Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളിൽ ബ്രിട്ടന്റെ വൈകിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൻ്റെ നടപടിയെ പരിഹസിച്ച്, യുദ്ധം ജയിച്ച ശേഷം സഹായം നൽകുന്നത് ആവശ്യമില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു. ഇനി രാജ്യങ്ങൾ തമ്മിലുള്ള തുടർനയതന്ത്ര ബന്ധങ്ങളിൽ ട്രംപിൻ്റെ പരാമർശങ്ങൾ കടുത്ത വിള്ളൽ ഉണ്ടാക്കും എന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

ആദ്യഘട്ടത്തിൽ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പരിമിതമായ പ്രതിരോധ ആവശ്യങ്ങൾക്കായി ബ്രിട്ടൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് അമേരിക്കൻ ബോംബറുകൾ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് താവളത്തിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുന്നത് തടയുന്നതിനായുള്ള നടപടികളാണിത്.

അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് യുദ്ധക്കപ്പൽ അയയ്ക്കാനുള്ള സാധ്യതയും ബ്രിട്ടൻ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് യുദ്ധക്കപ്പൽ ഇതിനായി തുടരുകയാണെന്നും ആവശ്യമായാൽ ഉടൻ പുറപ്പെടാൻ ഒരുക്കം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആവശ്യമായ സമയത്ത് ചില കൂട്ടാളികൾ പിന്തുണ നൽകാത്തതായി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിർബന്ധിത വിദ്യാഭ്യാസ നയങ്ങൾ പുനഃപരിശോധിച്ച് അവയിൽ കാതലായ മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് സ്കൂളുകളിൽ നിർബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാർഗനിർദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പുതിയ നിർദേശങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ പാഠ്യവിഷയങ്ങൾ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയർന്ന ആശങ്കകളെ തുടർന്ന് വിദ്യാഭ്യാസ മാർഗനിർദേശങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുള്ള പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലർജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്കൂൾ ജീവനക്കാർക്കും നിർബന്ധമാക്കാൻ പദ്ധതിയിടുന്നത് വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത്. ഭക്ഷണ അലർജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നൽകാനും സ്റ്റാഫിനെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ അലർജിയുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, അടിയന്തിര സാഹചര്യങ്ങളിൽ അഡ്രിനലിൻ ഓട്ടോ ഇൻജക്ടർ (EpiPen) ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും. സ്കൂളുകളിൽ അലർജി മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതമായ പഠനപരിസരം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു . എന്നാൽ ചില വിദ്യാഭ്യാസ പ്രവർത്തകർ ഇത് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർത്തുന്നു. വിശദമായ മാർഗനിർദേശങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ വ്യോമസേനയുടെ ശക്തമായ ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ RAF Fairford വിമാനത്താവളത്തിൽ എത്തിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇറാനെതിരായ ആക്രമണം ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഓരോ വിമാനത്തിനും ഏകദേശം 40,000 പൗണ്ട് വരെ ഭാരം വഹിക്കാനാകുന്ന ആയുധങ്ങൾ കൊണ്ടു പോകാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറ്റ് ഹൗസിൽ നടന്ന യോഗത്തിന് ശേഷം ഇറാനെതിരായ സൈനിക നടപടികൾക്ക് അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറാൻ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെങ്കിൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസ്. സൈനിക നീക്കങ്ങൾക്കൊപ്പമെന്ന പോലെ ബ്രിട്ടനും യൂറോപ്യൻ സഖ്യങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ ഇറാന്റെ തലസ്ഥാനമായ Tehran നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അമേരിക്കൻ നടപടികളെ ചില രാഷ്ട്രീയ നേതാക്കളും വിദഗ്ധരും വിമർശിച്ചു. ബ്രിട്ടനിൽ ഈ വിഷയത്തിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്; ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്തിന് നേരിട്ട് പങ്കുണ്ടോ എന്നതിനെ കുറിച്ചും വിശദീകരണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ നിന്ന് ഏകദേശം 1,500 മൈൽ അകലെനിന്ന് ലണ്ടനിലെ ഒരു രോഗിക്ക് ശസ്ത്രക്രിയ നിർവഹിച്ച് വൈദ്യശാസ്ത്ര രംഗത്ത് ബ്രിട്ടീഷ് ഡോക്ടർമാർ കൈവരിച്ചിരിക്കുന്ന നേട്ടം വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത് . ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ശസ്ത്രക്രിയാ സംഘം ഇറ്റലിയിലെ റോബോട്ടിക് സർജറി വിദഗ്ധന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. എൻഡോമെട്രിയോസിസ് ബാധിച്ച രോഗിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇറ്റലിയിലെ റോമിൽ നിന്ന് റോബോട്ടിക് സംവിധാനം നിയന്ത്രിച്ചാണ് വിദഗ്ധൻ ലണ്ടനിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ നടത്തിയത്. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും അത്യാധുനിക റോബോട്ടിക് സർജറി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമായത്. രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് ഉപകരണങ്ങൾ ഡോക്ടർ ദൂരത്തിൽ നിന്ന് നിയന്ത്രിക്കുകയും ലണ്ടനിലുള്ള ശസ്ത്രക്രിയാ സംഘം ആവശ്യമായ സഹായം നൽകുകയും ചെയ്തു. ദൂരെയുള്ള വിദഗ്ധരുടെ പരിജ്ഞാനം രോഗികൾക്ക് എത്തിക്കാനുള്ള വലിയ മുന്നേറ്റമായി ഇതിനെ വിലയിരുത്തുന്നു.

ഭാവിയിൽ പ്രത്യേക വൈദ്യഗ്ദ്യം നേടിയ വിദഗ്ധരുടെ സേവനം ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രോഗികൾക്ക് ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. യാത്ര ചെയ്യാൻ കഴിയാത്ത രോഗികൾക്കും അത്യാഹിത സാഹചര്യങ്ങളിലും ഇതിലൂടെ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. അതേസമയം സുരക്ഷയും ഇന്റർനെറ്റ് ബന്ധത്തിന്റെ സ്ഥിരതയും ഉറപ്പാക്കുന്നത് ഇത്തരം ദൂരശസ്ത്രക്രിയകൾ വ്യാപകമാക്കാൻ നിർണായകമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതായാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദുബായിൽ നിന്ന് യുകെയിലേക്കുള്ള ചില സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കുള്ള സർവീസുകൾ മാത്രമായിരിക്കും ആരംഭിക്കുക എന്നാണു സൂചന.

റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ഹീട്രോ എയർപോർട്ടിലേക്കുള്ള സർവീസ് ആദ്യം പുനരാരംഭിക്കാനാണ് പദ്ധതി. പിന്നീട് സാഹചര്യം അനുകൂലമായാൽ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്, മാഞ്ചസ്റ്റർ എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട് തുടങ്ങിയ സർവീസുകൾ ക്രമേണ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമുള്ള സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമാക്കി.

അതേസമയം ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി ചില സർവീസുകൾ താൽക്കാലികമായി മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡ് നഗരത്തിൽ അമ്മയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ഷരാസ് അലി (40)യ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 29-കാരിയായ ബ്രയോണി ഗാവിത്തും അവരുടെ കുട്ടികളായ ഒമ്പത് വയസുകാരി ഡെനിസ്റ്റി, അഞ്ച് വയസുകാരി ഓസ്‌കാർ, 22 മാസം പ്രായമുള്ള ഓബ്രി ബിർട്‌ലെ ചാനൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ടു. മുൻ പങ്കാളിയായ അൻ്റോണിയ ഗാവിത്ത് ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

2024 ഓഗസ്റ്റ് 21-ന് ബ്രാഡ്‌ഫോർഡിലെ വെസ്റ്റ്ബറി റോഡിലുള്ള വീട്ടിലെത്തിയ പ്രതിയും കൂട്ടാളിയായ കാലം സൺഡർലാൻഡ് (27)ഉം ആക്രമണം നടത്തി. അലിയുടെ നിർദ്ദേശപ്രകാരം സാണ്ടർലാൻഡ് വാതിൽ തകർത്തു. തുടർന്ന് പ്രതിയുടെ മുൻ കാമുകിയായ അലി ആന്റോണിയ്ക്ക് മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എന്നാൽ അവർ രക്ഷപ്പെട്ടു. പിന്നാലെ പ്രതി വീടിന് തീ വെച്ചപ്പോൾ ബ്രയോണിയും മൂന്ന് കുട്ടികളും അകത്ത് കുടുങ്ങി മരിക്കുകയായിരുന്നു. തീപിടിത്തത്തിൽ അലിക്കും ഗുരുതര പരിക്കേറ്റതായി കോടതി പറഞ്ഞു.

കേസിൽ സണ്ടർലൻഡിന് മനുഷ്യത്വഹത്യക്കുറ്റത്തിൽ ജീവപര്യന്തം തടവും കുറഞ്ഞത് 18 വർഷം തടവും ശിക്ഷയായി വിധിച്ചു. കോടതിക്ക് പുറത്ത് സംസാരിച്ച ആന്റോണി, “ആ രാത്രി എൻ്റെ ജീവിതം പൂർണ്ണമായി തകർന്നു. അവരുടെ ചിരിയും സ്നേഹവും ഇനി ഒരിക്കലും വരില്ല; ഒരു ശിക്ഷയും ആ വേദന മാറ്റില്ല” എന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക.

മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസിൽ രോഗികളെ കാണാതെ ചില ദന്തഡോക്ടർമാർ സ്വകാര്യ ചികിത്സയിലൂടെ വൻ വരുമാനം നേടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ എച്ച് എസ് ചികിത്സയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലൂടെ ഏകദേശം £900 മില്യൺ വരുമാനം ദന്തഡോക്ടർമാർ നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എൻ എച്ച് എസിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ജീവിത ചെലവുകൾ ഉയർന്നതുമാണ് പല ഡോക്ടർമാരും സ്വകാര്യ മേഖലയിലേക്ക് മാറാൻ കാരണമായത്.

എൻ എച്ച് എസ് വഴി ലഭിക്കേണ്ട പല ചികിത്സകളും ലഭ്യമാകാത്തതിനാൽ രോഗികൾ സ്വകാര്യ ക്ലിനിക്കുകളിലേക്ക് തിരിയേണ്ട സാഹചര്യം വ്യാപകമായി രൂപപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ എൻ എച്ച് എസ് ഡെന്റിസ്റ്റിനെ കണ്ടെത്താൻ തന്നെ ഏറെ ബുദ്ധിമുട്ടുണ്ടെന്നും പലർക്കും അടിയന്തിര ചികിത്സ പോലും സ്വകാര്യമായി വലിയ ചെലവിൽ നടത്തേണ്ടിവരുന്നുണ്ടെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ദന്തചികിത്സ ചെലവ് സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം ആയി മാറിയിരിക്കുകയാണ്.

സർക്കാർ എൻ എച്ച് എസ് ദന്തചികിത്സാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ കരാർ സംവിധാനം പരിഷ്കരിക്കാതെ പോയാൽ കൂടുതൽ ഡെന്റിസ്റ്റുകൾ എൻ എച്ച് എസ് സേവനം ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എൻ എച്ച് എസ് സേവനം ശക്തിപ്പെടുത്തി രോഗികൾക്ക് കുറഞ്ഞ ചെലവിൽ ദന്തചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ വിലക്കുകളും നിയന്ത്രണങ്ങളും പരീക്ഷിക്കാൻ സർക്കാർ നീക്കം തുടങ്ങി. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ സ്മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്ന് മാസത്തെ സമഗ്ര ആലോചന ആരംഭിച്ചത്. ഏകദേശം 13 മുതൽ 15 വയസ്സ് വരെയുള്ള 150 കുട്ടികളെ ഉൾപ്പെടുത്തി നടക്കുന്ന ആദ്യ പരീക്ഷണത്തിൽ, ചിലർക്കു സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കുകയും, ചിലർക്കു ദിവസത്തിൽ ഒരു മണിക്കൂർ മാത്രം ഉപയോഗം അനുവദിക്കുകയും, രാത്രി ഡിജിറ്റൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്യും. തുടർന്ന് കുട്ടികളുടെ ഉറക്കം, മാനസികാവസ്ഥ, ശാരീരിക പ്രവർത്തനം എന്നിവ വിലയിരുത്തും.

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയ്ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണമോയെന്നതും കുട്ടികൾ ഇത്തരം പ്രവണതകൾക്ക് അടിമകളാകുന്ന തരത്തിലുള്ള സൗകര്യങ്ങൾ നിരോധിക്കണമോയെന്നതും പരിശോധിക്കും. പ്രായപരിശോധന കർശനമാക്കുന്നതും നിർബന്ധിത രാത്രി കർഫ്യൂ നടപ്പാക്കുന്നതും ചർച്ചയിലുണ്ട്. കൂടാതെ കൃത്രിമ ബുദ്ധി ചാറ്റ്‌ബോട്ടുകൾ കുട്ടികൾക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാമോ, ചില ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എത്രമാത്രം ഉണ്ട് എന്നിവയും പരിഗണിക്കും. ഇതു സംബന്ധിച്ച് എൻ എസ് പി സി സി ഉൾപ്പെടെയുള്ള ചില ബാലസുരക്ഷാ സംഘടനകൾ പൂർണ്ണ വിലക്കിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിലക്ക് കൊണ്ടുവരുന്നത് കുട്ടികളെ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് ഇടങ്ങളിലേക്ക് തള്ളിവിടാമെന്ന ആശങ്കയാണ് അവർ ഉയർത്തുന്നത്.

അതേസമയം ‘സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ്’ പ്രചാരണസംഘടന 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ആവശ്യപ്പെട്ട് വൻ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2.5 ലക്ഷം രക്ഷിതാക്കളോട് പ്രസ്തുത വിഷയത്തിൽ എംപിമാർക്ക് കത്ത് എഴുതാൻ അവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കമ്പനികൾക്ക് ഉത്തരവാദിത്തം ചുമത്തണമെന്ന് സംഘടനയുടെ സഹസ്ഥാപകൻ ജോ റൈറി ആവശ്യപ്പെട്ടു. ടെക് സെക്രട്ടറി ലിസ് കെൻഡൽ മാതാപിതാക്കളും കുട്ടികളും പങ്കാളികളാകുന്ന ഈ ആലോചന ഭാവി നിയമനിർമ്മാണത്തിന് നിർണായകമാകുമെന്ന് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള വ്യക്തമായ നടപടികൾ വേണമെന്ന് മോളി റോസ് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം മൂലം അവിടെയുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായി ബ്രിട്ടന്റെ ആദ്യ സർക്കാർ ചാർട്ടർ ചെയ്ത വിമാനമാണ് ശനിയാഴ്ച സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ  എത്തി. സർക്കാർ ഒരുക്കിയ ഈ വിമാനം മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് സഹായമാകുന്നതാണ് ഈ പ്രത്യേക സർവീസ്.

സർക്കാർ ഒരുക്കിയ ഈ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് എത്തിയത്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേഖലയിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ സുരക്ഷിതമായി എത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുമായി സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വിമാനത്തിൽ എത്തിയ പലരും കഴിഞ്ഞ ദിവസങ്ങളിലെ അനിശ്ചിതത്വവും ഭീതിയും അനുഭവിച്ച സാഹചര്യങ്ങൾ വിവരിച്ചു. മധ്യപൂർവേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർ യാത്രാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അടിയന്തിര സഹായത്തിനായി വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു. ആവശ്യമായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Copyright © . All rights reserved