Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡോ. ആനി ഫിലിപ്പ് (65) നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ വച്ചായിരുന്നു മരണം. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ കുടുംബാംഗമായ ഡോ. ആനി ഫിലിപ്പ് ക്യാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. ഭർത്താവ്: ഡോ. ഷംസ് മൂപ്പൻ. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).

ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച് ആരോഗ്യ രംഗത്ത് തൻെറ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ ഡോക്ടറാണ് ആനി ഫിലിപ്പ് . ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസും എംഡിയും പാസായത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടന്റായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡന്റിസ്റ്റാണ്.

ഡോ. ആനി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വടക്കൻ അയർലണ്ടിൽ നേഴ്സുമാർ ജനുവരി 18 മുതൽ പണിമുടക്കും. നേഴ്സുമാരുടെ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുകെയിൽ ഉടനീളം നേഴ്സുമാർക്ക് നടപ്പിലാക്കിയ ശമ്പള വർദ്ധനവിന്റെ ആനുകൂല്യം അയർലണ്ടിലെ നേഴ്സുമാർക്ക് ലഭിച്ചില്ലെന്ന് ആർ സി എൻ കുറ്റപ്പെടുത്തി.

പണിമുടക്കിനായുള്ള തീരുമാനം ബുദ്ധിമുട്ടുള്ളവാക്കുന്നതാണെന്നും എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിയിൽ നേഴ്സുമാരെ പിടിച്ചുനിർത്താൻ ബുദ്ധിമുട്ടാണെന്നുമാണ് യൂണിയൻറെ നിലപാട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് ഭരണനേതൃത്വത്തിന് ആർ സി എൻ നിവേദനം സമർപ്പിച്ചിരുന്നു.

ഇതിനു മുമ്പ് 2019 -ൽ 103 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 9000 നേഴ്സുമാരാണ് ആർസിഎന്നിന്റെ കുടക്കീഴിൽ നോർത്തേൺ അയർലണ്ടിൽ സമരം ചെയ്തത്. മികച്ച ശമ്പളപരിഷ്കരണം നടപ്പിലായില്ലെങ്കിൽ കൂടുതൽ സമരപരമ്പരകളുമായി മുന്നോട്ട് പോകുമെന്നാണ് യൂണിയൻറെ നിലപാട്. ശമ്പള പരിഷ്കരണ ആവശ്യവുമായി മറ്റ് തൊഴിലാളി യൂണിയനുകളും പണിമുടക്കിന്റെ പാതയിലാണ്. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ്, റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ്, അധ്യാപക സംഘടനകൾ എന്നിവരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വാങ്ങുവാൻ അനുവാദമുള്ള മരുന്നുകൾ കൃത്യമായ പരിശോധനകൾ ഇല്ലാതെ ഓൺലൈൻ ഫാർമസികൾ ലഭ്യമാക്കുന്നു എന്ന പുതിയ കണ്ടെത്തൽ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ഇരുപതോളം ഓൺലൈൻ ഫാർമസികളാണ് നിയന്ത്രിത മരുന്നുകൾ ജനറൽ പ്രാക്ടീഷണറുടെ പ്രിസ്ക്രിപ്ഷൻ പോലെയുള്ള യാതൊരുവിധ നടപടികളും ഇല്ലാതെ വിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയവർ ഇത്തരത്തിൽ ഏകദേശം 1600ഓളം മരുന്നുകൾ തെറ്റായ വിവരങ്ങൾ നൽകി വാങ്ങിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളിലേക്ക് എത്തിയത്.

ചില മരുന്നുകൾ ഓൺലൈനായി വിൽക്കുമ്പോൾ അധിക പരിശോധന ആവശ്യമാണെന്ന് ജനറൽ ഫാർമസ്യൂട്ടിക്കൽ കൗൺസിൽ റെഗുലേറ്റർ പറയുന്നു. ബിബിസിയുടെ കണ്ടെത്തലുകൾ തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാർമസിസ്റ്റും ആരോഗ്യ അഭിഭാഷകനും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായ തോറൺ ഗോവിന്ദ് പറഞ്ഞു. പലരും തങ്ങളുടെ സൗകര്യാർത്ഥം ഓൺലൈൻ ഫാർമസികൾ മരുന്നുകൾ വാങ്ങാനായി തിരഞ്ഞെടുക്കുന്നു. യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റ് പ്രിസ്‌ക്രൈബറെ മാത്രം നിയമിച്ചാൽ തന്നെ ഈ ബിസിനസുകൾക്ക് കുറിപ്പടി മാത്രമുള്ള മരുന്നുകൾ സൈൻ-ഓഫ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ ഓൺലൈനിൽ നിന്നും വാങ്ങിയ മരുന്നുകൾ അബദ്ധത്തിൽ അമിതമായി കഴിച്ച് 2020-ൽ കെയ്റ്റി എന്ന യുവതി മരണപ്പെട്ടിരുന്നു. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും നിയമങ്ങൾ കർശനം ആക്കണമെന്നും മരിച്ച സ്ത്രീയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

നിലവിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഓൺലൈനിൽ ഒരു മരുന്ന് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകണമെന്നാണ് നിഷ്കർഷിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന മരുന്നുകൾക്ക് കൂടുതൽ സുരക്ഷ നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ ഇപ്പോഴും അത്തരത്തിലുള്ള മരുന്നുകൾ വളരെ എളുപ്പത്തിൽ ഓൺലൈനിലൂടെ ലഭ്യമാകുന്നതാണ് ആശങ്കകൾക്ക് ഇടയാക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒപിയോയിഡുകൾ, സെഡേറ്റീവ്സ് എന്നിവ പോലുള്ള ദുരുപയോഗം, അമിത ഉപയോഗം എന്നിവയ്ക്ക് സാധ്യതയുള്ള മരുന്നുകൾ ഓൺലൈനിൽ വിൽക്കരുതെന്ന കർശന നിർദേശം നൽകിയതായി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെങ്ക് കൊടുങ്കാറ്റും കനത്ത മഴയേയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളാണ് നശിച്ചത്. ഇതുവരെ 230-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, തെക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭൂരിഭാഗം ആളുകളെയും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളക്കെട്ടിലായ റോഡുകളും റെയിൽവേ ട്രാക്കുകളും യാത്രകൾ ദുരിതത്തിലാക്കുകയാണ്.

നോട്ടിംഗ്ഹാംഷെയറിൽ ട്രെന്റ് നദിയോട് ചേർന്ന് താമസിക്കുന്ന പലരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. അതേസമയം ചില പ്രദേശങ്ങളിൽ പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ഇതിനാൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലാനിരപ്പാണ് ട്രെന്റിൽ എന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. നേരത്തെ 2000 -ത്തിൽ 5.35 മീറ്ററിലെത്തിയതിൽ നിന്ന് ഈ വർഷം ജലനിരപ്പ് 5.5 മീറ്ററിലാണ് എത്തിയിരിക്കുന്നത്.

ഗ്ലൗസെസ്റ്ററിലെ അൽനി ദ്വീപിലെ 50 ഓളം വീടുകൾ ഒഴിപ്പിച്ചതായി എക്സിക്യൂട്ടീവ് ഫ്ലഡ് ഡയറക്ടർ കരോലിൻ ഡഗ്ലസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച യുകെയിലെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഹെങ്ക് കൊടുങ്കാറ്റ് മൂന്ന് മാസത്തിനിടെ രാജ്യം നേരിട്ട എട്ടാമത്തെ കൊടുങ്കാറ്റാണ്. വരും ദിവസങ്ങളിൽ താപനില ഗണ്യമായ രീതിയിൽ കുറയുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്ക് കുറഞ്ഞു. യുകെയുടെ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% ആയിരുന്നു. ഇതിൽ നിന്നാണ് നിരക്ക് 5.53 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഈ ആഴ്ച തുടക്കത്തിൽ തന്നെ യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. വരും ആഴ്ചകളിൽ മറ്റ് ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഈ വർഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഭവന വായ്‌പയിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച ഹാലിഫാക്‌സ് ബാങ്ക് വായ്‌പാ നിരക്ക് 0.83 ശതമാനമായി കുറച്ചതിന് പിന്നാലെ മറ്റ് മോർട്ട്ഗേജ് വായ്പാ സ്ഥാപനങ്ങളും നിരക്കുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലീഡ്സ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ 0.49 ശതമാനം വരെ കുറച്ചു. എച്ച്എസ്ബിസി ആണ് വായ്പ നിരക്ക് കുറച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ടത്. എച്ച്എസ്ബിസിയുടെ ഡിവിഷനായ ഫസ്റ്റ് ഡയറക്‌ടും നാളെ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പകർച്ചവ്യാധിയും വർദ്ധിച്ചു വരുന്ന ജീവിത ചിലവും യുകെയിലെ മോർട്ട്ഗേജ് വിപണിയെ തകർത്തിരുന്നു. സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഈ പുതു വത്സരത്തിൽ കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുന്നതിൻെറ ഭാഗമായാണ് വായ്പാ നിരക്കുകൾ വെട്ടി കുറച്ചതെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിലെ കെയർ ഹോം അന്തേവാസികളെ മാനസികമായും ശാരീരികവുമായും ഉപദ്രവിച്ചതിന് മൂന്ന് കെയർ ഹോം ജീവനക്കാർക്ക് ജയിൽ ശിക്ഷ വിധിച്ചു. സട്ടനിലെ ഗ്രോവ് ഹൗസ് കെയർ ഹോമിൽ പഠന വൈകല്യമുള്ള അന്തേവാസികളെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് എതിരെയുള്ള ആരോപണങ്ങളിൽ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തെളിവുകൾ നൽകിയിരുന്നു.

മൂന്നുപേരുടെയും പ്രവർത്തനങ്ങൾ ക്രൂരവും അവർ ഇരകളെ പതിവായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും ശിക്ഷ വിധിച്ച ജഡ്ജി ആന്റണി ഹൈമാൻസ് പറഞ്ഞു . 2019 -ൽ പ്രവർത്തനം ആരംഭിച്ച കെയർ ഹോമിലെ പീഡനങ്ങളെക്കുറിച്ച് ഒരു ജീവനക്കാരൻ പോലീസിൽ പരാതി പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളായ ജോർജിയോസ് സ്‌കോർഡൗലിസ് (28), അഹമ്മദ് ഹസനൻ (54) എന്നിവർക്ക് 24 മാസവും അലക്‌സ് നസ്രത്ത് (30) – ന് 18 മാസവും തടവുശിക്ഷ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത് .

കഠിനമായ പഠന വൈകല്യവും വളരെ കുറച്ച് മാത്രം ആശയവിനിമയ ശേഷിയുമുള്ള 24 വയസ്സുകാരനായ ബെഞ്ചമിൻ ഡാനിയൽസാണ് പ്രതികളുടെ ക്രൂര പീഡനത്തിന് ഇരയായത്. ശാരീരികമായ ഉപദ്രവിക്കുക മുടിയിൽ പിടിച്ച് മുകളിലെ നിലയിലേയക്ക് വലിച്ചിഴയ്ക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ ക്രൂരതകളാണ് ഇവർ ചെയ്തിരുന്നത്. മറ്റ് താമസക്കാരെയും പ്രതികൾ പതിവായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഒട്ടേറെ മലയാളികളാണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. വളരെയേറ ക്ഷമയും പരിശീലനവും ആവശ്യമായ കെയർ ഹോമുകളിലെ ജോലി ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പല കെയർ ഹോം ജീവനക്കാർക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണെന്നും പലപ്പോഴും ട്രെയിനിങ് പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ ജോലിക്ക് പ്രവേശിക്കപ്പെട്ടവരാണെന്നുള്ള ഗുരുതരമായ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും ചെയ്തതിന് ഇന്ത്യൻ വംശജനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ നിന്നുള്ള 43 വയസ്സുകാരനായ മുകേഷ് ഷാ ആണ് പ്രതി. ഇയാളെ 9 മാസം തടവിന് കോടതി ശിക്ഷിച്ചു. ഇത് കൂടാതെ കഴിഞ്ഞ മാസം കോടതിയിൽ അസഭ്യം പറഞ്ഞതിന് 10 വർഷത്തേയ്ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രറിൽ ഒപ്പിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ശിക്ഷാവിധിക്ക് കാരണമായ സംഭവം അരങ്ങേറിയത് 2022 നവംബർ നാലിനാണ്. രാത്രി 11:40 ഓടുകൂടി സഡ്‌ബറി ടൗണിനും ആക്ടൺ ടൗണിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പരാതിക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ട്രെയിനിൽ കയറി പരാതിക്കാരിയുടെ സമീപമിരുന്ന പ്രതി തുറിച്ചു നോക്കുകയും അസ്വസ്ഥത ഉളവാക്കുന്ന രീതിയിൽ പെരുമാറുകയും തുടർന്ന് സ്വയംഭോഗം ചെയ്യുകയും ആയിരുന്നെന്ന് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു .

അവിടെനിന്ന് എഴുന്നേറ്റു മാറാൻ ആവശ്യപ്പെട്ടെങ്കിലും താൻ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയുടെ കുറ്റകൃത്യം ക്യാമറയിൽ പകർത്തിയ പരാതിക്കാരിയുടെ ധീരതയെ കേസിനെ കുറിച്ച് അന്വേഷിച്ച പോലീസ് ഓഫീസർ മാർക്ക് ലൂക്കർ പ്രശംസിച്ചു. ദൃശ്യങ്ങൾ സഹിതമാണ് അവർ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിൽ പരാതി നൽകിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത മഴയെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. നോട്ടിംഗ്ഹാംഷെയറിലെയും ഗ്ലൗസെസ്റ്റർഷെയറിലെയും പല പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്. വെള്ളത്തിൻെറ നില ഉയരുന്ന സാഹചര്യത്തിൽ ട്രെന്റ് നദിയുടെ തീരത്തുള്ള ആളുകൾ ഉടൻ ഒഴിയേണ്ടതാണെന്ന് എമർജൻസി പ്ലാനിങ് ഓഫീസർമാർ മുന്നറിയിപ്പ് നൽകി.

ഇന്നലെ വൈകുന്നേരത്തോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി പ്രഖ്യാപിച്ചത് 550-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലേർട്ടുകളുമാണ്. വെസ്റ്റ് കൺട്രി, ഇംഗ്ലണ്ടിന്റെ തെക്കൻ കൗണ്ടികൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പുലർച്ചെ കനത്ത മഴയെ തുടർന്ന് കടപുഴകി വീണ മരത്തിൽ ഇടിച്ച് 87 കാരിയായ ഡ്രൈവർ മരിച്ചതായി പോലീസ് അറിയിച്ചു. ഓക്‌സ്‌ഫോർഡ്‌ഷയറിലെ ക്രെയ്‌സ് പോണ്ടിനടുത്തുള്ള മരത്തിലേക്കാണ് സ്ത്രീ വണ്ടി ഇടിച്ച് കയറിയത്. ഈ ആഴ്ച കനത്ത മഴയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ ആളാണ് ഇവർ. നേരത്തെ ഗ്ലൗസെസ്റ്റർഷെയറിൽ കാറിന് മുകളിൽ മരം വീണതിന് പിന്നാലെ 50 വയസ്സുകാരന് ജീവൻ നഷ്‌ടമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത മഴയെ തുടർന്ന് യുകെയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയോടെ രാജ്യത്തെ തെക്കൻ പ്രദേശങ്ങളിൽ ശക്തി പ്രാപിച്ച മഴ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെ നിൽക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺവാൾ മുതൽ ഈസ്റ്റ് ആംഗ്ലിയ വരെ നീളുന്ന മുന്നറിയിപ്പിൽ പവർകട്ടും യാത്രാ തടസ്സവും ഉണ്ടായേക്കാമെന്നും പറയുന്നു.

വെയിൽസിന്റെയും ഇംഗ്ലണ്ടിന്റെയും ഭാഗങ്ങളിൽ ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് മഴയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിൽ ആറ് മുതൽ ഒമ്പത് മണിക്കൂറിനുള്ളിൽ 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചില സ്ഥലങ്ങളിൽ ഇത് 50 മില്ലിമീറ്റർ വരെ കാണാം. ഇന്ന് ഉച്ചയോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ പ്രദേശങ്ങളിലായി 270-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് വന്നിരിക്കുന്നത്.

വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിലെ ആളുകൾ ഗ്യാസ്, വെള്ളം, വൈദ്യുതി വിതരണം എന്നിവ ഓഫാക്കുക, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക തുടങ്ങിയവ ചെയ്‌തെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ലണ്ടനെ സൗത്ത്-വെസ്റ്റ് ഇംഗ്ലണ്ടുമായും സൗത്ത് വെയിൽസുമായും ബന്ധിപ്പിക്കുന്ന ഗ്രേറ്റ് വെസ്റ്റേൺ റെയിലിൻെറ സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഈ ആഴ്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈദ്യശാസ്ത്രത്തിൽ ഉള്ള അറിവുകൊണ്ട് മാത്രം ആർക്കും മികച്ച ഡോക്ടറും നേഴ്സും ആകാൻ സാധിക്കില്ല. മനുഷ്യ സ്നേഹവും അർപ്പണവും ആത്മാർത്ഥതയും ഒത്തുചേർന്നാൽ മാത്രമേ ആരോഗ്യ രംഗത്ത് ശോഭിക്കാൻ സാധിക്കുകയുള്ളൂ. എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടാവുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നത് . അച്ഛനും മകളും ഒരുമിച്ച് നേഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ അഭിമാനത്തോടെയാണ് എൻഎച്ച്എസ് പുറത്തുവിട്ടിരിക്കുന്നത് .

42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നേഴ്സിംഗ് ബിരുദം കരസ്ഥമാക്കിയത്. ഇപ്പോൾ ഇരുവരും ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22 വയസ്സുകാരിയായ സ്റ്റീവിലി പറഞ്ഞു.

അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നേഴ്സിംഗ് കോഴ്സിന് ചേർന്നത്. താൻ ഈ ജോലിയെ വളരെ സ്നേഹിക്കുന്നതായി എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മിസ് ജൂവൽ പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.

Copyright © . All rights reserved