ന്യൂസ് ഡെസ്ക് മലയാളം യുകെ
53 % പേർക്കും മുൻതലമുറയെക്കാൾ പ്രായക്കൂടുതൽ എത്തിയാൽ മാത്രമാണ് തങ്ങൾ മധ്യവയസ്സിൽ എത്തിയതായി തോന്നുന്നത്. മിക്കവർക്കും അൻപതു വയസ്സ് കഴിഞ്ഞാൽ മാത്രമാണ് അത് സമ്മതിച്ചു നൽകുന്നതും.
രണ്ടായിരത്തോളം വ്യക്തികളിൽ നടത്തിയ പഠനത്തിൽ സ്വന്തംശരീരം അനുസരിക്കാതെ ആവുന്നതും, കുടവയറും, മികച്ച പാട്ടുകളെ പറ്റി ധാരണയില്ലാതെയാവുന്നതുമാണ് മധ്യവയസ്സ് എത്തി എന്നറിയാൻ ഉള്ള എളുപ്പവഴി. കുനിഞ്ഞ് എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ വേദന തോന്നുന്നതും മുരളുന്നതും സമാനമായ ലക്ഷണമാണെന്നും ഇവർ കരുതുന്നുണ്ട്. ഡോക്ടർമാരും അധ്യാപകരും പോലീസുകാരും കൂടുതൽ കാലം യൗവനയുക്തരായിരിക്കുന്നു എന്നും അവർ സമ്മതിക്കുന്നുണ്ട്.

കൂടുതൽ പുരുഷന്മാരും നാല്പത്തിയെട്ടാമത്തെ വയസ്സിൽ മധ്യവയസ്സിൽ എത്തിയതായി സമ്മതിക്കുമ്പോൾ സ്ത്രീകളിൽ അത് 45 വയസ്സാണ്. സ്ത്രീകൾക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്.
പക്ഷെ പത്തിലൊരു ശതമാനം പേരും മധ്യവയസ്സ് വളരെ താമസിച്ചു മാത്രം എത്തി ചേരുന്ന ഒരു അവസ്ഥയാണെന്നും ഹൃദയാഘാതത്തെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ വളരെ നേരത്തെ ഭയപ്പെടേണ്ടതില്ല എന്നും ചിന്തിക്കുന്നവരാണ്. ഡോക്ടർ മെഗ് ആരോൾ എന്ന സൈക്കോളജിസ്റ്റ് പറയുന്നത് ഇത്തരത്തിൽ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമുള്ള മാനസികാവസ്ഥ തന്നെ പകുതിയിലധികം രോഗങ്ങളെ ചെറുത്തു നിർത്തുമെന്നാണ്.

വാർദ്ധക്യം എത്തുന്നതിനു തൊട്ടു മുൻപ് മാത്രമാണ് മിക്കവരും മധ്യവയസ്സിൽ എത്തിയതായി സമ്മതിച്ചു തരുന്നത്. അധികം പേർക്കും മധ്യവയസ്സ് എന്നാൽ പ്രായമല്ല മാനസിക അവസ്ഥയാണ്. മുൻപ് ചെയ്തിരുന്ന ജോലികൾ ഒക്കെയും ചെയ്യാൻ ആയാസം തോന്നുന്നതാണ് പ്രധാന പ്രശ്നം. അവർക്ക് പുതു തലമുറക്ക് അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, പുതുതായി നടക്കുന്ന കാര്യങ്ങൾ അറിയാതെ ആവുന്നതും, പുതിയ തലമുറയുടെ ഭാഷാ രീതിയും ആശയങ്ങളും മനസ്സിലാക്കാതെ പോകുന്നതും അവരെ അലട്ടുന്നുണ്ട്. സ്ത്രീകളിലാണ് കൂടുതലായി ഉറക്കക്കുറവ്, ബലക്ഷയം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കണ്ടുവരുന്നത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈസ്റ്റർ കർത്താവിന്റെ ഉയർപ്പ് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. ആ ഒരു ദിവസത്തിലൂടെ നമ്മളിൽ ഉണ്ടായിരുന്ന അല്ലെങ്കിൽ ഹാങ്ങ് ചെയ്യപ്പെട്ടു കിടന്നിരുന്ന പല ദുഷ് ചിന്തകളുടെയും പിടിവാശികളുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയുമെല്ലാം ആണികൾ പൊട്ടിച്ചെറിഞ്ഞു മനസിനേറ്റ പലവിധ ഭാരങ്ങളായ വല്യ പാറകല്ലുകൾ തള്ളി നീക്കി ഉയർത്തെഴുന്നേൽക്കാൻ ഒരു പുലരി നമുക്കായ് അണിഞ്ഞൊരുങ്ങുന്നു .
നമ്മളിലുള്ള പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി നല്ലൊരു മനുഷ്യനെ ധരിക്കുവാൻ ഈസ്റ്റർ നമ്മളോട് ആവശ്യപ്പെടുന്നതിനു പിന്നിൽ വേറെയും ചില കാരണങ്ങളുണ്ട്.
നമുക്കന്യമായിരുന്ന ഈസ്റ്റർ നമ്മുടെ ഇന്ത്യക്കാരുടെ കൂടിയായ് മാറിയത് മിഷനറീസ് വന്നപ്പോൾ മുതലാണ് . മിഷനറീസുമാർ കൂടുതലും യുറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ളവരാണ്. അങ്ങനെ നോക്കുമ്പോൾ ഈസ്റ്റർ മിക്കവാറും മാർച്ച് ഏപ്രിൽ മാസങ്ങളിലായി ആണ് വരാറുള്ളത്. യൂറോപ്യൻ സമയം മാറുന്നതും ഏകദേശം ആ ഒരു സമയത്താണ്. അങ്ങനെ വരുമ്പോൾ അവർ സമ്മറിനെ വരവേൽക്കുകയാണ്. കാടുപിടിച്ചു കിടന്നിരുന്ന ചതുപ്പു പ്രാദേശങ്ങളെ വെട്ടിയൊരുക്കി വിത്തുകൾ പാകിയൊരുക്കി പുഷ്പിക്കാൻ റെഡിയാക്കുകയാണ് .
ഒരുവിത്തു പോലെ ഇരുണ്ടു തണുത്തു ഹൈബ്രിനേറ്റ് ആയികിടന്നിരുന്ന നമ്മളെയും മറ്റു ജീവജാലങ്ങളെയുമൊക്കെ ഒന്നുണർത്തിയെടുത്തു സൂര്യപ്രകാശത്തിന്റെ മൊത്ത ബെനെഫിറ്റ് കിട്ടാൻ നമ്മളെ ശാരീരികമായും മനസികാപരമായും ഉണർത്താനും, തണുപ്പിൻെറ ആഘാതത്തിൽ ഉറങ്ങിക്കിടന്നിരുന്ന നമ്മുടെ ശരീരത്തിൻെറ സെല്ലുകളെ ഇളം വെയിലിൻെറ സ്പർശനമേൽപിക്കാനുമൊക്കെയായ് അതിരാവിലെ പള്ളിമണികളും പാട്ടുകളുമൊക്കെയായ് അന്തരീക്ഷം കൊഴുപ്പിച്ചു നമ്മളെയൊക്കെ നേരത്തെ വിളിച്ചെഴുന്നേല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിക്കുന്നത് നമ്മളുടെ ശാരീരികവും മാനസികാപരവുമായ ഉയർത്തെഴുന്നേൽപ്പിനെയാണ്.
നമ്മുടെ ആത്മാവിന്റെ ഉയർപ്പിനായ് പാതിരാകുർബാനകളും…നാവിന്റെ രസമുകുളങ്ങളെ ഉണർത്താനായി പലതരം ഈസ്റ്റർ വിഭവങ്ങളും..ശാരീരിക ഉണർവിനായ് പുത്തനുടുപ്പുകളും …ബന്ധങ്ങളുടെ ഉയർപ്പിനായ് ബന്ധുമിത്രാതികളുടെ കൂടികാഴ്ചകളുമൊക്കെയായ് അങ്ങനെ പലവിധ ഉത്സവക്കൊഴുപ്പുകൾ കാരണമായി മാറുന്നതും ഈ മാസങ്ങളിലാണ് …
The sun light makes us feel good – this is a known fact, and one of the reasons we have so many people suffering from SAD (seasonal affective disorder) during the dark, cold months.)
അതുപോലെ തന്നെ നിറം മങ്ങിക്കിടക്കുന്ന പുലരികളെ വർണാഭമാക്കികൊണ്ട് കടന്നുവരുന്ന നോർത്ത് ഇന്ത്യാക്കാരുടെ ഹോളിയും, കേരളീയ ഉത്സവമായ വിഷുവും, കന്നടക്കാരുടെ ഉഗാദിയുമൊക്കെ നമ്മുടെ ഉയർപ്പുതിരുനാളിനോട് ചുറ്റിപ്പറ്റിയാണ് .
ആ ദിവസങ്ങളെയൊക്കെ വരവേൽക്കാൻ ആരവവും കണിക്കൊന്നയും കണികാണലും ചമയങ്ങളും കൈനീട്ടങ്ങളും പൂരങ്ങളും, ഈസ്റ്റർ ബണ്ണിയും, ഈസ്റ്റർ എഗ്ഗ്‌സും തെയ്യങ്ങളുമൊക്കെയായ് ഈ ഒരു കാലയളവ് നമ്മുടെ കണ്ണിനും മനസിനും കുളിമയേകികൊണ്ട് ഒരുതരത്തിൽ നമുക്കു ഒരു ഉയർത്തെന്നേൽപ്പിനു കാരണമാകുന്നു .
അപ്പോൾ നമുക്ക് ഈ ഈസ്റ്റർ ദിനത്തിൽ നമ്മുടെ പഴയകാല ചെയ്‌തികളെയൊക്കെയൊന്നു ചെത്തി മിനുക്കിയൊരുക്കി പുതിയൊരു കാലഘട്ടത്തിലേക്ക് നമ്മൾ ഉയർത്തെഴുന്നേൽക്കാൻ റെഡിയല്ലേ ?

ഷെഫ് ജോമോൻ കുര്യക്കോസ്
പൈനാപ്പിൾ ഇട്ടു വരട്ടിയ പോർക്ക്
പോർക്ക് മാരീനേഷനു ആവശ്യമായ ചേരുവകൾ
പോർക്ക് / പന്നി ഇറച്ചി ( ബോൺലെസ്സ് ) 1 കിലോ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
മുളകുപൊടി 1ടീസ്പൂൺ
ഗ്രീൻ ചില്ലി 2എണ്ണം
ചില്ലി ഫ്ലെക്സ് 1 ടീസ്പൂൺ
ഇഞ്ചി ചതച്ചത് 1ടീസ്പൂൺ
ഉപ്പു പാകത്തിന്
മസാലയ്ക്ക് വേണ്ട ചേരുവകൾ
വെളിച്ചെണ്ണ 3 ടീസ്പൂൺ
കുഞ്ഞുള്ളി പൊളിച്ചത് 2 കപ്പ്
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് 2 ടീസ്പൂൺ
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
മല്ലിപൊടി 3 ടീസ്പൂൺ
തേങ്ങാ കൊത്ത് 1/2 കപ്പ്
പൈനാപ്പിൾ ക്യൂബ്സ് 1കപ്പ്
കറി വേപ്പില 3 സ്ട്രിംഗ്
പാകം ചെയ്യുന്ന വിധം
പോർക്ക് ചെറിയ കഷണങ്ങൾ ആയി മുറിച്ചു നന്നായി കഴുകി എടുത്ത് മാരിനേഷനു വേണ്ട ചേരുവകൾ ചേർത്ത് ഒരു 1/2 കപ്പ് വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ അടച്ചു വെച്ച് ചെറിയ തീയിൽ പോർക്കിന്റെ കഷ്ണങ്ങൾകുക്ക് ആവുന്നത് വരെ വേവിക്കുക. പ്രഷർ കുക്കറിൽ ആണെങ്കിൽ 3 വിസിൽ വരുന്ന വരെ വേവിക്കുക. പോർക്ക് വേവുന്ന സമയം കൊണ്ട് ഒരു പാൻ / ഉരുളി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ല പോലെ ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു നല്ല ഗോൾഡൺ നിറം ആകുന്നതു വരെ വഴറ്റുക. അതിലേക്ക് കുഞ്ഞുള്ളി ചേർത്ത് നല്ല പോലെ വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .മസാലയുടെ പച്ചമണം മാറിയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന പോർക്ക് ചേർത്തു വറ്റിച്ചെടുക്കുക. പകുതി വറ്റി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് ഇളക്കുക. നല്ല ചൂടിൽ വറ്റി വരുന്ന പോർക്കിൽ പൈനാപ്പിളിന്റെ മധുരം കാരണം നല്ല പോലെ കാരമലൈസ്ഡ് ആവുകയും ചെറിയ പുളി അതിന്റെ രുചി കൂട്ടുകയും ചെയ്യും.

ഷെഫ് ജോമോൻ കുര്യാക്കോസ്

അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്, അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.
ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.
എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടു. മെഡിസിൻ റെഗുലേറ്റർ ആണ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

എന്നാൽ പ്രതിരോധ കുത്തിവെയ്‌പ്പ് കൊണ്ട് കൈവരിച്ച നേട്ടം കണക്കാക്കുമ്പോൾ അപകടസാധ്യത വളരെ കുറവാണെന്നാണ് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അഭിപ്രായം . നേരത്തെ ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വാക്സിനേഷനിലൂടെ നേടുന്ന കോവിഡ്-19 നെതിരെയുള്ള പ്രതിരോധം കണക്കാക്കുമ്പോൾ അപകട സാധ്യത വളരെ കുറവാണെന്നും പൊതുജനങ്ങൾ തുടർന്നും വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജൂൺ റെയിൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കൂളിൽനിന്ന് അധ്യാപകരും മറ്റും ഏഴാമത്തെ വയസ്സിൽ തള്ളിക്കളഞ്ഞ ഡിസ്ലെക് സിയ ബാധിച്ച 12 വയസ്സുകാരൻ ഒമാറി മക്ക് വീൻ ഇന്ന് വിജയകരമായി ഒരു റസ്റ്റോറന്റ് നടത്തുകയാണ്. അതോടൊപ്പം തന്നെ സ്വന്തമായി ടിവിയിൽ ഒരു കുക്കിംഗ് ഷോയും നടത്തി ഒമാറി മറ്റുള്ളവർക്ക് ഒരു അത്ഭുതമായി മാറുകയാണ്. ഈ പ്രായത്തിനിടയിൽ സ്വന്തമായി ഒരു ബുക്കും ഒമാറി പ്രസിദ്ധപ്പെടുത്തി. സ്വന്തം ഹീറോയായ ഗോർഡൻ റാംസെയെ കാണണം എന്നുള്ളതാണ് ഒമാറിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം തന്നെ ഈ വർഷം അവസാനം രണ്ടാമത്തെ ബുക്കും പ്രസിദ്ധപ്പെടുത്താൻ ഈ 12 വയസ്സുകാരൻ പ്രയത്നിക്കുകയാണ്.

സ്കൂളിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ തനിക്ക് വിഷമം ഉണ്ടായിരുന്നതായും, എന്നാൽ പിന്നീട് കുക്കിംങ്ങി ലേയ്ക്ക് മാറുകയായിരുവെന്നും ഒമാറി പറഞ്ഞു. ഇതോടൊപ്പംതന്നെ ബ്ലാക്ക് പാന്തർ സിനിമയിലെ ചാഡ് വിക്ക് ബോസ് മാനും തന്നെ ഏറെ സ്വാധീനിച്ചതായി ഒമാറി പറഞ്ഞു. തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഒമാറി ലണ്ടൻ ഫുഡ് ഹാൾ സി ഇ ഒ റോജർ വെയ് ഡിനോട് താൻ മുതിർന്നതാകുമ്പോൾ ബോക് സ് പാർക്കിൽ തനിക്കൊരു റസ്റ്റോറന്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ തന്നെ ഫ്രീ ആയി എടുത്തു കൊള്ളുവാൻ ആണ് അദ്ദേഹം മറുപടി നൽകിയത്.

ഒമാറി തന്റെ കുടുംബത്തോടൊപ്പ ലണ്ടനിലെ പെക്ഹാമിലാണ് താമസിക്കുന്നത്. മാതാവ് ലിയയും, പിതാവ് ജെർമെയിനും ഒമാറിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഒമാറി വിജയകരമായി തന്റെ സി ബി ബി സിയിലെ ടിവി ഷോയും നടത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മിഡ് ലാൻഡിൽ നായ്ക്കളുടെ ആക്രമണത്തിൽ 80 വയസ്സുള്ള വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത്. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ നല്കിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ അവർ മരിച്ചതായി വെസ്റ്റ് മിഡ്ലാൻഡ് പോലീസ് പറഞ്ഞു.

നായ്ക്കളുടെ ഉടമ പോലീസ് കസ്റ്റഡിയിലാണ്. രണ്ടു നായ്ക്കളെയും പിടികൂടിയിട്ടുണ്ട്. തൻറെ വീടിൻറെ പൂന്തോട്ടത്തിൽ വച്ചാണ് മരണമടഞ്ഞ സ്ത്രീക്ക് നായ്ക്കളുടെ ആക്രമണമേറ്റത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണ കാരണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വെളിപ്പെടുത്തി.
ദുഃഖവെള്ളിയാഴ്‌ച അക്ഷരാർദ്ധത്തിൽ യുകെയിൽ മലയാളികൾക്ക് വേദനയുടേതായി. യുകെയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇന്ന് വെളുപ്പിനെ A14 വച്ചുണ്ടായ അപകടത്തിൽ പെട്ട് തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) മരണമടഞ്ഞു. ഇന്ന് പുലർച്ചെ 4.50 നാണ് അപകടം നടന്നത് . A14 ജംഗ്ഷൻ 51 നും 50 യ്ക്കുമിടയിൽ കോഡെൻഹാമിലാണ് അപകടം സംഭവിച്ചത്.
നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.
നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അമൽ പ്രസാദിൻെറ അകാല വിയോഗത്തിൽ മലയാളം യുകെന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഞ്ഞൂറോളം പേർ വരുന്ന യാത്രക്കാരുമായി തായ്‌വാനിലെ ഒരു തുരങ്കത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. 48 ഓളം പേർ മരണപ്പെട്ടെന്നാണ് പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 200 ഓളം പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ടൈറ്റുങിലേക്കുള്ള യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.

ട്രെയിൻ തിങ്ങിനിറഞ്ഞ് ആൾക്കാർ ഉണ്ടായിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു ഇത് അപകടത്തിൻെറ വ്യാപ്തി കൂടാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. തായ്‌വാനിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്ന് നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ തായ്‌വാനിൽ നടന്ന ട്രെയിനപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും യുകെയുടെ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അടുത്ത മാസം മുതൽ തന്നെ വാക്സിൻ പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. തുടക്കത്തിൽ തിയേറ്ററുകളിലും സ്റ്റേഡിയങ്ങളിലും ആയിരിക്കും ഈ സംവിധാനം നടപ്പിലാക്കുക. പിന്നീട് ഇതു പബ്ബുകളിലേക്കും, റസ്റ്റോറന്റ്, നൈറ്റ് ക്ലബ് മുതലായ സ്ഥലങ്ങളിലും നടപ്പിലാക്കും. ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് വിരൽത്തുമ്പിൽ ലഭിക്കുക എന്നതാണ് വാക്സിൻ പാസ്പോർട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും, അതോടൊപ്പം തന്നെ സ്റ്റേഡിയങ്ങൾ, റസ്റ്റോറന്റുകൾ മുതലായവയിലേക്കുള്ള എൻട്രിക്കും സഹായകമാകും. എന്നാൽ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായിരിക്കുന്നത്. എഴുപത്തിരണ്ടോളം എംപിമാരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ജനങ്ങളിൽ വിവേചനത്തിന് ഇടയാക്കുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഇതോടൊപ്പംതന്നെ ജൂൺ 21 മുതൽ നിയന്ത്രണങ്ങൾ എല്ലാം അവസാനിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും, വാക്സിൻ പാസ്പോർട്ട് സ്കീമിനെ അനുസരിച്ചായിരിക്കും എന്നുള്ളത് വിവാദങ്ങൾക്ക് വീണ്ടും വഴിവയ്ക്കുന്നു.

വാക്സിൻ പാസ്പോർട്ട് സംവിധാനം ബിസിനസ് ചെയ്യുന്നവർക്കും, കസ്റ്റമേഴ്സിനും കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ യാത്രകൾക്ക് വാക്സിൻ പാസ്പോർട്ടുകൾ ഇനിമുതൽ നിർബന്ധമാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 50 വയസ്സിന് മുകളിലുള്ളവരിൽ 93 ശതമാനത്തോളം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ ഈസ്റ്റർ കാലത്ത് ജനങ്ങൾ ജാഗ്രത കൂടുതൽ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നുണ്ട്.

പുതിയ സ്കീമിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് ഫോണിലൂടെ അറിയാൻ സാധിക്കും. ഇതിനായി എൻഎച്ച്എസ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുകയാണ്. എല്ലാവരും ഇത് അംഗീകരിക്കണമെന്നും, ഇനിയുള്ള വിദേശ യാത്രകൾക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.