ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിലക്കയറ്റവും പണപ്പെരുപ്പവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വാട്ടർ ബില്ലിന്റെ പേരിൽ ഇരുട്ടടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഉപഭോക്താക്കൾക്ക് ഇതിൻറെ ഫലമായി പ്രതിവർഷം ശരാശരി 31 പൗണ്ട് അധികമായി ഒരു കുടുംബത്തിന് ചിലവഴിക്കേണ്ടതായി വരും . വാട്ടർ കമ്പനികൾ ശരാശരി 40 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടിരുന്നത്.
2030 വരെ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ജൂലൈയിൽ പുറത്തിറക്കിയ റെഗുലേഷന്റെ കരട് രൂപ രേഖയിൽ വ്യക്തമാക്കിയിരുന്നു. പല വാട്ടർ കമ്പനികളുടെയും ബില്ലിലെ വർദ്ധനവിൽ വ്യത്യാസം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് വാട്ടർ കമ്പനിയുടെ ഉപഭോക്താക്കൾക്ക് 53 ശതമാനം വർദ്ധനവ് ആണ് ഉണ്ടാവുക. 83 ശതമാനം വർദ്ധനവ് ആണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഏറ്റവും കുറവ് വർദ്ധനവ് വെസെക്‌സ് വാട്ടറിൻ്റെ ഉപഭോക്താക്കൾക്ക് ആണ് ഉള്ളത്. 21 ശതമാനം മാത്രമാണ് വെസെക്‌സ് വാട്ടർ ബില്ലുകളിൽ ഉണ്ടാകുന്ന വർദ്ധനവ്.
യുകെയിലെ ഏറ്റവും വലിയ വാട്ടർ കമ്പനിയായ തേംസ് വാട്ടറിൻ്റെ 16 ദശലക്ഷം ഉപഭോക്താക്കൾക്ക് 35 ശതമാനം വർദ്ധനവ് ആണ് അടയ്‌ക്കേണ്ടതായി വരുക. കമ്പനി ആവശ്യപ്പെട്ടത് 53 ശതമാനം വർദ്ധനവ് ആണ് വിവിധ ജല കമ്പനികളുടെ നിക്ഷേപ പദ്ധതികൾക്ക് സർക്കാർ തലത്തിൽ അനുവാദം കൊടുത്തിട്ടുണ്ട്. ഇതും ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ബില്ലുകൾ വർധിപ്പിക്കുന്നത് ഒരിക്കലും സ്വാഗതാർഹമല്ലെന്ന് മനസ്സിലാക്കുന്നതായും ബില്ലുകളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സംരക്ഷിക്കുമെന്നും വാട്ടർ കമ്പനികളുടെ പ്രതിനിധി പറഞ്ഞു. ഈ വിഭാഗത്തിൽ ഏകദേശം 3 ദശലക്ഷം കുടുംബങ്ങൾക്ക് സഹായം നൽകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ നിയമിച്ചു. ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന പീറ്റർ മണ്ടൽസണിൻ്റെ നിയമനം കടുത്ത വിമർശനങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ രാജി വയ്ക്കേണ്ടതായി വന്നിരുന്നു. ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്.
നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.
യുകെയും യുഎസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ പുതിയ അംബാസിഡർക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. ട്രംപിന്റെ പുതിയ കയറ്റുമതി ഇറക്കുമതി നയങ്ങൾ യുകെയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ വിപുലമായ താരിഫുകൾ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതുമൂലം യു കെയ്ക്ക് 22 ബില്യൺ പൗണ്ട് കൂടുതൽ ചിലവാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധർ പറയുന്നത്. യു.കെ.യുടെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങളെ യു.എസ്.എയിൽ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യമായ ആളെയാണ് അംബാസിഡറായി നിയമിച്ചതെന്ന് ഗവൺമെൻറ് പ്രതിനിധി പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനുവരി 27 ന് നോൾ വെസ്റ്റ് ഏരിയയിൽ വെച്ച് നടന്ന കത്തിക്കുത്തിലാണ് ഇരകളായ മേസൺ റിസ്റ്റ് (15), മാക്സ് ഡിക്സൺ (16) എന്നിവർക്ക് ജീവൻ നഷ്‌ടമായത്. 18 വയസുകാരനായ റൈലി ടോളിവർ , 17കാരനായ കോഡി-ഷായി വെസ്‌കോട്ട്, 15 ഉം 16 ഉം വയസ്സുള്ള മറ്റ് രണ്ട് പേരും കൂടിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മേസണെയും മാക്സിനേയും ആളുമാറി ഇവർ ആക്രമിക്കുകയായിരുന്നു.
ഇവരുടെ വാഹനം ഓടിച്ചിരുന്ന 45 കാരനായ ഡ്രൈവർ ആൻ്റണി സ്നൂക്കിനെ പ്രത്യേക വിചാരണയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. ശിക്ഷാവിധി കേൾക്കുന്നതിനിടയിൽ, മേസൺ റിസ്റ്റിൻ്റെ സഹോദരി ക്ലോ, പ്രതികളെ ശക്തവും വൈകാരികവുമായ പ്രസ്താവനയുമായി നേരിട്ടു. മൂന്നാം വയസ്സിൽ മേസണെ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയതായി ക്ലോ കോടതിയിൽ വെളിപ്പെടുത്തി.
ഹാർട്ട്ക്ലിഫ് ഏരിയയിലെ അക്രമികളുടെ വീടിന് നേരെ ഇഷ്ടികകൾ കൊണ്ട് മുഖംമൂടി ധരിച്ച യുവാക്കൾ ആക്രമിച്ചിരുന്നു. ഇതിൽ ഒരു സ്ത്രീക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ആൻ്റണി സ്നൂക്കും മറ്റ് മൂന്ന് പേരും പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ചത്. ഈ സമയം പിസ്സ വാങ്ങാനായി ഇറങ്ങിയ മേസൺ റിസ്റ്റും മാക്‌സ് ഡിക്‌സണും ആണ് തങ്ങൾക്ക് നേരേ അക്രമണം നടത്തിയതെന്ന് തെറ്റിദ്ധരിച്ച് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ബേസ് ബോൾ ബാറ്റും കത്തിയുമായി നടത്തിയ ആക്രമണത്തിൽ ഇരുവർക്കും മാരകമായി പരുക്കേറ്റു. കുത്തേറ്റതിന് പിന്നാലെ ജനുവരി 28 ന് ആശുപത്രിയിൽ ഇരുവരും മരണത്തിന് കീഴടങ്ങി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇന്ന് ചേർന്ന ബാങ്കിൻറെ അവലോകന യോഗമാണ് നിലവിലെ പലിശ നിരക്ക് 4.55 ശതമാനം തന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിന് ശേഷം സാമ്പത്തിക രംഗത്ത് സ്തംഭനാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ബാങ്കിൻറെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന അവലോകന യോഗത്തിൽ കടുത്ത നടപടികളുമായി ബാങ്ക് മുന്നോട്ട് വരുമോ എന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ചാൻസിലർ അവതരിപ്പിച്ച 40 ബില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും അടക്കം സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുന്ന ഘടകങ്ങൾ സെൻട്രൽ ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) വിലയിരുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിന് എംപിസിയിൽ ഏകാഭിപ്രായം രൂപപ്പെട്ടിരുന്നില്ല. മൂന്നിനെതിരെ 6 പേരുടെ ഭൂരിപക്ഷത്തിനാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനമെടുത്തത്. ബാങ്കിൻറെ ഗവർണറായ ആൻഡ്രൂ ബെയ്‌ലി സമീപഭാവിയിൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയിലേക്ക് സൂചനകൾ നൽകിയിട്ടുണ്ട്. നികുതി വർദ്ധനവും മിനിമം വേതനത്തിലെ വർധനവും പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ റീവ്സിൻ്റെ ബജറ്റിനോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ബാങ്ക് അറിയിച്ചു.
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനം സമീപ മാസങ്ങളിൽ ദുർബലമായതായാണ് കണക്കുകൾ കാണിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഉത്പാദനം 0.1 ശതമാനം കുറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്.
യുകെയിൽ പണപ്പെരുപ്പം തുടർച്ചയായ രണ്ടാമത്തെ മാസവും കുതിച്ചുയർന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ വരെയുള്ള വർഷത്തിൽ യുകെയിൽ പണപ്പെരുപ്പ നിരക്ക് 2.6% ആയി ആണ് ഉയർന്നത് . കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നിലവിലുള്ളത്. ഇന്ധനത്തിന്റെയും വസ്ത്രങ്ങളുടെയും വിലവർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമായത്. പണപ്പെരുപ്പ നിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി കൂടുതൽ എക്സാമിനർമാരെ സർക്കാർ നിയമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വർഷത്തിനുള്ളിൽ ലൈസൻസ് കിട്ടാനുള്ള കാത്തിരിപ്പ് സമയം ഏഴ് ആഴ്ചയായി കുറയ്ക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ലിലിയൻ ഗ്രീൻവുഡ് പറഞ്ഞു. ഈ വർഷമാദ്യം ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.9 ദശലക്ഷമായി എന്നാണ് . ഈ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടനിലുടനീളം 450 ഡ്രൈവിംഗ് എക്സാമിനർമാരുടെ റിക്രൂട്ട്മെൻ്റും പരിശീലനവും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നടപടികളിൽ ഉൾപ്പെടുന്നു. ഗുരുതരമായതോ അപകടകരമോ ആയ തെറ്റുകൾ വരുത്തി പരാജയപ്പെടുന്ന പഠിതാക്കൾക്ക് പുതിയ ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് കൂടിയാലോചനയും നടക്കുന്നുണ്ട് . മറ്റൊരു ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പഠിതാക്കളുടെ ഡ്രൈവർമാർ നിലവിൽ 10 പ്രവൃത്തി ദിവസങ്ങൾ കാത്തിരിക്കണം. ഈ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ നടത്തിപ്പിൽ സമൂലമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുന്നത്. ലേബർ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ തങ്ങൾക്ക് ലഭിച്ച കാത്തിരിപ്പു സമയം വളരെ കൂടുതലാണെന്നും സർക്കാർ നടത്തുന്ന ഇത്തരം അടിയന്തിര ഇടപെടലുകൾ പ്രശ്നം ഒരു പരുധിവരെ പരിഹരിക്കുന്നതിനും ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പരുധിവരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും ലിലിയൻ ഗ്രീൻവുഡ് പറഞ്ഞു.
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സ്‌കീയിംഗ് യാത്രയിൽ വിദ്യാർത്ഥികൾ മദ്യപിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ പ്രൊഫഷനിൽ നിന്ന് വിലക്കി. നോട്ടിംഗ്ഹാമിലെ സിപി റിവർസൈഡ് സ്കൂളിൽ ജോലി ചെയ്തിരുന്ന ജസ്റ്റിൻ ഡ്രൂറി 2017-ൽ സ്വിറ്റ്സർലൻഡിലേക്കുള്ള ഒരു വിനോദയാത്രയുടെ ചുമതലയിലായിരുന്നു. സ്കൂൾ യാത്രയ്ക്കിടെ വിദ്യാർത്ഥികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മദ്യപിക്കുകയും കത്തികൾ കൈവശം വയ്ക്കുകയും ചെയ്തതായി ടീച്ചിംഗ് റെഗുലേഷൻ ഏജൻസി (ടിആർഎ) പാനൽ വാദം കേട്ടു. അതോടൊപ്പം തന്നെ, ഒരു വിദ്യാർത്ഥിനി ഹോട്ടലിൽ വച്ച് മറ്റ് ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഫോണിൽ ചിത്രീകരിച്ച്, മറ്റൊരാൾ ആ വിദ്യാർത്ഥിനിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവങ്ങളും നടന്നു. മറ്റൊരു വിദ്യാർത്ഥി 30 പൗണ്ടിന് സഹപാഠിയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഒരു വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് മൂന്ന് കത്തികൾ കണ്ടെത്തിയതായും പറയപ്പെടുന്നു. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ കടയിൽ നിന്നും മോഷണം നടത്തുകയും ചെയ്തതായി പാനൽ വാദം കേട്ടു. തന്റെ ചുമതല ഡ്രൂറി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തി.
ഇതിനെ തുടർന്നാണ്, വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണെ പ്രതിനിധീകരിച്ച് റ്റി ആർ എ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൂറിക്ക് അനിശ്ചിതകാല നിരോധന നോട്ടീസ് നൽകിയിരിക്കുന്നത്. 2029 വരെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിക്കുവാൻ ഡ്രൂറിക്ക് അനുമതി ഉണ്ടാകുകയില്ല. സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഡ്രൂറി പരാജയപ്പെട്ടതായി ജൂറി കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം തുടർച്ചയായ രണ്ടാമത്തെ മാസവും കുതിച്ചുയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ വരെയുള്ള വർഷത്തിൽ യുകെ പണപ്പെരുപ്പ നിരക്ക് 2.6% ആയി ഉയർന്നു. കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നിലവിലുള്ളത്.
ഇന്ധനത്തിന്റെയും വസ്ത്രങ്ങളുടെയും വിലവർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമായത്. പണപ്പെരുപ്പ നിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ബാങ്ക് പലിശ നിരക്കുകൾ നേരത്തെ ഉയർത്തിയിരുന്നു. പടിപടിയായി കുറച്ചു കൊണ്ടുവന്ന പലിശ നിരക്ക് നിലവിൽ 4.75 ശതമാനമാണ്. പലിശ നിരക്കുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം ഡിസംബർ 4-ാം തീയതി വ്യാഴാഴ്ചയാണ്. പണപ്പെരുപ്പം ഉയർന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്.
ഈ വർഷം ഇന്ധനത്തിൻ്റെയും വസ്ത്രങ്ങളുടെയും വില വർദ്ധിച്ചതാണ് ഈ മാസം പണപ്പെരുപ്പം വീണ്ടും ഉയർന്നതിന് കാരണമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ONS) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാൻ്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. പണപ്പെരുപ്പം കൂടിയതുകൊണ്ട് വില വർധിച്ചതിനാൽ കുടുംബങ്ങൾ ജീവിത ചിലവുമായി മല്ലിടുകയാണെന്ന് തിരിച്ചറിഞ്ഞതായി ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. എന്നാൽ പണപ്പെരുപ്പം കൂടിയതിൽ പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തി. ചാൻസലറുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമായത് എന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് നിലവിൽ മങ്ങലേറ്റിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തെ പുതിയ കുടിയേറ്റ വിസ നിയമങ്ങൾ അടുത്ത വർഷം ജനുവരിയിൽ ലേബർ സർക്കാർ അവതരിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. പുതിയ വിസ കുടിയേറ്റ നയത്തിൽ മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും വിദേശ തൊഴിലാളി വിസകൾക്കായി പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള യുകെ ഗവൺമെൻ്റിൻ്റെ പദ്ധതികൾ പുതുവർഷത്തിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത് . പുതുവർഷത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന ധവള പത്രത്തിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
മൈഗ്രേഷൻ കുറയ്ക്കുന്നതിന് തദ്ദേശീയരായ തൊഴിലാളികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിടുമെന്നാണ് പൊതുവെ കരുതുന്നത്. വിദേശത്തുനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം ഇവിടെയുള്ള തൊഴിൽ ശക്തിയെ ഉപയോഗിക്കാനുള്ള നടപടികൾ വേണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഐടി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നും കൂടുതൽ റിക്രൂട്ട്മെൻറ് നടക്കുന്ന മേഖലകളാണ് ഇവ എന്നാണ് ഇതിന് പ്രധാന കാരണമായി ആഭ്യന്തര സെക്രട്ടറി ചൂണ്ടി കാണിച്ചത്.
2025 ജനുവരി മുതൽ പ്രൊഫസർ ബ്രയാൻ ബെൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. തന്റെ കാലാവധി അവസാനിക്കുന്നതു വരെ മുഴുവൻ സമയം സേവനം അദ്ദേഹം നൽകും. പ്രധാനമായും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും കുടിയേറ്റ നയത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കുക. കഴിഞ്ഞ സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടേറെ നടപടികൾ നടപ്പിലാക്കിയിരുന്നു. കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ ആശ്രിതർക്ക് വിസ അനുവദിക്കുന്നത് നിർത്തലാക്കിയത് അതിൻറെ ഭാഗമായിരുന്നു.
എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തദ്ദേശീയരായ ആളുകൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിൽ മേഖലകളിൽ സജ്ജരാക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ലേബർ സർക്കാരിൻറെ പദ്ധതി എത്രമാത്രം വിജയം കൊള്ളും? ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുന്നതിന് പ്രധാന കാരണം കുടിയേറ്റ വിരുദ്ധ പ്രചാരണമായിരുന്നു. അധികാരത്തിൽ എത്തിയാൽ കുടിയേറ്റം കുറയ്ക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റം കുറയ്ക്കാൻ യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.
എന്നാൽ തദേശീയരെ ലഭ്യമല്ലാത്ത പല ജോലികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത് നെറ്റ് മൈഗ്രേഷൻ ഉയരുന്നതിന് കാരണമായിട്ടുണ്ട്. നൈപുണ്യ മേഖലയിലെ അന്യ രാജ്യ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമറുടെ പദ്ധതി എത്രമാത്രം വിജയകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വിദഗ്ധ തൊഴിലാളി വിസയിൽ യുകെയിൽ വരുന്ന കുടിയേറ്റക്കാർ യുകെയിൽ ജനിച്ചവരെക്കാൾ 20 മടങ്ങ് കൂടുതൽ രാജ്യത്തിന് സംഭാവന നൽകുന്നതായി മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശീലനത്തെ മൈഗ്രേഷൻ ആയി ബന്ധപ്പെടുത്തി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലേബർ സർക്കാരിന്റെ ലക്ഷ്യമെന്ന് കെയർ സ്റ്റാർമർ ജൂലൈയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച നയം ഒരു പരുധിവരെ ആരോഗ്യമേഖലകൾക്ക് ഉൾപ്പെടെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായാണ് അന്ന് വിലയിരുത്തപ്പെട്ടത്.
എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നത് മുതൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലൈംഗികാരോപണത്തിന് ഇരയായ വൈദികൻ്റെ കേസ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ മുൻ നേതാവ് ജോർജ്ജ് കാരി വൈദികസ്ഥാനം രാജിവച്ചു. 1991 മുതൽ 2002 വരെ കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് കാരി, ലൈംഗികാതിക്രമത്തിൻ്റെ പേരിൽ വിലക്കപ്പെട്ട ഒരു വൈദികനെ പൗരോഹിത്യത്തിലേക്ക് മടങ്ങാൻ അനുവദിച്ചുവെന്ന ബിബിസി അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് രാജി. ഡിസംബർ 4 ന് അയച്ച രാജിക്കത്തിൽ, 1962 മുതൽ താൻ സജീവ ശുശ്രൂഷയിലാണെന്നും 90 വയസ്സ് തികയുകയാണെന്നും കാരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കത്തിൽ അന്വേഷണത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല. 1980 കളിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കെതിരായ പീഡനാരോപണത്തിൽ ഡേവിഡ് ട്യൂഡർ എന്ന വൈദികനെ സഭാ ശുശ്രൂഷയിൽ നിന്ന് അഞ്ച് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ 1994 ൽ കാരി ഇദ്ദേഹത്തെ തിരികെ ശുശ്രൂഷയിൽ പ്രവേശിക്കുവാൻ അനുവദിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബറിൽ ലൈംഗികാരോപണത്തെ തുടർന്ന് ട്യൂഡറിനെ വൈദിക സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടിരുന്നു. 1993-ൽ അന്നത്തെ കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന ലോർഡ് കാരി, തൻ്റെ മേൽനോട്ടത്തിൽ സസ്പെൻഷനിൽ നിന്ന് മടങ്ങിവരാൻ ട്യൂഡറിനെ അനുവദിച്ചതായാണ് സഭ ബിബിസി അന്വേഷണത്തോട് മറുപടി നൽകിയത്. എന്നാൽ ബിബിസി അന്വേഷണത്തിൽ, ഡേവിഡ് ട്യൂഡറിന് ജോലി ലഭിക്കുവാൻ കാരി സഹായിച്ചതായുള്ള തെളിവുകൾ കണ്ടെത്തി. അതിലുപരി, അച്ചടക്ക നടപടിക്ക് വിധേയരായ പുരോഹിതരുടെ കേന്ദ്ര പട്ടികയിൽ നിന്ന് ട്യൂഡറിൻ്റെ പേര് നീക്കം ചെയ്യാൻ കാരി സമ്മതിച്ചതായും പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നു.
ഈ നടപടിക്രമങ്ങൾ മതിയായതോ, ഈ കുറ്റകൃത്യങ്ങൾ അതിജീവിച്ചവരെ കേന്ദ്രീകരിക്കുന്നതോ അല്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നതായും, ഇന്ന് വളരെ വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു എന്നും സഭ ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നു. 1991-2002 കാലത്ത് കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന കാരി ട്യൂഡറിൻ്റെ പേര് തനിക്ക് ഓർമയില്ലെന്നാണ് അന്വേഷണത്തിൽ പറഞ്ഞത്. അന്വേഷണത്തെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും രാജി കത്തിൽ കാരി രേഖപ്പെടുത്തിയിട്ടില്ല. ലണ്ടൻ, സൗത്ത്‌വെൽ, ഡർഹാം, ബ്രിസ്റ്റോൾ, ബാത്ത് ആൻഡ് വെൽസ്, കാൻ്റർബറി, ഒടുവിൽ ഓക്‌സ്‌ഫോർഡ് രൂപതകളിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ലോർഡ് കാരി തന്റെ കത്തിൽ പറയുന്നു. നിലവിലെ വിവാദങ്ങളിൽ ഉള്ള സമ്മർദ്ദം മൂലമാണ് രാജി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.