ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് യുകെയിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈൽ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ജീവന് ഭീഷണിയാകുന്ന രീതിയിൽ വെള്ളം ഉയർന്നതോടെ വീടുകൾ വിടാൻ ആളുകൾ തയ്യാറായി. സൗത്ത് മാഞ്ചസ്റ്ററിലെ 400 ലധികം വീടുകൾ ഇതിനകം ഒഴിപ്പിച്ചു. യോർക്ക്ഷയറിലും നോർത്തേൺ അയർലൻഡിലും വെള്ളപൊക്കം ഉണ്ടായി.

നോർത്തേൺ അയർലൻഡിൽ നദികൾ കരകവിഞ്ഞൊഴുകി. ലണ്ടൻഡെറി, ടൈറോൺ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഡ്രംരാഗ്, ഫിൻ നദികൾ കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫ്രാങ്ക്ലിൻ കൊടുങ്കാറ്റിന് മുന്നോടിയായി പെയ്യുന്ന മഴയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെർസി നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നു. നദിക്ക് സമീപമുള്ള വീടുകൾ ഇന്നലെ തന്നെ ഒഴിപ്പിച്ചു.

അതേസമയം, ഗതാഗതം സ്തംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് ട്രെയിൻ ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. ഇംഗ്ലണ്ട്, വെയിൽസ്, തെക്ക്-പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ കാറ്റിന്റെ യെല്ലോ അലേർട്ട് നിലനിൽക്കുന്നു. ഡഡ്‌ലിക്കും യൂനിസിനും ശേഷം യുകെയിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ.