ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.
മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനങ്ങൾ ഇതുവരെയും സർക്കാർ കൈകൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾ നേരിടുന്നത് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ. കോവിഡ് -19 ന് ശേഷം ഇംഗ്ലണ്ടിലെ 1.5 മില്യൺ കുട്ടികൾക്ക് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പിന്തുണ ആവശ്യമാണെന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ വിശകലനത്തിൽ കണ്ടെത്തി. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ചിന്റെ കണക്കനുസരിച്ച്, വീട്ടിൽ തന്നെ ഇരുന്നുള്ള ഓൺലൈൻ പഠനം ഫലപ്രാപ്തി ഉളവാക്കുന്നതല്ലെന്ന് തെളിഞ്ഞു.
പ്രധാനമായി അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് മടങ്ങിയെത്താൻ കൊതിക്കുന്നത്. കമ്പ്യൂട്ടറിലൂടെയുള്ള പഠനം വിരസമാണെന്നും സ്കൂളിലെത്താൻ കഴിയാത്തതിനാൽ സഹപാഠികളുടെ ചങ്ങാത്തം നഷ്ടപ്പെട്ടെന്നും പല വിദ്യാർത്ഥികളും തുറന്ന് പറഞ്ഞു. സ്കൂൾ വർക്കുകൾ വീട്ടിലിരുന്ന് ചെയ്യുന്നത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുവെന്ന് പലരും അറിയിച്ചു.
ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് -19 ന്റെ കടുത്ത പ്രതിസന്ധിയിലും നിർബന്ധിത മാസ്കുകളും സാമൂഹിക വിദൂര നിയമങ്ങളും ഉപയോഗിച്ച് ക്ലാസ് മുറികൾ തുറന്ന് പഠനം മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വിറ്റ്സർലൻഡിൽ, സെക്കൻഡറി സ്കൂളുകളിൽ മാസ്കുകൾ നിർബന്ധമാണ്. രോഗബാധിതനായ ഒരാളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ കുട്ടികൾ 10 ദിവസം വീട്ടിൽ തന്നെ കഴിയണം. പക്ഷേ ക്ലാസ് മുറികൾ എപ്പോഴും തുറന്നിരിക്കും. ഫ്രാൻസിൽ എല്ലാവർക്കുമായി സ്കൂളുകൾ തുറന്നു. ആറു വയസിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാണ്. വൈകുന്നേരം 6 മുതൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും സ്കൂളുകൾ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്.
ഇറ്റാലിയൻ സർക്കാറിന്റെ പൊതു നിയമങ്ങൾ അനുസരിച്ച്, കുട്ടികൾ സ്കൂളിൽ പോകുന്നതിനുമുമ്പ് അവരുടെ താപനില പരിശോധിക്കേണ്ടതുണ്ട്. 1 മീറ്റർ സാമൂഹിക അകലം ഉള്ളതിനാൽ മാസ്ക് നിർബന്ധമല്ല. എന്നാൽ ചില മേഖലകളിൽ നിയമങ്ങൾ കർശനമാണ്. പ്രൈമറി സ്കൂളുകൾ എല്ലാം തുറന്ന് പ്രവർത്തിക്കുവാൻ സ്വീഡനും തയ്യാറായി. ശൈത്യകാല പ്രതിസന്ധി കാരണം ജർമ്മനി, അയർലൻഡ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ തങ്ങളുടെ സ്കൂളുകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഫെബ്രുവരി 14 വരെ സ്കൂളുകൾ അടച്ചിടുമെന്നാണ് ജർമനി അറിയിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ
ഇരട്ട സഹോദരിമാരായ ലേഡീ അമീലിയയും, ലേഡീ എലിസ സ്പെൻസറും അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ, സ്നേഹനിധിയായ തങ്ങളുടെ ആന്റി ഡയാന രാജകുമാരിയെ പറ്റി പരാമർശിച്ചു. 28 വയസ്സുകാരിയായ ഇരുവർക്കും പറയാനുള്ളത് ഹൃദയസ്പർശിയായ ഓർമ്മകൾ മാത്രം. ” കുഞ്ഞുങ്ങളുടെ ഹൃദയം വായിക്കാൻ അവരോളം കഴിവുള്ള മറ്റൊരു വ്യക്തിയെയും ഞാൻ കണ്ടിട്ടില്ല” അവർ പറഞ്ഞു.
സൗത്ത് ആഫ്രിക്കയിലേക്ക് താമസം മാറ്റും മുൻപ് ഇരുവരുടെയും കുട്ടിക്കാലം ചെലവഴിച്ചത് മുഴുവൻ ആൽതോർപ്പിലെ ഡയാനയുടെ അന്ത്യവിശ്രമ സ്ഥലത്താണ്. എലിസ പറയുന്നു, ” അവർ ഞങ്ങളുടെ ആന്റി ആണ് എന്നു മാത്രമായിരുന്നു കുട്ടിക്കാലത്ത് ഞങ്ങൾക്ക് മനസ്സിലായത്. എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയായിരുന്നു. മാതൃസ്നേഹവും ദയയും കരുണയും ആവോളം ഉണ്ടായിരുന്നു. കുട്ടികളുടെ മനസ്സ് വായിക്കാൻ പ്രത്യേക കഴിവായിരുന്നു. അതിനാൽ ഞങ്ങളോട് ഒരു പ്രത്യേക മാനസിക ബന്ധം പുലർത്തിയിരുന്നു.”
ഒരിക്കൽ കേപ്പ് ടൗണിൽ വെച്ച് തങ്ങളെ പിന്തുടർന്ന ഫോട്ടോഗ്രാഫറെ ആന്റി ഒഴിവാക്കിയത് ഓർക്കുന്നു. ഓർക്കുമ്പോൾ പിന്നീട് ഭയം തോന്നിയ കാര്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ വിറച്ചു നിന്ന ഞങ്ങളെ ആന്റി രക്ഷിച്ചതും ഒരു കളിയിലൂടെയാണ്. ” ആരാണ് ആദ്യം ഓഡി കാറിൽ എത്തുക? ” അങ്ങനെ ആ ഭയവും രസമുള്ള ഒരു ഓർമയാക്കി ആന്റി മാറ്റി.
അച്ഛൻ മരിച്ചത് ഏറ്റവും വലിയ ആഘാതമായിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോഴാണ് ആന്റി ഡയാന രാജകുമാരിയുടെ പ്രാധാന്യം മനസ്സിലായതും. അവർ ലോകത്തിന് മുന്നിൽ പ്രധാനപ്പെട്ട പദവികൾ വഹിച്ചിരുന്ന വ്യക്തിയാണെന്ന് മനസ്സിലായതും.
ലിവർപൂൾ മലയാളിസമൂഹത്തിലെ സർവ്വ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കര (57) അന്തരിച്ചു. ക്യാൻസർ ബാധിതനായിട്ടാണ് ജോസ് കണ്ണങ്കര നിര്യാതനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടൂർ സ്വദേശിയാണ്. ഭാര്യ സൂസി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് . ഏക മകൾ രേഷ്മ. മൃതസംസ്കാരത്തിൻെറ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ. ജിനോ ആരിക്കാട്ട്, ലിവർപൂൾ ഇടവകയുടെ വികാരി ആൻഡ്രൂസ് ചേതലൻ, ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഫാ. എൽദോസ് , ലിവർപൂൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഇടുക്കി ചാരിറ്റി ഗ്രൂപ്പിൻെറ കൺവീനർ ടോം ജോസ് തടിയംപാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ജോസ് കണ്ണങ്കരയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപന തീവ്രത കുറഞ്ഞതിനെ തുടർന്ന് ലോക്ക്ഡൗൺ എന്ന് അവസാനിക്കും എന്നാണ് ബ്രിട്ടനിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന സൂചനകൾ നൽകിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ ആശയക്കുഴപ്പത്തിന് തുടക്കമിട്ടു. എന്നാൽ ഈസ്റ്ററിനോട് അനുബന്ധിച്ച് സ്കൂളുകൾ തുറക്കുമോ എന്നതിൻറെ അനിശ്ചിതത്വം നീക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. സ്കൂളുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ രണ്ടാഴ്ച മുൻപേ എങ്കിലും മാതാപിതാക്കൾക്കും അധ്യാപകർക്കും അറിയിപ്പ് ലഭിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കുറഞ്ഞത് മാർച്ച് വരെ തുറക്കാൻ സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഓരോ ഘട്ടത്തിലും രോഗവ്യാപന തോതിൻെറ തീവ്രത അനുസരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യാപനം പല കണക്കുകൂട്ടലുകളെയും തകിടം മറിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും മുൻകൂട്ടിയുള്ള പ്രവചനം അസാധ്യമായിരിക്കുകയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു . ലോക്ക്ഡൗൺ മൂലം രാജ്യത്തൊട്ടാകെ ആർ റേറ്റ് 1 ൽ താഴെയാക്കിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിലൂടെയോ സ്കൂളുകൾ തുറക്കുന്നതിലൂടെയോ രോഗവ്യാപനം കുറയ്ക്കുന്നതിൽ കൈവന്ന നേട്ടങ്ങൾ ഇല്ലാതാകാൻ ഗവൺമെൻറ് ആഗ്രഹിക്കുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സ്കൂളുകൾ എന്ന് തുറക്കാൻ സാധിക്കുമെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ടോറി എം.പിമാർ രംഗത്തുവന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ആശങ്ക ഉണർത്തുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച് വിശദമായ റൂട്ട് മാപ്പ് വേണമെന്നാണ് ടോറി എം.പിമാരുടെ ആവശ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.
രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.
മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ് കേരളത്തിൽ പ്രവാസികൾക്ക് മാത്രം ക്വാറന്റീൻ ? നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന് എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട് ചേർത്ത് വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പബ്ബുകളും റസ്റ്റോറന്റുകളും ജൂലൈ വരെ തുറക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. കോവിഡ് ലോക്ക്ഡൗണിൻെറ ഭാഗമായി കൗൺസിലുകൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. ലോക്ക് ഡൗൺ അവസാനിച്ചാലും പല കാര്യങ്ങളിലും ഭാഗിക നിയന്ത്രണം രാജ്യത്ത് നിലനിൽക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. അതേസമയം നിലവിലെ ലോക്ക്ഡൗൺ സമ്മറിലേയ്ക്ക് നീളാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.
ഇതിനിടെ സ്കൂളുകൾ എന്ന് തുറക്കാൻ സാധിക്കുമെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ടോറി എം.പിമാർ രംഗത്തുവന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ആശങ്ക ഉണർത്തുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച് വിശദമായ റൂട്ട് മാപ്പ് വേണമെന്നാണ് ടോറി എം.പിമാരുടെ ആവശ്യം.
ജനുവരി 5 -ന് ദേശീയ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ദുർബലരായ വിദ്യാർത്ഥികൾക്കും കീ വർക്കേഴ്സിന്റെ മക്കൾക്കും ഒഴികെ മറ്റെല്ലാവർക്കും ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം മുന്നോട്ടു പോകുന്നത് . സ്കൂളുകൾ തുറക്കുന്നതിന് മുൻപ് രണ്ടാഴ്ചത്തെ നോട്ടീസ് നൽകുമെന്നും ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസ് പറഞ്ഞു.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്നും, മേയിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്കോട്ട്ലൻഡിലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള റഫറണ്ടം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നിക്കോള സ്റ്റർജിയോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്കോട്ട്ലാൻഡിലെ ജനങ്ങളുടെ തീരുമാനത്തെ ഭയക്കുകയാണ്. അതിനാലാണ് ഇത്തരം റഫറണ്ടങ്ങളെ എതിർക്കുന്നത് എന്ന് അവർ ആരോപിച്ചു. എന്നാൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. റഫറണ്ടത്തിലേക്ക് നയിക്കുന്നതിനായി ഒരു 11 ഘട്ട പദ്ധതി സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
പകർച്ചവ്യാധിക്കിടയിലും റഫറണ്ടം നടത്തണം എന്നുള്ളതാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആവശ്യം. റഫറണ്ടത്തെ എതിർത്തുള്ള യുകെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഏതു നീക്കത്തെയും ചെറുത്തു നിൽക്കും എന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഈ പകർച്ചവ്യാധിക്കിടയിലും ഇലക്ഷനുകളും മറ്റും നടക്കുന്നുണ്ട്.
