Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻറെ കണക്കുകൾ പ്രകാരം 2022 -ൽ ബ്രിട്ടനിലേയ്ക്കുള്ള ഏറ്റവും സർവകാല റെക്കോർഡിൽ എത്തി. 606,000 പേരാണ് രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരായി എത്തിയത്. ഈ കാലയളവിൽ വിദ്യാർത്ഥികളും തൊഴിൽ വിസയിൽ എത്തിയവരും കൂടാതെ ഉക്രൈൻ, ഹോങ്കോങ്ങ് പ്രതിസന്ധി മേഖലകളിൽ നിന്ന് എത്തിയവരും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.

വളരെ നാളുകളായി കുടിയേറ്റം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറയുമ്പോഴും കുതിച്ചുയരുന്ന കണക്കുകൾ റിഷി സുനക് സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2019 -ലെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയിൽ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2022 – ൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ യുകെയിൽ എത്തിയതായാണ് കണക്കുകൾ . ഈ കാലയളവിൽ 557,000 പേരാണ് രാജ്യം വിട്ടുപോയത്.

കുടിയേറ്റം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ ഗവേഷണ വിദ്യാർത്ഥികളായിട്ടുള്ളവർക്ക് മാത്രമേ തങ്ങളുടെ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ മെയ്‌ 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ്‌ ശ്രീ. ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീമതി രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു.

പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.

നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷണൽ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്റെ ഊർജ്ജ നിയന്ത്രണ സ്ഥാപനമായ ഒഫ്‌ജെം, ജൂലൈ മുതൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില പരിധി 2,074 പൗണ്ടായി കുറച്ചതിനെത്തുടർന്ന് ഏകദേശം 27 ദശലക്ഷം കുടുംബങ്ങൾ ഈ വേനൽക്കാലത്ത് കുറഞ്ഞ ബില്ലുകൾ അടച്ചാൽ മതിയാകും. ആദ്യം നാലായിരവും കഴിഞ്ഞ 3 മാസങ്ങളിലായി 3,280 പൗണ്ടുമായിരുന്നു വില. അതിൽ നിന്നാണ് കുത്തനെ ഇടിഞ്ഞു 2074 ആയി ചുരുങ്ങിയത്. ഇതിനോടകം ബില്ലുകൾ താങ്ങാനാകുന്ന തരത്തിൽ സർക്കാർ നിരവധി പദ്ധതികൾക്ക് രൂപം നൽകിയതോടെ ഇത് പകരുന്നത് വലിയ ആശ്വാസമാണ്.

എന്നാൽ ധാരാളം കുടുംബങ്ങൾ ഇപ്പോഴും ഇന്ധന ദാരിദ്ര്യത്തിൽ തുടരുന്നതിനാൽ വരും കാലങ്ങളിൽ ഊർജ്ജ ചെലവ് അഭൂതപൂർവമായ നിലയിൽ വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ആദ്യ മാസങ്ങളിൽ 4,279 പൗണ്ടിൽ വില എത്തിയിരുന്നു. ഏപ്രിലിൽ ഇത് 3,280 പൗണ്ടായി കുറഞ്ഞു. എന്നാൽ, ഊർജവിലയുടെ ഗ്യാരന്റി ഉപയോഗിച്ച് ബില്ലുകൾ കുറയ്ക്കാൻ സർക്കാർ സഹായ പദ്ധതികൾ ആവിഷ്കരിച്ചതിനാൽ ഊർജവില കുറയുന്നതിന്റെ പൂർണ്ണമായ ഫലം കുടുംബങ്ങൾക്ക് അനുഭവപ്പെടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ഇടക്കാലത്ത് വിലയിൽ കുറവ് വന്നാലും, വാർഷിക നിരക്ക് പഴയത് പോലെ ആയിരിക്കുമെന്നാണ് അധികൃതർ പങ്കുവയ്ക്കുന്നത്.

ത്രൈമാസികമായി ക്രമീകരിക്കുന്ന ഓഫ്ജെമിൻെറ ഊർജ്ജ വില, ഈ വർഷം മുഴുവനും സമാനമായ നിലവാരത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് ഊർജ്ജ വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷെ പഴയതിൽ നിന്ന് നിരക്കുകൾ കൂടാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പായി അധികൃതർ കൂട്ടിച്ചേർക്കുന്നു. എന്നാൽ അതേസമയം, അടുത്ത വർഷം ജനുവരി മുതൽ 2,045 പൗണ്ടായി വീണ്ടും വില ഉയരുന്നതിന് മുമ്പ് ഒക്ടോബറിലെ അടുത്ത ക്രമീകരണത്തിൽ വില പരിധി ഏകദേശം 1,975 പൗണ്ടായി കുറയുമെന്ന് എനർജി കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റിലെ വിദഗ്ധർ പറയുന്നു. ആഗോള വിപണിയിലെ പ്രശ്നങ്ങൾ വിലയിൽ പ്രതിഫലിക്കുമെന്നും, വില സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്ക് പ്രസക്തി ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സൈക്കിൾ യാത്രികരെ പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കൾ പോലീസ് സേനയ്ക്ക് എതിരെ രംഗത്ത്. പോലീസ് നേതൃത്വമാണ് തന്റെ മകനെ കൊന്നത് എന്നാണ് അമ്മ പറയുന്നത്. തിങ്കളാഴ്ച രാത്രി കാർഡിഫിലെ എലിയിലെ കൗൺസിൽ എസ്റ്റേറ്റിൽ സൈക്കിൾ അപകടത്തിപ്പെട്ടു തകർന്നതിനെ തുടർന്ന് കൈറീസ് സള്ളിവൻ(16) ഹാർവി ഇവാൻസ് (15) എന്നിവർക്ക് മാരകമായി പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാൻ അവരെ വലിച്ചിഴക്കുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സൈക്കിളിൽ യാത്ര ചെയ്യുക ആയിരുന്ന ഇരുവരെയും പിന്തുടരുന്നതിനിടയിലാണ് അപകടം എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇരുവരും സൈക്കിളിൽ വരുന്നതിന് ദൃക്‌സാക്ഷികൾ ഉണ്ട്. പോലീസ് വാൻ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിഭ്രാന്തരായതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരുടെയും അപ്രതീക്ഷിത വേർപാടിൽ കുടുംബവും, കൂട്ടുകാരും സങ്കടകടലിലാണ്. ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.

അപകട വാർത്ത പുറത്ത് വന്നതിന് ശേഷം ഇരുവരുടെയും മരണത്തിന് പോലീസാണ് ഉത്തരവാദി എന്ന പറഞ്ഞുകൊണ്ട് പരിസരവാസികളും ബന്ധുക്കളും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതിന് ശേഷം ജാഗ്രത സദസ്സും നടത്തി. ഇതിൽ 15 ഉദ്യോഗസ്ഥർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീ ഇടുകയും തല്ലി തകർക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പണപ്പെരുപ്പം ഒരു വർഷത്തിനിടെ ആദ്യമായി 9 ശതമാനത്തിൽ താഴെ വന്നതിന്റെ ആശ്വാസത്തിലാണ് യുകെ മലയാളികൾ . കൺസ്യൂമർ പ്രൈസ് ഇൻഡക്സും പണപ്പെരുപ്പവും മാർച്ചിലെ 10.1 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.7 ശതമാനം ആയി കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. പല സാമ്പത്തിക വിദഗ്ധന്മാരും 8.5 ശതമാനത്തിൽ താഴെ പണപ്പെരുപ്പ നിരക്ക് എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഏപ്രിലിലെ കൂടിയ പണപ്പെരുപ്പത്തിൽ നിന്ന് 2 ശതമാനം എങ്കിലും കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വച്ചിരുന്നത്.


പണപ്പെരുപ്പം നിലവിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞു എന്നതിന്റെ അർത്ഥം ഉപഭോക്ത സാധനങ്ങളുടെ വിലയിൽ കുറവുണ്ടായി എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ രണ്ടു വർഷമായി ശരാശരി ഒരു കുടുംബത്തിന് 5,455 പൗണ്ട് ഉയർന്ന പണപ്പെരുപ്പം മൂലം നഷ്ടമായതായാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ അതിൻറെ പ്രതിഫലനം ശരിയായ രീതിയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റായ പോള ബെജാറാനോ കാർബോ പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . പണപെരുപ്പത്തിന് അനുപാതികമായ ശമ്പള വർദ്ധനവിനായി ഒട്ടേറെ സമരപരമ്പരകളാണ് രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്. ബ്രെക്സിറ്റും, റഷ്യ ഉക്രൈൻ യുദ്ധവുമെല്ലാവുമാണ് ബ്രിട്ടന്റെ പണപെരുപ്പ നിരക്ക് ഉയർന്നതിന്റെ മൂല കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

2030-ഓടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രായമായവരെ പരിപാലിക്കുന്നത് തുടങ്ങി സിനിമകൾ നിർമ്മിക്കാൻ വരെ കഴിയുമെന്ന് ശാസ്ത്രജ്ഞർ. അടുത്ത ദശാബ്ദത്തിനുള്ളിൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള എട്ട് AI വിദഗ്ധരുടെ പ്രവചനങ്ങൾ പുറത്ത്. AI-യുടെ വികസനം നിർത്തിവയ്ക്കണമെന്ന വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് പിന്നലെയാണ് ഇത്. നിലവിൽ നിർമ്മിത ബുദ്ധി തൊഴിൽ നഷ്ടത്തിനും മറ്റും കാരണമാകുമെന്ന ആശങ്ക ഉയർന്ന് നിൽക്കെയാണ് ഈ പ്രവചനം.

AI സാങ്കേതികവിദ്യ വളരെ വേഗതത്തിലാണെന്നും. ഭാവിയിൽ ഒരു ദിവസം കൊണ്ട് ഒരു സിനിമ മുഴുവൻ സൃഷ്‌ടിക്കാൻ വരെ സാധിക്കുമെന്ന് ആപ്പിൾ ടിവി സയൻസ് ഫിക്ഷൻ സീരീസിന്റെ ന്യൂയോർക്ക് ആസ്ഥാനമായുള്ള എഴുത്തുകാരൻ മിസ്റ്റർ ഹോവി പറയുന്നു. വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്യാനും പാഠ പദ്ധതികൾ അടിസ്ഥാനമാക്കി കുട്ടികളെ പഠിപ്പിക്കാനും AI-ക്ക് കഴിയും. ലണ്ടനിലെ റാവൻസ്‌ബോൺ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് ആൻഡ് കംപ്യൂട്ടിംഗ് മേധാവി ഡോ.അജാസ് അലിയാണ് ഈ പ്രവചനം നടത്തിയത്. കുട്ടികൾ ബുദ്ധിമുട്ടുന്ന മേഖലകൾക്കനുസൃതമായി പാഠങ്ങൾ നൽകുന്ന വ്യക്തിഗത AI ട്യൂട്ടറെ ഉടൻ തന്നെ കുട്ടികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

AI നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും 2030-ഓടെ ഇത് മനുഷ്യരാശിയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2030 ജനുവരി 1-ഓടെ മനുഷ്യവംശം പൂർണമായി തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ എലീസർ യുഡ്‌കോവ്‌സ്‌കി പറഞ്ഞു. കാലിഫോർണിയയിലെ ബെർക്ക്‌ലിയിലെ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശസ്ത ഗവേഷകനായ ഇദ്ദേഹം AI-യെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ വിദഗ്ധരിൽ ഒരാളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പഠനാവശ്യത്തിനായി മാഞ്ചസ്റ്ററിൽ എത്തിയ തൃശൂര്‍ മാളാ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരനായ ഹരി കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്നു ഹരി. ഹരി കൃഷ്ണന്റെ മൃതദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. ഹരികൃഷ്ണന്‍ യുകെയിലെത്തിയിട്ട് എട്ടു മാസം മാത്രം ആയിട്ടുള്ളു.

പഠനാവശ്യത്തിനായി യുകെയിലെത്തിയ ഹരികൃഷ്ണന്‍ മലയാളി ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹരിയെ മരിച്ച നിലയിൽ കിടപ്പു മുറിയില്‍ സുഹൃത്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വീട്ടുടമസ്ഥനേയും തുടര്‍ന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിൻറെ വിയോഗത്തിലുള്ള ഞെട്ടൽ മാറാതെ ഇരിക്കുകയാണ് ഹരികൃഷ്ണൻെറ സുഹൃത്തുക്കൾ.

പഠനത്തിൽ മികവ് കാട്ടിയിരുന്ന ഹരികൃഷ്ണന്‍ 97 ശതമാനം മാര്‍ക്കോടെയാണ് അവസാന പരീക്ഷ വരെയും പാസായത്. ഏക സഹോദരിയുടെ വിവാഹം ജൂലായ് ഒന്‍പതിന് നടക്കാനിരിക്കെയാണ് ഹരിയുടെ വേർപാട്.

ഹരി കൃഷ്ണന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി നടന്ന റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി. ഇനിമുതൽ നിരവധി രോഗികൾക്ക് ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കും. പ്രധാനമായും യൂറോളജി, വൻകുടൽ ക്യാൻസർ രോഗികളെ ചികിത്സിക്കാൻ റോബോർട്ട് അസിസ്റ്റഡ് സർജിക്കൽ സിസ്റ്റം സഹായകരമാകും .

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് യൂറോളജിയ സർജൻ ഡോ. അസ്ഹർ ഖാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായി. ഒക്ടോബർ 8-ാം തീയതി യോർക്ക് ഷെയറിൽ വച്ച് നടത്തപ്പെട്ട മലയാളം യുകെ അവാർഡ് നൈറ്റിൽ നേഴ്സിംഗ് രംഗത്തെ മികവിനുള്ള 2022 -ലെ അവാർഡ് മിനിജാ ജോസഫിനാണ് ലഭിച്ചത് . നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജാ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജാ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജാ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. മലയാളം യുകെയുടെ അവാർഡ് മിനിജാ ജോസഫിനെ തേടിയെത്തുമ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ സമർപ്പണമാണ് അംഗീകരിക്കപ്പെടുന്നത്.

ക്യാൻസർ രോഗ ചികിത്സയിൽ റോബോട്ടിക് അസിസ്റ്റഡ് സർജറി വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആണ് യുകെയിൽ ആദ്യമായി ആർ എ എസ് സംവിധാനം ഉപയോഗിച്ചുള്ള ചികിത്സ നടപ്പിലാക്കിയത് . ഒരു സർജന്റെ കൈചലനങ്ങളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന റോബോർട്ടിനെ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. റോബോട്ടിക് സർജറി വളരെ അത്യാധുനികമാണെന്നും അത് ക്യാൻസർ രോഗികൾക്ക് മികച്ച ചികിത്സ പ്രദാനം ചെയ്യുമെന്നും ഡോ. അസ്ഹർ ഖാൻ പറഞ്ഞു. ആശുപത്രികളിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കാം, വേഗത്തിൽ സുഖം പ്രാപിക്കാം എന്നിവയാണ് ആർ എഎസിന്റെ പ്രധാന നേട്ടങ്ങൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: വോൾവർഹാംപ്ടണിലെ 16 വയസുകാരന്റെ കൊലപാതകത്തിൽ 2 പേർ പിടിയിൽ. ലെയ്ൻസ് ഫീൽഡിലെ മൗണ്ട് റോഡിൽ പിന്നിൽ നിന്ന് രണ്ട് തവണ റൊണാൻ കാണ്ട എന്ന പതിനാറുകാരന് കുത്തേൽക്കുക ആയിരുന്നു. ഇതായിരുന്നു മരണകാരണമെന്നാണ് കോടതി പറയുന്നത്. മിടുക്കനും വളരെ നല്ല സ്വഭാവമുള്ള റൊണാൻ കഴിഞ്ഞ വർഷം ജൂൺ 29 ന് വൈകുന്നേരം മാരകമായി ആക്രമിക്കപ്പെട്ടപ്പോൾ പ്ലേസ്റ്റേഷൻ കൺട്രോളർ വാങ്ങി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന അഞ്ചാഴ്ചത്തെ വിചാരണയ്‌ക്കൊടുവിൽ 17 വയസ്സുള്ള രണ്ട് പേർ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. അവരിൽ ഒരാൾ മാത്രമാണ് റോണനെ കുത്തിയത്. എന്നാൽ 16 വയസ്സുള്ള മറ്റൊരാൾ കൊലപാതകത്തിന്റെ ആലോചന കേന്ദ്രമായി പ്രവർത്തിച്ചതായും കണ്ടെത്തി. ഇവരോടൊപ്പം ജോസിയ ഫ്രാൻസിസ് (20), ജോസഫ് വിറ്റേക്കർ (18) എന്നിവരും വിചാരണ നേരിട്ടെങ്കിലും എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഇവരെ വിമുക്തരാക്കി. കൊലപാതകത്തിനായി ഓൺലൈൻ മുഖേന വാൾ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് പതിനാറുകാരനെ അരിഞ്ഞുവീഴ്ത്തിയത്.

റൊണാന്റെ ഒരു സുഹൃത്തിനോട് അയാൾ അനിഷ്ടം പ്രകടിപ്പിക്കുകയും ഇരുവരും മുമ്പ് ഒരിക്കൽ വഴക്കിടുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ, 16 വയസ്സുകാരൻ മൂന്ന് കൂട്ടാളികളുമായി ഗൂഢാലോചന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിയ ഫ്രാൻസിസ് ഓടിച്ച ചുവന്ന കോർസയിൽ നാലുപേരും ലെൻസ് ഫീൽഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. ജൂൺ 14 ബുധനാഴ്ച 7 മണിക്ക് ആരംഭിക്കുന്ന സമരം ശനിയാഴ്ച 7 മണിക്കാണ് അവസാനിക്കുന്നത്. ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയും പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത് . നേരത്തെ സർക്കാർ വാഗ്ദാനം ചെയ്ത 5% ശമ്പള വർദ്ധനവ് സ്വീകാര്യമല്ലന്നാണ് ബി എം എയുടെ നിലപാട്.

എന്നാൽ സമരം പിൻവലിച്ചാൽ മാത്രമെ ഇനി ചർച്ചയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ . ന്യായമായ ശമ്പള വർദ്ധനവ് ആണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ചത് അനുചിതമാണെന്നുമാണ് ബി എം എയുടെ സമര പ്രഖ്യാപനത്തോട് സർക്കാർ വക്താവ് പ്രതികരിച്ചത്. ശമ്പള തർക്കം ആരംഭിച്ചതിനുശേഷം ജൂനിയർ ഡോക്ടർമാർ നടത്തുന്ന മൂന്നാമത്തെ സമരമാണിത് . ചർച്ചകൾ തുടരാൻ തയ്യാറാണെന്നും സർക്കാരിൽ നിന്ന് മെച്ചപ്പെട്ട ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതായും ബി എം എ അറിയിച്ചിട്ടുണ്ട്.

മാന്യമായ ശമ്പള വർദ്ധനവ് സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഈ വേനൽക്കാലം മുഴുവൻ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് ബി എം എ പദ്ധതിയിടുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന് ആനുപാതികമായുള്ള 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജിപി സർജറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നാലിലൊന്ന് പേരും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലാകെ ഏകദേശം 46,000 ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബി എം എ . ഡോക്ടർമാർ പണിമുടക്കുമായി മുന്നോട്ടു പോകുകയാണെങ്കിൽ അത് എൻഎച്ച് എസിന്റെ താളം തെറ്റിക്കുമെന്ന് എൻഎച്ച് എസ് പ്രൊവിഡേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാഫ്രോൺ കോർഡറി പറഞ്ഞു

RECENT POSTS
Copyright © . All rights reserved