Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കാർ മോഷണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഡ്രൈവർ ആന്റ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഏകദേശം 48,500 കാറുകൾ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടു. 2020 ൽ ഇത് 46,800 ആയിരുന്നു. ഫോർഡ് ഫിയസ്റ്റ, വോക്‌സ്‌ഹാൾ കോർസ തുടങ്ങിയ ജനപ്രിയ കാറുകളാണ് ഏറ്റവും കൂടുതൽ മോഷണം പോകുന്നത്. 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ 48,493 കാറുകൾ മോഷണം പോയതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഓരോ ദിവസവും ശരാശരി 133 കാറുകൾ മോഷ്ടിക്കപ്പെടുന്നുണ്ട്. ആഴ്ചയിൽ 933 എണ്ണം.

ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ഒന്നാമത് ഫോർഡ് ഫിയസ്റ്റയാണ്. കഴിഞ്ഞ വർഷം 3,909 ഫോർഡ് ഫിയസ്റ്റ കാറുകളാണ് മോഷണം പോയത്. റേഞ്ച് റോവറും വ്യാപകമായി മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വർഷം 3,754 ലാൻഡ് റോവർ എസ്‌യുവികൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മോഷണങ്ങൾ തടയാൻ സിസിടിവി ക്യാമറകളുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യണമെന്ന് പോലീസും മോട്ടോർ അസോസിയേഷനുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.


ബ്രിട്ടനിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ മോഡലുകൾ – എണ്ണം

• ഫോർഡ് ഫിയസ്റ്റ – 3,909
• ലാൻഡ് റോവർ റേഞ്ച് റോവർ – 3,754
• ഫോർഡ് ഫോക്കസ് – 1,912
• വിഡബ്ല്യു ഗോൾഫ് – 1,755
• മെഴ്‌സിഡസ്-ബെൻസ് സി-ക്ലാസ് – 1,474
• ബിഎംഡബ്ല്യു 3 സീരീസ് – 1,464
• ലാൻഡ് റോവർ ഡിസ്‌കവറി – 1,260
• വോക്‌സ്‌ഹാൾ കോഴ്‌സ – 1,218
• വോക്‌സ്‌ഹാൾ ആസ്ട്ര – 1,096
• മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്സ്‌ – 818

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മഹാമാരിയെ പിടിച്ചുകെട്ടാൻ ബ്രിട്ടന് കഴിഞ്ഞോ ? ഒമിക്രോൺ തരംഗം ആഞ്ഞടിച്ചിട്ടും വൈറസ് ബാധിച്ചവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ചെലുത്താതിരുന്നതിൻെറ കാരണമായി ആരോഗ്യവിദഗ്ധർ കാണുന്നത് മൂന്ന് ഡോസ് വാക്‌സിൻ വരെ വിതരണം ചെയ്യുന്നതിൽ രാജ്യം കൈവരിച്ച നേട്ടമാണ്. പക്ഷേ നിയന്ത്രണങ്ങളുടെ ആലസ്യത്തിൽ നിന്ന് രാജ്യം ഉയർന്നെഴുന്നേൽക്കാൻ സമയമായി എന്നാണ് ഭരണ നേതൃത്വത്തിൻെറ കാഴ്ചപ്പാട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഇംഗ്ലണ്ടിൽ കോവിൽ നിയമങ്ങളിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൻെറ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ എൻഎച്ച്എസ് മേധാവികളിൽ ഒട്ടു മിക്കവരും സൗജന്യ കോവിഡ് പരിശോധനകൾ പോലെയുള്ള കാര്യങ്ങൾ നിർത്തലാക്കരുതെന്ന അഭിപ്രായക്കാരാണ്. മുതിർന്ന എൻഎച്ച്എസ് ജീവനക്കാരിൽ 75 ശതമാനവും വൈറസ് ബാധിതരുടെ ഒറ്റപ്പെടൽ നിർദ്ദേശം പോലുള്ളവ തുടരണം എന്ന അഭിപ്രായക്കാരാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ അറിയിച്ചു. 300 -ൽ അധികം എൻഎച്ച്എസ് നേതാക്കളുടെ സർവ്വേയിൽ അഞ്ചിൽ നാല് പേരും സൗജന്യ പരിശോധന അവസാനിപ്പിക്കാനുള്ള പദ്ധതികളോട് വിയോജിപ്പാണ് അറിയിച്ചത്. വൈറസിൻെറ ഭീഷണി പൂർണമായി ഒഴിവായതായി കരുതാനാവില്ലന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പ്രകടിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പതിറ്റാണ്ടുകൾക്കുശേഷം യുകെയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ലണ്ടനിൽ 30 വയസ്സുള്ള ഒരു സ്ത്രീയും ഹാംഷെയറിൽ 20 വയസ്സുള്ള ഒരു പുരുഷനും മെർസിസൈഡിൽ 50 വയസ്സുള്ള ഒരു പുരുഷനുമാണ് കൊടുങ്കാറ്റ് മൂലം മരണമടഞ്ഞത്. യൂറോപ്പിലെ മറ്റിടങ്ങളിൽ അഞ്ചു പേർ മരിച്ചു. അതേസമയം കൊടുങ്കാറ്റ് മൂലം സ്കൂളുകൾ അടച്ചു. കൊടുങ്കാറ്റ് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി.

ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.

വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അതിതീവ്രതയോടെയുള്ള യൂനിസിൻെറ വരവ്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ഇത് ആദ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : ലിവർപൂളിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പതിനാലുകാരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. നവംബർ 25 ന് സുഹൃത്തുക്കളോടൊപ്പം സിറ്റി സെന്ററിലെത്തിയ ഏവ മരിയ (12) യാണ് പതിനാലുകാരന്റെ കത്തിക്കിരയായത്. കഴുത്തിൽ മാരകമായി കുത്തേറ്റ ഏവ, ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. നോട്രെ ഡാം കാത്തലിക് കോളേജിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ഏവ.

ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി കൊലപാതക കുറ്റം നിഷേധിച്ചത്. എന്നാൽ മാരകായുധം കൈവശം വെച്ചതായി പ്രതി സമ്മതിച്ചു. കേസിലെ വിചാരണ മെയ്‌ 9ന് ആരംഭിക്കുമെന്ന് ജഡ്ജി അറിയിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന വാദം കേൾക്കാനായി ഏവയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ഏവയുടെ മരണത്തിൽ കുടുംബം പൂർണമായി തകർന്നുപോയെന്ന് പിതാവ് റോബർട്ട് മാർട്ടിൻ കണ്ണീരോടെ പറഞ്ഞു.

ഏവയുടെ മരണത്തെ തുടർന്ന് മൂന്ന് ആൺകുട്ടികളാണ് പോലീസ് പിടിയിലായത്. 16 വയസുള്ള ആൺകുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. 14കാരനെ അന്വേഷണ വിധേയമായി വിട്ടയച്ചുവെന്നും 13കാരനെതിരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മെർസിസൈഡ് പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കനത്ത ആശങ്ക സൃഷ്ടിച്ച് യൂനിസ് കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കും. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറ്റ് വീശും. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ്, റെഡ് അലേർട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പല സ്‌കൂളുകളും ഇന്ന് അടച്ചിടുകയാണ്. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി. വൈദ്യുതി വിതരണത്തിലും വലിയ തടസ്സം നേരിടും.

മുൻകരുതലുകൾ എന്തൊക്കെ?

ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.

വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.

ഡെവോൺ, കോൺവാൾ, സോമർസെറ്റ് തീരങ്ങളിലും വെയിൽസിന്റെ തെക്കൻ തീരങ്ങളിലും താമസിക്കുന്നവരോട് വീട്ടിൽ തന്നെ തുടരാൻ നിർദേശം നൽകി.

വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ നാഷണൽ ഹൈവേസ് അഭ്യർത്ഥിച്ചു.

മരങ്ങൾ വീഴാനുള്ള സാധ്യത കാരണം പല പാർക്കുകളും അടച്ചിടും.

കൊടുങ്കാറ്റ് സമയത്ത് മൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം.

ദുരിതബാധിതരെ സഹായിക്കാൻ സൈന്യം സജ്ജരാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

അപകട സാധ്യതകൾ

റെഡ് വാണിംഗ് സോണിൽ, മരങ്ങൾ കടപുഴകി വീഴാനും മേൽക്കൂരകൾ പറന്നു പോകാനും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ്, തെക്ക് തീരപ്രദേശങ്ങളിൽ വെള്ളപൊക്ക സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

തീരപ്രദേശങ്ങളിൽ 40 അടി വരെ തിരമാല ഉയരും. അതിനാൽ ‘സ്റ്റോം സെൽഫി’കൾ എടുക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സ്കോട്ട്ലൻഡിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരും.

ഇന്ന് വൈകുന്നേരത്തോടെ കൊടുങ്കാറ്റ് ശമിക്കുമെങ്കിലും വാരാന്ത്യത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അതിതീവ്രതയോടെ യൂനിസ് എത്തുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ആദ്യമാണ്. ഇതാണ് സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പരിഷ്കൃത സമൂഹത്തിന്റെ പരിഗണനയിൽ എന്നും മുൻപന്തിയിൽ വരേണ്ട കാര്യമാണ് പ്രായമായ പൗരൻമാരോടുള്ള പരിഗണനയും അവരുടെ മാനസിക ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളത്. ബ്രിട്ടനിൽ പ്രായമായവരുടെ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിൽ കെയർ ഹോമുകൾക്ക് നിർണായക പങ്കുണ്ട്. ആരോഗ്യപരിപാലനത്തിനും ശുശ്രൂഷകൾക്കും ബ്രിട്ടനിലെ കെയർ ഹോമുകൾ മുൻപന്തിയിലാണ്. എന്നാൽ ചില കെയർ ഹോമുകളിലെ നടത്തിപ്പുകാരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ അന്തേവാസികൾക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

വളരെ ചെറിയ മുന്നറിയിപ്പ് മാത്രം നൽകി കെയർ ഹോമുകൾ അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് പ്രായമായവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. കെയർ ഹോമുകളുടെ പെട്ടെന്നുള്ള അടച്ചു പൂട്ടൽ കൊണ്ട് ബുദ്ധിമുട്ടിലാകുന്ന കുടുംബങ്ങൾ സഹായത്തിനായി പ്രാദേശിക കൗൺസിലുകളെ സമീപിക്കുമ്പോൾ മതിയായ പിന്തുണ കിട്ടുന്നില്ലന്നുള്ള പരാതിയും ശക്തമാണ്.

കെയർ ഹോമുകളുടെ അടച്ചുപൂട്ടൽ കൊണ്ട് വഴിയാധാരമാകുന്ന അന്തേവാസികളുടെ രോഗി പരിചരണത്തിനായി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. കെയർ ഹോമുകൾക്കായുള്ള ഗവൺമെൻറ് ഫണ്ടിംഗിൻെറ കുറവാണ് അടച്ചുപൂട്ടലിലേയ്ക്ക് എത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

തൻറെ കസിനും മറ്റൊരാളും തമ്മിലുള്ള തർക്കം ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 20 വയസ്സുകാരനായ ഡീൻ കൊല്ലപ്പെട്ടത്. കൊലയാളി 25 വയസുകാരനായ ബ്രാൻഡൻ സൈലൻസ് ആയിരുന്നു. ഡീനിൻെറ കൊലപാതകത്തിൻെറ അവസാന നിമിഷത്തിൻെറ വീഡിയോ ഫൂട്ടേജ് ഓൺലൈനിൽ പങ്കുവെച്ചിരിക്കുകയാണ് ഡീനിന്റെ അമ്മ ബെക്കി വൈറ്റ് .

പെട്ടെന്നുള്ള പ്രകോപനം ആക്രമണത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിക്കുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്ന് ഡീനിന്റെ അമ്മ പറഞ്ഞു.

കൊലയാളിയായ ബ്രാൻഡൻ ലൂക്ക് സൈലൻസിനെ 10 വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ദൃശ്യങ്ങളിൽ ബ്രാൻഡൻ ഡീനിനെ പുറകിലൂടെ വന്ന് തലയ്ക്കടിച്ചു കൊല്ലുന്ന ദൃശ്യങ്ങളാണുള്ളത് . ഇങ്ങനെയുള്ള കൊലപാതകികൾക്ക് കഠിനമായ ശിക്ഷ നടപ്പിലാക്കണമെന്നുള്ള അഭിപ്രായ രൂപീകരണത്തിനായുള്ള ശ്രമത്തിലാണ് ഡീനിൻെറ കുടുംബം ഇപ്പോൾ. ഇതിനോട് അനുബന്ധിച്ചുള്ള നിവേദനത്തിൽ 18000 -ത്തിലധികം പേരാണ് ഒപ്പിട്ടിരിക്കുന്നത് .

 

ലണ്ടൻ : റിക്രൂട്ട്മെന്റും പലിശയിടപാടും ധനസമ്പാദനത്തിനുള്ള മാർഗമാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഫിലിപ്പിനോ നേഴ്സുമാർ ജയിലിലേക്ക്. കഴിഞ്ഞ 18 വര്‍ഷമായി അനധികൃത റിക്രൂട്‌മെന്റും പലിശയിടപാടും നടത്തിവന്ന ടൂറ്റിംഗ് എന്‍എച്ച്എസ് ഹോസ്പിറ്റലിലലെ മേട്രണും നേഴ്സുമാണ് പോലീസ് പിടിയിലായത്. മേട്രണ്‍ ആയ ലൂസ് വിര വില്ലാറ (65), നേഴ്‌സായ ലെറ്റീഷ്യ മണിപോല്‍ (69) എന്നിവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ വന്‍തുക കണ്ടെത്തിയതോടെ ഇരുവരും അറസ്റ്റിലായി. ഇരുവരും ചേർന്ന് നാല് മില്യൺ പൗണ്ടാണ് അനധികൃതമായി സമ്പാദിച്ചത്. പണം കൈമാറ്റം ചെയ്തതിന്റെ കണക്കുകള്‍ അടങ്ങിയ ലെഡ്ജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കിങ്സ്റ്റന്‍ ക്രൗണ്‍ കോടതി വിധി പ്രകാരം വില്ലാറ 18 മാസവും മണിപോല്‍ 16 മാസവും ജയിൽശിക്ഷ അനുഭവിക്കണം.

ഫേസ്ബുക്ക് , വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകൾ ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു. സമീപ നഗരങ്ങളില്‍ ഉള്ള നൂറുകണക്കിന് ഫിലിപ്പിനോ കുടുംബങ്ങള്‍ ഇവരുടെ തട്ടിപ്പിനിരയായി. പലിശയിടപാടിൽ മലയാളികളും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നു. 2003 ജൂലൈ മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ വില്ലാറ 2,741,865 പൗണ്ട് ലോണ്‍ ആയി നല്‍കിയെന്ന് കണ്ടെത്തി. പലിശയടക്കമുള്ള തുകയായി 2,841,233 പൗണ്ട് പലരില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് എത്തി.

പതിനൊന്നു വര്‍ഷമായി മണിപോൽ നടത്തിയ പണമിടപാടുകളില്‍ 1,462,502 പൗണ്ട് പലര്‍ക്കായി നല്‍കിയതായും 1,613,267 പൗണ്ട് തിരികെ ഇവരുടെ അക്കൗണ്ടുകളില്‍ എത്തിയതായും പോലീസ് കണ്ടെത്തി. മണിപോലിനെ ഗാട്വിക് എയര്‍പോര്‍ട്ടില്‍ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.

റിക്രൂട്ട്മെന്റ് തട്ടിപ്പുകളും പലിശ ഇടപാടുകളും മലയാളികളുടെ ഇടയിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കേസ് മലയാളി സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഒരു രാജ്യത്ത് കഴിയുമ്പോൾ അവിടുത്തെ നിയമം അനുസരിച്ച് ജീവിക്കേണ്ടതാണ്. പണം തട്ടിപ്പും പലിശയിടപാടുകളിലൂടെ ധനം സമ്പാദിക്കുന്നതും ഈ രാജ്യത്ത് ഗുരുതരമായ സാമ്പത്തിക കുറ്റമായാണ് കണക്കാക്കുന്നത്. നിയമസംവിധാനത്തിന്റെ കുരുക്കിൽ പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആദായ നികുതി റീഫണ്ടിലൂടെ ലഭിക്കേണ്ട തുകകളെപ്പറ്റി പല ജീവനക്കാർക്കും അറിവില്ലെന്ന് റിഫ്റ്റ് ടാക്സ് റീഫണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ നികുതി ബാധ്യതയേക്കാള്‍ കൂടുതല്‍ നികുതി നിങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആദായനികുതി റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. നിർമ്മാണം, സുരക്ഷ, ഓഫ്‌ഷോർ ഓയിൽ, ഗ്യാസ്, സായുധ സേന തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ടാക്സ് റീഫണ്ടിന് അർഹതയുണ്ട്. റിഫ്റ്റ് ടാക്സ് റീഫണ്ടുകളിൽ നിന്നുള്ള ഡാറ്റാ പ്രകാരം, ഒരു പ്രാരംഭ നാല് വർഷ ക്ലെയിമിൽ അപേക്ഷകന് 2,500 പൗണ്ട് വരെ റീഫണ്ട് ആയി ലഭിക്കാം. അതിനുശേഷം പ്രതിവർഷം 929 പൗണ്ട് ക്ലെയിം ചെയ്യാം. നിർമ്മാണ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 1,698 പൗണ്ട് ശരാശരി റീഫണ്ടിന് അർഹതയുണ്ട്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മാത്രമല്ല റീഫണ്ട് ലഭിക്കുക. നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് റീഫണ്ട് തുകയായി 1,244 പൗണ്ട് ലഭിക്കുമെന്ന് റിഫ്റ്റ് പറയുന്നു. സായുധ സേനയിൽ ജോലി ചെയ്യുന്നവർക്ക് 1,095 പൗണ്ട് നികുതി റീഫണ്ടിന് അർഹതയുണ്ട്. ഓഫ്‌ഷോർ ഓയിൽ, ഗ്യാസ് തൊഴിലാളികൾക്കും (£ 1,122), സെക്യൂരിറ്റിയിൽ ജോലി ചെയ്യുന്നവർക്കും (£ 959) നികുതി റീഫണ്ട് ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട യൂനിസ് കൊടുങ്കാറ്റ് നാളെ യുകെയിൽ ആഞ്ഞടിക്കും. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ ഈ വാരാന്ത്യത്തിൽ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ ആളുകൾക്ക് നിർദേശം നൽകി. വെള്ളിയാഴ്ച ശക്തമായ കാറ്റ് വീശിയടിക്കുന്നമെന്നതിനാൽ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നൽകിക്കഴിഞ്ഞു. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഒപ്പം മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്.

നാളെ രാവിലെ ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റ് വീശും. പിന്നീട് ഇത് വടക്ക് കിഴക്ക് പ്രദേശങ്ങളിലേക്ക് നീങ്ങും. കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ മിഡ്‌ലാൻഡ്‌സിലും വടക്കൻ വെയിൽസിലും മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേസമയം ഇന്നും കൂടി വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് , സ്കോട്ടിഷ് അതിർത്തി എന്നിവിടങ്ങളിൽ ഡഡ്‌ലി കൊടുങ്കാറ്റ് 90 മൈൽ വേഗതയിൽ ആഞ്ഞടിക്കും. ഇന്ന് രാവിലെ 9 മണി വരെയാണ് ഡഡ്‌ലി കൊടുങ്കാറ്റിനെക്കുറിച്ചുള്ള ആംബർ അലേർട്ട് വടക്കന്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും നൽകിയിട്ടുള്ളത്.

യൂനിസ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടാവാനും മേൽക്കൂരകൾ പറന്നു പോകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടേക്കാം. തുടരെ തുടരെ ഉണ്ടാകുന്ന വലിയ കൊടുങ്കാറ്റുകൾ ബ്രിട്ടനിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സീസണിൽ ബ്രിട്ടനിൽ ആഞ്ഞടിക്കുന്ന നാലാമത്തെ കൊടുങ്കാറ്റാണ് യൂനിസ്. ജനുവരി അവസാനം മാലിക്, കോറി കൊടുങ്കാറ്റുകൾ രാജ്യത്ത് ആഞ്ഞടിച്ചിരുന്നു. ഈ കൊടുങ്കാറ്റുകളില്‍ സ്റ്റഫോര്‍ഡ്ഷയറിലും അബ്രിഡീനിലും മരം വീണ് രണ്ടുപേര്‍ മരിച്ചു. 2020-ൽ, സിയാറ കൊടുങ്കാറ്റ് സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാണ് കടന്നുപോയത്.

RECENT POSTS
Copyright © . All rights reserved