Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മേഫെയർ ഹൗസ് വാടകയ്‌ക്കെടുക്കാൻ 3.1 മില്യൺ മുൻകൂറായി നൽകി ചൈനീസ് സ്വദേശി. എക്കാലത്തെയും വലിയ തുക നൽകിയാണ് 24കാരിയായ ചൈനീസ് സ്വദേശി ലണ്ടൻ മേഫെയറിലെ അഞ്ച് ബെഡ്‌റൂം ടൗൺഹൗസ് വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 13000 പൗണ്ട് നൽകേണ്ടിവരും. ഒരു കോടീശ്വരന്റെ മകളാണെന്ന് പറയപ്പെടുന്ന വിദ്യാർത്ഥിനി ഹൈഡ് പാർക്കിനോട് ചേർന്നുള്ളതും 30 മില്യൺ ഡോളർ വിലമതിക്കുന്നതുമായ കുൽറോസ് ഹൗസിൽ വാടകയ്ക്ക് താമസിക്കാൻ 3.1 മില്യൺ പൗണ്ട് മുൻകൂറായി നൽകിയിട്ടുണ്ട്. അവൾ പ്രതിവർഷം 1.55 മില്യൺ പൗണ്ട് വാടകയായി നൽകുമെന്നാണ് ഇതിനർത്ഥം. ലണ്ടനിലെ എക്കാലത്തെയും വലിയ വാടകയാണിത്.

കാമുകനും ജോലിക്കാർക്കും വ്യക്തിഗത സുരക്ഷാ സംഘത്തോടുമൊപ്പമാണ് കഴിയുന്നത്. 8,051 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉറ്റ ചങ്ങാതിയാണെന്ന് പറയപ്പെടുന്ന കാം ബാബെയുടെ ഉടമസ്ഥതയിലുള്ളതാണ്. മെയ്‌ഫെയർ പാഡിൽ അഞ്ച് ആഡംബര ബെഡ്‌റൂമുകൾ, സിനിമ തിയേറ്റർ, ക്ലബ് റൂം, സ്വിമ്മിംഗ് പൂൾ, സ്പാ കോംപ്ലക്‌സ്, റിയർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. കോവിഡ് -19 കാരണം ഒരു ഫ്ലാറ്റിന് മുകളിൽ ഒരു വീട് വാടകയ്ക്കെടുക്കുന്നതാണ് തന്റെ മുൻഗണനയെന്ന് അവകാശി പറഞ്ഞു. പ്രോപ്പർട്ടിയുടെ വാട്ട്‌സ്ആപ്പ് വീഡിയോ ഏജന്റ് അയച്ചതിന് ശേഷമാണ് അവൾ കുൽറോസ് ഹൗസ് തിരഞ്ഞെടുത്തത്.

മേഫെയറിൽ ഒരു പുതിയ വീട് വാടകയ്‌ക്കെടുക്കുന്നതിന് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ് 3.1 മില്യൺ പൗണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലുകൾ, വിഐപി വേദികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ‘ബെസ്റ്റ് ഓഫ് ബ്രിട്ടീഷ്’ ക്ലാസിക് ഡിസൈനിലാണ് കെ 10 ഗ്രൂപ്പ് കുൽറോസ് ഹൗസിന്റെ ഇന്റീരിയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ബ്രിട്ടന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനായി ചാൻസലർ റിഷി സുനക്കിന്റെ ബഡ്ജറ്റ് അടുത്താഴ്ച ഉണ്ടാകും. ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാർച്ച് 3 നാണ് അദ്ദേഹം ബഡ് ജറ്റ് അവതരിപ്പിക്കുക. ഇന്ധന ടാക്സുകളും വർധിപ്പിക്കാനുള്ള നീക്കം നിലവിലുണ്ട്. ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് ഇൻഡസ്ട്രികൾ എന്നിവയ്ക്കും വാറ്റ് ടാക്സ് വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങൾ ബഡ് ജറ്റിൽ ഉള്ളതായി റിഷി സുനക് സൂചിപ്പിച്ചു.

