ലണ്ടൻ : ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 21നകം അവസാനിപ്പിക്കാനുള്ള പദ്ധതി പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കർശനമായ നിബന്ധനകൾ പാലിച്ചാൽ നാല് ഘട്ടങ്ങളായി ലോക്ക്ഡൗൺ ലഘൂകരിക്കും. ഏറ്റവും പുതിയ പദ്ധതി പ്രകാരം ഏപ്രിൽ 12 ന് ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ജിമ്മുകൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി എന്നിവ ഇംഗ്ലണ്ടിൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. മെയ് 17 മുതൽ രണ്ട് വീടുകളിലെ ആളുകൾക്ക് വീടിനുള്ളിൽ കൂടിച്ചേരാൻ അനുവാദമുണ്ട്. അതേസമയം ‘റൂൾ ഓഫ് സിക്സ്’ പബ്ബുകൾ പോലുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കും. ഓരോ ഘട്ടങ്ങളിലും നാല് കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമാവും ഇളവുകൾ കൊണ്ടുവരിക. വാക്സിൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക, അതിലൂടെ രോഗവ്യാപനം കുറയ്ക്കുക, ആശുപത്രികൾക്ക് മേൽ സമ്മർദ്ദം കൂടാതിരിക്കുക, ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഉണ്ടാവാതിരിക്കുക എന്നിവ വിശകലനം ചെയ്യും.
മാർച്ച് 8ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മാർച്ച് 8 മുതൽ എല്ലാ സ്കൂളുകളിലും ക്ലാസ്സിന് ശേഷമുള്ള കായിക,വിനോദ പ്രവർത്തനങ്ങളും അനുവദിക്കും. രണ്ട് പേർക്ക് പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. മാർച്ച് 29 മുതൽ ആറു പേർക്കോ രണ്ട് കുടുംബങ്ങൾക്കോ പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. സ്വകാര്യ ഉദ്യാനങ്ങളിലെ ഒത്തുചേരലുകൾ ഇതിൽ ഉൾപ്പെടും. ടെന്നീസ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ പോലുള്ള ഔട്ട്ഡോർ കായിക സൗകര്യങ്ങൾ വീണ്ടും തുറക്കും.
ഏപ്രിൽ 12 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ അനിവാര്യമായ കടകൾ തുറക്കും. ബിയർ ഗാർഡനുകൾ, മൃഗശാലകൾ, തീം പാർക്കുകൾ, ലൈബ്രറികൾ എന്നിവയും തുറന്ന് പ്രവർത്തിക്കും. സ്വിമ്മിംഗ് പൂളുകളും ജിമ്മുകളും തുറക്കുന്നതോടൊപ്പം കാറ്ററിംഗ് ലെറ്റുകൾ, ക്യാമ്പ് സൈറ്റുകൾ എന്നിവയും പ്രവർത്തനം ആരംഭിക്കും. അന്താരാഷ്ട്ര വിനോദ യാത്രാ നിയന്ത്രണങ്ങളുടെ അവലോകനം ഏപ്രിൽ 12 നകം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മൂന്നാം ഘട്ടം മെയ് 17ന് ആരംഭിക്കും. സാഹചര്യം അനുകൂലമെങ്കിൽ റൂൾ ഓഫ് സിക്സ് അവസാനിപ്പിക്കും. രണ്ട് വീടുകൾക്കൊരുമിച്ച് വീടിനുള്ളിൽ ഒത്തുകൂടാൻ സാധിക്കും. സാമൂഹിക അകലം നിലനിൽക്കുമെങ്കിലും സിനിമ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പതിനായിരത്തോളം പേരെ പ്രവേശിപ്പിക്കും. 30 പേർക്ക് വരെ വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാം.
