Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മഞ്ഞു പുതച്ചുകിടക്കുന്ന വീടുകളും പാതകളും കണ്ടുകൊണ്ടാവും ക്രിസ്മസ് നാളിൽ ബ്രിട്ടൻ ഉണരുക. ക്രിസ്മസ് ദിനത്തിൽ താപനില താഴ്ന്നു തന്നെ നിൽക്കുമെന്നും മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വർഷത്തിലെ അവസാന ആഴ്ച തണുപ്പ് കൂടും. ക്രിസ്മസ് രാവിൽ, ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് ഉയരുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

തണുത്തുറയുന്ന ക്രിസ്മസിന് മുമ്പ് രാജ്യത്ത് താപനില ഉയരുകയും. താപനില 14° സെൽഷ്യസിലേക്ക് വരെ ഉയരുമെന്നാണ് പ്രവചനം. ഡിസംബറിലെ ശരാശരിയായ 10° സെൽഷ്യസിനേക്കാൾ താപനില ഉയരുന്നതോടെ പ്രസന്നമായ കാലാവസ്ഥ ലഭിക്കും. സ്‌പെയിനിൽ നിന്നും ബിസ്‌കേ ഉൾക്കടലിൽ നിന്നും വീശുന്ന ഉഷ്ണമേഖലാ വായുവാണ് താപനില ഉയരാനുള്ള പ്രധാന കാരണം. എന്നാൽ സ് കോട്ട്ലൻഡിലെ വടക്കൻ ദ്വീപുകളിൽ 90 മൈൽ വേഗത്തിൽ കാറ്റ് വീശും.

സ് കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെറി സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബ്രിട്ടന്റെ പല പ്രദേശങ്ങളിലും ദുരിതം വിതച്ചാണ് ബാറാ ചുഴലിക്കാറ്റ് കടന്നുപോയത്. ഒട്ടേറെ വീടുകളിൽ ഇതുവരെയും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ മാത്രം സ്വീകരിച്ചവർക്ക് കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോൺ വൈറസിൽ നിന്ന് മതിയായ സംരക്ഷണം ലഭിക്കില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. മൂന്നാമത്തെ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ച 75 ശതമാനം ആൾക്കാർക്കും ഒമൈക്രോണിൽ നിന്ന് പരിരക്ഷ ലഭിച്ചതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ വിമുഖത കാട്ടിയാൽ ഒമൈക്രോൺ വ്യാപനം അതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നതിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്.

പുതിയ കണ്ടെത്തലിൻെറ ഫലമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമായേക്കും. ഇതുവരെ 22 ദശലക്ഷം ജനങ്ങളാണ് യുകെയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതുകൊണ്ടുമാത്രം മതിയായ സംരക്ഷണം ലഭിക്കില്ലാത്തതിനാൽ കെയർ ഹോം സന്ദർശകരുടെ എണ്ണത്തിൽ ഉൾപ്പെടെ സർക്കാർ പുതിയ നയരൂപീകരണത്തിന് നിർബന്ധിതമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ പുതിയ വൈറസ് വേരിയന്റുകൾ ആവിർഭവിക്കുന്നതിൽ ആരോഗ്യരംഗത്തെ വിദഗ്ധർ കടുത്ത ആശങ്കയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- കൊടുങ്കാറ്റ് ഭീതി വിതച്ച എല്ലാ പ്രദേശങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച കെന്റക്കി സംസ്ഥാനത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ച് ബൈഡൻ ഫെഡറൽ എമർജൻസി ഡിസാസ്റ്റർ ഡിക്ലറേഷനിൽ ഒപ്പുവെച്ചു. യുഎസിലെ തന്നെ എക്കാലത്തെയും ഭീകരമായ ചുഴലിക്കാറ്റാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഉണ്ടായ ചുഴലിക്കാറ്റിൽ കെന്റക്കിയിൽ എഴുപതിലധികം പേർ മരണപ്പെട്ടു. എന്നാൽ ഈ കണക്ക് നൂറിലധികം ആകാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു മെഴുകുതിരി ഫാക്ടറി പൂർണമായും ദുരന്തത്തിൽ നശിച്ചതായും, അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. മെയ്‌ഫീൽഡിൽ ഉള്ള ഈ മെഴുകുതിരി ഫാക്ടറിയിൽ ഏകദേശം 110 പേർ ഉണ്ടായിരുന്നതിൽ, 40 പേരെ രക്ഷിക്കാനായെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷാർ വ്യക്തമാക്കി. മെയ്‌ഫീൽഡിലെ പോലീസ് സ്റ്റേഷനും, അഗ്നിശമനസേന കേന്ദ്രവുമെല്ലാം ചുഴലിക്കാറ്റിൽ തകർന്നതോടെ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമായിട്ടുണ്ട്.


ആയിരക്കണക്കിന് ആളുകൾ എപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാതെ സംസ്ഥാനത്തിൻെറ വിവിധഭാഗങ്ങളിൽ കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ എല്ലാമായി 12 പേരോളം മരണപ്പെട്ടിട്ടുണ്ട്. വേർപാടിലിരിക്കുന്ന കുടുംബാംഗങ്ങൾക്കായി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് എന്ന് ജോ ബൈഡൻ പറഞ്ഞു. അടിയന്തര സേനകളെ കൂടി ഈ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച കെന്റക്കിയിൽ ഗവർണർ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.

സുജിത് തോമസ്

ചേരുവകൾ

ബിരിയാണി അരി (കൈമ അരി അല്ലെങ്കിൽ ബസ് മതി )- 2 കപ്പ് (കഴുകി 10 മിനിറ്റ് കുതിർത്ത ശേഷം വെള്ളം കളഞ്ഞു വയ്ക്കുക)
ചിക്കൻ – 500-650ഗ്രാം
വെള്ളം – 3 കപ്പ് (1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം )
സവാള വലുത് – 2 എണ്ണം (അര സവോള നീളത്തിൽ അരിഞ്ഞു വറുക്കാൻ ആയി മാറ്റി വെക്കുക )
തക്കാളിവലുത് – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/4 ടേബിൾ സ്പൂൺ
പച്ചമുളക് – 2
നെയ്യ് – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
പട്ട – 1 കഷണം
ഗ്രാമ്പൂ – രണ്ടെണ്ണം
ഏലക്ക – രണ്ടെണ്ണം
ഷാജീരകം – 1/4 ടീസ്പൂൺ
പെരുംജീരകം – 1/4 ടീസ്പൂൺ
ലെമൺ ജ്യൂസ് – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ബിരിയാണി മസാല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലി, പൊതീന – 1/2 കപ്പ്
കശുവണ്ടി, കിസ്മിസ് -1 ടേബിൾ സ്പൂൺ

പാചകം ചെയുന്ന വിധം

ചിക്കനിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വയ്ക്കുക.

ചൂടായ കുക്കറിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ഷാ ജീരകം, പെരുംജീരകം എന്നിവ ചേർക്കുക. ശേഷം ഉള്ളി കൂടെ ചേർത്ത് വഴറ്റണം.

പിന്നെ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് , പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഗരം മസാല, ബിരിയാണി മസാല ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക.

അതിനു ശേഷം മാരിനെറ്റ് ചെയ്ത ചിക്കൻ, തിളച്ച വെള്ളം, മല്ലി, പൊതീന എന്നിവ ചേർത്ത് ഇളക്കി തിളയ്ക്കുമ്പോൾ അരി ചേർക്കുക.

ആവശ്യത്തിന് ഉപ്പും ലെമൺ ജ്യൂസും ചേർത്തിളക്കിയ ശേഷം ഫുൾ ഫ്ളെയിമിൽ ഒരു വിസിൽ വന്ന ശേഷം കുക്കർ ഓഫ് ചെയ്യുക. പ്രഷർ മുഴുവൻ പോയിട്ട് മാത്രം കുക്കർ തുറക്കുക.

നെയ്യിൽ കശുവണ്ടി, കിസ്മിസ്, സവോള ഇവ വറുത്തു അലങ്കരിച്ച് ചെറുചൂടോടെ വിളമ്പുക.

 

ഡോ. ഐഷ വി

പ്രീഡിഗ്രിക്ക് തൊണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ക്ലാസ്സിൽ രണ്ടാo ഭാഷയുടെ ക്ലാസ്സുള്ള സമയത്ത് ഒരു തിരക്കു തന്നെ. ഒരു ക്ലാസ്സിലെ വിദ്യാർത്ഥിനികൾ രണ്ടായിപ്പിരിഞ്ഞ് രണ്ടു ക്ലാസ്സുകളിലേയ്ക്ക് . ഓല മേഞ്ഞ ഷെഡിലുള്ള ക്ലാസ്സ് മുറിയുടെ ഒറ്റവാതിലിൽ കൂടി പെൺകുട്ടികൾ വരിവരിയായി ഇറങ്ങുമ്പോഴേയ്ക്കും ഇത്തിരി നേരം പിടിക്കും. അതിന് ഞാൻ കണ്ടെത്തിയ പരിഹാരം ജനലിലൂടെ പുറത്തു ചാടുക എന്നതാണ് അഴികളില്ലാത്ത ജനലായിരുന്നതു കൊണ്ട് വളരെ സൗകര്യം. അങ്ങനെ കുറുക്കുവഴിയിലൂടെ പുറത്തുകടന്ന് നേരെ മലയാളം ക്ലാസ്സിലേയ്ക്ക്. മലയാളം ക്ലാസ്സിൽ എന്നോടൊപ്പം നിഷയുമുണ്ടായിരുന്നു. നിഷ പ്രീഡിഗ്രിക്ക് മറ്റൊരു ക്ലാസിലായിരുന്നു. ചങ്ങമ്പുഴയുടെ കാല്പനികതയും ഒ എൻ വിയുടെ നൈസർഗികതയും മുത്തുമണികൾ പോലെ മനോഹരമായ മണിപ്രവാളവും രേണുക ടീച്ചറും ലൈല ടീച്ചറുമൊക്കെ അവരവരുടെ വൈഭവം പോലെ, രമണീയമായി അവതരിപ്പിക്കുമ്പോൾ കുട്ടികളെല്ലാം ശ്രദ്ധയോടെ കേട്ടിരിയ്ക്കും . വനിതാ കോളേജായതു കൊണ്ട് പ്രത്യേകിച്ചും. ചങ്ങമ്പുഴയുടെ നിഴലും നിലാവും പോലെ ഗദ്യവും പദ്യവും മാറി മാറി വന്നു.

അങ്ങനെയിരിക്കെ മലയാളം ഡിപ്പാർട്ട്മെന്റിൽ ഒരു അധ്യാപകൻ ജോയിൻ ചെയ്തു. ആറേഴ് വനിതാ ലക് ചറർമാരുടെ ഇടയിൽ ഒരേ ഒരു ആൺ തരി. ഇടവേളകളിൽ ഈ അധ്യാപകനും മറ്റധ്യാപികമാരും ഒരുമിച്ച് കാന്റീനിലേയ്ക്ക് പോകുന്ന വേളയിൽ ക്ലാസ്സിലെ രസികത്തികളിൽ ആരോ പറഞ്ഞു: “കണ്ണനും ഗോപികമാരും ” എന്ന്. ഏകദ്ദേശം ഒരു മാസം കഴിഞ്ഞു കാണും . ആ അധ്യാപകൻ അപ്രത്യക്ഷനായി . പകരം മറ്റൊരധ്യാപകൻ എത്തി. അദ്ദേഹവും ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നില്ല.

നിഷാ വിജയൻ ഇടയ്ക്കിടെ ക്ലാസ്സിൽ വന്നിരുന്നില്ല. അങ്ങനെ ഒരു ദിവസം പത്രത്തിൽ നിഷയും നിഷയുടെ അമ്മയും സഹോദരങ്ങളും കൂടി സെക്രട്ടേറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരിയ്ക്കുന്ന ഫോട്ടോ കണ്ടു. ഏരൂർ പഞ്ചായത്ത് എക്സിക്യൂട്ടീ ഓഫീസറായിരിയ് ക്കേ കൊല ചെയ്യപ്പെട്ട നിഷയുടെ അച്ഛന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹമായിരുന്നു അത്. നിഷ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ അച്ഛന്റെ മരണം. അന്ന് നിഷ എസ് എൻ വി സ്കൂളിലും ഞാൻ ഭൂതക്കുളം സ്കൂളിലുമായിരുന്നു പഠിച്ചിരുന്നത്. നേരിൽ പരിചയമില്ലായിരുന്നെങ്കിലും നിഷയുടെ അയൽപക്കക്കാരായ കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്നു. അവർ വഴി കൊലപാതക വാർത്തയും രണ്ടാമത് പോസ്റ്റ് മാർട്ടം ചെയ്ത സംഭവവുമൊക്കെ അറിഞ്ഞിരുന്നു. തത്ത, മൈന എന്നിങ്ങനെ കിളികളുടെ പേരായിരുന്നു നിഷയുടെ വീട്ടിലെ കുട്ടികളുടെ ചെല്ലപ്പേര്.

വീട്ടുപേർ ” കിളി കൂടെ”ന്നും (തലക്കുളം ഭവൻ) കുട്ടികൾ പറഞ്ഞറിവ് എനിക്കുണ്ടായിരുന്നു. നിഷയുടെ പേര് മൈനയെന്നാണ്. നിഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചില കവിതകൾ എഴുതിയിരുന്നു. അതിൽ തൂലികാനാമം മൈനയെന്നായിരുന്നു. ഞാനും അക്കാലത്ത് ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. അതൊന്ന് എഡിറ്റ് ചെയ്യിക്കാനായി ഞാനും നിഷയും കൂടി മലയാളം ഡിപാർട്ട്മെന്റിലെത്തി. ഞങ്ങൾ എത്തിയപ്പോൾ അധ്യാപികമാരാരും അവിടെ ഉണ്ടായിരുന്നില്ല. ഊണ് കഴിക്കാൻ പോയതാകണം. പുതുതായി എത്തിയ അധ്യാപകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചു നോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.

മലയാളം ക്ലാസ്സിൽ ഞങ്ങൾക്ക് ചില പ്രായോഗിക വിജ്ഞാനങ്ങൾ പറഞ്ഞു തന്നിരുന്നത് ലൈല ടീച്ചറായിരുന്നു. ബസ്സിലെയും ട്രെയിനിലേയും തിക്കിലും തിരക്കിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലൻമാരെ നേരിടുന്ന വിദ്യയായിരുന്നു അതിലൊന്ന്. സേഫ്റ്റി പിൻ പ്രയോഗം. വളരെ സേഫെന്നാണ് ടീച്ചറുടെ അഭിപ്രായം. ടീച്ചറുടെ ഉപദേശം ശിരാസാ വഹിച്ച് ഞാനും കൂട്ടുകാരി കനകലതയും ഈ പ്രയോഗം പ്രാവർത്തികമാക്കി വിജയം കണ്ടു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19ൻെറ പുതിയ വകഭേദമായ ഒമൈക്രോൺ പിടിപെടാതിരിക്കാൻ യുകെയിൽ ഓരോരുത്തരും സന്യാസ ജീവിതത്തിന് തുല്യമായ ഒറ്റപ്പെടലിന് വിധേയമാകേണ്ടി വരുമെന്ന് വിദഗ്ധർ. പുതിയ കൊറോണ വൈറസ് സ്ട്രെയിൻ വളരെ വേഗത്തിൽ പടരുന്നതിനാൽ ആളുകൾ അത് ബാധിച്ച മറ്റാരെയെങ്കിലും കണ്ടുമുട്ടാനുള്ള സാധ്യത ഏറെയാണെന്ന് ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൻെറ പ്രൊഫസറായ എലീനർ റൈലി പറഞ്ഞു. പുതിയ വകഭേദത്തിന് ഡെൽറ്റാ വേരിയന്റിനേക്കാൾ നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത് എങ്കിലും ഇതുമൂലം നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യത ഏറെയാണെന്ന് എഡിൻബർഗ് സർവ്വകലാശാല മുന്നറിയിപ്പ് നൽകി. ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും നിങ്ങൾ ഒറ്റപ്പെട്ട ജീവിതം നയിച്ചില്ലെങ്കിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ വകഭേദം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും പ്രൊഫ റൈലി പറഞ്ഞു. പുതിയ വേരിയന്റ് പിടിപെടില്ല എന്ന് കരുതി ആരും നടക്കരുത്. സാഹചര്യം മാറിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡിന് എതിരായ മൂന്നാം ഡോസ് വാക്സിനുകൾ സ്വീകരിക്കുന്നത് ഒമൈക്രോണിൻെറ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതിനാൽ യോഗ്യതയുള്ളവർ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഡെൽറ്റാ വേരിയന്റിനെ അപേക്ഷിച്ച് ഒമൈക്രോണിൻെറ രോഗലക്ഷണങ്ങൾക്കും അണുബാധയ്ക്കുമെതിരെ ആസ്ട്രസെനെക്ക, ഫൈസർ-ബയോഎൻടെക് വാക്സിനുകൾ വളരെ കുറഞ്ഞ സംരക്ഷണമാണ് നൽകുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയ പഠനത്തിൽ കണ്ടെത്തി. പഠനം നടത്തിയ 581 ആളുകളിൽ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ ഏകദേശം 70 മുതൽ 75 ശതമാനം വരെ കുറവുള്ളതായി ഉള്ളതായി കണ്ടെത്താൻ സാധിച്ചു. ലണ്ടനിലെ പുതിയ കോവിഡ് കേസുകളിൽ 30 ശതമാനവും ഒമൈക്രോൺ വേരിയന്റിൻെറതായ സാഹചര്യത്തിൽ ഗവൺമെൻറ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയേറെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡെയിലി മെയിൽ നടത്തിയ സർവ്വേയിൽ , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജനസമ്മതി കുറഞ്ഞതായി വ്യക്തമാക്കുന്നു. സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ശതമാനവും തങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല എന്നാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പംതന്നെ കോവിഡ് കേസുകൾ വർധിച്ച് നിന്ന സാഹചര്യങ്ങളിൽ, ഗവൺമെന്റ് ഓഫീസർമാർ നടത്തിയ പാർട്ടികളെ സംബന്ധിച്ചുള്ള വിവാദവും ബോറിസ് ജോൺസന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏറ്റതായി സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീ വോട്ടർമാർക്കിടയിലും ലേബർ പാർട്ടിയുടെ ലീഡ് 6 പോയിന്റിൽ നിന്നും 14 പോയിന്റായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ടുതന്നെ പ്രധാനമന്ത്രിയുടെയും, കൺസർവേറ്റീവ് പാർട്ടിയുടെയും ജനപ്രീതി ഗണ്യമായി കുറഞ്ഞതായി സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ചവരിൽ ഏപ്രിലിൽ 6 ശതമാനം പേരും ഇത്തവണ ലേബർ പാർട്ടിയെ തങ്ങൾ പിന്തുണയ്ക്കുന്നതായി സർവ്വേയിൽ വ്യക്തമാക്കി. ഇതിൽ ഒരു ശതമാനം പേർ മാത്രമാണ് തങ്ങൾ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല എന്ന് വ്യക്തമാക്കിയത്. പുരുഷ വോട്ടർമാരുടെ എണ്ണത്തിലും പാർട്ടികൾ ഒപ്പത്തിനൊപ്പമാണ്. കൺസർവേറ്റീവ് പാർട്ടിക്ക് 35% പുരുഷന്മാരുടെ പിന്തുണ ലഭിച്ചെങ്കിൽ, ലേബർ പാർട്ടിക്ക് 34 ശതമാനം രേഖപ്പെടുത്തി.


