റോബിൻ എബ്രഹാം ജോസഫ്
സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ സംഭവം അല്ല കൊല്ലം നിലമേൽ സ്വദേശിയും ബി എ എം എസ് വിദ്യാർത്ഥിയുമായ വിസ്മയയുടേത്. എന്നാൽ, കേരളത്തിലെ പൊതുബോധത്തിനുള്ളിൽ സ്ഥാനം പിടിച്ച പ്രധാനപ്പെട്ട കേസാണിത്. സ്ത്രീധനം നൽകുവാനും അത് വാങ്ങുവാനും മടിയ്ക്കാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എക്കാലവുമുണ്ട്. ‘സ്ത്രീ തന്നെയാണ് ധനം’ എന്നുള്ള സ്ഥിരം പല്ലവിയിലൂടെ അതിനെ പൊതുവിടത്തിൽ പ്രതിരോധിക്കുവാൻ മുതിരുന്ന ചിലരുടെ മനസ്സിലെങ്കിലും സ്ത്രീധനം വേണം എന്നുള്ള ആഗ്രഹമുണ്ടാകും. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ ഒരു നിമിഷമോ, ദിവസമോ, മാസങ്ങളോ കൊണ്ട് തുടച്ചു നീക്കുവാൻ സാധിക്കില്ല. ഘട്ടം ഘട്ടമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.
വിസ്മയുടെ കേസിന്റെ നാൾവഴികൾ അനുസരിച്ചു സ്ത്രീധനമായി ലഭിച്ച കാറും പണവും കുറഞ്ഞുപോയി എന്നതിന്റെ പേരിലാണ് നിരന്തരം മർദ്ദനമേറ്റിരുന്നത്. തുടർന്ന് 2021 ജൂൺ 21 നു ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും കേസിന്റെ അന്വേഷണം മുൻപോട്ട് പോവുകയും ചെയ്തു. ഏകദേശം ഒൻപതു മാസം നീണ്ടുനിന്ന അന്വേഷണത്തിന്റെയും നിയമനടപടികളുടെയും ഭാഗമായി പ്രതിയായ ഭർത്താവ് കിരണ്കുമാറിന് 10 വർഷം തടവും 12 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. പ്രസ്തുത വിധിയെ രണ്ടു തരത്തിൽ നമുക്ക് വിലയിരുത്തുവാൻ സാധിക്കും.
1. വിധി വേട്ടക്കാരനൊപ്പമാണ്. 10 വർഷം എന്നുള്ളത് കുറഞ്ഞ കാലയളവ് മാത്രമാണ്. അത് കഴിയുമ്പോൾ പുറത്തു വന്നു സുഖമായി ശിഷ്ടകാലം ജീവിക്കുവാൻ പ്രതിക്ക് സാധിക്കും.
2. വിധി സ്വാഗതാർഹമാണ്. കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് വിധി. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ മുതിരുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.
ഇവിടെ നമ്മൾ പരിശോധിക്കേണ്ടത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിന്റെ പൊതുബോധത്തിനുള്ളിൽ ഉണ്ടായ മാറ്റമാണ്. ‘മോൾക്ക് നിങ്ങളെന്ത് കൊടുക്കും’ എന്നുള്ള ചോദ്യത്തിന് ‘നാട്ടുനടപ്പ് അനുസരിച്ചു നൽകും’ എന്നുള്ള പതിവുത്തരത്തിൽ നിന്ന് ‘ഇറങ്ങി പോകാൻ അഞ്ചു മിനിറ്റ് തരും’ എന്നുള്ള പുതിയ ഉത്തരത്തിലേക്ക് ചെറിയൊരു കൂട്ടം ആളുകളെങ്കിലും മാറി എന്നുള്ളത് ആശ്വാസകരമാണ്. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ വിധി സ്ത്രീധന വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് എന്നതിൽ തർക്കമില്ല. സ്ത്രീധനം മോഹിച്ചു കല്യാണം കഴിക്കാൻ ഒരുമ്പെടുന്ന ചെറിയൊരു കൂട്ടത്തെ എങ്കിലും തിരുത്താൻ ഉപകരിക്കുന്നത് തന്നെയാണ് വിധി.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്നാണ് നിയമസംഹിതകൾ പറഞ്ഞുവെക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീധനം നൽകുന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. എന്റെ മകൾ സുരക്ഷിതമായി ഭർത്താവിനൊപ്പം ജീവിക്കണമെങ്കിൽ സ്ത്രീധനം നൽകിയേ മതിയാവൂ എന്നുള്ള മാതാപിതാക്കളുടെ ബോധ്യവും തിരുത്തപ്പെടേണ്ടത് തന്നെയാണ്. ‘നിങ്ങൾ എന്തെങ്കിലും അറിഞ്ഞു പെൺകുട്ടിയ്ക്ക് കൊടുത്താൽ മതി’ എന്നുള്ള മറുപടിയിൽ കുടുങ്ങി കിടക്കുന്ന കെണി മനസിലാക്കാതെ എടുത്തു ചാടുന്നതിന്റെ പ്രശ്നം കൂടിയാണിത്. പെൺകുട്ടിക്ക് ഒന്നും കൊടുക്കാതെ ഇറക്കിവിട്ടാൽ നാട്ടുക്കാരെന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിൽ വീണുപോകുന്ന കൂട്ടരാണ് രണ്ടാമത്തേത്. മകളുടെ ഭാവിയെ കരുതി ‘അവൾക്കെന്ന’ പേരിൽ സ്ത്രീധനം നൽകുകയും ചെയ്യും. “സ്ത്രീധനം ചോദിച്ചപ്പോൾ നൽകി എന്ന വലിയ തെറ്റ് ഞാൻ ചെയ്തു. ജനം കല്ലെറിഞ്ഞാലും ഞാൻ പ്രതിഷേധിക്കില്ല. സമൂഹത്തോട് മാപ്പ് ചോദിക്കുന്നു” എന്ന വിസ്മയുടെ പിതാവിന്റെ വാക്കുകൾ എല്ലാ പേരെന്റ്സും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീധനം കൊടുക്കാൻ മുതിരുന്ന പൊതുബോധ്യം തിരുത്തപ്പെടണം. പെൺകുട്ടിയ്ക്കു പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസവും ജോലിയുമാണെന്ന തിരിച്ചറിവിലേക്ക് എത്താൻ സാധിക്കണം. നാട്ടുകാരെയും സമൂഹത്തെയും തൃപ്തിപെടുത്താൻ നിൽക്കാതെ പെൺകുട്ടികളുടെ ഇഷ്ടത്തിനനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കുവാൻ മാതാപിതാക്കൾ മുതിരണം.
പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിച്ചു കടമ നിറവേറ്റാൻ ഇരിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ബഹുഭൂരിപക്ഷവും. അതിലേറെയും ലക്ഷങ്ങളും സ്വർണവും കാറും നൽകി മക്കളുടെ കല്യാണം കെങ്കേമമായി നടത്തുന്ന മാതാപിതാക്കളും. കല്യാണത്തിനു ശേഷം ഒരുമിച്ചു മുൻപോട്ട് പോകുന്നില്ലെങ്കിൽ അതിൽ നിന്ന് ഇറങ്ങി പോരുവാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എന്തുകൊണ്ടാണ് ഇതേ രക്ഷിതാക്കൾ പഠിപ്പിക്കാത്തത്? ഡിവോഴ്സ് എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മുൻപോട്ടുള്ള ലൈഫിനെ നോക്കുമ്പോൾ അത് നല്ലതാണെന്നും നമ്മുടെ പേരെന്റ്സ് പറഞ്ഞുകൊടുക്കാത്തതിന്റെ പ്രശ്നം കൂടിയാണിത്. വിസ്മയയുടെ പുറത്ത് വന്ന ഓഡിയോകളിൽ കരഞ്ഞു പറയുന്നുണ്ട് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന്, നീ ഇറങ്ങി പോരു, ഡിവോഴ്സ് എന്നൊരു ഓപ്ഷൻ നമുക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ആ പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.
കേസിന്റെ നാൾവഴികളിൽ പതറാതെ മുൻപോട്ട് പോയ അന്വേഷണസംഘവും, പ്രോസിക്യൂഷനും അതിനോടൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗതാഗതവകുപ്പിന്റെ നടപടിയും അഭിനന്ദനാർഹമണ്. പ്രതികുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 120 രേഖകളും 12 തൊണ്ടിമുതലും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെ ഹാജരാക്കിയത് കേസിന്റെ വിജയത്തിൽ സുപ്രാധാനമാണ്. 80 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കിയ ഡി വൈ എസ് പി യുടെ നടപടി പ്രശംസനാർഹമാണ്.
“എനിക്കുണ്ടായ ദുരന്തം മറ്റാർക്കും ഉണ്ടാകരുത്. സ്ത്രീധനം കൊടുത്തു മക്കളെ കല്യാണം കഴിപ്പിക്കരുത്. അവർക്ക് ആദ്യം വിദ്യാഭ്യാസവും ജോലിയും നൽകണം. കല്യാണം രണ്ടാമതാണ്” വിധികേട്ട ശേഷം വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞ ഈ മറുപടി തന്നെയാണ് പ്രശ്നങ്ങളെ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യം.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ് ജേർണലിസം വിദ്യാർഥി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാർഡിഫ് : സ്നേഹത്തിനെന്തു പ്രായം? വിവാഹത്തിനെന്തു പ്രായം? ഇതിനൊന്നും പ്രായമൊരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് 95 കാരനായ ജൂലിയാൻ മോയ്ലെ. തന്റെ 72 ആം വയസ്സിൽ ബ്രിട്ടനിലെ കാർഡിഫ് കാന്റണിലെ കാൽവരി ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചാണ് വാലറി വില്യംസിനെ ജൂലിയാൻ കാണുന്നത്. 61 വയസ്സായിരുന്നു അന്ന് വാലറിക്ക്. 23 വർഷം ഇരുവരും സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോയ്ലെ തന്റെ പ്രണയം വാലറിയെ അറിയിച്ചത്. ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വെച്ച് മെയ് 19 വ്യാഴാഴ്ച ഇരുവരും വിവാഹിതരായി. 95ആം വയസ്സിൽ ജൂലിയാന്റെ ആദ്യവിവാഹമാണിത്. വാലറിക്കിപ്പോൾ 84 വയസ്സ്.
തന്റെ ജീവിതത്തിലെ പുതുവത്സരദിനമെന്നാണ് വിവാഹദിവസത്തെ വാലറി വിശേഷിപ്പിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നാല്പതു പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിൽ ജനിച്ച ജൂലിയൻ 1954-ലാണ് വെയിൽസിലേക്ക് കുടിയേറിയത്. 1970 മുതൽ 1982 വരെ വെൽഷ് നാഷണൽ ഓപ്പറയിലെ സോളോയിസ്റ്റായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ദീർഘനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് വാലറി പറഞ്ഞു.
വാലറിക്കൊപ്പമുള്ള ജീവിതത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ജൂലിയാനും പറയുന്നു. മധുവിധുവിനായി ജൂലിയാന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കു പോകുമെന്നും ദമ്പതിമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ഉഴറുകയാണ് ബ്രിട്ടൻ. വരവും ചെലവും ഒത്തുകൊണ്ടുപോകാനായി ജീവിത ശൈലിയില്‍ തന്നെ മാറ്റം വരുത്താൻ തയ്യാറെടുത്തിരിക്കുകയാണ് മലയാളി കുടുംബങ്ങൾ. രാജ്യത്തെ പണപെരുപ്പ നിരക്ക് ഏപ്രിലിൽ 9 ശതമാനത്തിലെത്തി. ഇതോടെ അവശ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നു. റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ ഫലമായി ഇന്ധന വിലയും ഭക്ഷണ വിലയും ഉയർന്നതോടെ സാധാരണ മലയാളി കുടുംബങ്ങളുടെയും യൂണിവേഴ്സിറ്റി വിദ്യാർഥികളുടെയും ജീവിതച്ചെലവ് പ്രതിസന്ധിയിലായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് , ഊർജ്ജ വില പരിധിയിലെ 54% വർധന പണപെരുപ്പം ഉയരാനുള്ള കാരണമായി. ലോക്ക്ഡൗണിന് ശേഷം ഏഷ്യയിലെ വ്യവസായങ്ങൾ പൂർണ്ണ ശേഷിയിലേക്ക് മടങ്ങുകയും കൂടുതൽ ഊർജ്ജം ഉപയോഗിക്കുകയും ചെയ്തതിനാൽ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യം ഉയർന്നു. എന്നാൽ ഇവിടെ വിലങ്ങുതടിയായി യുദ്ധം എത്തി. യുക്രൈനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി തടസ്സപ്പെട്ടതോടെ ആഗോള ഭക്ഷ്യ വിതരണത്തിലും സമ്മർദ്ദം നേരിട്ടു.
വിലക്കയറ്റം രൂക്ഷമായതോടെ വിലകുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളേയാണ് ഇപ്പോൾ ഏവരും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആറുമാസം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ദുര്‍ബലമാണെന്ന് പൊതുജനങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഹീറ്റർ ഉപയോഗം നിർത്തിയും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചും പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മലയാളി കുടുംബങ്ങൾ.
പണപെരുപ്പ നിരക്ക് എപ്പോൾ കുറയുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കും ആശങ്കയുണ്ട്. വിലക്കയറ്റത്തിന്റെ ആരംഭത്തിലാണ് നാമെന്ന് അവർ പറയുന്നു. ഇതിനർത്ഥം ദുരിതകാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന് തന്നെ. എന്നാൽ പണം ലഭിക്കാനുള്ള ചില വഴികളുമുണ്ട്. കുറഞ്ഞ വരുമാനക്കാരാണെങ്കിൽ കൗണ്‍സില്‍ ടാക്‌സ് കിഴിവ് പ്രയോജനപ്പെടുത്തുക, ദീർഘനാൾ ചികിത്സ ആവശ്യമായി വന്നാല്‍, എന്‍ എച്ച് എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എടുക്കുക, വാഷിംഗ് മെഷിനിലെ ഡ്രയറുടെ ഉപയോഗം കുറച്ച് വസ്ത്രങ്ങൾ വെളിയിൽ ഉണക്കാൻ ശ്രമിക്കുക, കൗണ്‍സില്‍ ടാക്‌സുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഏതു ബാൻഡിലാണ് ഉള്ളതെന്ന് കൃത്യമായി പരിശോധിക്കുക, സിനിമയ് ക്കോ റെസ്റ്റോറന്റിലോ പോകുമ്പോൾ ടു ഫോര്‍ വണ്‍ ഡീലുകള്‍ക്ക് ശ്രമിക്കുക, ആവശ്യമായ ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവുള്ള സമയം നോക്കി വാങ്ങുക, പഴയ വസ്ത്രങ്ങള്‍ റീസൈക്കിളിംഗിനു നല്‍കി പണം നേടുക, ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുക എന്നിവയാണ് മാർഗങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കുരങ്ങുപനി ഭീതിയിൽ ബ്രിട്ടൻ. സ്കോട്ട്ലൻഡിൽ ഇന്നലെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ഇന്നലെ 36 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. അതേസമയം, കുരങ്ങുപനി അത്ര ഗുരുതരമാകില്ലെന്നും എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. കുരങ്ങുപനി കോവിഡ് പോലെ മാരകമല്ലെന്നും അതിനാൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രിമാർ വിശദീകരിച്ചു. രോഗികളുടെ എണ്ണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജോൺസൺ പറഞ്ഞു.
കോവിഡ് പോലെ കുരങ്ങുപനി നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉറപ്പുനൽകുന്നു. എന്നാൽ സ്ഥിതി ആശങ്കാജനകമാണെന്ന് അവർ വിലയിരുത്തി. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് 21 ദിവസം സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വവർഗാനുരാഗികൾക്കിടയിൽ രോഗം പടർന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ പുറപ്പെടുവിച്ചു.
ഇന്നലെ ഡെന്മാർക്കിലും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു. ലോകമെമ്പാടും ഇതുവരെ 126 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യൂറോമില്യൻ ലോട്ടറിയുടെ ജാക്ക്പോട്ട് സമ്മാന ജേതാക്കളായ ദമ്പതികൾ തങ്ങൾക്കു ലഭിച്ച 184 മില്യൻ പൗണ്ട് സമ്മാനത്തുക ഉപയോഗിച്ച് വേൾഡ് ടൂറിനായി തയ്യാറെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല്പത്തിഒൻപതുകാരനായ ജോൺ ത്വയ്റ്റിനും ഭാര്യ നാല്പത്തിനാലുകാരി ജെസ്സിനുമാണ് ജാക്ക്പോട്ട് സമ്മാനം ഇത്തവണ ലഭിച്ചത്. ഇരുവരും തങ്ങളുടെ എട്ടുവയസ്സുകാരായ ഇരട്ട മക്കളോടൊപ്പം ഹവായ്, ടെക്സസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെയ് പത്തിനാണ് നറുക്കെടുപ്പിലൂടെ ഇരുവർക്കും 184 മില്യൻ പൗണ്ടിന്റെ ജാക്കിപോട്ട് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിനു ശേഷം ഇരുവരും 7.25 മില്യൻ വിലവരുന്ന ഒരു മാൻഷൻ വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. ലോകം ചുറ്റി കാണാനുള്ള തങ്ങളുടെ മക്കളുടെ ആഗ്രഹം നിവർത്തിക്കാനുള്ള അവസരമാണ് ഇപ്പോൾ തങ്ങൾക്ക് കൈവന്നിരിക്കുന്നത് എന്ന് ദമ്പതികൾ പറഞ്ഞു.
ഈ യാത്ര കൊണ്ട് തങ്ങളുടെ മക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം കാണുവാനാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തങ്ങൾക്ക് സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ദമ്പതികൾ പറഞ്ഞു. ഇതിനുമുൻപ് 2019 ലാണ് ഇത്തരത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് സമ്മാനമായി 170 മില്യൻ പൗണ്ട് ലഭിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബെർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ മരണമടഞ്ഞ കുഞ്ഞിന് വിഷം നൽകിയതായി സംശയിച്ചു ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തേഴുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മരണമടഞ്ഞ കുട്ടി പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇനിയും ഫോറൻസിക് റിപ്പോർട്ടുകളും മറ്റും ലഭിക്കാൻ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തോടൊപ്പം എല്ലാ സഹായവും ഉണ്ടാകുമെന്ന് ബർമിങ്ഹാം വുമൺസ് & ചിൽഡ്രൻസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി. കുട്ടികൾക്കുവേണ്ടിയുള്ള പ്രസിദ്ധമായ ആശുപത്രിയാണ് ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ.
വ്യാഴാഴ്ചയാണ് ചികിത്സയിലായിരുന്ന കുട്ടി മരണമടഞ്ഞത്. അന്ന് വൈകുന്നേരം തന്നെയാണ് കുട്ടിക്ക് വിഷം നല്കിയതായി സംശയിച്ച് ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന് എല്ലാവിധ സഹായങ്ങൾ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതരും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കുരങ്ങുപനി ബാധിതരുമായി അടുത്തിടപഴകുന്നവർ മൂന്നാഴ്ച സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) നിർദേശം. ഇവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായും ഗർഭിണികളുമായും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായും സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുകെയിൽ ഇതുവരെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വാരാന്ത്യത്തിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിതരുടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നതും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കിടക്ക മാറ്റി വിരിക്കുന്നതും സുരക്ഷിതമല്ല. രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടും.
രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്ന് യുകെഎച്ച്എസ്എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ ചുണങ്ങുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ ജിപിയുമായി ബന്ധപ്പെടണം. അതേസമയം, കുരങ്ങുപനിക്കെതിരെ നിർബന്ധിത ക്വാറൻറ്റീൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ബെൽജിയം. രോഗബാധിതർ മൂന്നാഴ്ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ബെൽജിയൻ ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഓസ്ട്രിയയിലും ഇന്നലെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. സമ്മർ ഫെസ്റ്റിവലുകൾക്ക് പോകുന്ന ബ്രിട്ടീഷുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ഹോപ്കിൻസ് അറിയിച്ചു. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : നാടകീയത നിറഞ്ഞ നിമിഷങ്ങൾ, പിറകിൽ നിന്ന ശേഷം അവസാനനിമിഷം തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് രാജാക്കന്മാരായി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകൾ നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുയർത്തിയത്. കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന ലിവർപൂൾ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 3–1ന് തോൽപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 38 കളി പൂർത്തിയായപ്പോൾ മാഞ്ചസ്റ്റര്‍ സിറ്റി 93 പോയിന്റ്, ലിവർപൂൾ–92. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പെപ് ഗ്വാർഡിയോളയും കൂട്ടരും ഇത്തിഹാദിൽ നെഞ്ചും വിരിച്ചു നിന്നു.
ഗ്വാർഡിയോളയ്ക്കു കീഴിൽ അഞ്ച് സീസണുകൾക്കിടെ സിറ്റിയുടെ നാലാം ലീഗ് കിരീടമാണിത്. സിറ്റിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 69 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ആസ്റ്റണ്‍ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന്‍ സിറ്റിക്ക് കിരീടം സമ്മാനിച്ചു.
നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ അവസാന നിമിഷം വരെ പോരാടിയെന്ന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു. ഇത് ഇതിഹാസങ്ങളുടെ ടീമാണെന്ന് പെപ് ഗാർഡിയോള പ്രതികരിച്ചു. ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാമതായി. 74 പോയിന്റുള്ള ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. ഇവര്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 69 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാമതും. ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നിവര്‍ തരം താഴ്ത്തപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ടെക്സസിൽ ലാൻഡ്സ്കേപ്പിങ് നടത്തുന്ന അമ്പത്തിമൂന്നുകാരൻ വ്യാഴാഴ്ച തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ ഒരു കസ്റ്റമറുടെ വീടിന്റെ പുറകുവശത്ത് ജോലി ചെയ്യുമ്പോഴാണ് ഫ്രാൻകോ ഗാൽവൻ മാർട്ടിനെസിനു അപകടമുണ്ടായത്. മരത്തിൽനിന്ന് തൂക്കിയ കൊളുത്തിൽ നിന്നാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. അതിനാൽ തന്നെ തേനീച്ചകളുടെ കുത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കാതെ, പത്ത് മിനിറ്റോളം ഇദ്ദേഹത്തിന് കുത്തേറ്റു. തേനീച്ചകളുടെ ആക്രമണം കണ്ട് പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ അദ്ദേഹം നിന്നിരുന്ന ഗോവണി അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു. അതിനാൽ ഈച്ചകളുടെ കുത്തേറ്റ മുഴുവൻ സമയവും അദ്ദേഹം കൊളുത്തിൽ തൂങ്ങി കിടക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ജോ മാൽടൊനാടോ മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം തേനീച്ചകൾ ഉണ്ടായിരുന്നതായും അത് എല്ലാം തന്നെ മാർട്ടിനെസിന്റെ ശരീരത്തിൽ പൊതിഞ്ഞതായും ജോ പറഞ്ഞു.
മാർട്ടിനെസിന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജോലിക്കാർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും തേനീച്ചകളുടെ നിരന്തരമായ ആക്രമണം മൂലം അത് സാധിക്കാതെ വരികയായിരുന്നു. ടെക്സസിലെ തേനീച്ചകളിൽ ഭൂരിഭാഗവും ഹൈബ്രിഡ് വെറൈറ്റിയിൽ ഉൾപ്പെടുന്നതാണ്. ആക്രമണ സ്വഭാവം കുറവുള്ള യൂറോപ്യൻ തേനീച്ചകളുടെയും, ആക്രമണ സ്വഭാവം വളരെ ഏറെയുള്ള ആഫ്രിക്കൻ ബീച്ചുകളുടെയും കൂടിയുള്ള ഹൈബ്രിഡ് വെറൈറ്റികളാണ് സാധാരണയായി ടെക്സസിൽ വളർത്തപ്പെടുന്നത്. പിന്നീട് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി ഈച്ചകളെ തുരത്തുവാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തേനീച്ച കൂടിനെ സംബന്ധിച്ച് സ്ഥലവാസികൾക്ക് അറിവ് ഉണ്ടായിരുന്നെങ്കിലും ഇത് നീക്കം ചെയ്യുവാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പ്രൈവറ്റ് പ്രോപ്പർട്ടികളിലുള്ള അപകടകരമായ തേനീച്ചക്കൂടുകൾ നീക്കം ചെയ്യുവാനുള്ള സർവീസുകൾ ഓസ്റ്റിൻ ഗവൺമെന്റും നടത്തുന്നില്ല. മരണമടഞ്ഞ മാർട്ടിനെസിനു ഭാര്യയും രണ്ടു മക്കളും കൊച്ചുമക്കളുമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഈ വർഷം ഒക്ടോബറോടെ ഉപഭോക്താക്കളിൽ പകുതിയും ഇന്ധന ദാരിദ്ര്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഇയോൺ. ഊർജ വില കുതിച്ചുയർന്നതോടെ രാജ്യത്തെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായെന്നും ഇയോൺ യുകെ ബോസ് മൈക്കൽ ലൂയിസ് പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് യുകെയിലെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരിൽ ഒരാളായ ഇയോൺ സർക്കാരിനോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ഉപഭോക്താക്കളിൽ എട്ടിൽ ഒരാൾ ബില്ലടയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലൂയിസ് കൂട്ടിച്ചേർത്തു. ഒക്ടോബറിൽ പുതിയ ഊർജ്ജ വില പരിധി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ സ്ഥിതി ഗുരുതരമാകുമെന്ന് അദ്ദേഹം വിലയിരുത്തി.
വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടി വരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാകുന്നത്. “ഉപഭോക്താക്കളിൽ അഞ്ചിലൊന്ന് പേരും ഇതിനകം ഇന്ധന ദാരിദ്ര്യത്തിലാണ്. ഈ വർഷാവസാനം അത് ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.” ലൂയിസ് പറഞ്ഞു. എനർജി റെഗുലേറ്റർ ഓഫ്‌ഗം ഏപ്രിലിൽ ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ വില പരിധി ഉയർത്തിയിരുന്നു. ഇതോടെ ശരാശരി ഗാർഹിക ഊർജ്ജ ബിൽ 1,971 പൗണ്ടായി ഉയർന്നു.
ഇതിനു പിന്നാലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 9 ശതമാനത്തിലെത്തി. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിശ്ചയിച്ചിരിക്കുന്നത് എനർജി റെഗുലേറ്റർ ഓഫ്‌ഗം ആണ്. അതിനാൽ പരിമിതമായ സഹായം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കൂ എന്നും ലൂയിസ് അവകാശപ്പെട്ടു.