Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളുടെ പേരിൽ ബോറിസ് ജോൺസൺ എംപിമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിനെ വലിയ രീതിയിൽ പിന്തുണച്ചു എംപിമാർ. ഏഴിനെതിരെ 354 എന്ന നിലയിൽ കോമൺസ് റിപ്പോർട്ടിനെ പിന്തുണച്ചു. ജോൺസൺ ആവർത്തിച്ചുള്ള കുറ്റങ്ങൾ ചെയ്തതായി ക്രോസ്-പാർട്ടി കമ്മറ്റിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട്, വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എന്നിവരും റിപ്പോർട്ടിലെ കണ്ടെത്തലുകളെ പിന്തുണച്ചു. 118 ടോറി നേതാക്കൾ റിപ്പോർട്ടിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 225 എംപിമാർ വിട്ടുനിന്നു.

നമ്പർ 10ൽ നടന്ന സംഭവങ്ങളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നിലധികം പ്രസ്താവനകൾ ജോൺസൺ നടത്തിയതായി റിപ്പോർട്ടിന്റെ നിഗമനത്തിൽ പറയുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി ജോൺസൻ എം പി സ്ഥാനം രാജി വെച്ചിരുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി, കമ്മിറ്റിയെ “കംഗാരു കോടതി” എന്ന് മുദ്രകുത്തി ആക്ഷേപിച്ചതിലൂടെ ജോൺസൺ പാർലമെന്റിനെ കൂടുതൽ അവഹേളിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

സഭയെയും ജനങ്ങളെയും അദ്ദേഹം ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി കണ്ടെത്തി. കമ്മിറ്റിയുടെ നിഷ്പക്ഷതയ്‌ക്കെതിരെ ബോറിസ് നടത്തിയ ആക്രമണങ്ങളെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ട്. ‘ജനാധിപത്യത്തിന്റെ ഭയാനകമായ ദിനം’ എന്നാണ് ബോറിസ് റിപ്പോർട്ടിനെ വിമർശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ബോറിസ് തന്റെ എം പി സ്ഥാനം രാജി വെച്ചത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള കോമൺസ് ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി റിഷി സുനക് വിട്ടുനിന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി മോർട്ട്ഗേജ് നിരക്ക് 6.01% ആയി ഉയർന്നു. അതേസമയം, ശരാശരി അഞ്ച് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് 5.67% ആയും ഉയർന്നു. വിവരം പുറത്ത് വിട്ടത് ഫിനാൻഷ്യൽ ഇൻഫർമേഷൻ സ്ഥാപനമായ മണിഫാക്ടസ്. രണ്ട് വർഷത്തെ നിരക്ക് വെള്ളിയാഴ്ച 5.98 ശതമാനത്തിൽ നിന്ന് ഉയർന്നിരുന്നു. ലിസ് ട്രസ് ഗവൺമെന്റിന്റെ മിനി ബഡ്ജറ്റിന് പിന്നാലെ തകർന്ന വിപണിയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 2008 നവംബർ മുതൽ നിരക്ക് 6 ശതമാനത്തിനുള്ളിലായിരുന്നു.

ഉയർന്ന പലിശ നിരക്കുകൾ പേയ്‌മെന്റുകൾ കൂടുതൽ ചെലവേറിയതാക്കിയിട്ടും മോർട്ട്ഗേജ് ഉടമകൾക്ക് അധിക പിന്തുണ നൽകാൻ പ്രധാനമന്ത്രി വിസമ്മതിച്ചതിനെ തുടർന്നാണ് കുത്തനെ ഉള്ള ഈ കയറ്റം. ഊർജ്ജ ബില്ലുകളെ സഹായിക്കുന്നതിന് സർക്കാർ പിന്തുണ നൽകിയതിന് സമാനമായ തലത്തിൽ മോർട്ട്ഗേജ് ബില്ലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, പൊതുജനങ്ങളുടെ ആശങ്ക തനിക്ക് മനസ്സിലാകുന്നുണ്ടെന്നും എന്നാൽ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും റിഷി സുനക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺ 16 -ന് പുലർച്ചെ ലണ്ടനിൽ കുത്തേറ്റ് മരിച്ച അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ വർക്കല സ്വദേശി സൽമാൻ സലീം ആണ് അരവിന്ദിന്റെ ജീവനെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ട സൽമാനെ ജൂൺ 20 -ന് കോടതിയിൽ ഹാജരാക്കും.

അരവിന്ദ് ശശികുമാറിന്റെ ഇളയ സഹോദരൻ ബ്രിട്ടനിലെ നോർത്താംപ്ടണിൽ ആണ് താമസിക്കുന്നത്. ഇദ്ദേഹത്തെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. 20-ാം തീയതി പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ മരണത്തിലേയ്ക്ക് നയിച്ച കൂടുതൽ കാര്യങ്ങൾ പോലീസ് ബന്ധുക്കളോട് വെളിപ്പെടുത്തുകയുള്ളൂ. ഇന്ന് തിങ്കളാഴ്ച ബോഡി ഐഡന്റിഫിക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലണ്ടനിൽ എത്തണമെന്ന് പോലീസ് സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന രണ്ടു മലയാളികൾ യുവാക്കൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശിയും റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് .തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്.

ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ .

അരവിന്ദ് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയത് 10 വർഷം മുമ്പാണ് . ഇപ്പോൾ കെയർ വിസയിലേയ്ക്ക് മാറാൻ ഇരിക്കെയാണ് ഈ ദാരുണ സംഭവംനടന്നത്. ജോലി കണ്ടെത്താനും മറ്റുമായി അരവിന്ദ് വളരെയേറെ സഹായിച്ച വ്യക്തിയാണ് ഏറ്റവും ഒടുവിൽ അരവിന്ദിൻറെ ജീവനെടുത്ത കൊലപാതകയായി മാറിയത്. വാടകയ്ക്ക് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന പ്രതിയെ ഒരു മലയാളി എന്ന പരിഗണനയിൽ അരവിന്ദ് കൈയ്യയച്ചു സഹായിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾ വാഹനത്തിന്റെ മലിനീകരണ തോത് അടിസ്ഥാനമാക്കി പുതിയ ചാർജുകൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഇതോടെ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന കാറുകളുടെ ഉടമകൾക്ക് പാർക്ക് ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരും. എമിഷൻ അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്ന ലണ്ടനിലെ ഏറ്റവും പുതിയ കൗൺസിലാണ് ലാംബെത്ത്. ഇംഗ്ലണ്ടിലെ മറ്റ് കൗൺസിലുകളിലും നിരക്ക് വർദ്ധന വൈകാതെ പ്രാബല്യത്തിൽ വന്നേക്കാം. ഒരു കാറിന്റെ ടാക്സ് ബാൻഡ്, ഡീസൽ സർചാർജ് ഉണ്ടോ എന്നതാശ്രയിച്ച് ലാംബെത്തിൽ ഒരു മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഇപ്പോൾ 26 വ്യത്യസ്ത ചാർജുകൾ ഉണ്ട്.

സൗത്ത് ലണ്ടനിലെ വാട്ടർലൂ സ്റ്റേഷന് സമീപമുള്ള ഒരു പാർക്കിംഗ് ബേയിൽ ഇപ്പോൾ മണിക്കൂറിന് £6.30 നും £13.23 നും ഇടയിലാണ് ചാർജ്ജ് ഈടാക്കുന്നത്. ആപ്പിലൂടെ പണമടയ്ക്കുന്നു. യൂറോ 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഡീസൽ വാഹനത്തിന് 140 പൗണ്ട് അധിക വാർഷിക സർചാർജ് നൽകണം.

മെയ്‌ 30 -ന് ചാർജ്ജുകളെ പറ്റി നടത്തിയ കൺസൾട്ടേഷനിലെ 2,900-ത്തിലധികം പ്രതികരണങ്ങളിൽ, 59% പേർ നിർദ്ദേശങ്ങളെ എതിർത്തു. എന്നാൽ, വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്നും വിപുലമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് എതിർപ്പുകൾക്കിടയിലും ലാംബെത്ത് മാറ്റങ്ങൾ നടപ്പിലാക്കി.

RingGo, PayByPhone പോലുള്ള ആധുനിക പാർക്കിംഗ് ആപ്പുകൾ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കാനുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതായി വ്യവസായ വിദഗ്ധർ പറഞ്ഞു. ഈ ആപ്പുകൾക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് അതിന്റെ ടാക്സ് ബാൻഡ് തിരിച്ചറിയാനാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മോർട്ട്ഗേജ് നിരക്കുകൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള നടപടികൾ അവലോകനത്തിൽ ആണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഏതൊരു സാമ്പത്തിക സഹായവും നൽകാനുള്ള അന്തിമ തീരുമാനം ട്രഷറിയുടെ ഭാഗത്തു നിന്നായിരിക്കുമെന്നും അദ്ദേഹം പ്രശസ്ത മാധ്യമപ്രവർത്തക ലോറ ക്യൂൻസ്ബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ മോർട്ട്ഗേജിൽ ഇളവുകൾ നൽകുവാൻ നിലവിൽ ട്രഷറിയ്ക്ക് പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നാണ് ബിബിസി ന്യൂസിനു ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ പുതിയതായി ആരംഭിക്കുന്ന രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് 6 ശതമാനത്തിൽ കൂടുതലാകുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടുമോ എന്ന ലോറ ക്യൂൻസ്ബെർഗിന്റെ ചോദ്യത്തിനോട്, പ്രതിസന്ധികളെ നേരിടുവാൻ പൊതു പണം ഉപയോഗിക്കുന്നത് അനിവാര്യമായി കൂടുതൽ കടത്തിലേയ്ക്ക് നയിക്കുമെന്നാണ് മൈക്കൽ ഗോവ് പ്രതികരിച്ചത് . ഹ്രസ്വകാല ആശ്വാസം നൽകുന്നതിന് പണം ചെലവഴിക്കുക എന്നതാണ് ഏറ്റവും മോശം കാര്യമെന്നും , അത് നമ്മുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തിയ സാഹചര്യത്തിൽ മോർട്ട്ഗേജ് നിരക്കുകൾ കുതിച്ചുയരുകയാണ്. സാമ്പത്തിക ഡാറ്റാ സ്ഥാപനമായ മണിഫാക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം, 2018-ൽ അഞ്ച് വർഷത്തേക്ക് 250,000 പൗണ്ട് മോർട്ട്ഗേജ് ഉറപ്പിക്കുന്ന ഒരാൾക്ക് ശരാശരി നിരക്ക് 2.92% അല്ലെങ്കിൽ പ്രതിമാസം 1,175 പൗണ്ട് നൽകേണ്ടതായി വരും. ഇതിനൊപ്പം തന്നെ വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളും ജനങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമോ എന്ന് നോക്കിക്കാണുകയാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സണ്ടർലാൻഡിൽ താമസിക്കുന്ന മോനിപ്പള്ളി നിവാസിയായ ജെയിംസ് ജോസഫ് നാട്ടിൽ വച്ച് നിര്യാതനായി . ജെയിംസ് ജോസഫ് ( 58 ) -ന്റെ മരണം മഞ്ഞപ്പിത്തം മൂലമാണെന്നാണ് അറിയാൻ സാധിച്ചത്, വെറും മൂന്നുമാസം മുമ്പാണ് ജെയിംസിന്റെ മകളുടെ വിവാഹം നാട്ടിൽ വച്ച് നടന്നത്. വിവാഹ ശേഷം ജെയിംസ് ഒഴികെയുള്ള കുടുംബാംഗങ്ങൾ യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് മരണം കടന്നുവന്നത്. യുകെയിലെത്തിയ കുടുംബാംഗങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചതായാണ് അറിയാൻ സാധിച്ചത്.

ജെയിംസ് ജോസഫിന്റെ സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജെയിംസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും . കാലാവസ്ഥയിൽ ഉള്ള മാറ്റം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ആഴ്‌ച ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു കൊടുങ്കാറ്റുകൾക്ക് കാരണമായതായി വിദഗ്ദ്ധർ പറഞ്ഞു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. ഇതിൽ ചില സ്ഥലങ്ങളിൽ വാണിംഗ് തിങ്കളാഴ്ച്ച വരെ നീട്ടിയേക്കാം. ശക്തമായ കാറ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ നൽകുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില 29C (84F) വരെ എത്തുമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഒരു മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് മൂലം വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് വെയിൽസ്, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് കൊടുങ്കാറ്റുണ്ടായിട്ടും ഉയർന്ന താപനില തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്‌തത്‌. ഉയർന്ന താപനിലയ്‌ക്കൊപ്പം കുടിവെള്ളത്തിന്റെ ആവശ്യവും കുത്തനെ ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ സ്കൂൾ അധ്യാപകർ വീണ്ടും പണിമുടക്കിലേയ്ക്ക് . ജൂലൈ 5, 17 എന്നീ തീയതികളിൽ മെച്ചപ്പെട്ട സേവന വർദ്ധനവിനായി സ്കൂൾ അധ്യാപകർ പണിമുടക്കുമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (എൻ ഇ യു) അറിയിച്ചു. സർക്കാരുമായി സമവായത്തിന് ശ്രമിക്കുമെന്നും അവസാന കൈയ്യായിട്ടേ സമരമുഖത്ത് ഇറങ്ങുകയുള്ളൂവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. സമരം നടക്കുന്ന രണ്ടുദിവസവും മിക്ക സ്കൂളുകളുടെയും പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാനാണ് സാധ്യത.


ഇനി നടക്കുന്ന ഏത് സമരപരിപാടികളും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള സമര പ്രഖ്യാപനം നിരാശപ്പെടുത്തുന്നതാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ എൻ ഇ യു കഴിഞ്ഞവർഷം ദേശീയതലത്തിൽ അഞ്ചും പ്രാദേശിക തലത്തിൽ മൂന്നും സമരങ്ങൾ കഴിഞ്ഞ അധ്യായന വർഷത്തിൽ നടത്തിയിരുന്നു.

പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട ശമ്പള വർദ്ധന ശമ്പളത്തിനായുള്ള അധ്യാപകരുടെ ആവശ്യത്തോടെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറിയായ ഡോ. മേരി ബൂസ്റ്റഡ് പറഞ്ഞു. 2022 -23 വർഷത്തിൽ സ്റ്റേറ്റ് സ്കൂളിലെ ടീച്ചേഴ്സിന് 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ 1000 പൗണ്ട് ഒറ്റത്തവണ പെയ്മെൻറ് ആയും അനുവദിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായ ഇതിലും മെച്ചപ്പെട്ട ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.

നിലവിൽ പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കൂടെ താമസിക്കുന്ന വർക്കല സ്വദേശിയായ 20 വയസ്സുകാരനായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് . പ്രതിയായ യുവാവും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആളാണ്.

ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോട്ടിംഗ് ഹാമിൽ താമസിക്കുന്ന അരവിന്ദിൻറെ ഇളയ സഹോദരൻ ശേഖറും പെക്കമിലെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കളി ഇഷ്ടപ്പെട്ടിരുന്ന അരവിന്ദ് യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഒട്ടേറെ ജീവിത സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അരവിന്ദിന്റെ ജീവൻ നിസ്സാര വാക്കു തർക്കങ്ങളെ തുടർന്ന് തകർന്നടിഞ്ഞതിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മോശം കാലാവസ്ഥ മൂലം അഞ്ച് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് ഗുരുതരമായ പരിക്കേറ്റു. വർഷങ്ങൾക്ക് ശേഷം ഏറ്റവും മോശമായ കാലാവസ്ഥയ്ക്കാണ് 30,000 അടി ഉയരത്തിൽ പറന്ന വിമാനം സാക്ഷ്യം വഹിച്ചത്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള BA12 വിമാനമാണ് ബംഗാൾ ഉൾക്കടലിൽ രൂക്ഷമായ സാഹചര്യത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലെ ജീവനക്കാർക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾക്ക് ഇടുപ്പിൽ പരുക്കേറ്റതിനെത്തുടർന്ന് എം ആർ ഐ ക്ക് വിധേയമാക്കി.

മോശം കാലാവസ്ഥ മൂലം വിമാനം വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സിംഗപ്പൂരിലേക്ക് മടങ്ങി. ബോയിംഗ് 777-300ER വിമാനം ആൻഡമാൻ കടലിന് മുകളിലൂടെ കടന്ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് മോശം കാലാവസ്ഥയിൽ പെട്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാലാവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് വിമാന കമ്പനി പറഞ്ഞു.

ആഘാതത്തിൽ വിമാനം പെട്ടെന്ന് അഞ്ചടിയോളം താഴ്ന്നു. പരിഭ്രാന്തരായ യാത്രക്കാരെ സഹായിക്കാനായി വന്ന ജീവനക്കാർക്കാണ് സാരമായ പരുക്കുകൾ ഏറ്റത്. അപകടത്തിൽ അഞ്ചു ജീവനക്കാർക്കും മൂന്ന് യാത്രക്കാർക്കും ഗുരുതരമായ പരുക്കേറ്റു. 1979 നും 2020 നും ഇടയിൽ എയർ ടർബുലൻസ് 55 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved