Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിനെ കാത്തിരിക്കുന്നത് സമര പാരമ്പരകളാണെന്ന സൂചനകൾ പുറത്തുവന്നു. റെസിഡന്റ് ഡോക്ടർമാർ പ്രഖ്യാപിച്ച പുതിയ പണിമുടക്കുകൾ നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് എൻഎച്ച്എസ് ജീവനക്കാരെ ശമ്പളത്തിനായുള്ള വ്യാവസായിക നടപടികളിലേക്ക് പോകാൻ പ്രേരിപ്പിക്കുമെന്ന് ആരോഗ്യ സേവന മേധാവികൾ ഭയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 90% പേരും അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് 29% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജനുവരി വരെ പണിമുടക്ക് നടത്തുമെന്ന് ആണ് ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.


ലേബർ സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുൻപ് ജൂലൈ 2 നായിരുന്നു ജൂനിയർ ഡോക്ടർമാരുടെ വോക്കൗട്ടുകൾ അവസാനമായി നടന്നത്. ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിൻ്റെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയ്ക്ക്‌ പണിമുടക്കുകൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) തമ്മിൽ തർക്കമുണ്ടന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . പണിമുടക്ക് ലക്ഷകണക്കിന് അപ്പോയ്‌മെന്റുകൾ മുടങ്ങാൻ കാരണമാകുമെന്ന് എൻ എച്ച് എസ് മേധാവികൾ മുന്നറിയിപ്പ് നൽകി .


ബിഎംഎയും എൻഎച്ച്എസ് മേധാവികളുമായി നടത്തിയ ചർച്ച അഭിപ്രായ ഭിന്നത കൂട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു . 2025-26 വർഷത്തേയ്ക്ക് സർക്കാർ നൽകിയ 5.4% വർദ്ധനവിന് പകരമായി ഒരു പുതിയ ശമ്പള കരാർ ഉടൻ ചർച്ച ചെയ്യാൻ ബിഎംഎ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ ശമ്പള വർധനവിൽ ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് അദ്ദേഹം ഉറച്ചുനിൽക്കുകയാണ് . സർക്കാരിന് ഇതിൽ കൂടുതൽ ഉദാരമതിയാകാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട് . രോഗികളെ ദോഷകരമായി ബാധിക്കുകയും എൻഎച്ച്എസിൽ സർക്കാർ നടത്തുന്ന എല്ലാ പുരോഗതിക്കും തിരിച്ചടിയാകുകയും ചെയ്യുന്ന പണിമുടക്ക് നടപടി നിരാശാജനകമാണെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയായിരുന്ന ആന്റണി മാത്യു വെട്ടുതോട്ടുങ്കൽ കെരേത്തറ (61) ലണ്ടനിൽ നിര്യാതനായി. സെന്റ് മോണിക്ക സീറോ-മലബാർ മിഷനിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എപ്പാർച്ചൽ ബൈബിൾ കമ്മീഷൻ കോർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മിഷൻ കൊയർ ഗ്രൂപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുകെയിലെ സീറോ-മലബാർ സഭയുടെ പ്രാരംഭ ഘട്ടങ്ങളിൽ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. 2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു. കുട്ടനാട് സംഗമത്തിന്റെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.

പരേതനായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെ മകനാണ് ആന്റണി മാത്യു. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതനായ ജോർജ് മാത്യു, ജോസ് മാത്യു. നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.

ആൻറണി മാത്യുവിന്റെ നിര്യാണത്തിൽ യുകെയിലെ കുട്ടനാട് സംഗമം അനുശോചനം രേഖപ്പെടുത്തി.

മൃതസംസ്‌കാര ശുശ്രുഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

ആന്റണി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ഥാപനമേധാവികളിൽ നിന്ന് ജോലിസ്ഥലത്ത് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള മോശം പെരുമാറ്റവും വിവേചനവും ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടുവന്നു. പലപ്പോഴും നോൺ-ഡിസ്‌ക്ലോഷർ കരാറുകളുടെ ബലത്തിലാണ് ഇത്തരം പരാതികൾ ഉന്നയിക്കുന്ന ജീവനക്കാരെ നിശബ്ദരാക്കിയിരുന്നത്. നോൺ-ഡിസ്‌ക്ലോഷർ കരാറിൻ്റെ ഭാഗമായി കമ്പനി അനുവദിച്ചിട്ടുള്ള രഹസ്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടല്ലെന്ന വാഗ്ദാനമാണ് ജീവനക്കാർ നൽകേണ്ടിവരുന്നത്. എന്നാൽ നോൺ-ഡിസ്‌ക്ലോഷർ കരാറുകൾ വഴി ഇത്തരം തൊഴിൽ പീഡനങ്ങളിൽ പരാതിപ്പെടുന്നതിൽ നിന്ന് ജീവനക്കാരെ നിശബ്ദരാക്കാനുള്ള നീക്കമാണ് നിയമം മൂലം ഇല്ലായ്മ ചെയ്യാൻ സർക്കാർ ആലോചിക്കുന്നത്.


ഈ അനീതി ഇല്ലാതാക്കാൻ സമയമായി എന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. അടുത്തിടെ നടന്ന പല സംഭവങ്ങളിലും തൊഴിൽ ഉടമകളുടെ ബലാത്സംഗവും ദുരുപയോഗവും പുറത്തുവരാത്ത രീതിയിൽ സ്ത്രീകളെ നിശബ്ദരാക്കാനായി നോൺ-ഡിസ്‌ക്ലോഷർ കരാർ ഉപയോഗിച്ചതായുള്ള ആരോപണം ശക്തമായിരുന്നു. രണ്ട് കക്ഷികൾക്കിടയിലുള്ള രഹസ്യ വിവരങ്ങൾ സംരക്ഷിക്കുന്ന നിയമപരമായ ഒരു രേഖയാണ് നോൺ-ഡിസ്‌ക്ലോഷർ കരാർ . ബൗദ്ധിക സ്വത്തവകാശമോ മറ്റ് വാണിജ്യപരമായി സെൻസിറ്റീവ് വിവരങ്ങളോ സംരക്ഷിക്കാൻ ഇത് തുടർന്നും ഉപയോഗിക്കാം. നിയമത്തിലെ മാറ്റം യുകെയെ അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡയിലെ ചില പ്രവിശ്യകൾ എന്നിവയ്ക്ക് സമാനമാക്കും. കാരണം ലൈംഗിക പീഡനത്തിന്റെയും വിവേചനത്തിന്റെയും വെളിപ്പെടുത്തൽ തടയാൻ അത്തരം കരാറുകൾ ഉപയോഗിക്കുന്നത് ഇവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ ജയിലിലായ കൗമാരക്കാരനായ ബ്രിട്ടീഷുകാരനെ മോചിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബ്രിട്ടീഷുകാരിയായ പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ 19 വയസ്സുകാരനായ മാർക്കസ് ഫക്കാനയെ ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇയിൽ ഉഭയ സമ്മത പ്രകാരം ബന്ധപ്പെടുന്നതിനുള്ള പ്രായപരുധി 18 വയസ്സ് ആണ്.


വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ നിന്നുള്ള മാർക്കസൈനു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് രാജകീയ മാപ്പ് ലഭിച്ചതാണ് ശിക്ഷാ കാലാവധിക്ക് മുൻപ് ജയിൽ മോചനം സാധ്യമാക്കിയത്. മാർക്കസ് ഫക്കാനയുടെ കേസ് ലോകമെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിനോദസഞ്ചാരത്തിനായി എത്തിയ കൗമാരക്കാരന്റെ മേൽ യുഎഇയുടെ നിയമങ്ങൾ ചുമത്തിയതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് മാർക്കസിന് അറിയില്ലായിരുന്നു എന്നാണ് കൗമാരക്കാരനെ പിന്തുണച്ചവർ വാദിച്ചത് . മാർക്കസും പെൺകുട്ടിയും യുകെയിൽ തിരിച്ചെത്തിയതിന് ശേഷം ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ കണ്ട പെൺകുട്ടിയുടെ അമ്മ യുഎഇ അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ഉടലെടുത്തത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസുന്ന മാതാപിതാക്കൾക്ക് ലീവുകൾ ലഭിക്കുന്ന തരത്തിൽ നിലവിലെ നിയമത്തിൽ മാറ്റം വരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ നഷ്ടപ്പെട്ടാൽ മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കാനുള്ള നിയമപരമായ അവകാശം നൽകുന്നതിനായി തൊഴിൽ അവകാശ ബില്ലിൽ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. നിലവിലുള്ള സ്ഥിതിയിൽ, 24 ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് മാത്രമേ ലീവുകൾ ലഭിച്ചിരുന്നുള്ളു. എന്നാൽ ഇനി 24 ആഴ്ച എന്ന സമയപരിധി മാറ്റുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു.

24 ആഴ്ചയ്ക്കുശേഷം ഗർഭസ്ഥ ശിശുവിന് നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ള കുട്ടി മരിച്ചാൽ മാതാപിതാക്കൾക്ക് നിലവിലെ നിയമം അനുസരിച്ച് രണ്ടാഴ്ച വരെ അവധി ലഭിക്കും. ഈ രണ്ടാഴ്ച സ്റ്റാട്യുട്ടറി പാരന്റൽ ബെറീവ്‌മെന്റ് പേ ലഭിക്കാനും ഇവർ അർഹരാണ്. നിലവിലെ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് ഒരാഴ്ചത്തെ സാലറി ലഭിക്കാത്ത ലീവിനായിരിക്കും ഇത്തരത്തിലുള്ള മാതാപിതാക്കൾ അർഹരാകുക. ആർക്കൊക്കെയാണ് പുതിയ നിയമം അനുസരിച്ച് ലീവ് ലഭിക്കുക, ഡോക്ടറുടെ കുറിപ്പിൻെറ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു കൺസൾട്ടേഷന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.

പുതിയ നിയമം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായിരിക്കും നടപ്പിലാക്കുക. വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയെ നയിക്കുന്ന ലേബർ എംപി സാറാ ഓവൻ, ഗർഭം അലസലിനെ ഒരു ശാരീരിക രോഗമായി കണക്കാക്കുന്നതിനുപകരം, മാതാപിതാക്കൾ നേരിടുന്ന വേർപാടിനെ അംഗീകരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗർഭം അലസലിനെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക നിശബ്ദതയെയും അവർ ചൂണ്ടിക്കാട്ടി, അടുത്ത കുടുംബത്തിൽ നിന്ന് പോലും പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായി ഇത് ഇപ്പോഴും തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭിണിയായ സ്ത്രീക്ക് രഹസ്യമായി ഗർഭഛിദ്ര മരുന്ന് നൽകിയ പാരാമെഡിക്കിന് 10 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. സ്കോട്ടിഷ് ആംബുലൻസ് സർവീസിലെ (എസ്എഎസ്) ക്ലിനിക്കൽ ടീം ലീഡറായിരുന്ന സ്റ്റീഫൻ ഡൂഹാനാണ് തനിക്ക് ഉണ്ടായ ബന്ധത്തിൽ ഉള്ള കുഞ്ഞിനെ മരുന്ന് നൽകി കൊന്നത്. അതേസമയം, ഇരുവരും ബന്ധത്തിൽ ആയിരിക്കുമ്പോൾ സ്റ്റീഫൻ ഡൂഹാൻ വിവാഹിതനായിരുന്നെന്ന് സ്ത്രീ അറിഞ്ഞിരുന്നില്ല. 2023-ൽ എഡിൻബർഗിലെ തൻെറ വീട്ടിൽ വച്ച് സ്റ്റീഫൻ ഗർഭം അലസാനുള്ള ഗുളികകൾ ഒരു സിറിഞ്ചിൽ ചതച്ച് കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ, ആക്രമണം, ലൈംഗികാതിക്രമം, സ്ത്രീയെ ഗർഭഛിദ്രത്തിന് വിധേയയാക്കൽ എന്നീ കുറ്റങ്ങൾ സ്റ്റീഫൻ ഡൂഹാൻ സമ്മതിച്ചു. ഒരു പാരാമെഡിക്കൽ എന്ന നിലയിൽ തന്റെ അറിവും പ്രവർത്തനക്ഷമതയും ഉപയോഗിച്ച് സ്റ്റീഫൻ ഡൂഹാൻ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതായി ജഡ്ജി ലോർഡ് കോൾബെക്ക് പറയുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കുറ്റകൃത്യമെന്ന് ജഡ്ജി പറയുന്നു. തനിക്കുണ്ടായ വേദന വിവരിക്കുന്നതായിരുന്നു ഇരയായ സ്ത്രീയുടെ പ്രസ്‌താവന.

വിവാഹിതനായിരുന്ന സ്റ്റീഫൻ ഡൂഹാൻ, 2021 ൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ വച്ചാണ് ഇരയായ സ്ത്രീയെ പരിചയപ്പെട്ടത്. താൻ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച പ്രതി ഈ ബന്ധം തുടരുകയും ചെയ്‌തു. 2023 മാർച്ചിലാണ് താൻ ഗർഭിണിയാണെന്ന് ഇവർ മനസിലാക്കുന്നത്. ഈ സമയം സ്റ്റീഫൻ ഭാര്യയിൽ നിന്ന് താൽക്കാലികമായി വേർപിരിഞ്ഞിരുന്നു. മരുന്ന് കുത്തിവച്ച് അടുത്ത ദിവസം തന്നെ സ്ത്രീക്ക് വയറു വേദന അനുഭവപ്പെടുകയായിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

1988-ലെ ലോക്കർബി ബോംബാക്രമണത്തിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 7/7. ദേശീയ സുരക്ഷാ നയം, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ആഭ്യന്തര തീവ്രവാദത്തെ കുറിച്ചുള്ള പൊതുജന അവബോധം എന്നിവയിൽ ഈ ഒരു ആക്രമണം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോഴിതാ 7/7 ചാവേർ ആക്രമണങ്ങൾ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രഹസ്യ നിരീക്ഷണ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുകെ നേരിട്ട ഏറ്റവും വലിയ ഭീകര ആക്രമണങ്ങളിൽ ഒന്നായ 7/7 നെ തടയാൻ കഴിയുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

2001-ൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ലേക്ക് ഡിസ്ട്രിക്റ്റിലെ ഒരു പരിശീലന ക്യാമ്പിൽ വെച്ച് ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഫോട്ടോകളിൽ കാണാം. 2004-ലെ കൂടുതൽ ചിത്രങ്ങളിൽ, അന്നും തിരിച്ചറിയപ്പെടാഞ്ഞ ഇയാൾ ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു ബോംബ് ഗൂഢാലോചനക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ലീഡ്സിലേക്ക് തിരികെ പോകുമ്പോൾ MI5 പ്രവർത്തകർ ഇയാളെ പിന്തുടർന്നിരുന്നെങ്കിലും കൂടുതൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ഇത്തരത്തിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് സിദ്ദിഖ് ഖാൻ പലതവണ നിരീക്ഷണത്തിൽ പിടിക്കപ്പെട്ടിരുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടിട്ടും ഇയാളുടെ ഉദ്ദേശം കണ്ടെത്താൻ അധികാരികൾക്ക് സാധിച്ചില്ല. മുഹമ്മദ് സിദ്ദിഖ് ഖാനും മൂന്ന് കൂട്ടാളികളും ലണ്ടനിൽ ഭവനങ്ങളിൽ നിർമ്മിച്ച ബോംബുകൾ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിൽ 52 നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ആക്രമണസമയത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, അധികൃതർക്ക് സംഭവിച്ച വീഴ്ച സമ്മതിച്ചിരുന്നു. എന്നിരുന്നാലും തീവ്രവാദത്തെ നേരിടുന്നതിനുള്ള ബ്രിട്ടൻെറ കുറവുകൾ ഈ ദുരന്തം എടുത്ത് കാട്ടി.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മികച്ചസേവനത്തിന് യുകെ മലയാളി നേഴ്സിന് അവാർഡ് ലഭിച്ചു. ബക്കിംഗ്ഹാംഷെയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെമറ്റോളജിയിൽ അഡ്വാൻസ്ഡ് നേഴ്‌സ് പ്രാക്ടീഷണറായ ആശ മാത്യുവിനാണ് കേരളത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ അവാർഡിന് അർഹയായത് . സാധാരണയായി ഈ ബഹുമതി കേരളത്തിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ആണ് നൽകുന്നതെന്നും വിദേശത്തുള്ള ഒരു ആരോഗ്യ പ്രവർത്തകയെ അംഗീകരിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

ആശ മാത്യു ട്രസ്റ്റിന്റെ സ്പെഷ്യലിസ്റ്റ് സീനിയർ നേഴ്‌സിംഗ് ടീമിന്റെയും ക്യാൻസർ കെയർ ആൻഡ് ഹെമറ്റോളജി ടീമിന്റെയും ഭാഗമാണ്. നിലവിൽ ട്രസ്റ്റിലെ കേരളത്തിൽ നിന്നുള്ള നേഴ്സിംഗ് സമൂഹത്തിന്റെ മെന്ററായി ആശ സേവനം അനുഷ്ടിക്കുന്നുണ്ട് . ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച മകൻ റയാന്റെ സ്മരണയ്ക്കായി 2014 മെയ് മാസത്തിൽ സ്ഥാപിതമായ റയാൻ നൈനാൻസ് ചിൽഡ്രൻസ് ചാരിറ്റിയിലൂടെ മാരകരോഗികളായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അവർ പിന്തുണ നൽകുന്നുണ്ട് .

ആശ നമുക്കെല്ലാവർക്കും വലിയ പ്രചോദനത്തിന് കാരണമാണെന്ന് ബക്കിംഗ്ഹാംഷെയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ ചീഫ് നേഴ്‌സായ ജെന്നി റിക്കറ്റ്സ് പറഞ്ഞു. രോഗികളുടെ പരിചരണത്തിനും ക്ഷേമത്തിനുമുള്ള അവരുടെ അചഞ്ചലമായ സമർപ്പണവും സഹ നേഴ്‌സുമാരെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ ആഴമായ പ്രതിബദ്ധതയും ശരിക്കും പ്രശംസനീയമാണ് എന്ന് ജെന്നി കൂട്ടിച്ചേർത്തു . ആതുര സേവന രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരവായാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് . കേരളത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ, സിഎസ്ആർ പ്രവർത്തനം നടത്തുന്ന സ്ഥാപനം എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ അവാർഡ് സമ്മാനിക്കുക. ഇത് ആദ്യമായാണ് യുകെയിൽ നിന്ന് ഒരു മലയാളി നേഴ്‌സ് ഈ അവാർഡിന് അർഹയാകുന്നത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ച മലയാളി ദമ്പതികൾ നിക്ഷേപ തട്ടിപ്പ് നടത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു. A& A ചിട്ടി ഫണ്ട് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ടോമി എ വി യും ഷൈനി ടോമിയും ആണ് വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത് . ആലപ്പുഴ സ്വദേശികളായ ഇവർ ജൂലൈ 3 മുതൽ ഒളിവിൽ പോയതായാണ് അറിയാൻ സാധിച്ചത്.

ചിട്ടി നടത്തിയും നിക്ഷേപം സ്വീകരിച്ചുമാണ് സാമ്പത്തിക സ്ഥാപനമായ A& A ചിട്ടി ഫണ്ട് പ്രവർത്തിച്ചിരുന്നത് . ആദ്യകാലങ്ങളിൽ പരാതികൾക്ക് ഇടം നൽകാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അതുകൊണ്ട് തന്നെ വിശ്വാസം ആർജിച്ചിരുന്നു. കൂടുതലായി ബാംഗ്ലൂരിൽ ഉള്ള മലയാളികളാണ് ഇവരുടെ കെണിയിൽ പെട്ടിരിക്കുന്നത്. തട്ടിപ്പിനിരയായ 80 ഓളം ആളുകളുടെ പേര് വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചിരുന്നു. ഇവരിൽ 90 ശതമാനം പേരും മലയാളികളാണ്.


കണ്ണൂർ സ്വദേശി ബിജു കൊട്ടാരത്തിലിന് 25 ലക്ഷം രൂപയാണ് നഷ്ടമായത്. ഇത് ഒരു ചെറിയ തുകയാണെന്നും ഒന്നു രണ്ടു കോടി രൂപ നഷ്ടമായവരാണ് ഭൂരിപക്ഷവുമെന്നാണ് ബിജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. തട്ടിപ്പ് ആസൂത്രിതമായാണ് നടന്നതെന്നാണ് സൂചന. ടോമി- ഷൈനി ദമ്പതികളുടെ ഇന്ത്യയിലുള്ള രണ്ടു മക്കൾ ഒളിവിലാണ്. ഇവരുടെ ഒരു മകൻ നിലവിൽ കാനഡയിലാണ്. തട്ടിപ്പ് നടത്തിയ ദമ്പതികളും മക്കളും രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. A & A ചിട്ടി ഫണ്ടിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നോ എന്നതിലേയ്ക്ക് പോലീസ് അന്വേഷണം നടക്കുന്നുണ്ട് .

പണം തട്ടിപ്പിനിരയായ പി.ടി സാവിയോ (64) നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തനിക്കും കുടുംബത്തിനും 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് സാവിയോ പരാതി നൽകിയത്. 2005 മുതൽ മലയാളി ദമ്പതികൾ ചിട്ടി നടത്തി വരികയായിരുന്നു. 25 ശതമാനം വരുമാനം ലഭിക്കും എന്ന വാഗ്ദാനങ്ങളിൽ ആണ് നൂറുകണക്കിന് ഉപഭോക്താക്കൾ വഞ്ചിതരായത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരിഷ്കൃത രാജ്യമായ യുകെയിൽ അടിമത്തത്തിന് ഇരയാകുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. അനധികൃത കുടിയേറ്റത്തിലൂടെ യുകെയിൽ എത്തുന്നവരുടെ ദാരുണമായ ജീവിത കഥകൾ ആരുടെയും കരളലിയിക്കുന്നതാണ്. ഇംഗ്ലീഷ് ചാനലുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും യുകെയിൽ എത്തുന്നവർ ആധുനിക കാലത്തെ അടിമത്ത ജീവിതമാണ് നയിക്കേണ്ടി വരുന്നത്. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് ഏത് നിമിഷവും പിടിക്കപ്പെടുമെന്നുള്ള പേടിയിൽ നരകതുല്യമായ ജീവിതമാണ് ഇത്തരക്കാർ നയിക്കേണ്ടി വരുന്നത്.


കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ അനധികൃതമായി കുടിയേറിയ മൂന്ന് ഇരകളെ ഒരു ലോറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. അവരിൽ ഒരാൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അയാളെ മോചിപ്പിച്ചതായും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജെയിംസ് അൻസെൽ പറഞ്ഞു. ഇത്തരത്തിൽ അനധികൃത മനുഷ്യക്കടത്ത് നടത്തുന്ന മൂന്ന് പേരെ ജയിലിൽ അടച്ചിരുന്നു. വിയറ്റ്നാമിൽ നിന്ന് ഇരകളെ ഇവർ കടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി.

2024-ൽ യുകെയിൽ 3,000-ത്തിലധികം ആളുകളെ ആധുനിക അടിമത്തത്തിന് ഇരകളാകാൻ സാധ്യതയുള്ളവരായി അൺസീൻ എന്ന ചാരിറ്റി തിരിച്ചറിഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്രാൻസിലെ തുറമുഖങ്ങളിൽ യുകെയിലേക്ക് പോകുന്ന വാഹനങ്ങളിൽ കയറാൻ ശ്രമിക്കുന്ന ആളുകളെ കണ്ടെത്തുന്നതിൽ കഴിഞ്ഞ വർഷം വർദ്ധനവ് ഉണ്ടായതായി ബിബിസി സൗത്ത് ഈസ്റ്റ് അടുത്തിടെ വെളിപ്പെടുത്തി. നിലവിൽ കണ്ടെത്തിയിരിക്കുന്ന ഇത്തരം ഇരകളുടെ എണ്ണം മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണെന്നും ഒട്ടേറെ കേസുകൾ പിടിക്കപ്പെടാതെ പോകുന്നതായും പോലീസും വെളിപ്പെടുത്തി. 2023 ജനുവരിക്കും 2025 ജനുവരിക്കും ഇടയിൽ, ഒരു ലോറിയിൽ ആളുകളെ അനധികൃതമായി കടത്തിയ 26 കേസുകൾ രേഖപ്പെടുത്തിയതായി സറെ പോലീസ് പറഞ്ഞു. ആധുനിക അടിമത്തത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നേരിടാൻ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുകയാണെന്ന് സർക്കാർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved