വെക്‌സ്‌ഫോര്‍ഡ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു.
മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 )യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വൈകിട്ട് നിര്യാതനായത്.
കൊറോണ വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകീട്ട് സോള്‍സണ്‍ പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിക്കുകയും ആരോഗ്യ നില വഷളാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.
ആറ് വർഷം മുൻപാണ് ഇവർ അയർലണ്ടിൽ എത്തുന്നത്. ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെക്ക് താമസം മാറിയത്.
ഭാര്യ ബിന്‍സി സോള്‍സണ്‍, മേനാച്ചേരി കുടുംബാംഗമാണ്. ദമ്പതികൾക്ക് ഒരാൺകുട്ടിയാണ് ഉള്ളത്.
ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.
ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.
സോൾസണിന്റെ അകാല മരണത്തിൽ ദുഃഖത്തിൽ ആയ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുറച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ചില ഭൂരിപക്ഷ മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റിന്റെ വൈറ്റ് ഹൗസിന്റെ ചീഫ് ഓഫീസ് സ്റ്റാഫ് റോൺ ക്ലെയിൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു. കോവിഡ് മഹാമാരി ഏല്പിച്ച സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താൻ ബൈഡൻ പുതിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിയുക്ത പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര യുകെയിലേക്കായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇത് യുഎസ് – യുകെ ബന്ധത്തിന്റെ വളർച്ചയ്ക്ക് കാരണമാകും.
വിദ്യാഭ്യാസ വായ്പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് സംരക്ഷിക്കുമെന്നും ബൈഡനെ ഉദ്ധരിച്ചു റോൺ ക്ലെയിൻ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യമേഖല വളരെ പരിതാപകരമാണെന്നും അതിനൊരു പരിഹാരം കാണാൻ ഒരുങ്ങുമെന്നും ക്ലെയിൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡസനോളം എക്സിക്യൂട്ടീവ് ഓർഡറുകൾ വരെ സൈൻ അപ്പ് ചെയ്യാൻ ബൈഡന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രമായ ഇമിഗ്രേഷൻ പോളിസിയും 1.9 ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലും ബൈഡൻ തന്റെ മുൻഗണനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം 2021 അവസാനത്തോടെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കും. അതിനാൽ തന്നെ ബൈഡൻ ഈ വർഷത്തിൽ ഒന്നിലധികം തവണ യുകെ സന്ദർശിക്കാൻ സാധ്യതയുണ്ട്. ബ്രെക്സിറ്റ് കാരണം, ഇരു രാജ്യങ്ങളും ഒരു പുതിയ വ്യാപാര കാരാറിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അത് 2022ന് മുമ്പ് ഉണ്ടായേക്കില്ല.
ലണ്ടൻ: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷമായി കടന്നുപോകുന്നത് കടുത്ത വിഷമങ്ങളിൽകൂടിയാണ്. പ്രവാസികളായി യുകെയിൽ എത്തിയത് കൂടുതലും നേഴ്സുമാരായിട്ടാണ്.. കൊറോണയുടെ വരവോടെ രാപകലില്ലാതെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്… മുന്നിൽ മരിച്ചുവീശുന്ന രോഗികൾ ഒരു വശത്തും അകാലത്തിൽ വിടപറഞ്ഞ ഒരുപിടി സഹപ്രവർത്തകരോ കൂട്ടുകാരോ… വാക്സീൻ നൽകി പ്രത്യാശയുടെ കിരണങ്ങൾ തെളിയുമ്പോഴും കൊറോണയെന്ന വൈറസ് എത്രമാത്രം വേദനയാണ് തരുന്നത് എന്ന് ലണ്ടനിൽ താമസിക്കുന്ന ജോസ്‌ന സെബാസ്റ്റ്യൻ എന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ് വെളിവാക്കുന്നു..
കുറിപ്പ് വായിക്കാം..
കോവിടിന്റെ ചിലദിവസങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭയാനകരമാണെന്നു മനസിലാക്കുന്നത് പലതും നേരിട്ടുകാണിമ്പോള്‍ മാത്രമാണ് .
മരണങ്ങള്‍ കണ്ടു കണ്ടു മനവും തലയുമിന്നു മരവിച്ചിരിക്കുന്നു..
പണ്ടൊരു മരണമെന്ന് കേട്ടാല്‍ നെഞ്ചത്തടിച്ചു കരയുന്ന തലമുറയിന്നു നമുക്കന്യമായിരിക്കുന്നു.
രോഗശയ്യയിലാകുന്ന കൗമാരക്കാര്‍..
മരണത്തോട് മല്ലുപിടിക്കുന്ന പലവീടിന്റെയും നേടും തൂണായി പൊരുതുന്ന 40 നും അമ്പതിനും താഴെ പ്രായമുള്ളവര്‍ ..
അവരുടെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എണ്ണി തീര്‍ത്തു മരണമുറപ്പിക്കാന്‍ മാത്രം വിധിക്കപെട്ട ആരോഗ്യപ്രവര്‍ത്തകര്‍…
തന്റെ എല്ലാമെല്ലാം ആയിരുന്നവരെ മരണംമാടിവിളിക്കുന്നതു വീഡിയോ കോളിലൂടെ കണ്ടു സ്വതം നെഞ്ചുപൊട്ടി സ്വയം ഇല്ലാതാകാന്‍ വിധിക്കപെട്ട വീട്ടുകാര്‍.. മക്കള്‍ .. ബന്ധുക്കള്‍ .. കൂട്ടുകാര്‍..
അന്യനാടുകളില്‍ മക്കള്‍ മക്കളുടെ കൂടുംതേടി പോകുമ്പോള്‍ ഏകാന്തതയിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന വൃദ്ധരായ മാതാപിതാക്കള്‍ …
മക്കളുടെ അഭാവത്തിലും പരസ്പരം താങ്ങും തണലുമായി പിണങ്ങിയും പരിതപിച്ചും സ്‌നേഹിച്ചും താങ്കള്‍ക്ക് താങ്കള്‍ മാത്രമേ ഉള്ളു എന്ന് മനസിലുറച്ചും ദിനങ്ങള്‍ തള്ളി നീക്കുന്നിടത്തു പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരുദിനം ഒരുവില്ലനായ് കടന്നുവരുന്ന കോവിഡ്…
തന്റെ പ്രിയതമനു പോസിറ്റീവ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന നെഞ്ചില്‍ പുകച്ചില്‍ ആറും മുമ്പേ അവളും പോസിറ്റീവായ് വേറൊരു വാര്‍ഡിലേക്ക് പരസ്പരം കാണാന്‍ പോലും പറ്റാത്ത ഐസൊലേഷനിലേക്കു മാറ്റപ്പെടുന്നതും രണ്ടുപേരും ഒരേസമയം മരണം കാത്തുകിടക്കുന്നതും നേരിട്ട് കാണുക ദുഷ്‌കരം …
അതിനുപുറമെ തന്റെ അന്ത്യകിടക്കയില്‍ തന്നെ തന്റെ പ്രിയതമന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുക… താന്‍ ഊട്ടി ഉറക്കിയ മക്കളെയോ തന്റെ സ്വന്തം പാതിയെയോ ഒരുനോക്കു പോലും കാണാന്‍ പറ്റാതെ രണ്ടുപേരും ഒരുപോലെ മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മാറ്റപെടുക….
മോര്‍ചെറിയില്‍ പോലും സ്ഥലപരിമിതി കാരണം വെളിയില്‍ മഞ്ഞും തണുപ്പും മഴയും കൊണ്ട് അരൊരുമില്ലാത്ത മാംസപിണ്ഡങ്ങളായ് മൂടികിടക്കുക ഒക്കെ മനസിനെ താളം തെറ്റിക്കുന്ന സ്ഥിര കാഴ്ചകളായ് മാറികൊണ്ടിരിക്കുകയാണിന്നെന്നും..
ഇത്രയും നാള്‍ സ്വന്തമാകുമെന്നു പറഞ്ഞു പലരും ഉറപ്പുനല്‍കിയ ആറടി മണ്ണുപോലും നമുക്കിന്നു സ്വന്തമല്ല . എല്ലാം ഒരു ഇലക്ട്രിക് സ്വിച്ചിന്റെ കേളിയിലൂടെ നമ്മളീ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായ് ഒരു പിടി മണ്ണുപോലുമവശേഷിക്കാതെ മായയായ് പോകുന്ന മനുഷ്യ ജന്മങ്ങള്‍ ….
നമ്മള്‍ ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളു എന്ന് പറയാതെ പറഞ്ഞു പോകുന്ന ഒരുപറ്റം മനുഷ്യര്‍ ….
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ഡോ. ഐഷ വി
ചിറക്കര താഴത്ത് അച്ഛൻ വാങ്ങിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന് മുമ്പ് മൂന്ന് മാസത്തോളം അച്ഛന്റെ ഗോപലനമ്മാവന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ ഇളയ അമ്മാവന്റെ വീടും പുരയിടവുമായിരുന്നു അച്ഛൻ വാങ്ങിച്ചത്. വയലിനരികത്തായതിനാൽ കിണറ്റിൽ ധാരാളം വെള്ളം. കൃഷി ചെയ്യാനും പറ്റിയ മണ്ണ്. ഒരു കൊച്ച് വീട്. വീട്ടിൽ നിന്ന് വിട്ട് റോഡരികിലായി മൂന്ന് കടമുറികളും അതിന്റെ പുറകിൽ ഒരു വരാന്തയും പിന്നെ കുറേ തെങ്ങ്, മാവുകൾ, ആഞ്ഞിലികൾ . അച്ഛാമ്മയുടെ പറമ്പ് അച്ഛന് കിട്ടിയത് അച്ഛൻ വാങ്ങിയ പറമ്പിന് ചേർന്നായതിനാൽ പറമ്പിന്റെ വിസ്തൃതി കൂടിക്കിട്ടി. അച്ഛന്റെ അമ്മാവൻ ശ്രീ കേശവൻ, ഭാര്യ ഇന്ദിര മകൾ വത്സല എന്നിവരായിരുന്നു ആ വീട്ടിലെ അന്തേവാസികൾ. അവർ വയലിനക്കരെ വാങ്ങിയ ഒരു വീട്ടിലേക്ക് താമസം മാറി. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് വീടും കടയുമൊക്കെ ചെറിയ തോതിൽ വൃത്തിയാക്കിയാണ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് താമസം മാറിയത്.
മുമ്പ് തയ്യൽ മെഷീനിൽ ഞങ്ങളുടെ അമ്മ ഞങ്ങളുടെ തുണികൾ തയ്ച്ച് കൊണ്ടിരിയ്ക്കുമ്പോൾ അമ്മയുടെ മനസ്സിലെ തീവ്രമായ ആഗ്രഹങ്ങൾ ചിലപ്പോഴൊക്കെ പാട്ടിന്റെ രൂപത്തിലോ വാചകമായോ പുറത്തു വരാറുണ്ടായിരുന്നു. അതിൽ ചിലത് “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. അതിൽ നാരായണക്കിളി കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്.” “ആറു കാലി പുരയെങ്കിലും കെട്ടിയാൽ മതിയായിരുന്നു” എന്നൊക്കെ.
അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ആ സുദിനം വന്നെത്തി. വൈകുന്നേരമാണ് അങ്ങോട്ട് താമസം മാറാൻ തീരുമാനിച്ചിരുന്നത്. അതിന്റെ മുന്നൊരുക്കങ്ങളായി ശാരദ വല്യമ്മച്ചി വിളക്ക് തേച്ച് വച്ചു. ഒരു ബഞ്ച് തത്കാലത്തേയ്ക്ക് ഞങ്ങൾ താമസം മാറാൻ പോകുന്ന വീട്ടിൽ കൊണ്ടിട്ടു. അമ്മ അത്യാവശ്യം പാചകത്തിനാവശ്യമായ സാധനങ്ങളും പാത്രങ്ങളും കെട്ടിവച്ചു.
ഈ വസ്തുവും വീടും വാങ്ങാനായി അച്ഛനും അമ്മയും കൂടി ചിട്ടി പിടിച്ച തുക കൂടാതെ അച്ഛന്റെ അമ്മാവൻ കടമായും കുറച്ച് തുക നൽകിയിരുന്നു. അച്ഛന്റെ അമ്മാവന്റെ കുടുംബവും തൊട്ടയൽപക്കത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ കുടുംബവും അമ്മയുടെ അടുത്ത ബന്ധുക്കളും കൂടി ചേർന്ന ചെറിയ ചായ സൽക്കാരത്തോടു കൂടിയ ലളിതമായ ചടങ്ങായിരുന്നു താമസം മാറൽ ചടങ്ങ്. താമസം മാറിയെങ്കിലും അന്നത്തെ അത്താഴം അച്ഛന്റെ അമ്മാവന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. അത് ഞങ്ങൾ അവിടെ പോയി കഴിച്ചു. പിറ്റേന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പാചകം തുടങ്ങി.
പകൽ അയൽപക്കത്തെ കുട്ടികളോടൊപ്പം ഞങ്ങൾ പറമ്പിലൊക്ക കറങ്ങി നടന്നു. കേശവൻ വല്യച്ചന് ചെടികളും പച്ചക്കറി കൃഷിയും കുറച്ചൊക്കെ ഉണ്ടായിരുന്നത് അവിടെ അവശേഷിച്ചിരുന്നു. കൂടാതെ കുറേ ഞാലിപ്പൂവൻ വാഴയും. വാഴ കിണറ്റിന്റെ താഴെയുള്ള തട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുക്കളയുടെ വരാന്തയിൽ ഒരു ആട്ടുകല്ലും ഒരു തത്തമ്മയോടുകൂടിയ കൂടും അടുക്കളയിൽ ഒരു ഉരലും കേശവൻ വല്യച്ഛന്റെതായി അവശേഷിച്ചിരുന്നു. പിന്നീട് ഉരൽ ഞങ്ങളും ആട്ടുകല്ല് ലക്ഷ്മി അച്ഛാമ്മയും വാങ്ങി.
ഞങ്ങൾ ആ വീട്ടിലേയ്ക്ക് താമസം മാറി ഒരു മാസത്തിനകം തന്നെ കേശവൻ വല്യച്ഛൻ മരിച്ചു. വയലിനക്കരെയുള്ള വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും കേശവൻ വല്യച്ഛന് സുഖമില്ലാതായതിനാൽ ചികിത്സാർത്ഥം വല്യച്ഛന്റെ ഭാര്യാ സഹോദരന്റെ കൊല്ലത്തെ വീട്ടിലായിരുന്നു അവർ. ഒരു ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിന്റെ താഴത്തെ തട്ടിൽ നിൽക്കുമ്പോഴാണ് കേശവൻ വല്യച്ചന്റെ മൃതദേഹം കൊണ്ടുവന്ന വണ്ടി അക്കരയ്ക്ക് പോകുന്നത് കണ്ടത്. കൊച്ചു ശാന്തേച്ചിയ്ക്ക് കാര്യം വേഗം മനസ്സിലായി. ആ ചേച്ചിയും കുട്ടികളും വണ്ടിയുടെ പിറകെ അക്കരയ്ക്ക് ഓടി. അന്ന് വീടുകളിൽ ഫോണില്ലാതിരുന്നതിനാൽ ആരെങ്കിലും വന്ന് അറിയിക്കുമ്പോഴേ മരണം അറിഞ്ഞിരുന്നുള്ളൂ. ഞങ്ങൾ അമ്മയോട് കാര്യം പറഞ്ഞു. ഞങ്ങളും അമ്മയും കൂടി അക്കരയിലെ മരണ വീട്ടിലേയ്ക്ക് പോയി. ദൂരെഎവിടെയോ പോയിരുന്ന ലക്ഷ്മി അച്ഛാമ്മയും ഗോപാലൻ വല്യച്ചനും സ്ഥലത്തെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. മൃതദേഹം ആ രാത്രി തന്നെ ഇക്കരെ ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിലയ്ക്ക് മാറ്റി. മരണാനന്തര ചടങ്ങുകൾ എല്ലാം ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിൽ വച്ചായിരുന്നു. ആരോ അച്ഛന് ടെലഗ്രാം അയച്ചു. പിറ്റേന്ന് അച്ഛൻ ജോലി സ്ഥലത്തു നിന്നും എത്തി. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ തത്തക്കൂട് ശ്രദ്ധിച്ചത്. കൂട് തുറന്ന് കിടന്നിരുന്നു. തത്തമ്മയെ കാണാനില്ലായിരുന്നു. ആദ്യം കുറച്ച് വ്യസനം തോന്നിയെങ്കിലും അതിന്റെ ഉടമസ്ഥന്റെ ആത്മാവ് ശരീരം വിട്ടു പോയതു പോലെ തത്തമ്മയും കൂട് വിട്ട് പോയെന്ന് ഞങ്ങൾ സമാധാനിച്ചു.
ഞങ്ങൾ ആ വീടും പറമ്പും വാങ്ങുന്നതിന് മുമ്പ് കേശവൻ വല്യച്ഛൻ ഓല മെടഞ്ഞ് കൊല്ലത്ത് പട്ടണപ്രദേശത്ത് വിറ്റിരുന്ന ഒരു കുടുംബത്തിന് ഓല ശേഖരിച്ച് വയ്ക്കാനും മെടയാനും മറ്റുമായി ആ പറമ്പിന്റെ താഴെ തട്ട് നൽകിയിരുന്നു. തോടും വയലുമൊക്കെ വളരെയടുത്തായതിനാൽ അവർക്ക് ഓല കുതിക്കാൻ സൗകര്യത്തിനായാണ് ഈ പറമ്പ് ഉപയോഗിച്ചിരുന്നത്. അവരുടേയും ഓലമെടയുന്നവരുടെയും ഉപജീവനമാർഗ്ഗമായതിനാൽ കുറേ വർഷങ്ങൾ കൂടി പറമ്പ് സൗജന്യമായി ഉപയോഗിക്കുവാൻ അച്ഛൻ അവരെ അനുവദിച്ചിരുന്നു. അതിനാൽ പകൽ എപ്പോഴും ആളും പേരുമുള്ള പറമ്പായിരുന്നു ഞങ്ങളുടേത്. ഒന്നോ രണ്ടോ ലോറിയിൽ കൊള്ളുന്നത്രയും മെടഞ്ഞ ഓലയാകുമ്പോൾ ലോറികൾ എത്തും. പിന്നെ മെടഞ്ഞ ഓല കൊല്ലത്തെ വീടുകളുടെ മേൽ കൂരയിലും വേലിയിലും സ്ഥാനം പിടിയ്ക്കും. അന്ന് ധാരാളം നല്ല ഓലകൾ ഞങ്ങളുടെ നാട്ടിൽ ലഭ്യമായിരുന്നു. സ്ത്രീകൾ ഓലമെടയുന്നത് നോക്കി ഞങ്ങളും ഓല മെടയാൻ പഠിച്ചു. പശുവിന് പുല്ലു പറിക്കുന്ന വല്ലമുണ്ടാക്കാനും . കാലം കഴിഞ്ഞപ്പോൾ ഓലയുടെ ലഭ്യത കുറഞ്ഞു. പട്ടണപ്രദേശത്ത് ഓല മേഞ്ഞ വീടുള്ളവർ മേൽക്കൂര ഓടോ ഷീറ്റോ ആക്കി മാറ്റി. പിന്നീട് കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുമായി. തേങ്ങാ വെട്ടുന്ന സമയത്ത് പല വീട്ടുകാർക്കും ഓല വിൽക്കുന്നതിലൂടെയും പഴയ കാലത്ത് വരുമാനം ലഭിച്ചിരുന്നു. ഞങ്ങളുടെ പറമ്പിൽത്തന്നെ ഓലമെടയുന്നതിലൂടെ ധാരാളം സ്ത്രീകൾക്ക് തൊഴിലും വരുമാനവും ലഭിച്ചിരുന്നു. അതെല്ലാം നിന്നപ്പോൾ ഓലക്കച്ചവടക്കാർ മറ്റു സാധനങ്ങളുടെ കച്ചവടത്തിലേയ്ക്ക് വഴിമാറി. ഓല മെടഞ്ഞിരുന്ന സ്ത്രീകൾ പല തൊഴിൽ മേഖലയിലേയ്ക്ക് തിരിയേണ്ടി വന്നു. അന്ന് ഓല മെടഞ്ഞിരിക്കുന്നവർക്കെല്ലാം ടെറസ്സ് വീടായി. ഓല ശേഖരിക്കുക, മടലിന്റെ നടുക്ക് വച്ച് കീറി രണ്ട് ഭാഗമാക്കി മടൽപ്പൊളി ചീകി കളഞ്ഞ് കനം കുറച്ച് ഓലകൾ നിശ്ചിത എണ്ണം വീതം ഒതുക്കി കെട്ടി തോട്ടിൽ അണകെട്ടി വെളളം നിർത്തി അതിൽ കൊണ്ടിട്ട് രണ്ടു ദിവസം കുതിർത്ത് മൃദുവാക്കി മെടയാൻ പരുവപ്പെടുത്തി മെടയുന്നിടത്ത് എത്തിക്കുന്നത് പുരുഷൻമാരുടെ ജോലിയായിരുന്നു. അങ്ങനെ, പുതു തലമുറയ്ക്ക് പരിചയമില്ലാഞ്ഞ ഒരു തൊഴിൽ മേഖല കാലത്തിന്റെ മാറ്റത്തിനൊപ്പം മാഞ്ഞു പോയി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിനെ വരുതിയിലാക്കാൻ എത്രയും പെട്ടെന്ന് കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് നൽകുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പുതിയ 10 മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ഇംഗ്ലണ്ടിൽ ഉടൻ ആരംഭിക്കും. ഫെബ്രുവരി 15 നകം 15 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുതിയ കേന്ദ്രങ്ങളിലൂടെ ആഴ്ചയിൽ ആയിരക്കണക്കിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു.
യുകെയിൽ ഇതുവരെ 324,233 ഡോസ് വാക്സിൻ വിതരണം നടത്തി കഴിഞ്ഞു. യുദ്ധകാലടിസ്ഥാനത്തിൽ ഇത്രയും കൂടുതൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ സഹായിച്ച എല്ലാവർക്കും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദിപറഞ്ഞു. യുകെയിൽ വൈറസ് പോസിറ്റീവ് ആയതിനേക്കാൾ കൂടുതൽ ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം കുതിക്കുകയാണ്.
രാജ്യത്തെ വൈറസ് പോസിറ്റീവായ 3.3 ദശലക്ഷം പേരാണെങ്കിൽ ഇതുവരെ 3.5 ദശലക്ഷം ആൾക്കാർ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞു. ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവെയ്പ്പ് പദ്ധതിയെ വിജയിപ്പിക്കാനായി തങ്ങളുടെ പങ്കുവഹിക്കാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വ്യാജ വാർത്തകൾ പ്രചരിക്കുന്നത് യുകെയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റി ജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിരവധി വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും, വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി എൻഎച്ച്എസ് ആന്റി – ഡിസ്ഇൻഫർമേഷൻ ഡ്രൈവ് മേൽനോട്ടം വഹിക്കുന്ന ഡോക്ടർ ഹർപ്രീത് സൂദ് മാധ്യമങ്ങളോട് പറഞ്ഞു. ഭാഷാപരവും, സംസ്കാരികപരവുമായ വ്യത്യാസങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് സഹായിക്കുന്നത്.
സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കളോടും,കമ്മ്യൂണിറ്റി ലീഡർമാരോടും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനിൽ മാംസവും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മത വിശ്വാസങ്ങൾക്കും മറ്റും എതിരാണെന്ന പ്രചരണങ്ങൾ ആണ് ജനങ്ങൾക്കിടയിൽ ഉള്ളത്. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
വാക്സിനിൽ പന്നിയുടെ മാംസം ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മുസ്ലിം വിശ്വാസങ്ങൾക്ക് എതിരാണെന്നും ഉള്ള പ്രചാരണം നിരവധി മുസ്ലീം സമുദായങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ മുസ്ലീം മത നേതാക്കന്മാർ ഈ പ്രചരണങ്ങൾ തെറ്റാണെന്നും ജനങ്ങളെല്ലാവരും വാക്സിനോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ
ഒരുമിച്ചുള്ള ചിത്രം വ്യാജം ആണെന്ന വാദവുമായി യോർക്ക് പ്രഭുവിന്റെ അഡ്വൈസറും സാറാ ഫെർഗൂസന്റെ സഹായിയും മറ്റൊരു സ്ത്രീയെ സമീപിച്ചതിനെ തുടർന്ന് അവർ എഫ് ബി ഐ യിൽ റിപ്പോർട്ട് ചെയ്തു.
ലൈംഗിക അതിക്രമ കുറ്റം ആരോപിച്ച മോഡലിനെ ഓൺലൈനായി അപകീർത്തിപ്പെടുത്താൻ യോർക്കിന്റെ പ്രഭുവും പ്രഭ്വിയും ഓൺലൈൻ ഗ്രൂപ്പിനെ സമീപിച്ചു. 17 വയസ്സുള്ള വെർജീനിയ റോബർട്സിനെ പ്രഭു ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം ഏറെ വിവാദമായിരുന്നു. മോളി സ്കൈ ബ്രൗൺ എന്ന സ്ത്രീ കാലങ്ങളായി വെർജീനിയയെ ട്വിറ്ററിലൂടെ അധിക്ഷേപിക്കാറുണ്ടായിരുന്നു. മോളിയുടെ പക്കൽ ചിത്രം വ്യാജമാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടാവുമെന്നാണ് പ്രഭു’വിന്റെ ഉദ്യോഗ വൃന്ദം കരുതിയത്.
ഇപ്പോൾ 60 വയസ്സുകാരനായ പ്രഭു തന്നെ മൂന്നുപ്രാവശ്യം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് മിസ്സ് റോബർട്ട്സ് വാദിക്കുന്നു. സമാനമായ പല കേസുകളും പ്രഭുവിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
ബ്രൗൺ എന്ന സ്ത്രീയുമായി ഒരിക്കൽ പ്രഭുവിന്റെ ഉദ്യോഗസ്ഥർ ട്വിറ്ററിൽ ഒരു ഫേക്ക് അക്കൗണ്ട് സൃഷ്ടിച്ച് ഇരുവരുടെയും ഫോട്ടോ വ്യാജമാണെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഒരിക്കൽ ഈ ഫോട്ടോ വ്യാജമാണെന്ന തരത്തിലുള്ള ബ്രൗണിന്റെ ട്വിറ്റർ പോസ്റ്റ് സാറ ഫെർഗ്യോസൺന്റെ വിശ്വസ്ത ഉദ്യോഗസ്ഥയായ ആന്റോണിയ മാർഷലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻതന്നെ മോളി നൽകിയ ഓൺലൈൻ സപ്പോർട്ട് പ്രശംസിച്ചു കൊണ്ട് ഡിസംബർ പതിനാലിന് ഇമെയിൽ അയച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ പ്രഭുവിനെയും പ്രഭ്വിയെയും സഹായിക്കുന്നതിന് ഉദ്യോഗസ്ഥ നന്ദി പറയുന്നുണ്ട്. നമ്മൾ ഒരു വലിയ കുടുംബം ആണെന്നും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഫോട്ടോ വ്യാജമാണെന്നും അതിന് ഏതാനും തെളിവുകൾ തന്റെ പക്കലുണ്ട് എന്ന് ഉറപ്പു നൽകിയ മോളി പിന്നീട് സംഭാഷണങ്ങളും ഈമെയിലും ഉൾപ്പെടെ എഫ്ബിഐ യ്ക്ക് കൈമാറുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെ ട്രാവൽ മേഖല കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ മുന്നോട്ടു പോകുവാൻ സർക്കാർ സഹായം ആവശ്യമാണെന്ന് ഇൻഡസ്ട്രി മേഖല വൃത്തങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ യുകെയിലേക്ക് വരുന്നവർക്ക് നിർബന്ധമായും ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഇതോടൊപ്പംതന്നെ യാത്രചെയ്യുന്നവർക്ക് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടും ആവശ്യമാണ്. ട്രാവൽ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു കെ യുടെ ഭൂരിഭാഗം ഇടങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉള്ള യാത്ര മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 55761 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. നിയന്ത്രണങ്ങൾ കുറച്ചുകൂടെ കർശനമാക്കുക ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗത്ത് അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്രകൾ നിരോധിക്കുന്നത് ട്രാവൽ ഇൻഡസ്ട്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ജനങ്ങൾ എല്ലാവരും സാഹചര്യങ്ങൾ മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ യുകെയിലേയ്ക്കുള്ള യാത്രാനിയന്ത്രണം ശക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഈ വാരാന്ത്യം വീടുകളിൽ തന്നെ തുടരാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു. കർശന യാത്രാ നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ നിലനിൽക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഇതിനിടെ 11 ബ്രിട്ടീഷുകാർക്ക് ബ്രസീലിൽ ഉടലെടുത്ത ജനിതകമാറ്റം വന്ന കോവിഡ് ബാധിച്ചത് ആശങ്ക ഉണർത്തി. എന്നിരുന്നാലും ഈ കൊറോണ വൈറസ് എത്രമാത്രം അപകടകാരിയാണ് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. തെക്കേഅമേരിക്ക, പോർച്ചുഗൽ, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനകം രാജ്യത്തേയ്ക്ക് വരുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ യുകെയിൽ 5.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇന്നലെ മാത്രം 55761 പേർക്കാണ് രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് ആയത്. അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം വൈറസ് മൂലം 1280 പേർക്കാണ് ജീവൻ നഷ്ടമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂപോർട്ട് : 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ്കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ൽ ആണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.
കണ്ടുകിട്ടിയാൽ പണത്തിന്റെ ഒരു ഭാഗം പ്രാദേശിക അതോറിറ്റിയുമായി പങ്കിടുന്നതിന് നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് ജെയിംസ് വെളിപ്പെടുത്തി. മുഴുവൻ തുകയുടെ 25% ശതമാനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത് ; ഏകദേശം 55 മില്യൺ പൗണ്ട്! ഓഫീസ് വൃത്തിയാക്കുന്നതിനിടയിലാണ് തനിക്ക് ഹാർഡ് ഡ്രൈവ് നഷ്ടമായതെന്ന് ജെയിംസ് പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ബിറ്റ്കോയിൻ ഫയലുകൾ വീണ്ടെടുക്കുന്നതിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ന്യൂപോർട്ടിൽ താമസിക്കുന്ന ജെയിംസ്, പണം കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്നും അറിയിച്ചിട്ടുണ്ട്.
സഹായത്തിനായി ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ജെയിംസ് നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന് സാധിച്ചിട്ടില്ലെന്നും ന്യൂപോർട്ട് കൗൺസിൽ പറഞ്ഞു. ബിറ്റ്കോയിനുകൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്ന ഹാർഡ്‌വെയർ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ന്യൂപോർട്ട് സിറ്റി കൗൺസിലിനെ 2014 മുതൽ ജെയിംസ് ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും ജെയിംസിന് സഹായം അനുവദിച്ചുനൽകാനുള്ള സാധ്യത വളരെ ചെറുതാണെന്ന് കൗൺസിൽ അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.