ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലേഡി ഗബ്രിയേല കിംഗ്സ്റ്റണിൻ്റെ ഭർത്താവും കെന്റിലെ മൈക്കിൾ രാജകുമാരന്റെ മരുമകനുമായ തോമസ് കിങ്സ്റ്റൺ നാൽപത്തിയഞ്ചാം വയസ്സിൽ മരണപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റർഷെയറിൽ വീട്ടിൽ അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കുടുംബത്തോടുള്ള തങ്ങളുടെ ദുഃഖം ചാൾസ് രാജാവും കാമില രാജ്ഞിയും അറിയിച്ചു. കൂടെയുണ്ടായിരുന്നവരുടെ എല്ലാം ജീവിതത്തിൽ പ്രകാശം പരത്തിയ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസെന്ന് രാജകുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അനുശോചിക്കുന്നുണ്ട്. കെന്റ് രാജകുമാരനായ മൈക്കിളിന്റെയും ഭാര്യയുടെയും മരുമകനായിരുന്നു തോമസ് കിങ്സ്റ്റൺ. മരണപ്പെട്ട എലിസബത്ത് രാജ്ഞിയുടെ കസിൻ സഹോദരന്മാരിൽ ഒരാളായിരുന്ന ജോർജ് അഞ്ചാമന്റെ പേരക്കുട്ടിയാണ് മൈക്കിൾ രാജകുമാരൻ.

ഡെവൺപോർട്ട് ക്യാപിറ്റൽ എന്ന പ്രൈവറ്റ് ഇക്യുറ്റി ഫേമിന്റെ ഡയറക്ടർ ആയിരുന്ന തോമസ് കിങ്സ്റ്റൺ 2019 ലാണ് മൈക്കിൾ രാജകുമാരന്റെ മകളായ ലേഡി ഗബ്രിയേലയെ വിവാഹം ചെയ്യുന്നത്. ഇറാഖിൻ്റെ തലസ്ഥാനമായ ബാഗ്ദാദിൽ വിദേശകാര്യ ഓഫീസിലെ ഡിപ്ലോമാറ്റിക് മിഷൻ യൂണിറ്റിനൊപ്പം ബന്ദികളെ മോചിപ്പിക്കുന്ന മിഷനിലും കിങ്സ്റ്റൺ പങ്കാളിയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ലേഡി ഗബ്രിയേല എഴുത്തുകാരിയും, എഡിറ്ററും ഗാനരചയിതാവുമാണ്. നിലവിൽ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുസ്ലിം മതപഠന കേന്ദ്രം ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 20 -നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവർത്തനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബ്രോഗൻ സ്റ്റുവാർട്ട്(28 ), മാർക്കോ പിറ്റ്സെറ്റു (24), ക്രിസ്റ്റഫർ റിംഗ്‌റോസ് (33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .

മാർച്ച് 15 -ാം തീയതി ഇവരുടെ വിചാരണ ഓൾഡ് ബെയിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ലീഡ്സ്, ഡര്‍ബി, സ്റ്റാഫോർഡ് ഷെയർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അത്യാധുനിക സാങ്കേതികവിദ്യയായ ത്രീഡി പ്രിൻറിംഗ് വഴി നിർമ്മിച്ച തോക്കുകൾ ആണ് പ്രതികൾ ആക്രമണത്തിന് വേണ്ടി കരുതിയിരുന്നതെന്നാണ് പോലീസ് അറിയിച്ചത്. ഡിജിറ്റൽ മോഡലുകളിൽ നിന്ന് വസ്തുക്കൾ നിർമ്മിച്ചെടുക്കാൻ ഉപകരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ത്രീഡി ഡിജിറ്റൽ പ്രിന്റിംഗ്.

