ന്യൂസ് ഡെസ്ക് മലയാളം യുകെ
ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .
തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിൻഡ്‌സറിൽ ആദ്യ ജന്മദിനം ആഘോഷിച്ച് ലില്ലിബെറ്റ്. ഹാരിയും മേഗനും യുകെയിൽ എത്തിയതും ലില്ലിബെറ്റിന്റെ ആദ്യ ജന്മദിനം അവിടെ ആഘോഷിക്കുന്നതും രാജ്ഞിക്ക് ഏറെ സന്തോഷം നൽകുന്ന അവസരമായി മാറി. ഫ്രോഗ്‌മോർ കോട്ടേജിലാണ് ജന്മദിനാഘോഷ ചടങ്ങ് നടന്നത്. അതേസമയം, പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരിയും മേഗനും ചാൾസും കാമിലയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയും നടത്തിയതായും റിപ്പോർട്ടുണ്ട്. ബക്കിംഗ്ഹാം കൊട്ടാരവും ചാൾസും കാമിലയും വില്യമും കേറ്റും ട്വിറ്ററിൽ ലിലിബെറ്റിന് ജന്മദിനാശംസകൾ നേർന്നു. വളരെ സ്വകാര്യമായാണ് ജന്മദിനാഘോഷം നടന്നത്.
വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ രാജ്ഞി ലില്ലിബെറ്റിനെ നേരിൽ കണ്ടതായി ഡെയിലിമെയിൽ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം വിൻഡ്‌സറിലെ ഫ്രോഗ്‌മോർ കോട്ടേജിലേക്കാണ് ഹാരി തിരിച്ചെത്തിയത്. ഇവിടെ വെച്ചായിരുന്നു മകളുടെ ആദ്യ ജന്മദിനാഘോഷവും.
ലില്ലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണ് കുട്ടിയുടെ പൂർണനാമം. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേരാണ് ലില്ലിബെറ്റ്. ഹാരി രാജകുമാരന്റെ അമ്മയുടെ പേരാണ് ഡയാന. ബ്രിട്ടീഷ് രാജ്ഞിമാരുടെ നിരയില്‍ എട്ടാം സ്ഥാനക്കാരിയാണ് ലില്ലിബെറ്റ്. മകളുടെ ജന്മദിനം രാജ്ഞിക്കൊപ്പം ആഘോഷിക്കാൻ ഹാരി തീരുമാനിച്ചത് രാജ കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. അതേസമയം, സെന്റ് പോൾസ് ചർച്ചിലെ ചടങ്ങിൽ പങ്കെടുത്തിട്ടും വില്യമും ഹാരിയും പരസ്പരം സംസാരിക്കാത്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായാണ് സഹോദരങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 20 മിനിറ്റ് പവർ നാപ്പുകൾ അനുവദിക്കണമെന്ന് പഠനം. ട്രെയിനി ഡോക്ടർമാരിൽ പകുതിയും കൺസൾട്ടന്റുമാരും നേഴ്സുമാരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ പലപ്പോഴും അപകടം ഉണ്ടായിട്ടുണ്ട്. എയർലൈൻ വ്യവസായത്തിലെന്നപോലെ എൻഎച്ച്എസിലും ഫാറ്റിഗ് റിസ്ക് മാനേജ്മെന്റ് ഒരു മാനദണ്ഡം ആയി മാറണം എന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരുടെ കുറവ് കാരണം ഇതിനകം ക്ഷീണിതരായ നേഴ്സുമാർക്ക് ആവശ്യമായ ഇടവേളകൾ ലഭിക്കില്ലെന്ന് ഒരു നഴ്സിംഗ് യൂണിയൻ പറഞ്ഞു. 20 മണിക്കൂറോളം ഉണർന്നിരുന്നതിനുശേഷം ശരീരത്തിന് ഏറ്റവും കൂടുതൽ ഉറക്കം ആവശ്യമായ സാഹചര്യത്തിൽ വാഹനമോടിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതു പോലെ തന്നെ അപകടകരമാണെന്നും ഗവേഷണങ്ങൾ കാണിക്കുന്നു.
16 മുതൽ 18 മണിക്കൂർ വരെ ഉണർന്നിരിക്കുന്നത് രോഗികളുമായി ഇടപെടാനുള്ള ഡോക്ടറുടെ കഴിവിനെ ബാധിക്കും എന്നും 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് വാഹനമോടിക്കുന്നവർ എട്ട് മണിക്കൂർ ഷിഫ്റ്റിലുള്ളവരെ അപേക്ഷിച്ചു അപകടം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി.
കൂടാതെ രണ്ടോ അതിലധികമോ രാത്രികൾ നിയന്ത്രിത ഉറക്കം മാത്രം ലഭിച്ച ഒരു വ്യക്തിക്ക് അതിൽ നിന്ന് സാധാരണ നിലയിലേക്ക് എത്താൻ കുറഞ്ഞത് രണ്ടു രാത്രികൾ എങ്കിലും എടുക്കുമെന്നും വിദഗ്ധർ കണ്ടെത്തി. രാത്രിയുടെ ആദ്യപകുതി ജീവനക്കാർ ഒരു പവർ നാപ്പ് എടുക്കുകയാണെങ്കിൽ പിന്നീട് ഒരു മൈക്രോസ്ലീപ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ന്യൂകാസിൽ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ നാൻസി റെഡ്ഫെർൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വിവരസാങ്കേതികവിദ്യയിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രാവീണ്യം കൂട്ടുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഏതാനും വർഷത്തിനുള്ളിൽ 90% ജോലികൾക്കും നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരസാങ്കേതികവിദ്യയിലുള്ള അറിവുകൾ ഒരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് എൻഎച്ച്എസ് തങ്ങളുടെ ജീവനക്കാർക്ക് അവരുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്.
ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നേഴ്സുമാരും മിഡ് വൈഫറി മേഖലയിലെ ജീവനക്കാരും സജ്ജരാണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഇൻഫർമേഷൻ ഓഫീസർ ഡോ. നടാഷ ഫിലിപ്സിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു.
ഇതിനോടകം തന്നെ നേഴ്സുമാരുടെ ബിരുദ പാഠ്യപദ്ധതിയിൽ ഡേറ്റ അനാലിസിസ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഉൾപ്പെടുത്തപെട്ടു കഴിഞ്ഞു. എന്നിരുന്നാലും കാലാകാലങ്ങളിൽ മാറിവരുന്ന സാങ്കേതികവിദ്യയിൽ തങ്ങളുടെ ജീവനക്കാരെ എങ്ങനെ പ്രാപ്തരാക്കണമെന്നാണ് പുതിയ കമ്മിറ്റി അവലോകനം ചെയ്യുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റാപ്പറും പ്രശസ്തഗായിക എമേലി സാൻഡെയുടെ മുൻ കാമുകനുമായ ഹൈപ്പോ ജൂബിലി പാർട്ടിക്കിടെ കുത്തേറ്റു മരിച്ചു. കിഴക്കൻ ലണ്ടനിലെ റെഡ്ബ്രിഡ്ജിലെ ബാഷിൽ ജനക്കൂട്ടത്തിൻെറ മുന്നിൽവച്ചാണ് ഹൈപ്പോ എന്ന പേരിൽ അറിയാപ്പെടുന്ന ലാമർ ജാക്സൺ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും 39 കാരൻ മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിലെ ദൃക്സാക്ഷികളോട് മുന്നോട്ടു വരുവാനും പോലീസിനെ സഹായിക്കുവാനും അഭ്യർത്ഥിക്കുന്നതായി ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടർ ലോറൻസ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിന് സഹായിക്കുന്ന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള വാർത്ത ഉണ്ടെങ്കിലും അത് പോലീസുമായി പങ്കുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒടുവിൽ ആ മുഹൂർത്തം വന്നെത്തി. ലില്ലിബെറ്റിനെ നേരിൽ കണ്ട് എലിസബത്ത് രാജ്ഞി. ഹാരിയും മേഗനും യുകെയിൽ എത്തി രണ്ട് ദിവസങ്ങൾക്കുള്ളിൽ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ വെച്ച് രാജ്ഞി ലില്ലിബെറ്റിനെ കണ്ടെന്നും ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്തു. ഹാരിയും മേഗനും മക്കളോടൊപ്പം ബുധനാഴ്ചയാണ് സ്വകാര്യ ജെറ്റിൽ ബ്രിട്ടനിലെത്തിയത്. തുടർന്നാണ് രാജ്ഞിയെ കാണാൻ എത്തിയത്. തികച്ചും വൈകാരികമായ കുടുംബ സംഗമമായിരുന്നു നടന്നത്. ലിലിബെറ്റ് ഇന്ന് തന്റെ ആദ്യ ജന്മദിനം യുകെയിൽ ആഘോഷിക്കും.
ഇന്നത്തെ ആഘോഷപരിപാടികളിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എപ്‌സം ഡെർബിയിലേക്കുള്ള യാത്ര റദ്ദാക്കി. ഒപ്പം ഇന്ന് രാത്രി കൊട്ടാരത്തിൽ നടക്കുന്ന പാർട്ടിയിലും രാജ്ഞി പങ്കെടുക്കില്ല. അതിനാൽ തന്നെ ലില്ലിബെറ്റിനോടും ആർച്ചിയോടുമൊപ്പം സമയം ചെലവഴിക്കാനാകും രാജ്ഞി ശ്രമിക്കുക. ചാൾസ് രാജകുമാരനും തന്റെ കൊച്ചുമക്കളെ കാണും.
എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരാണ് ലില്ലിബെറ്റ്. ഹാരിയുടെ മകൾക്ക് ലില്ലിബെറ്റ് എന്ന പേരിടാൻ രാജ്ഞിയോട് അനുമതി തേടിയില്ലെന്ന ബിബിസി വാർത്ത കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, രാജ്ഞിയോട് ഇക്കാര്യം മുൻകൂട്ടി പറഞ്ഞിരുന്നതായും അനുമതി നൽകിയില്ലായിരുന്നെങ്കിൽ ഈ പേര് ഉപയോഗിക്കില്ലായിരുന്നുവെന്നും ഹാരിയുടെയും മേഗന്റെയും വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലണ്ടനിലെ ഏറെ പ്രശസ്തമായ ക്യാമ്ഡെൻ മാർക്കറ്റ് വിൽപ്പനയ്ക്കായി തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള മാർക്കറ്റ് ഉടമസ്ഥന് ഏകദേശം 1.5 ബില്യൺ പൗണ്ട് ലഭിച്ചാൽ മാത്രമേ ഡീൽ നടക്കൂ എന്നാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഉടമകളായ റോത്സ്ചൈൾഡ് & കമ്പനി ആണ് നിലവിൽ വിൽപ്പനയുടെ പ്രക്രിയകളെല്ലാം തന്നെ മേൽനോട്ടം വഹിക്കുന്നത്. 16 ഏക്കറോളം വരുന്ന മാർക്കറ്റിൽ ആയിരത്തോളം സ്റ്റോളുകൾ, ബാറുകൾ, കടകൾ, കഫെകൾ എന്നിവയെല്ലാം തന്നെയുണ്ട്. ഏറ്റവും മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ് ക്യാമ്ഡെൻ മാർക്കറ്റ്. 1960 കളിലെ കൗണ്ടർ – കൾച്ചറൽ പ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച കേന്ദ്രം കൂടിയായിരുന്നു ഈ മാർക്കറ്റ്.
തുടക്കത്തിൽ ചെറിയ തോതിൽ പ്രവർത്തനമാരംഭിച്ച ഈ മാർക്കറ്റ് പിന്നീടാണ് ഇപ്പോഴത്തെ നിലയിൽ എത്തിച്ചേർന്നത്. നിലവിൽ ഒരു വർഷം ഏകദേശം 28 മില്യൻ സന്ദർശകർ ഇവിടെ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇസ്രയേലി കോടീശ്വരനായ ടെഡി സാഗിയാണ് മാർക്കറ്റിന്റെ ഉടമസ്ഥൻ. 3 വ്യത്യസ്ത സോണുകൾ ആണ് ഇവിടെ ഉള്ളത് – ക്യാമ്ഡെൻ ലോക്ക് മാർക്കറ്റ്, സ്റ്റേബിൾസ് മാർക്കറ്റ്, ബക്ക് സ്ട്രീറ്റ് മാർക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജർമ്മൻ ആൽപ്‌സിൽ നിന്ന് സ്കൂൾ കുട്ടികളുമായി പോയ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നാലു പേർ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.15 ഓടെ ആൽപ്‌സിൽ നിന്ന് പോകുകയായിരുന്ന ട്രെയിൻ, ഗാർമിഷ്-പാർട്ടൻകിർച്ചെൻ എന്ന റിസോർട്ട് പട്ടണത്തിന് സമീപമുള്ള ബുർഗ്രെയിനിൽ പാളം തെറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 16 പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അവസാന ക്ലാസ്സുകൾക്ക് ശേഷം അവധിക്കാലം ആഘോഷിക്കാൻ പോവുകയായിരുന്നു കുട്ടികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു.
പരിക്കേറ്റവരിൽ എല്ലാ പ്രായപരിധിയിലുള്ളവരും ഉണ്ടെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ എന്താണ് അപകടകാരണമെന്നോ ഇതുവരെയും വ്യക്തമല്ല. ഡസൻകണക്കിന് ആംബുലൻസുകളും ഫയർ എൻജിനുകളും ക്രെയിനുകളും മറ്റ് റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയതിനു പുറമേ ആറ് രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ അപകടസ്ഥലത്തിന് വടക്കുള്ള ഗാർമിഷ്-പാർട്ടൻകിർച്ചെനും ഒബെറൗവിനുമിടയിലുള്ള ലൈൻ അടച്ചു. എമർജൻസി സർവീസ് ഓപ്പറേഷൻ ഇപ്പോഴും നടക്കുന്നുണ്ടെന്നും നിലവിൽ റെയിൽവേ ലൈൻ പൂർണ്ണമായി അടച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ജർമ്മനിയിലാകെ യാത്ര അനുവദിച്ചുകൊണ്ടുള്ള ടിക്കറ്റുകൾ പ്രാബല്യത്തിൽ വന്ന ജൂൺ ഒന്നുമുതൽ പ്രാദേശിക ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗുജറാത്ത് : ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ ബിന്ദു(24)വിന്റെ വിവാഹം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യുകയാണ്. പ്രണയം തന്നോട് മാത്രമാണെന്നും അതിനാൽ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും ക്ഷമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂൺ 11നാണ് വിവാഹചടങ്ങുകൾ. വധുവായി അണിഞ്ഞൊരുങ്ങി സ്വന്തമായി സിന്ദൂരം ചാർത്തുമെന്നാണ് ക്ഷമ വിശദമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ. ക്ഷമയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നു.
ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെ ‘സോളോഗമി’യെന്ന് പറയുന്നു. പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പരമ്പരാഗത രീതികളെ തകര്‍ത്ത്, പലര്‍ക്കും മാതൃകയാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്ഷമ പറഞ്ഞു. വിവാഹത്തിന് തന്‍റെ അച്ഛനും അമ്മയും അനുവാദം നല്‍കിയിട്ടുണ്ടെന്നും വിവാഹശേഷം മധുവിധു ആഘോഷിക്കാൻ ഗോവയിൽ പോകുമെന്നും ക്ഷമ കൂട്ടിച്ചേർത്തു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇന്ത്യയിൽ ഇത്തരം വിവാഹം നിയമപരമല്ലെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും പലരും ആരോപിച്ചു. വലിയൊരു വിഭാഗം പേരും ക്ഷമയെ വിമര്‍ശിക്കുകയാണ് ചെയ്തത്. ക്ഷമയെ പിന്തുണയ്ക്കുന്നൊരു വിഭാഗവും ഉണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വിഷയം ഇപ്പോഴും ‘ട്രെന്‍ഡിംഗ്’ ആയി പോകുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ (96) കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ ആരംഭിച്ചു കഴിഞ്ഞു. ജൂബിലി ആഘോഷങ്ങളിൽ ബ്രിട്ടീഷ് ജനത ഒന്നാകെ പങ്കെടുക്കുന്നു. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതു വര്‍ഷമാവുന്നു. ഈ അവസരത്തിൽ രാജ്ഞിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ 70 വസ്തുതകൾ ബക്കിംഗ്ഹാം കൊട്ടാരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. അവ വിശദമായി അറിയാം.
1. എലിസബത്ത് രാജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.
2. എലിസബത്ത് രാജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.
3. എലിസബത്ത് രാജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം
4. എലിസബത്ത് രാജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.
5. എലിസബത്ത് രാജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).
6. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.
7. എലിസബത്ത് രാജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.
8. എലിസബത്ത് രാജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.
9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.
10. എലിസബത്ത് രാജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.
11. എലിസബത്ത് രാജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.
12. എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.
13. എലിസബത്ത് രാജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.
14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.
15. എലിസബത്ത് രാജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.
16. എലിസബത്ത് രാജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.
17. എലിസബത്ത് രാജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.
18. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.
19. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.
20. എലിസബത്ത് രാജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.
21. എലിസബത്ത് രാജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.
22. എലിസബത്ത് രാജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.
23. എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.
24. എലിസബത്ത് രാജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.
25. എലിസബത്ത് രാജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.
26. എലിസബത്ത് രാജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ് കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്
27. എലിസബത്ത് രാജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ് 1ന് ലിബിയയിൽ നിന്ന്.
28. എലിസബത്ത് രാജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.
29. എലിസബത്ത് രാജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.
30. എലിസബത്ത് രാജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.
31. എലിസബത്ത് രാജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.
32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.
33. എലിസബത്ത് രാജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.
34. എലിസബത്ത് രാജ്ഞിയുടെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.
35. എലിസബത്ത് രാജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.
36. എലിസബത്ത് രാജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.
37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
38. എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.
39. എലിസബത്ത് രാജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.
40. എലിസബത്ത് രാജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.
41. എലിസബത്ത് രാജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.
42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.
43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.
44. എലിസബത്ത് രാജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.
45. എലിസബത്ത് രാജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.
46. എലിസബത്ത് രാജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.
47. എലിസബത്ത് രാജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.
48. എലിസബത്ത് രാജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.
49. എലിസബത്ത് രാജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.
50. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.
51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.
52. എലിസബത്ത് രാജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.
53. എലിസബത്ത് രാജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.
54. എലിസബത്ത് രാജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)
55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.
56. എലിസബത്ത് രാജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.
57. എലിസബത്ത് രാജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.
58. എലിസബത്ത് രാജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.
59. എലിസബത്ത് രാജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.
60. എലിസബത്ത് രാജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.
61. എലിസബത്ത് രാജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.
62. എലിസബത്ത് രാജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്.
63. എലിസബത്ത് രാജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.
64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.
65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.
66. എലിസബത്ത് രാജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.
67. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.
68. എലിസബത്ത് രാജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.
69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.
70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.