Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമ്പദ് വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു എഐ ഓപ്പർച്യുണിറ്റീസ് ആക്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുകെ സർക്കാർ. മുൻനിര ടെക് സ്ഥാപനങ്ങളുടെ പിന്തുണയോടെ ആയിരിക്കും ഇത് നടപ്പിലാക്കുക. ഈ പദ്ധതി 13,250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐ ഉപയോഗിക്കാനും ഇത് വഴി സാധിക്കും. യുകെയിലുടനീളമുള്ള എല്ലാ കമ്മ്യൂണിറ്റികളിലേക്കും ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്ന് സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വേനൽക്കാലത്ത്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി യുകെ ആക്ഷൻ പ്ലാൻ സൃഷ്ടിക്കാൻ എഐ ഉപദേഷ്ടാവ് മാറ്റ് ക്ലിഫോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻെറ ഫലമായി ലഭിച്ച 50 ശുപാർശകളാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്‌. ഗൂഗിൾ, ആമസോൺ, ആപ്പിൾ എന്നിവയ്ക്ക് തുല്യമായി ടെക് ഭീമന്മാരെ നിർമ്മിക്കാനുള്ള യുകെയുടെ കഴിവിൽ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുകെയിൽ നിലവിൽ ബ്രിട്ടൻ്റെ ഉടമസ്ഥതയിലുള്ള മുൻനിര, അത്യാധുനിക കമ്പനികൾ ഇല്ല. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ വിദ്യാർത്ഥികൾ സ്ഥാപിച്ച ഡീപ് മൈൻഡ് എന്ന കമ്പനി ഗൂഗിൾ ഏറ്റെടുത്തിരുന്നു. ഡീപ് മൈൻഡ് പോലുള്ള കമ്പനികൾക്ക് ബ്രിട്ടനിൽ വളരാൻ ആവശ്യമായ നവീകരണവും നിക്ഷേപവും നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടറുകളെ വീഡിയോ, ബോർഡ് ഗെയിമുകൾ കളിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ് ഡീപ് മൈൻഡ്. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ അഭിപ്രായത്തിൽ, എഐ-യെ പൂർണമായി സ്വീകരിക്കുന്നത് വഴി അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിവർഷം 47 ബില്യൺ പൗണ്ട് വർദ്ധനവ് ഉണ്ടാവും.

പുതിയ പദ്ധതിയുടെ കീഴിൽ യുകെയിൽ ഉടനീളം നിരവധി “എഐ ഗ്രോത്ത് സോണുകൾ” സ്ഥാപിക്കപ്പെടും, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വികസനത്തിന് കാരണമാകുകയും ചെയ്യും. അറ്റകുറ്റപണികൾ ആവശ്യമായ റോഡുകൾ തിരിച്ചറിയാൻ എഐ- പവർ ക്യാമറകൾ സഹായിക്കും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കുറച്ചുകൊണ്ട് പൊതുമേഖലയെ പരിവർത്തനം ചെയ്യാൻ എഐ സജ്ജീകരിക്കാം. ആരോഗ്യ മേഖലയിൽ, ക്യാൻസർ രോഗനിർണയം വേഗത്തിലാക്കാൻ എഐ ഇതിനകം തന്നെ ഉപയോഗിച്ചുവരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ, 50 വയസ്സുകാരിയായ നേഴ്‌സിന് നേരെ കൊലപാതകശ്രമം നടന്ന് ഗുരുതരാവസ്ഥയിൽ ആയ സംഭവത്തിൽ 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്‌തു. ഇയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് കത്തിയല്ലെങ്കിലും മൂർച്ചയുള്ള ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കും പരുക്കുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ഈ ആക്രമണം നടന്നത്. എൻഎച്ച്എസിലെ 13.7% ജീവനക്കാരും 27.6% ആംബുലൻസ് ജീവനക്കാരും കഴിഞ്ഞ വർഷം ശാരീരിക പീഡനം അനുഭവിച്ചതായി 2023 ലെ ഒരു സർവേയിൽ പറയുന്നു. എൻഎച്ച്എസ് ജീവനക്കാർ നേരിടുന്ന വർദ്ധിച്ചു വരുന്ന ദുരനുഭവങ്ങളിലേക്കാണ് ഈ ആക്രമണവും വിരൽ ചൂണ്ടുന്നത്.

2016-17കാലയളവിൽ എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി 2018-ലെ യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രം ഉള്ളത് ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വൈകല്യ ആനുകൂല്യങ്ങളിൽ, പ്രത്യേകിച്ച് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ്സ് (പിഐപി) ഗണ്യമായി വെട്ടികുറയ്ക്കാൻ ചാൻസലർ റേച്ചൽ റീവ്സ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡോളറിനെതിരെ പൗണ്ടിൻ്റെ കുത്തനെ ഇടിവിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റ് വെൽഫെയർ ബജറ്റ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പുറത്തു വന്നതോടെ ചാൻസലർ റേച്ചൽ റീവ്സ് സമ്മർദ്ദത്തിലാണ്.

2029-ഓടെ പിന്തുണ പെയ്‌മെൻ്റുകളുടെ ചെലവ് 22 ബില്യൺ പൗണ്ടിൽ നിന്ന് 35 ബില്യൺ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാൽ നികുതി ഉയർത്തുന്നതിനുപകരം, വികലാംഗ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത മേഖലകളിലെ ചെലവ് കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുൻ ട്രഷറി സെലക്ട് കമ്മിറ്റി ചെയർ ഹാരിയറ്റ് ബാൾഡ്‌വിൻ പോലെയുള്ള വിമർശകർ, ഈ നിർണായക സമയത്തും ചാൻസലർ ചൈന സന്ദർശിക്കുന്നതിന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ചാൻസലർ റേച്ചൽ റീവ്‌സ് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചൈനയിലേക്ക് യാത്ര ചെയ്തതിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിന് പിന്നാലെ പൗണ്ടിൻ്റെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കുള്ള ഇടിവിനൊപ്പം വായ്പയെടുക്കൽ ചെലവിലെ ഈ കുത്തനെയുള്ള വർദ്ധനവും നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുറിച്ചുള്ള നിരവധി സർക്കാർ രേഖകൾ 2026ലും 2027ലും പരസ്യമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ രേഖകളിൽ സെൻസർ ചെയ്‌തവയായിരിക്കും പുറത്ത് വിടുക എന്ന ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ. ഈ രേഖകൾ അവരുടെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം പുറത്ത് വിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ രേഖകളിലെ ഏതൊക്കെ വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത് എന്ന ചർച്ചയിലാണ് ഗവേഷകർ ഇപ്പോൾ.

ഈ രേഖകളിൽ രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലത്തെ പ്രധാന നിമിഷങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ട്. രാജകുടുംബവും സർക്കാരും തമ്മിലുള്ള ആശയവിനിമയം, വിദേശത്തെ രാജകീയ സന്ദർശനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, ജനനം, വിവാഹം, മരണം, വിവാഹമോചനം എലിസബത്ത് രാഞ്ജിയുടെ ഭരണകാലത്തെ പ്രധാന സംഭവങ്ങളുടെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടും. സാധാരണഗതിയിൽ, പ്രധാനപ്പെട്ട സർക്കാർ രേഖകൾ 20 വർഷത്തിന് ശേഷമാണ് പരസ്യമാക്കുന്നത്. ഇത്തരം രേഖകളിൽ വിൻഡ്‌സറിലെ രാജകുടുംബത്തിൻ്റെ സ്വകാര്യ ആർക്കൈവുകൾ ഉൾപ്പെടുന്നില്ല. ഇവ വിവരാവകാശ നിയമത്തിന് വിധേയവുമല്ല. രാജ്ഞിയുമായി ബന്ധമുള്ള രേഖകൾ അവരുടെ മരണശേഷം അഞ്ച് വർഷം വരെ രഹസ്യമായി സൂക്ഷിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2025 ആരംഭത്തോടെ തന്നെ, കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. വിവിധതരത്തിലുള്ള വ്യവസായ ഇടങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരായ തൊഴിലാളികൾ ചൂഷണം അനുഭവിക്കുന്നുണ്ടെന്നും, അവർക്ക് വേണ്ടത്ര വേതനം ലഭിക്കുന്നില്ലെന്നുമുള്ള ശക്തമായ പരാതികളെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. കൃഷി, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, കെയർ സർവീസുകൾ എന്നീ മേഖലകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാകും പുതിയ നടപടികൾ ഉണ്ടാവുക. ഈ മേഖലകളിൽ കുടിയേറ്റ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നുവെന്ന പരാതികൾ നിരവധിയാണ്. എല്ലാ തൊഴിലാളികൾക്കും, അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ, തുല്യമായ പരിഗണന ലഭിക്കുകയും, അവരുടെ അവകാശങ്ങൾ നിയമപ്രകാരം ലഭ്യമാക്കുവാൻ സാധിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ജോലിസ്ഥലങ്ങളിലുള്ള പരിശോധന, നിയമലംഘനത്തിന് കർശനമായ പിഴകൾ, തൊഴിൽ നിയമ ലംഘനങ്ങളെ സംബന്ധിച്ച വിശദമായ അന്വേഷണങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന കർശനമായ നടപടികളാകും ഉണ്ടാവുക. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന തൊഴിലുടമകൾക്ക് കനത്ത പിഴയോ പൊതു വെളിപ്പെടുത്തലോ പ്രോസിക്യൂഷനോ നേരിടേണ്ടിവരും. അതോടൊപ്പം തന്നെ തങ്ങൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ അറിയിക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക സംരക്ഷണവും ഉറപ്പു നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.


ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യുസ് അതോറിറ്റി (ജി എൽ എ എ )പോലുള്ള റെഗുലേറ്ററി ബോഡികൾ ഈ നടപടികൾ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. യുകെയിലേയ്ക്ക് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്കും മേൽ ഇനി മുതൽ കടുത്ത നിരീക്ഷണം ഉണ്ടാകും. കൃത്യമായ ലൈസൻസിംഗ് നിയമങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് യുകെ സർക്കാർ ഇതോടെ അടിവരയിടുകയാണ്. ഈ നടപടികളോടൊപ്പം തന്നെ, തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് കുടിയേറ്റ തൊഴിലാളികളെ ബോധവാന്മാരാക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ചില സ്ഥലങ്ങളിൽ താപനില -18 °C നു താഴെയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വടക്കൻ സ്കോട്ട്‌ ലൻഡിലെ ഒരു ഗ്രാമത്തിലാണ് താപനില -18.9 °C ആയി രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷത്തിനു ശേഷമുള്ള യുകെയിലെ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചത്തേത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഹൈലാൻഡ്‌സിലെ ആൾട്ട്‌നഹാരയിൽ ആണ് ശനിയാഴ്ച രാവിലെ -18 °C താഴെ താപനില രേഖപ്പെടുത്തിയത്. 2010 – ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു ഇത്. താപനില – 19 °C താഴെയെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ പ്രവചനത്തിൽ പറയുന്നത്. ഇന്നലെ യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില പൂജ്യത്തിന് താഴെയായിരുന്നു. അതി ശൈത്യ കാലാവസ്ഥ തുടരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കനത്ത ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ശൈത്യ കാലാവസ്ഥ തുടരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വടക്കൻ ഇംഗ്ലണ്ടിൽ യുവ കുറ്റവാളികളെ തടവിലാക്കിയിരിക്കുന്ന സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് ഒരു വർഷത്തിനിടെ ഏകദേശം 900 ആയുധങ്ങൾ പിടിച്ചെടുത്തതായി ജയിൽ നിരീക്ഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ വെതർബിയിലുള്ള എച്ച് എം യങ് ഒഫണ്ടേസ് ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കുട്ടികളുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടെന്ന് സ്ഥാപനത്തിൻ്റെ സ്വതന്ത്ര നിരീക്ഷണ ബോർഡ് കണ്ടെത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. അഴികൾക്ക് പിന്നിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ആണ് ആയുധങ്ങൾ കൈവശം വെച്ചതെന്ന് കുട്ടികൾ ഐ എം ബിയോട് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക ഉണർത്തുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നതെന്ന് മോണിറ്ററിംഗ് ബോർഡിൻ്റെ ചെയർ കാതറിൻ പോർട്ടർ പറഞ്ഞു. ചിലർ സ്വന്തം സംരക്ഷണത്തിനായി ആയുധങ്ങൾ കൈവശം വയ്ക്കുമ്പോൾ, മറ്റു ചിലർക്ക് അക്രമം ഒരു ജീവിത രീതിയായി തന്നെ മാറിയെന്ന് പോർട്ടർ വ്യക്തമാക്കി. 2023 സെപ്റ്റംബറിനും 2024 ഓഗസ്റ്റിനും ഇടയിൽ 15-18 വയസ് പ്രായമുള്ള കുട്ടികളിൽ നിന്നാണ് ഈ ആയുധങ്ങളത്രെയും പിടിച്ചെടുത്തത്.

യോർക്ക്ഷെയറിലെ ഈ ജയിലിൽ കൊലപാതകം, നരഹത്യ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് റിമാൻഡ് ചെയ്യപ്പെട്ടവരും, ശിക്ഷ വിധിക്കപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്. ഇതിൽ 38 കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇവിടെ ഗുരുതരമായ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഐഫോൺ ഉപയോക്താക്കൾ ആണോ നിങ്ങൾ എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. നിങ്ങളുടെ ഡേറ്റ മൂന്നാം കക്ഷി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും ആക്‌സസ് ചെയ്യാൻ സാധിക്കുന്ന രണ്ട് സെറ്റിങ്ങുകൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. ഈ സെറ്റിങ്ങുകൾ മൂന്നാം കക്ഷികൾക്ക് നിങ്ങളിലേക്ക് പരസ്യങ്ങൾ ടാർഗെറ്റുചെയ്യാനും മറ്റും സഹായിക്കുന്ന ഡേറ്റ പങ്കിടാൻ ഐഫോണിനെ അനുവദിക്കുന്നു. നിങ്ങളുടെ ഡേറ്റ എല്ലായ്പ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ ഓപ്ഷനുകൾ എപ്പോഴും ഓഫ് ചെയ്‌ത്‌ ഇടുവാൻ ദി അൾട്ടിമേറ്റ് പ്രൈവസി പ്ലേബുക്കിൻ്റെ രചയിതാവ് ചിപ്പ് ഹാലെറ്റ് പറയുന്നു.

ഇവ പ്രവർത്തന രഹിതമാക്കാൻ ആദ്യം സെറ്റിങ്‌സ് തുറക്കുക. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്‌ത് ‘സഫാരി’ ടാപ്പ് ചെയ്യുക. തുടർന്ന് ‘അഡ്വാൻസ്‌ഡ്’ എന്ന് പറയുന്ന സ്‌ക്രീനിൻ്റെ അടിയിലേക്ക് സ്‌ക്രോൾ ചെയ്യുക. ഈ ടാബിൽ ടാപ്പ് ചെയ്യുക, ഇവിടെ ‘പ്രൈവസി പ്രീസെർവിങ് ആഡ് മെഷർമെൻറ്’ എന്നതിന് അടുത്തായി ഒരു ടോഗിൾ ഓൺ/ഓഫ് ബട്ടൺ കാണും. ഇവ പ്രവർത്തന രഹിതമാക്കുമ്പോൾ നിങ്ങൾ ഏത് പരസ്യങ്ങളാണ് കാണുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സഫാരി വെബ്‌സൈറ്റുകൾക്ക് അയയ്‌ക്കും.

ഇത്തരത്തിൽ അയക്കുന്ന വിവരങ്ങളിൽ വ്യക്തിഗത വിവരങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നും സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ വിവരങ്ങളൊന്നും മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലേക്ക് പോകരുത് എന്നുണ്ടെങ്കിൽ ഈ ക്രമീകരണങ്ങൾ എല്ലാം പ്രവർത്തനരഹിതമാക്കേണ്ടതുണ്ട്. മെയിൻ സെറ്റിങ്‌സ് മെനുവിൽ ഡാറ്റ ആൻഡ് പ്രൈവസി എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുമ്പോൾ ‘ട്രാക്കിംഗ്’ എന്ന ഓപ്ഷൻ കാണാം ഇതിൽ ടാപ്പുചെയ്യുക. ഈ സ്‌ക്രീനിൻെറ മുകളിൽ ‘അലൗവ്‌ അപ്പ്സ് ടു റിക്വസ്റ്റ് ടു ട്രാക്ക്’ എന്ന ഓപ്ഷൻ കാണാം. ഇതിൻെറ അടുത്തായി ഓൺ/ഓഫ് ബട്ടൺ കാണാം. ഇത് എപ്പോഴും ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടും വേണ്ടത്ര ജീവനക്കാരെ നിയമിക്കുന്നില്ലെന്ന ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നു. എൻഎച്ച്എസ് ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളിലും ഡയഗണൈസ് സെൻററുകളിലും നിയമനങ്ങൾ മരവിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്യാൻസർ പരിചരണ ആശുപത്രികളിലും ഡയഗനൈസിംഗ് സെൻററുകളിലും റിക്രൂട്ട്മെൻറ് മരവിപ്പിക്കുന്നത് എൻഎച്ച്എസ് കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ സർക്കാരിൻറെ നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി .


യുകെയിൽ ഉടനീളം 42 എൻഎച്ച്എസ് ട്രസ്റ്റുകളോ ആരോഗ്യ ബോർഡുകളോ അത് 2024 – ൽ അധിക ജീവനക്കാരെ നിയമിക്കുമെന്ന് അവരുടെ കീഴിലുള്ള ക്യാൻസർ സെൻററുകളും ഡയഗനൈസിങ് യൂണിറ്റുകളോടും പറഞ്ഞതായുള്ള വിവരങ്ങളാണ് വിവാദം ആയിരിക്കുന്നത്. എൻഎച്ച്എസിലെ സാമ്പത്തിക പ്രശ്നം ആണ് ഈ നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകൾ (RCR) നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത് .എൻഎച്ച്എസിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് വിവാദപരമായ എൻഎച്ച് എസ് മേലധികാരികളുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .


ക്യാൻസർ, ഡയഗ്നോസ്റ്റിക് വകുപ്പുകൾ നിയമന മരവിപ്പ് നടത്തുന്നത് അസാധാരണമായ വിധം ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്ന് ആർസിആറിൻ്റെ പ്രസിഡൻറ് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതു കൊണ്ടുള്ള അമിതമായ ജോലിഭാരങ്ങൾ നിലവിൽ ക്യാൻസർ ചികിത്സയോട് അനുബന്ധിച്ചുള്ള വിഭാഗങ്ങളിൽ കടുത്ത രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ആശുപത്രി പരിചരണം ആവശ്യമുള്ള ഗുരുതര രോഗമുള്ളവർക്ക് 2029 ഓടെ 18 ആഴ്ചയ്ക്കുള്ളിൽ ആശുപത്രി പരിചരണം ലഭിക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞിരുന്നു. എന്നാൽ ക്യാൻസർ രോഗം പോലെയുള്ള അതി ഗുരുതരമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരെ നൽകാത്തത് പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനിടയിലും ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ ചൈനാ യാത്രയെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ ചാൻസലറിൻെറ തീരുമാനത്തെ പിന്തുണച്ച് കൾച്ചറൽ സെക്രട്ടറി ലിസ നാന്റി. വ്യാപാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും ചൈനയുമായുള്ള യുകെയുടെ ബന്ധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലിസ നാന്റി യാത്രയെ പിന്തുണച്ചു. ആഭ്യന്തര നയ പരാജയങ്ങളേക്കാൾ ആഗോള സാമ്പത്തിക പ്രവണതകളാണ് കടം വാങ്ങാനുള്ള ചെലവ് വർധിക്കാൻ കാരണമെന്ന് അവർ പറഞ്ഞു. സമ്പദ്‌ വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നടപടികളും വളർച്ചയ്ക്കുള്ള ദീർഘകാല തന്ത്രങ്ങളും ഉയർത്തിക്കാട്ടികൊണ്ട് മന്ത്രി സർക്കാരിൻ്റെ സമീപനത്തിലുള്ള തൻെറ ആത്മവിശ്വാസം പങ്കുവച്ചു.

പൗണ്ടിൻെറ വില കുറഞ്ഞ് വരുന്നത് യുകെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ പൊതു സേവനങ്ങളെ ബാധിക്കാനിടയുണ്ട്. നിലവിൽ, അടിയന്തര വിപണി ഇടപെടലിൻ്റെ ആവശ്യകത യുകെ ഗവൺമെൻ്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ആഗോളതലത്തിൽ, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദിഷ്ട വ്യാപാര താരിഫുകൾ മൂലമുണ്ടാകുന്ന പണപെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളാണ് വർദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകൾക്ക് ആക്കം കൂട്ടുന്നത്.

“ഗിൽറ്റ്സ്” എന്നറിയപ്പെടുന്ന യുകെ ഗവൺമെൻ്റ് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമായി കണക്കാക്കപ്പെടുന്നവയാണ്. ഇവ പ്രധാനമായും സർക്കാർ വായ്പയെടുക്കാൻ പെൻഷൻ ഫണ്ട് പോലുള്ള സ്ഥാപനങ്ങളാണ് വാങ്ങുന്നത്. ഗവൺമെൻ്റ് ബോണ്ടുകളുടെ പലിശനിരക്കുകൾ അല്ലെങ്കിൽ ആദായങ്ങൾ ഓഗസ്റ്റ് മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved