ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ ഇപ്പോൾ എൻ എച്ച് എസ് വാക്സീൻ സർട്ടിഫിക്കറ്റ് ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡാനന്തര യാത്രയ്ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ സർട്ടിഫിക്കറ്റ്. രണ്ട് ഡോസ് വാക്സീൻ പൂർത്തിയായതിന് ശേഷം ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ വാക്സീൻ വിവരങ്ങൾ അടങ്ങിയ കത്താണ് എൻ എച്ച് എസിൽ നിന്നും ലഭിക്കുക. വരും നാളുകളിൽ പൊതുപരിപാടികളിൽ സംബന്ധിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ ഇത് ആവശ്യമായി വന്നേക്കാം.

രണ്ട് ഡോസും ഇംഗ്ലണ്ടിൽ എടുത്തവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. അതോടൊപ്പം പ്രായം 16 വയസ്സിനു മുകളിൽ ആയിരിക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം ഈ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കത്തിനായി രജിസ്റ്റർ ചെയ്തതിനു ശേഷം വാക്സീൻ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് പരിശോധിച്ച ശേഷം ജി പിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ വിലാസത്തിൽ കോവിഡ് പാസ്സ് ലെറ്റർ ലഭിക്കും. 5 പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ കത്ത് ലഭിക്കുമെന്ന് എൻ എച്ച് എസ് പറയുന്നു.

ഡിജിറ്റൽ കോവിഡ് പാസ്സ് ആണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ് മാർട്ട്‌ഫോണിൽ എൻ എച്ച് എസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഓൺലൈൻ കോവിഡ് പാസ്സ് സർവീസ് വഴിയും ഈ ഡിജിറ്റൽ പാസ്സ് ലഭിക്കുന്നതാണ്. ഓൺലൈനിൽ കത്ത് ലഭിച്ചില്ലെങ്കിൽ 119 എന്ന നമ്പറിൽ ബന്ധപ്പെട്ട് കത്തിനായി ആവശ്യപ്പെടാവുന്നതാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം

https://www.nhs.uk/conditions/coronavirus-covid-19/covid-pass/