Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ നാശനഷ്ടം വിതച്ചു കൊണ്ട് സുഡാനിൽ ആഭ്യന്തര കലാപം വ്യാപിക്കുന്നതിന്റെ റിപ്പോർട്ടുകൾ ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. സൈന്യത്തിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിന്റെ വ്യാപകമായ ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നതിനിടെ അവിടെയുള്ള ബ്രിട്ടീഷ് വംശജരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കകൾ ഉയർന്നിരുന്നു.


ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് നയതന്ത്രരെ ഒഴിപ്പിച്ചു. സങ്കീർണവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിലൂടെ ബ്രിട്ടീഷ് നയതന്ത്രരെയും അവരുടെ കുടുംബത്തെയും ഒഴിപ്പിച്ചതായി പ്രധാനമന്ത്രി റിഷി സുനകാണ് സ്ഥിരീകരിച്ചത്. സുഡാനിൽ തുടരുന്ന മറ്റ് ബ്രിട്ടീഷ് വംശജരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗവൺമെൻറ് പ്രതിജ്ഞാബദ്ധരാണ് അദ്ദേഹം അറിയിച്ചു. സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അമേരിക്ക നേരത്തെ ഒഴിപ്പിച്ചിരുന്നു.

സുഡാനിൽ പലസ്ഥലങ്ങളിലും യുദ്ധത്തെ തുടർന്ന് സ്ഥിതി വളരെ രൂക്ഷമായതിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വെടിനിർത്തൽ ഉറപ്പാക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെയുള്ള നേതൃത്വങ്ങളിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. യുകെയും ഈജിപ്തും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി റിഷി സുനകും ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ – സി സി യും ഇന്നലെ അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ പകുതിയിലധികം പേരും ബ്രോഡ്‌ബാൻഡ് ഡീലുകളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരാണെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്‌കോമിന്റെ റിപ്പോർട്ട്. ഒരു പ്രത്യേക ജനവിഭാഗത്തിനിടയിൽ വിവരങ്ങൾ ഒന്നും തന്നെ കൃത്യമായി എത്തുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. അതേസമയം, സോഷ്യൽ താരിഫുകൾ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും മാസത്തിൽ £10 നും £20 നും ഇടയിൽ ചിലവ് വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് ഡീലുകളാണ്. ഇതിലേക്ക് മാറുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിവർഷം 200 പൗണ്ട് ലാഭിക്കാമെന്ന് ഓഫ്കോം പറയുന്നു.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ ഡീലുകൾ ഏറ്റെടുക്കുന്നത് നാലിരട്ടിയായെങ്കിലും, ഭൂരിഭാഗം ആളുകൾക്കും ഇപ്പോൾ പണം നഷ്ടപെടുന്ന അവസ്ഥയാണ്. കുടുംബങ്ങൾക്ക് ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും വിദഗ്ദർ പറയുന്നു. യൂണിവേഴ്‌സൽ ക്രെഡിറ്റ്, പെൻഷൻ ക്രെഡിറ്റ്, ജോബ്‌സീക്കേഴ്‌സ് അലവൻസ്, ഇൻകം സപ്പോർട്ട് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് ഇന്റർനെറ്റ്, ടെലികോം ആക്‌സസ് എന്നിവയ്‌ക്കായി കുറഞ്ഞ തുക നൽകാൻ സോഷ്യൽ താരിഫ് ഉദ്ദേശിക്കുന്നു. ബി റ്റി, ഇ ഇ, സ്മാർട്ടി, കമ്മ്യൂണിറ്റി ഫൈബർ, നൗ, സ്കൈ, വിർജിൻ മീഡിയ, കെ സി ഒ എം, ഹൈപ്പർഒപ്റ്റിക്, ജി നെറ്റ്‌വർക്ക്, വോക്സി എന്നിവയാണ് നിലവിലെ ദാതാക്കൾ. ഏകദേശം 4.3 ദശലക്ഷം യുകെ കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് ലഭിക്കുന്നു, എന്നാൽ ഏകദേശം 220,000 ആളുകൾ – അല്ലെങ്കിൽ 5% കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഓഫറിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളത് എന്നതാണ് യാഥാർഥ്യം.

അർഹരായ പകുതിയിലധികം കുടുംബങ്ങളും സോഷ്യൽ താരിഫുകളെ കുറിച്ച് അജ്ഞരാണെന്നും പിന്തുണ ലഭിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓഫ്‌കോം പറയുന്നു. കഴിഞ്ഞ വർഷവും സമാനമായ ഒരു അപേക്ഷ നൽകിയിരുന്നു. ഈ പാക്കേജുകൾ എങ്ങനെ കണ്ടെത്താമെന്നും അതിൽ സൈൻ അപ്പ് ചെയ്യാമെന്നും ബ്രോഡ്‌ബാൻഡ് ദാതാക്കൾ ഇപ്പോഴും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവാൻമാരാക്കാൻ വേണ്ട നടപടികൾ കൈകൊള്ളുന്നില്ല എന്നാണ് അധികൃതരുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യവ്യാപകമായി നടന്ന എമർജൻസി അലേർട്ടുകളുടെ പരിശോധനയിൽ അലാറം കേൾക്കാത്ത സ്മാർട്ട്‌ഫോണുകൾ അവലോകനത്തിന്റെ ഭാഗമായിരിക്കും. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്നലെയാണ് നടന്നത്. യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ ഫോണിൽ വൈകിട്ട് 3:00 മണിക്ക് അലാറം ലഭിച്ചപ്പോൾ കുറച്ച് പേർക്ക് ഇത് ലഭിച്ചിരുന്നില്ല. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

4G, 5G ഉപകരണങ്ങളിൽ അലാറം ഏകദേശം 10 സെക്കൻഡ് വരെ നീണ്ടുനിന്നു. അലാറം മുഴങ്ങിയ സമയത്ത് ഫോണിൽ സിവിയർ അലേർട്ട് എന്ന സന്ദേശം മിന്നിമറയുകയും ചെയ്‌തു. എന്നാൽ അലാറം ആസൂത്രണം ചെയ്തതിനേക്കാൾ ഒരു മിനിറ്റ് മുമ്പോ വൈകിയോ നിന്നതായി സോഷ്യൽ മീഡിയയിൽ പലരും റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റ് ചിലർ തങ്ങൾക്ക് അലേർട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. താൻ അലെർട്ടുകൾ ഓഫ് ആക്കിയിരുന്നില്ലെന്നും എന്നാൽ തനിക്ക് ടെക്‌സ്‌റ്റോ നോയ്‌സ് അലേർട്ടോ ലഭിച്ചിട്ടില്ല എന്നും ഒരാൾ ട്വീറ്റ് ചെയ്‌തു.

ചില മൊബൈൽ ഫോണുകളിൽ അലേർട്ടുകൾ എത്തിയിട്ടില്ലെന്ന് ക്യാബിനറ്റ് ഓഫീസ് വക്താവ് അറിയിച്ചു. ഇതിന് പിന്നിലുള്ള കാരണങ്ങളെ പറ്റി കൂടുതൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഫോണുകളിലെ ഫംഗ്‌ഷനുകൾ പിന്നീട് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്ന പ്രവണത എഞ്ചിനീയർമാർ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. നിലവിൽ ട്രയൽ റണ്ണിന്റെ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വംശീയ വിദ്വേഷം നിറഞ്ഞ കത്തിന്റെ അന്വേഷണത്തിന് പിന്നാലെ ലേബർ പാർട്ടി എംപി ഡയാൻ ആബട്ടിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി അറിയിച്ചു. വിവാദ പരാമർശം അടങ്ങിയ കത്ത് ഞായറാഴ്ച ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തൻറെ പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഡയാൻ പിന്നീട് ട്വീറ്റ് ചെയ്തു. തൻെറ പ്രസ്‌താവനയിൽ മറ്റുള്ളവർക്ക് ഉണ്ടായ വേദനയ്ക്ക് താൻ ക്ഷമ ചോദിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം ഡയാൻ ആബട്ടിൻെറ പ്രസ്‌താവന കുറ്റകരമാണെന്ന് ലേബർ പാർട്ടി പറഞ്ഞു.

ഡയാൻ ആബട്ടിൻെറ വിവാദ പരാമർശം ഇങ്ങനെ: “പ്രീ-സിവിൽ അമേരിക്കയിൽ ഐറിഷ്, ജൂത വംശജർക്ക് ബസിന്റെ പിൻഭാഗത്ത് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വർണ്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങൾക്ക് വോട്ടുചെയ്യാൻ സാധിച്ചിരുന്നു. അടിമത്തത്തിന്റെ കാലഘട്ടത്തിൽ അടിമക്കപ്പലുകളിൽ വെള്ളക്കാർ ആരും ഉണ്ടായിരുന്നില്ല. വംശീയത നിറമുള്ള ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന വീക്ഷണത്തെ ചോദ്യം ചെയ്യുന്ന ഗാർഡിയനിലെ ഒരു ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.” മിസ് ആബട്ടിന്റെ കത്തിനെ തീർത്തും വർണ വിവേചനം നിറഞ്ഞ കത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ജൂവ്സ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് രംഗത്തു വന്നു.

പ്രസ്താവനയ്ക്ക് പിന്നാലെ തൻെറ പരാമർശം മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു. വംശീയത പല വിഭാഗങ്ങളും പല തലത്തലാണ് അനുഭവിച്ചിരുന്നതെന്നും ഐറിഷ്, ജൂത വംശജർക്ക് അവരുടേതായ രീതിയിൽ ഭീകരമായ അനീതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡയാൻ ആബട്ടിൻെറ അഭിപ്രായങ്ങളെ ലേബർ പാർട്ടി പൂർണ്ണമായും അപലപിക്കുന്നതായി ലേബർ പാർട്ടി വക്താവ് പറഞ്ഞു.

യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ മഞ്ജുഷ് മാണിയുടെ പൊതുദർശനം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് പള്ളിയിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ. ജോസ് അന്ത്യാംകുളം നേതൃത്വം നൽകി. ലീഡ്സ് സെന്റ് മേരീസ് ആൻറ് സെന്റ് വിൽഫ്രഡ് ഇടവകയുടെ മുൻ വികാരിയും സെൻറ് തോമസ് മോർ മിഷന്റെയും കാതറീൻ മിഷന്റെയും ഡയറക്ടറായ ഫാ. മാത്യു മുളയോലിയും ഷെഫീൽഡിലെ സെൻ്റ്. മറിയം ത്രേസ്യ മിഷൻ ഡയറക്ടറായ ജോം മാത്യു കിഴക്കാരക്കാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കാനും മഞ്ജുഷിന് ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയിരുന്നു.

വെയ്ക്ക് ഫീൽഡിലെ സൗമ്യതയുടെയും പുഞ്ചിരിയുടെയും മുഖമായ മഞ്ജുഷിന്റെ വിയോഗം താങ്ങാനാവാത്തതിലുള്ള ദുഃഖത്തിലാണ് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ .

മഞ്ജുഷിന്റെ വിയോഗത്തിൽ വിഷമിക്കുന്ന ഭാര്യ ബിന്ദുവിനെയും കുട്ടികളായ ആൻമേരിയേയും അന്നയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും മിത്രങ്ങളും വിഷമിക്കുന്ന കാഴ്ച ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മഞ്ജുഷ് വിടവാങ്ങിയത് ഓരോരുത്തർക്കും ഓർമ്മിക്കാൻ ഒട്ടേറെ ഓർമ്മകൾ ബാക്കി വച്ചായിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുഷിന്റെ അന്ത്യ യാത്രാമൊഴി ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു.

22-ാം തീയതി ശനിയാഴ്ച മൂന്നുമണിയോടുകൂടി മഞ്ജുഷിന്റെ ഭൗതികശരീരം വെയ്ക് ഫീൽഡിലെ സ്വഭവനത്തിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എത്തിച്ചത്. വിലാപയാത്രയിൽ പങ്കെടുക്കാനായി നിരവധി മലയാളികളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ജുഷിന്റെ താമസസ്ഥലത്ത് എത്തിച്ചേർന്നത്.

മഞ്ജുഷിനു വേണ്ടി ചെയ്ത സേവനങ്ങൾക്ക് അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവിന്റെ സഹോദരൻ ബിനു ആൻറണി ലീഡ്സ് ഇടവക സമൂഹത്തിനും അസോസിയേഷനും മഞ്ജുഷിനെ വിഷമസന്ധിയിൽ സഹായിച്ച എല്ലാവർക്കുമുള്ള നന്ദി അറിയിച്ചു.

വെയിക് ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു എൻഎച്ച്എസിൽ നേഴ്സായി ആണ് ജോലി ചെയ്യുന്നത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.

രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡൻറ് ജോസ് പരപ്പനാട്ട്, സെക്രട്ടറി ടോണി പാറടിയിൽ, യുക്മയ്ക്ക് വേണ്ടി വെസ്റ്റ് യോർക്ക് ഷെയർ റീജിനൽ വൈസ് പ്രസിഡൻറ് സിബി മാത്യു , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി  ,മലയാളം യുകെ ന്യൂസിനു വേണ്ടി ജോജി തോമസ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ലീഡ്സ് ഇടവക ദേവാലയത്തെ പ്രതിനിധീകരിച്ച് സിബി തോമസ് സംസാരിച്ചു. പിറവം സംഗമം യുകെയുടെ പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ. മുൻ ഐഎസ്ഐഎസ് പോരാളി ഭീകരൻ ചാനൽ കടന്നെത്തിയാതായി റിപ്പോർട്ട്‌. 42 വയസുള്ള ഇയാൾ 17 കാരനെ പോലെയാണ് എത്തിയതെന്നും അധികൃതർ പറഞ്ഞു. ബ്രിട്ടനിലേക്ക് എത്തുന്നതിനു മുൻപ് വ്യാജരേഖകൾ ചമച്ച് 18 വയസിൽ താഴെയുള്ളവരുടെ ക്യാമ്പിൽ താമസിച്ചിരുയുന്നതായും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ‘എജെ’ എന്ന് മാത്രം പേരിട്ടിരിക്കുന്ന ഇയാൾ ഇറാഖ് സ്വദേശിയാണ്. സ്വന്തം രാജ്യത്തെ തീവ്രവാദ ഗ്രൂപുകളിൽ സജീവ പ്രവർത്തകനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചെറിയ ബോട്ടിലാണ് ഭീകരൻ എത്തിയതെന്നും, ഇതിനായി വ്യാജ ഐഡി ഉപയോഗിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത്, താടിയും മുടിയും വളർത്തിയ അവസ്ഥയിൽ പ്രായം കുറഞ്ഞ ആളായി കാണിച്ചാണ് അനധികൃതമായി കടന്നത്. 2021ലാണ് ഇയാൾ യുകെയിൽ എത്തിയത്. തുടർന്ന് ലണ്ടനിലെ പ്രാദേശിക അധികാരികളുടെ പരിചരണത്തിൽ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യൂറോപ്പിൽ വ്യാപിച്ചുകിടക്കുന്ന അഭയാർഥികളുടെ ഡാറ്റാബേസുമായി ബന്ധപ്പെട്ട് ഇയാളുടെ വിരലടയാളം പരിശോധിച്ചതിനെത്തുടർന്ന് യഥാർത്ഥ ഐഡന്റിറ്റി പുറത്ത് വന്നത്. 2006ൽ ഇറാഖിൽ വെച്ച് യുഎസിന്റെയും യുകെയുടെയും സുരക്ഷാ സേനയുമായാണ് പ്രതി ആദ്യമായി ഏറ്റുമുട്ടിയതെന്നും തീവ്രവാദിയായി രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. എൻഎച്ച്എസിന് മാത്രം ചികിത്സിക്കാൻ കഴിയുന്ന വിഷാദരോഗം തനിക്ക് ഉണ്ടെന്നും ഇറാഖിലേക്ക് നാടുകടത്തുന്നത് തൻെറ മനുഷ്യാവകാശ ലംഘനമാണെന്നും അവകാശപ്പെട്ട് ലീഗൽ എയ്ഡ് ഫണ്ടഡ് കേസിൽ നാടുകടത്തലിനെതിരെ നിയമപോരട്ടം നടത്തുകയാണ് ഇയാൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്ന് നടക്കും. എമർജൻസി അലെർട്ടുകൾ ഭാവിയിൽ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം എന്ന് യുകെ ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഫോണുകളിൽ ഇന്ന് വൈകുന്നേരം 3:00 മണിക്ക് ഏകദേശം 10 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന അലാറം കേൾക്കും. പരീക്ഷണത്തിന്റെ ഭാഗമായി ചില കായിക മത്സരങ്ങളും തിയേറ്റർ ഷോകളും താൽക്കാലികമായി നിർത്തിവയ്ക്കുമെങ്കിലും പൊതുജനങ്ങളിൽ നിന്ന് നടപടികൾ ഒന്നും ആവിശ്യമില്ലെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

പരീക്ഷണത്തിൻെറ പേരിൽ ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും തങ്ങളുടെ 4G, 5G ഉപകരണങ്ങളിൽ ടെസ്റ്റ് അലേർട്ട് ലഭിച്ചതിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഒലിവർ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള വഴിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പരീക്ഷണം മാത്രമാണെന്നും നിങ്ങൾക്ക് ലഭിക്കുന്ന മറ്റേതു സന്ദേശവും പോലെ തന്നെ ഇതിനെ കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അലെർട്ടുകൾ ലഭിക്കേണ്ടാത്തവർക്ക് ഫോണിലെ സെറ്റിങ്സിൽ അത് തിരഞ്ഞെടുക്കാം. അതേസമയം ഓഫായ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലുള്ള ഫോണുകൾക്കും അലേർട്ടുകൾ ലഭിക്കില്ല. “ഇത് ഒരു പുതിയ യുകെ സർക്കാർ സേവനമായ എമർജൻസി അലേർട്ടുകളുടെ ഒരു പരീക്ഷണമാണ്, അലേർട്ടുകൾ സമീപ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും” എന്നാണ് പരീക്ഷണ സന്ദേശത്തിൻെറ ഉള്ളടക്കം. യഥാർത്ഥ അടിയന്തരാവസ്ഥ സമയങ്ങളിൽ സുരക്ഷിതരാവാൻ അലേർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കായി സർക്കാരിൻെറ gov.uk/alerts സന്ദർശിക്കുക.

വാല്‍സാള്‍:  യുകെയിലെ മലയാളി സമൂഹത്തിന് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ നിന്നൊരു മരണവാര്‍ത്ത. ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ആണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.

സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം  കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ)

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുകൾപെറ്റ ഇന്ത്യൻ രുചിയുടെ സ്വാദ് വിളിച്ചോതുന്ന റെസ്റ്റോറന്റുകൾ യുകെയിൽ ഒട്ടേറെയാണ്. ഇന്ത്യൻ വംശജരെ കൂടാതെ തദ്ദേശീയരായ ഇംഗ്ലീഷുകാരും ഇവിടുത്തെ നിത്യസന്ദർശകരാണ്. പല റെസ്റ്റോറന്റുകളുടെയും ഷെഫുകൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭക്ഷണത്തിൻെറ രുചി നുണയാൻ വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും എത്തിയതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. ബർമിംഗ്ഹാമിലെ ശർമ്മ കുടുംബം നടത്തുന്ന ഇന്ത്യൻ സ്ട്രീറ്ററി റെസ്റ്റോറന്റിലാണ് രാജകുമാരനും രാജകുമാരിയും ഭക്ഷണം കഴിക്കാൻ എത്തിയത്.

വെയിൽസിലെ രാജകുമാരനും രാജകുമാരിയും വൈവിധ്യമാർന്ന സംസ്‌കാരവും പൈതൃകവും ആഘോഷിക്കാനാണ് നഗരത്തിൽ എത്തിയത്. രാജ്യത്തെ വിവിധ ക്രിയേറ്റീവ് വ്യവസായങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നതിന് ഭാഗമായാണ് ഈ സന്ദർശനം. ബർമിംഗ്ഹാമിലെ ജ്വല്ലറി ക്വാർട്ടറും ഇവർ സന്ദർശിക്കും. ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായ വില്യമും ഭാര്യ കേറ്റും ഈ മേഖലയിലെ വളർച്ചയെ പറ്റി പഠിക്കും.

മെയ് 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് രണ്ടാഴ്ച ഇരിക്കെയാണ് വില്യമിന്റെയും കേറ്റിന്റെയും ബർമിംഗ്ഹാം സന്ദർശനം. കഴിഞ്ഞ വർഷം മെയ് മാസത്തിലും വില്യം രാജകുമാരൻ ബിർമിംഗ്ഹാമിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ ആൽഡ്രിഡ്ജ് റോഡിലെ ബിസിയു ഡഗ് എല്ലിസ് സ്‌പോർട്‌സ് സെന്ററിൽ സ്‌പോർട്‌സ് കീയിലെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ബാഡ്മിന്റൺ കളിച്ചിരുന്നു.

എൻഎച്ച്എസ് നേഴ്സുമാർ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാൻ സർക്കാർ തയാറെടുക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എൻ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആർസിഎൻ വ്യക്തമാക്കി.

നിലവിൽ ഏപ്രിൽ 30 ഞായറാഴ്ച ആരംഭിച്ച് മെയ് 2 ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ആർ സി എൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ആർ സി എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാകണമെന്ന അഭിപ്രായം ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമാണ്. കൂടുതൽ ദോഷകരമായ നടപടികൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ചർച്ചകൾ വീണ്ടും നടത്തുമെന്ന് മുൻ ടോറി പാർട്ടി ചെയർ ജേക്ക് ബെറി ആവശ്യപ്പെട്ടു.

യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . എന്നാൽ സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്.

RECENT POSTS
Copyright © . All rights reserved