ന്യൂസ് ഡെസ്ക് മലയാളം യുകെ
പൂർണ്ണമായും പ്രവർത്തന സജ്ജമായ യുകെയുടെ രണ്ട് കപ്പലുകളാണ് ഇന്ത്യയിലെ കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് പൊളിക്കാൻ കാത്തുകിടക്കുന്നത്. ഉപയോഗശൂന്യമായ കപ്പലുകൾ പ്രകൃതിക്ക് ഏറ്റവും ദോഷകരമായ മാലിന്യങ്ങളിൽ പെടുന്നവയാണ്. എന്നാൽ ലേലം വിളിച്ച് ഉടമസ്ഥർ വാങ്ങി ആറു മാസങ്ങൾക്കുള്ളിൽ തന്നെ ഇരട്ടി വിലയ്ക്ക് രണ്ടാമത് വാങ്ങി പൊളിക്കാൻ എത്തിച്ചിരിക്കുകയാണ് ഈ കപ്പലുകൾ. ഉപയോഗശൂന്യമായ വസ്തുക്കൾ / അഥവാ ആക്രിസാധനങ്ങൾ എന്നിവയുടെ പട്ടികയിൽ ഈ കപ്പലുകളെയും ഉൾപ്പെടുത്താം. പ്രശസ്തമായ ഒരു ഇംഗ്ലീഷ് മാധ്യമം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഉപയോഗശൂന്യമായ പതിമൂന്നോളം കപ്പലുകൾ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പൊളിക്കാനായി എത്തിച്ചിട്ടുണ്ട്.
ക്രൂയിസ് ആൻഡ് മാരിടൈം വോയജസിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ നവംബറിലാണ് മാർക്കോപോളോ, മഗല്ലൻ എന്നീ കപ്പലുകളുടെ കച്ചവടം നടന്നത്. 1960 ൽ നിർമ്മിക്കപ്പെട്ട മാർക്കോ പോളോ ലോകത്തിലെ ഇപ്പോൾ അവശേഷിക്കുന്ന ഏറ്റവും പഴക്കമുള്ള ഓഷ്യൻ ക്രൂയിസർ ആണ്. അലാങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് നടത്തിയതാണ് അവസാന യാത്ര. യുകെയിൽ നടത്തിയ കച്ചവടത്തിൽ നിന്നും കൈമറിഞ്ഞു ഒടുവിൽ ആക്രി വിലയ്ക്ക് വാങ്ങിയത് നാല് മില്യൺ പൗണ്ടിന് ആണ്. ഹൈസീസ് ലിമിറ്റഡ് ഡയറക്ടർ അഗർവാൾ ” ദുബായിൽ നിന്നും കപ്പൽ വാങ്ങിയവർ പിന്നീട് സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു” എന്ന് സമ്മതിക്കുന്നുണ്ട്. ഒടുവിൽ ഒരു ഹോട്ടൽ ആയി രൂപമാറ്റം നടത്തി ഉപയോഗിക്കാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും അതും നടപ്പായില്ല. ഒടുവിൽ കപ്പൽ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. സമാനമായ കഥയാണ് മഗല്ലന്റെതും, 2021 ഗ്രാൻഡ് നാഷണലിന് ലിവർപൂളിൽ ഹോട്ടൽ ആയി ഉപയോഗിക്കാനിരുന്ന കപ്പലാണ് ഇത്.
തൊണ്ണൂറോളം കപ്പലുകളാണ് വർഷത്തിൽ പൊളിച്ചു പണിയുകയും റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യുന്നത്,ലോകത്തിലെ 70% പഴയ കപ്പലുകളും എത്തിപ്പെടുന്നത് ഇന്ത്യൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തീരങ്ങളിലാണ്. ഇവയുണ്ടാക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല. ഗ്യാസ് പൊട്ടിത്തെറികൾ, ആസ്ബറ്റോസ് പോലെയുള്ള വിഷലിപ്തമായ വസ്തുക്കളുമായി അധികസമയം ഇടപെടുന്നത് ജോലിക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രകൃതിക്ക് വരുത്തിവെക്കുന്ന ദോഷങ്ങൾ ഇതിലുമേറെയാണ്. ആസ്ബറ്റോസ് ഹെവി മെറ്റലുകൾ ലെഡ് പോലെയുള്ള വസ്തുക്കൾ അങ്ങേയറ്റം അപകടം നിറഞ്ഞതാണ്. ഓയിലുകൾ പെട്രോൾ പോലെയുള്ള അവശിഷ്ടങ്ങൾ കരയിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. യുകെയിലെ മാലിന്യങ്ങൾ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന്റെ പ്രതിഷേധം പുകയാൻ ഇതൊരു കാരണമായേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ആദ്യകാല കോവിഡ് വ്യാപനത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. ഇതുപ്രകാരം 10 -ൽ 4 പേർക്കും കോവിഡ് പിടിപെട്ടിരിക്കുന്നത് ആശുപത്രികളിൽ നിന്നാണ്. ആശുപത്രികളിലെ സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വൻ ചർച്ചയ്ക്കാണ് ഗവേഷണ റിപ്പോർട്ട് വഴിമരുന്നിട്ടിരിക്കുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻെറയും സംയുക്ത വിശകലനത്തിലാണ് രാജ്യത്തെ ഞെട്ടിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം മൂന്നു ദിവസത്തിനുള്ളിലോ ഡിസ്ചാർജ് ചെയ്ത് 14 ദിവസത്തിനുള്ളിലോ കോവിഡ് പോസിറ്റീവ് ആയത് 40.5 ശതമാനം പേർക്കാണ്.
കൊറോണ വൈറസിൻെറ വ്യാപനത്തിൻെറ തുടക്കത്തിൽ പല കെയർ ഹോം അന്തേവാസികളെയും കോവിഡ് ബാധിച്ചത് അറിയാതെ ഡിസ്ചാർജ് ചെയ്തത് സ്ഥിതി ഗുരുതരമാക്കി എന്ന ആക്ഷേപവും ശക്തമാണ്. മതിയായ കോവിഡ് പരിശോധന സംവിധാനങ്ങളുടെ അഭാവം ഇതിന് കാരണമായി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളിലുണ്ടായ അണുബാധയുടെ മൂലകാരണം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കേസുകളാണെന്നാണ് എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് അഭിപ്രായപ്പെട്ടത്.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ദയനീയാവസ്ഥ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്തിരുന്ന പല സുരക്ഷാ ഉപകരണങ്ങളും മതിയായ വൈറസ് പരിരക്ഷ നൽകിയിരുന്നില്ല എന്ന വാർത്ത വൻ പ്രതിഷേധമാണ് യുകെയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ ദരിദ്രരായ വിദ്യാർത്ഥികൾ അതിസമ്പന്നരായ വിദ്യാർത്ഥികളെക്കാൾ മൂന്ന് എ-ലെവൽ ഗ്രേഡുകൾക്ക് വരെ പിന്നിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. താഴ്ന്ന ജിസിഎസ്‌ഇ ഗ്രേഡുകൾ കാരണം 16 മുതൽ 19 വയസിനിടെയിലുള്ള വിദ്യാർത്ഥികളുടെ യോഗ്യതയും കുറയുകയാണെന്ന് എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചില പ്രദേശങ്ങളിൽ ദരിദ്രരായ വിദ്യാർത്ഥികൾ അഞ്ച് ഗ്രേഡുകൾ വരെ പിന്നിലായിരുന്നു. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എ ലെവൽ കോഴ്സുകൾ ആരംഭിക്കുന്നത് തന്നെ സമ്പന്നർക്ക് പിന്നിൽ നിന്നുകൊണ്ടാണ്. ഇത് തുടരുന്നത് അവരെ വീണ്ടും പിന്നിലേക്ക് പോകുന്നതിനുള്ള കാരണമാകുമെന്നും ഇപിഐ കൂട്ടിച്ചേർത്തു. നോവ്‌സ്ലി ഓൺ മെർസീസൈഡ്, നോർത്ത് സോമർസെറ്റ്, സ്റ്റോക്ക്ടൺ-ഓൺ-ടൈസ് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ 5 എ ലെവൽ ഗ്രേഡുൾക്ക് പിന്നിലായിരുന്നു.
