ന്യൂസ് ഡെസ്ക് മലയാളം യുകെ
കഠിനമായ തണുപ്പും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഒട്ടേറെ യു കെ മലയാളികളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ആസ്മയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻ്റ് പെൻഷനിൽ നിന്ന് പ്രതിവർഷം 8000 പൗണ്ട് വരെ ലഭിക്കാനുള്ള അർഹതയുണ്ട്.

ആസ്മ, സ്‌റ്റീപ്പ് ആപ്നിയ , വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ തുടങ്ങിയ 25 ഓളം രോഗാവസ്ഥയിലുള്ളവർക്കാണ് പ്രസ്തുത ആനുകൂല്യത്തിന് അർഹത ഉള്ളത്. മേൽപ്പറഞ്ഞ ആരോഗ്യസ്ഥിതിയിലുള്ളവർക്ക് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെൻറ് (പി ഐപി) വഴിയാണ് പണം നൽകുന്നത് . ഇതിൻറെ ഭാഗമായി ഓരോ ആഴ്ചയും 172.75 പൗണ്ട് എന്ന കണക്കിൽ പ്രതിമാസം 691 പൗണ്ട് ആണ് ഒരാൾക്ക് ലഭിക്കുന്നത്. ഇതിൻ പ്രകാരം പ്രതിവർഷം ഒരു വ്യക്തിക്ക് 8292 പൗണ്ട് വരെ ലഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന സഹായത്തിന്റെ തോത് നിർണ്ണയിക്കുന്നത് വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് .

പി ഐ പി യുടെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നതിന് മൂന്നുമാസം ദൈനംദിന ജീവിതത്തിലോ, ജോലിയെ ബാധിക്കുന്ന രീതിയിലോ ബുദ്ധിമുട്ടുകൾ ഉള്ള ആരോഗ്യസ്ഥിതി ഉള്ളവരായിരിക്കണം. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത് 9 മാസമെങ്കിലും വിട്ടുമാറാത്തവരെയുമാണ് സഹായത്തിനായി പരിഗണിക്കുന്നത്. അപേക്ഷകർ കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു വർഷമെങ്കിലും യുകെയിൽ താമസിച്ചിരിക്കണം. ഇതുകൂടാതെ അപേക്ഷിക്കുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം .കൂടുതൽ വിവരങ്ങൾ Gov.uk എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.
ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്‌ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.
അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്നുണ്ടായ വംശീയ പ്രശ്നങ്ങൾ മൂലം ബ്രിട്ടനിൽ സ്കൂളുകൾ ആൻ ഫ്രാങ്ക് ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ പദ്ധതികളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയതിന് ശേഷം മൂന്ന് സ്‌കൂളുകളാണ് അവരുടെ വിദ്യാഭ്യാസ പരിപാടികൾ മാറ്റിവെച്ചതെന്ന് ചാരിറ്റി ട്രസ്റ്റ് പറഞ്ഞു. യഹൂദന്മാരുടെ കൂട്ടക്കൊല നടന്ന സമയത്ത് അവർ അനുഭവിച്ച ദുരന്തത്തെക്കുറിച്ച് ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിലൂടെയും മറ്റും കുട്ടികളിലേക്ക് അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആൻ ഫ്രാങ്ക് ട്രസ്റ്റ്. ഇന്ന് ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ നാസികൾ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരെ ഓർക്കാൻ ലോകം അനുസ്മരിക്കുന്ന ദിവസമാണ്. ആൻ ഫ്രാങ്ക് ട്രസ്റ്റ് 2023-ൽ ബ്രിട്ടനിലുടനീളം 800-ലധികം സ്‌കൂളുകളിലായി 119,000 യുവാക്കളിലേക്ക് അവബോധം എത്തിക്കുന്നതിനായി മുൻകൈ എടുത്തിരുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം മൂന്ന് സ്കൂളുകൾ പിൻവലിച്ചെങ്കിലും, കഴിഞ്ഞ വർഷം ഈ കാലയളവിനെ അപേക്ഷിച്ച് അവരുടെ മൊത്തത്തിലുള്ള പങ്കാളികളുടെ എണ്ണം വർദ്ധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ടിം റോബർട്ട്സൺ പറഞ്ഞു. ഒക്ടോബർ 7-ൻ്റെ ഫലമായി ചാരിറ്റി അതിൻ്റെ പാഠ്യപദ്ധതിയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെയുടെ ആദ്യത്തെ റോയൽ രക്ഷാധികാരിയായി കാമില രാജ്ഞി മാറിയെന്നും ചാരിറ്റി പ്രഖ്യാപിച്ചു.

രണ്ടാം ലോകമഹായുദ്ധസമയത്ത് നെതർലൻഡ്‌സിലെ നാസി അധിനിവേശത്തിനുശേഷം ആൻ ഫ്രാങ്കും കുടുംബവും ഒരു രഹസ്യ അനെക്‌സിൽ രണ്ട് വർഷത്തോളം ഒളിച്ചു താമസിച്ചു. പക്ഷേ 1944-ൽ ഒരു റെയ്ഡിൽ അവർ പിടിക്കപ്പെട്ടു. ആനും അവളുടെ സഹോദരിയും പിന്നീട് 1945-ൽ ബെർഗൻ-ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് മരണപ്പെട്ടു. എന്നാൽ അവളുടെ പിതാവ് കണ്ടെത്തിയ അവളുടെ ഡയറി, ഹോളോകോസ്റ്റിൻ്റെ ഏറ്റവും വേട്ടയാടുന്ന അക്കൗണ്ടുകളിൽ ഒന്നായി പിന്നീട് മാറി. ഈ ഡയറിയുടെ ഏകദേശം 30 ദശലക്ഷം കോപ്പികളാണ് വിറ്റു പോയിരിക്കുന്നത്. ഇത്തരത്തിലുള്ള യഹൂദ വിരുദ്ധതയെ ഒഴിവാക്കാനാണ് ആൻഫ്രാങ്ക് ട്രസ്റ്റ് മുഖ്യമായും കുട്ടികളെ ബോധവൽക്കരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുറെ നാളായി പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. മഹാമാരിയും ഉക്രൈൻ റഷ്യ സംഘർഷവും വിവിധ മേഖലകളിൽ തുടർച്ചയായി നടന്ന സമരപരമ്പരകളും രാജ്യത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ശരിക്കും ഇരുട്ടടിയായത് സാധാരണക്കാർക്കാണ്. ഇവയ്ക്കെല്ലാമൊപ്പം ചില ബ്രെക്സിറ്റ് നിയമങ്ങൾ കാരണം വീണ്ടും പല സാധനങ്ങളുടെയും വില കുതിച്ചുയരും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് .

രാജ്യത്തെ ജൈവ സുരക്ഷയെ സംരക്ഷിക്കാനായി ബ്രെക്സിറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങളാണ് അധിക ചിലവിന് കാരണമാകുന്നത്. അപകട സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന മത്സ്യ മാംസ സസ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മൂലം പല മേഖലകളിലും വില കുതിച്ചുയർന്നേക്കാം . പുതിയ ബ്രെക്സിറ്റ് അതിർത്തി നിയന്ത്രണങ്ങൾ മൂലം ബ്രിട്ടീഷ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 500 മില്യണിലധികം അധിക ചിലവും കാലതാമസവും ഉണ്ടാകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന ഏകദേശ കണക്കുകൾ . പൂക്കളും ചീസും, പാലുൽപന്നങ്ങളും, ശീതികരിച്ച മത്സ്യമാംസം എന്നിവ എല്ലാമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജനുവരി 31 മുതൽ ഓരോ ഷിപ്പ്‌മെൻ്റിനും മൃഗങ്ങളുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഒരു പ്രാദേശിക മൃഗഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഏപ്രിൽ 30 മുതൽ ഷിപ്പ്‌മെൻ്റുകൾ ബ്രിട്ടീഷ് അതിർത്തിയിൽ പരിശോധനകൾക്ക് വിധേയമായിരിക്കും.

പുതിയ നിയന്ത്രണങ്ങൾ മൂലം 330 മില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. തെറ്റായ പേപ്പർ വർക്കുകൾ മൂലം ചരക്കു നീക്കത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് വിതരണ ശൃംഖലയെ ആകെ താളം തെറ്റിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ കർശന പരിശോധനകൾ നടത്തുമ്പോഴും യുകെയിൽ ഈ പരിശോധനകൾ ആവർത്തിക്കുന്നത് അനാവശ്യമാണെന്നുമാണ് യൂറോപ്യൻ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും പറയുന്നത്. യുകെയിലെ പച്ചക്കറി ഇറക്കുമതിയുടെ 80 ശതമാനവും പഴങ്ങളുടെ 40 ശതമാനവും യൂറോപ്പിൽ നിന്നാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡ്രൈവേഴ്സ് യൂണിയനിലെ അംഗങ്ങൾ ഇംഗ്ലണ്ടിൽ പണിമുടക്കിന് ഒരുങ്ങുന്നു. ഇതിനെ തുടർന്ന് വ്യാപകമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ദീർഘകാലമായി സർക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.
ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയിൽ വിവിധ റൂട്ടുകളിൽ സമരത്തിൻറെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എൽ ഇ എഫ് അറിയിച്ചു. ഇതിനു പുറമെ ജനുവരി 29 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ ഓവർ ടൈം ജോലി ചെയ്യുകയില്ലെന്ന് യൂണിയൻ അറിയിച്ചിട്ടുണ്ട്.

താഴെ പറയുന്ന സർവീസുകളെയാണ് സമരം ബാധിക്കുന്നത്.
ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കൻ, തെക്കൻ, ഗാറ്റ്വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേൺ റെയിൽവേ, എസ്ഡബ്ല്യുആർ ഐലൻഡ് ലൈൻ
ജനുവരി 31 ബുധനാഴ്ച: നോർത്തേൺ ട്രെയിനുകൾ, ട്രാൻസ്‌പെനൈൻ എക്സ്പ്രസ്
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റർ ആംഗ്ലിയ, C2C, LNER
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിനുകൾ, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ
ഫെബ്രുവരി 5 തിങ്കൾ: ഗ്രേറ്റ് വെസ്റ്റേൺ, ക്രോസ് കൺട്രി, ചിൽട്ടേൺ
ഫെബ്രുവരി 1 വ്യാഴാഴ്ചയും 4 തീയതി ഞായറാഴ്ചയും സമരം ഉണ്ടായിരിക്കുകയില്ല.

വിവിധ റെയിൽവേ യൂണിയനുകളുടെ പണിമുടക്കുകൾ മൂലം രാജ്യത്തെ ട്രെയിൻ ഗതാഗതം പലപ്പോഴും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാൻ കഴിയാത്ത ടിക്കറ്റ് ഉടമകൾക്ക് സമര ദിവസങ്ങളിൽ 100% നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷുകാരിൽ പലരും അവധിക്കാലം ആഘോഷിക്കുന്നതിനായി ഫ്രാൻസിലെ തങ്ങളുടെ സ്വന്തം സ്വപ്നഭവനങ്ങളിലേക്ക് ചേക്കേറുക സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് തടയിടുകയാണ് ഫ്രാൻസിന്റെ പുതിയ നിയമങ്ങൾ. വിസ ആവശ്യമില്ലാതെ ബ്രിട്ടീഷ് പ്രവാസികൾക്ക് 90 ദിവസത്തിലധികം രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പ്രധാന ഇമിഗ്രേഷൻ ബില്ലിലെ ഭേദഗതി ഫ്രാൻസിൻ്റെ ഭരണഘടനാ കൗൺസിൽ ഇന്നലെ നിരസിച്ചതോടെയാണ് ബ്രിട്ടീഷുകാരിൽ പലരും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എമിഗ്രേഷൻ ബില്ലിലെ ഈ ഭേദഗതി കോടതി അംഗീകരിച്ചിരുന്നെങ്കിൽ, ഫ്രാൻസിൽ രണ്ടാമത്തെ വീടുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ദീർഘകാല വിസകൾ സ്വയമേവ നൽകുന്നതിന് അനുവദിക്കുമായിരുന്നു. അതായത് അവർക്ക് രാജ്യത്ത് ആവശ്യമുള്ളത്ര സമയം ചെലവഴിക്കാനുള്ള അനുമതി ഈ ഭേദഗതിയിലൂടെ ലഭിക്കുമായിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചതോടെ, ഓരോ 180 ദിവസത്തിലും 90 ദിവസം മാത്രമേ വിസയില്ലാതെ ഫ്രാൻസിൽ താമസിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനിമുതൽ സാധിക്കുകയുള്ളൂ. കൂടുതൽ കാലം താമസിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സമയം ആറ് മാസം വരെ നീണ്ടുനിൽക്കുന്ന താൽക്കാലിക ദീർഘകാല വിസയ്ക്ക് അപേക്ഷിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ഭേദഗതി നിരസിക്കാനുള്ള കോടതി തീരുമാനം ഫ്രാൻസിൽ രണ്ടാം വീടുകൾ സ്വന്തമാക്കിയ ഏകദേശം 86,000 ബ്രിട്ടീഷുകാർക്ക് വലിയ തിരിച്ചടിയാകും. ഫ്രാൻസിൻ്റെ ഭരണഘടനാ കോടതിക്കെതിരെ അപ്പീൽ നൽകാൻ അവകാശമില്ലാത്തതിനാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ തീരുമാനം അന്തിമമാണ്. ബ്രെക്സിറ്റ് തീരുമാനം ബ്രിട്ടീഷുകാരെ മറ്റു രീതിയിലും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ, കൗൺസിൽ ടാക്സ് ചാർജുകളിൽ 60% വരെ വർദ്ധനവ് വരുത്തിയത് ഫ്രാൻസിൽ ഭവനങ്ങളുള്ള ബ്രിട്ടീഷുകാരെ സാരമായി ബാധിച്ചിരുന്നു. പുതിയ നിയമങ്ങൾ വന്നതോടെ പലരും തങ്ങളുടെ വീടുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വിടുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബലാൽസംഗവും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും മറ്റും ഒഴിവാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി കാണിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2010 മുതൽ മൊത്തം കുറ്റകൃത്യങ്ങൾ പകുതിയായി കുറഞ്ഞതായാണ് കാണിക്കുന്നത്.

എന്നാൽ ഈ കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളും ഒഴിവാക്കുന്നതാണ് ഇതിന് കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഒ എൻ എസിന്റെ വാദം. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഒഴിവാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി മറയ്ക്കുവാൻ മനഃപൂർവ്വം സ്വീകരിക്കുന്ന നടപടിയാണെന്നാണ് വിമർശകർ പറയുന്നത്.

പലപ്പോഴും ഗാർഹിക പീഡനങ്ങളും മറ്റും റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സിലെ ഹെലൻ റോസ് പറഞ്ഞു. പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണം, കവർച്ച, ക്രിമിനൽ നാശനഷ്ടങ്ങൾ എന്നിവ മാത്രമേ കണക്കുകളിൽ കാണുകയുള്ളൂ . 2023ലെ കണക്കുകൾ പ്രകാരം 16 നും 59 നും ഇടയിൽ പ്രായമുള്ള 4 % സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. 2014 – മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയും കാനഡയുമായി ഏകദേശം രണ്ടു വർഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചർച്ചകൾ നിർത്തിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രെക്സിറ്റിന് മുമ്പ് യുകെ യൂറോപ്യൻ യൂണിയൻ അംഗമായിരുന്നപ്പോൾ നിലവിൽ നിന്നിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തി വന്നിരുന്നത്.

കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോർമോണിന്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കാൻ കാരണമായിരിക്കുന്നത്. എന്നാൽ പുതിയ വ്യാപാര കരാർ നിലവിൽ വരാത്തതിൽ രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളിൽ പെട്ട കമ്പനികൾ കടുത്ത അസന്തുഷ്ടിയിലാണ്. കരാർ നിലവിൽ വന്നില്ലെങ്കിൽ ഇറക്കുമതി നികുതി കൂടാതെ കാറുകളും മറ്റും കാനഡയിൽ വിൽക്കാൻ യുകെയിലെ നിർമ്മാതാക്കൾക്ക് ഇനി കഴിയില്ല.

2021ൽ ബ്രെക്സിറ്റിനു ശേഷം ഒരു വ്യാപാര പങ്കാളികളുമായി ചർച്ചകൾ യുകെ ഔദ്യോഗികമായി ഉപേക്ഷിക്കുന്നത് ആദ്യമായാണ് . ഏപ്രിൽ ആദ്യം മുതൽ കനേഡിയൻ വിപണിയിൽ വിൽക്കാൻ ഇനി ബ്രിട്ടീഷ് കമ്പനികൾ കൂടുതൽ ഇറക്കുമതി നികുതികൾ നൽകേണ്ടതായി വരും. ചർച്ചകൾ നിർത്തിവച്ചതിൽ നിരാശയുണ്ടെന്നും അത് യുകെ ബിസിനസ് സെക്രട്ടറി കെമി ബാസേനോക്കിനെ അറിയിച്ചിട്ടുണ്ടെന്നും കാനഡയിലെ ട്രേഡ് മിനിസ്റ്ററുടെ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ :- 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നടത്തിയ മനുഷ്യഹത്യയുടെ തെളിവുകൾ അടങ്ങുന്ന വീഡിയോ ഫൂട്ടേജ് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനു കൈമാറിയിരിക്കുകയാണ് ഇസ്രയേൽ. നിരപരാധികളായ സാധാരണക്കാരെ ഹമാസ് ഭീകരർ കൊലപ്പെടുത്തി വികൃതമാക്കിയതിൻ്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഇസ്രായേൽ അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച്, ഇസ്രായേലിനെതിരെ മനുഷ്യഹത്യയ്ക്ക് അന്താരാഷ്ട്ര കോടതിയിൽ സൗത്ത് ആഫ്രിക്ക നൽകിയ കേസിൽ വെള്ളിയാഴ്ച ഇടക്കാല വിധി വരാനിരിക്കെയാണ് ഇസ്രയേൽ ഈ വീഡിയോ പുറത്ത് വിട്ടത്. 25000 ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടതായി കാണിച്ച്, ഇസ്രായേലിന്റെ ഗാസാ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ മാസമാദ്യം സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തങ്ങൾ വംശഹത്യയുടെ ഇരയാണെന്നും, തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്നും വാദിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഹമാസിന്റെ ക്രൂരതകൾ കാണിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുമ്പോഴും, തകർന്നു തരിപ്പണമാക്കപ്പെട്ട ഗാസയിലെ ദുരന്തം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ നിലനിൽക്കുകയാണ്.

ഒക്ടോബർ 7ന് അതിർത്തിക്കടുത്ത് നിന്ന് ഏകദേശം 3000 ത്തോളം തീവ്രവാദികളാണ് കടൽ മാർഗ്ഗവും കര മാർഗ്ഗവുമായി തങ്ങളെ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരും വികലാംഗരും ഉൾപ്പെടെ ഏകദേശം 1200 ലധികം ആളുകളെ കൊല്ലുകയും പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും, ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത ഹമാസ് ഭീകരത ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് . ഏകദേശം 250-ലധികം ആളുകളെ ഗാസയിലേക്ക് ഇവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഒക്ടോബർ 7 -ന് രാവിലെ അതിർത്തി വേലി ഭേദിക്കുമ്പോൾ ജിഹാദികൾ സ്ഫോടകവസ്തുക്കൾ എറിയുന്നതും അല്ലാഹു അക്ബർ എന്ന് നിലവിളിക്കുന്നതും ഫൂട്ടേജിൽ കാണിക്കുന്നുണ്ട്. അധിനിവേശം എന്ന പേരിൽ അവർ പിക്ക്-അപ്പ് ട്രക്കുകളിൽ ഇസ്രായേലിലേയ്ക്ക് അതിവേഗം പായുന്നതും, സിവിലിയൻ കാറുകൾക്ക് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ വെടിവയ്ക്കുന്നതും വീഡിയോ ഫൂട്ടേജിൽ വ്യക്തമാക്കുന്ന കാഴ്ചകളാണ്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിലുള്ളത്. എന്നാൽ ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിന്റെ ഭയാനകതയെയാണ് സൗത്താഫ്രിക്ക ചൂണ്ടിക്കാട്ടുന്നത്. ഹമാസിന്റെ ഭീകരതയും നിർവീര്യമാക്കാൻ ഉള്ള ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയിൽ കൂടുതൽ വാദങ്ങൾ ഉണ്ടാകും
കോവിഡ് സമയത്ത് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം ലോങ്ങ് കോവിഡ് പിടിപെട്ടതിനെ തുടർന്ന് ദുരിതത്തിലായ നൂറുകണക്കിന് ഡോക്ടർമാർ എൻഎച്ച്എസ്സിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗുണമേന്മയില്ലാത്ത പി പി ഇ കിറ്റുകൾ കാരണമാണ് പലരും രോഗത്തിന്റെ പിടിയിലായതെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന വിമർശനം. നിലവിൽ ഡോക്ടർമാരുടെ കാര്യം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. എന്നാൽ രോഗികളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടതായി വന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രവർത്തകരും സമാനമായ രീതിയിൽ നിയമനടപടികളുമായി മുന്നോട്ടു പോയേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോങ്ങ് കോവിഡ് ബാധിച്ച ഒട്ടേറെ ഡോക്ടർമാരുടെ മോശമായ ആരോഗ്യസ്ഥിതിയുടെ കൂടുതൽ വിവരങ്ങൾ എൻഎച്ച്എസിനെതിരെയുള്ള കേസിന്റെ പശ്ചാത്തലത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പി പി ഇ യുടെ അഭാവത്തെ കുറിച്ചുള്ള ആശങ്കകൾ അവഗണിച്ചതിനെ തുടർന്ന് തനിക്ക് കോവിഡ് ബാധിച്ച് നട്ടെല്ലിന് തകരാർ ഉണ്ടായതായി വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോ നതാലി മക്‌ഡെർമോട്ട് പറഞ്ഞു. 2020 നവംബറിൽ ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫർമറിയിലെ കോവിഡ് വാർഡിൽ ജോലി ചെയ്ത ഡോ കെല്ലി ഫെർൺലിയ്ക്ക് തലച്ചോറിൽ വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പിടിപെട്ടത്.
ലോങ്ങ് കോവിഡ് ബാധിച്ച 600 ഡോക്ടർമാരിൽ കഴിഞ്ഞവർഷം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ 60 ശതമാനം പേർക്ക് രോഗം ബാധിച്ചതിന് ശേഷം സ്ഥിരമായ അസുഖം ബാധിച്ചതായി കണ്ടെത്തി. ഇതിൽ പകുതിയോളം പേർക്ക് ( 48%) രോഗം മൂലം അവരുടെ വരുമാനവും ഇല്ലാതായി. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലും കൂടുതൽ ഗുണമേന്മയുള്ള പി പി ഇ കിറ്റുകൾ ഉപയോഗിക്കുന്നതിനും സർക്കാരിൻറെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് ഡോക്ടർമാർ ആരോപിക്കുന്നത്