ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്‍ട്രി: യുകെയിലെ ക്രൈസ്തവ വിശ്വാസികളുടെ എല്ലാമെല്ലാമായ ഫാ. സോജി ഓലിക്കലിന്റെ പൗരോഹിത്യ ശുശ്രൂഷ ഇനി ഇന്ത്യയിൽ. കരിസ്മാറ്റിക് ധ്യാനത്തിലൂടെയും മൂല്യാധിഷ്ഠിതമായ ജീവിതത്തിലൂടെയും വിശ്വാസികൾക്ക് അഭയസ്ഥാനമായിരുന്ന അച്ചന്റെ മടക്കം യുകെ മലയാളികൾക്ക് വേദനയുളവാക്കുന്നു. യുകെ പ്രവാസി മലയാളികൾ നെഞ്ചിലേറ്റിയ രൂപമാണ് സോജിയച്ചന്റേത്. കവന്‍ട്രി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. സെബാസ്റ്റിയന്‍ അരീക്കാടിന്റെ സഹായിയായി എത്തിയ ഫാ. സോജി ഓലിക്കൽ വളരെ വേഗം തന്നെ ക്രൈസ്തവ വിശ്വാസികളുടെ പ്രീതി നേടിയെടുത്തു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ ആയിരങ്ങളെയാണ് അദ്ദേഹം ഒരുമിച്ചു ചേർത്തത്. അതിൽ മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, ഫിലിപ്പിനോ, ശ്രീലങ്ക സ്വദേശികളും ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു.

ബിര്‍മിങ്ഹാം കേന്ദ്രമാക്കി നടന്നു വന്നിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനുകളിലെ പതിനായിരങ്ങളുടെ പങ്കാളിത്തം സഭയ്ക്ക് ആകമാനം ഗുണം ചെയ്തു. ബിര്‍മിങ്ഹാമില്‍ സെഹിയോന് വേണ്ടി ഒരാസ്ഥാനം സൃഷ്ടിക്കാൻ അച്ചന് സാധിച്ചു. ‘ധ്യാനത്തിങ്കൽ തീ കത്തി’ എന്നു പറയുമ്പോലെ ഓലിക്കൽ അച്ചന്റെ ധ്യാനത്തിലേയ്ക്ക് നിരവധി പേരാണ് ആശ്വാസം തേടി എത്തിയത്. അച്ചന്റെ ശുശ്രൂഷയിൽ ആകൃഷ്ടരായി പൗരോഹിത്യ വേലയിൽ എത്തിയവരും ഏറെയാണ്. അധികമാരും അറിയാതെയാണ് ജനകീയനായിരുന്ന ഈ വൈദികൻ മടങ്ങിയത്. കോവിഡ് കാലത്തുള്ള അച്ചന്റെ മടക്കം അവിശ്വസനീയമാണെന്ന് വിശ്വാസികൾ പറയുന്നു.

അതേസമയം സോജിയച്ചന്റെ ഇന്ത്യയിലേക്കുള്ള വരവ് വടക്കേ ഇന്ത്യന്‍ വിശ്വാസികള്‍ക്ക് ഗുണം ചെയ്യും. ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നല്‍കുന്ന ഫരീദാബാദ് രൂപതയിലേക്കാണ് സോജിയച്ചന്‍ അടക്കം 14 വൈദികര്‍ എത്തിയിരിക്കുന്നത്. പ്രധാനമായും ഇവർക്കാണ് മിഷൻ പഞ്ചാബിന്റെ ചുമതല. പാലക്കാട്, മാനന്തവാടി, തലശേരി കോട്ടയം രൂപതകളില്‍ നിന്നുള്ള പത്തു വൈദികരാണ് മിഷന്‍ പഞ്ചാബ് ഏറ്റെടുത്തിരിക്കുന്നത്. ലുധിയാന കേന്ദ്രീകരിച്ചാണ് പഞ്ചാബ് മിഷന്റെ ഏകോപനം. പഞ്ചാബിലെ 34 മിഷന്‍ സെന്ററുകള്‍ 14 അംഗ വൈദിക സംഘത്തിന് വീതം വച്ച് നല്‍കിയാകും പ്രവര്‍ത്തനം. ഏകദേശം 4000 വിശ്വാസികളെ ഏകോപിപ്പിച്ചാണ് ഈ മിഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടന്‍ ആയാലും ഫരീദാബാദ് ആയാലും തന്റെ നിയോഗം ഒന്നുതന്നെയെന്ന തിരിച്ചറിവാണ് ഈ വൈദികനെ ശക്തനാക്കുന്നത്. സോജിയച്ചന്റെ നേതൃത്വഗുണവും ധ്യാനവും തീക്ഷണമായ വചനങ്ങളും മനസ്സിൽ സൂക്ഷിക്കുകയാണ് യുകെ മലയാളികൾ.