ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ അടുത്തവർഷം മോർട്ട്ഗേജ് നിരക്കുകളിൽ കുറവുണ്ടാകുമെന്ന അഭിപ്രായമാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം കുറയുമെന്നും അതിനോട് അനുബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്നതുമാണ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുമെന്നത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു വീട് സ്വന്തമാക്കണമെന്ന പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്ന വാർത്തയാണ്. എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ എവിടെ തുടങ്ങും എങ്ങനെ ചെയ്യണം എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല . ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് മലയാളം യുകെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
അടുത്തവർഷം ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായി ചെയ്യേണ്ടത് ഒരു വ്യക്തിഗത സേവിങ് അക്കൗണ്ട് ആരംഭിക്കുക എന്നതാണ് . ആദ്യമായി വാങ്ങുന്നയാൾക്ക് നൽകുന്ന ശരാശരി നിക്ഷേപം £34,500 ആണ്. അതുകൊണ്ട് എത്രയും വേഗം നിങ്ങൾ സേവ് ചെയ്യാൻ തുടങ്ങുന്നുവോ അത്രയും നല്ലത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെ നിങ്ങളുടെ സേവിംഗ്സ് അലവൻസ് പരമാവധി വിനിയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സൗജന്യ ബോണസായി 22,000 പൗണ്ട് ലഭിക്കും എന്ന് ഡിജിറ്റൽ മോർട്ട്ഗേജ് ബ്രോക്കർ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഡാന പറയുന്നു.
കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജ് ഓപ്ഷനുകൾ കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപം സമാഹരിക്കാൻ പാടുപെടുന്നവർക്ക് ഇപ്പോൾ 95% ലോൺ-ടു-വാല്യൂ (എൽടിവി) ഡീലുകൾ ലഭ്യമാണ് എന്ന് മോർട്ട്ഗേജ് ബ്രോക്കർമാരായ ലണ്ടൻ & കൺട്രിയിൽ നിന്നുള്ള ഡേവിഡ് ഹോളിംഗ്വർത്ത് പറയുന്നു. പുതിയ കണക്കുകൾ പ്രകാരം 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏത് സമയത്തേക്കാളും കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്.
സ്വന്തമായി ഒരു വീട് എന്നത് യുകെയിൽ എത്തുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്ന രീതിയിലുള്ള വായ്പാ പദ്ധതികളാണ് നിലവിലുള്ളത്. താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരു വീട് ലഭിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഉടമസ്ഥാവകാശം പങ്കിടുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. 1980 കൾ മുതൽ ഇംഗ്ലണ്ടിൽ ഈ രീതി നിലവിലുണ്ട്. ഇതിനായി വീട് വാങ്ങുന്നയാൾക്ക് ഒരു ചെറിയ നിക്ഷേപം ആവശ്യമാണ്. നിങ്ങളുടെ ഓഹരി വാങ്ങാൻ ഒരു മോർട്ട്ഗേജ് എടുത്ത് ബാക്കിയുള്ളതിന് ഭൂവുടമയ്ക്ക് വാടക നൽകാം. കാലക്രമേണ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൻ്റെ അളവ് വർദ്ധിപ്പിക്കാനും വാടക പേയ്മെൻ്റുകൾ കുറയ്ക്കാനും കഴിയും. “സ്റ്റെയർകേസിംഗ്” എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒടുവിൽ നിങ്ങളുടെ വീട് പൂർണ്ണമായും സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർച്ചറിയുടെ മുന്നിൽ നിന്ന് തന്റെ അർദ്ധ നഗ്ന ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ എൻ എച്ച് എസ് ജീവനക്കാരി പോസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 44 കാരിയായ അമേലി വാർണിയറാണ് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നത്. അമേലി എൻഎച്ച്എസിൽ പാത്തോളജിസ്റ്റ് ആയാണ് ജോലി ചെയ്തിരുന്നത്.
എസെക്സിലെ വിതാമിൽ നിന്നുള്ള രണ്ട് കുട്ടികളുടെ മാതാവ് ആയ അമേലി അവളുടെ ഫാൻസ് ഗ്രൂപ്പിൽ ആണ് വിവാദമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് ഫോട്ടോ എടുത്ത ചെംസ്‌ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിലെ മേധാവികൾ ഫോട്ടോയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ മോഡലും ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേലി സ്പാനിഷ് സ്വദേശിയാണ്.
