ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുകയറുന്നതിൻറെ ആശങ്കയിലാണ് ബ്രിട്ടൻ. കഴിഞ്ഞ ജനുവരി 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവ്യാപനമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം രാജ്യത്ത് 22868 പേരാണ് പുതിയതായി രോഗബാധിതരായത്. യുകെയിലാകെ 3 കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രാജ്യത്ത് ശരാശരി കോവിഡ് ബാധിതരുടെ എണ്ണം മെയ് അവസാനം മുതൽ കുത്തനെ കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏഴു ദിവസത്തെ ശരാശരി രോഗബാധിതരുടെ എണ്ണം 3500 -ൽ നിന്ന് 16000 -ത്തിൽ എത്തിയതിൻെറ ആശങ്കയിലാണ് രാജ്യം. രോഗവ്യാപനത്തിൻെറ വർദ്ധനവിന് ആനുപാതികമായി മരണനിരക്ക് ഉയരുന്നില്ല എന്ന ആശ്വാസത്തിലാണ് ബ്രിട്ടൻ. കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ ശരാശരി നിലവിൽ 17.4 ആണ്. എന്നാൽ രണ്ടാം തരംഗത്തിൻെറ മൂർദ്ധന്യത്തിൽ ജനുവരിയിൽ ഇത് 1200 -ൽ കൂടുതലായിരുന്നു. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണവും ഈ ഘട്ടത്തിൽ താരതമ്യേന കുറവാണ്. നിലവിൽ 1500 -ൽ അധികം ആൾക്കാരാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ജനുവരി പകുതിയോടെ ഇത് 39000 -ത്തിൽ അധികമായിരുന്നു.