎച്ച്എസ് ഡോക്ടറായ ഡോ. ഹെയ്ൽ ലെ റൂക്സ് പറഞ്ഞു. ഇങ്ങനെയുള്ള രോഗാവസ്ഥകളുള്ള വരുമാനം കുറഞ്ഞ ആളുകൾക്കാണ് നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ ജീവിത ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ട്രയൽ പബ്ലിക് ഹെൽത്ത് സ്കീമുമായി സർക്കാർ. പുതിയ സ്കീമിൽ പഴങ്ങളും പച്ചക്കറികളും പ്രിസ്ക്രിപ്ഷൻ വഴി നൽകുകയാണ് ചെയ്യുന്നത്. 250,000 പൗണ്ട് ചിലവ് വരുന്ന 9 മാസത്തെ പ്രോജക്ടായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യുകെയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ താമസിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 120 ഓളം ആളുകൾക്ക് സ്കീമിന്റെ കീഴിൽ നിത്യോപയോഗ സാധനങ്ങൾക്കായുള്ള പ്രതിവാര വൗച്ചറുകൾ നൽകുകയാണ് ചെയ്യുന്നത്.

സർക്കാരിൻെറ ഈ പുതിയ സ്കീമിന് യോഗ്യരായ എല്ലാ കുടുംബത്തിനും ഓരോ ആഴ്ചയും 8 പൗണ്ട് മൂല്യമുള്ള വൗച്ചറുകൾ ആണ് ലഭിക്കുക. കൂടാതെ കുടുംബങ്ങളിലെ ഓരോ കുട്ടിക്കും രണ്ട് പൗണ്ട് അധികമായി ലഭിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന വിലമൂലം ആരോഗ്യകരമായ ഭക്ഷണം വാങ്ങുവാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് കഴിയുന്നില്ല എന്ന കണ്ടെത്തലിന് പിറകേയാണ് ഈ സ്കീം കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നത്. ഉയർന്ന ജീവിതചിലവും മറ്റും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ പോഷകാഹാര കുറവും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകളുടെ ഉയർന്ന നിരക്കിനും കാരണമാകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്കീമിൽ ഉൾപ്പെട്ടവർ നൽകുന്ന പ്രതികരണങ്ങൾ പദ്ധതിയ്ക്ക് കിട്ടിയ ജനപിന്തുണയ്ക്കുള്ള തെളിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . തങ്ങളുടെ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം നൽകാൻ ഇപ്പോൾ കഴിയുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവ് ഉയരുന്നതിന് മുമ്പ് 20 പൗണ്ട് ആയിരുന്നു ആഴ്ചയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായി ചെലവഴിക്കേണ്ടിവന്നിരുന്നതെന്നും എന്നാൽ ഇന്ന് ജീവിത ചെലവ് കൂടിയത് മൂലം കുട്ടികൾക്ക് പച്ചക്കറികളും പഴങ്ങളും മേടിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതായും ടവർ ലെറ്ററിൽ താമസിക്കുന്ന മൂന്നുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മ പറഞ്ഞു . മധുരക്കിഴങ്ങ്, വാഴപ്പഴം, ക്യാബേജ് തുടങ്ങിയ പച്ചക്കറികൾ തൻറെ കുടുംബത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ തുടങ്ങി. താനും തൻറെ കുട്ടികളും ഭക്ഷണം കഴിക്കുന്നത് ഉയർന്ന വില മൂലം കുറയ്ക്കുവാനും തുടങ്ങി. കുട്ടികളോട് പഴങ്ങൾ കഴിക്കരുതെന്ന് പറയേണ്ട സാഹചര്യം വരെ തനിക്കുണ്ടായതായി വിഷമത്തോടെ അവർ പറഞ്ഞു. ഇതുമൂലം പ്രോട്ടീന്റെ കുറവും വൈറ്റമിൻ സീയുടെ അഭാവവും നേരിട്ടു. കുട്ടികൾക്ക് നിരന്തരമായി രോഗങ്ങൾ വരുകയും ക്ഷീണം ഉണ്ടാവുകയും ചെയ്തതായി അവർ പറഞ്ഞു. എന്നാൽ പുതിയ സ്‌കീം മൂലം തനിക്കും കുടുംബത്തിനും ആവശ്യമായ പോഷകങ്ങളും പഴവർഗങ്ങളും വാങ്ങിക്കാൻ സാധിക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

ടവർ ഹാംലെറ്റിൽ 56% കുട്ടികളും ദരിദ്ര സാഹചര്യത്തിൽ വളരുന്നവരാണ്. ഇവരിൽ പലരും പഴങ്ങളും പച്ചക്കറികളും സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത് മാത്രമാണ് കഴിക്കുന്നത്. അലക്‌സാന്ദ്ര റോസ് ചാരിറ്റിയും പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് നൽകുന്ന ഈ പദ്ധതി യുകെയിലെ പൊതുജനങ്ങളുടെ ഭക്ഷ്യ പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

RECENT POSTS
Copyright © . All rights reserved