സാമ്പത്തികരംഗത്തെ ഊർജിതപ്പെടുത്താനുള്ള നീക്കങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതോടൊപ്പംതന്നെ ഹൗസിംഗ് മാർക്കറ്റിനോട് ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി സിസ്റ്റത്തിനും മാറ്റം വരുത്താനുള്ള സാധ്യതകളേറെയാണ്. ബ്രിട്ടൻ ടൂർ കടബാധ്യത സർവകാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്. ഇതാണ് വളരെ പെട്ടെന്ന് ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങാൻ കാരണമായിരിക്കുന്നത്.

കൊറോണ ബാധയുടെ നിയന്ത്രണങ്ങൾ നീക്കുവാനായി കൺസർവേറ്റിവ് എംപിമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും മറ്റും രാജ്യത്തെ ബാധിക്കാനുള്ള സാധ്യതകൾ വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് റിഷി സുനക്കിന്റെ ബഡ് ജറ്റ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒറ്റ ഡോസ് മാത്രം നൽകേണ്ട ജോൺസൺ ആൻഡ് ജോൺസൺ പ്രതിരോധ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് റെഗുലേറ്ററി അതോറിറ്റി നടത്തിയ അവലോകനത്തിൽ കണ്ടെത്തി. നിലവിലുള്ള വാക്സിനുകൾ നിശ്ചിത ഇടവേളകളിൽ രണ്ട് ഡോസ് ആണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണ വാക്സിൻ കൂടുതൽ വേഗത്തിലും ഫലപ്രദവുമായി പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും നടപ്പിലാക്കാൻ ഉപകരിക്കും എന്ന് കരുതപ്പെടുന്നു.

യുഎസിൽ അംഗീകാരം ലഭിച്ച മൂന്നാമത്തെ കോവിഡ് വാക്സിനാണ് ജോൺസൻ ആൻഡ് ജോൺസന്റേത്. ഫൈസർ, മൊഡോണ വാക്‌സിനുകൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ചെലവ് കുറവ്, ഫ്രീസറിനു പകരം റെഫ്രിജറേറ്ററിൽ സൂക്ഷിക്കാം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജോൺസൺ ആൻഡ് ജോൺസൻെറ വാക്സിൻ മറ്റു വാക്സിനുകളെക്കാൾ മേൽക്കൈ നേടുമെന്നാണ് കരുതപ്പെടുന്നത്. സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണാ വാക്സിൻ 30 ദശലക്ഷം ഡോസുകളാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോസ് ഏഞ്ചൽസ് : അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. സൗത്ത് കാലിഫോർണിയയിലെ ലൊസാഞ്ചൽസിൽവച്ചാണ് അപകടം ഉണ്ടായത്. വുഡ്‌സിന്റെ വലത് കാലിന് ഗുരുതരമായി പരുക്കേറ്റതിനാൽ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വലുതുകാലിൽ നിരവധി ഒടിവുകൾ ഉണ്ടായിട്ടുണ്ട്. 45കാരനായ വുഡ്സ് സഞ്ചരിച്ചിരുന്ന കാർ റോഡിൽനിന്ന് തെന്നിമാറി താഴേക്ക് മറിയുകയായിരുന്നു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടമുണ്ടായത്.

വുഡ്‌സ് കാറില്‍ നിന്നും ജീവനോടെ പുറത്തുവന്നത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ കാർലോസ് ഗോൺസാലസ് പറഞ്ഞു. അപകട സമയത്ത് വുഡ്സ് മാത്രമാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ കിടപ്പും അപകടാവസ്ഥയും വിശകലനം ചെയ്ത പോലീസ് അപകടകാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്ന വുഡ്‌സ് താൻ ആരാണെന്ന് പോലീസിനെ അറിയിക്കുകയുണ്ടായി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. 2009 ലും അപകടത്തിൽ ടൈഗർ വുഡ്സിന് പരിക്കേറ്റിരുന്നു. 5 മേജര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ 15 പ്രധാന ഗോള്‍ഫ് കിരീടം നേടിയ വുഡ്‌സ് കായിക രംഗത്തെ ഏറ്റവും സമ്പന്ന വ്യകതികളിൽ ഒരാൾ കൂടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അസ്ഡാ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ഈ സന്തോഷവാർത്ത അസ്ഡ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും നേടുകയുണ്ടായി. “ഡെലിത്ത് ജോൺസ്, ഡീൻ സ്റ്റാവ്മാൻ എന്നിവരുടെ കുഞ്ഞ് ഹാരി ഞങ്ങളുടെ വെൽഹേലി സ്റ്റോറിന്റെ കാർ പാർക്കിൽ പിറന്നുവീണു.” അസ്ഡ ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർ മാർക്കറ്റ് പിന്നീട് കാർ പാർക്കിൽ കുഞ്ഞിനെ പ്രസവിച്ചതെങ്ങനെയെന്ന് വിശദീകരിച്ചു. കടയിൽ ജോലി ചെയ്യുന്ന 26കാരനായ ഡീൻ തന്റെ ഷിഫ്റ്റ്‌ പൂർത്തിയാക്കുകയായിരുന്നു. ഹോം കെയറായ തന്റെ ഭാര്യ ഡെലിത്ത് ഗർഭിണിയാണെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. അവളുടെ വേദന ആരംഭിച്ചപ്പോൾ ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് അവർ കരുതി. അമ്മ ആൻഡ്രിയയും സഹോദരി കേറ്റും അസ്ഡ വെൽഹേലിയിൽ ജോലി ചെയ്യുന്നുന്നവരാണ്. ആംബുലൻസ് എത്തിയ ശേഷമാണ് അവൾക്ക് പ്രസവവേദന ആരംഭിച്ചെന്ന് അവർ അറിയുന്നത്. 30 മൈൽ അകലെയുള്ള ബാംഗൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്റ്റോറിന്റെ കാർ പാർക്കിൽ വച്ചു തന്നെ അവൾ കുഞ്ഞിന് ജന്മം നൽകി.

“എനിക്ക് മുമ്പ് ഇതുപോലൊരു വേദന ഉണ്ടായിരുന്നു, അതിനാൽ ഇത് സമാനമായ ഒന്നാണെന്ന് കരുതി. എന്റെ മമ്മിയേയും സഹോദരിയേയും ഫോണിൽ വിളിച്ചപ്പോൾ അവർ സഹായത്തിനെത്തി.” ഡെലിത്ത് പറഞ്ഞു. സ്റ്റോറിന്റെ കസ്റ്റമർ സർവീസ് ഡെസ്‌കിൽ ജോലി ചെയ്യുന്ന കേറ്റ് പറഞ്ഞു: “അവൾക്ക് വേദന തോന്നി തുടങ്ങിയപ്പോൾ ഞങ്ങൾ സഹായത്തിനായി ഓടിയെത്തി. ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് ഞങ്ങൾ കരുതി. ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു; ‘എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന് ഞാൻ കരുതുന്നു.’ ഞങ്ങൾ ചിരിച്ചു. എന്നാൽ അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ ഞെട്ടിപ്പോയി! അവൾ ഗർഭിണിയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ ചലനം അവൾക്ക് അനുഭവപ്പെട്ടില്ല. ”

ഡെലിത്തിനേയും ഹാരിയേയും പരിശോധനയ്ക്കായി ബാംഗൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തി. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ഡെലിത്തിന്റെയും ഡീനിന്റെയും വിവാഹം കഴിഞ്ഞത്. ഹാരിയുടെ അപ്രതീക്ഷിത ജനനത്തിന്റെ ഞെട്ടലിലാണെങ്കിലും അതീവ സന്തോഷത്തിലാണ് ആ കുടുംബം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ അവധിക്കാലം ആഘോഷിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ ഹോളിഡേ ഫേം ആയ ടുയി തങ്ങളുടെ വിദേശ ട്രിപ്പുകളുടെ ബുക്കിംഗ് എണ്ണത്തിൽ 500 ശതമാനത്തിലേറെ കുതിച്ചുചാട്ടം ഉണ്ടായി എന്ന് അവകാശപ്പെടുന്നു. സമാനമായ രീതിയിൽ മറ്റൊരു കമ്പനിയും 10,000 ബുക്കിംഗുകൾ ഒറ്റദിവസം ലഭിച്ചതായി അവകാശപ്പെടുന്നു. ജൂലൈ മുതൽ ഗ്രീസ്, സ്പെയിൻ, തുർക്കി പോലെയുള്ള രാജ്യങ്ങളിലേയ്ക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായി ടുയി അറിയിച്ചു.

ചുരുക്കിപ്പറഞ്ഞാൽ ഓരോ 11 സെക്കൻഡിലും ഓരോ പുതിയ ബുക്കിംഗുകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിനുള്ളിലെ ടൂറിസത്തിനും വലിയ തോതിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയാൽ ഉടൻതന്നെ യോർക്ക് ഷെയറിലേയ്ക്ക് കുടുംബവുമൊത്ത് യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നാറ്റ് സോമേഴ്സ് എന്ന വനിത മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗൺ ഉയർത്തിയാൽ സന്ദർശിക്കേണ്ട ഒരുപിടി സ്ഥലങ്ങൾ ഞങ്ങൾ ഇപ്പോൾ തന്നെ കണക്കുകൂട്ടി വെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര യാത്ര നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെയ് 17 വരെ ഇപ്പോഴും ഉള്ളതുപോലെ തന്നെ തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. സാമ്പത്തിക മേഖലയിലെ ഇടിവും രോഗ ഭീതിയും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കുമോ എന്നും, മേഖല ഇടിയാൻ കാരണമാകുമോ എന്നും സംശയിച്ചിരുന്നിടത്താണ് ഇത്രയധികം സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
മിക്ക എയർലൈനുകളിലും പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിലുള്ള ബുക്കിംഗ് റേറ്റുകളാണ് ഇതുവരെ ഉള്ളത്. ടൂറിസം മേഖല കനത്ത കുതിച്ചുചാട്ടത്തോടു കൂടി മുന്നോട്ടു വരും എന്നാണ് പ്രതീക്ഷ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ദയനീയാവസ്ഥ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോൾ വിതരണം ചെയ്തിരിക്കുന്ന പല സുരക്ഷാ ഉപകരണങ്ങളും മതിയായ വൈറസ് പരിരക്ഷ നൽകിയിരുന്നില്ല എന്ന വാർത്ത വൻ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവംമൂലം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ അപകടത്തിലാ കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൺസൾട്ടൻ്റ് കമ്മിറ്റി ചെയർമാൻ റോബ് ഹാർവുഡ് പറഞ്ഞു. തൻ്റെ വകുപ്പിൽ നടത്തിയ പല കരാറുകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താതിനോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വൻ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആയിരത്തോളം യൂറോപ്യൻ യൂണിയൻ ധനകാര്യ സ്ഥാപനങ്ങൾ യുകെയിൽ ആദ്യമായി ഓഫീസുകൾ തുറക്കുന്നതായി ഫിനാൻഷ്യൽ കൺസൾട്ടൻസി ബോവിൽ. 1500ഓളം പേയ്‌മെന്റ് സ്ഥാപനങ്ങളും ഇൻഷുറർമാരും ബ്രെക്‌സിറ്റിനുശേഷം യുകെയിൽ പ്രവർത്തനം തുടരാനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ (എഫ്‌ഐഐ) അഭ്യർത്ഥനയിൽ കണ്ടെത്തി. മൂന്നിൽ രണ്ട് പേർക്കും ബ്രിട്ടനിൽ മുൻ‌കാല പ്രവർത്തനങ്ങൾ ഇല്ലായിരുന്നു. ലണ്ടൻ ഒരു പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമായി തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു. “ഈ യൂറോപ്യൻ സ്ഥാപനങ്ങളിൽ പലതും ആദ്യമായി ഓഫീസുകൾ തുറക്കും. യുകെ പ്രൊഫഷണൽ അഡ്വൈസ് സ്ഥാപനങ്ങൾക്ക് ഇത് സന്തോഷവാർത്തയാണ്.” ബോവിലിലെ മാനേജിംഗ് കൺസൾട്ടന്റ് മൈക്ക് ജോൺസൺ പറഞ്ഞു. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള ബിസിനസ് സർവീസ് സെക്ടറിന് ഉത്തേജനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയുടെ സാമ്പത്തിക മേഖലയെ ബ്രെക്സിറ്റ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുമായുള്ള എഫ്‌ഐ‌ഐ അഭ്യർത്ഥനയെക്കുറിച്ച് ബോവിലിന്റെ വിശകലനത്തിൽ 400 ലധികം ഇൻഷുറൻസ് സ്ഥാപനങ്ങളും നൂറിലധികം ബാങ്കുകളും യുകെയിലേക്ക് മാറാനോ അവരുടെ സാന്നിധ്യം വർദ്ധിപ്പിക്കാനോ പദ്ധതിയിടുന്നതായി കണ്ടെത്തി. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് അയർലൻഡ്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ കമ്പനികളിൽ നിന്നാണ്.

230 ഐറിഷ് കമ്പനികളാണ് പട്ടികയിലുള്ളത്. ഫ്രാൻസിൽ നിന്ന് 186 കമ്പനികളും ജർമ്മനിയിൽ നിന്ന് 168 കമ്പനികളുമുണ്ട്. ധനകാര്യ സേവന തുല്യത സംബന്ധിച്ച് യൂറോപ്യൻ യൂണിയനും ഒരുമിച്ചൊരു തീരുമാനത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രധാന മന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. യൂറോപ്പിലുടനീളമുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ലണ്ടനെ ഒരു ആഗോള ധനകാര്യ കേന്ദ്രമായി അംഗീകരിക്കുന്നതായും ഇവിടെ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലണ്ടൻ : ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 21നകം അവസാനിപ്പിക്കാനുള്ള പദ്ധതി പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കർശനമായ നിബന്ധനകൾ പാലിച്ചാൽ നാല് ഘട്ടങ്ങളായി ലോക്ക്ഡൗൺ ലഘൂകരിക്കും. ഏറ്റവും പുതിയ പദ്ധതി പ്രകാരം ഏപ്രിൽ 12 ന് ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ജിമ്മുകൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി എന്നിവ ഇംഗ്ലണ്ടിൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. മെയ് 17 മുതൽ രണ്ട് വീടുകളിലെ ആളുകൾക്ക് വീടിനുള്ളിൽ കൂടിച്ചേരാൻ അനുവാദമുണ്ട്. അതേസമയം ‘റൂൾ ഓഫ് സിക്സ്’ പബ്ബുകൾ പോലുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കും. ഓരോ ഘട്ടങ്ങളിലും നാല് കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമാവും ഇളവുകൾ കൊണ്ടുവരിക. വാക്സിൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക, അതിലൂടെ രോഗവ്യാപനം കുറയ്ക്കുക, ആശുപത്രികൾക്ക് മേൽ സമ്മർദ്ദം കൂടാതിരിക്കുക, ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഉണ്ടാവാതിരിക്കുക എന്നിവ വിശകലനം ചെയ്യും.

മാർച്ച്‌ 8ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മാർച്ച്‌ 8 മുതൽ എല്ലാ സ്കൂളുകളിലും ക്ലാസ്സിന് ശേഷമുള്ള കായിക,വിനോദ പ്രവർത്തനങ്ങളും അനുവദിക്കും. രണ്ട് പേർക്ക് പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. മാർച്ച്‌ 29 മുതൽ ആറു പേർക്കോ രണ്ട് കുടുംബങ്ങൾക്കോ പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. സ്വകാര്യ ഉദ്യാനങ്ങളിലെ ഒത്തുചേരലുകൾ ഇതിൽ ഉൾപ്പെടും. ടെന്നീസ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ പോലുള്ള ഔട്ട്ഡോർ കായിക സൗകര്യങ്ങൾ വീണ്ടും തുറക്കും.

ഏപ്രിൽ 12 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ അനിവാര്യമായ കടകൾ തുറക്കും. ബിയർ ഗാർഡനുകൾ, മൃഗശാലകൾ, തീം പാർക്കുകൾ, ലൈബ്രറികൾ എന്നിവയും തുറന്ന് പ്രവർത്തിക്കും. സ്വിമ്മിംഗ് പൂളുകളും ജിമ്മുകളും തുറക്കുന്നതോടൊപ്പം കാറ്ററിംഗ് ലെറ്റുകൾ, ക്യാമ്പ് സൈറ്റുകൾ എന്നിവയും പ്രവർത്തനം ആരംഭിക്കും. അന്താരാഷ്ട്ര വിനോദ യാത്രാ നിയന്ത്രണങ്ങളുടെ അവലോകനം ഏപ്രിൽ 12 നകം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മൂന്നാം ഘട്ടം മെയ്‌ 17ന് ആരംഭിക്കും. സാഹചര്യം അനുകൂലമെങ്കിൽ റൂൾ ഓഫ് സിക്സ് അവസാനിപ്പിക്കും. രണ്ട് വീടുകൾക്കൊരുമിച്ച് വീടിനുള്ളിൽ ഒത്തുകൂടാൻ സാധിക്കും. സാമൂഹിക അകലം നിലനിൽക്കുമെങ്കിലും സിനിമ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പതിനായിരത്തോളം പേരെ പ്രവേശിപ്പിക്കും. 30 പേർക്ക് വരെ വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാം.

നാലാം ഘട്ടത്തിനുമുമ്പ്, മന്ത്രിമാർ നടപടികൾ അവലോകനം ചെയ്യും. ജൂൺ 21 മുതൽ ആരംഭിക്കുന്ന നാലാമത്തെ ഘട്ടത്തിൽ എല്ലാ സാമൂഹിക നിയന്ത്രണങ്ങളും ഇല്ലാതാക്കും. നൈറ്റ്‌ക്ലബുകൾ ആരംഭിക്കും. വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങളും നിർത്തലാക്കുമെന്ന് സർക്കാർ അറിയിച്ചു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഈ പദ്ധതിയെ സ്വാഗതം ചെയ്തെങ്കിലും ബിസിനസുകൾക്കും തൊഴിലാളികൾക്കുമായുള്ള ഫർലോഫ് പദ്ധതിയുടെ ഭാവി സംബന്ധിച്ച് സർക്കാർ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വസന്തകാലവും വേനൽക്കാലവും പ്രതീക്ഷയുടെ ഋതുക്കളായിരിക്കുമെന്നും രോഗവ്യാപനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൗണിംഗ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആദ്യ പ്രതിരോധ കുത്തിവെപ്പ് ലഭിച്ച ആരോഗ്യപ്രവർത്തകർ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇടവേളയ്ക്ക് മുൻപ് രണ്ടാം പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കരുതെന്ന് എൻഎച്ച്എസ് മുന്നറിയിപ്പുനൽകി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബിർമിങ്ഹാം ഫൗണ്ടേഷൻ ട്രസ്റ്റാണ് അനുവദനീയമായ കാലപരിധിക്ക് മുൻപ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ഇമെയിൽ സന്ദേശം അയച്ചത്.

രണ്ടാം പ്രതിരോധകുത്തിവെപ്പ് മാർച്ചിൽ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി. ഒന്നാമത്തെയും രണ്ടാമത്തെയും പ്രതിരോധകുത്തിവെപ്പുകൾ തമ്മിൽ 12 ആഴ്ചത്തെ ഇടവേളയാണ് യുകെയിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയും മറ്റു രാജ്യങ്ങളും പിന്തുടരുന്ന ആറ് ആഴ്ചത്തെ കാലാവധിയിൽ നിന്ന് വ്യത്യസ്തമായുള്ള കാലയളവ് നിശ്ചയിച്ചത് നേരത്തെ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം ഡോസ് തന്നെ ഗണ്യമായ സംരക്ഷണം നൽകുമെന്നും പരമാവധി ആൾക്കാർക്ക് എത്രയും പെട്ടെന്ന് ഒരു ഡോസ് എങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വിമർശനങ്ങൾക്ക് മറുപടിയായി ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസർ തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചവർക്ക് തന്നെ വൈറസ് ബാധിക്കാനുള്ള സാധ്യത 85 മുതൽ 94 ശതമാനം വരെ കുറയപ്പെട്ടു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

RECENT POSTS
Copyright © . All rights reserved