Main News

ലണ്ടന്‍∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് അറസ്റ്റ് ചെയ്തത്. മല്യയെ മെട്രോപ്പൊലീറ്റന്‍ കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിലേക്കു നാടുകടത്തണോ എന്ന കാര്യത്തില്‍ കോടതിയാവും തീരുമാനമെടുക്കുക. ഇന്നു പുലര്‍ച്ചെയാണ് ബ്രിട്ടീഷ് പൊലീസ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണു വിജയ് മല്യ രാജ്യം വിട്ടത്.

യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് ചെയർമാൻ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. മല്യയെ ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിരുന്നു. മല്യയെ മടക്കികൊണ്ടുവരാനായി ഇന്ത്യ-യുകെ സംയുക്ത നിയമസഹായ കരാര്‍ (എംഎല്‍എടി) പ്രാവര്‍ത്തികമാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം അംഗീകരിച്ച മുംബൈ പ്രത്യേക കോടതി വിധിയും ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നു.

സ്വത്തു കൈമാറ്റം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തരുതെന്ന ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവു ലംഘിച്ചതിന് വിജയ് മല്യയ്ക്കെതിരെ കർണാടക ഹൈക്കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജൂൺ ഒന്നിനകം മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ലണ്ടനിലെ മേൽവിലാസത്തിലേക്കാണു വാറന്റ് അയച്ചിരുന്നത്. ജസ്റ്റിസുമാരായ ബി.എസ്.പാട്ടീലും ബി.വി.നാഗരത്നയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനുവരി 27ന് ഇതേ കോടതി മല്യയുടെ ബെംഗളൂരു വിലാസത്തിലേക്ക് അയച്ച അറസ്റ്റ് വാറന്റ് കൈപ്പറ്റാത്ത പശ്ചാത്തലത്തിലാണു പുതിയ വാറന്റ്.

വിജയ് മല്യയ്ക്കും മകൻ സിദ്ധാർഥ് മല്യയ്ക്കും യുണൈറ്റഡ് ബ്ര്യൂവറീസിലുള്ള ഓഹരികൾ ബ്രിട്ടിഷ് മദ്യക്കമ്പനിയായ ഡിയാജിയോയ്ക്കു കൈമാറില്ലെന്നു ട്രൈബ്യൂണലിനു 2013ൽ ഉറപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നൽകിയ കോടതിയലക്ഷ്യ കേസിലാണു ഹൈക്കോടതി നടപടി. കേസ് കഴിഞ്ഞ മൂന്നിനു പരിഗണിച്ചപ്പോൾ, മല്യ ലണ്ടനിലായതിനാൽ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നു ബെംഗളൂരു പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണു ലണ്ടനിലെ വിലാസത്തിലേക്കു വീണ്ടും വാറന്റ് അയച്ചത്.

ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 9000 കോടി രൂപ വായ്പക്കുടിശിക വരുത്തിയ കേസിൽ, കോടതി മുൻപാകെ നേരിട്ടു ഹാജരാകണമെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജയ് മല്യ നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ ഡിസംബർ രണ്ടിനു തള്ളിയിരുന്നു.

 

കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്. ആഗോള അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തില്‍ മികവില്ലെന്നും കാട്ടിയാണ് എച്ച്‌. ആര്‍. വിഭാഗം ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ജോലി രാജി വയ്ക്കുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്ബളം നല്‍കും.

സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് തസ്തികകളിലുള്ളവരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോര്‍ത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകള്‍ നല്‍കാതെയാണ് ഇവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടം ഒഴിവാക്കല്‍ അരംഭിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം നൂറോളം പേര്‍ക്കാണ് കൊച്ചിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. നിര്‍ബന്ധിത രാജി ആയതിനാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനും സാധിക്കില്ല. ജീവനക്കാരെ എച്ച്‌.ആര്‍ റൂമിലേക്ക് വിളിപ്പിച്ച്‌ നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്നും ഇന്ന് തന്നെ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് രീതി. അന്ന് തന്നെ കമ്പനിയുടെ ഇമെയില്‍ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കുന്നതിനാല്‍ രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതാകും.

വലിയ പ്രോജക്ടുകള്‍ നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് സി.ടി.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെയാണ് എച്ച്‌.ആര്‍. വിഭാഗം രാജിവയ്പ്പിക്കുന്നത്. എന്നാല്‍, ഇതിനൊന്നും യാതൊരുവിധ രേഖകളുമില്ല. രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ജീവനക്കാര്‍ ദിവസവും ഓഫീസിലെത്തുന്നത്.

ലണ്ടന്‍: സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ നല്‍കരുതെന്ന് അദ്ധ്യാപകരുടെ സംഘടന. കുട്ടികളുടെ ദേശീയത, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കരുതെന്നാണ് നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്സ് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയാണ് സംഘടന പങ്കുവെക്കുന്നത്. നാഷണണല്‍ പ്യൂപ്പിള്‍സ് ഡേറ്റബേസില്‍ കുട്ടികളേക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ ചേര്‍ക്കാനുള്ള എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കത്തെ സംഘടന അപലപിച്ചു.

ഹോം ഓഫീസിനു പോലീസിനും ഈ വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയുണ്ടെന്നും വംശീയതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ വരുത്തുമ്പോള്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും വാര്‍ഷിക കോണ്‍ഫറന്‍സിലെ സംഘടനയുടെ പ്രമേയം ആശങ്ക അറിയിക്കുന്നു. റെയ്ഡുകളും നാടുകടത്തലുകള്‍ വരെയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായേക്കാമെന്നതാണ് സംഘടന ഉയര്‍ത്തുന്ന പ്രധാന ആശങ്ക.

ടേംലി സ്‌കൂള്‍ സെന്‍സസിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ മുതലാണ് സ്റ്റേറ്റ് സ്‌കൂകളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഇത് നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിയമാപരമായി വിവരങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരുമല്ല. പോലീസിന്റെയും ഹോം ഓഫീസിന്റെയും ആവശ്യപ്രകാരം ഇത്തരം വിവരങ്ങള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിത്തുടങ്ങിയതോടെയാണ് ഇത് വിവാദമായി മാറിയത്.

ഇന്ത്യാന: ഇന്ത്യാനപോളിസ് വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മര്‍ദ്ദനം. ഷമാനിക് ഹോവാര്‍ഡ് എന്ന യുവതിയാണ് ജീവനക്കാരിയുടെ മുഖത്തടിച്ചത്. ടിക്കറ്റ് കൗണ്ടറിലായിരുന്നു സംഭവം. ദൈവം പറഞ്ഞിട്ടാണ് താന്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതെന്ന് ഷമാനിക പറഞ്ഞതായി ഇന്ത്യാനപോളിസ് എയര്‍പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.

ടിക്കറ്റ് എടുക്കാന്‍ എത്തിയ ഹോവാര്‍ഡിനോട് കൗണ്ടര്‍ അടച്ചതായി ജീവനക്കാരി അറിയിച്ചു. പിന്നാലെ ഇവര്‍ ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ചെവിക്കു പിന്നില്‍ തലയിലാണ് മര്‍ദ്ദനമേറ്റതെന്ന് ജീവനക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഹോവാര്‍ഡ് പിന്നീട് അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഡല്‍റ്റ് പ്രോസസിംഗ് സെന്ററിലേക്ക് പിന്നീട് ഇവരെ മാറ്റിയെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനക്കമ്പനികള്‍ യാത്രക്കാരെ കാരണമില്ലാതെ ഇറക്കി വിടുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടൊണ് വിമാന ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിക്കുന്ന വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിന് അടിച്ചത്.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിനായി പോലീസ് സംഘങ്ങളെ നിയോഗിക്കുന്നു. മൂന്ന് ഒആഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് ആശുപത്രികളില്‍ നിയോഗിക്കപ്പെടുന്നത്. ലണ്ടനിലെ നാല് പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ ഈ സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. അതിക്രമങ്ങളും ഭീഷണികളും ഉണ്ടായാല്‍ ഇനി ജീവനക്കാര്‍ ഇടപെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. നഴ്‌സുമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കുക, ഡിസ്ചാര്‍ജ് ചെയ്താലും പോകാന്‍ വിസമ്മതിക്കുന്ന രോഗികളെ മാറ്റുക നെയ്ബര്‍ഹുഡ് പോലീസിംഗിന്റെ ഭാഗമായി കമ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുക എന്നിവയും ഈ സ്‌ക്വാഡുകളുടെ ചുമതലയായിരിക്കും.

കഴിഞ്ഞ മാസം രൂപീകരിച്ച സ്‌ക്വാഡുകള്‍ ലണ്ടനിലെ റോയല്‍ ഫ്രീ, വിറ്റിംഗ്ടണ്‍, യുസിഎല്‍, ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ആശുപത്രികളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ് ഈ സ്‌ക്വാഡുകളുടെ പ്രധാന ജോലി. കാലങ്ങളായി ഇത്തരം അതിക്രമങ്ങള്‍ ജീവനക്കാര്‍ സഹിച്ചു വരികയായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്ന് സെര്‍ജന്റ് പോള്‍ ടെയ്‌ലര്‍ പറഞ്ഞു. സിറ്റി ആശുപത്രികളില്‍ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് പോലീസ് സംഘങ്ങളെ ആശുപത്രികളില്‍ നിയോഗിക്കുന്നത്.

ബോഡി ക്യാമറകളുമായി ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയിലാണ് ക്യാമറകളുമായി സെക്യൂരിറ്റി ജീവനക്കാരെ ആദ്യമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനിടെ 220 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ആശുപത്രി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ 24 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മലയാളം യുകെ ന്യൂസ് ടീം

കഠിന പരിശ്രമം അത്യാവശ്യം.. അവസരങ്ങൾ തേടി പോകണം.. സ്വയം വിചിന്തനം നടത്തണം.. അറിവു വർദ്ധിപ്പിക്കാൻ നിരന്തരം ശ്രമിക്കണം. ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് പലർക്കും തടസമായി.. ക്രിയാത്മകവും വിമർശനപരവുമായ വീക്ഷണത്തോടെ വിലയിരുത്തലുകൾ നടത്തി ലേഖന മത്സരത്തിൽ പങ്കെടുത്തത് നിരവധി പേർ.  യുകെയിലെ മലയാളി നഴ്സിംഗ് പ്രഫഷണലുകൾക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ  പ്രഖ്യാപിച്ചു. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ചാണ് മത്സരം ഒരുക്കിയത്. പ്രഫഷണൽ സമീപനത്തോടെ അവാർഡ് നൈറ്റിന് സമയബന്ധിതമായി ഒരുക്കങ്ങൾ നടത്തി വരികയാണ് ലെസ്റ്റർ കേരളാ കമ്യൂണിറ്റിയും മലയാളം യുകെ ന്യൂസ് ടീമും. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ് അവാർഡ് നൈറ്റിന് ആതിഥേയത്വം ഒരുക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ചാണ് ലേഖന മത്സരം നടത്തിയത്.

മത്സരത്തിൽ ഒന്നാമതെത്തിയ ഷെറിൻ ജോസ് ലിങ്കൺ ഷയറിലെ ഗെയിൻസ് ബറോയിൽ താമസിക്കുന്നു . ജോൺ കൂപ് ലാൻഡ് NHS ഹോസ്പിറ്റൽ ഗെയിൻസ് ബറോയിൽ ജോലി ചെയ്യുകയാണ് ഷെറിൻ. ഭർത്താവ് ജെറിൻ തോമസും ഗെയിൻസ്ബറോയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരും പാലാ സ്വദേശികൾ. രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ഇയർ 2 വിൽ പഠിക്കുന്ന അലിസ്റ്ററും നഴ്സറിയിൽ പോകുന്ന ഓസ്റ്റിനും. ഗെയിൻസ് ബറോ കേരള കമ്യൂണിറ്റിയിലെ സജീവ പ്രവർത്തകരാണ് ഷെറിനും കുടുംബവും. 2007 ൽ ആണ് ഷെറിനും കുടുംബവും യുകെയിൽ എത്തിയത്. തൻെറ ജീവിതത്തിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാനുള്ള അവസരമാണ് മലയാളം യുകെ ലേഖന മത്സരത്തിലൂടെ ഒരുക്കിയതെന്ന് ഷെറിൻ പറഞ്ഞു. ആരായിരുന്നു താനെന്നും ജീവിതത്തിൽ എന്താകണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ മത്സരം വഴിയൊരുക്കി. ഇതുപോലെയുള്ള അവസരങ്ങൾ നല്കുന്ന മലയാളം യുകെയുടെ ശ്രമങ്ങൾ  അഭിനന്ദനീയമെന്ന് പറയുന്ന ഷെറിൻ,  മലയാളം യുകെ നടത്തുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു.

മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിനാണ്. മലയാളം യുകെ നടത്തിയ ലേഖന മത്സരം, നഴ്സിംഗ് രംഗത്ത് മലയാളികൾ മെച്ചപ്പെടേണ്ടതുണ്ട് എന്ന വസ്തുതയെക്കുറിച്ച് ഉറക്കെ ചിന്തിക്കാനുള്ള ഒരു അവസരമാണ് എന്നു ബീന പറഞ്ഞു. നൂതന ആശയങ്ങളുമായി മുന്നോട്ടു പോകുന്ന മലയാളം യുകെയുടെ സംരംഭങ്ങൾക്ക് ബീനാ ബിബിൻ ആശംസകൾ അറിയിക്കുകയും മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയതിന് ന്യൂസ് ടീമിന് നന്ദിയും അറിയിച്ചു. റോയൽ പ്രസ്റ്റൺ NHS ഹോസ്പിറ്റലിൽ ആണ് ബീനാ ബിബിൻ ജോലി ചെയ്യുന്നത്. ഭർത്താവ് ബിബിൻ അഗസ്റ്റിനും നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നു. 2007 ൽ യുകെയിലെത്തിയ ബീനായും ബിബിനും പാലാ സ്വദേശികളാണ്. ബീനയ്ക്കും ബിബിനും ഒരു മകനുണ്ട്. നഴ്സറി സ്കൂളിൽ പഠിക്കുന്ന ജോഷ്വാ ബിബിൻ.

ലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ബിർമ്മിങ്ങാമിലെ സ്റ്റെക് ഫോർഡിൽ നിന്നുള്ള ബിജു ജോസഫ് ഹാർട്ട്ലാൻഡ്സ് NHS ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നു. ഭാര്യ റീനാ ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. ഇയർ 7ൽ പഠിക്കുന്ന ആൽഫിയും ഇയർ 4 ൽ പഠിക്കുന്ന അമേലിയയും. ബിജു ജോസഫ് പാലാ മരങ്ങാട്ടുപള്ളി സ്വദേശിയാണ്.  സാമൂഹിക സാംസ്കാരിക ആത്മീയ രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങളുമായി എന്നും മുന്നിലുണ്ട് ബിജു. ബർമ്മിങ്ങാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റുകൂടിയാണ് ബിജു. യുക്മ വെസ്റ്റ് മിഡ്ലാൻസ് റീജിയണിൻെറ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റെക് ഫോർഡിലെ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയിലെ സെന്റ് തെരേസാ യൂണിറ്റിൻെറ സെക്രട്ടറി നിലവിൽ ബിജു ജോസഫ് ആണ്. 2004 മുതൽ യുകെയിൽ ജോലി ചെയ്തു വരുന്നു. മലയാളം യുകെ ഒരുക്കുന്ന ഇത്തരം അവസരങ്ങൾ മലയാളി സമൂഹത്തിൻെറ നാളെകളിലെ വളർച്ചയ്ക്കുള്ള  അടിസ്ഥാന ശിലകളാണെന്ന് ബിജു ജോസഫ് പറയുന്നു. മലയാളം യുകെയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ബിജു ജോസഫ് അഭിപ്രായപ്പെട്ടു.

ലേഖന മത്സരത്തിലെ വിജയികൾക്ക് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച്  ട്രോഫികൾ സമ്മാനിക്കും. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.30  മുതൽ ഒൻപതു മണി വരെ 15, റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ചീഫ് ഗസ്റ്റായും ജോയിസ് ജോർജ് എം.പി സ്പെഷ്യൽ ഗസ്റ്റായും പങ്കെടുക്കും. മാഗ്നാവിഷനും ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്. മിസ് മലയാളം യുകെ മത്സരവും ഇതോടനുബന്ധിച്ച് നടക്കും. മലയാളം യുകെയുടെയും ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെയും സംയുക്ത യോഗം ഏപ്രിൽ 9ന് ചേർന്ന് ഇവൻറിൻെറ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ഡൽഹി കേരള ഹൗസിൽ വി.എസ്. അച്യുതാനന്ദന് അവഗണന. പത്തു ദിവസം മുമ്പ് അറിയിച്ചിട്ടും ആവശ്യപ്പെട്ട 204 നമ്പർ മുറി നൽകാൻ കേരളാ ഹൗസ് അധികൃതർ തയ്യാറായില്ല. മുഖ്യമന്ത്രി ആയിരുന്ന കാലം മുതലേ ഡൽഹിയിലെത്തുമ്പോൾ വി.എസ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു ഇത്. 104 നമ്പർ മുറിയാണ് അനുവദിച്ചത്. അവഗണനയിൽ അദ്ദേഹം ശക്തമായ അതൃപ്തി രേഖപ്പെടുത്തി. പിന്നീടാണ് മുറി മാറ്റി നൽകാൻ അധികൃതർ തീരുമാനിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് 204 നമ്പർ മുറി അനുവദിച്ചതാണ് ആശയക്കുഴപ്പമുണ്ടാകാൻ കാരണമെന്നാണ്  കേരള ഹൗസ് അധികൃതരുടെ പ്രതികരണം. മന്ത്രി മുറി ഒഴിഞ്ഞതിനെ തുടർന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് വി എസിന് മുറി അനുവദിച്ചത്

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു ജയം. 171038 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ്നിലയിൽ ആധിപത്യം സ്ഥാപിച്ചാണ് ജയിച്ചത്. വോട്ട് കൂടിയെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷമില്ല.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറി. അഞ്ചു ലക്ഷത്തിലധികം വോട്ട് നേടിയ അദ്ദേഹത്തിന്റെ ലീഡ് 1.70 ലക്ഷം കടന്നു. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് മൂന്നുലക്ഷവും കടന്നു.

സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. ലീഡ്.

ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഒാരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. 73 ശതമാനം വോട്ട് എണ്ണിയപ്പോൾ യുഡിഎഫിന് 56 ശതമാനം വോട്ട് നേടാൻ സാധിച്ചു. എൽഡിഎഫ് 36 ശതമാനം, ബിജെപി ഏഴ് ശതമാനം എന്നിങ്ങനെയാണ് വോട്ട് നേടിയത്. യുഡിഎഫും എൽഡിഎം നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപിക്കാണ് തിരിച്ചടി.

വര്‍ഗീയധ്രുവീകരണമല്ല രാഷ്ട്രീയവോട്ടുകളെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പ്രതീക്ഷിച്ച വിജയമാണിത്.. മതേതരശക്തികളുടെ വിജയമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. അമിതആഹ്ലാദപ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു

ഇസ്താംബുള്‍: തുര്‍ക്കി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നു. ഇതു സംബന്ധിച്ച് നടന്ന ഹിതപരിശോധനയില്‍ ജനസംഖ്യയില്‍ പകുയിലേറെപ്പേര്‍ പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. 98.2 ശതമാനം വോട്ടുകള്‍ എണ്ണ്ിക്കഴിഞ്ഞപ്പോള്‍ 51.3 ശതമാനം പേര്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയില്‍ ഇനി എര്‍ദോഗാനായിരിക്കും ഭരണാധികാരി.

രാജ്യത്തെ 1,67,140 പോളിംഗ് സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്ററ്ി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തിലേക്ക് സമ്പൂര്‍ണ്ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ എര്‍ദോഗാന്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായാണ് ഹിതപരിശോധന നടത്തിയത്. ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ എര്‍ദോഗാന് 2029 വരെ രാജ്യത്തിന്റെ പ്രസിഡന്റായി തുടരാം.

ജുഡീഷ്യറിയിലും ക്യാബിനറ്റിലും പ്രസിഡന്റിന് സമ്പൂര്‍ണ്ണാധിപത്യം നല്‍കുന്ന ഭേദഗതിയാണ് നടപ്പിലാകുന്നത്. ഇതോടെ ജഡ്ജിമാരെയും മന്ത്രിമാരെയും പ്രസിഡന്റ് നേരിട്ട് നിയമിക്കും. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറികള്‍ക്കുമുളള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും വ്യക്തമാക്കി. അതേസമയം വീണ്ടും വോട്ടെണ്ണണമെന്നും വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പ്രധാന നഗരങ്ങളില്‍ എര്‍ദോഗന് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. കൂര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളിലും തീരമേഖലകളും എര്‍ദോഗനെ കൈവിട്ടതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തിരുവനന്തപുരം: ചൈനീസ് കമ്പനിയെ വഴിവിട്ടു സഹായിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ ടെന്‍ഡറില്‍ തിരിമറി. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള പൊതു മാനദണ്ഡം നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സൊസൈറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് കിയാലിന്റെ (കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ടെന്‍ഡര്‍ നടപടികള്‍.

യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റംസ് എന്ന ഉപകരണ ശൃംഖലയ്ക്കായി നവംബര്‍ 21ന് ആണു കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ബിസിഎഎസിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ഉപകരണങ്ങള്‍ തന്നെ വേണമെന്നു ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, പെട്ടെന്ന് ഈ ടെന്‍ഡര്‍ റദ്ദാക്കുകയും മാര്‍ച്ച് മൂന്നിനു കിയാല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ഇതിലാണ് 20 കോടിയിലേറെ വിലവരുന്ന ബാഗേജ് സ്‌കാനറിനു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത്. ചൈനീസ് കമ്പനി ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണു പുതിയ ടെന്‍ഡര്‍.

ബിസിഎഎസ് മാനദണ്ഡമനുസരിച്ച് 80 സെന്റീമീറ്റര്‍ വരെ ഉയരമുള്ള ബാഗേജുകള്‍ കടത്തിവിടാന്‍ കഴിയുന്നതാകണം എക്‌സ്‌റേ സ്‌കാനര്‍ എന്നായിരുന്നു ആദ്യ ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ ടെന്‍ഡറില്‍ സ്‌കാനറിന്റെ ഉയരം 60 സെന്റിമീറ്ററാക്കി ചുരുക്കി.

കഴിഞ്ഞ മാസം തുറന്ന കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ അടക്കം രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ബിസിഎഎസ് മാനദണ്ഡമനുസരിച്ചാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഏവിയേഷന്‍ മേഖലയിലെ മൂന്നു സര്‍ട്ടിഫൈഡ് ഏജന്‍സികളുടെയെങ്കിലും അംഗീകാരം നേടിയ കമ്പനികള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന ആദ്യ തീരുമാനം മാറ്റി പകരം ഒരു ഏജന്‍സിയുടെ അംഗീകാരം മതിയെന്നാക്കി.

സ്‌കാന്‍ ചെയ്യുന്ന ദൃശ്യങ്ങളുടെ തെളിമയും കുറച്ചു മതി എന്ന മാറ്റവും കൊണ്ടുവന്നു. രാജ്യാന്തര തലത്തില്‍ റേറ്റിങ്ങില്‍ പിന്നിലുള്ള കമ്പനിക്കു വളഞ്ഞവഴിയിലൂടെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമം. നിലവാരമില്ലായ്മ കാരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ്, തയ്‌വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തുന്ന കമ്പനിയുമാണിത്. രണ്ടാമത് ഇളവുകളോടെ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാന്‍ ആകെ 10 ദിവസം മാത്രമാണു കിയാല്‍ അനുവദിച്ചത്.

മറ്റു പ്രമുഖ കമ്പനികള്‍ പുതുക്കിയ ടെന്‍ഡര്‍ പ്രകാരം അപേക്ഷിക്കാന്‍ കൂടുതല്‍ സമയം തേടിയപ്പോള്‍ ചൈനീസ് കമ്പനിക്ക് അതിവേഗം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കഴി!ഞ്ഞത് ഒത്തുകളിയിലേക്കും അഴിമതിയിലേക്കും ആണു വിരല്‍ ചൂണ്ടുന്നത്. മറ്റു കമ്പനികളെക്കാള്‍ 50% വരെ വില കുറച്ചാണ് ഈ ചൈനീസ് കമ്പനി വിമാനത്താവളങ്ങള്‍ക്കു സുരക്ഷാ ഉപകരണങ്ങളും മറ്റും വില്‍ക്കുന്നത്.

അടുത്തിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്കായി 400 എക്‌സ്‌റേ മെഷീനുകള്‍ വാങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ഷണിച്ച ടെന്‍ഡറിലെ എസ്റ്റിമേറ്റ് തുക 250 കോടി രൂപയായിരുന്നു. എന്നാല്‍, വെറും 100 കോടി രൂപയ്ക്കാണു ചൈനീസ് കമ്പനി ടെന്‍ഡര്‍ നേടി മെഷീന്‍ വിതരണം ചെയ്തത്.

പ്രമുഖ കമ്പനികള്‍ക്ക് ഇത്രയും മെഷീനുകള്‍ നിര്‍മിക്കാനുള്ള ചെലവു പോലും 100 കോടി കവിയും. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ രാജ്യാന്തര യാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിക്കുമെന്നു മാത്രമല്ല, സുരക്ഷാഭീഷണിയുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved