ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്‌സിൽ യുകെ മലയാളി മരണമടഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കൽ ഹരിദാസ് ആണ് മരണമടഞ്ഞത്. 32 വയസ്സുകാരനായ അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവർഷം മുമ്പ് യുകെയിൽ എത്തിയ അനീഷ് ലീഡ്സിൽ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ്.
അനീഷിന്റെ മരണവാർത്ത കടുത്ത ഞെട്ടലാണ് യുകെ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിൻ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ വിവരം അറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം നാട്ടിലെത്തിച്ച് ചടങ്ങുകൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അനീഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ചില കമ്പനികൾ എഐ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതായി മൈക്രോസോഫ്റ്റിന്റെ യുകെ മേധാവി പറഞ്ഞു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അവരുടെ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്ന സമീപനത്തോട് പിന്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇത്തരം കമ്പനികളെ എഐ ഉപയോഗിക്കുന്ന കമ്പനികൾ പിന്നിലാക്കാനുള്ള സാധ്യത ഉണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ഏകദേശം 1,500 യുകെ മുതിർന്ന നേതാക്കളിലും 1,440 ജീവനക്കാരിലും ആയി നടത്തിയ മൈക്രോസോഫ്റ്റ് സർവേയിൽ, പകുതിയിലധികം എക്സിക്യൂട്ടീവുകളും തങ്ങളുടെ സ്ഥാപനത്തിന് ഔദ്യോഗിക എഐ പദ്ധതി ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ചു.
എഐ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ ജോലി എത്രമാത്രം കാര്യക്ഷമമായി ചെയ്യുന്നതിലെ വിടവ് വർദ്ധിക്കുന്നതായും സർവേയിൽ പറയുന്നു. എഐ ഉപയോക്താക്കൾ മറ്റുള്ളവരേക്കാൾ ക്രമാതീതമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മത്സര ഓട്ടത്തിൽ എഐ ഉപയോഗിക്കാത്തവർ പിന്നിലാകാം. ഇത് ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, ചില സ്ഥാപനങ്ങൾ എഐ ഉപയോഗിച്ചും വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്റെ യുകെ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ഹാർഡ്മാൻ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പൂർണ്ണമായി നടപ്പിലാക്കുന്നതിനുപകരം, അവർ പരീക്ഷണ ഘട്ടത്തിൽ തങ്ങി നിൽക്കുകയാണ്. ചാറ്റ് ജിപിറ്റിയുടെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരായ മൈക്രോസോഫ്റ്റ്, മനുഷ്യ ഇടപെടലില്ലാതെ ജോലികൾ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വഴി ജോലിസ്ഥലങ്ങളിൽ എഐ യുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഐയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സാരംഭത്തിൻെറ ഉദാഹരണമാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി, ക്ലയന്റുകളുമായി മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ വിദ്യാർത്ഥി നിരവധി ബലാത്സംഗ കേസുകളിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. 28 വയസ്സുകാരനായ ചൈനീസ് പൗരനായ ഷെൻഹാവോ സോ നടത്തിയ ലൈംഗിക കുറ്റങ്ങൾ ഇതുവരെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗവേഷണ വിദ്യാർത്ഥിയായാണ് ഇയാൾ ചൈനയിൽ നിന്ന് യുകെയിൽ എത്തിയത്.
ഇയാൾ രണ്ട് സ്ത്രീകളെയും ഇതുവരെ കണ്ടെത്താനാകാത്ത എട്ട് പേരെയും ആക്രമിച്ചതായി ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണ കണ്ടെത്തി . എന്നാൽ 50 ഓളം ഇരകൾ കൂടി ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സോവിൻ്റെ ഇരകളെ കണ്ടെത്താൻ മെറ്റ് പോലീസ് ഒരു അപ്പീൽ ആരംഭിച്ചിട്ടുണ്ട് . മയക്കുമരുന്ന് നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചതു കൊണ്ട് പലർക്കും അവരെ ബലാത്സംഗം ചെയ്തെന്നു പോലും അറിയാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് മെറ്റ് പോലീസിൻ്റെ സിഡിആർ കെവിൻ സൗത്ത്വർത്ത് പറഞ്ഞു.
വിവിധ ബലാത്സംഗ കേസുകൾ കൂടാതെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വോയൂറിസം, അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. 2019 നും 2024 നും ഇടയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ച വസ്തുക്കൾ മെറ്റ് പോലീസ് ഇയാളുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് ബലാൽസംഗങ്ങൾ നടന്നത് കോവിഡിന്റെ സമയത്ത് ചൈനയിൽ വച്ചാണ്. ഇയാൾ സൂക്ഷിച്ചിരുന്ന വീഡിയോകളാണ് ഈ കുറ്റകൃത്യങ്ങൾക്ക് തെളിവായി പോലീസിന് ലഭിച്ചത് . എന്നാൽ ഈ ഇരകളെ ഇതുവരെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലണ്ടനിലാണ് നാല് ബലാത്സംഗങ്ങൾ നടന്നത്. രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞ് തെളിവെടുത്തു കഴിഞ്ഞു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ ദുഃഖത്തോടെ യുകെയിലെ മറ്റൊരു മലയാളി മരണം കൂടി മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുകയാണ് . ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ താമസിക്കുന്ന സണ്ണി അഗസ്റ്റിനാണ് നിര്യാതനായത്. 59 വയസു പ്രായമുള്ള സണ്ണിക്ക് വെറും രണ്ടര മാസം മുമ്പ് മാത്രമാണ് രോഗം തിരിച്ചറിഞ്ഞത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ സണ്ണി കുടുംബമായി 15 വർഷം മുമ്പാണ് യുകെയിൽ എത്തിയത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ നേഴ്സായ സിനി അഗസ്റ്റിൻ ആണ് ഭാര്യ. ഏക മകൾ മെഡിക്കൽ വിദ്യാർത്ഥിനിയായ ഐന സണ്ണി. തൊടുപുഴ കരിമണ്ണൂർ പൂവൻതുരുത്തിൽ പരേതരായ അഗസ്റ്റിൻ, റോസമ്മ ദമ്പതികളുടെ മകനാണ് സണ്ണി. നാട്ടിൽ പള്ളിക്കമുറി ലിറ്റിൽ ഫ്ലവർ ആർസി ചർച്ച് ഇടവകയിലെ അംഗങ്ങളാണ് സണ്ണിയുടെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഏറെനാളായി യുകെ യിൽ വന്ന സണ്ണിയും കുടുംബവും മത സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി പങ്കെടുക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ സണ്ണിയുടെ വിയോഗം കടുത്ത ഞെട്ടലാണ് യുകെയിലെ പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
സണ്ണി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ അമ്മയെ കെയർ ഹോമിൽ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു കൊണ്ടുവന്നു . സ്കോട്ട് ലൻഡിലെ ഫൈ ഫീലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രജിസ്റ്റർ ചെയ്ത നേഴ്‌സായ നിക്കോള ഹ്യൂസ് ആണ് ഫൈഫിലെ ഒരു കെയർ ഹോമിൽ അമ്മയുടെ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ചത്.
മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നിക്കോളയുടെ അമ്മയായ ജാനറ്റ് റിച്ചിയെ ജീവനക്കാരൻ ഉപദ്രവിക്കുന്നതും അവരോട് ആക്രോശിക്കുന്നതും ക്യാമറാ ദൃശ്യങ്ങളിൽ ഉണ്ട്. ഒരു കെയർ ഹോം നേഴ്സ് അവരുടെ തലയിൽ കിടക്കവിരി വിരിച്ച് റെസ്റ്റ് ഇൻ പീസ് എന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ കെയർ ഹോം പിരിച്ചു വിട്ടു. 2024 ഫെബ്രുവരിയിൽ ആണ് സൗകര്യപ്രദമായി വീടിനടുത്ത് ഒരു കെയർ ഹോം ലഭിച്ചപ്പോൾ നിക്കോളയുടെ അമ്മയെ അവിടെയാക്കിയത്. ഡിമെൻഷ്യ ബാധിച്ചവർക്കുള്ള പ്രത്യേക പരിചരണങ്ങൾ കെയർ ഹോമിൽ ഉണ്ടാകുമെന്നാണ് അവർ അറിയിച്ചിരുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴെ പരിചരണത്തിലെ താള പിഴകളെ കുറിച്ച് മകൾക്ക് സംശയം തോന്നിയിരുന്നു. അമ്മയെ പലപ്പോഴും മൂത്രത്തിന്റെ ഗന്ധമുള്ള വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതാണ് നിക്കോളയെ ഒളിക്യാമറ സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫാർമസി ഗ്രൂപ്പ് ആയ ബൂട്സ് ഉപഭോക്താക്കളോട് 500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ലേബലിംഗിൽ ഉണ്ടായ പിഴവാണ് നടപടിക്ക് കാരണം. വേദനസംഹാരിയായ ആസ്പിരിൻ എന്ന തെറ്റായ പ്രസ്താവന പായ്ക്കറ്റിൽ രേഖപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്.
ബാച്ച് നമ്പർ 241005 ഉൾപ്പെട്ട എക്സ്പയറിങ് ഡേറ്റ് “12/2029” ആയ ഗുളികകൾ ആണ് തിരിച്ചു വിളിച്ചവയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏകദേശം 110, 000 പായ്ക്കറ്റുകളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം മരുന്നുകൾ കൈവശം വയ്ക്കുന്നവർ തിരിച്ചു നൽകുമ്പോൾ ബില്ലില്ലെങ്കിൽ പോലും ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു.
പിഴവ് വരാനുള്ള കാരണങ്ങളെ കുറിച്ച് നിർമ്മാതാക്കളും വിതരണക്കാരായ അസ്പാർ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുളികകളുടെ പുറം കാർഡ് ബോർഡ് പാക്കേജിൽ പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളികകൾ എന്നും അകത്ത് ആസ്പിരിൻ 300 മില്ലിഗ്രാം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുളികകൾ മേടിച്ചിരിക്കുന്നവർ അത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും അത് തെറ്റായ ഡോസിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് ചൂണ്ടി കാണിക്കുന്നത്. ഈ ഉത്പന്നങ്ങൾ മറ്റാർക്കെങ്കിലുമായി മേടിച്ചവർ എത്രയും പെട്ടെന്ന് അവരോട് ഈ വിവരങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണന എന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയിൽ (എംഎച്ച്ആർഎ) നിന്നുള്ള ഡോ സ്റ്റെഫാനി മില്ലികൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഖാലിസ്ഥാൻ അനുകൂലികളുടെ യുകെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് വിഷയം ചർച്ചയായത്. ഇതോടൊപ്പം മനുഷ കടത്തും മറ്റ് തീവ്രവാദ അനുബന്ധ വിഷയങ്ങളും ഇരു നേതാക്കളുടെയും ചർച്ചയിൽ ഉയർന്നു വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുറ്റവാളികളെ പരസ്പരം കൈമാറുന്നത്, തീവ്രവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത നീക്കങ്ങൾ ചർച്ചയായതായി യോഗത്തിന് ശേഷം ജയശങ്കർ അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് പോലുള്ള നിരോധിത സംഘടനകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്ന് ഇന്ത്യ യുകെയോട് ആവർത്തിച്ച് ഉന്നയിച്ചിരുന്നു.
യുകെയിലും അയർലൻഡിലും ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി, ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതിയും ചർച്ച ചെയ്തു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിക്കിടെ റിയോയിൽ പ്രധാനമന്ത്രി മോദിയും കെയർ സ്റ്റാർമറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുകെയും വ്യാപാര കരാറിനായുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു .
ഇതിനിടെ ഇന്ത്യയും യുകെയും തമ്മിലുള്ള പരസ്പര സഹകരണം കൂട്ടാനായി മാഞ്ചസ്റ്ററിലും ബെല്‍ ഫാസ്റ്റിലും പുതിയ കോൺസലേറ്റുകൾ ഈ ആഴ്ച ആരംഭിക്കും. പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് 41 ബില്യൺ പൗണ്ടിൻ്റെ വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിന് സഹായിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും ലണ്ടനിൽ മാത്രമല്ല, യുകെയിലുടനീളം വളർച്ച കൈവരിക്കാൻ ഞങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും തെളിയിക്കുന്നതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പത്ത് വയസു മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി സ്വിണ്ടനിൽ മരണമടഞ്ഞു. സ്വിണ്ടനിൽ ടവർ സെന്ററിൽ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകൾ ഐറിൻ സ്മിത തോമസ് ആണ് വിട പറഞ്ഞത്. രണ്ട് വർഷത്തിലേറെയായി പിഒഎൽജി മൈറ്റോകോൺഡ്രിയൽ ഡിസോർഡർ എന്ന അപൂർവ രോഗത്തിന്റെ ചികിത്സയിലായിരുന്നു കുട്ടി.
കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം.
പൊതുദർശനത്തിന്റെയും സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഐറിൻ സ്മിത തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ എത്തിയ മലയാളി നേഴ്സ് മരണമടഞ്ഞു. 45 വയസ്സ് മാത്രം പ്രായമുള്ള മാമൻ വി തോമസ് (മോൻസി ) ആണ് അകാലത്തിൽ വിട പറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. കൊല്ലം പത്തനാപുരം വടക്കേ തലക്കൽ കുടുംബാംഗമാണ്.
2019 ലാണ് മോൻസി കുടുംബസമേതം ലണ്ടനിൽ കുടിയേറിയത്. നേരത്തെ നവി മുംബൈ ടെർണ സ്പെഷലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ നേഴ്‌സായി ജോലി ചെയ്തിരുന്നു. നിമ്മി വർഗീസ് ആണ് ഭാര്യ . മകൾ മന്ന .
പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ റിട്ടയർഡ് ഹെഡ്മാസ്റ്റർ ഐ. തോമസ്, പരേതയായ ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോൺ വി തോമസ് , ആനി തോമസ്.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗങ്ങളാണ് മരണമടഞ്ഞ മോൻസിയുടെ കുടുംബം.
പൊതു ദർശനവും പ്രാർത്ഥനാ ശുശ്രൂഷകളും മാർച്ച് 6-ാം തീയതി വ്യാഴാഴ്ച 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാക്കുളം ഹെർമ്മോൺ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാമൻ വി തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് അസുഖ ബാധിതരായിരിക്കുന്ന കാലത്ത് സാമ്പത്തിക പിന്തുണ നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ജോലിക്ക് പോകാൻ സാധിക്കാത്ത കാലത്ത് ഈ വിഭാഗത്തിൽ പെടുന്നവർക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ സഹായ ധനമായി ലഭിക്കും . ഈ സർക്കാർ പദ്ധതി യുകെയിലെ ഒരു ദശലക്ഷത്തിലധികം കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ജോലിക്ക് പോകാൻ സാധിക്കാത്ത ആദ്യദിവസം മുതൽ സാലറിയുടെ 80 ശതമാനമാണ് സിക്ക് പേ ആയി ലഭിക്കുന്നത്. നിലവിൽ സിക്ക് പേ ലഭിക്കുന്നതിന് തുടർച്ചയായി മൂന്ന് ദിവസത്തിൽ കൂടുതൽ രോഗബാധിതനായിരിക്കണം. ഇത് കൂടാതെ ആഴ്ചയിലെ ശരാശരി വരുമാനം 123 പൗണ്ട് ആയിരിക്കുകയും വേണം. അനാരോഗ്യകരമായ അവസ്ഥയിൽ അവരുടെ ഉപജീവനമാർഗത്തിനായി വിഷമിക്കേണ്ടതില്ലെന്നും അതുകൊണ്ടാണ് സർക്കാർ ഈ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടതെന്നും വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി ലിസ് കെൻഡൽ പറഞ്ഞു.
80 ശതമാനം സിക്ക് പേ നൽകുന്നതിനെ ബ്രിട്ടീഷ് ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു. എന്നാൽ ആദ്യദിവസം മുതൽ സിക്ക് പേ അനുവദിക്കുന്നത് ചെറിയ സ്ഥാപനങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്ന അഭിപ്രായവും ശക്തമാണ്. ഇതിനിടെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ സിക്ക് പേ 95 ശതമാനമാക്കണമെന്ന ആവശ്യവുമായി ചില തൊഴിലാളി സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.