ന്യൂസ് ഡെസ്ക് മലയാളം യുകെ

നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. സുല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കി. പകരം വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി . ഏവരെയും ഞെട്ടിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഡേവിഡ് കാമറൂണിന്റെ തികച്ചും അസാധാരണമായ തിരിച്ചുവരവായാണ് ഇത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

ബ്രിട്ടന്റെ ചരിത്രത്തിൽ ഒരു മുൻ പ്രധാനമന്ത്രി ഇത്തരത്തിൽ സർക്കാരിലേയ്ക്ക് തിരിച്ചുവരുന്നത് അസാധാരണമാണ്. ഋഷി സുനകിന്റെ ഇന്നത്തെ മന്ത്രിതല പുന സംഘടന ശോഭനമായ ഭാവിക്കായി ദീർഘകാല തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിന് ശക്തി പകരുന്നതാണ് എന്ന് കൺസർവേറ്റീവ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെട്ടു.

ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടത് തൻറെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ പദവിയായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അവർക്ക് കസേര നഷ്ടപ്പെടുന്നത്. നേരത്തെ ലിസ് ട്രസിന്റെ സർക്കാരിൽ നിന്ന് വിവാദങ്ങളെ തുടർന്ന് അവർ സ്ഥാനം രാജി വച്ചിരുന്നു. പാലസ്തീൻ അനുകൂല മാർച്ചിന് പോലീസ് പിന്തുണ നൽകുന്നതായി സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി പറഞ്ഞതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് സുല്ല ബ്രാവർമാന്റെ സ്ഥാന ചലനത്തിലേയ്ക്ക് നയിച്ചത് .