നാലാം ഘട്ടത്തിനുമുമ്പ്, മന്ത്രിമാർ നടപടികൾ അവലോകനം ചെയ്യും. ജൂൺ 21 മുതൽ ആരംഭിക്കുന്ന നാലാമത്തെ ഘട്ടത്തിൽ എല്ലാ സാമൂഹിക നിയന്ത്രണങ്ങളും ഇല്ലാതാക്കും. നൈറ്റ്‌ക്ലബുകൾ ആരംഭിക്കും. വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങളും നിർത്തലാക്കുമെന്ന് സർക്കാർ അറിയിച്ചു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഈ പദ്ധതിയെ സ്വാഗതം ചെയ്തെങ്കിലും ബിസിനസുകൾക്കും തൊഴിലാളികൾക്കുമായുള്ള ഫർലോഫ് പദ്ധതിയുടെ ഭാവി സംബന്ധിച്ച് സർക്കാർ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വസന്തകാലവും വേനൽക്കാലവും പ്രതീക്ഷയുടെ ഋതുക്കളായിരിക്കുമെന്നും രോഗവ്യാപനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൗണിംഗ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ പ്രതിരോധ കുത്തിവെപ്പ് ലഭിച്ച ആരോഗ്യപ്രവർത്തകർ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇടവേളയ്ക്ക് മുൻപ് രണ്ടാം പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കരുതെന്ന് എൻഎച്ച്എസ് മുന്നറിയിപ്പുനൽകി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബിർമിങ്ഹാം ഫൗണ്ടേഷൻ ട്രസ്റ്റാണ് അനുവദനീയമായ കാലപരിധിക്ക് മുൻപ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ഇമെയിൽ സന്ദേശം അയച്ചത്.

രണ്ടാം പ്രതിരോധകുത്തിവെപ്പ് മാർച്ചിൽ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി. ഒന്നാമത്തെയും രണ്ടാമത്തെയും പ്രതിരോധകുത്തിവെപ്പുകൾ തമ്മിൽ 12 ആഴ്ചത്തെ ഇടവേളയാണ് യുകെയിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയും മറ്റു രാജ്യങ്ങളും പിന്തുടരുന്ന ആറ് ആഴ്ചത്തെ കാലാവധിയിൽ നിന്ന് വ്യത്യസ്തമായുള്ള കാലയളവ് നിശ്ചയിച്ചത് നേരത്തെ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം ഡോസ് തന്നെ ഗണ്യമായ സംരക്ഷണം നൽകുമെന്നും പരമാവധി ആൾക്കാർക്ക് എത്രയും പെട്ടെന്ന് ഒരു ഡോസ് എങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വിമർശനങ്ങൾക്ക് മറുപടിയായി ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസർ തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചവർക്ക് തന്നെ വൈറസ് ബാധിക്കാനുള്ള സാധ്യത 85 മുതൽ 94 ശതമാനം വരെ കുറയപ്പെട്ടു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സമീപകാല ചരിത്രത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. എന്നാൽ യുകെയിലെ പ്രവാസി മലയാളികളുടെ പ്രധാന നിക്ഷേപമായ വീടു വില സംബന്ധിച്ച് ആശാവഹമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രോപ്പർട്ടി മാർക്കറ്റ് ആയതിനാൽ വീടുവില ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സാമ്പത്തിക മേഖലയ്ക്ക് മൊത്തത്തിൽ ഉത്തേജനമാകാൻ സാധ്യതയുണ്ട്.

ഈ വർഷം പ്രോപ്പർട്ടി മാർക്കറ്റിൽ അഞ്ച് ശതമാനത്തോളം വിലവർധനവാണ് പ്രതീക്ഷിക്കുന്നത് . കോവിഡ് മൂലം മൊത്തം സമ്പദ് വ്യവസ്ഥ 10% ചുരുങ്ങിയെങ്കിലും, വീടുവിലയിൽ വർദ്ധനവിനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2021 മാർച്ച് 31 വരെ വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവു നൽകിയത് പ്രോപ്പർട്ടി മാർക്കറ്റിൽ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞദിവസം ഡെൻവറിൽ നിന്ന് പറന്നുയർന്നതിന് ശേഷം തീ പിടിച്ച ബോയിങ് ബി 777 വിമാനങ്ങൾ താൽക്കാലികമായി നിരോധിച്ച് യുകെ. ബോയിംഗ് ബി 777 വിമാനങ്ങളിൽ അടുപ്പിച്ച് രണ്ട് തവണ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വിറ്ററിലൂടെ ഈ നീക്കം അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തിൽ മാസ്ട്രിക്റ്റ് എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ഭാഗങ്ങൾ വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. 231 യാത്രക്കാരും 10 ജീവനക്കാരും ഈ വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.

ഫെഡറൽ ഏവിയേഷൻ അതോറിറ്റി (എഫ്എഎ) പരിശോധനയ്ക്ക് ശേഷം മാത്രമേ ഇന്ന് പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുകളിൽ പ്രവർത്തിക്കുന്ന എല്ലാ 777 വിമാനങ്ങളും ഗതാഗതത്തിന് ഉപയോഗിക്കുകയുള്ളൂ എന്ന് ബോയിങ് അറിയിച്ചു. നെതർലാൻഡിൽ ബോയിങ് ബി 777 വിമാനങ്ങളിൽ തീപിടിച്ച ഭാഗങ്ങൾ കണ്ടെത്തിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചും കോവിഡ് നിയന്ത്രണത്തിനുള്ള പുതിയ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദമായ രൂപരേഖ രാജ്യത്തിന് സമർപ്പിക്കും. എന്തൊക്കെയാകും ലോക്ക്ഡൗൺ ഇളവുകൾ എന്നതിനെകുറിച്ച് ചൂടുപിടിച്ച ചർച്ചകളാണ് രാജ്യമെങ്ങും പുരോഗമിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനും കുടുംബങ്ങൾ തമ്മിലും പ്രിയപ്പെട്ടവരുമായുള്ള പുനഃസമാഗമത്തിനും പ്രാധാന്യം നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

ദീർഘകാലമായി രാജ്യം കാത്തിരുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ മാർച്ച് -29 മുതൽ ആറു പേരുടെയോ രണ്ടു കുടുംബങ്ങളിലെ അംഗങ്ങൾക്കോ ഒത്തുചേരലിനുള്ള അനുമതി ഉണ്ടാകും എന്നാണ് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകളാലും രാജ്യത്തിലെ കൊറോണാ വൈറസ് വ്യാപനം നിയന്ത്രണത്തിലായതായാണ് പൊതുവേയുള്ള വിലയിരുത്തൽ . എങ്കിലും ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യാപനത്തെ കുറിച്ചുള്ള ആശങ്ക ആരോഗ്യപ്രവർത്തകർ മറച്ചുവയ്ക്കുന്നില്ല. ഇതിനിടെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിഞ്ഞതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 215 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. ഇന്നലെ പുതിയതായി 9834 പേർക്കാണ് രോഗം ബാധിച്ചത് . ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജീവന്റെ തുടിപ്പില്ലാത്ത ഹൃദയങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ ജീവൻ നൽകിയപ്പോൾ അത് സ്വീകരിച്ച ആറു കുട്ടികളും പ്രതീക്ഷയുടെ ഭാവിജീവിതം സ്വപ്നം കണ്ടു. ഒരു മെഷീൻ ഉപയോഗിച്ച് ദാതാക്കളുടെ ഹൃദയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ എൻ എച്ച് എസ് ഡോക്ടർമാർക്ക് സാധിച്ചു. ഇത് ലോകത്തിലാദ്യമാണ്. ഈ സാങ്കേതികവിദ്യ 12 മുതൽ 16 വയസ്സുവരെയുള്ള ആറ് ബ്രിട്ടീഷ് കുട്ടികളുടെ ജീവൻ രക്ഷിച്ചു. ട്രാൻസ്പ്ലാന്റുകൾ എല്ലാം നടന്നത് പകർച്ചവ്യാധിയുടെ സമയത്താണ്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ ഹൃദയങ്ങളാണ് എല്ലായ്‌പോഴും ട്രാൻസ്‌പ്ലാന്റ് നടത്താൻ ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ നിർജീവമായ ഹൃദയങ്ങൾക്കാണ് പുതുജീവൻ പകർന്നത്. കേംബ്രിഡ്ജ്ഷയറിലെ റോയൽ പാപ് വർത്ത് ആശുപത്രിയിലെ ഡോക്ടർമാരാണ് പ്രത്യേക യന്ത്രം ഉപയോഗിച്ച് ഹൃദയങ്ങൾക്ക് ജീവൻ പകർന്നത്. ഈ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ ആദ്യത്തെ ആളാണ് വോർസെസ്റ്ററിൽ നിന്നുള്ള പതിനാറുകാരിയായ അന്ന ഹാഡ്‌ലി. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി അന്ന രണ്ട് വർഷം കാത്തിരുന്നു. സാധാരണ ജീവിതത്തിലേക്ക് താൻ തിരികെ എത്തിയെന്നും തനിക്ക് ഇപ്പോൾ വീണ്ടും ഹോക്കി കളിക്കാൻ കഴിയുമെന്നും അന്ന വെളിപ്പെടുത്തി.

ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഈ പുതിയ ട്രാൻസ്പ്ലാന്റിൽ, ദാതാക്കളിൽ നിന്ന് നീക്കം ചെയ്തുകഴിഞ്ഞ ഹൃദയങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ ഓർഗൻ കെയർ സിസ്റ്റം എന്ന ഹാർട്ട് ഇൻ ബോക്സ് മെഷീൻ ഉപയോഗിച്ചു. മനുഷ്യശരീരത്തിന്റെ അവസ്ഥകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഹൃദയമിടിപ്പ് വീണ്ടും ആരംഭിക്കാൻ ഒരു ഡിഫിബ്രില്ലേഷൻ പൾസ് ഉപയോഗിച്ചുകഴിഞ്ഞാൽ, അവ താപനില നിലനിർത്തി സൂക്ഷിക്കുകയും ദാതാവിന്റെ രക്തത്തിന്റെ 1.5 ലിറ്റർ പമ്പ് ചെയ്യുകയും ചെയ്യും. ആവശ്യമെങ്കിൽ റിമോട്ട് കണ്ട്രോൾ വഴി ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഡോക്ടർമാർക്ക് കഴിയും.

ഈ പുതിയ സാങ്കേതിക വിദ്യ ലോകമെമ്പാടുമുള്ള പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകരമാകുമെന്ന് എൻഎച്ച്‌എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻറ് മെഡിക്കൽ ഡയറക്ടർ ഡോ. ജോൺ ഫോർസിത്ത് പറഞ്ഞു. ഈ സാങ്കേതികവിദ്യ മുതിർന്നവരിൽ മുമ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ കുട്ടികളിൽ ഇത് ആദ്യമായാണ് ഉപയോഗിക്കുന്നത്. ഹൃദയം ലഭ്യമാകുന്നതിന് കുട്ടികൾ മുതിർന്നവരേക്കാൾ രണ്ടര ഇരട്ടി കൂടുതൽ കാത്തിരിക്കണം. “ലോകത്ത് മറ്റാരും ഇപ്പോൾ ഇത് ചെയ്യുന്നില്ല,” റോയൽ പാപ്‌വർത്തിലെ കൺസൾട്ടന്റ് കാർഡിയോത്തോറാസിക് ട്രാൻസ്പ്ലാൻറ് സർജൻ മാരിയസ് ബെർമാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടന്റെ ഭരണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാമുകി കാരി സിമണ്ട്സിന്റെ ഇടപെടലുകൾക്കെതിരെ അന്വേക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ടോറി പാർട്ടിയിലെ തന്നെ ഉന്നതർ. യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരിക്കെ, ഗവൺമെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ കാരിയുടെ ഇടപെടൽ ശക്തമായി ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഉപദേശകരേയും, സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും കാരി ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് ടോറി പാർട്ടി പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 2019 ൽ ബോറിസ് ജോൺസന്റെയും കാരിയുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്.

ഗവൺമെന്റ് ഉദ്യോഗസ്ഥരെ അപ്പോയിന്റ് ചെയ്യുന്നതിൽ കാരിയുടെ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അടുത്തിയിടെ ഗവണ്മെന്റ് ഉപദേശകരായി നിയമിക്കപ്പെട്ട ബറോനെസ്സ് ഫിൻ, ഹെൻറി ന്യൂമാൻ എന്നിവർ കാരിയുടെ അടുത്ത വിശ്വസ്ഥർ ആണെന്നാണ് ആരോപണം. കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ഉന്നത ചിന്താഗതിക്കാരുടെ കൂട്ടമായ ബോ ഗ്രൂപ്പാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിലോ ഗവൺമെന്റിലോ ഒരു സ്ഥാനവും ഇല്ലാതിരിക്കെ, രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളിലും സിമണ്ട്സിന്റെ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നാണ് വിമർശനം.

ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങളാണ് ഉയർന്നിരിക്കുന്നത്. ബ്രിട്ടനിലെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന രീതിയിലാണ് സിമണ്ട്സിന്റെ ഇടപെടൽ എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം തികച്ചും അസത്യമാണെന്ന് സിമണ്ട്സിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
21 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി അറ്റ് ലാൻറിക് സമുദ്രത്തിൻറെ കുറുകെ ഒറ്റയ്ക്ക് തുഴഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രത്തിൽ ഇടം നേടി. നോർത്ത് യോർക്ക്‌ഷെയറിലെ തിർസ്‌കിൽ നിന്നുള്ള ജാസ്മിൻ ഹാരിസാണ് അതുല്യമായ നേട്ടത്തിന് ഉടമയായത്. 70 ദിവസവും 3 മണിക്കൂർ 48 മിനിറ്റ് കൊണ്ടാണ് താലിസ്‌കർ വിസ്കി അറ്റ് ലാന്റിക് ചലഞ്ചിൻെറ ഭാഗമായി 3000 മൈൽ ദൂരം ജാസ്മിൻ താണ്ടിയത്. കാനറി ദ്വീപുകളിൽ നിന്ന് ആന്റിഗ്വയിലേയ്ക്ക് ആയിരുന്നു സഞ്ചാരപഥം.

ലോകത്തിലെ ഏത് സമുദ്രവും ഒറ്റയ്ക്ക് തുഴയുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും ഇതിലൂടെ ജാസ്മിൻ കരസ്ഥമാക്കി . ഇതുപോലുള്ള വെല്ലുവിളികൾ ഇനിയും ഏറ്റെടുക്കുമെന്ന് ജാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 12 ന് ആരംഭിച്ച ദൗത്യത്തിൽ ആകെ 21 ടീമുകളാണ് ഉണ്ടായിരുന്നത്. 2010 ജനുവരി മൂന്നിനും മാർച്ച് 14 നും ഇടയിൽ അറ്റ് ലാൻറിക് സമുദ്രം കീഴടക്കിയ അമേരിക്കക്കാരിയായ 22 വയസ്സുകാരി കാറ്റി സ്പോട്ട്സിൻെറ റെക്കോർഡാണ് ജാസ്മിൻ മറികടന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ -31നകം രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് എങ്കിലും നൽകാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കുന്ന രൂപരേഖയുടെ ഭാഗമായി ഈ നിർണ്ണായക തീരുമാനവും ഉൾപ്പെടും എന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശരത് കാലത്തോടെ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബോറിസ് ജോൺസൻെറ പുതിയ പ്രഖ്യാപനം കൂടുതൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ ഉതകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എല്ലാ വിദ്യാർഥികളും മാർച്ച് എട്ടിന് സ്കൂളുകളിൽ തിരിച്ചെത്തുമെന്നും കെയർഹോം നിവാസികൾക്ക് ദിനംപ്രതി ഒരു സന്ദർശകരെ അനുവദിക്കുമെന്നുമുള്ള ലോക്ക്ഡൗൺ ഇളവുകൾ കഴിഞ്ഞദിവസങ്ങളിൽ ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 17 ദശലക്ഷം പേർക്കാണ് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 445 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 120,365 പേരാണ് പുതിയതായി രോഗബാധിതരായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമിതവണ്ണം കുറയ്ക്കാനുള്ള ഗോൾഡൻ റൂൾസ് പങ്കുവെക്കുകയാണ് ഡോക്ടർ മൈക്കിൾ. ശരീരഭാരം കുറയ്ക്കുക എന്നാൽ കുറച്ച് ദിവസത്തെ അധ്വാനത്തിന് ശേഷം ഫലം കണ്ടെത്തുക എന്ന് മാത്രമല്ല, കിട്ടിയ ഫലത്തെ അതുപോലെതന്നെ കൊണ്ടുനടക്കുക എന്നത് കൂടിയാണ്. പ്രത്യേകിച്ചും കൺമുന്നിൽ ബിസ്ക്കറ്റ്, ചോക്ലേറ്റ് പോലെയുള്ള മധുരിക്കുന്ന പ്രലോഭനങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ വഴി കുറച്ചു കൂടി ആയാസകരമാകുന്നു. ഒഫീഷ്യൽ ഡെയിലി കലോറി റെക്കമന്റെഷനുകൾ കുറച്ചു കാര്യമായി തന്നെ പാലിക്കേണ്ടി വരും.
കഴിഞ്ഞ സമ്മറിൽ നടത്തിയ അതേ ചലഞ്ച് തന്നെയാണ് ഇത്തവണയും അമിതവണ്ണമുള്ള 5 വോളണ്ടിയർമാരിൽ പരീക്ഷിച്ചു നോക്കിയത്. മൂന്ന് ആഴ്ചത്തേയ്ക്ക് 800 കലോറി ഡയറ്റ് ആണ് അവർക്ക് നിർദേശിച്ചത്. സമാനമായ രീതിയിൽ നടത്തിയ പഠനം ജനറൽ പ്രാക്ടീഷൻ ആയ ഭാര്യ ഡോക്ടർ ക്ലെയർ ബെയിലി കഴിഞ്ഞവർഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിഷ് ചെയ്തിരുന്നു. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചവർക്ക് 8 ആഴ്ച കൊണ്ട് ഒമ്പതര കിലോ ആണ് കുറഞ്ഞത്.

ഭാരം കുറഞ്ഞ എല്ലാവരും ആരോഗ്യകരമായ പുതിയ ശീലങ്ങളിലേക്ക് ചുവടുറപ്പിച്ചു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. രണ്ടു കുട്ടികളുടെ അമ്മയായ 34 കാരി സ്കൂൾ ടീച്ചർ കേറ്റിയെ കണ്ടുമുട്ടുമ്പോൾ അവർ അമിതവണ്ണം മൂല വലയുകയായിരുന്നു. 3 ആഴ്ച കൊണ്ട് 7.7 കിലോ കുറഞ്ഞു എന്ന് മാത്രമല്ല ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സാധിച്ചു. പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് മെറ്റബോളിക് റേറ്റിനെ സാരമായി ബാധിക്കും എന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ആരോഗ്യ ശീലങ്ങൾ തുടർന്നാൽ ശരീരത്തിന് ഒരു വിധത്തിലുള്ള കുഴപ്പവും സംഭവിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗവൺമെന്റ് നിർദേശിക്കുന്നത് പുരുഷന്മാർക്ക് 2500 കലോറിയും സ്ത്രീകൾക്ക് 2000 ആണെങ്കിലും, അതിലും കുറഞ്ഞ അളവ്, ഏകദേശം 1600 കലോറി മതി ഒരു വ്യക്തിയുടെ ശാരീരിക ക്ഷമതയ്ക്ക്. എന്നാൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് കലോറി മാത്രമല്ല, കണ്ട്രോൾ ചെയ്ത ഡയറ്റ് കൂടിയാണ്. ഭാരം കുറഞ്ഞാലും ആഴ്ചയിലൊരിക്കൽ തൂക്കം നോക്കാനും ഭാരം നിയന്ത്രിച്ചു നിർത്താനും ശ്രദ്ധിക്കണം.
കബോർഡിൽ നിന്നും ജങ്ക് ഫുഡുകൾ എടുത്തുമാറ്റി പകരം ആരോഗ്യ പ്രദായകമായ ഭക്ഷണം നിറയ്ക്കണം. ഇടയ്ക്കിടെ ഭാരം നോക്കണം. ശരീരം പ്രവർത്തിപ്പിച്ചു കൊണ്ടേയിരിക്കണം. ചുരുങ്ങിയത് 30 മിനിറ്റ് നാല് ദിവസം എങ്കിലും വേഗത്തിൽ നടക്കണം. ജിമ്മിൽ പോകുന്നതിനേക്കാൾ എളുപ്പമാണ് അത്, ഉപകാരപ്രദവും. സുഹൃത്തുക്കളും കുടുംബവും അടങ്ങിയ ഒരു സപ്പോർട്ട് നെറ്റ്‌വർക്ക് രൂപീകരിക്കണം. അനാരോഗ്യകരമായ ശീലങ്ങളിലേക്ക് മടങ്ങി പോകാതിരിക്കാൻ അത് സഹായിക്കും. ഇറുകി കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത് ഏതൊക്കെ ഭാഗത്ത് വണ്ണം കൂടുമെന്നും, ( ഉദാഹരണം വയറിനു ചുറ്റും ) എത്രമാത്രം വണ്ണം കൂടുന്നു ഉണ്ടെന്നും അറിയാൻ അത് സഹായിക്കും. കഴിയുന്നതും മുറുകിയ ബെൽറ്റുകൾ തന്നെ ഉപയോഗിക്കണം. ഇത്തരത്തിൽ തുടർച്ചയായ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ ശരീരഭാരം കുറച്ചു നിർത്താൻ ആവൂ.