ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് രോഗിയുമായി സമ്പർക്ക പട്ടികയിൽ വരുന്ന എൻഎച്ച്എസ് ജീവനക്കാരെ സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയേക്കും. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ലഭിച്ചവർക്കാണ് ഈ ഇളവ് ലഭ്യമാകുക. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും എൻഎച്ച്എസ് ജീവനക്കാരുടെ ക്ഷാമത്തെ മറികടക്കാൻ ഈ നീക്കം ആവശ്യമാണെന്ന ശക്തമായ അഭിപ്രായം സർക്കാരിൻെറ പക്കലുണ്ട്. 2020 ഡിസംബർ മുതൽ പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ എൻഎച്ച്എസ് ജീവനക്കാരുണ്ടായിരുന്നു.

ഇതിനിടെ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഇന്നലെ മാത്രം 35,707 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം വ്യാപിച്ചത്. 29 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇംഗ്ലണ്ടിൻെറ ആർ നമ്പർ 1.2 നും 1.5 നുമിടയിൽ വർധിക്കുകയും ചെയ്തു. യുകെയിൽ ഉടനീളം രോഗവ്യാപനം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഗവൺമെൻറിൻറെ തീരുമാനത്തിനെതിരെ നൂറിലധികം ശാസ്ത്രജ്ഞരാണ് രംഗത്തുവന്നത്. ഈ ആഴ്ച ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് അപകടകരമായ പരീക്ഷണമാണെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.