ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് രാജ്യത്തിൽ നിന്നുള്ള സന്ദർശകർക്ക് ഹോങ്കോങ് നിരോധനം ഏർപ്പെടുത്തി . ബ്രിട്ടീഷ് സന്ദർശകർക്കുള്ള യാത്രാവിലക്ക് ഈ വ്യാഴാഴ്ച മുതൽ നിലവിൽ വരും. കോവിഡ് -19 ൻെറ ജനിതകമാറ്റം വന്ന പുതിയ വകഭേദമായ ഡെൽറ്റാ വേരിയന്റിൻെറ വ്യാപനം തടയുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.

ബ്രിട്ടീഷ് യാത്രക്കാരെ നിരോധിക്കാനുള്ള ഹോങ്കോങ്ങിൻെറ നീക്കം യുകെയിൽ നിന്നുള്ള ബിസിനസ് യാത്രകളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന വ്യവസായിക കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഹോങ്കോങ്ങുമായുള്ള യാത്രാനിരോധനം രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടിയായേക്കും. പുതിയ നിയമം അനുസരിച്ച് ബ്രിട്ടനിൽ രണ്ടു മണിക്കൂറിലേറെ ചിലവഴിച്ചവർക്ക് ഹോങ്കോങ്ങിൽ പ്രവേശിക്കുന്നതിന് സാധിക്കില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹോങ്കോങ് ഇതിനകം നിരോധിച്ചിട്ടുണ്ട്