Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എല്ലാ ഡ്രൈവർമാർക്കും ബാധകമാകുന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. അന്ന് മുതൽ സ്വകാര്യ പാർക്കിംഗ് സെക്‌ടർ ഏകീകൃത പ്രാക്ടീസ് കോഡ് ആരംഭിക്കും.. ഇതിൻറെ ഫലമായി പാർക്കിങ്ങിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന നിരക്കുകളിലും വ്യത്യാസം വരും.

യുകെയിൽ ഉടനീളം പാർക്കിംഗ് നിയമങ്ങൾ നിരക്കുകളും ഏകീകരിക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വാഹനം ഓടിക്കുന്നവർക്ക് മികച്ചതും കൂടുതൽ സ്ഥിരതയുള്ളതുമായ പാർക്കിംഗ് മാനദണ്ഡങ്ങൾ നൽകുന്നതിന് ഇത് ഒരു പ്രധാന നാഴിക കല്ലാണെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ (ബിപിഎ ) ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ പെസ്റ്റർ പറഞ്ഞു .


പുതിയ നിയമം അനുസരിച്ച് ഡ്രൈവർമാർക്ക് അവർ അടച്ച പാർക്കിംഗ് കാലയളവ് അവസാനിച്ചതിന് ശേഷം കാർ പാർക്ക് ചെയ്യാനുള്ള 10 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും . പുതിയ മാറ്റങ്ങളിൽ അടുത്തതായി ഉള്ളത് പാർക്കിംഗ് സ്ഥലത്ത് അടയാളം നൽകുന്നത് സംബന്ധിച്ചാണ്. സ്വകാര്യ പാർക്കിംഗ് കമ്പനികൾ കൃത്യമായ സേവനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകാനുള്ള നിയമങ്ങൾ മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പാർക്കിംഗ് പിഴവുകൾ ഈടാക്കുന്നതിന്മേൽ ഡ്രൈവർമാർക്ക് അപ്പീലുകൾ നൽകാനുള്ള അവകാശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ്റെയും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളായ എല്ലാ പാർക്കിംഗ് ഓപ്പറേറ്റർമാർക്കും പുതിയ മാറ്റങ്ങൾ ബാധകമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെനിയയിലെ സൈനിക താവളത്തിലേയ്ക്ക് നിയോഗിച്ച ബ്രിട്ടീഷ് സൈനികരുടെ പെരുമാറ്റങ്ങളെ കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടീഷ് ആർമി ട്രെയിനിംഗ് യൂണിറ്റ് കെനിയയിലേക്ക് (BATUK) നിയമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് അന്വേഷണം. 2012-ൽ കെനിയൻ വനിതയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈനികൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്.


ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെ സൈനികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാർ പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് സ്ഥിരമായി പണം നൽകിയിരുന്നതായും സ്ത്രീകളെയും പ്രായപൂർത്തിയതാകാത്ത പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു. കെനിയയിലേയ്ക്ക് വിന്യസിച്ചിരിക്കുന്ന സൈനികരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പ്രതിരോധ സെക്രട്ടറി സൈനിക മേധാവിയുമായി ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


യുകെ പ്രതിരോധ മന്ത്രാലയത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരയുടെ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത് . യുകെ പ്രതിരോധ മന്ത്രാലയം തങ്ങൾക്ക് ആവർത്തിച്ച് അന്വേഷണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും എന്നാൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. 2012 -ൽ കെനിയൻ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ കുറ്റാരോപിതനെ ശിക്ഷിച്ചില്ലെന്നതാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ഒന്നിലധികം തവണ കുത്തേറ്റ വാൻജിരു ബ്രിട്ടീഷ് പട്ടാളക്കാർക്കൊപ്പം മദ്യപിക്കുന്നതാണ് അവസാനമായി കണ്ടത്. കെനിയൻ അന്വേഷണത്തിൽ ഒന്നോ അതിലധികമോ ബ്രിട്ടീഷ് സൈനികർ അവളുടെ കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തി. നിരവധി പേർ പ്രതിയുടെ പേര് വ്യക്തമായി സൂചിപ്പിക്കുകയും പല തെളിവുകൾ പുറത്തു വരുകയും ചെയ്‌തെങ്കിലും ഇതുവരെ അവളുടെ മരണത്തിന് ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയിടെ തന്നെ 7 പേരടങ്ങിയ ബ്രിട്ടീഷ് സൈനികർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി 14 വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പുരാതന രഹസ്യം പേറുന്ന സ്റ്റോൺഹെഞ്ചുകൾ മുതൽ പ്രസിദ്ധമായ സാലിസ്ബറി കത്തീഡ്രൽ വരെ വിൽറ്റ്ഷയർ കൗണ്ടിയുടെ സുപ്രധാനമായ ലാൻഡ് മാർക്കുകളാണ്. ഈ ആകർഷണങ്ങൾ പലപ്പോഴും സഞ്ചാരികൾക്കുള്ള ഗൈഡ് ബുക്കുകളിൽ മുൻനിര സ്ഥാനത്തുള്ളവയാണ്. എന്നാൽ ഇവയ്ക്കെല്ലാമപ്പുറം, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന, വിസ്മയവും ആശ്ചര്യവും മറ്റു ചിലപ്പോൾ ഭയവും ഉണർത്തുന്ന മറ്റൊരു ലാൻഡ് മാർക്കും വിൽറ്റ്ഷയറിനു സ്വന്തമായുണ്ട്. ഒരു സെൻട്രൽ ഐലൻഡിനെ വലയം ചെയ്യുന്ന അഞ്ച് മിനി റൗണ്ട് എബൗട്ടുകൾ ഉള്ള സ്വിൻഡനിലെ ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ ആണ് ഈ ആകർഷണം. ഈ വർഷത്തെ യുകെ റൗണ്ട് എബൗട്ട് അവാർഡിന് ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ അർഹമായിരിക്കുകയാണ്. യുകെ റൗണ്ട്എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിയാണ് ഈ അവാർഡുകൾ എല്ലാവർഷവും പ്രഖ്യാപിക്കുക. നിരവധി വർഷങ്ങളായി സ്വിൻഡൻ നഗരത്തിൻ്റെ ഒരു സവിശേഷതയാണ് ഈ റൗണ്ട് എബൌട്ട്‌.

സ്വിൻഡൺ നിവാസികൾ തലമുറകളായി ഇത് ഓരോ ദിവസവും ഉപയോഗിക്കുന്നു. എന്നാൽ ഈ റൗണ്ട് എബൗട്ടിനെ സംബന്ധിച്ച വാർത്തകൾ ഭൂഖണ്ഡങ്ങൾക്ക് അപ്പുറവും പ്രസിദ്ധമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിരവധി ഓർമ്മകളാണ് ഓരോരുത്തർക്കും ഈ റൗണ്ട് എബൌട്ടിനെ സംബന്ധിച്ച് പങ്കുവെക്കാനുള്ളത്. മനസ്സിനെ ഒരു നിമിഷമെങ്കിലും ചാഞ്ചാടിക്കാനുള്ള ഘടന ഉണ്ടായിരുന്നിട്ടും, 35 വർഷമായി താൻ ഇതിലൂടെ സഞ്ചരിച്ചിട്ടും വളരെ അപൂർവമായി മാത്രമാണ് ഇതിൽ ആക്സിഡന്റുകൾ സംഭവിച്ച് കണ്ടിട്ടുള്ളതെന്ന് സ്വിൻഡനിൽ നിന്നുള്ള ഒരു മുൻ ടാക്സി ഡ്രൈവർ ബാരി കുക്ക് ഓർമ്മിച്ചു. 2000 കാലഘട്ടത്തിൽ ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ എത്തി, അവിടെ നിന്നും ഈ റൗണ്ട് എബൌട്ട്‌ കാണാനായി മാത്രം സ്വിൻഡനിൽ എത്തിയ അമേരിക്കൻ കുടുംബത്തെ താൻ വാഹനത്തിൽ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഓർമ്മകളിൽ നിന്നും പറഞ്ഞു. ഈ റൗണ്ട് എബൌട്ടിലൂടെ ഏകദേശം 8 തവണയോളം അവർ സഞ്ചരിച്ചതായും അതിനുമാത്രമുള്ള പണം തനിക്ക് നൽകിയതായും അദ്ദേഹം ഓർമ്മിച്ചു.

1972-ൽ തുറന്ന ഈ റൗണ്ട് എബൗട്ട് , അതേ പേരിലുള്ള ബിബിസിയുടെ കുട്ടികളുടെ പരിപാടിയോടുള്ള ആദരസൂചകമായി പ്രാദേശികമായി മാജിക് റൗണ്ട് എബൗട്ട് എന്നാണ് അറിയപ്പെടുന്നത്. പ്രശസ്തമായ റൗണ്ട് എബൗട്ട് സ്വിൻഡൻസ് കൗണ്ടി ഗ്രൗണ്ട് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ഭൂപടത്തിൽ സ്വിൻഡൻ പട്ടണത്തെ പ്രതിഷ്ഠിച്ച, ഐക്കോണിക് ലാൻഡ്‌മാർക്ക് ആണെന്നും, ഓരോ പ്രദേശവാസികളും ഇതിൽ അഭിമാനം കൊള്ളുന്നുണ്ടെന്നും സ്വിന്ഡൻ ബറോ കൗൺസിലിൻ്റെ പരിസ്ഥിതി- ഗതാഗത ക്യാബിനറ്റ് അംഗം ക്രിസ് വാട്ട്സ് പറഞ്ഞു. മികച്ച അംഗീകാരം നൽകിയതിന് കെവിനും യുകെ റൗണ്ട് എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോൺ-ഡൊമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ലേബർ പാർട്ടി സർക്കാർ നടപ്പിലാക്കുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. നോൺ-ഡൊമിസൈൽ ടാക്‌സ് നിർത്തലാക്കുകയാണെങ്കിൽ അത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ട്രഷറി തലത്തിൽ പഠനം നടത്തി വരികയാണ്. ഇതിൻറെ പേരിൽ സമ്പന്നരായ ആൾക്കാർ യുകെയിലെ താമസം ഉപേക്ഷിച്ചാൽ അത് എത്രമാത്രം രാജ്യത്തെ സാമ്പത്തികമായി ബാധിക്കും എന്ന വിഷയത്തിലാണ് വിചിന്തനം നടന്നു കൊണ്ടിരിക്കുന്നത്.

നോൺ ഡെമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞത് തിരഞ്ഞെടുപ്പിന്റെ സമയത്ത് വൻ ചർച്ചാ വിഷയമായിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ അക്ഷത മൂർത്തിയാണ് ഈ ആനുകൂല്യം കൈപ്പറ്റിയ പ്രമുഖ വ്യക്തികളിൽ ഒരാൾ. സംഭവം വിവാദമായതോടെ യുകെയ്ക്ക് പുറത്ത് ലഭിക്കുന്ന വരുമാനത്തിന് യുകെയിൽ നികുതി അടയ്ക്കാൻ തുടങ്ങുമെന്ന് അവർ പറഞ്ഞു. നോൺ-ഡൊമിസൈൽ ടാക്‌സ് സ്റ്റാറ്റസ് എടുത്തുമാറ്റിയാൽ സമ്പന്നരായ വ്യക്തികൾ നികുതി താരതമ്യേന കുറഞ്ഞ രാജ്യങ്ങൾ കൂടുതൽ നിക്ഷേപകങ്ങൾക്കായി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉടലെടുക്കും. ഈ ഒരു സാഹചര്യത്തിൽ നോൺ-ഡൊമിസൈൽ ടാക്‌സ് എടുത്തു കളഞ്ഞാൽ ഈ വിഭാഗത്തിൽപ്പെടുന്നവർ യുകെയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നോൺ-ഡോം ടാക്സ് എന്നത് യുകെയിലെ പ്രത്യേക നികുതി നിയമങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ പരുധിയിൽ വരുന്ന വ്യക്തി യുകെയിലെ താമസ സൗകര്യങ്ങൾക്കും ഒപ്പം അവർക്ക് മറ്റൊരു രാജ്യത്ത് സ്ഥിരമായ ഭവനവുമുണ്ട്. ഇത്തരം വ്യക്തികൾക്ക് നോൺ-ഡൊമിസൈൽ ടാക്‌സ് കിട്ടുന്നതിനുള്ള വൻ നികുതിയിളവ് ആണ് ലഭിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അവർക്ക് യുകെയിലുള്ള വരുമാനത്തിനും ആസ്തിക്കും മാത്രം നികുതി നൽകിയാൽ മതിയാകും. തങ്ങളുടെ വിദേശ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുകയും ചെയ്യും. സമ്പന്നരായ വ്യക്തികളെ യുകെയിലേക്ക് ആകർഷിക്കുന്നതിനാണ് നോൺ-ഡോം ടാക്സ് സ്റ്റാറ്റസ് ഭരണകൂടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവഴിയായി സമ്പന്നർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്തതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസിയുടെ ( ഡി വി എസ് എ ) പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വ്യാപകമായ കബളിപ്പിക്കൽ ശ്രമങ്ങളെ കുറിച്ച് ഡിവിഎസ്എ തന്നെയാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പലപ്പോഴും പാർക്കിംഗ് പെനാൽറ്റി ചാർജ് അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തി എന്ന രീതിയിലാണ് തട്ടിപ്പു സംഘങ്ങൾ ഡ്രൈവർമാർക്ക് സന്ദേശങ്ങൾ അയക്കുന്നത്.


പാർക്കിംഗ് അല്ലെങ്കിൽ മറ്റു ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ പിഴ നൽകണം എന്ന രീതിയിൽ വരുന്ന ടെക്സ്റ്റ് മെസ്സേജുകളെ കുറിച്ച് ഡ്രൈവർമാർ ബോധവാന്മാരായിരിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇങ്ങനെ വരുന്ന സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യാജ ലിങ്കുകൾ വഴി പണം അടച്ച് ഒട്ടേറെ പേർക്കാണ് പണം നഷ്ടപ്പെട്ടത്. ഈ രീതിയിൽ സന്ദേശങ്ങൾ അയക്കാറില്ലെന്നും നിങ്ങൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് നിലവിൽ ഡി വി എസ് എ നൽകിയിരിക്കുന്നത്.

നിലവിൽ യുകെയിൽ ഡി വിഎസ് എ പാർക്കിംഗ് പിഴവുകൾ കൈകാര്യം ചെയ്യുകയോ ഈടാക്കുകയോ ചെയ്യുന്നില്ല. യുകെയിൽ പാർക്കിംഗ് ഫൈനുകൾ സാധാരണ ഈടാക്കുന്നതിനുള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കാണ്. ഇതു കൂടാതെ ട്രാൻസ്പോർട്ട് ഫോർ ലണ്ടനും പ്രൈവറ്റ് പാർക്കിംഗ് കമ്പനികളും അനധികൃത പാർക്കിംഗ് നടത്തിയവരിൽ നിന്ന് ഫൈൻ ഈടാക്കാറുണ്ട്. ഇത്തരം കബളിപ്പിക്കൽ സന്ദേശങ്ങൾ കിട്ടിയാൽ പോലീസിലോ നാഷണൽ സൈബർ സെക്യൂരിറ്റി സെൻററിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിൽ ക്യാമ്പ് ട്രിപ്പിൽ 12 വയസ്സുകാരനും മുത്തശ്ശനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 12 വയസ്സുകാരനായ കൈസി റക്കായ് സെൽഡൻ ബ്രൗണും അവൻറെ മുത്തശ്ശനായ ഡേവിഡ് ബ്രൗണിനെയും ആണ് ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് ബ്രൗണിന് 66 വയസ്സായിരുന്നു പ്രായം . സെപ്തംബർ 14 ന് രാവിലെ 11 മണിയോടെ തൊട്ടടുത്ത ടെൻ്റിൽ ഉറങ്ങുകയായിരുന്ന അമ്മാവനാണ് പോക്സിലെ ഒരു ടെൻ്റിൽ മുത്തച്ഛനോടൊപ്പം കുട്ടിയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.


ഇവരുടെ മരണത്തിന് കാരണം കാർബൺ മോണോക്സൈഡ് അമിതമായ അളവിൽ ശ്വസിച്ചതു മൂലമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാചക സ്റ്റൗവിൽ നിന്ന് മോണോക്സൈഡ് ടെന്റിനുള്ളിൽ വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ബെർക്ക്‌ഷെയറിലെ എർലിയിൽ നിന്നുള്ള കുടുംബം 200 മൈൽ യാത്ര ചെയ്ത് മിഡ് വെയിൽസിലെ ക്യാമ്പ്‌സൈറ്റിലെത്തി ദാരുണമായ സംഭവം നടക്കുന്നതിന് മുമ്പ് രാത്രി ഇവർ ഒരു ടെൻ്റിൽ താമസിച്ചിരുന്നു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുത്തച്ഛനെയും പേരക്കുട്ടിയെയും രക്ഷിക്കാനായില്ല. ഇരുവരുടെയും രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് നിർണ്ണയിക്കാനുള്ള പരിശോധന ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് സീനിയർ കൊറോണർ ഗ്രെയിം ഹ്യൂസ് പോണ്ടിപ്രിഡ് കൊറോണേഴ്സ് കോടതിയെ അറിയിച്ചു. ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി സർവീസ് സംഭവസ്ഥലത്ത് എത്തി ചേർന്നിരുന്നെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താനായില്ല. ആകസ്മികമായി ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തെ സഹായിക്കാനായി ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേർന്ന് 5000 പൗണ്ട് ലക്ഷ്യമിട്ട് ധനസമാഹരണത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതുവരെ 1000 പൗണ്ടിലധികം സംഭാവന ലഭിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീണ്ടും സൈബർ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ പ്രാവശ്യം 19 റെയിൽവേ സ്റ്റേഷനുകളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ വൈഫൈ ഹാക്ക് ചെയ്ത് ഭീകരാക്രമണത്തെ കുറിച്ചുള്ള സന്ദേശം പ്രദർശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ലണ്ടൻ യൂസ്റ്റൺ, മാഞ്ചസ്റ്റർ പിക്കാഡിലി, ലിവർപൂൾ ലൈം സ്ട്രീറ്റ്, ബിർമിംഗ്ഹാം ന്യൂ സ്ട്രീറ്റ്, എഡിൻബർഗ് വേവർലി, ഗ്ലാസ്ഗോ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിലെ വൈ-ഫൈ സംവിധാനങ്ങളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ സ്ഥിരീകരിച്ചു. വൈഫൈ ഇപ്പോഴും പ്രവർത്തന രഹിതമാണെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ സൈബർ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൈബർ ആക്രമണത്തെ കുറിച്ച് ട്രാൻസ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂൺ മാസത്തിൽ എൻഎച്ച്എസ് സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. 3000 ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിതംബ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു. മുപ്പത്തിനാലുകാരിയും അഞ്ചു കുട്ടികളുടെ മാതാവുമായ ആലീസ് വെബ് ആണ് തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇവർ. മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും, രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗ്ലോസെസ്റ്റർഷയർ പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശസ്ത്രക്രിയ നടത്തിയ സർജന്മാരിൽ ഒരാളാണ് അറസ്റ്റിൽ ആയതെന്ന് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഗ്ലൗസെസ്റ്റർഷെയറിൽ വട്ടൺ-അണ്ടർ-എഡ്ജിലെ ക്രിസ്റ്റൽ ക്ലിയർ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു എസ്തെറ്റിക് പ്രാക്ടീഷണറായിരുന്ന ആലീസ്. ഭർത്താവിനും അഞ്ചു കുട്ടികൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് ആലിസിന്റെ സുഹൃത്ത് അബിഗയിൽ ഇർവിൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.


ഇത്തരത്തിലുള്ള സർജറികൾ നടത്തുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ ഗവൺമെന്റ് കൂടുതൽ കർശനമാക്കണമെന്ന് മുൻപ് തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് ‘സേവ് ഫേസ് ‘ എന്ന ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ആഷ്ടൺ കോളിൻസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും, സെപ്സിസ് മൂലമാണ് പല മരണങ്ങളും സംഭവിക്കുന്നതെന്നും അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ ‘സേവ് ഫേസ് ‘ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, സ്തന വളർച്ച ശസ്ത്രക്രിയകൾ, ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം ശസ്ത്രക്രിയകൾ നിരവധി പേരിൽ ഇൻഫെക്ഷൻ, സെപ്സിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും, അത് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൃത്യമായ വൈദഗ്ധ്യം ഉള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്താത്തത് കൂടുതൽ ഭീഷണികൾ ഉണ്ടാക്കുന്നു. ജനങ്ങളുടെ സുരക്ഷ മാനിച്ചു ഈ പ്രക്രിയകൾ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. തുർക്കി, മെക്‌സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പ്രക്രിയകൾക്ക് ചിലവ് കുറവായതിനാൽ, അവിടെ പോയി ശസ്ത്രക്രിയ നടത്തുന്നത് നിരവധി ബ്രിട്ടീഷ് വനിതകളാണ്. എന്നാൽ അവരിൽ പലരും മരണത്തിന് കീഴടങ്ങുന്നത് വാർത്തയാകുന്നില്ല. ഇത്തരത്തിൽ ആദ്യമായാണ് യുകെയിൽ ബ്രസീലിയൻ ബട്ട് ലിഫ്റ്റ് പ്രക്രിയ മൂലം ഒരാൾ മരണപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ ഭാഗമായി ജോലി ചെയ്യാൻ കഴിഞ്ഞ വർഷം യുകെയിൽ വന്നത് വെറും 23,000 പേർ മാത്രമാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 12 ഓളം രാജ്യങ്ങളിൽ നിന്ന് രണ്ടോ മൂന്നോ വർഷത്തേയ്ക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് യൂത്ത് മൊബിലിറ്റി സ്കീം (വൈ എം എസ് ). ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗം പേരും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നിന്നുള്ളവരാണ്. ഓസ്ട്രേലിയയിൽ നിന്ന് 9900 ഉം ന്യൂസിലൻഡിൽ നിന്ന് 5300 പേരുമാണ് ഈ പദ്ധതിയുടെ ഭാഗമായി യുകെയിൽ എത്തിയത്.


ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 -ൽ ഈ പദ്ധതി പ്രകാരം 2106 പേരാണ് ഇന്ത്യയിൽ നിന്ന് യുകെയിൽ എത്തിയത്. 2024 ൽ ഇതുവരെ 1288 ഇന്ത്യക്കാർ യൂത്ത് മൊബിലിറ്റി സ്കീമിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ട്. എന്നാൽ സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം താരതമ്യേന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നിരുന്നാലും ബ്രിട്ടന്റെ പരിഷ്കരിച്ച കുടിയേറ്റ നിയമങ്ങൾ പ്രകാരം സാധാരണ വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കാത്തത് മൂലം ബ്രിട്ടനിലെ സർവകലാശാലകളിലേയ്ക്ക് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ , അൻഡോറ, ഐസ്‌ലാൻഡ്, ജപ്പാൻ, മൊണാക്കോ, സാൻ മറിനോ, ഉറുഗ്വേ, തായ്‌വാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കും യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. 2023 ലെ 7 ലക്ഷത്തിലധികം വരുന്ന മൊത്തം കുടിയേറ്റത്തിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മൊബിലിറ്റി യൂത്ത് സ്കീം വഴി വരുന്നവരുടെ എണ്ണം. പുതിയ ലേബർ ഗവൺമെൻറ് യൂത്ത് മൊബിലിറ്റി സ്കീം കുടിയേറ്റമായി കണക്കാക്കുന്നതായുള്ള വിമർശനം ശക്തമാണ്. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സ്കീമിൽ രാജ്യത്ത് വരാൻ സാധിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെബനനിൽ കരമാർഗമുള്ള ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ ലക്ഷ്യമായി ഹിസ്ബുള്ള മിസൈലുകൾ അയച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി ഈ പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രി പറഞ്ഞു. യുകെയും യുഎസും ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികൾ ഈ മേഖലയിലെ യുദ്ധം ഒഴിവാക്കാൻ പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ ഭാഗത്തുനിന്നുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടത്തിന് വിരാമമിടാൻ ശ്രമിക്കുന്നതായി ഇന്നലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാർ ലെബനനിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ബ്രിട്ടീഷ് പൗരന്മാർ എത്രയും പെട്ടെന്ന് ലെബനൻ വിടണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെബനനിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയതിനാൽ ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് അറിയാൻ സാധിച്ചത്. അടിയന്തിര പാലായനം ആവശ്യമായി വന്നാൽ പിന്തുണ നൽകാൻ ബ്രിട്ടീഷ് സർക്കാർ 700 ലധികം സൈനികരെ സൈപ്രസിലേക്ക് അയച്ചിട്ടുണ്ട്.

ലെബനനിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷുകാർ രാജ്യം വിടാനുള്ള ഗതാഗത സൗകര്യത്തിന്റെ അഭാവത്തെ കുറിച്ച് തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി ബിബിസി വെളിപ്പെടുത്തി. രാജ്യത്തെ ഏക സിവിലിയൻ വിമാനത്താവളമായ ബെയ്‌റൂട്ട്-റാഫിക് ഹരിരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഒട്ടനവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. മിഡിൽ ഈസ്റ്റ് എയർലൈൻസും ഇറാഖി എയർവേസും ഇറാൻ എയർവെയ്‌സും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്ന ഏക കമ്പനികൾ. ഇവിടെ നിന്നും രക്ഷപ്പെടാൻ ഫ്ലൈറ്റ് ടിക്കറ്റിനായി പരിശ്രമിച്ച് ലഭിക്കാത്തതിനെ കുറിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരാണ് പരാതി രേഖപ്പെടുത്തിയത്.

RECENT POSTS
Copyright © . All rights reserved