ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കെന്റ്, സസ്സെക്സ് പ്രദേശങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിച്ച ജലവിതരണ തടസ്സങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് വാട്ടർ കമ്പനിക്ക് £22 മില്യൺ പിഴ ചുമത്താൻ നിയന്ത്രണ ഏജൻസിയായ ഓഫ്വാട്ട് നിർദ്ദേശിച്ചു. 2020 മുതൽ 2023 വരെ ഉണ്ടായ നിരവധി വിതരണ പ്രശ്നങ്ങളാണ് നടപടി സ്വീകരിക്കാൻ കാരണം. ഈ കാലയളവിൽ ഏകദേശം 2.86 ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകൾ നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൽ കമ്പനി ആവശ്യമായ മുൻകരുതൽ പദ്ധതികൾ തയ്യാറാക്കാത്തതും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം പൂർണമായി നടത്തിയില്ലെന്നും കണ്ടെത്തിയതായി ഓഫ്വാട്ട് അറിയിച്ചു. ഉയർന്ന തോതിൽ ആവശ്യം വർധിക്കുകയും കാലാവസ്ഥ അനുകൂലമല്ലാതാകുകയും ചെയ്ത സാഹചര്യങ്ങളിൽ സംവിധാനം തകരാറിലാകാൻ ഇതാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കമ്പനി പ്രതികരിച്ചത് മന്ദഗതിയിലും തെറ്റായ രീതിയിലുമായിരുന്നു എന്നും, കുടിവെള്ള ബോട്ടിലുകളും ടാങ്കറുകളും ആവശ്യത്തിന് ലഭ്യമാക്കാത്തതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ ഉണ്ടായ പുതിയ വിതരണ പ്രശ്നങ്ങൾക്കും കമ്പനി വീണ്ടും അന്വേഷണ വിധേയമാകുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചില പ്രദേശങ്ങളിൽ 16,000 വീടുകൾക്ക് ഒരു ആഴ്ചയോളം വെള്ളം ലഭിക്കാതെ പോയതും, ജനുവരിയിൽ ഏകദേശം 30,000 വീടുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായതും റിപ്പോർട്ടിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി യുകെ ആരംഭിച്ചു. മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ ചാർട്ടർ വിമാനം ഇന്നലെ ബുധനാഴ്ച രാത്രി 11 മണിക്ക് ആണ് പുറപ്പെട്ടത് . ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും വ്യോമഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.

സംഘർഷം ശക്തമായതിന് പിന്നാലെ ഏകദേശം 1.3 ലക്ഷം ബ്രിട്ടിഷ് പൗരന്മാർ നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രശ്നമുള്ളവർ, മുതിർന്നവർ, കുട്ടികളുള്ള കുടുംബങ്ങൾ തുടങ്ങിയ അടിയന്തിര സഹായം ആവശ്യമായവർക്കാണ് മുൻഗണന നൽകുന്നത്. ബ്രിട്ടീഷ് പൗരന്മാർക്കും അവരുടെ ജീവിത പങ്കാളികൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്രയ്ക്ക് അനുമതി ലഭിക്കും. ആവശ്യമായ യാത്രാ രേഖകൾ ഇല്ലാത്തവർക്ക് താൽക്കാലിക രേഖകൾ നൽകുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പലരും ഒമാനിലേക്ക് എത്തിച്ചേർന്ന് യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ഒരൊറ്റ വിമാനത്തിൽ എല്ലാവർക്കും സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ കൂടുതൽ ചാർട്ടർ സർവീസുകൾ ഒരുക്കാൻ സർക്കാർ എയർലൈൻസ് കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട് . ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ യാത്രാ പ്രതിസന്ധികളിലൊന്നായി ഈ അവസ്ഥ മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചെന്ന കുറ്റത്തിൽ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ ലേബർ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്‌ലർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ, വെയിൽസ്, സ്കോട്ട് ലൻഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളിൽ വ്യാപക പരിശോധനയും നടത്തി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കൗണ്ടർ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെ പ്രധാന തെളിവുകൾ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭർത്താവിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ താൻ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി . ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവർ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സുരക്ഷാ കേസുകളിൽ വർധനയുണ്ടായതായി കൗണ്ടർ ടെററിസം പൊലീസ് ലണ്ടൻ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്ലാനഗൻ പറഞ്ഞു. വിദേശ ശക്തികളുടെ ഇടപെടലുകൾ തടയാൻ പൊലീസ് ജാഗ്രത പാലിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ് മലയാളിയായ ഷിജോ ജേക്കബ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പിതാവിന്റെ ഒന്നാം ചരമ വാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം കേരളത്തിൽ എത്തിയിരിക്കുകയായിരുന്നു ഷിജോയും കുടുബവും . ജൂലൈ ഒന്നിന് യുകെയിലേക്കുള്ള മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഷിജോയ്ക്കും മക്കൾക്കും യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ച് അകാലത്തിൽ അന്ത്യം സംഭവിച്ചത്. ഭാര്യ നേരത്തെ യുകെയിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും ദുഃഖവാർത്തയെ തുടർന്ന് വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്.
ഓക്സ്ഫോർഡിലെ മലയാളി സമൂഹത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷിജോ. സാമൂഹിക പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓക്സ്ഫോർഡ് പള്ളിയിലെ കൈക്കാരനായും സേവനം അനുഷ്ഠിച്ചിരുന്നു.
ഷിജോയുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഒരുമ അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്മി വഴിയാണ് സഹായം സമാഹരിക്കുന്നത്. സംഭാവനകൾ നൽകുന്നതിനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
ഷിജോ ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസ ദുരുപയോഗം വ്യാപകമാണെന്ന കാരണം ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർഥി വിസ നൽകുന്നത് ഈ മാസം മുതൽ നിർത്തുമെന്ന് ഷബാന മഹമൂദ് അറിയിച്ചു. അഫ്ഗാൻ പൗരന്മാർക്ക് സ്കിൽഡ് വർക്ക് വിസയും നിർത്തുന്നതായി ഹോം ഓഫീസ് വ്യക്തമാക്കി. പഠനത്തിനായി നിയമപരമായി എത്തിയ ശേഷം അഭയം ആവശ്യപ്പെടുന്നവരുടെ എണ്ണം ഈ രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് കൂടുതലെന്ന് സർക്കാർ പറയുന്നു. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരെ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത തുടരുന്നതിനായാണ് നടപടി എന്നും സർക്കാർ വിശദീകരിച്ചു.

2021 മുതൽ 2025 വരെ പഠനം പോലുള്ള നിയമപരമായ വിസകളിൽ എത്തിയ ശേഷം അഭയം അപേക്ഷിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ അഭയം ആവശ്യപ്പെടുന്നവരിൽ 13% പേർ വിദ്യാർഥി വിസയിൽ എത്തിയവരാണ്. 2021 മുതൽ വിദ്യാർഥി വിസയിൽ എത്തിയ അഫ്ഗാൻ പൗരന്മാരിൽ 95% പേർ പിന്നീട് അഭയം ആവശ്യപ്പെട്ടതായി ഹോം ഓഫിസ് അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള അപേക്ഷകൾ 16 ഇരട്ടിയും കാമറൂൺ, സുഡാൻ രാജ്യങ്ങളിൽ നിന്നുള്ളത് നാലിരട്ടിയിലധികവും ഉയർന്നു. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 16,000 പേർക്ക് നിലവിൽ സർക്കാർ സഹായം ലഭിക്കുന്നുമുണ്ട്.

വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള അഭയം അപേക്ഷകൾ യുകെയുടെ അസൈലം സംവിധാനത്തിന് വലിയ സമ്മർദം സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു. ഇമിഗ്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന നിയമം ഉടൻ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റം കുറയ്ക്കണമെന്ന രാഷ്ട്രീയ സമ്മർദത്തിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. 2025ൽ 41,472 പേർ ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയതായി കണക്കുകൾ പറയുന്നു. അതേസമയം സ്ഥിരതാമസവുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾക്കെതിരെ ലേബർ പാർട്ടിയിലെ ഏകദേശം 40 എംപിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു . പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉൾപ്പെടെ അടിയന്തിര സേവനസംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന് പൊലീസിന്റെ പിന്തുണ ഉണ്ടെന്ന് ഡിറ്റക്ടീവ് സുപ്രണ്ട് ജെയിംസ് മുന്രോ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സമീപത്തെ പ്രൈമറി സ്കൂളും നേഴ്‌സറിയും അടിയന്തരമായി ‘ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചു. രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ ബ്രിഡ്ജ് റോഡിൽ ഉണ്ടായ സംഭവത്തെ തുടർന്ന് കുട്ടികളെ ഉച്ചയ്ക്ക് 2.20 ന് നേരത്തേ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു . പല രക്ഷിതാക്കളും ഭീതിയോടെ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് പ്രദേശം പൂർണമായി വളഞ്ഞതോടെ നിരവധി അടിയന്തിരവാഹനങ്ങളും ആംബുലൻസുകളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കിഴക്കൻ മധ്യ പൂർവ്വേഷ്യയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടൻ റോയൽ നേവിയുടെ എച്ച്എംഎസ് ഡ്രാഗൺ സൈപ്രസിലേക്ക് വിന്യസിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. യു.എസ്–ഇസ്രായേൽ–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൈപ്രസിലെ വ്യോമ താവളത്തിന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിക്കാനാണ് ഈ നീക്കം. 200-ലധികം സൈനികർ സേവനമനുഷ്ഠിക്കുന്ന എച്ച്എംഎസ് ഡ്രാഗൺ ലോകത്തിലെ ഏറ്റവും ശേഷിയുള്ള എയർ ഡിഫൻസ് യുദ്ധക്കപ്പലുകളിൽ ഒന്നാണെന്നും, 10 സെക്കൻഡിനുള്ളിൽ എട്ട് മിസൈൽ വരെ വിക്ഷേപിക്കാൻ കഴിവുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോൺ ഭീഷണിയെ നേരിടാൻ മിസൈലുകളോടെ സജ്ജീകരിച്ച രണ്ട് റോയൽ നേവി വൈൽഡ്ക്യാറ്റ് ഹെലികോപ്റ്ററുകളും മേഖലയിൽ വിന്യസിക്കും.

ഞായറാഴ്ച രാത്രി ആർഎഎഫ് അക്രോതിരിയിലെ റൺവേയിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. എന്നാൽ ‘കുറഞ്ഞ നാശനഷ്ടം’ മാത്രമാണ് ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാഖ്, ജോർദാൻ, ഖത്തർ എന്നിവിടങ്ങളിലെ ആകാശപരിധിയിൽ ബ്രിട്ടീഷ് സേന നിരവധി ഡ്രോണുകൾ തകർത്തതായും വ്യക്തമാക്കി. ഖത്തറിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ ഇറാനിയൻ ഡ്രോൺ തകർത്തതായും റിപ്പോർട്ടുണ്ട്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡുലിഡസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബ്രിട്ടൻ പൂർണ പിന്തുണ അറിയിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ഇതിനിടെ ഫ്രാൻസും ഗ്രീസും മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്റെ രാജ്യത്തിന്റെ ഏക വിമാനവാഹിനിക്കപ്പൽ ചാൾസ് ഡി ഗല്ലെ യുദ്ധ മേഖലയിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്രീസും നാല് F-16 യുദ്ധവിമാനങ്ങളും രണ്ട് ഫ്രിഗറ്റുകളും വിന്യസിക്കുമെന്ന് അറിയിച്ചു. അമേരിക്കയ്ക്ക് സൈപ്രസിലെ താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ ആദ്യം അനുമതി നൽകിയില്ലെന്ന വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ബ്രിട്ടന്റെ ദേശീയ താൽപര്യമാണ് മുൻഗണനയെന്ന് സ്റ്റാർമർ പാർലമെന്റിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കിടക്കയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ഗുരുതരാവസ്ഥ തുടരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . ഡോക്ടർമാർ അഡ്മിഷൻ നിർദേശിച്ചതിനു ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയിൽ കിടക്കയ്ക്കായി കഴിഞ്ഞവർഷം കാത്തിരുന്നത് 52,000 പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 6,893 പേർക്ക് 48 മണിക്കൂറിനു ശേഷമാണ് കിടക്ക ലഭിച്ചത്. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗങ്ങളുടെ വരാന്തകളിൽ ട്രോളിയിലും കസേരകളിലും ചിലപ്പോൾ നിലത്തുമായി രോഗികൾ കാത്തിരിക്കുന്ന അവസ്ഥയാണ് റിപ്പോർട്ടുകൾ തുറന്നു കാണിക്കുന്നത്.

ഈ സാഹചര്യം ‘ദേശീയ അടിയന്തരാവസ്ഥ’യായി വിലയിരുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നഴ്സിംഗ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ ശീതകാലമാണ് എൻഎച്ച്എസ് നേരിട്ടതെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല. പകരം ‘കോറിഡോർ കെയർ’ എന്ന രീതിയെ പല ട്രസ്റ്റുകളും പ്രായോഗികമായി അംഗീകരിച്ചിരിക്കുകയാണ്.

ചില ആശുപത്രികളിൽ കോറിഡോർ കെയർ തന്നെ പതിവ് സംവിധാനമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിസ്റ്റൺ ആശുപത്രി, റോയൽ ബ്ലാക്ക്ബേൺ ആശുപത്രി, ആരോ പാർക്ക്, റോയൽ പ്രസ്റ്റൺ, വാറിങ്ടൺ ആശുപത്രി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ദീർഘനേരം കാത്തിരിപ്പിന് വിധേയരായത്. ഗുരുതര രോഗാവസ്ഥയിലുള്ളവർക്ക് പോലും ഇടം കിട്ടാതെ വരാന്തകളിൽ പാർപ്പിക്കേണ്ടി വരുന്ന ഈ അവസ്ഥ ബ്രിട്ടന്റെ പൊതുജനാരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവ മേഖലയിലെ യുഎസ്–ഇസ്രായേൽ സൈനികാക്രമണങ്ങൾക്ക് പിന്നാലെ ബ്രിട്ടനിലെ സ്ഥാപനങ്ങൾക്കു നേരെ ഇറാനുമായി ബന്ധമുള്ള സൈബർ സംഘങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. മധ്യപൂർവേഷ്യയിൽ ഓഫീസുകളോ സപ്ലൈ ചെയിനുകളോ ഉള്ള കമ്പനികൾക്ക് സൈബർ ഭീഷണി കൂടുതലാണെന്ന് ഏജൻസി വ്യക്തമാക്കി. ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതടക്കമുള്ള ശക്തമായ സൈനികാക്രമണങ്ങൾ നടന്നിട്ടും ഇറാൻ്റെ പിന്തുണയുള്ള ഹാക്കർമാർക്ക് ഇപ്പോഴും സൈബർ ആക്രമണ ശേഷിയുണ്ടെന്ന് എൻസിഎസ്എസി ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലേക്കുള്ള നേരിട്ടുള്ള സൈബർ ഭീഷണി കടുത്തതല്ലെങ്കിലും ഇറാൻ ബന്ധമുള്ള സംഘങ്ങളുടെ ആക്രമണത്തിൽ അനുബന്ധ നാശനഷ്ടം സംഭവിക്കാമെന്നാണു വിലയിരുത്തൽ. വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ അടിയന്തര ജാഗ്രത പാലിക്കണമെന്നും ഐ.ടി. സംവിധാനങ്ങളുടെ നിരീക്ഷണം ശക്തമാക്കണമെന്നും എൻസിഎസ്എസി ദേശീയ പ്രതിരോധ വിഭാഗം ഡയറക്ടർ ജോനാഥൻ എലിസൺ നിർദേശിച്ചു. സൈബർ സുരക്ഷാ കമ്പനിയായ സോഫോസിലെ ഡയറക്ടർ റാഫെ പില്ലിംഗ്, ഇറാൻ ചൈനയുടെയോ റഷ്യയുടെയോ തലത്തിലുള്ള ശക്തിയില്ലെങ്കിലും അവഗണിക്കാനാവാത്ത ശേഷിയുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു.

അതിനിടെ, യുഎസ് ആസ്ഥാനമായ ക്രൗഡ്‌സ്ട്രൈക്ക് ഇറാൻ ബന്ധമുള്ള സംഘങ്ങൾ ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ്’ (DDoS) ആക്രമണങ്ങൾ ആരംഭിച്ചതായി കണ്ടെത്തി. മുൻ എഫ്ബിഐ സൈബർ വിഭാഗം ഉദ്യോഗസ്ഥയും ഹാൽസിയൺ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയുമായ സിന്തിയ കൈസർ, ഇറാന്റെ സൈബർ പ്രവർത്തനങ്ങൾ സർക്കാർ പിന്തുണയും ക്രിമിനൽ സംഘങ്ങളുമായുള്ള കൂട്ടുകെട്ടുമാണെന്ന് വ്യക്തമാക്കി. മധ്യപൂർവ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഡേറ്റാ സെന്ററുകൾക്ക് നേരെയുള്ള ഭൗതിക ആക്രമണ സാധ്യതയും അവഗണിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും വ്യോമമേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ നിയന്ത്രണങ്ങളും കാരണം സന്ദർശന വിസയിൽ എത്തിയ മാതാപിതാക്കൾക്ക് തിരിച്ച് പോക്ക് അനശ്ചിതത്വത്തിലായി . മിഡിൽ ഈസ്റ്റിലൂടെ സർവീസ് നടത്തുന്ന പ്രധാന വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം . എയർലൈൻ കമ്പനികളിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതും യാത്രാ ഇൻഷുറൻസ് ക്ലെയിമുകൾ സംബന്ധിച്ച അനിശ്ചിതത്വവും മൂലം കടുത്ത ആശങ്ക ആണ് ഉടലെടുത്തിരിക്കുന്നത് .
നിർബന്ധിത സാഹചര്യത്തിൽ മടങ്ങാനാവാത്തവർ ഉടൻ തന്നെ UK Visas and Immigration (UKVI) വഴി ‘Exceptional Assurance’ അല്ലെങ്കിൽ വിസാ എക്സ്റ്റൻഷൻ അപേക്ഷ സമർപ്പിക്കണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ഓൺലൈൻ അപേക്ഷയിൽ നിലവിലെ വിസയുടെ പകർപ്പ്, പാസ്‌പോർട്ട് വിവരങ്ങൾ, വിമാന സർവീസ് റദ്ദാക്കിയതായി തെളിയിക്കുന്ന എയർലൈൻ ഇമെയിൽ/മെസേജ്, പുതുക്കിയ ടിക്കറ്റ് വിവരങ്ങൾ, യുകെയിലെ താമസ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ചേർക്കണം. അപേക്ഷ സമർപ്പിച്ചതിന്റെ സ്ഥിരീകരണ ഇമെയിൽ സൂക്ഷിക്കുന്നത് നിർണായകമാണെന്നും നിയമോപദേശകർ പറയുന്നു. പ്രത്യേക സാഹചര്യങ്ങൾ തെളിയിക്കാനായാൽ താൽക്കാലികമായി രാജ്യത്ത് തുടരാൻ അനുമതി നൽകുന്ന രീതിയാണ് നിലവിലുള്ളതെന്ന് അവർ വ്യക്തമാക്കുന്നു.
ഇതിനിടെ ഏറ്റവും വലിയ വെല്ലുവിളിയായി ഉയരുന്നത് മരുന്നുകളുടെ ലഭ്യതയാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല അസുഖങ്ങൾക്ക് നിശ്ചിത ദിവസങ്ങൾക്കുള്ള മരുന്നുകൾ മാത്രം കരുതിയെത്തിയ നിരവധി മാതാപിതാക്കളാണ് പ്രശ്നത്തിൽ പെട്ടിരിക്കുന്നത് . സന്ദർശക വിസയിലുള്ളവർക്ക് സാധാരണയായി സൗജന്യ ചികിത്സാ അവകാശമില്ലെങ്കിലും അടിയന്തര ചികിത്സയ്ക്ക് നാഷണൽ ഹെൽത്ത് സർവീസ് (NHS) സേവനം ലഭ്യമാണ്. അടിയന്തിരമല്ലാത്ത സാഹചര്യത്തിൽ സമീപത്തെ ജി പി സർജറിയിൽ താൽക്കാലിക രജിസ്ട്രേഷൻ ആവശ്യപ്പെടാം; ചില ക്ലിനിക്കുകൾ സന്ദർശകർക്കായി ‘ടെമ്പററി പേഷ്യന്റ്’ ആയി രജിസ്റ്റർ ചെയ്യുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള പഴയ പ്രിസ്ക്രിപ്ഷൻ, മെഡിക്കൽ രേഖകൾ, ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ എന്നിവ കൈവശം ഉണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശപ്രകാരം സമാന മരുന്നുകൾ നൽകാനാകും. ആവശ്യമെങ്കിൽ സ്വകാര്യ ക്ലിനിക്കുകൾ വഴിയും ഫാർമസികളിലൂടെയും മരുന്നുകൾ ലഭ്യമാക്കാമെങ്കിലും ചെലവ് കൂടുതലാകുമെന്നതും ആശങ്ക ഉയർത്തുന്നുണ്ട് .