Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം തടയാൻ കൂടുതൽ പേരിലേയ്ക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ ആരോഗ്യ മേഖല. ഇതിൻറെ ഭാഗമായി 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നാലാമത്തെ ബൂസ്റ്റർ വാക്സിൻ ലഭിക്കും. ഏറ്റവും പുതിയ ജനിതക വകഭേദങ്ങളെ ഫലപ്രദമായി നേരിടാൻ നാലാമത്തെ വാക്സിൽ സഹായിക്കും എന്നാണ് കരുതുന്നത്.

നേരത്തെ തന്നെ ദുർബല വിഭാഗത്തിൽ പെട്ടവർക്ക് നാലാമത്തെ കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് ആറ് ദശലക്ഷത്തിലധികം ജനങ്ങൾ നാലാമത്തെ ഡോസ് കിട്ടാൻ അർഹരാണ് . മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് മന്ത്രിസഭയ്ക്ക് മുൻപിൽ വിശദീകരണം നടത്തിയിരുന്നു.

യുകെയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണെങ്കിലും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പുതിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താൻ പദ്ധതികളില്ലന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലീവിങ് വിത്ത് കോവിഡ് നയം തന്നെയായിരിക്കും ഗവൺമെൻറ് പിൻതുടരുക. എന്നാൽ ഏറ്റവും കൂടുതൽ ആളുകളിലേയ്ക്ക് വാക്സിന്റെ നാലാമത്തെ ഡോസ് എത്തിക്കുന്നതിലായിരിക്കും സർക്കാർ മുൻഗണന നൽകുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസിജെറ്റ് പൈലറ്റ് ട്രെയിനി ആയ 21 വയസ്സുകാരി നെറ്റിയിൽ കൊതുക് കടിച്ചതിനെ തുടർന്നുണ്ടായ മാരകമായ അണുബാധയെ തുടർന്ന് മരണമടഞ്ഞു.പൈലറ്റ് പരിശീലനത്തിനായി ബെൽജിയത്തിലെത്തിയ 21 കാരയായ ഒറിയാന പെപ്പറിന്റെ വലത് പുരികത്തിന് മുകളിലാണ് കഴിഞ്ഞവർഷം കൊതുകു കടിയേറ്റത്. അന്വേഷണത്തിൽ ഒറിയാനയെ സഫോക്കിലെ ബറി സെന്റ് എഡ് മണ്ട്സിലെ ആശുപത്രിയിൽ ജൂലൈ 7-ന് എത്തിക്കുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും വീട്ടിലേക്ക് പോകാൻ പറയുകയും ചെയ്തതായി കണ്ടെത്തി.സംഭവത്തിനു രണ്ടു ദിവസത്തിനുശേഷം ഒറിയാന കുഴഞ്ഞു വീണതിനെ തുടർന്ന് അവരുടെ പങ്കാളി ജെയിംസ് ഹാൾ അവരെ തിരികെ കൊണ്ടുപോവുകയായിരുന്നു. ഇതിനു മൂന്നു ദിവസത്തിനു ശേഷം ജൂലൈ 12നാണ് ആശുപത്രിയിൽ ഒറിയാന മരണമടഞ്ഞത്. നെറ്റിയിൽ പ്രാണികളുടെ കടിയേറ്റുണ്ടായ ഗുരുതരമായ അണുബാധയെ തുടർന്നാണ് ഒറിയാന മരിച്ചതെന്ന് സഫോൾക്കിലെ സീനിയർ കൊറോണറായ നിഗൽ പാർസ് ലി പറഞ്ഞു.

മസ്തിഷ്കത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് സെപ്റ്റിക് എംബോളി ബാധിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതുപോലെ ഒരു സംഭവം താൻ മുമ്പ് കണ്ടിട്ടില്ലെന്നും അത്ഭുതമായ ഒരു കരിയറും ജീവിതവും മുന്നിൽ കണ്ട യുവതിക്ക് ഇത് നിർഭാഗ്യകരമായ ദുരന്തമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മഡ്രിഡ്‌ : യുകെയിൽ നിന്നുള്ള ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയെന്ന തട്ടിപ്പ് സന്ദേശം നൽകിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കെന്റിനടുത്ത് ഓർപിംഗ്ടണിൽ താമസിക്കുന്ന ആദിത്യ വർമ (18)യാണ് സ് പാനിഷ് പോലീസിന്റെ പിടിയിലായത്. സ് പാനിഷ് ദ്വീപായ മെനോർക്കയിലെ കോടതിയിൽ ആദിത്യയെ ഹാജരാക്കി. യുകെയിൽ നിന്ന് യാത്രക്കാരുമായി മെനോർക്കയിലേക്ക് പോകുകയായിരുന്ന വിമാനം തകർക്കാൻ പോകുകയാണെന്ന് സ്‌നാപ് ചാറ്റിൽ വീമ്പിളക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. “ഞാൻ താലിബാൻ ആണ്. ഞാൻ ഈ വിമാനം തകർക്കാൻ പോകുന്നു.” – ഇതായിരുന്നു ആദിത്യയുടെ സ്‌നാപ് ചാറ്റ് സന്ദേശം. എ ലെവൽ പരീക്ഷയ്ക്ക് ശേഷം സുഹൃത്തുക്കളുമൊത്ത് അവധി ആഘോഷിക്കാൻ പോകുകയായിരുന്നു ആദിത്യ.


ഭീഷണിയെ തുടർന്ന് വടക്കൻ സ്പാനിഷ് നഗരമായ സരഗോസയിലെ സൈനിക താവളത്തിൽ നിന്ന് രണ്ട് എഫ് 18 യുദ്ധവിമാനങ്ങൾ ഈസിജെറ്റ് ഫ്ലൈറ്റിന് അകമ്പടി സേവിച്ചു. ഈ ചെലവിനുള്ള തുകയായ 86,000 പൗണ്ട് ആദിത്യ നൽകണമെന്ന് സ് പാനിഷ് പ്രോസിക്യൂട്ടർമാർ വാദിച്ചു. ആദിത്യയുടെ പേരിൽ നിലവിൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്ന അമ്മ ദീപ്തി പ്രസാദ്, മകന്റെ അറസ്റ്റ് വിവരം അറിഞ്ഞയുടനെ മെനോർക്കയിലേക്ക് പുറപ്പെട്ടു. മകന്റെ സന്ദേശം വെറും തമാശയാണെന്ന് അമ്മ പ്രതികരിച്ചു. പിതാവ് ആനന്ദ് യുകെയിൽ ഡോക്ടറാണ്.

അതേസമയം, കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രണ്ട് ദിവസം പോലീസ് സെല്ലിലാണ് ആദിത്യ കഴിഞ്ഞത്. തന്റെ ബോംബ് ‘തമാശ’ ഈസിജെറ്റ് ഫ്‌ളൈറ്റിൽ തന്നോടൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കൾക്ക് മാത്രമേ കാണാൻ കഴിയൂ എന്ന് കരുതിയതായി ആദിത്യ കോടതിയിൽ പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ സ്‌പെയിനിലെ നാഷണൽ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയ ആളാണ് ആദിത്യ. ഇംഗ്ലണ്ടിന്റെ പ്രതിനിധിയായാണ് അന്ന് പങ്കെടുത്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനം തുടങ്ങാനിരിക്കവേയാണ് ഈ ബോംബ് തമാശ വില്ലനായെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡ്രൈവർമാരുടെ അമിത സ്പീഡിനെ തടയിടുവാൻ പുതിയ നിയമങ്ങൾ നിലവിൽ വന്നു. ബ്രിട്ടനിൽ ജൂലൈ 6 മുതൽ വിപണിയിൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളിലും സ്പീഡ് ലിമിറ്റർ നിർബന്ധമാക്കിയിരിക്കുകയാണ്. ഈ ഡിവൈസുകൾ ജിപിഎസ് ഡേറ്റ ഉപയോഗിച്ച് ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റ് കണ്ടെത്തുകയും, കാറിന്റെ സ്പീഡ് അതിനുമുകളിൽ ആണെങ്കിൽ തനിയെ കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിൽ നിർമ്മിക്കപ്പെടുന്ന എല്ലാ കാറുകൾക്കും ഇനി മുതൽ സ്പീഡ് ലിമിറ്റർ ഉണ്ടാകും. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വന്നിട്ടും, കാറുകൾ ഇമ്പോർട്ട് ചെയ്യുന്നതിനാൽ പുതിയ നിയമം നടപ്പിലാക്കുവാൻ ബാധകമാകും . ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റിനെ കുറിച്ച് ഡ്രൈവർമാർക്ക് ധാരണയുണ്ടാകുവാൻ ഈ ഡിവൈസ് സഹായിക്കും. അതിൻ പ്രകാരം ഡ്രൈവർ സ്പീഡ് കുറച്ചില്ലെങ്കിൽ സ്പീഡ് ലിമിറ്റർ തനിയെ എഞ്ചിനിന്റെ പവറും, വാഹനത്തിന്റെ വേഗതയും കുറയ്ക്കും.

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയമം ബാധകമാവുകയില്ല. എന്നാൽ ഇന്നുമുതൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ലിമിറ്റർ നിർബന്ധമാകും. നിരവധി അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നിയമം സഹായകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് . നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് 2024 ജൂലൈയോടുകൂടി സ്പീഡ് ലിമിറ്റർ നിർബന്ധമാകും. ചില കാർ കമ്പനികൾ നിലവിൽ തന്നെ ഈ ഡിവൈസുകൾ ഉൾപ്പെടുത്തിയാണ് കാറുകൾ പുറത്തിറക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ധന വിലവർധനവും തുടർന്നുള്ള ജീവിത ചിലവും മൂലം ബ്രിട്ടനിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഇതിന് പരിഹാരം എന്നവണ്ണം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളിൽ നിന്ന് നാഷണൽ ഇൻഷുറൻസ് വിഹിതം പിരിക്കേണ്ടതില്ലന്ന തീരുമാനം യുകെ സർക്കാർ കൈകൊണ്ടിരിക്കുകയാണ്. മന്ത്രിസഭയിൽ നിന്ന് രാജിവച്ച ഇന്ത്യൻ വംശജനായ ഋഷി സുനക് ഒപ്പുവെച്ച നിർണായക തീരുമാനം യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണീരൊപ്പുന്നതാണ്. രണ്ട് ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജീവിത ചെലവുകളിൽ നട്ടം തിരിയുന്ന തൊഴിലാളികൾക്ക് ഈ മാറ്റം ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിവർഷം 20,000 പൗണ്ട് സമ്പാദിക്കുന്ന ഒരു ജീവനക്കാരൻ മുൻ വർഷത്തേക്കാൾ 175 പൗണ്ട് നാഷണൽ ഇൻഷുറൻസിലേക്ക് അടച്ചാൽ മതിയാകും. നിലവിലെ മാറ്റം 10 ജീവനക്കാരിൽ 7 പേർക്ക് പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തുന്നത് .

ജീവിത ചിലവ് ക്രമാതീതമായി കുതിച്ചുയരുന്നതിനെതിരെ യുകെയിൽ ഉടനീളം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ധന വില വർദ്ധനവിനെതിരെ യുകെയിലെ മോട്ടോർ വേകൾ കഴിഞ്ഞ ദിവസം വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു . രാജ്യത്തെ അതിവേഗ പാതകളിലൂടെ സാവധാനം വാഹനം ഓടിച്ചാണ് സമരക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വളരെ പതുക്കെ വാഹനം ഓടിച്ചതിന് രാജ്യത്ത് ഉടനീളം ഒട്ടേറെ ആൾക്കാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനകും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. ലൈംഗിക ആരോപണം നേരിടുന്ന ക്രിസ് പിഞ്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി. സാജിദ് ജാവിദ് രാജി വെച്ചതിനു പിന്നാലെയാണ് സുനകും രാജിക്കായി ഒരുങ്ങിയത്. അതേസമയം, വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ചാൻസലറായി നിയമിച്ചു. ജാവിദിന് പകരം ഡൗണിംഗ് സ്ട്രീറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും.

“സർക്കാർ ശരിയായ രീതിയിൽ കാര്യക്ഷമതയോടും ഗൗരവമായും ഭരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ഒരുപക്ഷെ എന്റെ അവസാനത്തെ മന്ത്രിപദവി ആയിരിക്കാം. ഇപ്പോൾ രാജിയാണ് ഉത്തമം.” സുനക് ട്വിറ്ററിൽ കുറിച്ചു. ഭരണം നടത്താനുള്ള ജോൺസന്റെ കഴിവിൽ തനിക്ക് വിശ്വാസം നഷ്ടമായെന്ന് ജാവിദ് വ്യക്തമാക്കി. സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി ഇനി തുടരാനാവില്ല. ജോൺസന്റെ നേതൃത്വത്തിന് കീഴിൽ നിലവിലെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് ജാവിദ് രാജിക്കത്തിൽ പറയുന്നു.

പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​ടെ അ​ച്ച​ട​ക്കം നോക്കേണ്ട പി​ഞ്ച​ർ അ​മി​ത മ​ദ്യ​പാ​ന​വും പെ​രു​മാ​റ്റ​ദൂ​ഷ്യ ആ​രോ​പ​ണ​വും കാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി​ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ് സ്ഥാ​നം രാ​ജി​വെ​ച്ചിരുന്നു. ആരോപണം നിലനിൽക്കേ ഇദ്ദേഹത്തെ സർക്കാരിലെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസ് ജോൺസന്റെ വീഴ്ചയാണെന്ന നിലപാടിലാണ് മന്ത്രിമാർ ഇരുവരും രാജിവെച്ചത്.

പാർട്ടി ഗേറ്റ് വിവാദവും ലൈംഗിക ആരോപണങ്ങളും സർക്കാരിന് മേൽ കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് ഈ രാജി. സ്വന്തം എംപിമാർ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് ജോൺസൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ ടോറി വൈസ് ചെയർ സ്ഥാനം ബിം അഫോളാമി രാജിവെച്ചു. രാജിക്ക് മറുപടിയായി ലേബർ നേതാവ് കെയർ സ്റ്റാർമർ, ഒരു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നെന്നും രാജ്യത്തിന് ഭരണമാറ്റം ആവശ്യമാണെന്നും പറഞ്ഞു. പ്രതിസന്ധിയിലൊക്കെ ജോൺസനൊപ്പം നിന്ന രണ്ടുപേരാണ് ഇപ്പോൾ പടിയിറങ്ങിയത്. ധനമന്ത്രിയായ സുനക്കിന്റെ കൃത്യമായ ഇടപെടലുകൾ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഇരുവരുടെയും പടിയിറക്കം ബ്രിട്ടീഷ് സർക്കാരിനെ വലിയ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് തീർച്ചയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലേക്ക് എത്തുന്ന വിദ്യാർഥികൾ അവരുടെ കോഴ്സുകളിൽ നിന്ന് അകന്ന് ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മനുഷ്യക്കടത്തിനെതിരെ അതീവ ജാഗ്രത പുലർത്താൻ യൂണിവേഴ്സിറ്റികൾക്ക് നിർദേശം. ഗ്രീൻ‌വിച്ച്, ചെസ്റ്റർ, ടീസ്‌സൈഡ് യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ വിദ്യാർഥികൾ യുകെയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്ലാസുകളിൽ ഹാജരാകാതിരുന്നതായി ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (ജിഎൽഎഎ) റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വെയിൽസിലെ കെയർ സെക്ടറിൽ മോശമായ അവസ്ഥയിൽ അവർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ആഴ്ചയിൽ 80 മണിക്കൂർ വരെ, മിനിമം വേതനത്തിൽ താഴെ ശമ്പളവുമായാണ് അവർ ജോലി ചെയ്തത്.

യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുടെ ഹാജർ നില കുറവായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിലുടനീളം കെയർ ഹോമുകളിൽ വ്യാപകമായ തൊഴിൽ ചൂഷണം നടക്കുന്നതായി ഒരന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യ, ഫിലിപ്പീൻസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ നിന്ന് 18,000 പൗണ്ട് വരെ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഫീസിൽ ഈടാക്കുന്നുണ്ട്.

കൂടാതെ, അനധികൃതമായി ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായ റെയ്ഡുകളും ഇപ്പോൾ നടക്കുന്നു. യുകെയില്‍ പഠിക്കാന്‍ എത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികൾക്കും വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനും നല്‍കുന്ന ഉറപ്പുകള്‍ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹോം ഓഫീസ് ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയാണെന്ന വാർത്തകൾ പുറത്തുവന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ 24 മണിക്കൂറും ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഭക്ഷണം കഴിക്കാനാവാത്ത വിധം വളരെ കുറച്ച് ശമ്പളം നൽകുകയും ചെയ്തുവെന്ന് ഒരു ചാരിറ്റി വെളിപ്പെടുത്തി. ഈ കേസ് പോലീസിന് കൈമാറിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷാമം കാരണം സ്റ്റുഡന്റ് വിസയിലുള്ള ആളുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ബ്രിട്ടനിൽ വർദ്ധിച്ചുവരികയാണെന്ന് ഫോക്കസ് ഓൺ ലേബർ എക്‌സ്‌പ്ലോയിറ്റേഷന്റെ റിസർച്ച് മാനേജർ മെറി ആൽബെർഗ് പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ വിദ്യാർഥികളുടെ അപേക്ഷകൾ, ഹാജർ, ഫീസ് അടയ്ക്കൽ എന്നിവ നിരീക്ഷിക്കണമെന്ന് ജിഎൽഎഎ ആവശ്യപ്പെടുന്നു. ഒപ്പം, വിദ്യാർത്ഥി വിസകളുടെ നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും സർവ്വകലാശാലകൾ ജാഗ്രത പാലിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കുള്ള ഇന്റർനാഷണൽ സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റിനെ ഉയർന്ന അപകടസാധ്യതയുള്ള മേഖലയായി നോട്ടിംഗ്ഹാം റൈറ്റ്‌സ് ലാബ് വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : വെല്ലുവിളികളെ മറികടന്ന് മുന്നേറി, യുകെ മലയാളികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ലീഡ്‌സ് സ്വദേശി ജൂലി ഉമ്മൻ. യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നുവന്ന് വിജയിച്ചവരുടെ കൂട്ടത്തിലാണ് ഇന്ന് ജൂലിയുടെ സ്ഥാനം. യുകെയിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകൾക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംഘടനയാണ് EWIF (Encouraging Women into Franchising). എല്ലാ വര്‍ഷവും ഈ സംഘടന യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളില്‍ വിജയം കൈവരിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തവണത്തെ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലി ഉമ്മനും ഉണ്ടെന്നത് ഓരോ യുകെ മലയാളിക്കും ഏറെ സന്തോഷമേകുന്നു.

എൻഎച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ച ജൂലി, യുകെയിലെ പ്രശസ്തമായ ഹോം കെയർ ബിസിനസ് ഗ്രൂപ്പായ കെയർമാർക്കിന്റെ വേക്ക്ഫീല്‍ഡ് ടൗണിലെ ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് ബിസിനസ്സിലേക്ക് ചുവടുവച്ചത്. 2004 ജനുവരിയിലാണ് ജൂലി യുകെയിലെത്തിയത്. വെസ്റ്റ് യോർക്ക്ഷെയറിലുള്ള ലീഡ്‌സിലെ ഒരു നേഴ്സിംഗ് ഹോമിൽ ജോലിയാരംഭിച്ചു. തുടർന്ന് എൻഎച്ച്എസിലേക്ക് എത്തി. ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റിൽ നേഴ്സായി. ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണ് ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നത്. ബിസിനസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ, 2021-ൽ ‘കെയർമാർക്ക് യുകെ’യുടെ നോർത്ത് റീജിയണിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാർഡ് (Fastest Growing Franchise) വേക്ക്ഫീൽഡിലെ ജൂലിയുടെ കെയർമാർക്ക് ഫ്രാഞ്ചൈസി നേടി.

2020 ഒക്‌ടോബർ മാസത്തിൽ യുകെയിൽ കോവിഡ് പടർന്നു പിടിച്ച സമയത്താണ് ജൂലി തന്റെ ഹോം കെയർ ബിസിനസ്സ് ആരംഭിച്ചത്. എന്നാൽ, നിശ്ചയദാർഢ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമുള്ള ജൂലി വെല്ലുവിളികളെ സധൈര്യം മറികടന്നു. ജൂലിയുടെ അഭിപ്രായത്തിൽ, “സംരംഭകത്വം ഒരു സാഹസികതയാണ്. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും മറികടന്ന് ഒരു കപ്പൽ തീരത്ത് അടുപ്പിക്കുന്നതുപോലെ ശ്രമകരമായത്.” ഒരു ബിസിനസ്സ് വിജയിക്കണമെങ്കിൽ സമയം, മൂലധനം, മികച്ച ജീവനക്കാർ തുടങ്ങിയ നിരവധി ഘടകങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്ന് ജൂലി പറയുന്നു.

വേക്ക്ഫീൽഡിലെ സമൂഹത്തിനായി നന്മ ചെയ്യാനുള്ള ആഗ്രഹവും പരിചരണ മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ജൂലി കൂട്ടിച്ചേർത്തു. സംരംഭക യാത്രയിലുടനീളം കുടുംബവും സുഹൃത്തുക്കളും ബിസിനസിലെ ജീവനക്കാരും നൽകിയ പിന്തുണ ജൂലി എടുത്തുപറഞ്ഞു. ഭർത്താവായ ഡോ. നന്ദകിഷോർ നേമന എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ആദർശ് ജർമ്മനിയിൽ പഠിക്കുന്നു. മകൾ ശ്രേയ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിൽ സ്ഥിരതാമസം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ് ജൂലി. പിതാവ് – ഉമ്മൻ മാത്യു. മാതാവ് – ലീലാമ്മ ഉമ്മൻ. സഹോദരൻ – ജോർജ് ഉമ്മൻ.

യുകെയിൽ വളർന്നുവരുന്ന മലയാളി സംരംഭകരോട് ജൂലിക്ക് പറയാനുള്ളത് ഇത്രമാത്രം;
“വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആർജവമാണ് വിജയത്തിലേക്കുള്ള വഴി.”

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൺപത്തഞ്ചു വയസ്സുകാരനായ എൻ എച്ച് എസ് ഡോക്ടറുടെ ചികിത്സ പിഴവ് മൂലം യുവതി മരിച്ച സംഭവത്തിൽ ഡോക്ടർ കുറ്റക്കാരൻ ആണെന്ന് കോടതി വിലയിരുത്തി. ഈ കേസ് സംബന്ധിച്ച് ചൊവ്വാഴ്ച വിധിയുണ്ടാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇശ്യക മാമൻ എന്ന ഡോക്ടറാണ് ബയോപ്സി നടത്തിയതിൽ ഉണ്ടായ പിഴവിലൂടെ രോഗിയുടെ മരണത്തിന് കാരണമായത്. നാല്പത്തെട്ടുകാരിയായ ഷാഹിദ പർവീൺ ആണ് ഡോക്ടറുടെ അലംഭാവപരമായ പെരുമാറ്റം മൂലം മരണപ്പെട്ടത്. 2018 സെപ്റ്റംബറിൽ ആണ് ഷാഹിദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. ചികിത്സയുടെ പുരോഗമനത്തിനായി ഇവർക്ക് ബോൺമാരോ ബയോപ്സി ആവശ്യമായിരുന്നു. സാധാരണയായി ഹിപ്പ് ബോണിൽ നിന്നുമാണ് ബയോപ്സിക്കായി ശേഖരിക്കുന്നത്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ ഇത് പൂർത്തീകരിക്കുവാൻ ഡോക്ടർ മാമന് സാധിച്ചില്ല. തുടർന്ന് അദ്ദേഹം രോഗിയുടെയും ഭർത്താവിന്റെയും എതിർപ്പുകളെ അവഗണിച്ച്, വളരെ അപകടകരമായ പ്രക്രിയയിലൂടെ സ്റ്റേർണത്തിൽ നിന്നും സാമ്പിൾ കളക്ട് ചെയ്യുവാൻ ശ്രമിച്ചു. തെറ്റായ ബയോപ്സി നീഡിൽ ഉപയോഗിച്ചതിനെ തുടർന്ന് കൃത്യമായ എല്ലിൽ നിന്നും സാമ്പിൾ എടുക്കാൻ സാധിക്കാതെ വരികയും, ഹൃദയത്തെ പൊതിയുന്ന പെരികാർഡിയത്തിനു ക്ഷതം ഏൽക്കുവാൻ ഇത് കാരണമാവുകയും ചെയ്തു. തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ഷാഹിദ മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ കോടതിയിൽ വ്യക്തമാക്കി.

തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. ഇതിനുമുൻപും തന്റെ പ്രായം മറച്ചുവെച്ച കുറ്റത്തിന് ഡോക്ടർ മാമന് സസ്പെൻഷൻ ലഭിച്ചിട്ടുള്ളതാണ്. അതിനുശേഷം നടത്തിയ മറ്റൊരു പ്രക്രിയയിലും രോഗി അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡോക്ടറാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് ഷാഹിദയുടെ ഭർത്താവ് കോടതിയിൽ വ്യക്തമാക്കി. 1965 ൽ നൈജീരിയയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡോക്ടർ മാമൻ 1991 മുതൽ ബ്രിട്ടനിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ധന വില വർദ്ധനവിനെതിരെ യുകെയിലെ മോട്ടോർ വേകൾ വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. രാജ്യത്തെ അതിവേഗ പാതകളിലൂടെ സാവധാനം വാഹനം ഓടിച്ചാണ് സമരക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തെ മൂന്നുവരി മോട്ടോർ വേകളാണ് പ്രതിഷേധക്കാർ ഇതിനായി തിരഞ്ഞെടുത്തത്.

പ്രതിഷേധത്തിന്റെ ഭാഗമായി വളരെ പതുക്കെ വാഹനം ഓടിച്ചതിന് രാജ്യത്ത് ഉടനീളം ഒട്ടേറെ ആൾക്കാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫ്യൂവൽ പ്രൈസ് സ്റ്റാൻഡ് എഗൈൻസ്റ്റ് ടാക്സ് എന്ന സോഷ്യൽ മീഡിയ ബാനറിന് കീഴിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രധാന റോഡുകളിലും മോട്ടോർ വേകളിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതിനായി മണിക്കൂറിൽ 30 mph കുറഞ്ഞ വേഗത്തിലാണ് പ്രതിഷേധക്കാർ വാഹനം ഓടിച്ചത്. ആദ്യം സമരത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രതിഷേധത്തിനോട് അനുഭാവം പ്രകടിപ്പിച്ച ഒട്ടേറെ പേർ തങ്ങളുടെ വാഹനവുമായി സമരക്കാരോട് ഒപ്പം അണിചേർന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved