ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ മുന്നിൽകണ്ടുകൊണ്ട് ചാൻസലർ റിഷി സുനക് ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് ബ്രിട്ടന്റെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിനിമം വേതനം ഉയരുന്നു, പൊതുമേഖലാ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധനവ്, ഇന്ധന തീരുവ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടെങ്കിലും മധ്യവർഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് വെല്ലുവിളി നിറഞ്ഞതാണ്. ചാൻസലറുടെ പദ്ധതികൾക്ക് കീഴിൽ ലക്ഷകണക്കിന് ആളുകൾ കൂടുതൽ മോശമായ ജീവിതാവസ്ഥയിലേക്ക് എത്തിപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജീവിതചെലവ് കുതിച്ചുയരാൻ സാധ്യത ഏറെയാണ്. പണപെരുപ്പ നിരക്ക് 3.1 ശതമാനത്തില്‍ നിന്നും അടുത്ത വർഷം 4 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം ശരാശരി 180 പൗണ്ട് നഷ്ടമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പറഞ്ഞു. പ്രതിവർഷം 30,000 പൗണ്ട് വരുമാനമുള്ള കുടുംബങ്ങൾ നികുതി വർദ്ധനയുടെ ആഘാതം അനുഭവിക്കേണ്ടി വരും. ചെലവ് ചുരുക്കുന്നതിനേക്കാള്‍ ഏറെ നിക്ഷേപം നടത്തുന്നതിലാണ് ചാൻസലർ ഇത്തവണ ശ്രദ്ധ വച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിക്ഷേപ തീരുമാനങ്ങൾക്ക് പണം നൽകുന്നത് മധ്യവർഗ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും. മദ്യത്തിന്റെ തീരുവ കുറയ്ക്കൽ, ഇന്ധന തീരുവ മരവിപ്പിക്കൽ എന്നിവയുൾപ്പെടെ ചെറിയ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ഇൻഷുറൻസും ആദായനികുതിയും അടുത്ത ഏപ്രിലിൽ ഉയരും. കോർപ്പറേഷൻ നികുതി അടുത്ത വർഷം 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയരും.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് നികുതി വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ബജറ്റ് അവതരണത്തിന് ശേഷം സുനക് പറഞ്ഞു. വിതരണ ശൃംഖലയിലും ഇന്ധന വിലവര്‍ദ്ധനവിലും ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പൂർണമായി പരിഹരിക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 150 ബില്യൺ പൗണ്ടിന്റെ അധിക തുകയാണ് 2024-25 വരെയുള്ള ഡിപ്പാർട്ട്മെന്റൽ ചെലവുകൾക്കായി മാറ്റിവയ്ക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ കൊണ്ടുവന്ന മാറ്റവും ബിസിനസ് നിരക്ക് കുറച്ചതും ഉൾപ്പടെയുള്ള തീരുമാനങ്ങൾ കോവിഡ് പൂർവ്വ കാലത്തേയ്ക്കുള്ള ബ്രിട്ടന്റെ യാത്ര സുഗമമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.