Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജർമ്മനി :- അസ്ട്രാസെനെക്ക, ജോൺസൻ & ജോൺസൻ എന്നീ വാക്സിനുകൾ എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുന്നതിന് പരിഹാരം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജർമൻ ഗവേഷകരാണ് ബുധനാഴ്ച ഇക്കാര്യം പുറത്ത് വിട്ടത്. നിലവിലുള്ള വാക്സിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത് സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഈ രണ്ട് വാക്സിനുകളും എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഉണ്ടായിരുന്നു.


യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 21 വരെ അസ്ട്രാസെനെക്ക വാക്സിൻ എടുത്തവരിൽ 209 പേർക്കാണ് ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന കേസ് റിപ്പോർട്ട് ചെയ്തത്. വാക്സിൻ എടുത്തതിനുശേഷം ഇങ്ങനെയുള്ളവരിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുകയാണ് ചെയ്യുന്നത്.ഇവരിൽ 41 പേർ മരണപ്പെടുകയും ചെയ്തു. ഇങ്ങനെ രക്തം കട്ടപിടിക്കുന്ന അവസ്ഥ വന്നവരിൽ മുക്കാൽപങ്കും 40 വയസ്സിനു താഴെയുള്ളവരാണ്.


ഇത്തരത്തിൽ വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ& ജോൺസൺ വാക്സിൻ യൂറോപ്പിൽ നിർത്തിവച്ചിരുന്നു. എന്നാൽ മുന്നറിയിപ്പോടുകൂടി കമ്പനി ഈ വാക്സിൻ വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു പല ശാസ്ത്രജ്ഞരും ഈ പ്രശ്നത്തിനു പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ‘എം ആർഎൻ എ’ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് നിലവിലെ കണ്ടെത്തൽ. ഫൈസർ, മോഡേണ തുടങ്ങിയ വാക്സിനുകൾ ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളതാണ്. കൂടുതൽ പരിഹാരനിർദ്ദേശങ്ങൾ തങ്ങൾ സ്വീകരിക്കുന്നതിന് തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അധികൃതരും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണവൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസൺ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ് സ് ആരോപിച്ചു. സർക്കാരിൻെറ നിലപാടുകൾ കാരണം വളരെയേറെ ആൾക്കാർ കോവിഡ് -19 മൂലം മരണമടഞ്ഞതായി അദ്ദേഹം കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയ്ക്ക് മുമ്പാകെ നടത്തിയ തെളിവെടുപ്പു വേളയിൽ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കൊറോണ വൈറസിനെ ഗൗരവമായി എടുത്തില്ല എന്നുമാത്രമല്ല ഭാവനാസൃഷ്ടി എന്ന രീതിയിൽ തള്ളിക്കളയുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു . ഭയപ്പെടേണ്ട കാര്യമില്ല എന്ന് കാണിക്കാൻ ലൈവ് ടിവി പരിപാടിയിൽ വൈറസ് കുത്തിവയ്‌പ്പെടുക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കമ്മിംഗ് സ് വെളിപ്പെടുത്തി. എല്ലാവരോടും കള്ളം പറഞ്ഞതുൾപ്പെടെയുള്ള പല കാരണങ്ങൾക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് പുറത്താക്കണമെന്ന് ഡൊമിനിക് കമ്മിംഗ് സ് ആവശ്യപ്പെട്ടു.

ഇന്നത്തെ തെളിവെടുപ്പിലുടനീളം പ്രധാനമന്ത്രിയ്‌ക്കെതിരെയും ആരോഗ്യ സെക്രട്ടറിയ് ക്കെതിരെയും ശക്തമായ ആരോപണങ്ങൾ കമ്മിംഗ് സ് ഉന്നയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണാ വൈറസിനെ നേരിടാൻ അതിർത്തികൾ അടയ്ക്കുന്ന കാര്യങ്ങൾ ബോറിസ് ജോൺസന് താൽപര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പങ്കാളി കാരി സിമണ്ട്‌സിനൊപ്പം ഹോളിഡേ ആഘോഷിക്കാൻ പോയതിനാൽ മഹാമാരിക്കെതിരെ ഉചിതമായ നടപടികൾ എടുക്കാൻ ബോറിസ് ജോൺസൺ പരാജയപ്പെട്ടു എന്നാണ് കമ്മിംഗ് സിൻെറ നിലപാട്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനം ഉണ്ടായെങ്കിലും പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോവിഡ് 80 വയസിന് മുകളിലുള്ളവരെ മാത്രമേ കൊന്നിട്ടുള്ളു എന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവന ശക്തമായ പൊതുജന രോക്ഷമാണ് ഉയർത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനമുണ്ടായെങ്കിലും പ്രധാനമന്ത്രിയ് ക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുകയാണ്. കോവിഡ് 80 വയസ്സിന് മുകളിൽ ഉള്ളവരെ മാത്രമാണ് കൊന്നതെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണങ്ങളുമായി പൊതുജനങ്ങൾ. 80 വയസ്സിനു മുകളിൽ ഉള്ളവരാണ് കോവിഡ് മൂലം കൂടുതൽ മരണപ്പെട്ടതെന്നും ഇവരെ മരണത്തിലേക്ക് വിട്ടാണ് പ്രധാനമന്ത്രി രോഗ ശമനമുണ്ടാക്കിയതെന്നും പലരും അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണുകളോടുള്ള പ്രധാനമന്ത്രിയുടെ വിദ്വേഷം അദ്ദേഹത്തെ പൊതുജനങ്ങൾക്കിടയിൽ “ഗ്രാൻഡ് മാ കില്ലർ” ആയി മുദ്രകുത്തപ്പെടുവാൻ കാരണമായി. ഈസ്റ്റ് യോർക്ക്‌ഷെയറിലെ കോട്ടിംഗ്ഹാമിലെ കെയർ ഹോമിൽ കോവിഡ് ബാധിച്ച് 89 കാരിയായ കെയ് ഫോറസ്റ്റ് മരിച്ചിരുന്നു. അവളുടെ 90-ാം ജന്മദിനം ആഘോഷിക്കാൻ കുടുംബം ഒരുങ്ങുന്ന സമയത്താണ് മരണം ഉണ്ടായത്. കഴിഞ്ഞ വർഷം മെയ്‌ 27നാണ് ഫോറസ്റ്റ് മരിച്ചതെന്ന് മകൻ അറിയിച്ചു. അമ്മയുടെ വിയോഗം കുടുംബത്തെ തകർത്തുകളഞ്ഞുവെന്ന് മകൻ അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിന് ഒരു ഹൃദയമുണ്ടായിരുന്നുവെങ്കിൽ അമ്മ മരിക്കുകയില്ലായിരുന്നു.” പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോവെൻട്രിയിലെ ഒരു കെയർ ഹോമിൽ കോവിഡ് പിടിപെട്ടു മരിക്കുമ്പോൾ റെക്സ് വില്യംസിന് 85 വയസ്സായിരുന്നു. “പ്രധാനമന്ത്രിയുടെ വാക്കുകളാൽ ദുഃഖിതനായ ഒരു കുടുംബാംഗമെന്ന നിലയിൽ ഞാൻ തകർന്നുപോയി.” അദ്ദേഹത്തിന്റെ മകൻ ചാർലി പറഞ്ഞു. “എന്റെ പിതാവടക്കം 30,000 പേർ മരിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.ബർമിംഗ്ഹാമിൽ നിന്നുള്ള ചാർലി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള നീതിക്കായി സ്വതന്ത്രവും ജഡ് ജിയുടെ നേതൃത്വത്തിലുള്ളതുമായ സ്റ്റാറ്റ്യൂട്ടറി പബ്ലിക് എൻക്വയറിക്ക് ഒരുങ്ങുകയാണ്. “അദ്ദേഹത്തിന്റെ മരണം നമ്മുടെ ഗവൺമെന്റിന്റെ കടുത്ത അവഗണനയുടെ ഫലമാണ്. ഇത് ഒരു കോടതിയിൽ തെളിയിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ചാർലി അറിയിച്ചു. “പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ പരിഹാസ്യമാണ്, ഏത് പ്രായത്തിലുള്ളവരായാലും ഓരോ മരണത്തിനും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കണം.” സ്കോലൻഡിൽ നിന്നുള്ള ലിൻഡ വെർലക് പറഞ്ഞു. ലിൻഡയുടെ പിതാവ് 86കാരനായ ബിൽ ക്യാമ്പൽ സ്കോട്ട്‌ലൻഡിലെ റെൻ‌ഫ്രൂഷെയറിലെ ബിഷോപ്‌ടണിൽ വെച്ചാണ് മരണമടഞ്ഞത്.

ആരോപണങ്ങളോടുള്ള മറുപടിയായി 10-ാം നമ്പർ വക്താവ് ഇപ്രകാരം പറഞ്ഞു: “ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമയുണ്ട്. പകർച്ചവ്യാധിയിൽ നിന്ന് കരകയറുക, റോഡ് മാപ്പിലൂടെ നീങ്ങുക, വാക് സിനുകൾ വിതരണം ചെയ്യുക എന്നിവയിൽ ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മഹാമാരിയിലുടനീളം, ജീവൻ രക്ഷിക്കുക, എൻ‌എച്ച്‌എസിനെ സംരക്ഷിക്കുക, യൂകെയിലുടനീളമുള്ള ആളുകളുടെ ജോലികൾ, ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുക എന്നതാണ് സർക്കാരിന്റെ മുൻ‌ഗണന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലെസ്റ്റർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം ഒന്നും ഇല്ലെന്ന് ലീസസ്റ്റർ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഗവൺമെന്റ് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തത് സംബന്ധിച്ച് ഇതുവരെയും അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ മാത്രമാണ് ജനങ്ങൾ പാലിക്കേണ്ടത്. ഇത്തരത്തിലുള്ള വാർത്ത വന്നതിനെ തുടർന്ന്, ഗവൺമെന്റ് അധികാരികളുമായി അടിയന്തരമായ ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ കടുപ്പിച്ചിട്ടില്ലെന്നും, യാത്രയ്ക്ക് നിരോധനം ഇല്ലെന്നും അധികൃതർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ലോക്കൽ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടില്ല എന്നും, ലെസ്റ്റർ   നഗരത്തിന് അധികമായ നിയന്ത്രണങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഇവാൻ ബ്രൗൺ അറിയിച്ചു. അടുത്തിടെയായി ലെസ്റ്ററിൽ പുതിയ കോവിഡ് വേരിയന്റ് സ്ഥിരീകരിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൽ നിന്നും ആരും തന്നെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് അറിയിപ്പ് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചകളിൽ വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂട്ടാൻ ഉള്ള നടപടികൾ സ്വീകരിക്കും. എന്നാലും ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന് കർശന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടച്ചിട്ട റൂമുകളിൽ ഒത്തുകൂടുന്നതിനുപകരം തുറസ്സായ സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ യാത്രകൾ എല്ലാം തന്നെ ഒഴിവാക്കണം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കർശനമായി ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൽ ദുരന്തം അനുഭവിക്കുന്ന തങ്ങളുടെ ജീവനക്കാർക്ക് കൈത്താങ്ങായി ടാറ്റാ സ്റ്റീൽ. കോവിഡ് മൂലം മരണമടയുന്ന തങ്ങളുടെ ജീവനക്കാർക്ക് അറുപതാം വയസ്സിൽ അവർ വിരമിക്കുന്നതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കി നഷ്ടപരിഹാരമായി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മരിച്ചുപോയ ജീവനക്കാരുടെ മക്കൾക്ക് ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവും കമ്പനി വഹിക്കും . ജീവനക്കാർ അവസാനം വാങ്ങിയ ശമ്പളം ജീവനക്കാർ വിരമിക്കുന്ന 60 വയസ്സുവരെ കുടുംബത്തിന് നല്കാനുള്ള പദ്ധതിയായാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമാണ്. യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടുപേർ യുകെ മലയാളി സമൂഹത്തിൽ നിന്ന് വിട പറഞ്ഞതിൻെറ ഞെട്ടലിലാണ് ബ്രിട്ടനിലെ പ്രവാസി മലയാളികൾ. ഇന്ന് രാവിലെയാണ് കെന്റിലെ മലയാളി സമൂഹത്തിൻെറ പ്രിയപ്പെട്ട സജി ചേട്ടൻ മരണമടഞ്ഞത്. മെഡ് വേ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സുനു വർഗീസിൻെറ ഭർത്താവ് സജി ജേക്കബ് (56) ആണ് ഇന്ന് രാവിലെ 10 മണിക്ക് ലണ്ടനിലെ കിങ്സ് ആശുപത്രിയിൽ മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കിങ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജി ജേക്കബ് പന്തളം മുടിയൂർക്കോണം തെക്കെടത്ത്-പുത്തൻവീട്ടിൽ പരേതനായ ടി.എം. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ സുനു വർഗീസ് കോഴഞ്ചേരി തിയാടിക്കൽ കുടുംബാംഗമാണ്. നിതിൻ ജേക്കബ്, വിദ്യാർഥിയായ നെവിൻ ജേക്കബ് എന്നിവർ മക്കളാണ്. കെന്റിലെ ജില്ലിങ്ങാമിൽ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സഹോദരി ജെസ്സിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടൻ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ് സജി. ഇടവക സമൂഹത്തിലും മെഡ് വേയിലെ മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു.

വൂസ്റ്റർ ഷെയറിലെ റെഡ്ഡിച്ചിലെ പ്രവാസിമലയാളികൾ തങ്ങളിലൊരാളുടെ അകാല വിയോഗത്തിന്റെ വേദനയിലും ഞെട്ടലിലുമാണ്. കേരളത്തിൽ പൊൻകുന്നം സ്വദേശി ഷീജ കൃഷ്ണനാണ് ഇന്നലെ മരണമടഞ്ഞത്. അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.

സജി ജേക്കബിൻെറയും ഷീജാ കൃഷ്ണൻെറയും വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സമർത്ഥരായ മലയാളി വിദ്യാർത്ഥികൾക്ക് ഒത്തിരി പ്രതീക്ഷ നൽകുന്നതാണ് 2020ലെ ലോക പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അഡ്മിഷന്റെ കണക്കുകൾ. ലോക പ്രശസ്തരായ നിരവധി നേതാക്കളും , പ്രമുഖരും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയിൽനിന്നുള്ള ജവഹർലാൽ നെഹ്റുവും, രാജീവ് ഗാന്ധിയും, മൻമോഹൻ സിംഗുമെല്ലാം ഈ നിരയിലെ കണ്ണികളാണ്. 2020 അധ്യയനവർഷത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഏഷ്യൻ, കറുത്ത വംശജരുടെ എണ്ണത്തിൽ 28 ശതമാനത്തിനടുത്ത് വർധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് – 19 വിദ്യാഭ്യാസമേഖലയിലും എ – ലെവൽ പരീക്ഷകളിലും ഉണ്ടാക്കിയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഈ നേട്ടം. ജനസംഖ്യക്കനുപാതികമായി നോക്കുകയാണെങ്കിൽ കറുത്തവരും ഏഷ്യക്കാരുമായുള്ള വിദ്യാർത്ഥികളുടെ അനുപാതം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ കൂടുതലാണ്. എന്തായാലും സമർത്ഥരായ മലയാളി വിദ്യാർഥികൾക്ക് ശുഭകരമായ വാർത്തകളാണ് കേംബ്രിഡ്ജിൽ നിന്ന് വരുന്നത്. പരിശ്രമിച്ചാൽ കേംബ്രിഡ്ജിന്റെ വാതായനങ്ങൾ നിങ്ങൾക്ക് അപ്രാപ്യമല്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെലാറസ് : രാഷ്ട്രീയ എതിരാളിയെ പിടികൂടാന്‍ വ്യാജബോംബ് സന്ദേശം നല്‍കി വിദേശ വിമാനം പിടിച്ചെടുത്ത ബെലാറസിന്റെ നടപടിയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ. ഓൺലൈൻ മാധ്യമമായ നെക്സ്റ്റയുടെ മുൻ പത്രാധിപർ റോമൻ പ്രോട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്യാനാണ് ബെലാറസ് ഈ നീക്കം നടത്തിയത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഉത്തരവ് പ്രകാരമാണ് 26-കാരനായ പ്രോട്ടാസെവിച്ച് സഞ്ചരിച്ചിരുന്ന റയാനെയർ വിമാനം വഴിതിരിച്ചുവിട്ട് അറസ്റ്റ് നടന്നത്. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്നും ലിത്വാനിയൻ തലസ്ഥാനമായ വിലിനസിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പ്രോട്ടാസെവിച്ചിന്റെ അറസ്റ്റിനെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി. ബെലാറസിലെ ഭരണകൂടത്തിന്റെ നികൃഷ്ടവും നിയമവിരുദ്ധവുമായ പെരുമാറ്റം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ട്വീറ്റ് ചെയ്തു.

റോമൻ പ്രോട്ടാസെവിച്ച്

ഞായറാഴ്ചയാണ് സംഭവം നടന്നത്. ‘വിമാനം തട്ടിക്കൊണ്ടുപോയ നടപടി’ എന്നാണു യൂറോപ്യൻ യൂണിയൻ പ്രതികരിച്ചത്. ഇന്നലെ ബ്രസ്സൽസിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബെലാറസിനുമേൽ ഉപരോധം ശക്തമാക്കുമെന്ന് പറഞ്ഞു. യൂറോപ്യൻ യൂണിയൻ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നതിൽ നിന്ന് ബെലാറസ് വിമാനക്കമ്പനികളെ വിലക്കുന്ന തീരുമാനം സ്വീകരിക്കുകയാണ്. ബെലാറസ് ജനതയുടെ ജനാധിപത്യ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനും ബെലാറസ് അധികാരികളുടെ ക്രൂരതയ്ക്കും എതിരായി 2020 ഒക്ടോബർ 1 ന് യൂറോപ്യൻ യൂണിയൻ ബെലാറസിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലുകാഷെങ്കോ സർക്കാരുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് യാത്രാനിരോധനം ഉണ്ട്. യൂറോപ്യൻ യൂണിയനിലെ അവരുടെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പട്ടികയിലെ ഏതെങ്കിലും വ്യക്തിയ്ക്കും കമ്പനിക്കും ഫണ്ട് നൽകുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ പൗരന്മാരെയും കമ്പനികളെയും വിലക്കിയിട്ടുണ്ട്.

ബെലാറസ് ദേശീയ വിമാനക്കമ്പനിയായ ബെലാവിയയുടെ വിമാനങ്ങൾ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിൽ ഇറക്കുന്നത് തടയുക എന്നതാണ് ഇനി സ്വീകരിക്കാവുന്ന മാർഗം. പാരീസ്, ഫ്രാങ്ക്ഫർട്ട്, ബാഴ്‌സലോണ, റോം, സ്റ്റോക്ക്ഹോം, വാർസോ എന്നിവയുൾപ്പെടെ 26 യൂറോപ്യൻ യൂണിയൻ പ്രദേശങ്ങളിലേക്ക് ബെലാവിയ നിലവിൽ പറക്കുന്നുണ്ട്. ബെലാറസ് വ്യോമാതിർത്തിയിലൂടെ പറക്കുന്ന യൂറോപ്യൻ യൂണിയൻ എയർലൈനുകളുടെ എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സംയുക്ത ശുപാർശ നൽകണമെന്ന് ലിത്വാനിയ യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ (ഐസി‌എ‌ഒ) ബെലാറസിനെ സസ്‌പെൻഡ് ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അലക്സാണ്ടർ ലുകാഷെങ്കോ

നിലവിലെ യൂറോപ്യൻ യൂണിയൻ ഉപരോധത്തെ യുകെ പിന്തുണയ്ക്കുന്നു. യമൽ ഗ്യാസ് പൈപ്പ്‌ലൈൻ അടയ്ക്കുന്നതുൾപ്പെടെ ബെലാറസിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർ ടോം തുഗെൻഹാത് അഭിപ്രായപ്പെട്ടു. സ്വതന്ത്ര റിപ്പബ്ലിക് ആയിരുന്ന ബെലാറസ് 1994 മുതൽ റഷ്യയുടെ പിന്തുണയോടെ ലൂക്കാഷെൻകോയുടെ ഏകാധിപത്യത്തിന് കീഴിലായിരുന്നു. കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം ആരംഭിച്ച പ്രതിഷേധം ദേശീയ പ്രക്ഷോഭമായി കത്തിപടർന്നിരുന്നു. ബെലാറസിന്റെ ഈ നീചനടപടിയ്‌ക്കെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികളുടെ കണക്കനുസരിച്ച് 101 സീറ്റുകളിലായിരുന്നു വിജയമുറപ്പിച്ചത് എന്ന് പറയുകയുണ്ടായി. പക്ഷേ തൃപ്പൂണിത്തറയിലെയും കുണ്ടറയിലെ പരാജയം കാരണം വിജയം 99 തിൽ ഒതുങ്ങി എന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണിയുടെയും കൽപ്പറ്റയിൽ എം.​വി. ശ്രേ​യാം​സ്​​കു​മാ​റിൻെറയും പരാജയം ജില്ലാ കമ്മിറ്റികൾ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന വാദഗതിക്ക് ശക്തിയേകുന്നതാണ് അദ്ദേഹത്തിൻറെ വാക്കുകൾ . മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എം. സ്വരാജിന്റെയും പരാജയങ്ങൾ മാത്രമേ അപ്രതീക്ഷിതമായി സിപിഎം കാണുന്നുള്ളൂ എന്നത് വിലപേശൽ സാധ്യത കുറയ്‌ക്കാൻ രണ്ട് ഘടകകക്ഷി നേതാക്കളുടെ പരാജയം ആസൂത്രിതമായിരുന്നു എന്ന രീതിയിലുള്ള വാദഗതികളാണ് രാഷ്ട്രീയനിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. ജോസ് കെ മാണിയുടെയും എം.​വി. ശ്രേ​യാം​സ്​​കു​മാ​റിൻെറയും പരാജയത്തിലൂടെ ഓരോ മന്ത്രിസ്ഥാനത്തേയ്ക്കുള്ള അവകാശവാദമാണ് ഇല്ലാതായത്.

പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയിരുന്നത്. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻഎച്ച്എസിൽ ദന്തചികിത്സയ്ക്കായി രോഗികൾ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. പല ദന്തരോഗികളും സ്വകാര്യ പരിചരണത്തിലേക്ക് തിരിയുകയോ പല്ലുകൾ സ്വയം പുറത്തെടുക്കുകയോ ഡിഐവൈ ഫില്ലിംഗ് നടത്തുകയോ ചെയ്യുന്നുണ്ടെന്ന് വാച്ച്ഡോഗ് സ് വ്യക്തമാക്കി. ആയിരക്കണക്കിന് രോഗികളാണ് ശസ്ത്രക്രിയകൾക്കായി വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വകാര്യമായി പണമടയ്ക്കാൻ കഴിയുന്നവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഒരു അപ്പോയ്ന്റ്മെന്റ് നേടാൻ കഴിയുമെന്നും ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിന്റെ ഗവേഷണത്തിൽ കണ്ടെത്തി. അപ്പോയിന്റ്മെന്റ് ലഭിക്കാൻ ആറുമാസത്തോളം കഷ്ടപ്പെട്ടതിന് ശേഷം ദന്തഡോക്ടർമാർ എൻ‌എച്ച്എസ് രോഗികളോട് വിവേചനം കാണിക്കുന്നുവെന്ന് ഗ്വെൻ ലീമിംഗിന് എന്ന രോഗി ആരോപിച്ചു. ഡെന്റൽ കെയർ സിസ്റ്റത്തിലെ തകർച്ച എത്രയും വേഗം പരിഹരിക്കണമെന്ന് ആളുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

 

രണ്ട് വർഷമായി പല്ലുകളിൽ അണുബാധയുണ്ടായിരുന്നുവെന്നും സഹായം തേടിയപ്പോൾ എൻ‌എച്ച്എസ് പ്രാക്ടീസ് ഇപ്പോൾ സ്വകാര്യ രോഗികൾക്ക് മാത്രമേ ചികിത്സ നൽകൂ എന്നും പറഞ്ഞതായി വിരമിച്ച അഡ് മിനിസ്ട്രേറ്റർ വെളിപ്പെടുത്തി. അസഹനീയമായ വേദന കാരണം മൂന്ന് രോഗികളിൽ ഒരാൾക്ക് സ്വകാര്യ പരിചരണത്തിനായി പണം നൽകേണ്ടിവരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദന്തചികിത്സാ ബില്ലുകൾ അടയ്ക്കുന്നതിനായി കടമെടുക്കേണ്ടി വരുന്നുവെന്ന് മറ്റ് ചില രോഗികൾ വെളിപ്പെടുത്തി. സ്വകാര്യമായി ചികിത്സ നടത്താൻ കഴിയാത്തവർക്ക് മൂന്ന് വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തിര പരിചരണത്തിന് പോലും ആറ് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നു.

കാലതാമസം ‘ദന്ത പ്രശ്നങ്ങൾ വഷളാകാനും പല്ലുകൾ നഷ്ടപ്പെടാനും’ ഇടയാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. എൻ‌എച്ച്‌എസ് നടത്തുന്ന ദന്ത ശസ്ത്രക്രിയകളുടെ എണ്ണം 2014/15 ൽ 9,661 ൽ നിന്ന് 2019/20 ൽ 8,408 ആയി കുറഞ്ഞു. കോവിഡ് ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയ ഒരു സംവിധാനം കൂടുതൽ തകർച്ചയിലേക്കാണ് നീങ്ങുന്നത്. അടിയന്തിര പരിചരണം തേടി എൻ‌എച്ച്‌എസ് 111 ലേക്ക് വിളിച്ച ചിലരോട് ‘ഉപ്പ് വെള്ളം ഉപയോഗിക്കൂ’ എന്നും സഹായം ലഭിക്കുന്നതുവരെ ഡെന്റൽ പരിശീലനങ്ങൾ തുടരാനും ആവശ്യപ്പെട്ടതായി ആളുകൾ വെളിപ്പെടുത്തി. 2021 ജനുവരി മുതൽ മാർച്ച് വരെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് എൻ‌എച്ച്എസ് ദന്തചികിത്സ ലഭിക്കുന്നത് വലിയ പ്രശ്നമായിരുന്നു. എന്നാൽ അതിപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved