Main News

നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8:30 മുതൽ 10. 30 വരെ സെന്റ് പാട്രിക്സ് ആർസി ചർച്ചിൽ ആണ് പൊതുദർശനം നടക്കുന്നത്. തുടർന്ന് 11 മണിക്ക് കിംഗ്‌സ്‌തോർപ്പ് സെമിത്തേരിയിൽ മൃത സംസ്കാരം നടക്കും.

പൊതുദർശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

സെന്റ് പാട്രിക്സ് ആർസി ചർച്ച്, ഡസ്റ്റൺ 28 പെവെറിൽ റോഡ്, നോർത്താംപ്ടൺ NN5 6JW

കിംഗ്‌സ്‌തോർപ്പ് സെമിത്തേരി,
ഹാർബറോ റോഡ് നോർത്ത് ബൗട്ടൺ, നോർത്താംപ്ടൺ, നോർത്താംപ്ടൺഷയർ, NN2 8LU

റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോർത്താംപ്ടൺ, NN2 8UE

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂണ്‍ 12-ാം തീയതി ആയിരുന്നു ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ഉള്ളിൽ എയര്‍ ഇന്ത്യ 171 വിമാനം നിലംപതിച്ചത്. ഇപ്പോഴിതാ വിമാനം പ്രവർത്തിപ്പിച്ച പൈലറ്റ് മനഃപൂര്‍വ്വം അപകടം ഉണ്ടാക്കിയതാകാമെന്ന ആരോപണങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ശേഷം രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും “കട്ട്ഓഫ്” സ്ഥാനത്തേയ്ക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദ റെക്കോർഡിംഗുകളിൽ ഒരു പൈലറ്റ് ഇന്ധനം വിച്ഛേദിച്ചത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നതും മറ്റൊരാൾ താൻ അത് ചെയ്തില്ലെന്നും പറയുന്നത് കേൾക്കാം.

ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. കൂടാതെ വിമാനത്തിലുണ്ടായിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ ആയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പൈലറ്റുമാരില്‍ ഒരാള്‍ മനഃപൂര്‍വ്വം ഇന്ധനം സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. അതുകൊണ്ട് തന്നെ അപകട സ്ഥലത്തെ വിമാനത്തിൻെറ, രണ്ട് ഇന്ധന സ്വിച്ചുകളും “റൺ” പൊസിഷനിൽ ആയിരുന്നു. ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ഇത് മെക്കാനിക്കൽ തകരാർ മൂലമാണോ അതോ ആരെങ്കിലും ചെയ്‌തതാണോ എന്ന് വ്യക്തമല്ല. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിച്ചതിനു ശേഷം യുകെയിൽ ഉടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് 71 പേർ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. ലണ്ടൻ, കാർഡിഫ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ആണ് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് നിരവധി പേർ അറസ്റ്റിൽ ആയത് . 2000 ത്തിലെ തീവ്രവാദ നിയമപ്രകാരം കഴിഞ്ഞ ശനിയാഴ്ച മുതൽ പലസ്തീൻ ആക്ഷൻ്റെ പ്രവർത്തനങ്ങൾ സർക്കാർ നിരോധിച്ചിരുന്നു. അതായത് നിലവിൽ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.


ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടി തലസ്ഥാനത്തെ പാർലമെൻറ് സ്ക്വയറിൽ പ്രതിഷേധക്കാരുടെ രണ്ട് ഗ്രൂപ്പുകൾ ഒത്തു കൂടിയിരുന്നു. എതിർക്കുന്നതായും പാലസ്തീൻ ആക്ഷന് പിന്തുണയ്ക്കുന്നതായുമുള്ള പ്ലക്കാർഡുകൾ പ്രതിഷേധക്കാർ കൈവശം വച്ചിരുന്നു. ഒരുമണിക്ക് തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒന്നരമണിക്കൂറിനു ശേഷം 2.30 ഓടു കൂടി പോലീസ് പൂർണ്ണമായും നീക്കം ചെയ്തു. പോലീസ് നടപടിയോട് പ്രതിഷേധിച്ച് ചിലർ കമിഴ്ന്ന് കിടന്ന് പ്രതിഷേധിക്കുന്നത് കാണാമായിരുന്നു.


നിരോധിത സംഘടനയെ പിന്തുണയ്ക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ കാർഡിഫിലെ സെൻട്രൽ സ്‌ക്വയറിനടുത്തുള്ള ബിബിസി ഓഫീസുകൾക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സൗത്ത് വെയിൽസ് പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. നിയമപരമായി പ്രതിഷേധം നടത്തുകയാണെങ്കിൽ ജനങ്ങളുടെ ശബ്ദം കേൾക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു എന്ന് സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് രോഗം നിർണ്ണയിക്കാൻ വൈകിയതിനെ തുടർന്ന് വോയ്‌സ് ബോക്സ് നീക്കം ചെയ്യേണ്ടി വന്ന് സ്റ്റിർലിംഗിനടുത്തുള്ള അലോവയിൽ നിന്നുള്ള 68കാരനായ സ്റ്റീവ് ബാർട്ടൺ. റിട്ടയേർഡ് എഞ്ചിനീയർ ആയ അദ്ദേഹത്തിൻെറ തൊണ്ടയിലെ ക്യാൻസർ എൻഎച്ച്എസ് ചികിത്സാ പിഴവ് മൂലം കണ്ടെത്താത്തതിനെ തുടർന്നായിരുന്നു വോയിസ് ബോക്സ് നീക്കം ചെയേണ്ടതായി വന്നത്. തനിക്ക് ശ്വാസം എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും, അദ്ദേഹത്തിന്റെ ലക്ഷണങ്ങളെ ഡോക്ടർമാർ സൈനസ് പ്രശ്‌നങ്ങളോ അല്ലെങ്കിൽ റിഫ്ലക്സ് എന്നും പറഞ്ഞ് തള്ളി കളയുകയായിരുന്നു.

68കാരനായ സ്റ്റീവ് ബാർട്ടൻെറ ജീവിതം, എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യ കൺസൾട്ടന്റിനെ കാണുമ്പോഴാണ് രോഗം കണ്ടെത്താൻ ആയത്. എന്നാൽ അപ്പോഴേക്കും ശ്വാസനാളത്തിൽ ഒരു വലിയ ട്യൂമർ വളർന്ന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ തൊണ്ടയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും ഒരു പ്രോസ്തെറ്റിക് വോയ്‌സ് ബോക്‌സ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. കഴുത്തിലെ ദ്വാരത്തിൽ വെള്ളം കയറുന്നതിന്റെ അപകടസാധ്യത കാരണം സഹായമില്ലാതെ ജോലി ചെയ്യാനോ കുളിക്കാനോ സ്റ്റീവ് ബാർട്ടണ് ഇപ്പോൾ കഴിയില്ല. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ക്ലിനിക്കൽ നെഗ്ലിഗൻസിന് ഇരയായ ആയിരക്കണക്കിന് ബ്രിട്ടീഷ് രോഗികളിൽ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ.

എൻഎച്ച്എസ് സ്കോ ട്ട് ലൻഡിൽ നിലവിൽ പ്രതിവർഷം 14,000 ത്തോളം ക്ലിനിക്കൽ നെഗ്ലിഗൻസ് കേസുകൾ ആണ് റിപ്പോർട്ട് ചെയുന്നത്. ഇംഗ്ലണ്ടിൽ, 2024 ന് മുമ്പ് ഫയൽ ചെയ്ത മെഡിക്കൽ അശ്രദ്ധ കേസുകൾ തീർപ്പാക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മാറ്റിവച്ചിരിക്കുന്നത് 58.2 ബില്യൺ പൗണ്ടാണ്. മെഡിക്കൽ ആൻഡ് ഡെന്റൽ ഡിഫൻസ് യൂണിയൻ സ്കോട്ട് ലൻഡ് (MDDUS) ഔദ്യോഗികമായി തെറ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും രോഗിയുമായി സാമ്പത്തികമായി ഒത്തുതീർപ്പിന് അവർ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ചികിത്സാ പിഴവ് മൂലം ജീവിതം താറുമാറായ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ എന്നുള്ളത് ചികിത്സാ രീതികളിൽ എൻഎച്ച്എസ് എത്രമാത്രം മുൻപോട്ട് പോകാനുണ്ട് എന്നുള്ളതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്നുള്ള നാടുകടത്തൽ നേരിട്ട് ഇന്ത്യയിൽ നിന്നുള്ള കെയർ വർക്കർ. താൻ ജോലി ചെയ്‌തിരുന്ന കെയർ ഹോമിലെ അന്തേവാസികൾ നേരിടുന്ന പീഡനം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് കെയർ വർക്കറിന് നാട് കടത്തൽ ഭീക്ഷണി നേരിടേണ്ടി വന്നത്. മറ്റൊരു കെയർ ജീവനക്കാരൻ കെയർ ഹോമിൽ താമസിക്കുന്ന ഒരു പുരുഷനെ പലതവണ മർദ്ദിക്കുന്നത് താൻ കണ്ടതായി ഇവർ പറയുന്നു. പ്രസ്‌തുത സംഭവം മാനേജരോട് റിപ്പോർട്ട് ചെയ്‌തപ്പോൾ പ്രസ്താവന മാറ്റിയിലെങ്കിൽ പിരിച്ച് വിടുമെന്നായിരുന്നു പ്രതികരണം. ഇതിന് വിസമ്മതിച്ചതോടെ ഇവരെ കെയർ ഹോമിൽ നിന്ന് പിരിച്ച് വിടുകയും ചെയ്‌തു.

തൊഴിലുടമ സ്പോൺസർ ചെയ്ത വിസയിൽ ആയിരുന്നു ഇവർ യുകെയിൽ ജോലി ചെയ്‌തിരുന്നത്‌. പിരിച്ച് വിട്ടതോടെ വിസ പിന്തുണയും നഷ്ടപ്പെട്ടു. പുതിയ ഒരു സ്പോൺസറെ ലഭിക്കാത്ത പക്ഷം ഇവർക്ക് നാട് വിടേണ്ടതായി വരും. പരാതി റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെ ഇവർ ഇത് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കെയർ ഹോമിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസ്‌തുത സംഭവത്തിൻെറ അന്വേഷണം നടന്ന് വരികയാണ്. ഇതൊക്കെയാണെങ്കിലും പരിശോധന നടത്തിയതിനുശേഷവും കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കെയർ ഹോമിന് “ഗുഡ്” ടാഗ് ആണ് നൽകിയിരിക്കുന്നത്.

വിസ നിയന്ത്രണങ്ങൾ കാരണം സംസാരിക്കാൻ ഭയപ്പെടുന്നതിനാൽ കുടിയേറ്റ പരിചരണ തൊഴിലാളികൾ പലപ്പോഴും ഭീഷണിക്ക് ഇരയാകുന്നെന്ന് ജീവനക്കാരി പറയുന്നു. ഈ ഒരു കാരണം കൊണ്ട് കെയർ ഹോമുകൾ കുടിയേറ്റക്കാരെ നിയമിക്കാൻ കൂടുതൽ താത്പര്യപ്പെടുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഒരു ജീവനക്കാരനും സമാന തരത്തിലുള്ള തൻെറ അനുഭവം പങ്കുവച്ചു. നാല് കെയർ ഹോം അന്തേവാസികളെ 14 മണിക്കൂർ ഇടവേളകളില്ലാതെ ഒറ്റയ്ക്ക് പരിചരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടപ്പോൾ, വിസ റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റ് പലരും ഇതേ അവസ്ഥയിൽ കൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഈ വർഷത്തെ മൂന്നാം ഉഷ്‌ണതരംഗം നേരിടുമ്പോൾ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തി സർക്കാർ. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ആസ്റ്റ്‌വുഡ് ബാങ്കിൽ വെള്ളിയാഴ്ച താപനില 34.7°C വരെ എത്തി. വെയിൽസിലെ ഉസ്‌കിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത് 32.7°C ആയിരുന്നു. കുതിച്ചുയരുന്ന താപനില പരിഗണിച്ച് സത്തേൺ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന ആംബർ ഹീറ്റ്-ഹെൽത്ത് അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നോർത്തേൺ ഇംഗ്ലണ്ടിൽ യെല്ലോ അലേർട്ടുകൾ പ്രാബല്യത്തിൽ ഉണ്ട്. ഇത് കൂടാതെ സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻണ്ടിലും കാട്ടുതീ ഉണ്ടാകാനുള്ള മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. യെല്ലോ അലെർട്ടുകൾ സാധാരണയായി പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ യോർക്ക്ഷയർ വാട്ടറിന്റെ ഹോസ്പൈപ്പ് നിരോധനം വെള്ളിയാഴ്ച ആരംഭിച്ചു. നിരോധനം യോർക്ക്ഷയർ, നോർത്ത് ലിങ്കൺഷയർ, ഡെർബിഷയർ എന്നീ പ്രദേശങ്ങളെ ആയിരിക്കും ബാധിക്കുക. പൂന്തോട്ടങ്ങളിൽ വെള്ളം ഒഴിക്കുക, കാറുകൾ കഴുകുക, പാഡ്ലിംഗ് പൂളുകൾ നിറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ സാധിക്കും.

നീണ്ടുനിൽക്കുന്ന ചൂടും വരണ്ട കാലാവസ്ഥയും കാരണം മെയ് മുതൽ കുടിവെള്ളത്തിന്റെ ആവശ്യം റെക്കോർഡ് നിലയിലെത്തിയിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ പറയുന്നു. ഗ്ലാസ്‌ഗോയിലെ TRNSMT, ലണ്ടനിലെ വയർലെസ് തുടങ്ങിയ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നവരോട് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നും സൺസ്‌ക്രീനുകൾ ധരിക്കാൻ ശ്രദ്ധിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഹൃദ് രോഗം അല്ലെങ്കിൽ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ ഉഷ്‌ണതരംഗ സമയങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കണം എന്ന് എൻഎച്ച്എസ് അടിയന്തിര പരിചരണ ഡോക്ടർ ലോർണ പവൽ പറയുന്നു. സാധിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരാനും, ഇളം വസ്ത്രം ധരിക്കാനും, തണുത്ത ഭക്ഷണങ്ങൾ കഴിക്കാനും കുടിക്കാനും എൻഎച്ച്എസ് ശുപാർശ ചെയ്യുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെയ് മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക മേഖലയിൽ 0.1 ശതമാനം കുറവ് ഉണ്ടായത് ചാൻസിലർ റേച്ചൽ റീവ്സിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നിർമ്മാണ മേഖലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവാണ് സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


പ്രതിമാസ സാമ്പത്തിക വളർച്ച 0.1 ശതമാനം കൂടുമെന്ന പ്രവചനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ മൊത്ത ആഭ്യന്തര ഉൽപാദനം 0.1 ശതമാനമായി കുറഞ്ഞത് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടായിരുന്നു. നേരത്തെ ഏപ്രിൽ മാസത്തിലും വളർച്ചാ നിരക്ക് 0.3 ശതമാനം കുറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിച്ച ഉയർന്ന നികുതികളും അനിശ്ചിതത്വവും കാരണം ബിസിനസുകൾ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയും നിക്ഷേപ പദ്ധതികൾ റദ്ദാക്കുകയും ചെയ്തത് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . മെയ് മാസത്തിലും വളർച്ചാ നിരക്ക് കുറഞ്ഞതോടെ സാമ്പത്തിക രംഗത്ത് തുടർച്ചയായ രണ്ടാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.


വളർച്ചാ നിരക്കിലെ ഇടിവ് പ്രതിപക്ഷവും ഒപ്പം ലേബർ പാർട്ടിയിലെ വിമതരും സർക്കാരിനെതിരെ ആയുധമാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക ഉത്തേജനത്തിനായി ക്ഷേമ പദ്ധതികളിൽ വൻ വെട്ടി കുറവിന് പദ്ധതിയിട്ടു കൊണ്ട് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബിൽ അവസാന നിമിഷം ഒട്ടേറെ വെട്ടി ചുരുക്കലുകൾക്ക് കെയർ സ്റ്റാർമാർ സർക്കാർ നിർബന്ധിതരായിരുന്നു. ക്ഷേമ പദ്ധതികളിലെ വെട്ടി കുറവ് വരുത്താനുള്ള നിയമ നടപടികളോട് കടുത്ത വിമർശനമാണ് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ഉണ്ടായത്. ഈ മോശം കണക്കുകൾ യുകെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിപ്പിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിലെ സാമ്പത്തിക ശാസ്ത്ര ഡയറക്ടർ സുരേൻ തിരു പറഞ്ഞു. ശരത്കാല ബഡ്ജറ്റിൽ വൻ നികുതി വർദ്ധനവുകൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ കണക്കുകൾ നിരാശാജനകമാണെന്നും പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും റീവ്സ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വീടില്ലാത്ത കറുത്ത വംശജരുടെ എണ്ണം വെള്ളക്കാരേക്കാൾ വളരെ കൂടുതലാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. കറുത്തവരും വംശീയ ന്യൂനപക്ഷക്കാരും ആണ് വീടില്ലാത്തതിൻ്റെ ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് നാലിരിട്ടി കൂടുതലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.


രണ്ട് പതിറ്റാണ്ടിലേറെയായി ഭവനരഹിതരുടെ വംശീയതയെ കുറിച്ച് പുറത്തു വന്നിരിക്കുന്ന ആദ്യത്തെ പ്രധാന പഠന റിപ്പോർട്ടിൽ ആണ് ഈ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഭൂമിശാസ്ത്രം, ദാരിദ്ര്യം തുടങ്ങിയ ഘടകങ്ങൾക്കൊപ്പം വംശീയതയും ഭവനരാഹിത്യത്തിനെ നിർണ്ണയിക്കുന്നതായാണ് പഠനം പറയുന്നത്. ഹെരിയറ്റ് – വാട്ട് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദാരിദ്ര്യത്തിന് പുറമെ വംശീയതയും ഭവന രാഹിത്യത്തിന് ഒരു കാരണമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സ്വകാര്യ ഭൂവുടമകളിൽ നിന്ന് കൊടികുത്തി വാഴുന്ന വംശീയതയെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. സൂസൻ ഫിറ്റ്സ് പാട്രിക്ക് പറഞ്ഞു. ഭവനരഹിതരുടെ 750,000 വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മ്യൂണിറ്റി ഹോം ലഭിക്കുന്നതിന് കടുത്ത വിവേചനം ഉണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. വെളുത്ത വംശജരായ 24 ശതമാനം പേർക്ക് കമ്മ്യൂണിറ്റി ഹോം ലഭിച്ചപ്പോൾ 10 ശതമാനം കറുത്തവർക്ക് മാത്രമേ സാമൂഹിക ഭവനങ്ങളുടെ സൗകര്യം ലഭ്യമാകുന്നുള്ളൂ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൺഡർലാൻഡിൽ കെയർ ഹോമിലേയ്ക്ക് കാർ ഇടിച്ചു കയറി രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. 90 ഉം 80 വയസ്സുള്ള രണ്ട് അന്തേവാസികളാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഹൈ ക്ലിഫ് കെയർ ഹോമിൽ ആണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ പരുക്ക് പറ്റി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിത വേഗത്തിൽ ഓടിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന ഒരു ബിഎംഡബ്ല്യു കാറാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ 21 വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മേൽ നരഹത്യ കൂടി ചുമത്തിയതായി പോലീസ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അപകടത്തിൽ പെട്ട കാർ ന്യൂ കാസിലിലെ ഫെൻ ഹാം പ്രദേശത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് അറിയിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും.


മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാനുള്ള ശ്രമങ്ങൾ ഈ പദ്ധതിയിലൂടെ തടയാൻ കഴിയുമെന്ന് അവർ പറഞ്ഞു. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട കരാർ മനുഷ്യ കടത്തുകാർക്ക് വൻ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. ഈ വർഷം ഇത് റെക്കോർഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം ഏകദേശം 20,000 പേർ ആണ് യുകെയിൽ അനധികൃതമായി എത്തിയത് .


സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമെ തങ്ങളുടെ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന പദ്ധതികളും ഇരു നേതാക്കളും വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ ശത്രു രാജ്യത്തിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായാൽ സംയുക്തമായി ആയുധങ്ങൾ സമാഹരിക്കുക, ആണവ പ്രതിരോധ സംവിധാനങ്ങളെ ഏകോപിക്കുക എന്നീ നടപടികൾ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സംവിധാനത്തിന് പുത്തൻ ഉണർവ് നൽകും . ഇത് കൂടാതെ സൂപ്പർ കമ്പ്യൂട്ടറുകളിലും AI യിലും സഹകരണം ശക്തിപ്പെടുത്താനും തീരുമാനം കൈകൊണ്ടിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിൻ്റെ കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല. ഫ്രാൻസിലേയ്ക്ക് ആരെ തിരിച്ചയയ്ക്കും എന്ന കാര്യത്തിൽ എങ്ങനെ തീരുമാനം എടുക്കും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

RECENT POSTS
Copyright © . All rights reserved