2012-ൽ സ്‌പെയിനിൽ നിന്നാണ് അമേലിക്ക് മെഡിക്കൽ ഡിഗ്രി ലഭിച്ചത്. ഏഴ് വർഷമായി അവൾ എൻഎച്ച്എസിൽ ജോലി ചെയ്തിട്ടുണ്ടെന്നും ആയിരക്കണക്കിന് മൃതദേഹപരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ദി സൺ റിപ്പോർട്ട് ചെയ്തു. എൻ എച്ച് എസിലെ വേതനം കുറവാണെന്ന് പരാതിപ്പെട്ട് അമേലി ജോലി ഉപേക്ഷിച്ചതായും പിന്നീട് പൂർണ്ണമായി മോഡലിങ് ജോലിയിലേയ്ക്ക് പ്രവേശിച്ചതുമാണ് അവരെ കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഫ്ലാറ്റിൽ 45 വയസ്സുകാരിയായ സ്ത്രീ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 29 വയസ്സുകാരനായ യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ വടക്കൻ ലണ്ടനിലെ എൻഫീൽഡിലെ താമസസ്ഥലത്താണ് പോലീസ് 45 കാരിയായ പമേല മൺറോയെ പരിക്കുകളോടെ കണ്ടെത്തിയത്.
കൊലപാതക കുറ്റത്തിന് അറസ്റ്റിലായ വ്യക്തി നിലവിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. പമേലയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കുരുക്കഴിക്കാൻ പരിശ്രമിക്കുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ജോൺ പറഞ്ഞു. പമേലയുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ നൽകാൻ സാധിക്കുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ ദുഃഖകരമായ ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന സജി ചാക്കോ ലീഡ്സിലെ LGI ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. 49 വയസ് മാത്രം പ്രായമുള്ള അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഭാര്യ ജൂലി ബ്രാഡ്‌ഫോർഡ് B R I ഹോസ്പിറ്റലിൽ A &E ൽ ആണ് ജോലി ചെയ്യുന്നത് .
ബ്രാഡ്ഫോർഡിലെ മലയാളികൾ പരേതന്റെ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പമുണ്ട്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സജി ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ചാൾസ് രാജാവും കാമിലാ രാജ്ഞിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം പുലർത്തിയ അനുകമ്പ, വിവിധ സഭകളുടെ ഐക്യത്തോട് കാണിച്ച താത്പര്യം ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ എല്ലാവരുടെയും ഇടയിൽ അദ്ദേഹം ഒരു പരിശുദ്ധനാണെന്ന് ഓർമിപ്പിക്കപ്പെടുവാൻ കാരണമായതായി രാജാവ് പറഞ്ഞു.
രാജാവും ഫ്രാൻസിസ് മാർപാപ്പയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ദീർഘകാലമായി വാദിക്കുന്നവരാണ്. കൽക്കരി പെട്രോളിയം പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ അവസാനിപ്പിക്കുന്നതിന് COPZY കാലാവസ്ഥാ കോൺഫറൻസിൽ നടന്ന ആഹ്വാനത്തിനു പിന്നിൽ മാർപാപ്പയുടെ താത്പര്യവും ഉണ്ടായിരുന്നു. പരിസ്ഥിതി നശിപ്പിക്കുന്നത് ദൈവത്തിനെതിരായ കുറ്റമാണെന്ന് പാപ്പാ പറയുമായിരുന്നു. കൂടുതൽ പുരോഗമനവാദികളായ മാർപ്പാപ്പമാരിൽ ഒരാളായി വീക്ഷിക്കപ്പെടുന്ന അദ്ദേഹത്തിന് മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സഭാ ഐക്യം നിലനിർത്തുക എന്നത് വലിയ ആഗ്രഹമായിരുന്നു.