ആയുധങ്ങൾ നിർമ്മിച്ചത് കൂടാതെ എന്തൊക്കെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തേണ്ടത് എന്നതിനെക്കുറിച്ചും പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു. ആദ്യം ലീഡ്സിലെ ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻറർ ആക്രമിക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് പ്രതികൾ തീവ്രവാദ പ്രവർത്തനത്തിനുള്ള നീക്കങ്ങൾ ഏകോപിച്ചിരുന്നത്. ത്രീഡി പ്രിന്റർ, വിവിധതരം തോക്കുകൾ എന്നിവ പ്രതികളുടെ വീടുകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സമാന കുറ്റത്തിന് പോലീസ് കേസെടുത്ത 6 – മത്തെ വ്യക്തിയാണ് ഇത്. ബൾഗേറിയൻ പൗരനായ തിഹോമിർ ഇവാനോവ് ഇവാൻചേവ് ശത്രു രാജ്യത്തിന് വണ്ടി നേരിട്ടോ അല്ലാതെയോ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയതായാണ് മെറ്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത് .

പടിഞ്ഞാറൻ ലണ്ടനിലെ ആക്‌ടണിൽ താമസിക്കുന്ന ഇവാൻചേവിനെയാണ് പോലീസ് റിമാൻഡ് ചെയ്തത്. ഇയാളെ ബുധനാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . മെറ്റ്‌സ് കൗണ്ടർ ടെററിസം കമാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ഫെബ്രുവരി 7 നാണ് 37 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ കേസിൻ്റെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 6-ാം മത്തെ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതെന്ന് കൗണ്ടർ ടെററിസം ടീമിനെ നയിക്കുന്ന കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. 3 പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന 5 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഓഗസ്റ്റിനും 2023 ഫെബ്രുവരിയ്ക്കും ഇടയിൽ ശത്രു രാജ്യത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ മേൽ ചുമത്തിരിക്കുന്ന കുറ്റം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ചു വർഷത്തിനിടെ 3 മില്യൺ പൗണ്ട് വരുന്ന അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് സൂപ്പർവൈസർ ഇന്ത്യയിൽ ഒളിവിൽ. ടെർമിനൽ 5 ൽ ജോലി ചെയ്തിരുന്ന 24 കാരനായ പ്രതി, ആവശ്യമായ വിസ രേഖകളില്ലാതെ ബിഎ നെറ്റ്‌വർക്കിൽ പറക്കുന്നവരിൽ നിന്ന് ഓരോ തവണയും 25,000 പൗണ്ട് വീതം വാങ്ങിച്ചതായി കണ്ടെത്തി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം ബിഎ ഗ്രൗണ്ട് സർവീസിൽ തന്നോടൊപ്പം കുറ്റകൃത്യം നടത്തിയ ജീവനക്കാരനുമായാണ് പ്രതി ഒളിവിൽ പോയിരിക്കുന്നത്.

ഒളിവിൽ പോയിരിക്കുന്ന പ്രതിയെ കണ്ടെത്താൻ ഇന്ത്യൻ പോലീസുമായി സഹകരിച്ച് വരുകയാണ് സേന ഇപ്പോൾ. ഇയാളുടെ മിക്ക ക്ലയൻ്റുകളും യുകെയിലേയ്ക്ക് താത്കാലിക സന്ദർശക വിസയിൽ വന്ന ഇന്ത്യക്കാരാണ്. ഇത്തരത്തിൽ യുകെയിലേക്ക് കടന്ന അഭയാർത്ഥികൾ തങ്ങളുടെ സ്വരാജ്യത്തേക്ക് തിരികെ പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഇപ്പോൾ.

ഒരു യാത്രക്കാരന് അവരുടെ സ്വന്തം രാജ്യത്തിൽ നിന്ന് മാത്രമേ ഇറ്റിഎ (ഇലക്ട്രോണിക് യാത്രാ അംഗീകാരം) യ്ക്ക് അപേക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ബ്രിട്ടീഷ് എയർവെയ്സ് ഓഫീസറിൻെറ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് രാജ്യത്ത് കടക്കാൻ സാധിക്കൂ. ജനുവരി 6 ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിനിറങ്ങിയതിന് പിന്നാലെ ഹീത്രൂവിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ക്യാൻസർ രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്. ഇതിൽ ഒന്നാം സ്ഥാനത്ത് ക്യാൻസർ തന്നെയാണ് . വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെയും ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബു 20-ാം മത്തെ വയസ്സിലാണ് ബ്ലഡ് ക്യാൻസർ മൂലം ഫെബ്രുവരി 20-ാം തീയതി മരണമടഞ്ഞത്. ഒരു മാസം മുമ്പ് മാത്രം വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഡേവിഡ് സൈമൺ (25) ഫെബ്രുവരി 25 -ാം തീയതി മരണമടഞ്ഞത് ക്യാൻസർ രോഗം മൂലമാണ്. അടുത്തിടെ നടന്ന രണ്ട് മരണങ്ങൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. യുകെ മലയാളികളിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷ മരണങ്ങളുടെയും കാരണം ക്യാൻസർ രോഗമാണെന്ന് കണ്ടെത്താൻ സാധിക്കും.

ക്യാൻസർ രോഗം ബാധിച്ചാൽ അതിനെ നേരിടുന്നതിന് രോഗികൾക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകുക എന്നതാണ് ചികിത്സയ്ക്കൊപ്പം ഏറ്റവും പ്രധാനം. ഇതിനോടൊപ്പം പ്രധാനമാണ് സുഗമമായ ചികിത്സയ്ക്കും മറ്റുമായുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നത്. രോഗാവസ്ഥയെ മറികടക്കുന്നത് വരെ ജോലികൾക്കും മറ്റും പോകാൻ സാധിക്കാത്തതുകൊണ്ട് സാമ്പത്തികമായ നിഷ്ക്രിയമായ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
യുകെയിലെ മിക്ക ക്യാൻസർ ചാരിറ്റികൾക്കും സാമ്പത്തിക വിദഗ്ധർ ഉണ്ട് . ക്യാൻസർ രോഗം ബാധിച്ചാൽ ആനുകൂല്യങ്ങൾക്കായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളെ സഹായിക്കാൻ അവർക്കാകും. രോഗിയായിരിക്കുമ്പോൾ ജീവിത ചിലവ് നേരിടുന്നതിനു വേണ്ടി ലഭിക്കുന്ന ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനായി ക്യാൻസർ ചാരിറ്റിയിലെ സാമ്പത്തിക വിദഗ്ധർക്ക് രോഗിയെയും ബന്ധുക്കളെയും സഹായിക്കാനാവും. ആഴ്ചയിൽ എല്ലാ ദിവസവും മാക് മിലൻ ക്യാൻസർ സപ്പോർട്ടിൽനിന്ന് സേവനം നൽകുന്നുണ്ട്. 0808 8080000 എന്ന നമ്പറിലൊ ചാരിറ്റിയുടെ വെബ്‌സൈറ്റായ macmillan.org.uk യിൽ നിന്നോ കൂടുതൽ വിവരങ്ങളും ആവിശ്യമായ സഹായങ്ങളും ലഭിക്കും .

ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റിയായ മാഗിക്ക് യുകെയിൽ ഉടനീളം 24 കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികൾക്കും ബന്ധുക്കൾക്കും വിദഗ്ധ നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ സഹായിക്കാനുണ്ടാകും. നേരിട്ടോ ഓൺലൈനായോ എല്ലാ പിന്തുണയും നൽകാൻ ഇവർ സന്നദ്ധരാണ്.
യുകെയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ രോഗിക്ക് സിക്ക് പേയ്ക്ക് അർഹതയുണ്ട്. നിലവിൽ സിക്ക് പേ 109.40 പൗണ്ട് ആണ്. സാധാരണയായി ആഴ്ചയിൽ 123 പൗണ്ട് എങ്കിലും വരുമാനമുള്ള ജീവനക്കാർക്ക് ഇതിനായി അർഹത ഉണ്ട്. ജിപിയിൽനിന്നോ ആശുപത്രിയിൽ നിന്നോ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിക്ക് പേ ക്ലെയിം ചെയ്യാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തനിക്ക് ലഭിച്ച പദവി ദുരുപയോഗം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് 7000 പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നുകളും, ഫോണും സിറിഞ്ചുകളും മറ്റും എത്തിച്ചുകൊടുക്കാൻ ശ്രമിച്ച പ്രൊബേഷൻ ജീവനക്കാരിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മൂന്നുവർഷം തടവാണ് 33 കാരിയായ ആലീസ് ഗ്രഹാമിന് കോടതി വിധിച്ചിരിക്കുന്നത്. ഇവർക്ക് 28 വയസ്സ് ഉണ്ടായിരുന്നപ്പോൾ, ജയിലിലെ ജോലിക്കിടെ കുറ്റവാളിയുമായി അടുപ്പത്തിലാവുകയും, തുടർന്ന് ലൂക്കോസാഡ് കുപ്പിയിൽ കെറ്റാമൈനും കൊക്കെയ്‌നും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എച്ച്എംപി വെൽസ്റ്റണിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് ആലീസിനെതിരെയുള്ള കുറ്റം. 2021ൽ സി കാറ്റഗറിയിലുള്ള പുരുഷന്മാരുടെ ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയ കുറ്റത്തിന് ജയിൽ ജീവനക്കാർ ആലീസിനെ പിടിക്കുമ്പോൾ അവർക്ക് എട്ടു മാസത്തെ ജോലി അനുഭവം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2020-ൽ പ്രൊബേഷൻ വർക്കർ റോളിലേക്ക് ഇവർ യോഗ്യത നേടിയപ്പോൾ, കൈകാര്യം ചെയ്യാനായി തടവുകാരുടെ ഒരു കേസ് ലോഡ് ഇവർക്ക് നൽകിയിരുന്നതായി പ്രോസിക്യൂട്ടർ ജോനാഥാൻ ഷാർപ്പ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സംഘടിത ക്രൈം സംഘത്തിലെ അംഗമായ ഒരു കുറ്റവാളിയുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടാവുകയും, പിന്നീട് ഈ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുകയും ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചതിനുശേഷം ഒരുമിച്ചു താമസിക്കുവാനായി ആലീസ് ലിങ്കൺഷെയറിൽ ഹോട്ടലുകൾ പോലും നോക്കിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2021 മെയ് 26 ന് ആലീസ് ക്ലാസ്-എ മയക്കുമരുന്നുകൾ, സിറിഞ്ചുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയെല്ലാമാണ് കുറ്റവാളിയിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത്. എന്നാൽ ജയിലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, സാധാരണയുള്ള പരിശോധനയിൽ തന്നെ ആലീസ് പരിഭ്രാന്തയാവുകയും, തന്റെ കോട്ടിനടിയിൽ ഒളിപ്പിച്ച സാധനങ്ങൾ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. യാതൊരുവിധ തരത്തിലുമുള്ള സമ്മർദ്ദവും ആലീസിനു മേലെ ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനമാണ് ആലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മൂന്നുവർഷത്തെ ശിക്ഷയ്ക്ക് കോടതി വിധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ താമസിക്കുന്ന കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ കാണാതായി. 13 ഉം 17 ഉം വയസ്സ് പ്രായമായ കുട്ടികൾക്കായി പോലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് മല്ലിംഗിൽ നിന്നുള്ള ലില്ലി-മാരി ഹോളിൻസ് (13), ബാർമിംഗിൽ നിന്നുള്ള ജാസ്മിൻ മാൻസ്ഫീൽഡ് (17) എന്നിവരെ ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടത്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മെയ്ഡ്‌സ്റ്റോണിനടുത്തുള്ള ബാർമിംഗിൽ നിന്നുള്ള 17 കാരിയായ ജാസ്മിൻ മാൻസ്‌ഫീൽഡിനെ ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടത്. ഈ കുട്ടിക്ക് ഏകദേശം 5 അടി ഉയരവും മെലിഞ്ഞ ശരീരവും നീളമുള്ള മുടിയും ആണ് ഉള്ളത് . ഇളം നീല റിപ്പഡ് ജീൻസും, കറുത്ത ബോഡി സ്യൂട്ടും ആണ് ധരിച്ചിരിക്കുന്നത് .

കെൻ്റിലെ ഈസ്റ്റ് മല്ലിംഗിൽ നിന്നുള്ള 13 കാരിയായ ലില്ലി-മേരി ഹോളിൻസിന് ഏകദേശം 5 അടി 2 ഇഞ്ച് ഉയരവും തവിട്ട് നിറമുള്ള മുടിയുമാണ് ലക്ഷണമായി പോലീസ് നൽകിയിരിക്കുന്നത് . സ്‌കൂൾ യൂണിഫോം ധരിച്ചാണ് അവളെ അവസാനമായി കണ്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ചെറുപ്പക്കാരുടെ ഇടയിൽ അനാരോഗ്യമൂലം ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണതകൾ കൂടുതലാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരുടെ എണ്ണം 40 വയസ്സ് കഴിഞ്ഞവരെക്കാൾ വളരെ കൂടുതലാണെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സാധാരണ ഗതിയിൽ പ്രായം കൂടുന്തോറും ജോലി ചെയ്യുന്നതിനുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതായാണ് നേരത്തെ കണ്ടു വന്നിരുന്നത്.

ശാരീരികം മാത്രമല്ല മാനസിക പ്രശ്നങ്ങളും ഇതിന് പിറകിലുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുവാക്കൾക്ക് ഇടയിൽ മോശം മാനസികാരോഗ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് കാരണം പലപ്പോഴും യുവാക്കളുടെ വിദ്യാഭ്യാസവും തടസ്സപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇത് മൂലം യുവാക്കൾ പലപ്പോഴും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടതായി വരുകയോ തൊഴിൽരഹിതരാവുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2023 -ല്‍ 20 യുവാക്കളിൽ ഒരാൾ അതായത് 5% അനാരോഗ്യം മൂലം തൊഴിൽ ചെയ്യാത്തവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫലത്തിൽ അവർ സാമ്പത്തികമായി യാതൊരു വരുമാനവും ഇല്ലാത്തവരാണ്. തൊഴിൽ പരമായി നിഷ്ക്രിയത്വം ഉള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിൻറെ തന്നെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

2021 – 22 കാലയളവിൽ 18നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 34 % പേർ വിഷാദം, ഉൽക്കണ്ഠ, ബൈപോളർ ഡിസോഡർ പോലുള്ള മാനസിക വൈകല്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരാണ്. എന്നാൽ 20 വർഷം മുമ്പ് 2000 -ത്തിൽ അത് 24% മാത്രമായിരുന്നു. യുവതികൾക്ക് യുവാക്കളെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ ഒട്ടേറെ കൂടുതലാണെന്ന കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. 26 % യുവാക്കൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ യുവതികളിൽ അത് 41 ശതമാനമാണ്. അനാരോഗ്യം കാരണം ജോലിയില്ലാത്ത 18നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 79% പേർ ജിസിഎസ് ഇ തലത്തിലോ അതിൽ താഴെയോ മാത്രമേ യോഗ്യതയുള്ളു എന്ന സുപ്രധാന കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട്. ഹെൽത്ത് ഫൗണ്ടേഷൻ്റെ സഹായത്തോടെ റിസല്യൂഷൻ ഫൗണ്ടേഷൻ ആണ് ഗവേഷണം നടത്തിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഒരു മാസം മുൻപ് മാത്രം സ്റ്റുഡൻസ് വിസയിൽ എത്തിയ മലയാളി വിദ്യാർഥി ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുകെയിൽ ഒരു മാസം മുൻപ് മാത്രം സ്റ്റുഡൻസ് വിസയിൽ എത്തിയ ഡേവിഡ് സൈമൺ ( 25 ) ആണ് ബ്ലഡ് ക്യാൻസർ മൂലം ചികിത്സയിലിരിക്കെയാണ് ഫെബ്രുവരി 25 -ന് ഞായറാഴ്ച മരണമടഞ്ഞത്. നാട്ടിൽ റാന്നിയാണ് സ്വദേശം . വർഷങ്ങളായി രാജസ്ഥാനിൽ സ്ഥിര താമസക്കാരാണ് ഡേവിഡിന്റെ കുടുംബം .
രോഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെൻറ് വിദ്യാർത്ഥിയായിരുന്നു ഡേവിസ് സൈമൺ. പഠനം തുടങ്ങി അധികകാലം കഴിയും മുന്നേ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. കൂടുതൽ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുദിവസം മുൻപാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 25 ഞായറാഴ്ച രാത്രി 9 .30 -നാണ് മരണം സ്ഥിരീകരിച്ചത്.
ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട യുവാവായിരുന്നു ഡേവിഡ് സൈമൺ. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് നാട്ടിൽ നിന്നും ലോണെടുത്ത് പഠനത്തിനായി ലണ്ടനിലെത്തിയത്. എന്നാൽ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഡേവിഡ് മടങ്ങിയതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം തീരാ വേദനയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
ഡേവിഡ് സൈമണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ വംശീയ വൈവിധ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ മൂന്നിലൊന്ന് കൂടുതലാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ തെളിയിച്ചിരിക്കുകയാണ്. വംശീയ ന്യൂനപക്ഷങ്ങളിൽ പെടുന്ന ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ റോഡ് അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് ഒരുപോലെ ആയിരിക്കുമ്പോഴും, കാർ ഇൻഷുറൻസ് തുകകൾ കൂടുതലാണ്. എന്നാൽ ഇൻഷുറൻസ് തുക നിർണ്ണയത്തിൽ വംശീയത ഒരു ഘടകമല്ലെന്നാണ് ഇൻഷുറൻസ് കമ്പനികൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ വംശീയത പ്രകാരമുള്ള വിവേചനമാണെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. സാധാരണയായി ഒരാൾ കാർ ഇൻഷുറൻസിനായി അപേക്ഷിക്കുമ്പോൾ, അപേക്ഷകന്റെ വിലാസം, പ്രായം, ഡ്രൈവിംഗ് ഹിസ്റ്ററി എന്നിവയെല്ലാം കണക്കിലെടുത്താണ് തുക നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ എപ്രകാരമാണ് ആ കണക്കുകൂട്ടൽ നടത്തുന്നതെന്ന് ഇൻഷുറൻസ് കമ്പനി പൊതുജനങ്ങൾക്ക് മുൻപിൽ സാധാരണയായി വെളിപ്പെടുത്താറില്ല.

ഇത് സംബന്ധിച്ച് നടക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനായി നടത്തിയ പഠനത്തിൽ, അപേക്ഷകന്റെ ഡേറ്റയിൽ അഡ്രസ്സ് മാത്രം മാറ്റി നൽകിയപ്പോൾ, കണ്ടത് ആശ്ചര്യപ്പെടുത്തുന്ന മാറ്റങ്ങൾ ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ള ഭാഗങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ ശരാശരി 33% കൂടുതലാണെന്ന് ഇതിൽനിന്ന് വ്യക്തമായിരിക്കുകയാണ്. ഉദാഹരണത്തിന്, ഫോർഡ് ഫിയസ്റ്റ ഓടിക്കുന്ന 30 വയസ്സുള്ള ഒരു അദ്ധ്യാപകൻ ബിർമിംഗ്ഹാമിനടുത്തുള്ള സാൻഡ്‌വെല്ലിലെ പ്രിൻസസ് എൻഡ് ഏരിയയിൽ താമസിക്കുന്നുണ്ടെങ്കിൽ ശരാശരി 1,975 പൗണ്ടാണ് ഇൻഷുറൻസ് തുകയായി വരിക. എന്നാൽ ഇതേ വ്യക്തി അടുത്തുള്ള ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ താമസിക്കുന്നുവെങ്കിൽ ശരാശരി 2,796 പൗണ്ട് ഇൻഷുറൻസ് തുകയായി വരും. ഇൻഡെക്സ് ഓഫ് മൾട്ടിപ്പിൾ ഡിപ്രിവേഷൻ എന്ന സർക്കാർ ഡേറ്റ പ്രകാരം റോഡപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഈ രണ്ട് പ്രദേശങ്ങൾക്കും സമാനമായ സ്കോറുകളാണ് ഉള്ളത്. എന്നാൽ ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ കറുത്തവർഗ്ഗക്കാരും, ഏഷ്യക്കാരും, മറ്റ് വംശീയത്തിൽ പെടുന്നവരും കൂടുതലാണ് എന്നുള്ളതാണ് ഇവിടെ ഇൻഷുറൻസ് തുകകളിൽ ഉള്ള വർദ്ധനയ്ക്ക് കാരണം. എന്നാൽ വംശീയത ഇൻഷുറൻസ് തുക നിശ്ചയിക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുററേസ് വക്താവ് വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകൾ ജനങ്ങൾക്കിടയിൽ തന്നെ പല വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.