ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുതിച്ചുയരുന്ന പണപെരുപ്പത്തെ നേരിടാൻ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടി വന്നേക്കാമെന്ന് യുഎസ് ഫെഡറൽ ഗവർണർ ക്രിസ്റ്റഫർ വാലർ മുന്നറിയിപ്പ് നൽകി. പലിശ നിരക്ക് വീണ്ടും 0 . 75 ശതമാനം ഉയരാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പണപെരുപ്പത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നേരത്തെ ഉയർത്തിയിരുന്നു . അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി രാജ്ഞിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയിൽ പാതയോരങ്ങളിൽ അകമ്പടിയായി നിരവധി ആളുകൾ. സെപ്റ്റംബർ 19ന് നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായാണ് ശരീരം എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നത്. സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്നത് കേൾക്കാനും ജനങ്ങൾ തടിച്ചുകൂടി.സെന്റ് ഗൈൽസ് കത്തീഡ്രലിന് അടുത്തുള്ള റോയൽ മൈലിലും വെയിൽസിലെ കാർഡിഫ് കാസിലിലും കൗണ്ടി ഡൗണിലെ ഹിൽസ്ബറോ കാസിലിലുമായി ചടങ്ങുകൾ നടന്നു.
രാജ്ഞിയുടെ മകൾ പ്രിൻസസ് റോയൽ തൻറെ ഭർത്താവ് വൈസ് അഡ്മിറൽ സർ ടിം ലോറൻസിനൊപ്പം വൈകാതെ കൊട്ടാരത്തിൽ എത്തും. ശവമഞ്ചം ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം വൈകുന്നേരം നാലുമണിക്ക് എഡിൻബർഗിൽ എത്തിച്ചേരും എന്നാണ് കണക്കുകൂട്ടൽ. ശവമഞ്ചത്തിന് മുകളിലായി വെച്ചിരിക്കുന്ന റീത്തുകൾ രാജ്ഞിയുടെ പ്രിയപ്പെട്ട പൂക്കളെയാണ് സൂചിപ്പിക്കുക. ഇവയെല്ലാം തന്നെ എസ്റ്റേറ്റിൽ നിന്ന് എടുത്തവയാണ്. വൈറ്റ് ഹെതർ, ഡാലിയാസ്, സ്വീറ്റ് പീസ്, ഫ്ലോക്സ്, പൈൻ ഫിർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ശവമഞ്ചം സെന്റ് ഗൈൽസ് കത്തീഡ്രലിലേക്ക് രാജാവിന്റെയും മറ്റു കുടുംബങ്ങളുടെയും അകമ്പടിയോടെ കൊണ്ടുപോകും.
മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനാർഹമായ ലോഗോ
ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ
യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
എലിസബത്ത് രാജ്ഞിയ്ക്ക് സെപ്റ്റംബർ 19 ാം തീയതി ബ്രിട്ടൻ അന്ത്യയാത്രാമൊഴിയേകും. അവസാന ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ചായിരിക്കും നടക്കുക. രാജ്ഞിയുടെ ജീവിതത്തിൻറെ പ്രധാന സംഭവങ്ങൾക്ക് എല്ലാം സാക്ഷ്യം വഹിച്ചതെന്ന പ്രത്യേകത വെസ്റ്റ്മിൻസ്റ്റർ ആബേ ചർച്ചിനുണ്ട് . ഇവിടെ വച്ചായിരുന്നു രാജ്ഞിയുടെ വിവാഹവും കിരീടാധാരണവും നടന്നത്.
രാജ്ഞിയുടെ മരണത്തെ തുടർന്ന് വില്യമിനും ഹാരിയ്ക്കും ഇടയിൽ നിലനിന്നിരുന്ന അകൽച്ചയുടെ മഞ്ഞുരുകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തൻറെ മക്കളുടെ ഇടയിലെ പ്രശ്നങ്ങൾ തീർക്കാൻ ചാൾസ് മൂന്നാമൻ രാജാവ് മുൻകൈയെടുത്തതായാണ് സൂചന. വില്യമും ഹാരിയും ഭാര്യമാരായ കേറ്റിനും മേഗനുമൊപ്പം സംയുക്തമായി ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ജനങ്ങളുമായി സംവേദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ബ്രിട്ടൻ രാജ്ഞിയ്ക്ക് അന്ത്യയാത്രാമൊഴിയേകുന്ന സെപ്റ്റംബർ 19 രാജ്യത്ത് ബാങ്ക് ഹോളിഡേ ആയിരിക്കുമെന്ന് ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ആദരസൂചകമായി ഒട്ടേറെ മലയാളി അസോസിയേഷനുകൾ തങ്ങളുടെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതായി അറിയിച്ചു. ഇന്നലെ നടക്കാനിരുന്ന ഓണാഘോഷവും ശ്രീനാരായണഗുരു ജയന്തി ആഘോഷവും രാജ്ഞിയോടുള്ള ആദരസൂചകമായി മാറ്റിവെച്ചതായി എസ്എൻഡിപി കേംബ്രിഡ്ജ് യൂണിറ്റ് അറിയിച്ചിരുന്നു. ഇന്ന് നടത്താനിരുന്ന ഓണാഘോഷവും മാറ്റിവെച്ചു കഴിഞ്ഞു. കൂടുതൽ മലയാളി അസോസിയേഷനുകൾ ദുഃഖാചരണത്തിന്റെ സമയത്തെ ആഘോഷങ്ങൾ മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നതായിട്ടുള്ള റിപോർട്ടുകൾ പുറത്തു വന്നു. ഇതിനെ പ്രതിരോധിക്കാൻ എത്രയും പെട്ടെന്ന് തങ്ങളുടെ ഫോൺ സെറ്റിംഗ് സിൽ മാറ്റം വരുത്തണമെന്നുള്ള മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ലണ്ടനിലാണ് തട്ടിപ്പ് അരങ്ങേറിയത്. ജിമ്മുകളിലും മറ്റും പോകുന്ന ആൾക്കാർ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഫോണുകൾ മോഷ്ടിക്കുന്നത്. പാസ് വേർഡുകളും വിരലടയാളങ്ങളും ഇല്ലാതെ തന്നെ ഫോൺ ആക്സസ് ചെയ്യാനുള്ള വഴിയും മോഷ്ടാവ് കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മോഷ്ടാവ് ഒരു സ്ത്രീ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഫോണും ബാങ്കിംഗ് കാർഡുകളും മോഷ്ടാവിന്റെ കയ്യിൽ കിട്ടിയാൽ ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട ബാങ്കിംഗ് ആപ്പുകൾ അവർ സ്വന്തം മൊബൈലിൽ ഡൗൺലോഡ് ചെയ്യുകയും ആവശ്യമുള്ള കാർഡ് വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നു. ആദ്യമായി കാർഡ് പുതിയ ഒരു ഉപകരണത്തിൽ ഉപയോഗിക്കുന്നതിനാൽ ബാങ്ക് ഒറ്റ തവണ ഉപയോഗിക്കുന്ന സുരക്ഷാപാസ്കോഡ് ആവശ്യപ്പെടും. ഇത് മോഷ്ടിച്ച ഫോണിൽ ടെക്സ്റ്റ് മെസ്സേജ് ആയി ലഭിക്കും. മിക്ക സ്മാർട്ട് ഫോണുകളിലും പുതിയ മെസ്സേജുകളുടെ പ്രിവ്യൂ കാണിക്കുന്നതിനുള്ള സൗകര്യം ഉള്ളതിനാൽ ലോക്ക് സ്ക്രീനിൽ തന്നെ ഈ കോഡ് കാണാൻ കഴിയും. ഇങ്ങനെ പുതിയൊരു അക്കൗണ്ടിലേക്ക് ആക്സസ് ചെയ്യാൻ മോഷ്ടാവിന് കഴിയും. പിന്നീട് പണം കൈമാറാനോ എന്തെങ്കിലും വാങ്ങിക്കാനോ ഈ അക്കൗണ്ട് ഉപയോഗിക്കാം. സെൽഫ്രിഡ് ജസ്, ആപ്പിൾ, ബലെൻസിയാഗ, ഹാരോഡ് സ് തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ധാരാളമായി ഈ സ്ത്രീ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സ്മാർട്ട്ഫോണുകൾ മോഷ്ടിക്കപെട്ടാൽ ഈ രീതിയിൽ പണം തട്ടിയെടുക്കുന്നത് ഒഴിവാക്കാനായി തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ ലോക്ക് സ്ക്രീൻ പ്രിവ്യുകൾ ഓഫ് ആക്കി ഇടാം എന്നതാണ് ഒരു മാർഗം. സാധ്യമാകുമെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണുകളും ബാങ്കിംഗ് കാർഡുകളും വെവ്വേറെ സൂക്ഷിക്കുക.
ഐഫോണുകളിൽ നോട്ടിഫിക്കേഷൻ പ്രിവ്യൂ ഓഫ് ആക്കുന്നതിന് ഇങ്ങനെ ചെയ്യുക:
ആൻഡ്രോയിഡ് ഫോൺഉപയോക്താക്കൾ ഇപ്രകാരം ചെയ്യുക:
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ മെസ്സേജുകൾ ഫോൺ ലോക്ക് ആയിരിക്കുന്ന അവസ്ഥയിൽ മറ്റൊരാൾക്ക് കാണുവാൻ സാധിക്കില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
15 വയസ്സുള്ള കുട്ടികളിൽ 18 ശതമാനം പേരും ഇ-സിഗരറ്റ് വലിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്തവർ ഇവ ഉപയോഗിക്കുന്നത് തടയണമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. 2018-ൽ ഇംഗ്ലണ്ടിലെ 15 വയസ് പ്രായമുള്ള പെൺകുട്ടികളിൽ ഇ-സിഗരറ്റിൻെറ ഉപയോഗം 10 ശതമാനം ആയിരുന്നത് കഴിഞ്ഞവർഷം 21 ശതമാനമായി ഉയർന്നത് എൻഎച്ച്എസ് പഠനത്തിൽ കണ്ടെത്തി. 11 മുതൽ 15 വരെ പ്രായപരിധിയിലുള്ളവരിൽ 9 ശതമാനം യുവാക്കളും പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. 2018-ൽ ഇത് 6 ശതമാനം ആയിരുന്നു. എൻ എച്ച് എസ് 18 വയസ്സ് തികഞ്ഞവരിൽ ഇ-സിഗരറ്റിൻെറഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പുകയില ഉപേക്ഷിക്കാനുള്ള സഹായമാർഗ്ഗമായാണ് എൻഎച്ച്എസ് ഇതിനെ എടുത്ത് കാണിച്ചിരിക്കുന്നത്. എന്നാൽ ഇവയുടെ ദീർഘകാലം ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഇതുവരെ വലിയ കണ്ടെത്തലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
18 വയസ്സ് തികയാത്ത പല കുട്ടികൾക്കും ഇവ പ്രായമായ തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ലഭിക്കുന്നുണ്ട്. പ്രായമാകാത്തവരിൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന 57 ശതമാനം പേരും കഴിഞ്ഞ വർഷം കടകളിൽനിന്ന് ഇവ വാങ്ങിയതായാണ് റിപ്പോർട്ടുകൾ. പുകയില ഉപയോഗിക്കുന്ന മുതിർന്നവരെ ഇ-സിഗരറ്റുകൾ ഉപയോഗിക്കാൻ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ യുവാക്കളെ ഇതിൻറെ അപകട സാധ്യതകളെ പറ്റി ബോധവൽക്കരണം നൽകി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്തിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഹേസൽ ചീസ്-മാൻ പറഞ്ഞു. ഇത് നടപ്പിലാക്കാൻ ഏറ്റവും നല്ല വിധം നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളുടെ ഇടയിലുള്ള ഇ-സിഗരറ്റുകളുടെയും മറ്റു ഉപയോഗത്തിലുള്ള വർദ്ധനവ് ആശങ്കാജനകമാണെന്നും ഇതിന് പിന്നിലുള്ള കാരണം എത്രയും വേഗം കണ്ടെത്തണമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ പ്രൊഫസറും ഈ സിഗർറ്റിന്റെ ഗവൺമെൻറ് എവിഡൻസ് റിവ്യൂ ഓഫ് ഇ-സിഗർട്ട്സ് പ്രബന്ധത്തിൻെറ രചയിതാവുമായ ആൻ മക്നീൽ പറഞ്ഞു. പുകവലി നിർത്താൻ ശ്രമിക്കുന്നവർ മാത്രമേ ഇ-സിഗരറ്റ് ഉപയോഗിക്കാവൂ എന്നും 18 വയസ്സിന് താഴെയുള്ളവരോ പുകയില ഉപയോഗിച്ച് പുക വലിക്കാത്തവരോ ഇത് ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : അത്തിമരക്കൊമ്പിലെ ഏറുമാടത്തിൽ ഭർത്താവുമൊത്ത് അന്തിയുറങ്ങാൻ കയറിയ എലിസബത്ത് രാജകുമാരി പിറ്റേന്ന് തിരിച്ചിറങ്ങിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്ഞിയായി. 1952 ഫെബ്രുവരി ആറിന് ലോകം ഉണർന്നത് ബ്രിട്ടീഷ് രാജാവായ ജോർജ് ആറാമന്റെ മരണവാർത്ത കേട്ടായിരുന്നു. ശ്വാസകോശ ക്യാൻസറിനെ തുടർന്നായിരുന്നു അദേഹത്തിന്റെ അന്ത്യം.
അപ്പോൾ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ആബെർഡെയർ പാർക്കിലായിരുന്നു മകൾ എലിസബത്തും ഭർത്താവ് ഫിലിപ്പ് രാജകുമാരനും. ബ്രിട്ടന്റെ കോളനിയായിരുന്ന കെനിയയിൽ കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. സാഹസികത ഇഷ്ടപ്പെട്ടിരുന്ന എലിസബത്ത് ആബെർഡെയറിലെ മരച്ചില്ലയിലെ ഏറുമാടത്തിൽ (ട്രീ ടോപ്സ്) അന്തിയുറങ്ങാൻ തീരുമാനിച്ചു.
അങ്ങനെ, അഞ്ചാം തീയതി കയറേണിയിൽ പിടിച്ചുകയറി ഏറുമാടത്തിലേക്ക് കടന്ന യുവതി ആറാം തീയതി താഴേക്കിറങ്ങി വന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയായിട്ടായിരുന്നു. ഈ വാർത്ത മാധ്യമങ്ങൾ ലോകമെങ്ങും ആഘോഷിച്ചു. ഇതോടെ കെനിയയുടെ വിനോദസഞ്ചാര മേഖലയ്ക്കും നേട്ടങ്ങളുണ്ടായി. അങ്ങനെ അപൂർവ നിമിഷത്തിൽ വന്നുചേർന്ന നിയോഗം സന്തോഷപൂർവ്വം ഏറ്റെടുത്ത് നിർവഹിച്ചാണ് രാജ്ഞി മടങ്ങുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജ പദവി ഏറ്റെടുത്ത ചാൾസ് മൂന്നാമൻ ഒദ്യോഗികമായി രാജ്യത്തെ അഭിസംബോധന ചെയ്‌തു. തൻെറ അമ്മ ജനങ്ങൾക്ക് വേണ്ടി ആജീവനാന്തം പ്രയത്നിച്ചതു പോലെത്തന്നെ താനും പ്രവർത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഷേക്‌സ്പിയറിൻെറ പ്രശസ്‌ത കൃതികളിൽ ഒന്നായ ഹാംലെറ്റിൽ നിന്നുള്ള വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തൻെറ പ്രസംഗം ഉപസംഹരിച്ചത്.
രാജാവ് തൻെറ മകനായ വില്യം രാജകുമാരന് പ്രിൻസ് ഓഫ് വെയിൽസ് പദവി നൽകി. ഇനി വില്യംമിന്റെ ഭാര്യ കാതറിനായിരിക്കും പ്രിൻസസ് ഓഫ് വെയിൽസ്. ഡയാന രാജകുമാരിക്ക് ശേഷം ഈ പദവി ലഭിക്കുന്ന ആദ്യ ആളാണ് കാതറിൻ. ഡയാന രാജകുമാരി താൻ ആരാധനയോടെ നോക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാൾ ആണെന്നും അവർ എന്നും തൻെറ ജീവിതത്തിലെ വഴികാട്ടിയായിരിക്കുമെന്നും കാതറിൻ നേരത്തെ പറഞ്ഞിരുന്നു. തൻറെ ഇളയ മകനായ ഹാരി രാജകുമാരനെയും ഭാര്യ മേഗനേയും അദ്ദേഹം തൻെറ പ്രസംഗത്തിൽ പരാമർശിച്ചു.
ക്യൂൻ കൺസേർട്ട് ആയ കമീലയോടൊപ്പം കൊട്ടാരത്തിന് പുറത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ലണ്ടനിലെ സെൻറ് പോൾസ് കത്തീഡ്രലിൽ രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള പ്രാർത്ഥനയും ധ്യാന ശുശ്രൂഷയും നടന്നു. തന്റെ 96- ആം വയസ്സിൽ ബാൽമോറൽ കൊട്ടാരത്തിൽ ഈ വ്യാഴാഴ്ചയായിരുന്നു രാജ്ഞി ലോകത്തോട് വിട പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്യത്തെ കണ്ണീരിലാഴ്ത്തി എലിസബത്ത് രാജ്ഞി വിട പറഞ്ഞിരിക്കുകയാണ്. ഇതേ തുടർന്ന് മൂത്തമകൻ ചാൾസ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗികമായി ചാൾസ് മൂന്നാമൻ എന്നായിരിക്കും അറിയപ്പെടുക. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കാലം അധികാര പദവിയിലിരുന്നതും എലിസബത്ത് രാജ്ഞി തന്നെയാണ്.
ബ്രിട്ടനിലെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് രാജകുമാരിയായിരുന്ന എലിസബത്ത് രാജ്ഞി, വുമൺസ് ഓക്സിലിയറി ടെറിറ്റോറിയൽ സർവീസ് യുദ്ധത്തിൽ പങ്കെടുത്തു.
ചാൾസ് മൂന്നാമൻ
എലിസബത്ത് രാജ്ഞിയുടെയും ഫിലിപിന്റെയും മൂത്തപുത്രൻ. 1948 നവംബർ 14 നായിരുന്നു ഇദ്ദേഹം ജനിച്ചത്. തന്റെ അമ്മ സിംഹാസനം ഏറ്റെടുക്കുമ്പോൾ വെറും നാലു വയസ്സായിരുന്നു. 1976 ൽ കുട്ടികളെ സഹായിക്കാൻ ദ പ്രിൻസസ് ട്രസ്റ്റ് എന്ന പേരിൽ ഒരു ചാരിറ്റി സ്ഥാപിച്ചു. 1981 ലെ ലേഡി ഡയാന ഫ്രാൻസിസ് സ്പെൻസറെ അദ്ദേഹം വിവാഹം കഴിച്ചു. 1996 ൽ വേർപിരിഞ്ഞു. ചാൾസ് പിന്നീട് താൻ അറിയാവുന്ന കാമില പാർക്കർ ബൌളുമായി ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സമ്മതിച്ചു. 2005ൽ ചാൾസും കാമിലയും വിവാഹിതരായി. ഇനി ക്വീൻസ് കൺസർട്ട് എന്നറിയപ്പെടും.
ആനി
എലിസബത്തിന്റെയും ഫിലിപ്പിന്റെയും രണ്ടാമത്തെ കുട്ടിയും ഏകമകളുമാണ് ആനി. 1950ൽ ജനനം. 1987 ജൂണിൽ അവർക്ക് രാജകുമാരി എന്ന പദവി ലഭിച്ചു. ആനി രാജകുമാരി രണ്ടുതവണ വിവാഹം കഴിച്ചു; അവളുടെ ആദ്യ ഭർത്താവ് – ക്യാപ്റ്റൻ മാർക്ക് ഫിലിപ്‌സ്. പീറ്ററിന്റെയും സാറയുടെയും പിതാവാണ്, രണ്ടാമത്തേത് വൈസ് അഡ്മിറൽ തിമോത്തി ലോറൻസ്. 1976 മോൺട്രിയൽ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനു വേണ്ടി മത്സരിച്ചു. 1970 മുതൽ സേവ് ദി ചിൽഡ്രൻ എന്ന ചാരിറ്റിയുടെ പ്രസിഡന്റ് ആണ്.
പ്രിൻസ് ആൻഡ്രൂ
എലിസബത്തിന്റെയും ഫിലിപ്പിന്റെയും മൂന്നാമത്തെ കുട്ടിയാണ് യോർക്ക് ഡ്യൂക്ക് ആയ ആൻഡ്രൂ. 1960 ഫെബ്രുവരി 19 നാണ് ഇദ്ദേഹം ജനിച്ചത്. റോയൽ നേവിയിൽ ജോലി ചെയ്തിട്ടുണ്ട്. 1982 ലെ ഫോക്ക്‌ലാൻഡ് യുദ്ധത്തിൽ സജീവമായി സേവനം അനുഷ്ഠിച്ചു. രാജകീയ ഇടപെടലുകൾക്ക് പുറമേ, 2011 വരെ അദ്ദേഹം സർക്കാരിന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 1986-ൽ യോർക്കിലെ ഡച്ചസ് ആയ സാറാ ഫെർഗൂസണുമായുള്ള വിവാഹം. രണ്ട് പെണ്മക്കൾ – ബിയാട്രീസും യൂജെനിയും. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് രാജകീയ ചുമതലകളിൽ നിന്ന് മാറ്റി.
പ്രിൻസ് എഡ്വേർഡ്
എലിസബത്തിന്റെയും ഫിലിപ്പിന്റെയും നാലാമത്തെ കുട്ടിയാണ് എഡ്വേർഡ്. 1964 മാർച്ച് 10 ന് ജനിച്ചു. 1999 ജൂൺ 19 ന് ബിസിനസുകാരി സോഫി റൈസ്-ജോൺസിനെ വിവാഹം ചെയ്തു. ലേഡി ലൂയിസ് വിൻസോർ, ജെയിംസ് എന്നീ രണ്ടു കുട്ടികളുണ്ട്. സ്വന്തം ടിവി പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു. തുടർന്ന് അദ്ദേഹം രാജ്ഞിയെ അവളുടെ ഔദ്യോഗിക ചുമതലകളിൽ പിന്തുണയ്ക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പൊതു ഇടപഴകലുകൾ നടത്തുകയും ചെയ്തു.
വില്യം രാജകുമാരൻ
1982 ജൂൺ 21-ന് ചാൾസ്- ഡയാനയുടെ മൂത്ത പുത്രനായി ജനനം. റോയൽ എയർ ഫോഴ്സിലും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. അമ്മ മരിക്കുമ്പോൾ അദ്ദേഹത്തിന് 15 വയസ്സായിരുന്നു. അദ്ദേഹം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയി, അവിടെ തന്റെ ഭാവി ഭാര്യ കേറ്റ് മിഡിൽടണെ കണ്ടുമുട്ടി. 2011 ലാണ് ഇരുവരും വിവാഹിതരായത്. 21-ാം ജന്മദിനത്തിൽ അദ്ദേഹത്തെ സ്റ്റേറ്റ് കൗൺസിലറായി നിയമിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും 2013 ജൂലൈയിൽ ആദ്യത്തെ കുട്ടി ജോർജ്ജും 2015 ൽ ഷാർലറ്റും 2018 ൽ ലൂയിസും ജനിച്ചു. സിംഹാസനത്തിന്റെ അവകാശിയെന്ന നിലയിൽ, രാജാവിന്റെ പ്രതിബദ്ധതകളിൽ അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് പ്രധാന ചുമതലകൾ.
പ്രിൻസ് ഹാരി
പ്രിൻസ് ചാൾസ്, ഡയാന രാജകുമാരി എന്നിവരുടെ ഇളയമകൻ. 1984 സെപ്തംബർ 15 നാണ് ഹാരി ജനിച്ചത്. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ പരിശീലനം നേടി ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ച് ആർമിയിൽ ലെഫ്റ്റനന്റായി. 2015-ൽ അദ്ദേഹം സൈന്യം ഉപേക്ഷിച്ചു, ഇപ്പോൾ ആഫ്രിക്കയിലെ സംരക്ഷണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിക്കേറ്റ സായുധ സേനയിലെ അംഗങ്ങൾക്കായി ഇൻവിക്ടസ് ഗെയിംസ് സംഘടിപ്പിക്കുന്നു. 2018 മെയ് 19 ന് വിൻഡ്‌സർ കാസിലിൽ വച്ച് മേഗൻ മാർക്കിളിനെ വിവാഹം കഴിച്ചു. 2020ൽ രാജകുടുംബത്തിൽ നിന്ന് മാറി. രണ്ട് മക്കൾ – ആർച്ചി, ലിലിബെറ്റ് ഡയാന.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- വിദേശ നേഴ്സുമാർക്ക് എൻഎച്ച്എസിൽ ചേരുവാൻ എളുപ്പമാകുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങളാണ് മന്ത്രിമാർ പുതുതായി നിർദേശിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിശദീകരണങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ ഇരിക്കുന്നതേയുള്ളൂവെന്ന് നേഴ്സിംഗ് ടൈംസ് റിപ്പോർട്ട് ചെയ്തു. എംപിമാർ വേനൽക്കാല അവധിയിൽ നിന്നും മടങ്ങിയെത്തിയശേഷം തിങ്കളാഴ്ച കോമൺസിന് മുൻപാകെ പുതിയ നിയമനിർമാണം സംബന്ധിച്ച നിർദ്ദേശങ്ങൾ വയ്ക്കുമെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ( ഡി എച്ച് എസ് സി )അറിയിച്ചിരിക്കുന്നത്. ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്ത പ്രകാരം, പുതിയ നിയമനിർമ്മാണം നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന് ( എൻ എം സി) അന്താരാഷ്ട്ര അപേക്ഷകരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടാകും എന്നാണ് വ്യക്തമാക്കുന്നത്. നിലവിൽ അന്താരാഷ്ട്ര നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ എൻ എം സി പാലിക്കേണ്ട അതികഠിനമായ പ്രക്രിയ മറ്റു വഴികൾ ഇല്ലാതാക്കുന്നുവെന്ന് പുതിയ നിയമനിർമ്മാണം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നിലവിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എൻ എം സി ചെറിയതോതിലുള്ള ഭരണപരമായ പരിഷ്കാരങ്ങൾ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്.
തങ്ങളുടെ നിയമനിർമാണത്തിലെ പുതിയ മാറ്റങ്ങൾ സ്വാഗതം ചെയ്യുന്നതായി എൻ എം സി അസിസ്റ്റന്റ് ഡയറക്ടർ ഫോർ രജിസ്ട്രേഷൻ & റീവാലിഡെഷൻ വ്യക്തമാക്കി. നിലവിൽ എൻഎച്ച്എസിൽ അനുഭവിക്കുന്ന സ്റ്റാഫുകളുടെ ക്ഷാമത്തിന് പുതിയ നിയമനിർമ്മാണം സഹായകരമാകുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഗാധമായിക്കൊണ്ടിരിക്കുന്ന തൊഴിൽ പ്രതിസന്ധിയിൽ വിദേശ നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാനുള്ള ഏതൊരു ശ്രമവും സഹായകരമാകുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് സെക്രട്ടറി ആയിരിക്കുന്ന പാറ്റ് കുലൻ വ്യക്തമാക്കി.