തന്റെ ഇരുപതാം വിവാഹ വാർഷികത്തിന് വത്തിക്കാനിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപ്പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് വൻ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇറ്റലിയിലേയ്ക്കുള്ള അവരുടെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ദിവസം, റോമിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ താമസിക്കുന്ന വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലാണ് കൂടിക്കാഴ്ച നടന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായ രണ്ടാം വർഷവും വിമാനങ്ങൾ വൈകുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള പുറപ്പെടലുകൾ 2024-ലെ ഷെഡ്യൂളിനേക്കാൾ ശരാശരി 23 മിനിറ്റിലധികം പിന്നിലായിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകൾ ആണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
2023 -ൽ 27 മിനിറ്റായിരുന്നു വിമാനങ്ങൾ പുറപ്പെടുന്നതിനുള്ള കാലതാമസം. എന്നാൽ കഴിഞ്ഞവർഷം ഇത് 23 മിനിറ്റായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും നിലവിലെ കാലതാമസം യുകെയിലെ മറ്റ് ഏതൊരു വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദൈർഘ്യമേറിയതാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ ഏറ്റവും മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിമാനത്താവളം ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്നത് വൻ പ്രാധാന്യത്തോടെയാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതായും 2025 ൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താനുള്ള ശ്രമം നടന്നുവരുന്നുവെന്നും ഗാറ്റ്‌വിക്ക് വിമാനത്താവള വക്താവ് പറഞ്ഞു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ വാദം ശരിയല്ലെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവും സ്വന്തം കൺട്രോൾ ടവറും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ മോശം പ്രകടനത്തിന് കാരണമാകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മോശം പ്രകടനത്തിൽ രണ്ടാം സ്ഥാനത്ത് ബെർമിംഗ്ഹാം എയർപോർട്ട് ആണ് ഉള്ളത്. 21 മിനിറ്റാണ് ബെർമിംഗ്ഹാം എയർപോർട്ടിൽ നിന്ന് വിമാനങ്ങൾ പറന്നുയരാൻ എടുക്കുന്ന ശരാശരി കാലതാമസം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പല ക്യാൻസർ രോഗികൾക്കും ജീവൻ രക്ഷാ മരുന്നുകൾ നിഷേധിക്കപ്പെടുന്നതായുള്ള ഗുരുതരമായ റിപ്പോർട്ട് പുറത്തുവന്നു. ഇതുകൂടാതെ ക്യാൻസർ ചികിത്സയുടെ പല പരീക്ഷണങ്ങളും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതായുള്ള വിവരങ്ങളും ആശങ്ക ഉളവാക്കുന്നതാണ്. ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്തതിന്റെ പ്രധാന കാരണം ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട അധിക ചിലവുകൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുറത്തുവരുന്ന വിവരങ്ങൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യൂറോപ്പിൽ ഉടനീളമുള്ള രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുമ്പോൾ ബ്രിട്ടനിൽ അത് നിഷേധിക്കപ്പെടുന്നത് വരും ദിവസങ്ങളിൽ കടുത്ത ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. അർബുദ ചികിത്സാ രംഗത്ത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൂതന ചികിത്സ നൽകാനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ വളരെയേറെ മുന്നിലാണ്.
ഗാർഡിയൻ ദിനപത്രത്തിന് ചോർന്നു കിട്ടിയ 54 പേജുള്ള റിപ്പോർട്ടിലാണ് കടുത്ത വിമർശനങ്ങൾ ഉള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ചുവപ്പുനാടയുടെ ഫലമായി ബ്രിട്ടീഷുകാർക്ക് പുതിയ ക്യാൻസർ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. ബ്രെക്സിറ്റിന് ശേഷം ചില ട്രയലുകൾക്ക് ഷിപ്പിംഗ് ചെലവ് മാത്രം 10 മടങ്ങ് വർധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഉടലെടുത്ത ഈ സാഹചര്യങ്ങളിൽ ബ്രിട്ടനിലെ ക്യാൻസർ രോഗികൾക്ക് ഫലപ്രദമായ മരുന്നുകൾ നൽകാനുള്ള ഡോക്ടർമാരുടെ പ്രായോഗിക കഴിവുകളെ കാര്യമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാൻസർ റിസർച്ച് യുകെ, സതാംപ്ടൺ സർവകലാശാല, ഗവേഷണ കൺസൾട്ടൻസിയായ ഹാച്ച് എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നുള്ള വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളമുള്ള 750 സ്‌കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകൾ ആരംഭിക്കും. ഏപ്രിൽ 22 ചൊവ്വാഴ്ച മുതൽ 750 സ്കൂളുകളിൽ പദ്ധതി നടപ്പിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജൂലൈ വരെ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന പദ്ധതിയിൽ ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് അരമണിക്കൂർ സൗജന്യ പ്രഭാത ശിശു സംരക്ഷണത്തിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിവിധ തലത്തിൽ കടുത്ത ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്ന ഫണ്ടിന്റെ അപര്യാപ്തത വിവിധ അധ്യാപക സംഘടനകൾ ചൂണ്ടി കാണിച്ചു. എന്നാൽ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ ഇംഗ്ലീഷ് പ്രൈമറി സ്‌കൂളിലും സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞിരുന്നു.
നിലവിൽ 30 മില്യൺ പൗണ്ട് ആണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് ക്ലബ്ബുകളുടെ രൂപീകരണം ഒട്ടുമിക്ക സ്കൂളുകളുടെയും ഹെഡ് ടീച്ചേഴ്സ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഫണ്ടിന്റെ അഭാവം ആണ് എല്ലാവരും പൊതുവെ ചൂണ്ടി കാണിക്കുന്ന ഒരു ന്യൂനത. പ്രോഗ്രാമിൻ്റെ പിന്നിലെ ഉദ്ദേശ്യങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെങ്കിലും ഫണ്ടിംഗ് പര്യാപ്തമല്ല എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടതെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിൻ്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു.
കുട്ടികളുടെ ദാരിദ്ര്യത്തിൻ്റെ പോരായ്മ നീക്കം ചെയ്യുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയിൽ പ്രഭാത ഭക്ഷണ ക്ലബ്ബുകൾക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് പൈലറ്റ് സ്കീമിൽ ചേരുന്ന ആദ്യത്തെ 750 സ്കൂളുകളെ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. സ്കീമിന് കീഴിൽ, ക്ലബ്ബുകളിലെ ഹാജർനിലയെ അടിസ്ഥാനമാക്കി സ്കൂളുകൾക്ക് സർക്കാർ പണം തിരികെ നൽകും. പൈലറ്റ് സ്കീമിൽ 50% പങ്കാളിത്തമുള്ള ഒരു സ്കൂളിന് പ്രതിവർഷം 23,000 പൗണ്ട് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
വിശ്വാസ സമൂഹത്തെ ‘ഉയർത്തെഴുന്നേൽപ്പിന്റെ ജനത’ എന്നാണ് വിളിക്കുന്നത്, ഒരു പുതിയ യുഗത്തിൻ്റെ പിറവിയുടെ ആഘോഷമാണ് ഈസ്റ്റർ. പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യസമൂഹത്തിന് പുത്തൻ പ്രതീക്ഷ പകരുന്ന അനുഭവമായിരുന്നു ഈസ്റ്റർ. ഉയർത്തെഴുന്നേൽപ്പിൻ്റെ സാക്ഷികൾ ആവാൻ അവർക്ക് എല്ലാവർക്കും സാധിച്ചു. ‘പോയി പറയുക’ ‘അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു’ എന്നീ വർത്തമാനങ്ങൾ ആയിരുന്നു അവർക്ക് ലഭിച്ചത്. താൻ പറഞ്ഞതുപോലെ അവൻ ഉയർത്തെഴുന്നേറ്റു. മരണത്തിൻമേലുള്ള ജീവന്റെ ആഘോഷമാണ് ഈ വാർത്തയിലൂടെ വെളിവാകുന്നത്. പുനരുത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ കാതലാണ്. ഏതു വൈഷമ്യങ്ങളെയും മറികടക്കുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനുമുള്ള പ്രത്യാശയാണത് മുന്നോട്ടുവക്കുന്നത്. മനം ഇടറാതെ യേശുവിൻറെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ച വിശ്വാസികൾ ഉയർത്തെഴുന്നേൽപ്പിൻ്റെ സന്തോഷത്തിൽ പങ്കുചേരുകയും ലോകത്തോടത് പ്രസ്‌താവിക്കുകയും ചെയ്‌തു എതിർപ്പുകളുടെ മധ്യത്തിലും ഈ സന്തോഷവാർത്ത അവരെ നിരുത്സാഹപ്പെടുത്തിയില്ല ജീവനിലേക്കുള്ള തിരിച്ചുവരവാണ് ഉയർപ്പ്.
മരിച്ചവർക്ക് പുനരുത്ഥാനമെന്നു ദൈവവചനം നമ്മെ ഓർമിപ്പിക്കുന്നു യേശുവിന്റെ പുനരുദ്ധാനം അതിനു മുന്നോടിയാണ് യേശുവിൻ്റെ ഉയർപ്പിന് സാക്ഷികളായ ശിഷ്യ സമൂഹം ആണ് തുടർന്നുള്ള സഭയുടെ വളർച്ചയ്ക്ക് കാരണഭൂതരായവർ മുറിവുകളും വേദനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈസ്റ്ററിൻ്റെ പ്രത്യാശ അവയെല്ലാം രൂപാന്തരപ്പെടുത്തുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് നമ്മെ ധൈര്യപ്പെടുത്തുന്ന കർത്താവാണ് നമ്മുടെ യാത്രയിലെ ആശയും പ്രത്യാശയും.
ഉയർത്തെഴുന്നേൽപ്പിൻ്റെ പ്രത്യാശ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രകാശം പകരട്ടെ എന്ന പ്രാർഥനയോടെ
മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
യൗസേപ്പ് സ്രാമ്പിക്കൽ
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണ് പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണ വിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകര ചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