രാജ്യത്തു 49 ശതമാനത്തോളം ആളുകൾ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ഈ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ നിരാകരിച്ചിട്ടുണ്ട്.
ഹൾ: ഹള്ളിലുള്ള ഡൽഹി സ്ട്രീറ്റിലെ വീടിന് തീപിടിച്ചു നാല് പേർക്ക് പൊള്ളലേറ്റു. ഇന്ന് വെളുപ്പിന് 4:31 ന് ആണ് സംഭവം എന്നാണ് ഫയർ ആൻഡ് റെസ്ക്യൂ ടീം അറിയിച്ചിരിക്കുന്നത്. മലയാളികളാണ് താമസിച്ചിരുന്നതെന്നും സ്റ്റുഡന്റസ് ആണെന്നും ഉള്ള വിവരങ്ങളാണ് ഹള്ളിലുള്ള മലയാളികളിൽ നിന്നും കിട്ടുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ആയിട്ടില്ല.
നാല് പേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും അതിൽ രണ്ടു പേരെ ഫയർ ഫോഴ്‌സ് ആണ് പുറത്തെത്തിച്ചത് എന്നും പോലീസ് അറിയിച്ചു. നാല് പേർക്കും പൊള്ളലും ഒപ്പം വിഷ പുകയും ശ്വസിച്ചതിനാൽ പ്രഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയിക്കുന്നു. സാരമായ പൊള്ളൽ ഉണ്ടെന്നാണ് അറിയുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ആണ് ഉണ്ടായിരുന്നത്.
തീപിടുത്തം എങ്ങനെ ഉണ്ടായി എന്നുള്ള വിശകലനം ഫയർ ഫോഴ്‌സും പോലിസിസും ചേർന്ന് നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലണ്ടൻ: കൊറോണയുടെ വരവോടെ ഒരുപിടി മരണങ്ങൾ കണ്ടു മരവിച്ച വർഷമായിരുന്നു കടന്നുപോയത്. എന്നാൽ പുതുവർഷത്തിൽ കൊറോണയുടെ വകഭേദം കൂടുതൽ ആക്രമണകാരിയായപ്പോൾ മരിക്കുന്നത് ആയിരങ്ങൾ ആണ്. യുകെ മലയാളികൾക്ക് വീണ്ടും ആഘാതം ഏല്പിച്ചുകൊണ്ട് ഒരു മലയാളികൂടി കൊറോണയുടെ പിടിയിൽ അമർന്നിരുന്നു. ഗ്രെയ്റ്റര്‍ ലണ്ടനിലെ ഹെയ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു എന്നാണ് അറിയുന്നത്. വെറും നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്.
പെട്ടെന്ന് തന്നെ രോഗം വഷളാവുകയും, ശ്വാസതടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് സുജ എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ദീപാഞ്ജലി ഹൗസില്‍ പ്രേംജിത്ത് ആണ് ഭര്‍ത്താവ്. ഏകമകള്‍ സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ നായര്‍ ( 13). സുജ ചടയമംഗലം സ്വദേശിയാണ്.
സുജയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
സുജയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.