Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഒരു വീട് നമ്മൾ വിൽക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ, അതുമല്ലെങ്കിൽ പുതിയതായി നിർമ്മിക്കുകയോ ചെയ്യണമെങ്കിൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇ പി സി ) നിയമപരമായി ആവശ്യമാണ് . ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ G വരെയുള്ള വിവിധ ഗ്രേഡുകളിലായാണ് ഇ പിസി നൽകുന്നത്. A ഏറ്റവും കാര്യക്ഷമതയുള്ളതും G ഏറ്റവും കുറഞ്ഞ കാര്യക്ഷമതയുള്ളതുമായാണ് വിവക്ഷിക്കപ്പെടുന്നത്.


ഇപിസി നേടിയെടുക്കാൻ ആദ്യമായി ചെയ്യേണ്ടത് യോഗ്യതയുള്ള ഒരു അഡ്വൈസറെ കണ്ടെത്തുക എന്നതാണ്. അംഗീകൃത ഡൊമസ്റ്റിക് എനർജി അസസ്സർമാരാണ് ഇപിസികൾ ഇഷ്യൂ ചെയ്യേണ്ടത്. ഗവൺമെൻ്റ് അംഗീകൃത വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് ഒരു സാക്ഷ്യപ്പെടുത്തിയ മൂല്യനിർണ്ണായകനെ കണ്ടെത്താൻ കഴിയും. നിങ്ങളുടെ പ്രോപ്പർട്ടിയിൽ ഉള്ള ഊർജ്ജ ഉപയോഗം, ഇൻസുലേഷൻ ക്രമീകരണങ്ങൾ മറ്റ് ഹീറ്റിംഗ് സിസ്റ്റം എന്നിവ പരിശോധിച്ചാണ് നിങ്ങളുടെ വീടിൻറെ എനർജി എഫിഷ്യൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. മൂല്യ നിർണ്ണയത്തിന് ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് നിലവിലെ എനർജി റേറ്റിംഗ്, എനർജി എഫിഷ്യൻസി വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ എന്നിവ ഉൾപെടുത്തിയിട്ടുണ്ടാവും . ഈ സർട്ടിഫിക്കറ്റിന് യുകെയിൽ പത്ത് വർഷത്തേയ്ക്ക് സാധുതയാണുള്ളത്. വസ്തുവിന്റെ വലിപ്പവും സ്ഥാനവും അനുസരിച്ച് ഇ പി സി യ്ക്ക് ചിലവാകുന്നത് 60 പൗണ്ട് മുതൽ 120 പൗണ്ട് വരെയാണ് .

മേൽപറഞ്ഞ വസ്തുതകൾ മറച്ചു വെച്ചാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എനർജി എഫിഷ്യൻസി സർട്ടിഫിക്കറ്റിന് വൻതുക ചിലവാകും എന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്. പുതിയതായി സർക്കാർ പാസാക്കിയ നിയമമനുസരിച്ച് ഇപിസിയായി A മുതൽ C വരെ ലഭിക്കുന്ന വീടുകൾ മാത്രമേ വാടകയ്ക്ക് നൽകാൻ സാധിക്കുകയുള്ളൂ. പരിസ്ഥിതി സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നിലപാട് എടുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ തകർച്ച മൂലം നിരവധി പേർക്ക് ജോലി നഷ്ടമായതായുള്ള വാർത്തകൾ പുറത്തുവന്നു . ഈ വർഷം ഏകദേശം 170,000 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത് . ഇതിന് മുൻപ് 2020 ലാണ് ഇതിന് സമാനമായ രീതിയിൽ തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് ലോക്ക് ഡൗൺ മൂലം കടകൾ അടച്ചിട്ട സാഹചര്യം ഉടലെടുത്തപ്പോൾ ഏകദേശം 2 ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ നഷ്ടം സംഭവിച്ചത്.

സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ച് സമാഹരിച്ച കണക്കുകളിലാണ് യുകെയിലെ തൊഴിൽ മേഖലയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുൻപിലെ വർഷമായ 2023 മായി താരതമ്യം ചെയ്യുമ്പോൾ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ ഏകദേശം 4.9 വർദ്ധനവാണ് നിലവിൽ ഉള്ളത്. ഹോംബേസ്, ടെഡ് ബേക്കർ തുടങ്ങിയ പ്രമുഖ ശൃംഖലകളുടെ തകർച്ചയ്‌ക്കിടയിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം വർദ്ധിച്ചതായി സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ച് സമാഹരിച്ച കണക്കുകളിലെ ഏറ്റവും പുതിയ വിശകലനം കാണിക്കുന്നു.


മാറിവന്ന ഉപഭോക്തൃ ഷോപ്പിംഗ് ശീലങ്ങൾ, പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവുകൾ, വാടക, ബിസിനസ് നിരക്കുകൾ എന്നിവ മൂലമാണ് ചെലവു ചുരുക്കലിന് ചില്ലറ വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണ് സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ചിൻ്റെ ഡയറക്ടർ പ്രൊഫസർ ജോഷ്വ ബാംഫീൽഡ് പറഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് അടുത്ത വർഷവും വെല്ലുവിളി നിറഞ്ഞതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിൽ നഷ്ടം യുകെ മലയാളികളെ പ്രത്യേകിച്ച് വിദ്യാർത്ഥി വിസയിൽ എത്തിയവരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പല വിദ്യാർത്ഥികളും പാർട്ട് ടൈം ജോലിക്കായി ഇത്തരം സ്ഥാപനങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റം തടയാനായി കടുത്ത നടപടികൾ സ്വീകരിച്ചിട്ടും ഫലപ്രദമാകുന്നില്ലെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഭാഗ്യം പരീക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്. ഞായറാഴ്ച രാവിലെ ഒരു ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച മൂന്ന് പേർ മരിച്ചതായി ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഇന്നലെ ഞായറാഴ്ച പ്രാദേശിക സമയം 6- ന് കാലെയ്‌സിനടുത്തുള്ള സംഗാട്ടെ തീരത്ത് നിന്ന് ബോട്ടിൽ പുറപ്പെട്ടവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.


ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ മൃതദേഹം ഹെലികോപ്റ്റർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. അപകടത്തെ തുടർന്ന് 45 പേർക്ക് ചികിത്സ നൽകിയതായും പലർക്കും ഹൈപ്പോതെർമിയ ബാധിച്ചിട്ടുണ്ടന്നുമാണ് റിപ്പോർട്ടുകൾ . ഇതിൽ 4 പേരുടെ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ചെറു ബോട്ടുകളിലായി ചാനൽ ക്രോസ് ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായ വർഷമാണ് 2024 എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലേയ്ക്ക് ആളുകളെ അനധികൃതമായി കുടിയേറ്റത്തിന് സഹായിക്കുന്ന മാഫിയ സംഘങ്ങൾ തഴച്ചു വളരുകയാണെന്ന് ബോർഡർ സെക്യൂരിറ്റി മിനിസ്റ്റർ ഡാം ആഞ്ചല ഈഗിൾ പറഞ്ഞു. ഈ സംഘങ്ങളെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ഫ്രഞ്ച് അതിർത്തി സുരക്ഷാസേനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറഞ്ഞു . രക്ഷപ്പെട്ട മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഈ വർഷം ഇതുവരെ 36,000 – ത്തിലധികം ആളുകൾ ചെറു ബോട്ടുകളിലായി ചാനൽ മുറിച്ച് കടന്നതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. ഈ വർഷം അനധികൃത കുടിയേറ്റം നടത്താൻ ശ്രമിച്ച് 77 പേർ മരിച്ചതായി ചാനൽ മുറിച്ചുകടക്കുമ്പോൾ മരിക്കുന്നവരുടെ എണ്ണം നിരീക്ഷിക്കുന്ന യുഎൻ ഏജൻസിയായ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൈതൃക കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതായി യുകെയിലെ ഏറ്റവും വലിയ സംരക്ഷണ ചാരിറ്റിയായ നാഷണൽ ട്രസ്റ്റ് റിപ്പോർട്ട് ചെയ്‌തു. പ്രതികൂല കാലാവസ്ഥകൾ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എസ്റ്റേറ്റുകളെ ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ പ്രായമുള്ള മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്കും പൂന്തോട്ടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രസ്റ്റ് പറയുന്നു.

വാർഷിക കാലാവസ്ഥ റിപ്പോർട്ടിൽ ഈ വർഷം കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ രാജ്യത്ത് എങ്ങനെ പ്രതികൂലമായി ബാധിച്ചെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. കാലാവസ്ഥയിൽ വന്നിരിക്കുന്ന മാറ്റവും ഋതുക്കൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാകുന്നതും ആശങ്കാജനകമാണ് എന്ന് ഗവേഷകർ പറയുന്നു. ജനുവരിയിൽ, കൊടുങ്കാറ്റിനെ തുടർന്ന് വിൽറ്റ്ഷെയറിലെ ട്യൂഡർ മാനർ ഹൗസായ അവെബറി മാനറിൽ, 300 വർഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കമുണ്ടായിരുന്നു. ഹെങ്ക്, ഇഷ, ജോസെലിൻ കൊടുങ്കാറ്റുകൾ മൂലം നാശനഷ്‌ടം ഉണ്ടായവയിൽ ഈ മാനറും ഉൾപ്പെടുന്നു.

ട്രസ്റ്റിൻ്റെ പല വസ്‌തുക്കളും ഇതുപോലുള്ള കൊടുങ്കാറ്റുകളും അതുമൂലമുള്ള വെള്ളപ്പൊക്കവും മൂലം നശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ട്രസ്റ്റിൻെറ കീഴിലുള്ള മിക്ക കെട്ടിടങ്ങളിലും ഇപ്പോഴും പുരാതന ഡ്രെയിൻ പൈപ്പുകളും ഗട്ടറിംഗും ഉണ്ട്. പലപ്പോഴും ഇവയുടെ ഡിസൈൻ മൂലം കനത്ത മഴയിൽ കവിഞ്ഞൊഴുകും. ഇത് കെട്ടിടങ്ങളിൽ നാശം വിതയ്‌ക്കാം. ഈ വർഷം ഏപ്രിൽ തണുപ്പുള്ള മാസമായിരുന്നു.അതുകൊണ്ട് തന്നെ ബ്ലൂബെൽസ് ഉൾപ്പെടെയുള്ള പല പൂച്ചെടികളും പതിവിലും വൈകിയാണ് പൂവിട്ടത്. ഈ ചെടികളെ ആശ്രയിക്കുന്ന കീടങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നതായും ഗവേഷകർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മാലിന്യ സംസ്കരണത്തിനുള്ള നടപടിക്രമങ്ങൾ അടിമുടി മാറ്റം വരുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇനിമുതൽ ഓരോ വീട്ടിലും നാല് ബിന്നുകൾ ആണ് വിവിധ തരത്തിലുള്ള മാലിന്യം ശേഖരിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്നത്. 2025 മാർച്ചിൽ പുതിയ രീതി നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മാലിന്യ സംസ്കരണത്തിനായി കൂടുതൽ മെച്ചപ്പെട്ട സംവിധാനത്തിനായി വിവിധ തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. തുടക്കത്തിൽ വിവിധതരം മാലിന്യങ്ങൾക്കായി ഏഴ് ബിന്നുകൾ വരെയാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, ലേബർ ഗവൺമെൻ്റ് ഇപ്പോൾ ബിന്നുകളുടെ എണ്ണം നാലായി കുറയ്ക്കുന്ന ഒരു നവീകരിച്ച പദ്ധതിക്കുള്ള രൂപരേഖയാണ് അന്തിമമായി തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾക്കായാണ് 4 ബിന്നുകൾ ഉപയോഗിക്കപ്പെടുന്നത്.


ഇംഗ്ലണ്ടിൽ ഉടനീളം ഒരു ഏകീകൃത റിസൈക്ലിംഗ് നയം സൃഷ്ടിക്കുകയാണ് പുതിയ മാറ്റത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങളുടെ കാര്യക്ഷമമായ സംസ്കരണം വ്യത്യസ്ത വിഭാഗങ്ങൾക്കായി 4 ബിന്നുകൾ അവതരിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മലിനീകരണത്തിന്റെ അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക്, ലോഹങ്ങൾ, ഗ്ലാസ് തുടങ്ങിയ മറ്റെല്ലാ ഡ്രൈ റീസൈക്കിൾ ചെയ്യാവുന്നവയും ഒരുമിച്ച് ശേഖരിക്കാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കനത്ത മൂടൽമഞ്ഞ് മൂലം യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും യാത്രാ ദുരിതം തുടരുന്നു. പല സ്ഥലങ്ങളിലും വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗാറ്റ്‌വിക്കിലെയും സ്റ്റാൻസ്റ്റെഡിലെയും ഭൂരിഭാഗം വിമാനങ്ങളെയും ശനിയാഴ്ച ഉച്ചയോടെ മോശം കാലാവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ ബാധിച്ചു. പ്രശ്നങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് നിരവധി കാലതാമസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഡസൻ കണക്കിന് വിമാനങ്ങൾ ഹീത്രൂവിലും ബർമിംഗ്ഹാമിലും വൈകി. മൂടൽ മഞ്ഞ് മൂലം കാണാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് താത്കാലിക നിയന്ത്രണങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്ന് യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ, നാറ്റ്സ് അറിയിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും മൂടൽമഞ്ഞ് നിലനിൽക്കുമെന്നും പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ അത് നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിക്ക് പലസ്ഥലങ്ങളിലും യാത്ര പോയപ്പോൾ തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് അവധിക്കാലം നീട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു. എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളിലും ഏറ്റവും തിരക്കേറിയ എ-റോഡുകളിലും വാഹന ഗതാഗതം നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിൽ പനി പടർന്നു പിടിക്കുന്നതായുള്ള ആശങ്കകൾ പുറത്തു വന്നു. ഇതിനെ തുടർന്ന് കനത്ത സുരക്ഷാ നടപടികളുമായി ഭരണകൂടം രംഗത്ത് വന്നു. അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സൗത്ത് വെയിൽസിൽ ഉടനീളമുള്ള ആശുപത്രികളിലെ രോഗികളോടും സന്ദർശകരോടും മാസ്ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകപ്പെട്ടു കഴിഞ്ഞു.

കാർഡിഫ് ആൻഡ് വെയ്ൽ, ഹൈവെൽ ഡിഡ, അനൂറിൻ ബെവൻ, സിഡബ്ല്യുഎം ടാഫ് മോർഗൻവ്ഗ് എന്നീ ഹെൽത്ത് ബോർഡുകൾ എല്ലാം വെള്ളിയാഴ്ച മാസ്ക് ധരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് മാസ്കുകളുടെ ഉപയോഗം നിർണായകമാണെന്ന് ഹെൽത്ത് ബോർഡ് പറഞ്ഞു. വെയിൽസിലെ ഇൻഫ്ലുവെൻസ് ബാധിച്ച രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തിൽ 33. 1 ശതമാനമായി ഉയർന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. അന്ന് തൊട്ട് മുൻപുള്ള ആഴ്ചയിൽ പനി ബാധിച്ചവരുടെ എണ്ണം 21.4 ശതമാനമായിരുന്നു.

അടുത്ത ആഴ്ച അവസാനത്തോടെ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കുറയ്ക്കുന്നതിന് വാർഷിക ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് ആശുപത്രിയിലെ നേഴ്‌സിംഗ് ഡെപ്യൂട്ടി ഹെഡ് മെയ്‌നിർ വില്യംസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പനി ബാധിച്ചവർ ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ എത്തുന്നത് മറ്റുള്ള രോഗികളുടെയും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. അതുകൊണ്ടു തന്നെ ശ്വാസകോശ സംബന്ധമായ അണുബാധ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വാഭാവികമെന്ന് കരുതാവുന്ന ഒരു മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് യുകെയിലാകെ വാർത്തയായിരിക്കുകയാണ് . ക്രിസ്മസ് ദിനത്തിൽ സ്റ്റാഫോർഡ് ഷെയറിൽ 33 വയസ്സുകാരനായ പ്രൈസിനെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് കരുതപ്പെട്ടത്. എന്നാൽ പോലീസിന്റെ തുടർ അന്വേഷണത്തിൽ ഇത് കൊലപാതകം ആണെന്ന് കണ്ടെത്തുകയായിരുന്നു.

നോർട്ടൺ കെയ്‌നിലെ ലൂയിസ് പ്രൈസിനെ കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ കിർസ്റ്റി കാർലെസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മരണമടഞ്ഞ പ്രൈസിന് 6 മക്കളാണ് ഉള്ളത്. നാല് പെൺമക്കളും രണ്ട് ആൺമക്കളും. കൊലപാതക കുറ്റം ചുമത്തി സ്ത്രീയെ അറസ്റ്റ് ച്യ്തതെങ്കിലും വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറോയിൽ കാണാതായ യുകെ മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് സാന്ദ്രയെ കാണാതായതായി സോഷ്യൽ മീഡിയയിലും മറ്റും വഴി വാർത്ത വന്നത്. സാന്ദ്ര താമസിച്ചിരുന്ന എഡിൻബറോയ്ക്ക് അടുത്തുള്ള ഗ്രാമമായ ന്യൂ ബ്രിഡ്ജിൽ നിന്നാണ് ശരീരം കണ്ടെത്തിയത്. ന്യൂ ബ്രിഡ്ജിന് സമീപമുള്ള നദിയുടെ കൈവഴിയിൽ നിന്നാണ് ശരീരം കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്കോട്ടിഷ് പോലീസ് അറിയിച്ചു. സാന്ദ്രയെ കാണാതായതിന് പിന്നാലെ അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട ശേഷവും അന്വേഷണത്തിന് അനുകൂലമായ രീതിയിൽ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റും സാന്ദ്രയെ പലയിടങ്ങളിലായി കണ്ടതായി ആളുകൾ പോലീസിനെ അറിയിച്ചെങ്കിലും അവ സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സാന്ദ്ര മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. പോലീസ് പുറത്തുവിട്ടിരുന്ന സിസിടിവി ദൃശ്യങ്ങളിൽ സാന്ദ്ര മുഖത്ത് മാസ്ക് ധരിച്ചിരുന്നു. ഇതിനാൽ സാന്ദ്രയെ തിരിച്ചറിയാനുള്ള സാധ്യത കുറവാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടി കാട്ടിയിരുന്നു.

എഡിൻ ബറോയിലെ സൗത്ത് ഗൈഡ് ഭാഗത്ത് നിന്നും ഡിസംബർ ആറിനാണ് സാന്ദ്രയെ കാണാതായത്. ഇതിന് പിന്നാലെ മൂന്നാഴ്ചയോളം നടത്തിയ തിരച്ചിലിൻെറ ഒടുവിലാണ് സാന്ദ്രയുടെ മൃതശരീരം പോലീസിന് കണ്ടെത്താനായത്. ഹെരിയോട്ട് – വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു സാന്ദ്ര. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിനിയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാറ്റ്‌വിക്കും മാഞ്ചസ്റ്ററും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ മൂടൽമഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടു. ക്രിസ്മസ് പുതുവത്സരം ആഘോഷിക്കാൻ പുറപ്പെട്ട പല കുടുംബങ്ങളുടെയും യാത്ര ഇതോടെ തടസ്സപ്പെട്ടു. യാത്രാ തടസ്സം നേരിട്ടവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കനത്ത കാറ്റ് വീശിയതിനെ തുടർന്ന് 100 ഓളം യാത്രാ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പുറമെയാണ് അപ്രതീക്ഷിതമായി മൂടൽ മഞ്ഞ് മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നിരിക്കുന്നത്.


സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകളുടെ എണ്ണം കുറച്ചതായി യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ നാറ്റ്സ് പറഞ്ഞു. ഹീത്രൂവിൽ നിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. വ്യാപകമായ മൂടൽമഞ്ഞ് കാരണം യുകെയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളിൽ ഇന്ന് താൽക്കാലിക വിമാന ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് നാറ്റ്സ് പറഞ്ഞു. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് യാത്ര തുടങ്ങുന്നതിന് മുൻപ് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു . എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളും ഏറ്റവും തിരക്കേറിയ എ-റോഡുകളും നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved