ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചപ്പോൾ ഇന്ത്യയിലെ സമ്പന്നരിൽ പലരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരംഭിച്ചു. തങ്ങളുടെ നിക്ഷേപങ്ങൾക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ പൗരത്വമോ താമസിക്കാനുള്ള അവകാശമോ വാഗ്ദാനം ചെയ്യുന്ന വിസ പ്രോഗ്രാമുകളിലൂടെ വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. ഇന്ത്യൻ കോർപ്പറേറ്റ് വ്യവസായികൾക്കിടയിൽ പതിവായ ഒന്നാണ് നികുതി ഭീകരത (ടാക്സ് ടെറർ). ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫെ കോഫി ഡേയുടെ സ്ഥാപകനും ഉടമയുമായ വി.ജി. സിദ്ധാർത്ഥ 2019 ൽ മരിക്കുന്നതിനു മുമ്പ് ആദായനികുതി വകുപ്പിന്റെ മുൻ ഡയറക്ടർ ജനറൽ തന്നെ ഉപദ്രവിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ആദായനികുതി വകുപ്പിന്റെ നികുതി തിരയലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൂന്നിരട്ടിയിലധികമാണ്.
2014 മുതൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യംവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ആഗോള വെൽത്ത് മൈഗ്രേഷൻ അവലോകന റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം കോടീശ്വരന്മാരാണ് 2020 ൽ മാത്രം രാജ്യം വിട്ടുപോയത്. ഹെൻലി & പാർട്‌ണേഴ്‌സ് (എച്ച് ആൻഡ് പി) പട്ടികയിലാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് ഹെന്‍ലി & പാര്‍ട്ണേഴ്സ് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ മധ്യത്തിൽ ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ചിരുന്നു. ജീവിതവും സ്വത്തുക്കളും ആഗോളവത്കരിക്കാൻ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരെ സ്വാധീനിച്ച പ്രധാന ഘടകമാണ് കോവിഡ് 19. കാരണം ഇത് അവരെ കൂടുതൽ സമഗ്രമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി ഹെൻലി ആന്റ് പാർട്‌ണേഴ്‌സിലെ ഗ്രൂപ്പ് ഹെഡ് ഡൊമിനിക് വോളക് വെളിപ്പെടുത്തുകയുണ്ടായി.
‘ഗോൾഡൻ വിസ’ പ്രോഗ്രാം നടത്തുന്ന പോർച്ചുഗൽ പോലുള്ള രാജ്യങ്ങളും മാൾട്ട, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങളാണെന്ന് എച്ച് ആൻഡ് പി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആളുകൾ സ്വന്തം രാജ്യത്ത് നിന്ന് പണം മുഴുവൻ എടുത്ത് ബിസിനസ്സ് ബന്ധം വിച്ഛേദിക്കുന്നതിനുപകരം മറ്റൊരു രാജ്യത്ത് പണം നിക്ഷേപിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് ഉചിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ പലപ്പോഴും ആദ്യം പുറത്തുപോകുന്നവരായതിനാൽ ഇത് വരാനിരിക്കുന്ന മോശം കാര്യങ്ങളുടെ അടയാളമായി കാണാമെന്നു ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള വെൽത്ത് ഇന്റലിജൻസ് ഗ്രൂപ്പായ ന്യൂ വേൾഡ് വെൽത്ത് റിസർച്ച് ഹെഡ് ആൻഡ്രൂ അമോയിൽസ് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രത്തോട് പറഞ്ഞു.
സജിന.ജെ
വിരൽത്തുമ്പിലേക്ക് ലോകം ചെറുതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി മലയാളികളുടെ ജീവിതത്തിൽ ഒരുപാട് സാധ്യതൾക്കൊപ്പം തന്നെ വളരെയധികം അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. കേരളം ഇന്ന് സ്റ്റാർട്ടപ്പുകളുടെ പറുദീസയാണ്. ഏറ്റവും എടുത്തുപറയാവുന്ന ഒരു സ്റ്റാർട്ടപ്പ് ആണ് ഓൺലൈൻ ഫുഡ് ഡെലിവറി. കേരളീയർ ഭക്ഷണ പ്രിയരാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ രുചിയെ നമ്മുടെ മാറിവരുന്ന ആധുനിക സംസ്കാരം പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സ്റ്റാർട്ടപ്പുകൾ വളരെയധികം സ്വാധീനിക്കുന്നു. നഗരവൽക്കരണം, സ്മാർട്ട് ഫോണുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്, നൂതനമായ സാങ്കേതിക വിദ്യകൾ, മാറി വരുന്നതും, തിരക്കേറിയതുമായ ജീവിതശൈലി, സ്ത്രീ -ശാക്തീകരണം, ഉയർന്ന് വരുന്ന ജീവിത നിലവാരം, തുടങ്ങിയവ മലയാളി ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ഉപയോഗം വർധിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ സ്ത്രീകൾക്കിടയിൽ അടുക്കള പണിയിലെ സമയം ലാഭിക്കാനും, വളരെ കുറഞ്ഞ സമയത്തിൽ വീടുവാതിക്കലിൽ പാചകം ചെയ്ത ഭക്ഷണം എത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ കഴിഞ്ഞു. ഇതുതന്നെയാണ് ഇത്തരം സ്റ്റാർട്ടപ്പ് മിഷനുകളെ കേരളത്തിൽ ജനപ്രിയമാക്കുന്നത്. വളർന്നുവരുന്ന ഒരു കച്ചവടമേഖല ആയതിനാൽ തന്നെ ഓൺലൈൻ ഫുഡ് ബിസിനസ് നമുക്കുമുന്നിൽ തുറന്നു വെയ്ക്കുന്നത് ഒരുപാട് പേർക്കുള്ള വരുമാനമാർഗവും, വളർന്നു വരുന്ന തലമുറകൾക്കുള്ള ജോലിസാധ്യതകളും പ്രത്യാശകളുമാണ്.
ലോകസാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കിയ കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ മറ്റെല്ലാ ബിസിനസ് രംഗത്തെയും പോലെത്തന്നെ ഹോട്ടലുകളെയും മറ്റുചെറുകിട സംരംഭങ്ങളുടെയും മേൽകനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. എന്നിരുന്നാൽ കൂടി കോവിഡിനെ ചെറുത്തുനിൽക്കാൻ വേണ്ടി ഗവണ്മെന്റ് സാമൂഹിക അകലം ഒരു പുതിയ മാർഗനിർദ്ദേശമായി മുന്നോട്ടു വന്നപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി നമുക്കുമുന്നിൽ അനവധി സാധ്യതകളാണ് തുറന്നുനൽകിയത്. നിഛലമായ ഹോട്ടൽ, തട്ടുകട തുടങ്ങിയവ ഭക്ഷണശാലകളിൽ നിന്ന് ഒരു പുത്തനുണർവ് മലയാളി ജനതയ്ക്ക് നൽകാൻ കഴിഞ്ഞു. ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്നതുപോലെ തന്നെ സാമൂഹ്യ അകലം പാലിക്കുവാനും, കോവിഡ് മാനദണ്ഡങ്ങളോടുകൂടി പ്രവർത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവെറിക്ക് കഴിഞ്ഞു. അതുപോലെ തന്നെ കോവിഡ് സമയത്ത് ജോലി നഷ്ടപെട്ട ഒരുപാട് പേർക്ക് ഒരു വരുമാനമാർഗവും, വിപണരംഗത്തു പുത്തൻ സാധ്യതകളുമാണ് ഓൺലൈൻ ഫുഡ് ഡെലിവറി ഒരുക്കിയത്. കോവിഡും, ലോക്‌ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരെയാണ്. ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ചത് ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ ഉപഭോഗത്തെ പ്രതിക്കൂലമായി ബാധിച്ചു.
മഹാമാരിയുടെ കാലത്ത് ക്വാററ്റീനിൽ കഴഞ്ഞവർക്ക് യാതൊരു ഭയവും കൂടാതെ വീടുവാതിക്കലിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിൽ ഓൺലൈൻ ഭക്ഷണ വിപണി വിജയിച്ചു. വരും നാളുകളിൽ ഓൺലൈൻ ഭക്ഷണ വിപണി മലയാള മണ്ണിൽ ശക്തിയോടെ വേരോടും എന്നതിൽ സംശയമില്ല.
ലോക്ഡൗണും, കോവിഡ് മഹാമാരിയും ഏതാണ്ട് കുറെയധികം മാറ്റങ്ങളും ശീലങ്ങളും മലയാളികൾക്കിടയിൽ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം ഫാസ്റ്റ്ഫുഡിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന പലരും ഇന്ന് കൂടുതൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മാറുന്നതിനു കാരണമായി തീർന്നു. ലോക്ഡൗൺ പല വീടുകളിലും അടുക്കളകൾ തുറന്നു പ്രവർത്തിക്കാനും ആരോഗ്യപരമായ ഭക്ഷണശീലങ്ങളും, രുചികളും ആളുകളിൽ എത്തിക്കാൻ വഴിയൊരുക്കി. എന്നിരുന്നാലും ഓൺലൈൻ ഫുഡ് ഡെലിവറി എന്ന പുതിയ സ്റ്റാർട്ടപ്പ് മലയാളികളുടെ മനസ്സിൽ സജീവമായിരിക്കുന്നു.
സജിന.ജെ
എം.ഫിൽ സ്കോളർ, ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് യൂണിവേഴ്സിറ്റി ഓഫ് കേരള
രാജു കാഞ്ഞിരങ്ങാട്
പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!
അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു
വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു
ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, –
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും
മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു
കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
മെട്രിസ് ഫിലിപ്പ്
മേടപ്പൊന്നണിയും, കൊന്ന പൂക്കളുമായി വിഷുക്കാലം എത്തിയിരിക്കുന്നു. എല്ലാ വായനക്കാർക്കും വിഷു ആശംസകൾ. മേടമാസത്തിലെ നനുത്ത പുലർകാലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ കൊന്നപ്പൂക്കളും, ഫലങ്ങളും ഒരുക്കി കണികാണുവാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് ഓണം പോലെ തന്നെ ആണ് വിഷുവും. വിഷുക്കാലം ഉത്സവങ്ങളുടെയും വിളവെടുപ്പിന്റെയും കൂടി ഉള്ള ഒരു ആഘോഷമാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ, വെള്ളരിയും, പയറും, പാവലും, പടവലവും, എല്ലാം വിഷു ഒരുക്കത്തിനായി വിളഞ്ഞു നിൽക്കുന്ന നയന മനോഹര കാഴ്‌ചകൾ മലയാളക്കരയിൽ കാണുവാൻ സാധിക്കും. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, നന്മയുടെ, ഒരു ഒത്തു ചേരലായി ഈ വിഷുക്കാലം മാറണം. പുലർകാലത്ത് കാണുന്ന ആദ്യകാഴ്ച്ചയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഭഗവാന്റെ അനുഗ്രഹം നേടിയാൽ ഈ വർഷം അനുഗ്രഹപ്രദമാകും.
ഇന്ന് നമ്മുടെ എല്ലാം ആഘോഷങ്ങൾ വളരെ വലുതായി മാറിയിരിക്കുന്നു. നാട്ടിലും മറുനാട്ടിലും ഉള്ള ഓരോ കാഴ്ച്ചകളും അപ്പപ്പോൾ സോഷ്യൽമീഡിയ വഴി പങ്കു വെക്കപ്പെടുന്നത് കൊണ്ട് നാടും മറുനാടും വളരെ അടുത്താണെന്ന് തോന്നിപോകും. അത്രമാത്രം സോഷ്യൽമീഡിയ വളർന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യർ മതങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടെല്ലാം എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. പെട്ടന്ന് ഓരോ വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികൾ. അതിന്റെ ഒരു ഉദാഹരണം ആണ് കഴിഞ്ഞ ദിവസം വയറലായ കോളേജ്സ്റുഡന്റ്സിൻെറ ഡാൻസ്. അതിൽ വരെ മതങ്ങളെ, വിഷയമാക്കുന്ന, മത ഭ്രാന്തൻമാരെ ആട്ടിയകറ്റണം. കോവിഡ് എന്ന മഹാമാരിയിൽ, തളരാതെ, മുന്നോട്ട് പോകാം.
2021 വിഷുക്കാലം കൂടുതൽ അർത്ഥപൂർണ്ണമാക്കി ജീവിതം മനോഹരമാക്കാം. ഓരോ വ്യക്തിയ്ക്കും ഒരു ജീവിതം മാത്രമേ ഉള്ളു. പകയും സ്നേഹമില്ലായ്‌മയും ദൂരെക്കളയാം. ജീവിതം പങ്കുവെക്കലിന്റെയും പരസ്നേഹത്തിന്റെയും കൂടിചേരൽ ആക്കാം. കണി ഒരുക്കി, വിഷു കൈ നീട്ടം വാങ്ങി, സദ്യ ഉണ്ട്, വിഷു പടക്കം പൊട്ടിച്ച് ഈ വിഷുക്കാലം ആഘോഷിക്കാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ തകർത്ത് നല്ല മനുഷ്യരായി മാറാം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ വാക്സിൻ വിതരണത്തിന് നിർണായകമായ പുതിയ ഘട്ടം ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാനുള്ള ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ വെബ്സൈറ്റ് വഴിയാണ് പ്രതിരോധ കുത്തിവെയ്പ്പിനായി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എല്ലാ മുതിർന്നവർക്കും ജൂലൈ ആദ്യവാരത്തോടെ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 15നകം 9 പ്രയോരിറ്റി ഗ്രൂപ്പിൽപ്പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പൂർത്തിയാകും.
യുകെയിലെ വാക്‌സിനേഷൻ രണ്ടാം ഘട്ടത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നതിൻെറ ഭാഗമായാണ് 45 മുതൽ 49 വയസ്സുവരെയുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നത്. ഈ പ്രായപരിധിയിൽ 3.7 ദശലക്ഷം ആളുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 32 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ രാജ്യത്തിനായി. ചില കമ്പനികളുടെ വാക്സിന് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തെ നേരിടാൻ മിക്സഡ് വാക്‌സിൻ കോമ്പിനേഷൻ ഉൾപ്പെടുന്ന പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ജോയിൻറ് കമ്മിറ്റി ഓഫ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ അംഗം പ്രൊഫസർ ജെറമി ബ്രൗൺ പറഞ്ഞു. ഇന്നലെ രാജ്യത്ത് പുതിയതായി 3568 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പേർ കോവിഡ് -19 മൂലം മരണമടയുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.
കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.
കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.
പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വെള്ളിയാഴ്ച അന്തരിച്ച ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങുകൾ 17ന് വിൻസർ കാസിൽ ഗ്രൗണ്ടിലുള്ള സെൻറ് ജോർജ് ചാപ്പലിൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം. ഈ ദിവസങ്ങളിൽ പുതിയ നിയമങ്ങളൊന്നും പാസാക്കാൻ പാർലമെന്റിനെ അനുവദിക്കില്ല. പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഒപ്പം ടിവി അവതാരകർ കറുപ്പ് ധരിക്കും. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃഖാചരണം. രാജകീയ വസതികൾ, സർക്കാർ കെട്ടിടങ്ങൾ, സായുധ സേന സ്ഥാപനങ്ങൾ, വിദേശത്തുള്ള യുകെ പോസ്റ്റുകൾ എന്നിവയിൽ യൂണിയൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. പൊതു സേവനങ്ങളും സർക്കാരിന്റെ കോവിഡ് -19 നുമായി ബന്ധപ്പെട്ട ഏത് സേവനങ്ങളും സാധാരണപോലെ തുടരും. ആവശ്യാനുസരണം ആളുകൾക്ക് വിവരങ്ങളും സേവനങ്ങളും ഓൺലൈനിൽ ആക്സസ് ചെയ്യാൻ കഴിയും.
