Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് പുതിയ ദേശീയ മാർഗനിർദേശങ്ങൾ പ്രകാരം ഇനിമുതൽ ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാൻഡ പ്രിച്ചാർഡാണ് ആദ്യമായി ആർത്തവവിരാമത്തെക്കുറിച്ച് ദേശീയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാർഗം തന്നെ പിന്തുടരണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ജോലിസമയങ്ങളിൽ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ നൽകുവാനും, ഇടവേളകൾ നൽകുവാനുമുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോവിഡ് മൂലം ആശുപത്രികളെല്ലാം പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കുവാൻ പരിശ്രമിക്കുന്ന ഈ സമയത്തും, ഇത്തരം ഒരു തീരുമാനം ഭാവിയിൽ എൻ എച്ച് എസിനു ഗുണം ചെയ്യും എന്ന നിലപാടാണ് ആരോഗ്യസേവന മേധാവി വ്യക്തമാക്കിയത്. ആർത്തവവിരാമം എന്നത് ആരോഗ്യപരമായ ഒരു പ്രശ്നമല്ലെന്നും, മറിച്ച് എല്ലാ സ്ത്രീകളും ജീവിതത്തിൽ നേരിടുന്ന ഒരു അവസ്ഥയാണെന്നും , അതിനാൽ തന്നെ സ്ത്രീകൾക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നും അമാൻഡ വ്യക്തമാക്കി.


ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളിൽ സന്ധി വേദന, ഉത്കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഹോട്ട് ഫ്ലഷുകൾ എന്നിവയും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടുന്നു. എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരു ശതമാനവും 45 മുതൽ 54 വയസ്സിനിടയിലുള്ള സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 2,60000 ത്തോളം ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എൻ എച്ച് എസ് ഗൈഡ് ലൈനുകൾ മറ്റു ജോലി സ്ഥലങ്ങളിലും പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ തുടർന്ന് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ മഞ്ഞുവീഴ്ച കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന ആഴ്ചകളിൽ താപനില കൂടുമെന്നും, ഒറ്റരാത്രികൊണ്ട് മഞ്ഞുവീണു മൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാഴ്ച മറഞ്ഞു അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഗ്ലാസിൽ വീഴുന്ന മഞ്ഞു നീക്കം ചെയ്തു മുന്നോട്ട് പോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥ പ്രവചനം പറയുന്നത്,വരണ്ടതും തണുത്തതുമായ കാലാവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നാണ്. ഒറ്റരാത്രികൊണ്ട് മഞ്ഞും മൂടൽമഞ്ഞും സാധ്യമാണെന്നും പറയുന്നു. എന്നാൽ വിൻഡ്‌സ്‌ക്രീനുകളിലെ മഞ്ഞു മായ്‌ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തണുപ്പിൽ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. വിവിധ രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലികളും മറ്റും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.

ഇതിനു പകരമായി കാർ സൂര്യനഭിമുഖമായി പാർക്ക് ചെയ്താൽ കുറെ അധികം നേട്ടങ്ങൾ ഉണ്ട്. ഐസ് ഉരുകാനും സ്ക്രാപ്പർ ഉപയോഗിക്കുന്നതിനുള്ള ഏത് ആവശ്യത്തെയും ചെറുക്കാനും സൂര്യന് കഴിയും. അതുപോലെ തന്നെ വിനാഗിരി വിൻഡ് സ്ക്രീനിൽ തളിക്കുന്നതും മഞ്ഞു ഉരുകാൻ സഹായിക്കും. വെള്ളവും വിനാഗിരിയും കലർന്ന മിശ്രിതം തലേദിവസം രാത്രി വിൻഡ്‌സ്‌ക്രീനിൽ സ്‌പ്രേ ചെയ്താൽ നല്ലതാണ്. ഒരു ബാഗിൽ ചെറു ചൂടുവെള്ളം നിറച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിസയ്ക്കും പാസ്പോർട്ടിനുമായി പലപ്പോഴും കാലതാമസം നേരിടാറുണ്ട്. പലപ്പോഴും ഇത് വി എഫ് എസിനും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച വ്യക്തത പുറപ്പെടുവിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ഇതനുസരിച്ച്, വിസകൾ, പാസ്‌പോർട്ട്, ഒസിഐ അല്ലെങ്കിൽ മറ്റ് കോൺസുലാർ സേവന അപേക്ഷകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 8 ദിവസമായിരിക്കും. പാസ്‌പോർട്ട് സേവനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് 10 ഉം ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ ഒസിഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 6 ആഴ്ചയും ആയിരിക്കും കാലതാമസം നേരിടുക. എന്നാൽ ക്രോസ് ചെക്കിംഗിനും ഇന്ത്യയിലെ അധികാരികളുടെ അംഗീകാരം ആവശ്യമുള്ള ചില സന്ദർഭങ്ങളിലും ഈ സമയക്രമത്തിൽ മാറ്റം ഉണ്ടാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും [email protected] എന്ന മെയിൽ ഐഡി ഉപയോഗിക്കുകയോ 02037938629 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ഇമെയിലിൽ, മുഴുവൻ പേര്, ദേശീയത, പാസ്‌പോർട്ട് നമ്പർ, അപേക്ഷ ARN അല്ലെങ്കിൽ GBRL നമ്പർ, അപേക്ഷ സമർപ്പിച്ച തീയതി, അപേക്ഷ സമർപ്പിച്ച VFS സെന്റർ എന്നിവ നിർബന്ധമായും സൂചിപ്പിക്കണം. മൊബൈൽ നമ്പർ ചേർക്കുന്നത് നിങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കും. ഏതെങ്കിലും കാരണത്താൽ സേവനത്തിന്റെ നിലവാരത്തിൽ പോരായ്മ ഉണ്ടാകുന്ന പക്ഷം നിങ്ങൾക്ക് പരാതി നൽകാനും അവകാശമുണ്ട്. [email protected] എന്ന മെയിൽ ഐഡി ഇതിനായി ഉപയോഗിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിയത് അവരുടെ ആരാധകർ മാത്രമല്ല, ലോകകപ്പിലെ മറ്റ് എല്ലാ ടീമുകളുടെയും ആരാധകരും കൂടിയാണ്. സൗദി അറേബ്യയോട് 2–1ന്റെ തോല്‍വിയാണ് അർജന്റീന വഴങ്ങിയത്. 2009ന് ശേഷം ഒരു മത്സരത്തിൽ മെസ്സി ഗോളടിച്ചിട്ടും അര്‍ജന്റീന പരാജയപ്പെടുന്നത് ആദ്യമായാണ്. 1958 -ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യം ഗോളടിച്ച ശേഷം അർജന്റീന തോൽക്കുന്നതും ഖത്തർ ലോകകപ്പിലാണ്. ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു പിന്നീടു തോറ്റുപോകുന്നത് 1930ന് ശേഷം ആദ്യമായാണ്. ഈ തോൽവി ഭാരത്തെ മെസ്സിയും കൂട്ടരും എങ്ങനെ മറികടക്കും എന്നുള്ളതാണ് ചോദ്യം.

ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സൗദി ഞെട്ടിച്ചത്. ആദ്യ പകുതിയിൽ ഓഫ്‌സൈഡ് കുരുക്ക്. രണ്ടാം പകുതിയിൽ ആക്രമണം. ഇതുവഴി അർജന്റീനയെ തകർക്കുകയായിരുന്നു സൗദി. അർജന്റീനയ്ക്കെതിരെ സൗദി ഒരു മത്സരം ജയിക്കുന്നതും ആദ്യമായാണ്. ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ആകെ നാലു കളികളാണ് സൗദി ജയിച്ചത്.

“ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്” മെസ്സിയുടെ ഈ വാക്കുകളിലാണ് ആരാധകരുടെ നിലനിൽപ്പ്. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈയ്ന് സഹായവുമായി ബ്രിട്ടൻ. യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തേക്ക് ബ്രിട്ടൻ ഹെലികോപ്റ്ററുകൾ അയയ്ക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. യുദ്ധത്തിന് ശേഷം ആദ്യമായാണ് യു കെ വിമാനം അയക്കുന്നത്. മൂന്ന് മുൻ സീ കിംഗ് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമായി നൽകും ആദ്യത്തേത് ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനം പറക്കുന്നതിനും, മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട യുക്രേനിയൻ ക്രൂവിന് യുകെയിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ ഇവയ്ക്ക് പുറമെ യുകെ 10,000 പീരങ്കികൾ കൂടി അയക്കുമെന്ന് വാലസ് പറഞ്ഞു. ഓസ്‌ലോയിൽ നിന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സീ കിംഗ് ഹെലികോപ്റ്റർ മുമ്പ് റോയൽ എയർഫോഴ്‌സും റോയൽ നേവിയും ഉപയോഗിച്ചിരുന്നു. അടുത്തിടെ യുക്രൈയ്ൻ മോചിപ്പിച്ച പ്രദേശം സുരക്ഷിതമാക്കാൻ സേനയെ എല്ലാരീതിയിലും സഹായിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഋഷി സുനക് കീവ് സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. അതിനു പുറമെ 50 മില്യൺ പൗണ്ടിന്റെ പുതിയ പ്രതിരോധ സഹായ പാക്കേജ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതിൽ 125 വിമാനവിരുദ്ധ തോക്കുകളും ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. ശൈത്യകാലത്ത് ഉക്രെയ്നിന്റെ ചില ഭാഗങ്ങളിൽ താപനില -20C വരെ താഴും. ഇതിനാൽ യുക്രേനിയൻ സൈനികർക്ക് കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ ശീതകാല ഉപകരണങ്ങളും, ഹെവി ഡ്യൂട്ടി സ്ലീപ്പിംഗ് ബാഗുകളും പായകളും വിതരണം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസിന് മുന്നോടിയായി സമരവുമായി റെയിൽവേ യൂണിയനുകൾ. ഡിസംബർ 13,14, 16,17, ജനുവരി 3,4, 6,7 എന്നിങ്ങനെ തീയതികളിൽ 48 മണിക്കൂറാണ് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർ എം ടി) പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വർദ്ധനവ്, തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം, റയിൽവേ മേഖലയിൽ ഗുരുതര തടസങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ പറയുന്നു. നെറ്റ്‌വർക്ക് റെയിലിലെയും മറ്റ് 14 ട്രെയിൻ കമ്പനികളിലെയും അംഗങ്ങൾ കഴിഞ്ഞ ആഴ്ച പണിമുടക്കിനെ അനുകൂലിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണിത്.

40,000-ത്തിലധികം ആർ‌എം‌ടി അംഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് യൂണിയൻ പറയുന്നത്. ഡിസംബർ 18 മുതൽ ജനുവരി 2 വരെ ഓവർടൈം നിരോധനവും ഉണ്ടായിരിക്കുമെന്ന് ആർഎംടി അറിയിച്ചു, അതായത് മൊത്തം നാലാഴ്ചത്തേക്ക് യൂണിയൻ പണിമുടക്ക് നടത്തും. ക്രിസ്‌മസിന് മുന്നോടിയായി ഡിസംബർ 16, 17 തീയതികളിൽ ലണ്ടനിലും ബർമിംഗ്‌ഹാമിലും നടക്കുന്ന ഹാസ്യനടൻ പീറ്റർ കേയുടെ പ്രകടനങ്ങളും 13, 14, 16 തീയതികളിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന പൗലോ നൂറ്റിനിയുടെ ഗിഗുകളും പോലുള്ള പരിപാടികൾക്കും സമരം മൂലം സാരമായ തടസം നേരിടും. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവർമാരുടെ അസ്ലെഫ് യൂണിയൻ നവംബർ 26 ശനിയാഴ്ച മറ്റൊരു പണിമുടക്ക് നടത്തുന്നുണ്ട്.

ക്രിസ്തുമസ് കാലയളവിൽ ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. പണിമുടക്കിനെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി നെറ്റ്‌വർക്ക് റെയിലും റെയിൽ ഡെലിവറി ഗ്രൂപ്പും പറയുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യൂണിയന്റേത്. തുടർ ചർച്ചയുടെ ഭാഗമായി വ്യാഴാഴ്ച യൂണിയൻ പ്രധിനിധി ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറെ കാണും. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പല മികച്ച സ്കൂളുകളും നിലവാര തകർച്ചയിലാണെന്ന് ഓഫ്സ്റ്റഡിൻെറ കണ്ടെത്തൽ. സുപ്രധാനമായ മാറ്റങ്ങൾ ഒന്നും തന്നെ ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. പല സ്കൂളുകളിലും സമാന അവസ്ഥയാണ്.എന്നാൽ ഓഫ്സ്റ്റഡിന്റെ കണ്ടെത്തലുകൾ വിശ്വാസ യോഗ്യമല്ലെന്നാണ് നാഷണൽ എജ്യുക്കേഷൻ യൂണിയൻ പറയുന്നത്. ഈ സ്കൂളുകൾ മികച്ചതായി തന്നെ തുടരുന്നുവെന്നും നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ വ്യക്തമാക്കി.

പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ച പല സ്കൂളുകളിലും ഇത്തവണയും പോയിരുന്നു. മികച്ച സ്കൂൾ പദവി ലഭിച്ച 80% സ്കൂളുകളെയും നിലവിൽ തരംത്താഴ്ത്തിയിരിക്കുകയാണെന്നാണ് ഓഫ്‌സ്റ്റഡ് ചൂണ്ടിക്കാട്ടുന്നത്. കാലാനുസൃതമായി ഉണ്ടാകേണ്ട പല മാറ്റങ്ങളും ഇവയിൽ ഉണ്ടാകുന്നില്ലെ ന്നും അവർ പറയുന്നു. പരിശോധനയ്ക്ക് വിധേയമാകാതെ ധാരാളം സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവയുടെ നിലവാരം എങ്ങനെയാണ് എന്നുള്ളത് പരിശോധന വിധേയമാണെന്നും ഓഫ്സ്റ്റഡ് ചീഫ് ഇൻസ്‌പെക്ടർ അമൻഡ സ്പിൽമാൻ ബിബിസിയോട് പറഞ്ഞു. സ്കൂളുകളുടെ യാഥാർഥ്യം മാതാപിതാക്കൾ പ്രധാനമായും മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ സ്കൂളുകൾ പതിവിലും നില മെച്ചപ്പെടുത്തി മുന്നേറികൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചയിലെ ശരത്കാല പ്രസ്താവനയിൽ വിദ്യാഭ്യാസ രംഗത്തിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം രാജ്യത്ത് സ്കൂളുകളിൽ 85% മികച്ചതായി തുടരുകയാണ്. 2010 ലെ കണക്കുകളിൽ നിന്ന് ഇത് വളരെ വലിയ വളർച്ചയാണെന്നും കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെയ്ൽസ് ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. അത് 1958ലാണ്. അന്ന് അവർ ക്വാർട്ടർ ഫൈനലിൽ എത്തി. പിന്നീട് 64 വർഷത്തിന് ശേഷം ഖത്തറിൽ ലോകകപ്പ് കളിക്കുകയാണ് വെയിൽസ്. അതു കൊണ്ട് തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാൻ തന്നെയാകും ബെയിലും സംഘവും ശ്രമിക്കുന്നത്. മികച്ച കളിക്കാർ അടങ്ങിയ ഒരു ടീമാണ് വെയിൽസ്. ടോട്ടൻഹം, റയൽ മാഡ്രിഡ്‌ എന്നി ടീമുകൾക്കും ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ലോസ് അഞ്ചൽസിന് വേണ്ടി കളിക്കുന്ന അവരുടെ സൂപ്പർ താരം ബെയിൽ, റംസി, ഡാനിൽ ജെയിംസ്, നിക്കോ വില്യംസ്, അമ്പുഡു പ്രീമിയർ ലീഗ് ക്ലബുകളിൽ കളിക്കുന്ന ഗോൾ കീപ്പർമാരായ ഹെന്നേസി, വാർഡ് എന്നിവർ ഡിഫൻഡർ ബെൻ ഡേവിസ് എന്നിവരെല്ലാം മികച്ച താരങ്ങൾ. 2016 യൂറോ കപ്പിൽ സെമി വരെ എത്തി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. 2020 യൂറോയിൽ പ്രീ ക്വാർട്ടർ വരെ എത്തി. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നിവർക്കൊപ്പം കളിക്കുന്ന ഇവർ ഇറാൻ, അമേരിക്ക എന്നീ ടീമുകളെ തോൽപ്പിച്ചു സുഖമായി ഗ്രൂപ്പ്‌ റൗണ്ട് കടക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകാരും കളിക്കാരും എങ്കിലും അമേരിക്കയുമായി ഇന്നലെ സമനില വഴങ്ങി.

ആദ്യമത്സരം ആവേശസമനില

ആദ്യ പകുതിയില്‍ വെയില്‍സിന്റെ സൂപ്പര്‍ താരങ്ങളായ ബെയ്‌ലിനും റാംസേക്കുമെല്ലാം നിശബ്ദരായപ്പോള്‍ യുഎസ്എ തങ്ങളുടെ വേഗം കൊണ്ട് ആധിപത്യം പുലര്‍ത്തി. 9ാം മിനിറ്റില്‍ ഓണ്‍ ഗോള്‍ എന്ന ഭീഷണിക്ക് മുന്‍പിലേക്കും വെയില്‍സ് എത്തി. യുഎസ്എയുടെ തിമോത്തി വിയയുടെ ക്രോസില്‍ വെയില്‍സിന്റെ ജോ റോഡന്റെ ഹെഡ്ഡര്‍ വരികയായിരുന്നു. വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നെസെയാണ് ഇവിടെ രക്ഷകനായത്.

പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് വെയില്‍സ് ആദ്യ പകുതി കളിച്ചത്. എന്നാല്‍ 36ാം മിനിറ്റില്‍ വെയില്‍സിന് ഗോള്‍ വഴങ്ങേണ്ടി വന്നു. യുഎസ്എയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ പാസില്‍ നിന്ന് തിമോത്തി വിയയുടെ ഫിനിഷ്. എന്നാല്‍ രണ്ടാം പകുതിയില്‍ വെയില്‍സ് ആക്രമിച്ചിറങ്ങിയതോടെ യുഎസ്എ പതറി.

ബന്‍ ഡേവിസിന്റെ ഹെഡ്ഡര്‍ അത്ഭുതകരമായാണ് വെയില്‍സ് ഗോളി തടുത്തിട്ടത്. 80ാം മിനിറ്റില്‍ വെയില്‍സിന്റെ ആക്രമണ നീക്കങ്ങള്‍ ഫലം കണ്ടു. ബെയ്‌ലിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. യുഎസ്എയുടെ ടിം റീം ആണ് ബെയ്‌ലിനെ വീഴ്ത്തിയത്. ബെയ്‌ലിന് പിഴയ്ക്കാതിരുന്നതോടെ വെയില്‍സ് 1-1ന്റെ സമനിലയിലേക്ക് എത്തി.

മിശിഹായും കൂട്ടരും ഇന്നിറങ്ങും

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഇന്ന് സൗദി അറേബ്യയെ നേരി‌ടുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബാളിന്റെ മിശിഹയുടെ രംഗപ്രവേശത്തിന് കാത്തിരിക്കുകയാണ് ആരാധക ലോകം. തന്റെ അഞ്ചാമത്തെയും ഏറെക്കുറെ അവസാനത്തേതുമായ ലോകകപ്പിനായി മെസി ബൂട്ട് കെട്ടി ഇറങ്ങുന്നു. മെസിയുടെ ഒറ്റയാൻ മുന്നേറ്റങ്ങളെ മാത്രം ആശ്രയിക്കാതെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ലയണൽ സ്കലോണിയെന്ന യുവ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. മെസിക്കൊപ്പം പൗളോ ഡൈബാല, ലൗതാരോ മാർട്ടിനെസ്, യൂലിയാൻ അൽവാരസ്, യൊവാക്വിൻ കോറിയ, എൻജൽ ഡി മരിയ, റോഡ്രിഗോ, എൻസോ, അലക്സിസ്, പാപു ഗോമസ്, ലിയാൻഡ്രോ, ഗ്വെയ്ഡോ തുടങ്ങിയവരുമുണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യു കെ യിലെ വാഹന ഉപയോക്താകൾക്ക് നിർണായക മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. കാറുകളിൽ നിർബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകൾ(ഡി ആർ എൽ) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവർമാർ പായുന്നതിനെ തുടർന്നാണ് നടപടി.രാജ്യത്ത് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവർക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

മോശം കാലാവസ്ഥയിൽ രാജ്യത്ത് അപകടങ്ങൾ തുടർകഥയാണ്. ഡി ആർ എൽ പ്രവർത്തിക്കുന്നതിലൂടെ ഇത് ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് സെലക്ട് കാർ ലീസിംഗ് മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ പറയുന്നത്. ഇതിന്റെ പ്രവർത്തനരീതി സംബന്ധിച്ചു ആളുകൾ കുറേക്കൂടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റു ലൈറ്റുകളെക്കാൾ ഡി ആർ എല്ലുകൾക്ക് വെളിച്ചം കൂടുതലാണ്. ഇതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താൻ പ്രധാന കാരണം.

തുടർച്ചയായി നിയമം പാലിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡി ആർ എല്ലുകൾ കൃത്യമായി പ്രവർത്തിപ്പിക്കാത്ത ആളുകളാണ് അതിൽ ഏറെയും. ഇവരുടെ പക്കൽ നിന്നും പിഴ ഈടാക്കുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച യുകെയിലുടനീളം ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നിർണായക നീക്കം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നവംബർ 21-ാം തീയതി രാത്രി 12 മണി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇപ്പോൾ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് സുവിധ പോർട്ടലിൽ രജിസ്ട്രേഷൻ പിൻവലിക്കുന്നതെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപന നിരക്ക് ഉയരുകയാണെങ്കിൽ സുവിധ രജിസ്ട്രേഷൻ പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുകെ മലയാളികൾ ഉൾപ്പെടെ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് എയർ സുവിധ പോർട്ടലിലെ രജിസ്ട്രേഷൻ കടുത്ത ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. പലരും യാത്രയ്ക്കായി എയർപോർട്ടിൽ ചെല്ലുമ്പോളായിരുന്നു പോർട്ടൽ രജിസ്ട്രേഷനെ കുറിച്ച് അറിഞ്ഞിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങൾ മൂലം പോർട്ടൽ ലഭ്യമാകാതിരുന്നതിനെ കുറിച്ചുള്ള പരാതികളും ഒട്ടേറെയായിരുന്നു.

യുകെ ഉൾപ്പെടെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും ഇന്ത്യ എയർ സുവിധ ആപ്പിലെ രജിസ്ട്രേഷൻ തുടരുന്നതിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നുവന്നിരുന്നു.

RECENT POSTS
Copyright © . All rights reserved