സെക്കൻഡറി സ്കൂളിന്റെ അവസാനത്തിനും 19 വയസ്സിനും ഇടയിലുള്ള യോഗ്യതകളും ഗ്രേഡുകളും അടിസ്ഥാനമാക്കി, വിദ്യാർത്ഥികളുടെ അവസാന ആറുവർഷത്തെ സൗജന്യ സ്കൂൾ ഭക്ഷണ നിലയും ഇപിഐ പരിശോധിച്ചു. 2017 നും 2019 നും ഇടയിലുള്ള പോരായ്മ പരിഹരിക്കുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിലെ ദരിദ്രരെ കൂടുതൽ കഠിനമായി ബാധിച്ച പകർച്ചവ്യാധിയുടെ ആഘാതം മൂലം ഇത് വഷളാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. എന്നാൽ കോളേജ് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 2020-21ൽ 530 മില്യൺ പൗണ്ട് നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അധിക ധനസഹായം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് മൂലമുണ്ടായ പഠനനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി നീക്കിവെച്ച തുക അടിയന്തിരമായി ലഭ്യമാക്കണം. ദരിദ്ര വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സ്കൂളുകൾക്ക് അധിക പണം നൽകുന്ന വിദ്യാർത്ഥി പ്രീമിയം 16 വയസ്സിന് മുകളിലേക്ക് നീട്ടണമെന്ന് അസോസിയേഷൻ ഓഫ് കോളേജുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹ്യൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസ് ലോകത്ത് പടർന്നുപിടിച്ച് ഒരുവർഷം തികഞ്ഞപ്പോൾ തന്നെ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സാധിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. കൊവിഡ് വാക്സിൻ ഒരു ഡോസ് കുത്തിവെയ്പ്പ് ലഭിച്ചതു മൂലം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധകുത്തിവെയ്പ്പുകൾ കാരണം 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഗുരുതര രോഗസാധ്യത 80 ശതമാനമായി കുറഞ്ഞതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ അവലോകനത്തിൽ കണ്ടെത്തി. ഒരു ഡോസ് കൊണ്ടുതന്നെ പ്രതിരോധശേഷി ശരീരത്തിന് ലഭ്യമാകുമെങ്കിലും മികച്ച സംരക്ഷണത്തിന് രണ്ടു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ലോകത്ത് തന്നെ ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം നടത്തിയ രാജ്യമാണ് യുകെ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയും രോഗവ്യാപനതോതും മരണനിരക്കും പിടിച്ചുനിർത്താൻ രാജ്യത്തിനായി. എല്ലാ ദുഷ്പ്രചാരണങ്ങളുടെയും മുനയൊടിച്ചു കൊണ്ട് 20 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഇതുവരെ പ്രതിരോധകുത്തിവെയ്പ്പ് രാജ്യത്തിന് നൽകാനായി. ഇന്നലെ കൊറോണ വൈറസ് ബാധിച്ച് 104 പേരാണ് യുകെയിൽ മരണമടഞ്ഞത്. 5455 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരൻ മൂന്ന് ആഴ്ചയായി ആശുപത്രിയിൽ ആണെന്നത് വിൻസർ കൊട്ടാരത്തെ കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 99 കാരനായ രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റേതോ അവയവത്തെ ബാധിച്ച ഇൻഫെക്ഷൻ ഹൃദയത്തെ കൂടി സാരമായി ബാധിക്കുകയായിരുന്നു എന്നാണ് വിവരം. ആറ് ആഴ്ചയോളം ചികിത്സ വേണ്ടിവന്നേക്കാം.
സെൻട്രൽ ലണ്ടനിലെ പ്രൈവറ്റ് കിംഗ് എഡ്വാർഡ് 7 ഹോസ്പിറ്റലിൽ നിന്ന് രാവിലെ 11 മണിയോടെ സെന്റ് പോൾ കത്തീഡ്രലിന് അടുത്തുള്ള ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ആശുപത്രിയായ സെന്റ് ബാർത്തലോമിവി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കടത്തുമ്പോൾ പ്രഭുവിന്റെ സ്വകാര്യത മാനിച്ച് ഉദ്യോഗസ്ഥർ മുകൾ വശത്തായി കുട നിവർത്തി പിടിച്ചിരുന്നു.
പ്രഭുവിന്റെ കുടുംബവും ഉദ്യോഗസ്ഥ വൃന്ദവും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്ന് രാജകൊട്ടാരത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണ മഹാമാരി തുടങ്ങി 11 മാസത്തിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന പ്രഭു പൊതുവേ ആരോഗ്യവാനാണ്. ഒരു ദിവസത്തിനുള്ളിൽ തിരികെ വീട്ടിൽ എത്താം എന്നായിരുന്നു പ്രതീക്ഷ എങ്കിലും നാല് മുതൽ ആറ് ആഴ്ച വരെ ചികിത്സയ്ക്ക് വേണ്ടി വന്നേക്കാം. “അദ്ദേഹം ഉടൻ സുഖം പ്രാപിക്കും എന്നാണ് പ്രതീക്ഷ” പ്രഭുവിന്റെ ചുമതലയുള്ള ഡോക്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്സിൻ മറ്റു പല രോഗങ്ങൾക്കും ഉപകാരപ്രദമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. കാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രീയയ്ക്ക് ശേഷം ഗുരുതരമായ അണുബാധ നേരിട്ട ജോവാൻ വേക്ക്ഫീൽഡിന് അസ്ട്രസെനെക്കയുടെ വാക്സിൻ ലഭിച്ച ശേഷം തൻെറ വേദനയുടെ കാഠിന്യം കുറഞ്ഞതായി സാക്ഷ്യപ്പെടുത്തി . ഒരു വൈറസിനെ പ്രതിരോധിക്കാൻ രൂപകല്പന ചെയ്ത വാക്സിൻ മറ്റു രോഗാവസ്ഥകൾക്ക് പരിഹാരമാണെന്ന് പറയുന്നത് പരിഹാസ്യമായി തോന്നിയേക്കാം. എന്നാൽ ജോവാൻ വേക്ക്ഫീൽഡിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായി മറ്റു പല രോഗാവസ്ഥകൾക്കും സാരമായ കുറവ് കോവിഡ് വാക്സിൻ എടുത്തതിന് ശേഷം ഉണ്ടായി എന്ന റിപ്പോർട്ടുകൾ പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്.
എന്നാൽ ഇത് കോവിഡ് വാക്സിന്റെ മാത്രം പ്രത്യേകതയല്ല എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. 1970-ൽ റഷ്യൻ ശാസ്ത്രജ്ഞർ പോളിയോയ്ക്കെതിരായ വാക്‌സിൻ നടത്തിയത് ഫ്ലൂ, മറ്റ് അണുബാധ എന്നിവയിൽ നിന്നുള്ള മരണത്തെ 80% വരെ കുറച്ചതായി കണ്ടെത്തിയിരുന്നു. ബി.സി.ജി വാക്സിൻ മുത്രാശയ ക്യാൻസർ ചികിത്സയ്ക്ക് രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ രീതിയിൽ ചികിത്സ സ്വീകരിക്കുന്ന ക്യാൻസർ രോഗികൾക്ക് അൽഷിമേഷ്യസ് വരാനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ ഇസ്രായേലിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു.വാക്സിനേഷന് പൊതുവേ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്.
പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ. കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ പെട്ട് മരിച്ചത്. പ്ലീമൗത്ത് NHS ആശുപത്രിയിലെ മെഡിക്കൽ ഇമേജിങ് ടെക്നോളോജിസ്റ് ആയി ജോലി ചെയ്യുന്ന രാകേഷ് ഗള്‍ഫില്‍ നിന്നും ആണ് യുകെയിൽ എത്തിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു 1:35 ന് ആണ് സംഭവം ഉണ്ടാകുന്നത്. അത്യഹിത വിഭാഗത്തിൽ (999) ലഭിച്ച ഫോണിനെ തുടർന്ന് മറൈൻ യൂണിറ്റ്, സൗത്ത് വെസ്റ്റ് ആബുലൻസ് സർവീസ്, പ്ലീമൗത്ത് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി സംഭവസ്ഥലത്തു എത്തി. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലൈഫ് ബോട്ടുകൾ മിൽബേ മറിന വില്ലേജിൽ നിന്നും പുറപ്പെടുകയും രാകേഷിനെ കണ്ടെത്തുകയും ആയിരുന്നു. എങ്കിലും രാകേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ രാകേഷിനെ കണ്ടെത്താൻ എത്ര സമയം വേണ്ടിവന്നു എന്ന കാര്യം വ്യക്തമല്ല. പ്ലീമൗത്ത് കോസ്റ്റ് ഗാർഡിലെ പന്ത്രണ്ടോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
നാട്ടില്‍ നിന്നും ബ്രിസ്റ്റോളില്‍ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ മലയാളികൾ വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ അടക്കം രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷ്.
ഇന്നലത്തെ നല്ല കാലാവസ്ഥയിൽ പുറത്തിങ്ങിയ രാഗേഷിന് അപകടം സംഭവിച്ചതോടെ കടൽ തീരത്തു പോകുന്നവർക്കായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തീരദേശ സേന ഓർമ്മപ്പെടുത്തുന്നു. തണുപ്പുള്ള വെള്ളത്തിലെ നീന്തൽ ത്രില്ലിംഗ് ആണെങ്കിലും അപകടമുക്തമല്ല എന്ന് അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ എപ്പോഴും കൂട്ടുകാർ അടുത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. കടലിലെ തണുത്ത വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് വേണ്ട ഉപദേശം സ്വീകരിക്കേണ്ട ആവശ്യകതയും അവർ സൂചിപ്പിക്കുന്നു. ഇതിനെല്ലാം ഉള്ള സംവിധാനങ്ങൾ യുകെയിൽ ഉണ്ട് നാം അറിയുകയും കൂട്ടുകാർക്കായി പങ്കുവെക്കുകയും ചെയ്യുക. ഒരുപാടു മലയാളികൾ ഇപ്പോൾ യുകെയിൽ എത്തുന്നതുകൊണ്ട് എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കുക.
അകാലത്തിൽ രാകേഷിനുണ്ടായ മരണത്തിൽ ദുഃഖാർത്ഥരായ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച ബ്രസീലിയൻ കൊറോണ വൈറസിന്റെ ആറ് കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും കണ്ടെത്തി. ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി ആബർഡീനിലേക്ക് യാത്ര ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഒരു വീട്ടിൽ നിന്നാണ് ഇംഗ്ലണ്ടിലെ രണ്ട് കേസുകൾ കണ്ടെത്തിയതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ രോഗം പിടിപെട്ട ആറാമത്തെ വ്യക്തിയെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് എവിടെയും ആയിരിക്കാമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ സമ്മതിച്ചു. വടക്കൻ ബ്രസീലിലെ ആമസോണസിലെ മനാസിൽ നിന്നുള്ള വകഭേദം യുകെയിലും പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കെന്റിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഉയർന്ന രോഗവ്യാപന സാധ്യതയുള്ള വൈറസിന് സമാനമായ സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനാണ് P.1 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിനുമുള്ളത്.
വൈറസ് കൂടുതൽ അപകടകരമാണെന്ന് തോന്നുന്നില്ലെങ്കിലും, വേഗത്തിൽ പടരാനും കൂടുതൽ കേസുകൾ ഉണ്ടാക്കാനുമുള്ള സാധ്യത ഉയർന്ന മരണനിരക്കിന് കാരണമാകും. രോഗം ബാധിച്ച വ്യക്തി ആരാണെന്നോ എവിടെയാണ് പരിശോധന നടത്തിയതെന്നോ തങ്ങൾക്ക് അറിയില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി സമ്മതിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയത്. ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സീനുകൾക്ക് സാധിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഫെബ്രുവരി 10 ന് ബ്രസീലിൽ നിന്ന് മടങ്ങി ലണ്ടനിലെത്തിയ ഒരു വ്യക്തിയിൽ നിന്നാണ് ഗ്ലൗസെസ്റ്റർഷയർ ക്ലസ്റ്റർ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 12 അല്ലെങ്കിൽ 13 തീയതികളിൽ പരിശോധന നടത്തിയവരോ ഫലം ലഭിക്കാത്തവരോ അപൂർണ്ണമായ ടെസ്റ്റ് രജിസ്ട്രേഷൻ കാർഡുള്ളവരോ ഉടനടി മുന്നോട്ട് വരാൻ ആവശ്യപ്പെട്ട് ആരോഗ്യ ഉദ്യോഗസ്ഥർ ഒരു അപ്പീൽ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പു കൊണ്ടുതന്നെ കൊറോണ വൈറസിൽ നിന്ന് 90 ശതമാനം സംരക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ലഭിച്ച ആൾക്കാരെയും ഇതുവരെ വാക്‌സിൻ ലഭിക്കാത്ത സമാനമായ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത് . ഇതോടൊപ്പം തന്നെ വൈറസ് ബാധിക്കുന്നത് തടയുന്നതിൽ ഫൈസർ വാക്സിനേക്കാൾ ഫലപ്രദമാണ് ഓക്സ്ഫോർഡ് വാക്സിൻ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 20 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകി കഴിഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 20,089,551 പേർക്കാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് ലഭിച്ചവരുടെ എണ്ണം 796,132 ആണ് . ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കോട്ടിഷ് ലേബർ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് അനസ് സർവർ ചുമതലയേറ്റു. ആദ്യമായാണ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 57.6 ശതമാനം വോട്ടാണ് അനസിനു ലഭിച്ചത്. എതിരാളിയായിരുന്ന മോണിക്ക ലെന്നോനു 42.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. ജനുവരിയിൽ റിച്ചാർഡ് ലിയോനർഡ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്കു പാർട്ടിയെ ഉയർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുകെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ അനസിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയും അദ്ദേഹം അറിയിച്ചു. തുല്യതയുള്ള യജ്ഞത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാൾ നേതാവായിരിക്കുന്നത് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫസ്റ്റ് മിനിസ്റ്റർ നിക്കൊള സ്റ്റാർജിയോണും ആശംസകൾ അറിയിച്ചു. സ്കോട്ടിഷ് ലേബർ പാർട്ടിയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം ആണെന്ന് ഷാഡോ ഫോറിൻ സെക്രട്ടറി ലിസ നാണ്ടി അറിയിച്ചു.