Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ വിസ തട്ടിപ്പുകളുടെ പിന്നാലെ സ്റ്റുഡൻറ് വിസ തട്ടിപ്പിന്റെയും കഥകൾ പുറത്തുവരാൻ തുടങ്ങി യുകെയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള വിസ ആണെന്ന് കാണിച്ച് ആറുമാസത്തെ കോഴ്സുകൾക്കുള്ള വിസ നൽകിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എ. എം. ദേവിപ്രിയ, വയനാട് സ്വദേശി അനീറ്റാ ജോൺ , കുരിയച്ചിറ സ്വദേശി സൂരജ് ശക്തൻ, വല്ലത്ത് വട്ടപറമ്പിൽ ഷാന്റോ , തെട്ടിശ്ശേരി സ്വദേശി റിൻസി എന്നിവരാണ് ചതിക്കുഴിയിൽ പെട്ടത്.

പാട്ടുരായ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി സ്കിൽഡ് സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പേരിലാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്. പരാതിക്കാർ യുകെയിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. ഇവർക്ക് ലഭിച്ചത് 6 മാസത്തെ കോഴ്സിനുള്ള ഹ്രസ്വകാല വിസയായിരുന്നു. 6 മാസത്തെ കോഴ്സിനുള്ള വിസയിൽ എത്തുന്നവർക്ക് പഠനശേഷം യുകെയിൽ തുടരാനാവില്ല. യുകെയിൽ എത്തിയശേഷം ഒട്ടേറെ കഷ്ടപ്പാടുകളിൽ കൂടിയാണ് ഇവർ കടന്നുപോയത്. താമസസ്ഥലം ലഭിക്കാത്തതിനെ തുടർന്ന് ഷെൽട്ടർ ഹോമുകളിലാണ് ഇവർ കഴിഞ്ഞു കൂടിയത്. ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിൽ നിന്ന് 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഏജൻസികൾ തട്ടിയെടുത്തത്. വീടടക്കം പണയപ്പെടുത്തി പണം നൽകിയ ഇവരിൽ പലരും ജപ്തി ഭീഷണിയിലുമാണ്. കളക്ടറും സിറ്റി പോലീസ് കമ്മീഷണർക്കും ഇവർ പരാതി നൽകി കഴിഞ്ഞു. പ്രസ്തുത സ്ഥാപനത്തിനെതിരെ മറ്റ് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എന്തുതരം കുറ്റകൃത്യങ്ങളിൽ പെടുന്നവരെയും പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള പുതിയ പദ്ധതി യുകെ പോലീസ് നടപ്പിലാക്കാനൊരുങ്ങുന്നു . ഇതിനായി 50 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ ഫോട്ടോ അടങ്ങിയ ഡാറ്റാബാങ്ക് പോലീസ് തയ്യാറാക്കി കഴിഞ്ഞു. മുക്കിലും മൂലയിലും വരെ സിസിടിവി ക്യാമറകൾ വന്നതോടെ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമാകുന്നത് എളുപ്പമായിരുന്നു. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയുന്നതിന്റെ പ്രയാസങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കപ്പെടുന്നത്.

സിസിടിവിയിലെയോ, സോഷ്യൽ മീഡിയയിലെയൊ ദൃശ്യങ്ങളിൽ ഉൾപ്പെട്ടാൽ ആരാണെന്നത് തിരിച്ചറിയാൻ പുതിയ സാങ്കേതികവിദ്യയിലൂടെ പോലീസിന് നിസ്സാരമായി സാധിക്കും. ഇതിനുള്ള അധികാരം പോലീസിന് നൽകുന്നതിനായുള്ള നിയമനിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ് സർക്കാർ . വിവരങ്ങൾക്കായി ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടെത്താൻ വാഹനത്തിൻറെ നമ്പറിൽ നിന്ന് ഉടമയെ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഫോട്ടോയിൽ നിന്ന് മുഖം തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തുന്നതിലൂടെ വാഹനം ഓടിക്കുന്ന യഥാർത്ഥ ഡ്രൈവറിനെ തിരിച്ചറിയാൻ കഴിയും.

എന്നാൽ പുതിയ സാങ്കേതികവിദ്യ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രധാനമായും പ്രതിഷേധ സമരങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇത് ഉപയോഗിക്കാൻ സാധിക്കും. വ്യക്തികളുടെ സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം , ഒത്തുചേരാനും കൂട്ടുകൂടാനുമുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ മേൽ പുതിയ സാങ്കേതികവിദ്യ ഭീഷണിയായിരിക്കും എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്‌തുമസ്‌ ദിനത്തിന് മുൻപായി യുകെയിൽ 21 ദശലക്ഷം യാത്രകൾ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ വാരാന്ത്യത്തിൽ യുകെ നിരത്തുകളിൽ റോഡുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡുകൾ 20% അധികം തിരക്കേറിയതായിരിക്കുമെന്ന് ട്രാഫിക് അനലിസ്റ്റുകൾ പറയുന്നു. കൂടാതെ ക്രിസ്മസിന് മുമ്പുള്ള യാത്രകളിൽ 60%വും ഡിസംബർ 25 ന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രധാന ലണ്ടൻ റെയിൽവേ സ്റ്റേഷനുകളായ പാഡിംഗ്ടൺ, വിക്ടോറിയ, കിംഗ്സ് ക്രോസ് എന്നിവ ഉപയോഗിക്കാൻ പോകുന്നവർക്ക് തടസങ്ങൾ നേരിടാനുള്ള സാധ്യത ഏറെയാണ്. M25, M1, M6, M4 എന്നിവയായിരിക്കും ഈ ദിവസങ്ങളിൽ ഏറ്റവും തിരിക്ക് അനുഭവപ്പെടുന്ന മോട്ടോർവേകളെന്ന് പ്രവചന റിപ്പോർട്ടിൽ പറയുന്നു. ക്രിസ്തുമസ് അവധിക്ക് പോകുന്നവരും കുട്ടികളെ സ്കൂളുകളിൽ നിന്ന് കൊണ്ടുവരുന്നവരും കാരണം വെള്ളിയാഴ്ചയായിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്ന് ആർഎസി പറഞ്ഞു.

ഏറ്റവും മോശം ട്രാഫിക് അനുഭവപ്പെടുക ലണ്ടൺ എയർപോർട്ട് എന്നിവയ്ക്ക് സമീപമുള്ള റോഡുകളിൽ ആയിരിക്കും. ബ്രിസ്റ്റോളിന് ചുറ്റുമുള്ള M5, മാഞ്ചസ്റ്ററിന് ചുറ്റുമുള്ള M60, ലങ്കാഷെയറിനും ബർമിംഗ്ഹാമിനും ഇടയിലുള്ള M6, സൗത്ത് വെയിൽസിലെ M4 എന്നിവ ഈ ക്രിസ്മസ് കാലയളവിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാകുമെന്ന നിർദ്ദേശം ഡ്രൈവർമാർക്ക് ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ ടെസ്റ്റ് കിറ്റുകൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ. ആളുകൾ ഡേറ്റുകൾ കഴിഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചത്. കാലഹരണപ്പെട്ട ഇത്തരം ടെസ്റ്റുകളുടെ ബഫർ ലിക്വിഡിൽ വരുന്ന മാറ്റം ഫലപ്രാപ്തിയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. യുകെയിലുടനീളം കോവിഡിൻെറ പുതിയ JN.1 സബ് വേരിയന്റിന്റെ കേസുകൾ കുതിച്ചുയരുകയാണ്.

2022 ഏപ്രിലിന് മുൻപായി സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അവയുടെ എസ്‌പിരി ഡേറ്റുകൾ അടുത്തവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. ലോകം മുഴുവൻ കടുത്ത ആഘാതം ചെലുത്തിയ കോവിഡ് വേരിയന്റായ ഒമൈക്രോണിന്റെ പിൻഗാമിയാണ് JN.1. ഇവയുടെ കേസുകൾ രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നത് സാഹചര്യം ഗുരുതരമാക്കും.

പരിശോധനാ സാമഗ്രികൾ പഴക്കം ചെല്ലുന്തോറും പ്രകടനത്തെയും ഫലങ്ങളെയും ബാധിക്കുമെന്ന് വാർ‌വിക്ക് സർവകലാശാലയിലെ പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങൾ തങ്ങളുടെ ലാറ്ററൽ ഫ്ലോ കിറ്റുകളുടെ എസ്‌പിരി ഡേറ്റുകൾ നോക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിച്ചാലും അത് യഥാർത്ഥത്തിൽ നെഗറ്റീവ് ആണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളി എന്ന് കേൾക്കുമ്പോൾ തട്ടിപ്പിന് കുടപിടിക്കുന്നവരാണ് എന്ന് ഇംഗ്ലീഷുകാരെ കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിൽ കെയർ വിസ മേഖലയിലെ കള്ളക്കളികൾ യുകെയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ്. 2000 മാണ്ടിലാണ് യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് മലയാളികൾ എത്തി തുടങ്ങിയത്. കഴിവും അർപ്പണവും മനുഷ്യസ്നേഹവും കൊണ്ട് തങ്ങളുടെ പ്രവർത്തി മണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്ന ചരിത്രമാണ് ആദ്യകാല യുകെ മലയാളികൾക്ക് പറയാനുള്ളത്. അതു മാത്രമല്ല അവരുടെ അടുത്ത തലമുറ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ തദ്ദേശീയരായ വിദ്യാർഥികളെ പോലും കടത്തിവെട്ടുന്ന മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിന്റെ നേർ ചിത്രങ്ങൾ എ ലെവൽ ജി സി എസ് ഇ റിസൾട്ടുകൾ വന്നപ്പോൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ കളവും പറ്റിക്കലും പണത്തോടുള്ള ആർത്തിയും ഒത്തുചേർന്നതിന്റെ നേർ കാഴ്ചകളാണ് ഇന്ന് പുതുതലമുറ യു കെ മലയാളികളെ തദ്ദേശീയരായ ഇംഗ്ലീഷുകാരുടെ മുന്നിൽ അപഹാസ്യരാക്കിയിരിക്കുന്നത്. വിദ്യാർത്ഥി, കെയർ വിസകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.

ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.

ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

മലയാളികളിൽ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആരോഗ്യരംഗത്തെ നിശ്ചലമാക്കി കൊണ്ട്, ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ ഇത്തരത്തിൽ ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്തവർഷം ജനുവരി മാസത്തിന്റെ തുടക്കത്തിൽ ആറ് ദിവസം തുടർച്ചയായി പണിമുടക്കിനുള്ള ആഹ്വാനവും ഡോക്ടർമാർ നൽകി കഴിഞ്ഞിട്ടുണ്ട്. ഇത് എൻ എച്ച് എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (ബിഎംഎ) സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്.

ക്രിസ്മസ് അവധി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ, സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നിലവിൽ ശൈത്യകാലത്തിന്റെ എല്ലാവിധ സമ്മർദ്ദങ്ങളും അനുഭവിച്ചു കൊണ്ടിരിക്കെയാണ്, ഇപ്പോൾ ഡോക്ടർമാരുടെ സമരവും കൂടി ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന മൂന്നാഴ്ചകളിൽ ആകെ നാല് പ്രവർത്തി ദിവസങ്ങൾ മാത്രമേ അവധികളോ പണിമുടക്കോ ഇല്ലാത്തതായുള്ളു എന്നും അദ്ദേഹം പറഞ്ഞു. പരിശീലനം സിദ്ധിച്ച ഡോക്ടർമാരെ നഷ്ടപ്പെടുന്നത് തടയാനും, എൻഎച്ച്എസിന്റെ ദീർഘകാല ഭാവി സംരക്ഷിക്കുന്നതിനുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) കൗൺസിൽ ചെയർ പ്രൊഫസർ ഫിൽ ബാൻഫീൽഡ് വ്യക്തമാക്കി.


ഡോക്ടർമാരുടെ പണിമുടക്കിന്റെ ഫലമായി ചെൽട്ടൻഹാം ആശുപത്രിയിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചതായി ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. 2022 ഡിസംബറിൽ ആരംഭിച്ച സ്ട്രൈക്കുകളുടെ തരംഗം എൻ എച്ച് എസിനുന്മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ആരംഭിച്ചതുമുതൽ ഏകദേശം 1.2 ദശലക്ഷം പ്രവർത്തനങ്ങളും അപ്പോയിൻമെന്റുകളുമാണ് റദ്ദാക്കപ്പെട്ടത്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻതന്നെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും ഡോക്ടർമാരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബോബിൻ ചെറിയാൻ നിര്യാതനായി. 43 വയസ്സ് മാത്രമാണ് പ്രായം. ഭാര്യ നിഷയ്ക്കും ഒമ്പതും അഞ്ചും വയസ്സായ മകൾക്കും മകനും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് ബോബിൻ ചെറിയാനും കുടുംബവും യുകെയിൽ എത്തിയത് വെറും എട്ട് മാസം മുമ്പ് മാത്രമാണ്.

കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.

ബോബിൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ അഞ്ച് ദന്തഡോക്ടർമാരിൽ നാല് പേരും പുതിയ രോഗികളെ സ്വീകരിക്കുന്നില്ലെന്ന് പുതിയ റിപ്പോർട്ട്. ദന്ത ശസ്ത്രക്രിയകൾക്കായി അപേക്ഷിച്ചവരിൽ 82.8% മുതിർന്നവരെ കെയർ യൂണിറ്റുകൾ നിരസിച്ചതായി പറയുന്നു. 18 വയസ്സിന് താഴെയുള്ളവരിൽ ഈ കണക്ക് 71.1% ആണ്. എൻഎച്ച്എസ് ധനസഹായം ലഭിച്ചുകൊണ്ടുള്ള ചികിത്സ തേടുന്ന രോഗികൾക്കാണ് പട്ടികയിൽ കയറാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് (94.3%), നോർത്ത് ഈസ്റ്റ് (96.8%) എന്നിവിടങ്ങളിലാണ്.

എൻഎച്ച്എസിലെ ദന്തചികിത്സ കഴിഞ്ഞ 75 വർഷത്തിലെ ഏറ്റവും മോശം തലത്തിലാവും ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നഫ് ഫീൽഡ് ട്രസ്റ്റ് ഹെൽത്ത് തിങ്ക്ടാങ്ക് മുന്നറിയിപ്പ് നൽകി. കോവിഡിന് മുൻപുള്ള ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ എൻഎച്ച്എസ് ധനസഹായം നൽകുന്ന ചികിത്സകളുടെ എണ്ണത്തിൽ 6 മില്യൺ കുറവാണ് ഉണ്ടായിരിക്കുന്നത്.

പകർച്ചവ്യാധിമൂലമുള്ള ജീവിത ചിലവ് വർദ്ധനവ്, അപ്പോയ്ന്റ്മെന്റ് കിട്ടാനുള്ള പ്രശ്‍നങ്ങൾ തുടങ്ങിയവ എൻഎച്ച്എസ് ഡെന്റൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് ഒരു തടസ്സമായി നിലകൊള്ളുകയാണ്. എൻഎച്ച്എസ് ഡെന്റൽ സേവനങ്ങളിൽ 2014/15 നേക്കാൾ 2021/22 ൽ 500 മില്യണിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. പല എൻഎച്ച്എസ് കെയർ യൂണിറ്റുകളിലും എൻഎച്ച്എസിന്റെ ധനസഹായത്തോടെയുള്ള പരിചരണം ലഭിക്കാൻ ബുദ്ധിമുട്ടാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആരോഗ്യ സേവന കേന്ദ്രങ്ങളും ഇപ്പോഴും തങ്ങൾക്ക് അനുവദിച്ച പണം ചിലവഴിക്കുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളിൽ വൻ വർദ്ധനവ്. ഡിസംബർ 9 ശനിയാഴ്ച വരെയുള്ള കണക്കുകളിൽ മാത്രം ഏകദേശം 6,000 പേർക്ക് കോവിഡ് പോസിറ്റീവായി. അതേസമയം, ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ ഇൻഫ്ലുവൻസ (ഫ്ലൂ) പോസിറ്റീവ് ആയവരുടെ എണ്ണം 2.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. യുകെയിലെ ജനങ്ങളിലുള്ള ആന്റിബോഡിയുടെ അളവ് വളരെ കുറവാണെന്ന് ഇമ്മ്യൂണോളജിസ്റ്റുകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചാൽ സ്വയം ഒറ്റപ്പെടാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാർ വളരെക്കാലം മുൻപ് തന്നെ നീക്കം ചെയ്‌തിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് എടുത്തുമാറ്റിയിരുന്നു. ഇത് ഈ ക്രിസ്മസ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ അണുബാധയുള്ളവരെ പ്രതിസന്ധിയിലാക്കുവെന്ന് ഒരു എൻഎച്ച്എസ് റെസ്പിറേറ്ററി ഡോക്ടർ പറയുന്നു.

ഇത്തരക്കാർ ക്രിസ്‌തുമസ്‌ കാലത്ത് സ്വയം ഒറ്റപ്പെടാനുള്ള തീരുമാനം എടുക്കുക എന്നുള്ളത് ഏറെ പ്രയാസകരമാണെങ്കിലും വിവേകത്തോടെ പെരുമാറണമെന്ന് സൗത്ത്മീഡ് ഹോസ്പിറ്റൽ ബ്രിസ്റ്റോളിൽ ജോലി ചെയ്യുന്ന ഡോ. കാതറിൻ ഹയാംസ് മിററിനോട് പറഞ്ഞു. കോവിഡ് പടരുന്നത് തടയാൻ കൈ കഴുകാനും തിരക്കേറിയ ഇടങ്ങളിൽ മാസ്‌ക് ധരിക്കാനും മറക്കരുത്. മഞ്ഞുകാലത്ത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാറുണ്ട്. കോവിഡ്, ഇൻഫ്ലുവൻസ, ആർഎസ് വി തുടങ്ങിയ രോഗങ്ങൽ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ക്ലിനിക്കൽ റിസർച്ച് ഫെല്ലോ കൂടിയായ ഡോ.ഹയാംസ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ട്രാൻസ്ജെൻഡർ വിദ്യാർഥികളെ സംബന്ധിച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കി. ട്രാൻസ് വിദ്യാർത്ഥികളെ ശരിയായ രീതിയിൽ സംബോധന ചെയ്യാൻ ആകാതെ വരുന്ന സഹവിദ്യാർഥികൾക്കും അധ്യാപകർക്കും ശിക്ഷകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജെൻഡർ മാറുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം അവരുടെ മാതാപിതാക്കളെ അറിയിക്കണമെന്ന പുതിയ നിർദ്ദേശവും മാർഗ്ഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ മാതാപിതാക്കളുടെ ഇടപെടൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന ബോധ്യമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു.

ട്രാൻസ് വിദ്യാർഥികളെ സംബോധന ചെയ്യുവാനായി കൃത്യമായ സർവനാമങ്ങൾ ഉപയോഗിക്കുവാൻ കഴിയാതെ വരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽ സമ്മർദ്ദങ്ങൾ ഉണ്ടാവുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു കുട്ടി തിരഞ്ഞെടുത്ത സർവ്വനാമങ്ങൾ ഉപയോഗിക്കുവാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും നിർബന്ധിക്കരുത്, അവർ തെറ്റ് ചെയ്താൽ ശിക്ഷിക്കരുതെന്നും പുതിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ശുചിമുറികൾ, വസ്ത്രം മാറുന്ന മുറികൾ, ഡോർമിറ്ററികൾ എന്നിവയുൾപ്പെടെ ലിംഗ-നിഷ്‌പക്ഷമായ സൗകര്യങ്ങൾ നൽകാൻ സ്‌കൂളുകൾക്ക് ബാധ്യതയില്ലെന്ന പുതിയ നിർദ്ദേശവും പുറത്തുവന്നിട്ടുണ്ട്.


സമ്മിശ്ര വികാരങ്ങളാണ് സർക്കാരിന്റെ പുതിയ തീരുമാനത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. സ്‌കൂളുകളിൽ നിന്ന് ട്രാൻസ് ഐഡിയോളജി വേരോട് നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ലിംഗ-വിമർശക പ്രചാരകർ മാർഗ്ഗനിർദ്ദേശത്തെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനും തുല്യതാ മന്ത്രി കെമി ബാഡെനോക്കും ചേർന്നാണ് ഈ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കിയത്. ഇംഗ്ലണ്ടിലെ എല്ലാ ഗവൺമെന്റ് , സ്വതന്ത്ര സ്കൂളുകൾക്കും ഇത് ബാധകമാകും.

Copyright © . All rights reserved