Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ട്.


2009 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് നിയമപരമായി പുകയില വാങ്ങുന്നത് നിരോധിക്കാനുള്ള ബിൽ ഇന്ന് പാർലമെൻറിൽ ചർച്ച ചെയ്യും. യുകെയിൽ പുകവലി മൂലമുള്ള മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തി എംപിമാർക്ക് അവഗണിക്കാൻ സാധിക്കില്ലെന്നും പ്രതിദിനം 350 യുവജനങ്ങൾ പുതുതായി പുകവലിക്കാൻ ആരംഭിക്കുന്നതായുള്ള കണക്കുകൾ ഉദ്ധരിച്ച് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. ആയിരക്കണക്കിന് ആൾക്കാർക്ക് ക്യാൻസർ പിടിപെടുന്നത് എൻഎച്ച്എസിൽ കടുത്ത സമ്മർദ്ദം ഉളവാക്കുന്നതിന് മുഖ്യകാരണമായ പുകവലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ക്യാൻസർ റിസർച്ച് യുകെയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2029 ഓടെ യുകെയിലുടനീളം 296,661 പുതിയ ക്യാൻസർ കേസുകൾ ഉണ്ടാകുമെന്ന് ചാരിറ്റി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ശരാശരി 160 ഓളം ക്യാൻസർ കേസുകളുടെ രോഗനിർണയം പുകവലി കാരണം ഓരോ ദിവസവും നടത്തുന്നതായുള്ള വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്. ഇതിലും ഞെട്ടിക്കുന്ന കണക്കുകളാണ് പുകവലിക്കാത്തവർക്ക് മറ്റുള്ളവരുടെ പുകവലി ഉപയോഗം മൂലം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ പുകവലി മൂലം 2846 പേർക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യതയാണ് വിശകലനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നവരിൽ മൂന്നിൽ രണ്ടുപേരെ പുകവലി കൊല്ലുന്നതായി ചാരിറ്റിയുടെ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ വാക്കർ പറഞ്ഞു. പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആകെ നാശം വിതച്ച ബെർട്ട് കൊടുങ്കാറ്റിനു ശേഷം ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകി. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ബെർട്ട് മൂലമുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും വീടുകൾക്കും റോഡുകൾക്കും റെയിൽ ശൃംഖലകൾക്കും കനത്ത നാശം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.


വാരാന്ത്യത്തിൽ യുകെയിലെ ഭൂരിഭാഗം മേഖലയിലും ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റിൽ അഞ്ച് പേരെങ്കിലും മരിച്ചതായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് കൊടുങ്കാറ്റിനോട് അനുബന്ധിച്ച് വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അലംഭാവം ഉണ്ടായതായുള്ള വിമർശനം ഉയർന്നു വരുന്നുണ്ട് . യുകെയിൽ ഉടനീളം കുറഞ്ഞത് 300 സ്ഥലങ്ങളെങ്കിലും നിലവിൽ വെള്ളത്തിനടിയിലാണ്. ബെർട്ട് മൂലമുള്ള നാശനഷ്ടങ്ങളെ തുടർന്ന് വ്യാപകമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകപെട്ടിരിക്കുന്നത്.


ഈ ആഴ്ച കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിനേക്കാളും തീവ്രത കുറവായിരിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കൂടുതൽ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം യുകെയിൽ ഉടനീളം സംജാതമായതിന്റെ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ സൗത്ത് വെയിൽസിലെ ജനങ്ങൾ തയ്യാറെടുപ്പിന്റെ അഭാവങ്ങളെ കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മതിയായ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടില്ല എന്നും ശക്തമായ പരാതി ഉന്നയിച്ചു. സമാനമായ വിമർശനങ്ങൾ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും നിന്ന് ഉയർന്നു വരുന്നുണ്ട്. 2020-ൽ നഗരത്തിൻ്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ഡെന്നിസ് കൊടുങ്കാറ്റിൽ നിന്ന് പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് റോണ്ട സൈനോൺ ടാഫിലെ പോണ്ടിപ്രിഡിൽ പ്രദേശവാസികൾ പറഞ്ഞു. കനത്ത മഴയും കൊടുങ്കാറ്റും വീശി അടിക്കാനുള്ള സാഹചര്യത്തിൽ പലയിടത്തും യെല്ലോ അലർട്ട് മാത്രമാണ് നൽകപ്പെട്ടത്. ഉയർന്നുവരുന്ന പരാതികളുടെ വെളിച്ചത്തിൽ കാലാവസ്ഥാ പ്രവചനത്തിനെയും മുന്നറിയിപ്പ് സംവിധാനത്തിനെയും പൂർണമായ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.

മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)

ഇരുപത്തിനാലാം തിയതി പതിവുപോലെ ഷാന്റി ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബു താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയുംതുടർന്ന് പാരാമെഡിക്കുകളുടെ സഹായം അഭ്യർത്ഥിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു.
.
ശവസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് അറിയിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .

സാബു മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പൻ നയങ്ങൾക്കെതിരെ സ്പെയിനിലെ കൺസ്യൂമർ റൈറ്റ് മിനിസ്ട്രി രംഗത്ത് വന്നു. ബഡ്ജറ്റ് എയർ ലൈനുകൾ ഹാൻഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാൻ എയർ , വ്യൂലിംഗ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് എയർലൈനുകൾക്ക് മൊത്തം 179 മില്യൺ പൗണ്ട് പിഴയാണ് ചുമത്തിയത്. ക്യാബിൻ ബാഗുകൾ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങൾ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയർലൈൻ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് കൺസ്യൂമർ റൈറ്റ് മിനിസ്ട്രിയുടെ നടപടി.


മെയ് മാസത്തിൽ അഞ്ച് എയർലൈനുകൾക്കാണ് 150 മില്യൺ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ അപ്പീലുകൾ നിരസിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. റയാൻഎയറിന് 108 മില്യൺ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39 മില്യൺ യൂറോയും ഈസിജെറ്റിന് 29 മില്യൺ യൂറോയും ലോ കോസ്റ്റ് സ്പാനിഷ് വിമാനക്കമ്പനിയായ വോലോട്ടിയയ്ക്ക് 1.2 മില്യണും പിഴ ചുമത്തി.


വലിയ ക്യാബിൻ ലഗേജുകൾക്ക് അധിക പണം ആവശ്യപ്പെടുന്നതും യാത്രക്കാർക്ക് സമീപമായി ആശ്രിതരായ കുട്ടികൾക്കും മറ്റുള്ളവർക്കും സീറ്റ് റിസർവ് ചെയ്യുന്നതിനുമായി അധികം പണം ഈടാക്കുന്നത് അവസാനിപ്പിക്കാൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയ്ക്കെതിരെ അപ്പീൽ പോകാൻ വിമാന കമ്പനികൾക്ക് സാവകാശമുണ്ട്. എന്നാൽ അപ്പീൽ തള്ളുകയാണെങ്കിൽ യാത്രക്കാർക്ക് ഭീമമായ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയാണ് വിമാന കമ്പനികൾ നേരിടാൻ പോകുന്നത്. ഗവൺമെൻ്റിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് ആറ് വർഷമായി തങ്ങൾ പ്രചാരണം നടത്തുകയാണെന്ന് പ്രാരംഭ പരാതി നൽകിയ ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളിലൊന്നായ ഫാകുവ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു . വിമാനക്കമ്പനികൾക്കെതിരെ നിയമപരമായ കേസിന് തയ്യാറെടുക്കുകയാണെന്ന് അവർ പറഞ്ഞു. യാത്ര ചെയ്ത സമയം മുതൽ 5 വർഷത്തേയ്ക്ക് വിമാനയാത്രക്കാർ ഇങ്ങനെയുള്ള കേസുകളിൽ റീഫണ്ടിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വക്കീലില്ലാതെ തന്നെ നേരിട്ട് പരാതി നൽകിയാൽ മതിയാകും. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ സ്പെയിനിലെ ഉപഭോക്തൃകാര്യ മന്ത്രാലയം ചുമത്തിയ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ പിഴകൾ വ്യക്തമായും യൂറോപ്യൻ യൂണിയൻ നിയമത്തിൻ്റെ ലംഘനമാണ് എന്ന് റയാൻഎയറിൻ്റെ ബോസ് മൈക്കൽ ഒലിയറി പറഞ്ഞു. യാത്രക്കാരുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ഐറിഷ് വിമാനക്കമ്പനിയായ റയാനെയർ, തങ്ങളുടെ അപ്പീൽ സ്പെയിനിലെ കോടതികളിൽ നൽകുമെന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റ് കടുത്ത വിനാശകരമായ സംഭവങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി കുറഞ്ഞത് അഞ്ച് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും, അതുമൂലം ഉണ്ടായ വെള്ളപ്പൊക്കവും, അതോടൊപ്പം തന്നെ മഞ്ഞു വീഴ്ചയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഈ കാലാവസ്ഥ മൂലം ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വെയിൽസിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനും, രക്ഷാപ്രവർത്തനം നടത്തുന്നതിനും മുൻകൈയെടുക്കുന്ന എമർജൻസി സർവീസുകളോട് താൻ കടപ്പെട്ടിരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ തന്റെ പോസ്റ്റിൽ കുറിച്ചു. വെൽഷ് ഫസ്റ്റ് മിനിസ്റ്ററായ എലുനെഡ് മോർഗനുമായി താൻ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഫലമായുള്ള വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും, എന്നാൽ കഴിഞ്ഞ തവണത്തെ ദുരിതത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചതിനാൽ ഇത്തവണ കൂടുതൽ പ്രോപ്പർട്ടികൾ സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും വെൽഷ് മിനിസ്റ്റർ മോർഗൻ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന് തൊട്ടുമുൻപുള്ള ഈ സമയത്ത് നടന്നിരിക്കുന്ന ഈ ദുരന്തം നേരിടുന്ന ആളുകളെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നോർത്ത് വെയിൽസിലെ കോൺവി നദിയിൽ കാണാതായ 75 കാരനായ ബ്രയാൻ പെറിയുടെ മൃതദേഹം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. അതേസമയം, വിൻചെസ്റ്ററിന് സമീപം എ 34-ൽ കാറിന് മുകളിൽ മരം വീണതിനെത്തുടർന്ന് 60 വയസ്സുള്ള ഒരാൾ മരിച്ചതായും ഹാംഷെയർ പോലീസ് പറഞ്ഞു. ഇംഗ്ലണ്ടിൽ കൊടുങ്കാറ്റ് പിടിമുറുക്കുന്നതിനിടെ മറ്റ് രണ്ട് മാരകമായ വാഹന അപകടങ്ങളും നടന്നു. ശനിയാഴ്ച പുലർച്ചെ ഒരു വാഹനം കൂട്ടിയിടിച്ച് 34 കാരനായ ഒരാൾ മരിച്ചതായി വെസ്റ്റ് യോർക്ക്ഷയർ പോലീസ് അറിയിച്ചിരുന്നു. സൗത്ത് വെയിൽസിൽ, പോണ്ടിപ്രിഡ്, എബ്ബ് വേൽ, അബർഡെയർ എന്നിവയുൾപ്പെടെ പ്രദേശത്തുടനീളമുള്ള പട്ടണങ്ങളിൽ വെള്ളപ്പൊക്കം ഉയർന്നതിനാൽ റോണ്ട സൈനോൺ ടാഫ് കൗണ്ടി ബറോ കൗൺസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും യാത്ര നിയന്ത്രണങ്ങളും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്..

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉക്രയിനു വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു ബ്രിട്ടീഷ് പൗരൻ റഷ്യയുടെ പിടിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 22 വയസ്സുകാരനായ ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ ആണ് ശത്രു സൈന്യത്തിന്റെ പിടിയിലായത്. ഇയാൾ നേരത്തെ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


റഷ്യയിലെ കുർസ്ക് ഏരിയയിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത്. മുൻ ബ്രിട്ടീഷ് സൈനികൻ റഷ്യൻ സേനയുടെ പിടിയിലായ വാർത്ത റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആയ ടാസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ സംഭവത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തെ പിന്തുണയ്ക്കുമെന്ന് യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞു.

2019 മുതൽ 2023 വരെ ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചതായി ആൻഡേഴ്‌സൺ പറയുന്ന വീഡിയോ സമൂഹ മാധ്യമമായ ടെലഗ്രാമിൽ കൂടി പുറത്തുവന്നു. തന്റെ ജോലി നഷ്ടപ്പെടുകയും ടെലിവിഷനിൽ കൂടി ഉക്രയിൻ – റഷ്യ യുദ്ധത്തെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും കാണുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സന്നദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്ന ഉക്രയിനിൻ്റെ സൈനിക വിഭാഗത്തിൽ ചേർന്നതെന്ന് ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ പറയുന്നതായി വീഡിയോയിലുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൻപത് വയസിന് താഴെയുള്ളവരിൽ സ്തന , ശ്വാസകോശ അർബുദങ്ങൾ പോലെ തന്നെ പിത്തസഞ്ചി ക്യാൻസർ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചാരിറ്റി ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് 24-49 വയസ്സ് പ്രായമുള്ള ബ്രിട്ടീഷുകാർക്കിടയിൽ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ക്യാൻസർ കേസുകളിൽ 84 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ ചൂണ്ടി കാണിക്കുന്നു. 90 കളുടെ തുടക്കം മുതലാണ് ഈ വർദ്ധനവ് ഉണ്ടായത് എന്നാണ് പഠനത്തിൽ വ്യക്തമായത്.


രോഗബാധിതരുടെ എണ്ണത്തിൽ ഇത്രയും വലിയ വർദ്ധനവിന് കാരണം ആധുനിക ഭക്ഷണക്രമത്തിലെ മാറ്റങ്ങളാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലം കുടലിലെ ബാക്ടീരിയകൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പിത്തസഞ്ചി ക്യാൻസറിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. പിത്തസഞ്ചി ക്യാൻസർ താരതമ്യേന അപൂർവ്വമാണ്. എന്നിരുന്നാലും ഓരോ വർഷവും 1000 ത്തിലധികം കേസുകൾ ആണ് യുകെയിൽ കണ്ടു പിടിക്കപ്പെടുന്നത്. ഇതിനർത്ഥം പ്രതിദിനം മൂന്ന് പേർക്ക് രോഗം ബാധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്.


രോഗബാധിതരുടെ എണ്ണം കൂടുകയും രോഗികളുടെ പ്രായം കുറയുകയും ചെയ്യുന്നതാണ് ഈ രോഗത്തിൻറെ കാര്യത്തിൽ പുതിയ മാറ്റം എന്ന് 40 വർഷത്തിലേറെ ഈ മേഖലയിൽ പരിചയമുള്ള ലോകപ്രശസ്ത ഓങ്കോളജിസ്റ്റായ പ്രൊഫസർ കരോൾ സിക്കോറ പറഞ്ഞു. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിന് കാരണമെന്ന് താൻ സംശയിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിൻ്റെ മുൻ മേധാവി പ്രൊഫസർ സിക്കോറ പറഞ്ഞു. മലിനീകരണം മദ്യത്തിൻറെ അമിതമായ ഉപയോഗം, ജങ്ക് ഫുഡ്, പിരിമുറുക്കം നിറഞ്ഞ ജീവിതം തുടങ്ങിയ ആധുനിക ജീവിത സാഹചര്യങ്ങൾ ക്യാൻസർ വർദ്ധനവിന് പ്രധാന കാരണമാകുന്നതായിട്ടാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ വിവിധ ബാൻഡിൽ ഉള്ള നേഴ്സുമാരുടെ പുതൂക്കിയ ശമ്പളത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 5.5 ശതമാനം ആണ് 2024 – 25 വർഷത്തിലെ ശമ്പള വർദ്ധനവായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഏത് ബാൻഡിൽ ഉൾപ്പെടുന്ന നേഴ്സുമാർക്കും അവർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 5.5 ശതമാനം വർദ്ധനവ് ആണ് ലഭിക്കുന്നത്.


ബാൻഡിന്റെ തന്നെ എത്ര നാളത്തെ പ്രവർത്തി പരിചയം ഉണ്ട് എന്നതും ശമ്പളത്തെ നിർണ്ണയിക്കുന്ന ഘടകമാണ്. പുതിയതായി യോഗ്യത നേടുന്ന ബാൻഡ് 5 വിഭാഗത്തിൽ പെടുന്ന നേഴ്സിന്റെ തുടക്ക ശമ്പളം 29, 989 പൗണ്ട് ആയിരിക്കും. അതേ ബാൻഡിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം കൂടി ഉണ്ടെങ്കിൽ ലഭിക്കുന്ന 32 , 324 പൗണ്ട് ആണ് . രണ്ട് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള ബാൻഡ് 6 നേഴ്സുമാർക്ക് 37, 339 പൗണ്ട് ആണ് പുതിയതായി ലഭിക്കുന്ന ശമ്പളം. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ കൃത്യമായ ശമ്പളം എൻഎച്ച്എസ് പേ കാൽക്കുലേറ്റർ ഉപയോഗിച്ച് അറിയാൻ സാധിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എൻഎച്ച്എസ് പേ കാൽക്കുലേറ്റ് ചെയ്യാം .

https://www.nurses.co.uk/careers-hub/nhs-pay-calculator/

നിരാശജനകമായ ശമ്പള വർദ്ധനവാണ് എൻഎച്ച്എസ് നടപ്പിലാക്കിയത് എന്ന അഭിപ്രായമാണ് മലയാളി നേഴ്സുമാരുടെ ഇടയിലുള്ളത്. അതുകൊണ്ടു തന്നെയാണ് മെച്ചപ്പെട്ട ആനുകൂല്യവും ശമ്പളവും നേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളി നേഴ്സുമാരുടെ എണ്ണം വർദ്ധിച്ചു വരുന്നത് . സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ തൊഴിലാളി യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് അംഗങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയിരുന്നു.145,000 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളും 5.5 ശതമാനം ശമ്പള വർദ്ധനവിനെതിരെ വോട്ടു ചെയ്തതായി നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നേഴ്സുമാർക്ക് നിലവിൽ ലഭിച്ചിരിക്കുന്ന ശമ്പള വർദ്ധനവ് മികച്ചതാണെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മലയാളി നേഴ്സുമാരോട് കാണിക്കുന്ന വഞ്ചനയാണെന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ പ്രതിരോധ ചിലവുകൾ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയർത്താൻ പദ്ധതി തയ്യാറാക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദീർഘകാലമായി രാജ്യത്തിൻറെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതിൻറെ പശ്ചാത്തലത്തിൽ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരുധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.


റഷ്യയും ഉക്രയ്നും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. യുകെയുടെയും യുഎസിന്‍റെയും മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം ഉക്രയിന് ഇരു രാജ്യങ്ങളും നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് നേരിടുന്ന ഭീഷണിയുടെ വെളിച്ചത്തിൽ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമയ പരുധി നൽകിയത്.


നിലവിൽ രാജ്യത്തിൻറെ 2.3 ശതമാനമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. എങ്കിലും 2.5 ശതമാനം എന്നത് എപ്പോൾ കൈവരിക്കാനാകുമെന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഉക്രയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ആയിര കണക്കിന് ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിനെ കുറിച്ചും പ്രധാനമന്ത്രിയും നാറ്റോ സെക്രട്ടറിയുമായുള്ള സംഭാഷണങ്ങളിൽ ചർച്ചയായി. എന്നാൽ 2.5 ശതമാനം എന്നത് അപര്യാപ്തമാണ് എന്ന വാദവും ഉയർന്നു വരുന്നുണ്ട്. യുകെ കുറഞ്ഞത് 3 ശതമാനമെങ്കിലും ആയി പ്രതിരോധ ചെലവുകൾ ഉയർത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ. 2002-ൽ ഉണ്ടായ തൻ്റെ നവജാത ശിശുവിൻെറ മരണം എടുത്തു കാട്ടിയ അദ്ദേഹം നല്ല ജീവിതാവസാന പരിചരണം ഓരോരുത്തരും അർഹിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി. താനും ഭാര്യയും തൻറെ മകളുടെ കൂടെ ചിലവഴിച്ച അവസാന നാളുകൾ തൻെറ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിന് പകരം എൻഎച്ച്എസിൻെറ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റഡ് ഡൈയിംഗ് നിയമപരമാക്കണോ എന്ന വിഷയത്തിൽ പാർലമെൻറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പല പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, YouGov നടത്തിയ വോട്ടെടുപ്പിൽ പൊതുജങ്ങളിൽ 73% പേരും നടപടിയോട് പിന്തുണ പ്രകടിപ്പിച്ചു.

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുപകരം പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മാരകരോഗങ്ങൾ ബാധിച്ചവരുടെ കഷ്ടപ്പാടുകൾ തടയാൻ ആണെങ്കിൽ അവർക്ക് നൽകുന്ന പരിചരണങ്ങൾ മെച്ചപ്പെടുത്താനാകണം സർക്കാരിന്റെ ശ്രദ്ധ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അസ്സിസ്റ്റഡ് ഡൈയിംഗിൻെറ ബിൽ സ്പോൺസർ ചെയ്യുന്ന എംപി കിം ലീഡ്‌ബീറ്റർ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കമ്മീഷനിനായുള്ള ഗോർഡൻ ബ്രൗണിൻ്റെ ബിൽ സ്വാഗതം ചെയ്‌തു. എന്നാൽ, ഏറ്റവും മികച്ച ജീവിതാവസാന പരിചരണം എല്ലാവർക്കും നല്ല രീതിയിൽ ആയിരിക്കില്ല പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved