Main News

യുകെ വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ. മലയാളി നേഴ്സുമാരെ സൗജന്യമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ യുകെയില്‍ എത്തിക്കുന്നതെങ്കിലും ഇതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം ഇല്ലാതെ പോകുന്ന നേഴ്സുമാര്‍ കെയര്‍ ഹോമുകളില്‍ വൃദ്ധരെ പരിചരിക്കുന്ന കെയര്‍ വിസയ്ക്കായി സ്വകാര്യ റിക്രൂട്ടിങ് കമ്പനികളെയാണ് സമീപിക്കുക. ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണു പോകുന്നത് നിരവധി പേരാണ്.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾ അഴിഞ്ഞാടുന്നുണ്ടെങ്കിലും ഇവർക്കെതിരെ സർക്കാരുകൾ നിലപാടുകൾ ഒന്നും എടുക്കാത്തതിനാൽ ആയിരങ്ങളിൽ നിന്ന് ശത കോടികളാണ് ഇതിനകം നഷ്ടമായിരിക്കുന്നത്. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കേരളത്തിലെ വ്യാജ വിസ ലോബിക്കെതിരെ ചെറു വീരല്‍ അനക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിസ ലോബിയുടെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ശക്തമായി നിലയുറപ്പിക്കുന്നു എന്ന സംശയം ഉണര്‍ത്തുന്നതാണ് ഇതിനകം നല്‍കിയ പരാതികളില്‍ കാണുന്ന മെല്ലെപ്പോക്ക് നയം. പരാതിക്കാരെ വിളിച്ചു റിക്രൂട്ടിങ് ഏജന്‍സി നടത്തിപ്പുകാര്‍ വെല്ലുവിളി ഉയര്‍ത്തുന്നതും സംശയത്തിൻെറ ആക്കം കൂട്ടുകയാണ്.

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗികളെ ഉപദ്രവിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എൻഎച്ച് എസ് ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരേ ആശുപത്രിയിൽ നിന്ന് തന്നെ ഇത്രയധികം ജീവനക്കാർക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാർ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്. സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ ഡോക്ടർമാർ, നേഴ്സുമാർ, ഹെൽത്ത് കെയർ അനസ്തേഷ്യന്മാർ, നോൺ ക്ലിനിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റർ ചെയ്ത പ്രൊഫഷനലുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ഹോസ്പിറ്റൽ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാർ ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ രോഗികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ നോട്ടിംഗ് ഹാം ഷെയർ ഹെൽത്ത് കെയർ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള ബീന വിന്നി (54 ) ആണ് മരണത്തിന് കീഴടങ്ങിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോൺ ആണ് ഭർത്താവ്.

ഏറെ നാൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷൻ അംഗമാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന വിന്നി സാലീസ്ബറിയിലെ മതധ്യാപകകൂടിയായിരുന്നു .

സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും ആണ് വിന്നി ബീന ദമ്പതികളുടെ മക്കൾ. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി. സംസ്കാര ശുസ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .

ബീന വിന്നിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒന്നൊഴിയാതെ വരുന്ന കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യുകെ. ഇഷ കൊടുങ്കാറ്റ് നാശംവിതച്ച് രണ്ടുപേർ മരിച്ചതിന് പിന്നാലെ പുതിയ കൊടുങ്കാറ്റ് യുകെയിലെത്തുന്നു. ജോസെലിൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് യുകെയിൽ 76 മൈൽ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവ്വാഴ്ച യുകെയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഇന്ന് കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതപ്പെടുന്നത്. വെൽഷ് ഗ്രാമമായ അബർഡറോണിൽ ഇതുവരെ 76 മൈൽ വേഗതയിൽ ശക്തിയേറിയ കാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ. സ്കോട്ട് ലൻഡിലെ പലസ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് വീടുകളിൽ പവർകട്ട് ബാധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ചില ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് . ഇന്ന് പുലർച്ചെയാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രാത്രി മുഴുവൻ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട് . ജോസെലിൻ കൊടുങ്കാറ്റ് വീശുന്നതിനാൽ കൂടുതൽ പവർകട്ടുകൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോർസെസ്റ്ററിൽ താമസിക്കുന്ന സ്റ്റീഫൻ മൂലക്കാട്ട് (53) നിര്യാതനായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ത്രീ കൗണ്ടി, ഹോളി കിംഗ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിലെ അംഗമായിരുന്ന അദ്ദേഹത്തിൻറെ മാതൃ ഇടവക വെളിയന്നൂർ സെൻറ് മേരീസ് പള്ളിയാണ്.

ഭാര്യ ലിസി മുല്ലപ്പള്ളിൽ പുന്നത്തറ കുടുംബാംഗമാണ്.

മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ .
മരുമകൾ: റോസ് മേരി.

സ്റ്റീഫൻ മൂലക്കാട്ടിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌കാം മെസ്സേജുകൾ അയക്കുന്നതിൽ തട്ടിപ്പുകാർ ആശ്രയിക്കുന്നത് നിർമ്മിത ബുദ്ധിയെ. എ ഐയുടെ സഹായത്തോടെ തയ്യാറാക്കിയ ഇത്തരം ഇമെയിലുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമമെന്ന മുന്നറിയിപ്പ് നൽകി യുകെയുടെ സൈബർ സുരക്ഷാ ഏജൻസി. പാസ്‌വേഡുകളോ വ്യക്തിഗത വിശദാംശങ്ങളോ കൈമാറാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ AI ഉപകരണങ്ങളുടെ സങ്കീർണ്ണത കാരണമാണ് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻ.സി.എസ്.സി) പറഞ്ഞു.

ലളിതമായ ടെക്സ്റ്റ് സന്ദേശങ്ങളിൽ (പ്രോംപ്റ്റ്) നിന്ന് ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റീവ് AI. ചാറ്റ് ജി പി റ്റി പോലുള്ള ചാറ്റ്ബോട്ടുകളും ഓപ്പൺ സോഴ്‌സ് മോഡലുകലും ജനങ്ങൾക്ക് വ്യാപകമായി ലഭ്യമാണ്. AI സൈബർ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നും ജി സിഎച്ച്ക്യു ചാര ഏജൻസിയുടെ ഭാഗമായ എൻ.സി.എസ്.സി പറഞ്ഞു.

ജനറേറ്റീവ് എഐയുടെ ചാറ്റ്ബോട്ടുകൾ സ്പൂഫ് സന്ദേശങ്ങളും സോഷ്യൽ എഞ്ചിനീയറിംഗും പോലുള്ള വ്യത്യസ്ത തരം ആക്രമണങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കും. 2025 വരെ, ജനറേറ്റീവ് AI പാസ്‌വേഡ് പുനഃസജ്ജീകരണ അഭ്യർത്ഥന മറ്റുമായി ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. കഴിഞ്ഞ വർഷം ബ്രിട്ടീഷ് ലൈബ്രറി, റോയൽ മെയിൽ തുടങ്ങിയ സ്ഥാപനങ്ങളെ ബാധിച്ച റാൻസംവെയർ ആക്രമണങ്ങളും വർധിക്കുമെന്ന് എൻസിഎസ്‌സി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞവർഷം ജൂൺ മാസത്തിൽ നോട്ടിങ്ഹാമിൽ ആക്രമിയായ ഒരാൾ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയത് ബ്രിട്ടനെയാകെ തകർത്ത വാർത്തയായിരുന്നു. പത്തൊമ്പതു വയസ്സുള്ള ഗ്രേസ് ഒമാലി, ബാർണബി വെബർ എന്നിവരും അറുപത്തഞ്ച് വയസുള്ള ഇയാൻ കോയാട്ട്സ് എന്നയാളുമാണ് മുപ്പത്തിരണ്ടുകാരനായ വാൾഡോ കാലോകെയ്ൻ എന്ന വ്യക്തിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഗ്രേസ് ഒമാലി കുമാർ എന്ന പെൺകുട്ടി തന്റെ സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അവളുടെ സഹോദരൻ കോടതിയിൽ വെളിപ്പെടുത്തി. തന്റെ അവസാന നിമിഷങ്ങളിലും ഗ്രേസ് വളരെയധികം ധൈര്യപൂർവ്വമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കോടതിയിൽ നടന്നുവരികയാണ്. തങ്ങളുടെ മകളെക്കുറിച്ച് ഓർത്തു തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ സുഹൃത്തിന് നേരിട്ടപ്പോൾ ഓടി രക്ഷപ്പെടുവാൻ ശ്രമിക്കാതെ, കൂടെ നിന്ന് രക്ഷപ്പെടുത്തുവാനാണ് തങ്ങളുടെ മകൾ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ഗ്രേസും വെബറും തങ്ങളുടെ പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേക്ക് നടന്നുവരുന്ന വഴിയാണ് ആക്രമണം നേരിട്ടതെന്ന് കോടതി കേട്ടു.


ബാർണബി വെബറിനെ നിരവധി തവണയാണ് ആക്രമി കുത്തി പരിക്കേല്പ്പിച്ചത്. അക്രമിയെ തന്നാലാവുന്ന വിധം പ്രതിരോധിക്കുവാൻ ഗ്രേസ് ശ്രമിച്ചെങ്കിലും ആക്രമി അവളെയും പിന്നീട് കുത്തുകയായിരുന്നു. പാരനോയിഡ് സ്‌കിസോഫ്രിനിയ എന്ന രോഗത്തിന് അടിമപ്പെട്ട ആളാണ് അക്രമി എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ആക്രമിച്ചതിനുശേഷം പിന്നീട് അക്രമി, മെയ് പ്പർലി റോഡിലെ പ്രസിഡൻഷ്യൽ ഹോസ്റ്റലിന് സമീപം എത്തുകയും, കെയർടേക്കറെ ആക്രമിക്കുകയും ആയിരുന്നു. സംഭവത്തിൽ കോടതി ഉടൻ വിധി പ്രഖ്യാപനം ഉണ്ടാകും.

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് എൻ എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. യുകെയിൽ ആദ്യമായി സോമർ സെറ്റിലാണ് രോഗികൾക്ക് പുതിയ ഗുളിക നൽകിയത്. എൻഎച്ച്എസ്സിന്റെ ഭാഗമായി ആദ്യമായി ഈ പുതിയ ചികിത്സ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സോമർ സെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പ്രൊഫ. റിച്ചാർഡ് വെൽബോൺ പറഞ്ഞു.

ടൗണ്ടണിലെ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റലിൽ രണ്ട് രോഗികൾക്കാണ് ആദ്യമായി മരുന്ന് നൽകിയത്. മറ്റ് മൂന്ന് രോഗികൾക്ക് കൂടി ഫെബ്രുവരി ആദ്യം ചികിത്സ ലഭ്യമാക്കും. ഒരു ഡസനോളം മറ്റ് രോഗികൾക്കും ചികിത്സയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 4000 പൗണ്ട് ചിലവ് വരുന്ന ചികിത്സയാണ് ഇത്.

 

രോഗികൾക്ക് ഗ്യാസ്ട്രിക് ബലൂൺ അടങ്ങിയ ഗുളികകൾ നൽകിയതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുന്നതാണ് ചികിത്സാരീതി. ചികിത്സ ലഭിക്കുന്നവർക്ക് കൂടുതൽ നേരം വയറ് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതു കൊണ്ട് അവർ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ. 15 മിനിറ്റ് സമയം കൊണ്ട് ചികിത്സ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് (നൈസ് ) ഈ ചികിത്സാ രീതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും രീതിയിൽ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവർമാർ ഉടൻ തന്നെ ഡ്രൈവർ ആൻ്റ് വെഹിക്കിൾ ലൈസൻസി ഏജൻസിയെ അറിയിക്കണം. പ്രായമായവർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളിൽ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവർ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള റിപ്പോർട്ടുകളെ തുടർന്നാണിത് . നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ വാഹനം ഓടിക്കുന്നവർ 20 മീറ്റർ അകലത്തിൽ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved