Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്താർബുദ ചികിത്സയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം നേടി. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത് . രക്താണുക്കളുടെ ഡിഎൻഎ കൃത്യമായി മാറ്റി ക്യാൻസറിനെ ചെറുക്കുന്ന രീതിയിലാണ് പുതിയ ‘ബേസ് എഡിറ്റിംഗ്’ ചികിത്സ. ലെസ്റ്ററിലെ 16കാരിയായ അലിസ്സ ടാപ്ലിക്കിനാണ് ഈ ചികിത്സ ആദ്യം ലഭിച്ചത് . ജീവിക്കാനുള്ള പ്രതീക്ഷ തന്നെ കുറഞ്ഞിരുന്ന അവൾ ഇന്ന് പൂർണമായും രോഗമുക്തയാണ്.

വളരെ സൂക്ഷ്മമായ ജീൻ മാറ്റങ്ങളാണ് ചികിത്സയുടെ അടിസ്ഥാനം . ദാതാവിൽ നിന്ന് ലഭിച്ച ആരോഗ്യമുള്ള ടി-സെല്ലുകൾ നാല് ഘട്ടങ്ങളിൽ മാറ്റത്തിന് വിധേയമാക്കും . തിരുത്തിയ സെല്ലുകൾ ക്യാൻസർ സെല്ലുകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ചികിത്സക്കിടെ രോഗിയുടെ മുഴുവൻ ഇമ്മ്യൂൺ സംവിധാനം താൽക്കാലികമായി ഇല്ലാതാകുമെങ്കിലും ഫലം കിട്ടുമ്പോൾ അതിശയകരമാണെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ പറയുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത 11പേരിൽ 9പേർക്കും നല്ല പുരോഗതി ഉണ്ടായി. ഇവരിൽ 7പേർ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ രോഗലക്ഷണങ്ങളില്ലാതെ ജീവിക്കുന്നു. ഗവേഷകർ നേടിയ ഈ മുന്നേറ്റം രക്താർബുദ ചികിത്സയിൽ ഒരു പുതിയ വഴിതുറക്കുകയാണ്. ഈ ഫലം ഭാവിയിൽ കൂടുതൽ രോഗികൾക്ക് പ്രതീക്ഷ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ചികിത്സ കൂടുതൽ വ്യാപകമായി ലഭ്യമാക്കാൻ പുതിയ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഗവേഷണത്തെ നയിച്ച യൂസിഎൽ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെൽ ആൻഡ് ജീൻ തെറാപ്പി പ്രൊഫസറും ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇമ്മ്യൂണോളജിസ്റ്റുമായ പ്രൊഫ. വസീം കാസിം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ടീസ്, എസ്ക ആൻഡ് വെയർ വാലീസ് എൻ എച്ച് എസ് ഫൗണ്ടേഷൻെറ നടത്തിപ്പിൽ വന്ന പിഴവുകൾ അന്വേഷിക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രീറ്റിംഗ് അറിയിച്ചു. ഡാർലിംഗ്ടണിൽ നടന്ന യോഗത്തിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ മരിച്ച രോഗികളുടെ കുടുംബങ്ങളോടാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ ആത്മഹത്യ ചെയ്ത രോഗികളുടെ അസ്വാഭാവികമായ ഉയർന്ന നിരക്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ട്രസ്റ്റിന്റെ പരിചരണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 2019-ൽ മിഡിൽസ്‌ബ്രോയിലെ വെസ്റ്റ് ലെയിൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 17 വയസുകാരിയായ നദിയ ഷരീഫും ക്രിസ്റ്റി ഹാർനെറ്റും, 2020 ഫെബ്രുവരിയിൽ കൗണ്ടി ഡർഹാമിലെ ലാങ്കസ്റ്റർ റോഡ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന് ഒരു ആഴ്ചയ്ക്കകം മരണമടഞ്ഞ 18 കാരിയായ എമിലി മൂറും ഉൾപ്പെടുന്നു. “മാനസികാരോഗ്യപരിചരണം ലഭിക്കുന്ന എല്ലാവരും സുരക്ഷിതവും ഗൗരവമുള്ളതുമായ, മാന്യതയോടെയും ബഹുമാനത്തോടെയും കാണപ്പെടണം,” എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ഗൗരവപൂർവം തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് ട്രസ്റ്റിനെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും, ആവശ്യമായ ഗൗരവത്തോടെയല്ല അവ നടന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2024 ഏപ്രിലിൽ ട്രസ്റ്റിനെതിരെ രണ്ട് രോഗികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരിചരണ പിഴവുകൾക്കായി £215,000 പിഴയിട്ടിരുന്നു. സ്വന്തമായി പരിക്കേൽപ്പിക്കുന്ന രോഗികളെ സുരക്ഷിതമായി നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ ട്രസ്റ്റ് പരാജയപ്പെട്ടുവെന്ന് പരിചരണ ഗുണനിലവാര കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ പിഴ ചുമത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർച്ച്‌ബിഷപ്പ് ഓഫ് കാന്തർബറിയായി ചുമതലയേൽക്കാനിരിക്കുന്ന ഡെയിം സാറ മുള്ളാലിക്കെതിരെ വന്ന പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട്. ലണ്ടൻ ബിഷപ്പായിരിക്കെ ഒരു പുരോഹിതനെതിരായ പീഡനപരാതി കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നാണ് ആരോപണം. 2020-ൽ ലാംബത്ത് പാലസിൽ സമർപ്പിച്ച പരാതിയാണ് ഇപ്പോൾ വീണ്ടും പരിഗണനയ്‌ക്ക് വന്നിരിക്കുന്നത്. അന്ന് “അഡ്മിനിസ്ട്രേറ്റീവ് പിഴവുകൾ” കാരണം നടപടി തുടരാനായിട്ടില്ലെന്നും പരാതിക്കാരന്റെ നിലപാട് തെറ്റിദ്ധരിച്ചതായിരുന്നെന്നും ചർച്ച് അധികൃതർ വ്യക്തമാക്കി.

 

ബിഷപ്പ് കേസ് കൈകാര്യം ചെയ്ത രീതി തന്റെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിച്ചതായി പരാതിക്കാരി പറഞ്ഞു. പ്രീമിയർ ക്രിസ്ത്യൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യ പരാതി നൽകിയപ്പോൾ ബിഷപ്പ് സാറ പുരോഹിതനുമായി നേരിട്ട് ബന്ധപ്പെടുകയുണ്ടായി. ജസ്റ്റിൻ വെൽബി രാജിവെച്ചതിനെ തുടർന്ന്, ഈ വർഷം ഒക്ടോബറിൽ ഡെയിം സാറയെ ആദ്യ വനിതാ കാന്തർബറി ആർച്ച്‌ബിഷപ്പായി തെരഞ്ഞെടുത്തിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയിരുന്ന ജോൺ സ്മൈത്തിൽ ബന്ധപ്പെട്ട കേസിൽ ഇതിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും റിപ്പോർട്ട് ചെയ്യാഞ്ഞതിനെ തുടർന്ന് വെൽബിക്കെതിരെ കനത്ത വിമർശനമുയർന്നിരുന്നു. ഒരു വർഷത്തിലേറെയായി സ്ഥാനത്തില്ലാത്ത ആർച്ച്‌ബിഷപ്പിന്റെ ചുമതല ഇടക്കാലമായി യോർക്ക് ആർച്ച്‌ബിഷപ്പ് സ്റ്റീഫൻ കോട്ട്രെല്ലാണ് വഹിച്ചുവരുന്നത്.

എന്തിരുന്നാലും സംഭവത്തിൻെറ ഗൗരവം തിരിച്ചറിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇപ്പോൾ ഔദ്യോഗിക പരിശോധന ആരംഭിച്ചിരിക്കുകയാണ്. പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ചർച്ച് നേരത്തെയും വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിൽ ഡെയിം സാറ മുള്ളാലിക്കെതിരെ പൊങ്ങി വന്നിരിക്കുന്ന പുതിയ പരാതി വെല്ലുവിളിയായി മാറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: , ട്രാൻസ് വനിതകൾക്ക് സ്ത്രീകളുടെ സ്വകാര്യ മുറികൾ ഉപയോഗിക്കാൻ അനുവാദം നൽകുന്നത് നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടനിലെ തൊഴിൽ ട്രിബ്യൂണൽ പുതിയ വിധി പ്രകാരം വ്യക്തമാക്കി. എന്നാൽ, പരാതി ഉണ്ടായാൽ മറ്റൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് ട്രിബ്യൂണൽ കൂട്ടിച്ചേർത്തു. ബ്രിട്ടൻ സുപ്രീം കോടതി നേരത്തെ ജൈവിക വനിതകളെ മാത്രമേ വനിതയായി കണക്കാക്കാൻ കഴിയുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണൽ വിധി അത് ട്രാൻസ് വനിതകൾക്ക് ആശ്വാസം പകരുന്നതാണ്.

സ്കോട്ട് ലൻഡിലെ ഒരു നേഴ്സ് സാൻഡി പെഗ്ഗി, തൻറെ ജോലി സ്ഥലത്ത് ട്രാൻസ് വനിത ഡോക്ടറുമായി സ്വകാര്യ മുറി പങ്കിടുന്നതിന് എതിർപ്പു പ്രകടിപ്പിച്ചത് തൊഴിൽ തർക്കത്തിന് വഴിവെച്ചിരുന്നു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻ‌എച്ച്‌എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻ‌എച്ച്‌എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ അഞ്ചുദിവസത്തെ സമരം അവസാന നിമിഷം ഒഴിവാക്കാൻ സർക്കാർ പുതുക്കിയ ശമ്പള പാക്കേജ് മുന്നോട്ട് വെച്ചു. സർക്കാർ ചർച്ചയ്‌ക്കൊരുക്കമായതോടെ ആരോഗ്യ മേഖലയിലെ വലിയ ആശങ്കകൾക്ക് താത്കാലികമായി വിരാമമിട്ടതായാണ് കരുതപ്പെടുന്നത്. ഡിസംബർ 19–23 വരെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് രോഗിസേവനത്തെ താറുമാറാക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ, സർക്കാർ മെച്ചപ്പെട്ട ഓഫർ നൽകിയതോടെയാണ് പ്രതീക്ഷ ഉയർന്നത്.

ദീർഘകാലമായി യഥാർത്ഥ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് സമരത്തിന്റെ അടിസ്ഥാനം എന്നു ജൂനിയർ ഡോക്ടർമാർ പറയുന്നു. തിരക്കേറിയ ഡ്യൂട്ടിയും അടിയന്തിര വിഭാഗത്തിലെ കഠിന ജോലിഭാരവും മതിയായ രീതിയിൽ ശമ്പള പരിഷ്കാരമില്ലാത്തതും ആണ് ജീവനക്കാരെ ശക്തമായ പ്രതിഷേധത്തിലേക്കു നയിച്ചത്. സമരം നടന്നാൽ ക്രിസ്മസ് ആഴ്ചയിലെ നിർണായക ചികിത്സാ സേവനങ്ങൾ പോലും തകരുമെന്നത് എൻഎച്ച്സിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

സർക്കാരിന്റെ പുതിയ നിർദേശം പരിശോധിക്കാനാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോൾ സമരം നിർത്തിവയ്ക്കുമോ എന്നത് ഉടനെ അറിയാൻ സാധിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പുതിയ ശമ്പള വഗ്ദാനത്തോട് നല്ല പ്രതികരണം ആണ് ലഭിച്ചിരിക്കുന്നതെന്ന് സർക്കാർ വിലയിരുത്തലോടു കൂടി, വലിയ പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷ ആരോഗ്യ രംഗത്ത് ഉയർന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻകാമുകിയുടെ സഹോദരിയെയും മൂന്ന് മക്കളെയും വീടിന് തീ ഇട്ട് കൊലപ്പെടുത്തിയ കേസിൽ ശരാസ് അലി (40)കുറ്റക്കാരനാണെന്ന് ഡോങ്കാസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. 2024 ആഗസ്റ്റ് 21-നാണ് ബ്രയോണി ഗാവിത് (29)യും കുട്ടികളായ ഡെനിസ്റ്റി (9), ഓസ്‌കർ (5), 22 മാസം പ്രായമുള്ള ഔബ്രി ബർട്ടിൽ എന്നിവരും തീപിടിത്തത്തിൽ മരിച്ചത്. മുൻ കാമുകിയായ ആന്റോണിയ ബന്ധം അവസാനിപ്പിച്ചതിൽ നിന്നുണ്ടായ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് കോടതിയിൽ തെളിഞ്ഞു.

ഫയർബോംബ് ആക്രമണം ആസൂത്രണം ചെയ്ത അലി തന്റെ കൂട്ടാളിയായ ക്യാലം സണ്ടർലാൻഡിനെ (26) വീട്ടിലെത്തി വാതിൽ തകർക്കാൻ നിർദ്ദേശിച്ചുവെന്ന് റിങ് ഡോർബെൽ ദൃശ്യങ്ങളിൽ തെളിഞ്ഞു. വീടിനുള്ളിൽ പെട്രോൾ ഒഴിച്ചു തീപിടിപ്പിക്കുന്നതിനിടയിൽ അലിയുടെ ശരീരത്തിലും 80 ശതമാനം ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ ഇയാൾ മാസങ്ങളോളം ചികിത്സയിൽ ആയിരുന്നു. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും “മറ്റുള്ളവർക്ക് ദാരുണ വേദന നൽകുക” എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ആന്റോണിയയെ കൊല്ലാൻ ശ്രമിച്ചതിന് അലിയെ കുറ്റക്കാരനായി കണ്ടെത്തി. തീപിടിത്തത്തിൻെറ സമയം ആന്റോണിയ അലിയുടെ കൈയിൽ നിന്ന് പെട്രോൾ കുപ്പിയും ലൈറ്ററും പിടിച്ചുമാറ്റാൻ ശ്രമിച്ചുവെന്നും, എന്നാൽ സഹോദരിയെയും കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അവൾ കോടതിയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഒഡിപിയായി ജോലി ചെയ്തിരുന്ന മലയാളി യുവാവിന് ഹൃദയസ്തംഭനത്തെ തുടർന്ന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. മൂന്നു വർഷമായി ആശുപത്രിയിൽ ജോലി ചെയ്‌ത്‌ വരികയായിരുന്ന അഖിൽ, ഡ്യൂട്ടി സമയത്ത് ടോയ്ലറ്റിലേക്കു പോകും വഴിയിലാണ് പെട്ടെന്ന് കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ഉടൻ തന്നെ അടിയന്തിര ഇടപെടലുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ആതിര ലീന വിജയ്, ആറു വയസ്സുള്ള മകൻ അഥവ് കൃഷ്ണ അഖിൽ എന്നിവരോടൊപ്പമാണ് അഖിൽ ഓക്‌സ്‌ഫോർഡിൽ താമസിച്ചിരുന്നത്. അഖിലിൻെറ അപ്രതീക്ഷിതമായ വേർപാടിൻെറ ദുഃഖത്തിലും ഞെട്ടലിലുമാണ് കുടുംബം ഇപ്പോൾ. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

അഖില്‍ മായ മണികണ്ഠൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിൻ, വിമാനം, ഫെറി സർവീസുകൾ റദ്ദാക്കി. സ്കോട്ട് ലൻഡിന്റെ ഉത്തര-പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവൻ അപകടത്തിലാക്കുന്ന തോതിൽ കാറ്റുവീശാമെന്ന അംബർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈൽ വേഗതയിലെ കാറ്റ് വീശിയപ്പോൾ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെ മുഴുവൻ 59 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവിൽ ഉള്ളത് .

സ്കോട്ട് ലൻഡിലെ പല ഫെറി സർവീസുകളും റദ്ദാക്കുകയും ട്രെയിൻ സർവീസുകൾ വേഗത നിയന്ത്രണവും നേരത്തെ അവസാനിപ്പിക്കലും കൊണ്ട് പ്രതിസന്ധിയിലാവുകയും ചെയ്തു. ചില സ്കൂളുകൾ സുരക്ഷയെ കരുതി അവധി പ്രഖ്യാപിച്ചു. വടക്കൻ അയർലണ്ടിലും വെയിൽസിലും ഇംഗ്ലണ്ടിന്റെ ചിലഭാഗങ്ങളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട് . അതേസമയം അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കി.

വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും കനത്ത മഴ പെയ്തതോടെ നദികൾ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായി. പലയിടങ്ങളിലും റെയിൽപ്പാതകൾ മുങ്ങി സർവീസുകൾ നിലച്ചു. ടോട്ട്നെസ്, ഡെവൺ, ന്യൂക്വെയ് തുടങ്ങിയ മേഖലകളിൽ യാത്രാ തടസ്സം രൂക്ഷമായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ബുധനാഴ്ചയോടെ സ്ഥിതി സാധാരണ നിലയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഫ്ലൂ കേസുകൾ പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് പല സ്കൂളുകളും പഴയ കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കേണ്ട സാഹചര്യമുണ്ടായി. ലീഡ്സിലെ ഒരു പ്രൈമറി സ്കൂളിൽ പഠന പ്രവർത്തനങ്ങൾ കുറയ്ക്കുകയും സാനിറ്റൈസേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു. വെയിൽസിലെ കൗർഫില്ലിയിൽ ഒരു സ്കൂൾ കൂടുതൽ കുട്ടികളും അധ്യാപകരും അസുഖ ബാധിതരായതിനെ തുടർന്ന് താൽക്കാലികമായി അടയ്ക്കേണ്ടിവന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പുതിയ കണക്കുകൾ പ്രകാരം, നവംബർ അവസാന വാരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 107 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് വെറും 15 ആയിരുന്നു. ഫ്ലൂ ബാധയെ തുടർന്ന് ആശുപത്രികളിലും മാസ്ക് നിർദേശങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില സ്കൂളുകളിൽ ഒരു ദിവസം തന്നെ നൂറുകണക്കിന് കുട്ടികൾ ഉയർന്ന ജ്വരവും ചുമയും കാരണം വീട്ടിലേക്ക് മടങ്ങേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വിദ്യാഭ്യാസ വകുപ്പും ആരോഗ്യ ഏജൻസികളും കുട്ടികളിൽ കൈകഴുകൽ, ക്ലാസ്‌റൂമുകൾക്ക് വായുസഞ്ചാരം ഉറപ്പാക്കൽ, ഫ്ലൂ വാക്സിനേഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. വലിയ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ പരമാവധി പഠനം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന അന്തർദേശീയ ചർച്ചകൾ ഇന്ന് ബുധനാഴ്ച സ്‌ട്രാസ്ബർഗിൽ ആരംഭിക്കും. അനധികൃത കുടിയേറ്റം തടയാനും അതിർത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങൾ പുതുക്കാനുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ ആശയ വിനിമയത്തിന് നേതൃത്വം നൽകുന്നത്. ഈ ചര്‍ച്ചകൾ വിജയിച്ചാൽ മനുഷ്യാവകാശ കരാറിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തൽ.

യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നൽകുന്ന സംഘം ഇ സി എച്ച് ആറിൽ തുടരുമെന്ന ഉറപ്പ് നൽകിക്കൊണ്ടാണ് മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമങ്ങൾ കാരണം ചില അനധികൃത കുടിയേറ്റക്കാരെ തിരികെ അയയ്ക്കുന്നതിൽ തടസമുണ്ടാകുന്നു എന്നതാണ് യുകെ ഉയർത്തുന്ന മുഖ്യ വാദം. യൂറോപ്പിന് പുറത്തുള്ള സുരക്ഷിത രാജ്യങ്ങളിൽ “റിട്ടേൺസ് ഹബ്ബുകൾ” തുറന്ന് അവകാശമില്ലാത്തവരെ താമസിപ്പിക്കാനുള്ള നിർദേശവും ചർച്ചയിൽ ഉണ്ട്.

ഡെൻമാർക്കും ഇറ്റലിക്കുമൊപ്പം ഒൻപത് രാജ്യങ്ങൾ ഇതിനകം തന്നെ മനുഷ്യാവകാശ ചട്ടങ്ങൾ പുതുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ആർട്ടിക്കിൾ 3, ആർട്ടിക്കിൾ 8 എന്നീ വ്യവസ്ഥകൾ കുടിയേറ്റ കേസുകളിൽ എങ്ങനെ പ്രയോഗിക്കണം എന്നതാണ് പ്രധാന പരിഗണന. വരാനിരിക്കുന്ന മേയ് മാസത്തോടെ അംഗരാജ്യങ്ങൾ ചേർന്ന് ഒരു പൊതു രാഷ്ട്രീയ പ്രസ്താവന തയ്യാറാക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.

RECENT POSTS
Copyright © . All rights reserved