മൂന്നാം ദേശീയ ലോക്ക്ഡൗണിൽ മാസങ്ങളോളം അടച്ചതിനുശേഷം ഇംഗ്ലണ്ടിലെ ആവശ്യേതര കടകളും പബ്ബുകളും പോലുള്ള നിരവധി ബിസിനസുകൾ വീണ്ടും തുറന്നു. അതുകൊണ്ട് തന്നെ ഇവ വീണ്ടും അടച്ചിടാൻ സാധ്യതയില്ല. ശനിയാഴ്ച ഫിലിപ്പിന്റെ സംസ്കാര ചടങ്ങുകൾക്കായി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒരു മിനിറ്റ് നിശബ്ദത പാലിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ ബിസിനസുകൾ ഒരുങ്ങണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. അതേസമയം ഈ വാരാന്ത്യത്തിൽ ആസൂത്രണം ചെയ്തതുപോലെ എല്ലാ ഫുട്ബോൾ മത്സരങ്ങളും മുന്നോട്ട് പോകുമെന്ന് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. എന്നാൽ കളിക്കാർ കറുത്ത കൈപ്പട്ട ധരിക്കുമെന്നും മത്സരങ്ങൾ കളിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് നിശബ്ദത പാലിക്കുമെന്നും അറിയിച്ചു.
ഫിലിപ്പിന്റെ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃഖാചരണത്തിൽ പ്രവേശിച്ചു. കോവിഡ് കാലത്ത് ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനുമുന്നിൽ പൂക്കൾ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
മോറിസൺ കാർ പാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 21 കാരിയായ യുവതിയും 36 കാരനായ പുരുഷനുമാണ് അറസ്റ്റിലായത്. ശിശുവിൻെറ അമ്മയെ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെസ്റ്റ് മിഡ് ലാന്റ് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് വോൾവർഹാംപ്ടണിലുള്ള ബിൽസ്റ്റണിലെ മോറിസൺസിലെ കാർപാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. പൂർണ്ണവളർച്ചയെത്താത്ത കുട്ടിയുടെ മരണകാരണം അറിയുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിൻെറ രോഗവ്യാപനം തടയാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനൊരുങ്ങി ബ്രിട്ടീഷ് ഗവൺമെൻറ്. ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ രോഗവ്യാപനതോത് ഉയരുമെന്ന ആശങ്ക രാജ്യമൊട്ടാകെ ഉയർന്നിട്ടുണ്ട്. എല്ലാ വീടുകളിലേയ്ക്കും സൗജന്യമായി ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനുള്ള ബൃഹത് പദ്ധതി സർക്കാർ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനത്തെ പിടിച്ച് നിർത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 ബാധിച്ച മൂന്നുപേരിൽ ഒരാൾക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രോഗബാധിതനെ തിരിച്ചറിയാൻ ഈ നടപടി വളരെ നിർണ്ണായകമാകും.
നിലവിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഇല്ലാത്തവരോ 18 വയസ്സോ അതിൽകൂടുതലോ പ്രായമായിട്ടുള്ളവരോടാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ജോലിയോ പഠനമോ നടക്കുന്ന സ്ഥലത്ത് നിന്ന് കോവിഡ്-19 പരിശോധനകൾ ഒന്നുംതന്നെ കിട്ടാത്ത സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്താനാണ് നിർദേശം കൊടുത്തിരിക്കുന്നത്. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾക്ക് പകരം അവർ തീർച്ചയായും പിസിആർ ടെസ്റ്റ് നടത്തുകയും സ്വയം ഒറ്റപ്പെടലിന് വിധേയമാകുകയും ചെയ്യണം.
ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.
ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.