ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബിജി ജോസ് , ബിന്ദു എബ്രഹാം, റ്റിൻസി ജോസ് എന്നീ മൂന്ന് മലയാളി നേഴ്സുമാരാണ് അവസാന റൗണ്ടിലെത്തിയത്.

ബിജി ജോസ് കഴിഞ്ഞ 29 വർഷമായി നേഴ്സായി ജോലി ചെയ്യുകയാണ്. ഇന്ത്യാ , സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്ത ബിജി 2003 മുതൽ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലാണ് താമസിക്കുന്നത്. ചികിത്സാരംഗത്ത് മാത്രമല്ല ചാരിറ്റി പ്രവർത്തനത്തിലും സ്വന്തമായി കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് ബിജി ജോസിൻ്റെത് . നോർത്തേൺ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ നേഴ്സ് കമ്മ്യൂണിറ്റി ആയ നോർത്തേൺ അയർലൻഡ് ഇന്ത്യൻ ഗ്രൂപ്പിൻറെ രൂപീകരണം ബിജി ജോസിന്റെ നേതൃത്വത്തിലായിരുന്നു. തിരക്കേറിയ വാർഡുകളിൽ ഇടവേളകളില്ലാതെ ബിജി ജോലി ചെയ്യുന്നത് അവളുടെ അർപ്പണ മനോഭാവത്തിന്റെ തെളിവായാണ് മേലധികാരികൾ സാക്ഷ്യപ്പെടുത്തുന്നത് . 2003 ജൂലൈയിൽ ഫുൾടൈം സ്റ്റാഫ് നേഴ്സ് ആയി യുകെയിൽ എത്തിയ ബിജി ഇപ്പോൾ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.

2001 -ൽ ആംബർഡിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്സി നേഴ്സിങ് പാസായി ആണ് ബിന്ദു എബ്രഹാം തന്റെ നേഴ്സിങ് ജീവിതം യുകെയിൽ ആരംഭിച്ചത്. തന്റെ ജോലിയുടെ ഭാഗമായി ഒട്ടേറെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കാൻ ബിന്ദുവിനായി . ന്യൂറോളജി വിഭാഗത്തിലെ ഡെപ്യൂട്ടി ചാർജ് നേഴ്സ്, ടീച്ചിങ് ആൻഡ് സ്റ്റാഫ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ഹെഡ് , ഓങ്കോളജി കീമോതെറാപ്പി യൂണിറ്റിലെ സീനിയർ ചാർജ് നേഴ്സ് എന്നീ മേഖലകളിലെ മികച്ച സേവനമാണ് അവസാന റൗണ്ടിലെത്താൻ ബിന്ദു എബ്രഹാമിനെ സഹായിച്ചത്. നിലവിൽ ബിന്ദു എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ആണ് സേവനം അനുഷ്ഠിക്കുന്നത്. എൻഎച്ച്എസിൽ മഹാമാരിയുടെ സമയത്ത് സപ്പോർട്ടീവ് തെറാപ്പിക്കായി ആരംഭിച്ച ELCH ഹോസ്പിറ്റലുകൾ ഉൾപ്പെടെ മൂന്ന് വിഭാഗങ്ങളുടെ നേതൃപരമായ പദവികൾ സുത്യർഹമായ രീതിയിൽ ബിന്ദു വഹിക്കുന്നുണ്ട്.

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റ്റിൻസി ജോസ് 2008 -ലാണ് യുകെയിലെത്തിയത്. 2014 മുതലാണ് തന്റെ സ്വപ്ന സ്ഥാനപമായ എൽഎച്ച്സിലെ ജോലിയിൽ സ്റ്റാഫ് നേഴ്സായി റ്റിൻസി പ്രവേശിച്ചത്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ് ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകമാനം അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ്കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ ടിൻസിയക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . അക്യൂട്ട് കെയർ ആകുക എന്നത് ആരോഗ്യ മേഖലകളിൽ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. 2023 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗികൾക്ക് പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തിയതിൽ റ്റിൻസി പങ്കെടുത്തിരുന്നു. ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു .

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെയും നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തിഞ്ഞെടുക്കുന്നത്. മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.