ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലേക്ക് വിസിറ്റിംഗ് വിസയിൽ മാതാപിതാക്കളെ കൊണ്ടുവരുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് എടുക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം, ചികിത്സാ ചെലവിനുള്ള ഇൻഷുറൻസ് ക്ലെയിം കമ്പനി നിരസിക്കാനിടയുണ്ടെന്ന് അവർ പറയുന്നു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ പഴയ രോഗചരിത്രം മറച്ചാൽ ഇൻഷുറൻസ് സാധുത ഇല്ലാതാകും.

യുകെയിൽ എത്തിയ ഒരു മലയാളിയുടെ അമ്മയ്ക്ക് അടുത്തിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു . കുടുംബം ഇൻഷുറൻസ് കമ്പനിയോട് ക്ലെയിം ഉന്നയിച്ചെങ്കിലും മുൻ ആരോഗ്യവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന കാരണത്താൽ അത് കമ്പനി തള്ളുകയായിരുന്നു. തുടർന്ന് എൻ എച്ച് എസ് അയച്ച ആയിരക്കണക്കിന് പൗണ്ട് വിലയുള്ള ബിൽ കുടുംബം നേരിട്ട് അടയ്ക്കേണ്ടിവന്നു.

പ്രതിവർഷം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് മാതാപിതാക്കൾ ആണ് മക്കളുടെ ഒപ്പം താമസിക്കാനായി യുകെയിലേക്ക് എത്തുന്നത് . യാത്രയ്ക്കു മുൻപ് ട്രാവൽ ഇൻഷുറൻസ് വിശദമായി വായിക്കുകയും, എല്ലാ ആരോഗ്യവിവരങ്ങളും സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്യണമെന്നതാണ് ഈ ഘട്ടത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് . ഇൻഷുറൻസ് എടുക്കുമ്പോൾ “മുൻ രോഗാവസ്ഥകൾ ഉൾപ്പെടുന്ന പ്ലാൻ” തിരഞ്ഞെടുക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഈ വർഷം ഫ്ലൂ സീസൺ പതിവിനേക്കാൾ ഒരു മാസത്തിലേറെ നേരത്തെയായി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നു മടങ്ങ് കൂടുതൽ കേസുകൾ ഈ വർഷം ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ രോഗബാധ ഉയർന്നതായാണ് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

“കുട്ടികളിൽ ഫ്ലൂ വേഗത്തിൽ പടരുന്നത് ആശങ്കാജനകമാണെന്നും സാധാരണയായി കുട്ടികളിൽ ഫ്ലൂ വന്നാൽ കുറച്ച് ആഴ്ചകൾക്കുള്ളിൽ മുതിർന്നവരിലേക്ക് അത് വ്യാപിക്കാറുണ്ടെന്നും ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഓഫീസർ ഡങ്കൻ ബർട്ടൺ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി അർഹരായ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതുവരെ 1.22 കോടിയിലധികം ഫ്ലൂ വാക്സിൻ ഡോസ് എൻ എച്ച് എസ് വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്തു.

ഈ വർഷം അസാധാരണമായി നേരത്തെ ഫ്ലൂ വ്യാപനം ആരംഭിച്ചതായാണ് ഇപ്പോഴത്തെ ഡേറ്റാ കാണിക്കുന്നത് എന്ന് യു കെ എച്ച് എസ് എയിലെ എപിഡമിയോളജിസ്റ്റ് ഡോ. അലക്സ് അലൻ വ്യക്തമാക്കി. കുട്ടികളിൽ കൂടാതെ മറ്റ് പ്രായക്കാരിലും വൈറസ് പടരുകയാണ്. 65 വയസിന് മുകളിലുള്ളവർ, അപകടസാധ്യതയുള്ളവർ, ഗർഭിണികൾ, പരിചരണ ജീവനക്കാർ, കുട്ടികൾ എന്നിവർ നവംബർ അവസാനിക്കുന്നതിന് മുൻപ് വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികാരികൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ 22 വയസിന് താഴെയുള്ളവർക്ക് സൗജന്യ ബസ് പാസ് നൽകാനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങി. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ ഇത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഈ പദ്ധതിയെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ശുപാർശ ചെയ്തിരുന്നത്. തൊഴിലും വിദ്യാഭ്യാസവും യുവാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അന്ന് അവർ പറഞ്ഞിരുന്നു.

സർക്കാരിന്റെ തീരുമാനത്തിനെതിരെ കമ്മിറ്റിയുടെ അധ്യക്ഷയായ എം.പി. റൂത്ത് കാഡ്ബറി ശക്തമായി പ്രതികരിച്ചു. “ദുര്ബല ഗതാഗത സംവിധാനം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു അവർ പറഞ്ഞു. യുവാക്കൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ട്, വിദ്യാർത്ഥികൾക്ക് ദീർഘയാത്രകൾ, മുതിർന്നവരും വൈകല്യമുള്ളവരും ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥ, വ്യാപാര കേന്ദ്രങ്ങൾക്ക് ഉപഭോക്താക്കളുടെ അഭാവം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയായാണ് സൗജന്യ യാത്രാ പദ്ധതി വിഭാവനം ചെയ്തതെന്ന് അവര് പറഞ്ഞു. സ്കോട്ട് ലൻഡിൽ 5 മുതൽ 22 വയസുവരെയുള്ളവർക്ക് ഇതിനകം സൗജന്യ ബസ് യാത്ര ലഭ്യമാണെന്നത് അവർ ഓർമ്മപ്പെടുത്തി.

സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. യുവാക്കൾ ഇതിനകം തന്നെ വിലക്കയറ്റത്തിൽ നട്ടംതിരിയുകയാണെന്നും പലരും നല്ലൊരു തുക മാസത്തിൽ ബസ് യാത്രയ്ക്കായി ചെലവാക്കുന്നുവെന്നും ആണ് ഭൂരിപക്ഷവും ഈ വിഷയത്തിൽ പ്രതികരിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ജയിലുകളിൽ മയക്കുമരുന്ന് കച്ചവടം തടയാൻ ഡ്രോൺ തടയുന്ന സാങ്കേതിക വിദ്യ അടിയന്തിരമായി നടപ്പാക്കണമെന്ന് ബ്രിട്ടീഷ് എംപിമാരുടെ കമ്മിറ്റി ആവശ്യപ്പെട്ടു. ജയിലുകളിലേക്ക് ഡ്രോണുകൾ വഴി മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്തുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ പ്രവർത്തനം തടയാൻ ഇത് അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതിവർഷം ജയിലുകൾക്ക് മുകളിൽ ഡ്രോൺ പറന്ന സംഭവങ്ങളിൽ 770 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . സ്കൈഫെൻസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളുടെ കമ്പ്യൂട്ടർ നിയന്ത്രണം തടയുന്ന സംവിധാനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ പ്രത്യേക സുരക്ഷാ ജയിലുകളിൽ സ്ഥാപിക്കണമെന്ന് ശുപാർശയിൽ പറയുന്നുണ്ട് . നിലവിലുള്ള പോലീസ്-ക്രൈം ഏജൻസി സഹകരണങ്ങൾ മതിയാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അതേസമയം ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി 38,000-ത്തിലധികം തടവുകാരെ നേരത്തേ മോചിപ്പിച്ചതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. തടവുകാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനെ തുടർന്ന് 2024 സെപ്റ്റംബറിൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ പല കുറ്റവാളികളും ശിക്ഷയുടെ 40% മാത്രമെ അനുഭവിക്കേണ്ടതായി വരുന്നുള്ളു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോൺകാസ്റ്റർ നഗരത്തിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ 70 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു . ബെൻലി പ്രദേശത്തെ ഇൻഗ്സ് ലെയ്ൻ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റർ തകർന്നുവീണത്. റെറ്റ്ഫോർഡ് ഗാംസ്റ്റൺ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത് .

41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവർക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായതെന്ന് സൗത്ത് യോർക്ഷയർ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസും എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും (AAIB) ചേർന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തിൽ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവൻ കേരളത്തിൽ നിന്നുള്ള രണ്ട് യുവ നേഴ്സുമാർ രക്ഷപ്പെടുത്തി. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെൽസണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തിൽ സിപിആർ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള 3 വിമാനത്തിലായിരുന്നു സംഭവം.

രാവിലെ ഏകദേശം 5.50ഓടെ അറേബ്യൻ കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരൻ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടൻ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേർന്നതോടെ ഇരുവരും ചേർന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ അടിയന്തര ചികിത്സ നൽകി യാത്രക്കാരന്റെ നില മെച്ചപ്പെടുത്തി . അബുദാബിയിൽ വിമാനം ഇറങ്ങിയ ഉടനെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം രോഗിയെ ഏറ്റെടുത്തു.

പുതിയ ജോലി ആരംഭിക്കാനായി യുഎഇയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്രയായിരുന്നു ഇത്. റസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) സ്ഥാപനത്തിലാണ് ഇരുവരും നിയമിതരായത്. സംഭവം പുറത്തറിഞ്ഞതിനു ശേഷം റസ്പോൺസ് പ്ലസ് മെഡിക്കൽ അധികൃതർ ഇരുവരെയും ആദരിച്ചു. ജീവിതത്തിന്റെ ആദ്യ വിദേശയാത്രയിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നാണ് സംഭവത്തെ കുറിച്ച് അഭിജിത്തും അജീഷും പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അംഗമായ പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിലും നിന്നു പുറത്താക്കാനും, വിൻഡ്സറിലെ ആഡംബര ഭവനമായ ‘റോയൽ ലോഡ്ജ്’ ഒഴിയാനുമുള്ള ഉത്തരവ് രാജാവ് ചാൾസ് പുറപ്പെടുവിച്ചു. ഇതോടെ ഇനി അദ്ദേഹത്തെ “ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ” എന്ന പേരിലാണ് അറിയുക എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ജെഫ്രി എപ്പ്സ്റ്റൈൻ എന്ന ബാലപീഡകനുമായുള്ള ആൻഡ്രൂവിന്റെ ബന്ധവും, എപ്പ്സ്റ്റൈന്റെ ഇരയായ വെർജീനിയ ഗിയുഫ്രെയുടെ ലൈംഗിക പീഡനാരോപണവും രാജകുടുംബത്തിന് വലിയ അപകീർത്തി സൃഷ്ടിച്ചതാണ് ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. അവളുടെ സത്യസന്ധതയും ധൈര്യവുമാണ് ഈ നടപടിക്ക് കാരണമായത് എന്ന് ഗിയുഫ്രെയുടെ കുടുംബം പ്രതികരിച്ചു.

ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും, 12 മില്യൺ പൗണ്ട് നൽകി കേസിൽ ഒത്തുതീർപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെ എല്ലാ പദവികളും പിൻവലിക്കപ്പെടും. വിൻഡ്സറിലെ ഭവനം ഒഴിഞ്ഞ് അദ്ദേഹം നോർഫോക്കിലെ സാൻഡ്രിംഗ്ഹാമിലെ സ്വകാര്യ വസതിയിലേക്ക് മാറും. ജനവിശ്വാസം സംരക്ഷിക്കാനായുള്ള നിർബന്ധിത നടപടി” ആണിതെന്ന് പ്രസ്താവനയിൽ ചാൾസ് “ രാജാവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്: ഭാര്യയെ അതിക്രൂരമായി മര്ദ്ദിച്ച കേസില് യുകെയില് താമസിക്കുന്ന മലയാളി പ്രിന്സ് ഫ്രാന്സിസിന് 27 മാസത്തെ ജയില് ശിക്ഷ വിധിച്ചു. ഐല് ഓഫ് വൈറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇയാൾ വര്ഷങ്ങളായി മദ്യലഹരിയില് ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില് തെളിഞ്ഞിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി ഉപദ്രവിച്ചിരുന്ന ഇയാള് നാട്ടുകാരുടെ മുന്നിലും പലപ്പോഴും അക്രമം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രിന്സ് ഫ്രാന്സിസ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള് തകര്ക്കുകയും, ഭാര്യയെ അടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നാല് കുട്ടികളുള്ള കുടുംബത്തില് ഇളയ കുഞ്ഞിന്റെ പ്രസവ ശുശ്രൂഷകാലത്ത് പോലും ഭാര്യയെ മര്ദ്ദിച്ചതായി പ്രോസിക്യൂട്ടര് വ്യക്തമാക്കി. ഇയാളുടെ പ്രവൃത്തികള് ഗാർഹിക പീഡനത്തിന്റെ പാരമത്യത്തിലെത്തിയതായി കോടതി പരാമര്ശിച്ചു.
ഇന്ത്യയിലേക്ക് മടങ്ങാന് പ്രതി കോടതിയോട് അനുമതി തേടിയിരുന്നെങ്കിലും, ശിക്ഷ പൂര്ത്തിയാകുന്നത് വരെ ജയിലില് തുടരണം എന്നതാണ് കോടതി നിലപാട്. ഇതോടൊപ്പം യുകെയില് ഗാര്ഹിക പീഡനം, ബലാത്സംഗശ്രമം തുടങ്ങിയ കേസുകളില് പത്തിലധികം മലയാളികള്ക്കെതിരെ വിചാരണ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫ് ∙ കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ കഴിഞ്ഞ രണ്ട് വർഷമായി താമസിച്ചു വരികയായിരുന്ന റെജി ജോർജ് (48) ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലം മരിച്ചു . മൂവാറ്റുപുഴ കയനാട് തച്ചുകുന്നേൽ കുടുംബാഗമാണ് . അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എല്ലാവരോടും സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടിരുന്ന റെജി കാർഡിഫിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്നു.
റെജിയോടൊപ്പം താമസിച്ചിരുന്ന മകൻ ആൽബി (16) ഇപ്പോൾ കാർഡിഫിലെ ഒരു സ്കൂളിൽ പഠിക്കുന്നു. സഹോദരൻ സകുടുംബം യുകെയിൽ ഉണ്ട്. . പ്രാദേശിക മലയാളി സമൂഹം കുടുംബത്തിന് എല്ലാ സഹായമായി കൂടെയുണ്ട്.
റെജിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴയിലെ ജന്മനാട്ടിലേക്കാണ് കൊണ്ടുപോയി മൃതസംസ്കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പൊതുദർശനത്തിന്റെയും സംസ്കാരത്തിയതിയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റെജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി വർധനയും സാമ്പത്തിക വളർച്ചാ മന്ദഗതിയും സംബന്ധിച്ച ആശങ്കകൾ മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു . ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.13 യൂറോയിലേക്കും ആണ് താഴ്ന്നത് . ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ് . പിന്നീട് ചെറിയ തോതിൽ ഉയർന്നെങ്കിലും 1.14 യൂറോയിൽ സ്ഥിരത കൈവരിക്കുകയും ചെയ്തെങ്കിലും വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . സർക്കാരിന്റെ ധനകാര്യ നയം കൂടുതൽ കടുപ്പിക്കുകയും നികുതി വർധനയും ചെലവു ചുരുക്കലും ഒരുമിച്ച് നടപ്പിലാകുകയുമെങ്കിൽ പൗണ്ട് വീണ്ടും ദുർബലമാകാനുള്ള സാധ്യത ആണ് കാണുന്നത്.

നവംബർ 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് കർശന ധനനിയമങ്ങൾ പാലിക്കാനായി നികുതി കൂട്ടാനും ചില പൊതു ചെലവുകൾ കുറയ്ക്കാനും നിർബന്ധിതയാകുമെന്നാണ് വിലയിരുത്തൽ. യുകെയുടെ ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ, സർക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി വേഗത്തിൽ കുറയ്ക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് . ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ചില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ തന്നെ നിരക്ക് കുറയ്ക്കാമെന്ന പ്രവചനവുമായി രംഗത്തെത്തി.

പലിശനിരക്കിൽ ഇളവ് വരുമ്പോൾ വിദേശ നിക്ഷേപകർ കൂടുതൽ ലാഭം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണത കാണിക്കും. ഇതോടെ പൗണ്ട് മൂല്യം കൂടുതൽ താഴ്ന്നേക്കാം. എന്നാൽ വിലക്കയറ്റം നിയന്ത്രണത്തിലായതും ഭക്ഷ്യവിലയിൽ വൻതോതിലുള്ള ഇടിവ് വന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറും. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ ഭക്ഷ്യവില ഇടിവ് ഒക്ടോബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയായതിനാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക വിദഗ്ധർ വായ്പാ പലിശ കുറയ്ക്കുന്നതിനായി കൂടുതൽ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗണ്ടിന്റെ ഈ ഇടിവ് യുകെയിലെ മലയാളികളെയും നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ യുകെ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയും.