അഭിപ്രായ സർവേകളെയും എക്സിറ്റ് പോളുകളെയും മാധ്യമപ്രവചനങ്ങളെയും അമ്പേ പരാജയപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ലോക്സഭ ഇലക്ഷൻ ഫലം. പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും മുഴങ്ങി കേട്ടത് മോദി തരംഗം ഇന്ത്യയിൽ തുടരുമെന്നതാണ്. പക്ഷേ ചർച്ചകളിലും പ്രവചനങ്ങളിലും ബിജെപിയെ പിന്താങ്ങിയ രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യയുടെ മനസ്സ് വായിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വന്നേക്കാം. ഇനി തിളക്കം മങ്ങിയ മോദി മറ്റൊരു നേതാവിനു വേണ്ടി വഴിമാറുമോ എന്നതും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ 10 വർഷത്തെ അധികാരത്തിന്റെ നാൾ വഴികളിൽ ബിജെപി നടത്തിയ കുതിര കച്ചവടവും കോർപ്പറേറ്റ് പ്രീണനവും മത രാഷ്ട്രീയവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സിൽ എത്രമാത്രം മുറിവുണ്ടാക്കി എന്നതിന്റെ നേർചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം. ഈ ന്യൂസ് എഴുതുമ്പോൾ 293 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യാസഖ്യം 232 സീറ്റുകളിലും മറ്റുള്ളവർ 18 സീറ്റും നേടിയിട്ടുണ്ട്.
സാങ്കേതികമായി പറഞ്ഞാൽ എൻഡിഎ ഭൂരിപക്ഷം നേടി കഴിഞ്ഞു. എന്നാൽ 2019 ലെ 352 സീറ്റുകളിൽ നിന്ന് അവർ നേടിയ തിരിച്ചടി വളരെ വലുതാണ്. അതിനൊപ്പം കോൺഗ്രസിൻറെ തിരിച്ചുവരവ് ബിജെപി നയിക്കുന്ന എൻഡിഎയുടെ ഉറക്കം കെടുത്തും. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തെ പുച്ഛത്തോടെ സമീപിച്ചിരുന്ന ഏകാധിപത്യ പ്രവണതയൂടെ രാഷ്ട്രീയം ഇനി തുടർന്നാൽ ഭരണപക്ഷത്തിന്റെ നാമമാത്രമായ ഭൂരിപക്ഷം അവർക്ക് വിലങ്ങ് തടിയായേക്കും.
കേരളത്തിലെ രാഷ്ട്രീയ ചിത്രം യുഡിഎഫിന് അനുകൂലമാണെന്നത് ശരി വയ്ക്കുന്നതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം. ഭരണപക്ഷമായ എൽഡിഎഫിന് വോട്ട് ബാങ്കുകളിൽ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം ആരോപിക്കുന്നതു പോലെ കോൺഗ്രസുകാരുടെ വോട്ടുകളെക്കാൾ ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് എൻഡിഎ മുന്നണിക്ക് പോയതെന്നാണ് കണക്കുകൾ കാണിക്കുന്നത്. എൽഡിഎഫിന്റെ പല സ്ഥാനാർത്ഥികളും മികച്ചവരായിരുന്നെങ്കിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്ന ഒരു നഗ്ന യാഥാർത്ഥ്യമുണ്ട്. ജനമാണ് രാജാവ് അത് മറക്കുന്ന നേതാക്കൾക്ക് ഇന്നല്ലെങ്കിൽ നാളെ അടി തെറ്റും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാഴ്ച പരിമിതി ഉള്ളവർക്ക് ഏറ്റവും ഫലപ്രദമായി നിർദ്ദേശിക്കപ്പെട്ട ചികിത്സാ രീതിയാണ് കോർണിയ ട്രാൻസ്പ്ലാൻറ്. നേത്രദാനത്തിന് സമ്മതം നൽകുന്ന ആളുകളിൽ നിന്ന് ശേഖരിക്കുന്ന കോർണിയകളാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ വളരെ അപൂർവമായ ഒരു ചികിത്സാ വിജയത്തിൻറെ വാർത്തയാണ് എൻഎച്ച്എസിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.

സറേയിലെ ചോബാമിൽ നിന്നുള്ള സെസിൽ ഫാർലിയുടെ വലതു കണ്ണിന് ഏകദേശം 15 വർഷത്തോളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാഴ്ച സംരക്ഷിക്കാൻ അദ്ദേഹത്തോട് കോർണിയ ട്രാൻസ്പ്ലാൻറ് ആണ് ഡോക്ടർ നിർദ്ദേശിച്ചത്. എന്നാൽ മനുഷ്യ കോർണിയ ഉപയോഗിച്ച് അദ്ദേഹത്തിന് നടത്തിയ ആദ്യ ശസ്ത്രക്രിയ പരാജയപ്പെടുകയായിരുന്നു . മരണമടഞ്ഞ ആളുകളുടെ കോർണിയയുടെ ലഭ്യത കുറവ് കാരണം അദ്ദേഹത്തിന് ഏകദേശം ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്.

എന്നാൽ എൻഎച്ച്എസ് അദ്ദേഹത്തിൻറെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കൃത്രിമമായ കോർണിയ പിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി സെസിൽ ഫാർലിയുടെ ശസ്ത്രക്രിയ ലോക ആരോഗ്യ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായി. കാരണം ലോകത്തിലെ തന്നെ ആദ്യത്തെ കൃത്രിമ കോർണിയ ട്രാൻസ്പ്ലാൻ്റിനായിരുന്നു അദ്ദേഹം വിധേയമായത്. എനിക്ക് എൻറെ ഭാര്യയെ കാണാൻ സാധിച്ചുവെന്ന് സന്തോഷത്തോടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. അത്തരം ഇംപ്ലാൻ്റുകൾ നേത്ര ചികിത്സാരംഗത്ത് ഒരു സാധാരണ സംഭവമായി മാറുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫിൽ തെരുവിൽ കഴിഞ്ഞിരുന്ന ഭവനരഹിതയായ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. തൻറെ ജന്മദിനാഘോഷത്തിനിടയിൽ നഗരത്തിലെത്തിയപ്പോഴാണ് ലിയാം സ്റ്റിംപ്സൺ എന്ന വ്യക്തി രാത്രിയിൽ ക്രൂരകൃത്യത്തിൽ ഏർപ്പെട്ടത്. ഭക്ഷണം വാങ്ങി കൊടുക്കാനെന്ന വ്യാജേന സ്ത്രീയെ ഒറ്റപ്പെടുത്തി ആളൊഴിഞ്ഞ റെയിൽവേ പാലത്തിനടിയിൽ വെച്ച് അവളെ മൃഗീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞവർഷം ഡിസംബർ 27 -ന് പുലർച്ചയാണ് ലൈംഗികാതിക്രമം നടന്നത്. അവൾ സഹായത്തിനായി നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ആക്രമണം തുടർന്നു. പ്രതി അതിക്രൂര മനോഭാവമുള്ള ഒരു സാഡിസ്റ്റ് ആണെന്ന് സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ കാതറിൻ ബാരി പറഞ്ഞു. യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളാണ് പ്രതി വരുത്തിയത്. നേരത്തെ ഇയാൾ മറ്റ് രണ്ട് ബലാത്സംഗ കേസുകളിലും സമ്മതമില്ലാതെ ഒരാളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനും പ്രതിയാക്കപ്പെട്ടയാളാണ് ലിയാം സ്റ്റിംപ്‌സൺ. സംഭവത്തെ കുറിച്ച് വിവരങ്ങൾ നൽകാൻ മുന്നോട്ട് വന്നവർക്കും സാക്ഷികൾക്കും പോലീസ് നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽ നിന്നുള്ള നേഴ്സുമാരുടെ സ്വപ്നഭൂമിയാണ് ബ്രിട്ടൻ . നേഴ്സിംഗ് മേഖലയിൽ ജോലി ലഭിക്കുന്ന പലരും ബ്രിട്ടനിലെത്താൻ കണ്ടെത്തുന്ന മാർഗമാണ് ആദ്യപടിയായി കെയർ മേഖലയിൽ ജോലി സമ്പാദിക്കുക എന്നത്. യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങൾ വാർത്തയാണ്. ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ വാർത്തയാക്കിയിരിക്കുകയാണ് ഗാർഡിയൻ ദിനപത്രം.

അങ്ങനെ ചതി കുഴിയിൽ പെട്ടയാളാണ് കേരളത്തിൽ നിന്നുള്ള അഖിൽ ജെന്നി . തന്റെ കടബാധ്യതകൾ തീർക്കാനാണ് നേഴ്സിങ് യോഗ്യതയുള്ള അഖിൽ യുകെയിലേയ്ക്ക് വരാനായി ആഗ്രഹിച്ചത്. ബ്രിട്ടനിൽ കെയർ വർക്കറായി നല്ല ശമ്പളമുള്ള ജോലി അഖിലിന് വാഗ്ദാനം ചെയ്തത് ഷിന്റോ വർഗീസ് എന്ന മലയാളി എമിഗ്രേഷൻ ഏജൻറ് ആണ്. തൻറെ ഏജന്റിന് പണം നൽകാനായി അഖില്‍ തന്റെ കുടുംബ സ്വത്തുക്കൾ വിറ്റു . 18 ലക്ഷം രൂപയാണ് വിസയ്ക്കായി ഏജന്റിന് നൽകിയത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ടാണ് അഖിൽ ജെന്നി യുകെയിലേയ്ക്ക് വിമാനം കയറിയത്.
എന്നാൽ യുകെയിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇവിടെ എത്തിയപ്പോഴാണ് തന്നെ സ്പോൺസർ ചെയ്യുന്ന കമ്പനിക്ക് കെയർ മേഖലയിൽ നൽകാൻ ജോലി ഒന്നും ഇല്ലെന്ന് അറിയുന്നത്. എല്ലാ സ്വപ്നവും തകർന്നടിഞ്ഞ് നാട്ടിലേക്ക് പോയാൽ ഭീമമായ കടബാധ്യതയാണ് കാത്തിരിക്കുന്നത്. അഖിൽ ജെന്നിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കേരളത്തിൽ നിന്ന് എത്തി വഞ്ചിക്കപ്പെട്ട ഒട്ടേറെ ആണ് യുകെയിൽ ഒരു നേരത്തെ ആഹാരത്തിനും താമസത്തിനുമായി കഷ്ടപ്പെടുന്നത്.

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ കേരളത്തിലായിരിക്കും. തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാങ്കേതിക പ്രശ്നം മൂലം ഒട്ടേറെ രക്ഷിതാക്കൾക്ക് ചൈൽഡ് ബെനിഫിറ്റ് പെയ്മെൻ് ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം അര ലക്ഷം പേർക്ക് ലഭിക്കേണ്ട പെയ്മെന്റുകൾ തടസ്സപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തേയ്ക്ക് ഷെഡ്യൂൾഡ് ചെയ്തിരുന്ന പെയ്മെന്റുകളിൽ ഏകദേശം 30 ശതമാനം നടന്നിട്ടില്ല . ചൈൽഡ് ബെനിഫിറ്റ് കിട്ടാതിരുന്നതിനെ കുറിച്ച് പലരും രൂക്ഷമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയത് . പലരും ഭക്ഷണം വാങ്ങാനോ കുട്ടികളുടെ ബസ് ചാർജ് നൽകാനോ സാധിച്ചില്ലെന്നാണ് പരാതിപ്പെട്ടത്.

ചൈൽഡ് ബെനിഫിറ്റ് ലഭിക്കാത്ത ഉപഭോക്താക്കൾ എച്ച് എം ആർ സിയുമായി നേരിട്ട് ബന്ധപ്പെടണ്ടാ എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സമൂഹ മാധ്യമങ്ങളിൽ കൂടി വിവരങ്ങൾ നൽകും . നിശ്ചിത പ്രായ പരിധിയിൽ ഉള്ള കുട്ടികൾ അംഗീകൃത വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ആണെങ്കിലാണ് ചൈൽഡ് ബെനിഫിറ്റ് ക്ലെയിം ചെയ്യാൻ സാധിക്കുന്നത്. ഒരു കുട്ടിക്ക് ഒരു രക്ഷിതാവിന് മാത്രമേ പേയ്‌മെൻ്റ് ലഭിക്കൂ, എന്നാൽ നിങ്ങൾക്ക് എത്ര കുട്ടികൾക്ക് ക്ലെയിം ചെയ്യാം എന്നതിന് പരിധിയില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ഷെയറിലെ വെതർ സ്പൂൺസ് പമ്പിൽ നിന്ന് ക്യാൻസർ ചാരിറ്റിക്ക് വേണ്ടി ശേഖരിച്ച പണം മോഷ്ടിച്ചയാൾ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പമ്പ് തകർത്ത് മാനേജരെ ഭീഷണിപ്പെടുത്തി മൂന്ന് കുട്ടികളുടെ ക്യാൻസർ ചാരിറ്റി കളക്ഷനുകൾ ആണ് ജോനാഥൻ ബ്ലണ്ടൽ എന്നയാൾ മോഷ്ടിച്ചത് . വെതർസ്പൂൺ പമ്പിൻ്റെ മാനേജർ ചാരിറ്റി ബോക്സുകൾ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ എൻറെ കൈയ്യിൽ കത്തിയുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണ് മോഷ്ടാവ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 2:30നാണ് സംഭവം നടന്നത്.

ചാരിറ്റി ബോക്സുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിയത് നിന്ദ്യമാണെന്ന് കോടതി പറഞ്ഞു. നോട്ടിംഗ്‌ഹാം മജിസ്‌ട്രേറ്റ് കോടതി ബ്ലണ്ടലിന് ഏഴു മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. ഒരിടത്തും സ്ഥിരതാമസമില്ലാത്ത മോഷ്ടാവ് ജനൽ തകർത്ത് പമ്പിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു ചെയിൻ ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്ന കളക്ഷൻ ബോക്സുകൾ 35 കാരനായ പ്രതി പൊട്ടിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ആണ് അതിക്രമിച്ചു കയറിയതെന്ന് ഇയാൾ സമ്മതിച്ചു. കസ്റ്റഡിയിൽ ഉള്ളപ്പോൾ ഒരു പോലീസുകാരനെതിരെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ സംസാരിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്തനാർബുദം ഒന്നു വന്നവരിൽ വീണ്ടും രോഗം തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം രോഗം വന്ന് സുഖപ്പെട്ടവരിൽ കർശനമായ തുടർ പരിശോധനകൾ ആവശ്യമാണ് . എന്നാൽ സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ.

സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ പരിശോധനാ രീതിക്ക് 100 ശതമാനം കൃത്യത ഉറപ്പാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. അതുകൊണ്ട് തന്നെ ചികിത്സ നേരത്തെ ആരംഭിക്കാനും അതുവഴി രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും സാധിക്കും. സ്തനാർബുദ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടുത്തം വിപ്ലവകരമായ പരിവർത്തനത്തിന് കാരണമാകും.

ലോകമെമ്പാടും ഏറ്റവും സർവ സാധാരണമായി പ്രധാനമായും സ്ത്രീകളെ വളരെ അപൂർവമായി പുരുഷന്മാരെയും ബാധിക്കുന്ന രോഗമാണ് സ്തനാർബുദം. 2020 -ൽ 2.26 ദശലക്ഷം സ്ത്രീകൾക്കാണ് ലോകമെമ്പാടും സ്തനാർബുദം ബാധിച്ചതായി കണ്ടെത്തിയത്. അതേവർഷം 685,000 സ്ത്രീകളാണ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞത്. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ (ഐസിആർ) ഗവേഷകരുടെ ഒരു സംഘം വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദമുള്ള 78 രോഗികളിൽ പരീക്ഷണം നടത്തിയാണ് പുതിയ രീതി വികസിപ്പിച്ചത് . ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ ആണ് പുതിയ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചത്. ഇതനുസരിച്ചു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയിൽ ക്യാൻസർ കണ്ടെത്താം . സാധാരണ രക്തപരിശോധനകളേക്കാൾ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലുള്ള പുരുഷന്മാരെ തിരിച്ചറിയുന്നതിൽ വീട്ടിൽ നടത്താവുന്ന ഉമിനീർ പരിശോധന മികച്ചതാണെന്ന ക്യാൻസർ യുകെയുടെ കണ്ടെത്തൽ ലോകമെങ്ങും വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾക്ക് പരിചരണം ആശുപത്രി വരാന്തകളിൽ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പു നൽകി. ആശുപത്രിയുടെ കോറിഡോറിൽ രോഗികളെ പരിചരിക്കുന്നത് സാധാരണയായി തീർന്നിരിക്കുന്നു. ഇത് രോഗികൾക്ക് അസ്വീകാര്യവും ഒട്ടും സുരക്ഷിതവുമല്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) ൻ്റെ റിപ്പോർട്ടിൽ പറഞ്ഞു.

ഇന്ന് ആരംഭിക്കുന്ന ആർസിഎന്നിന്റെ വാർഷിക കോൺഫറൻസിൽ കോറിഡോർ കെയറിനെതിരെ ശക്തമായ പ്രതികരണം ആർസി എൻ മേധാവി പ്രൊഫ നിക്കോള റേഞ്ചർ അറിയിക്കും. ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർസിഎൻ ഉന്നയിക്കുന്ന വാദഗതികൾ ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനാണ് തൻറെ പാർട്ടി അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുകയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

11,000 നേഴ്സുമാരുടെ ഇടയിൽ നടത്തിയ വാർഷിക ഓൺലൈൻ സർവേയിൽ യുകെയിൽ മൊത്തത്തിൽ 700 ,000 ലധികം ആളുകളെ അനുചിതമായ സ്ഥലങ്ങളിൽ പരിചരണം നടത്തേണ്ടതായി വന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എൻഎച്ച്എസ്സിന്റെ പരിചരണം തേടുന്ന രോഗികളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വരും. കാത്തിരിപ്പ് മുറികളിലും ഇടനാഴികളിലും അതുപോലെ തന്നെ രോഗികൾക്കായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത മറ്റ് സ്ഥലങ്ങളിലും കിടക്കകളിലോ ട്രോളികളിലോ അല്ലാതെ കസേരകളിൽ പോലും രോഗികളെ പരിചരിക്കേണ്ടി വന്നതിന്റെ ഗതികേട് പല നേഴ്സുമാരും സർവേയിൽ വിവരിച്ചതായാണ് റിപ്പോർട്ടുകൾ. നേഴ്‌സുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി യൂണിയൻ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് സർവേ നടത്തിയത് . ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് നിലവിൽ 7.5 ദശലക്ഷമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആയിരക്കണക്കിന് യുകെയിലെ രക്ഷിതാക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിന്നു പോയേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യമാണ് എച്ച് എം ആർ സി യിൽ വിവരങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് ഇല്ലാതായേക്കുമെന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾ ഇല്ലാതാകുന്നതിൽ ഒട്ടേറെ യുകെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ജൂൺ ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഹയർ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ ആഗസ്റ്റ് 31-ന് മുൻപ് എച്ച് എം ആർ സി യിൽ വിവരങ്ങൾ നൽകണം. എന്നാൽ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ വിദ്യാഭ്യാസമോ അംഗീകൃത പരിശീലനമോ പൂർത്തിയാക്കുന്നവർ വിവരങ്ങൾ നൽകേണ്ട അവസാന തീയതി നവംബർ 30 ആണ്. അതേസമയം ഡിസംബർ, ജനുവരി, ഫെബ്രുവരി കാലത്താണ് കോഴ്സോ പരിശീലനമോ പൂർത്തിയാക്കുന്നതെങ്കിൽ ഫെബ്രുവരി അവസാന ദിവസത്തേയ്ക്ക് ആണ് സമയപരുധി.

ഇത്തരം സമയ പരുധിയെ കുറിച്ചുള്ള ഒരു ധാരണ കുറവ് കൊണ്ടാണ് പലരും എച്ച് എം ആർ സി യ്ക്ക് വിവരങ്ങൾ നൽകാൻ വൈകുന്നത്. 16 വയസ്സ് കഴിഞ്ഞ കുട്ടികളുടെ വിദ്യാഭ്യാസം മറ്റ് വിവിധ ജീവിതാവസ്ഥകൾ തുടങ്ങിയ കാരണങ്ങളെ കുറിച്ചും യഥാസമയം എച്ച് എം ആർ സിയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അകാലത്തിൽ വിടപറഞ്ഞ യുകെ മലയാളി സുനിൽ ജോസിന് കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം നൽകി ജന്മനാട് . കനത്ത മഴയെയും അവഗണിച്ച് മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യയാത്രാമൊഴിയേകിയത് വൻ ജനാവലിയാണ്. രാവിലെ 10 .30 നാണ് സ്വഭവനത്തിൽ മൃതസംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12 .30 നാണ് മൃതസംസ്കാരം നടന്നത്.
കോട്ടയം ഏറ്റുമാനൂർ (വെട്ടിമുകൾ ) ചിറയിൽ പരേതനായ സി വി ജോസഫിന്റെയും, കുട്ടിയമ്മയുടെയും മകൻ സുനിൽ ജോസ് (ബൈജു -50 ) വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സുനിൽ ജോസ് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയായിരുന്നു. ഭാര്യ: റെജിമോൾ കൊഴുവനാൽ കളരിക്കൽ കുടുംബാംഗം (യുകെ) മക്കൾ: ആര്യ , ഒലീവിയ .

മലയാളം യുകെ ന്യൂസിനുവേണ്ടി സ്പെഷ്യൽ കറസ്പോണ്ടൻ്റ് രാധാകൃഷ്ണൻ മാഞ്ഞൂർ പുഷ്പചക്രം അർപ്പിച്ചു. മികച്ച വായനക്കാരനും സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകളും നടത്തിയ അദ്ദേഹം മലയാളം യുകെയുടെ മികച്ച അഭ്യുദാകാംക്ഷിയായിരുന്നു . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും.
കീത്തിലി മലയാളി അസ്സോസിയേഷൻ ( KMA ) , പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ കീത്തിലി എന്നീ അസോസിയേഷനുകളുടെ പ്രതിനിധികളും മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.