കോവിഡ് കൂടിനിൽക്കുന്ന സാഹചര്യങ്ങളിലും ഗവൺമെന്റ് ഓഫീസർമാർ പാർട്ടികൾ നടത്തി ആഘോഷിക്കുകയാണ് എന്ന ധാരണ ജനമനസ്സുകളിൽ സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമെടുക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ ഇത്തരം നിയന്ത്രണങ്ങൾക്ക് എതിരാണെന്ന് സർവ്വേ വ്യക്തമാക്കുന്നു. പബ്ബുകളും റസ്റ്റോറന്റുകളുമെല്ലാം അടയ്ക്കുന്നതിനെ 49 ശതമാനം പേർ എതിർത്തു. അതോടൊപ്പം തന്നെ വീടുകൾക്കുള്ളിൽ ഉള്ള സന്ദർശനവും നിരോധിക്കുന്നത് ജനങ്ങൾക്ക് താൽപര്യമില്ല എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഗവൺമെന്റിന്റെ പ്രതിച്ഛായക്ക് കൂടുതൽ മങ്ങലേൽപ്പിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 30 ശതമാനവും ഒമിക്രോൺ മൂലമെന്ന് റിപ്പോർട്ട് . മന്ത്രിമാർക്ക് ലഭിച്ച വളരെ രഹസ്യമായ റിപ്പോർട്ടിലാണ് ബ്രിട്ടനിലെ സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി വ്യക്തമാക്കുന്നത്. ക്രിസ്മസ് അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമായി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിലെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വിളിച്ചുകൂട്ടി അടിയന്തര മീറ്റിംഗ് നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സ്ഥിതിഗതികൾ വിലയിരുത്തുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും ഉള്ള തീരുമാനങ്ങൾ ഉണ്ടാകും. ബ്രിട്ടനിലെ സ്ഥിതിഗതികൾ മോശമാണെന്നും ലണ്ടനും സ് കോട് ലൻഡുമെല്ലാം ഹോട്ട്സ്പോട്ടുകൾ ആയി മാറുകയാണെന്നും കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കിൾ ഗോവ് വ്യക്തമാക്കി. സാഹചര്യം നേരിടാനുള്ള അടിയന്തര പ്ലാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആവശ്യമെങ്കിൽ വീണ്ടും വർക്ക്‌ ഫ്രം ഹോം സംവിധാനം തുടരാനും ആലോചനയുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ജനങ്ങളുടെ ക്രിസ്മസ് ആഘോഷത്തെ അപ്പാടെ തകർക്കും എന്നുള്ളതാണ് മറ്റൊരു ആശങ്ക നിലനിൽക്കുന്നത്.


ലണ്ടനിലെ 32 ബറോകളിലും കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാഹചര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. സ് കോട്ട്‌ലൻഡിലും സാഹചര്യങ്ങൾ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ഒമിക്രോൺ കേസുകൾ ഒരു ദിവസം തന്നെ 54 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് തന്നെ 448 ഓളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തയിടെ നടന്ന ഒരു പഠന റിപ്പോർട്ടിൽ 70 മുതൽ 75 ശതമാനത്തോളം ഒമിക്രോൺ ബാധയെ തടയുവാൻ ബൂസ്റ്റർ ഡോസുകൾക്ക് സാധിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തെ തടയുവാന്‍ പ്ലാൻ സി തയ്യാറാക്കി ബോറിസ് ജോൺസൻ. ഭരണകക്ഷി എം പിമാരിൽ നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും പുതിയ പദ്ധതികളുമായി മുന്നോട്ട് നീങ്ങാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പബ്ബുകളിലും റെസ്റ്റോറന്റുകളിലും എന്‍ എച്ച് എസ് കോവിഡ് ആപ്പ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുക, എല്ലാ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുക, കെയർ ഹോം സന്ദർശനം പരിമിതപ്പെടുത്തുക തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് പ്ലാൻ സിയിൽ ഉൾപ്പെടുന്നത്. ക്രിസ്മസ് കാലത്ത് വാണിജ്യ – വ്യവസായ മേഖലയെ തകർക്കുന്ന പ്ലാൻ ബിയ് ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ക്രിസ്മസ് ദിനത്തിൽ മൂന്നിൽ കൂടുതൽ സന്ദർശകരെ കാണുന്നതിൽ നിന്ന് കെയർ ഹോം നിവാസികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിയേറ്ററുകളിലും സിനിമാശാലകളിലും ആരാധനാലയങ്ങളിലും ഇന്ന് മുതൽ മാസ്ക് നിർബന്ധമാണ്. നിലവിൽ യുകെയിൽ 817 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ലണ്ടനോടൊപ്പം യുകെയിലെ ഒമിക്രോൺ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്‌കോട്ട്‌ലൻഡ്. സ്‌കോട്ട്‌ലൻഡിലെ കോവിഡ് കേസുകളിൽ 13.3 ശതമാനവും ഒമിക്രോണാണ്.

അതേസമയം കേസുകൾ ഉയരുന്നതിനാൽ രാജ്യം ‘ഒമിക്രോൺ സുനാമി’യെ നേരിടേണ്ടി വരുമെന്ന് സ്കോട്ട്ലൻഡ്‌ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ഇന്ന് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം മന്ദഗതിയിലാക്കാൻ ക്രിസ്മസ് പാർട്ടികളിൽ നിന്ന് മാറിനിൽക്കാൻ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മുഴുവൻ കുടുംബാംഗങ്ങളും 10 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നും സ്റ്റർജിയൻ പ്രഖ്യാപിച്ചു. ഒമിക്രോണിന് മുൻപിൽ രാജ്യം കഠിനമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേവാർഡിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ (59) ആകസ്മിക മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രാവിലെ വീട്ടിൽ കുഴഞ്ഞുവീണെങ്കിലും കാര്യമാക്കാതെ കുട്ടിയെ സ്കൂളിൽ വിട്ടതിനുശേഷം സെബാസ്റ്റ്യൻ ആശുപത്രിയിൽ എത്തിയിരുന്നു . ആശുപത്രി വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയത്.

കേരളത്തിൽ അങ്കമാലി വാതക്കോട് ആണ് സെബാസ്റ്റ്യൻ ജോണിൻെറ സ്വദേശം .

സെബാസ്റ്റ്യൻ ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved