Main News

സ്വന്തം ലേഖകൻ

നിലവിലുള്ള ചാർജിന്റെ 1. 6% ജനുവരിയോടെ വർദ്ധിക്കും. ജൂലൈയിലെ ആർപിഐ ഇൻഫ്ളേഷൻ റേറ്റ് പ്രകാരം റെയിൽവേ നിരക്ക് വർദ്ധന സ്വാഭാവികമാണ്. ടാക്സ് പേ ചെയ്യുന്ന പൗരന്മാരിൽ നിന്നുള്ള സപ്പോർട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടുന്നതെന്ന് റെയിൽ മന്ത്രി ക്രിസ് ഹീറ്റൺ ഹാരിസ് പറഞ്ഞു. അതേസമയം യാത്രാ നിരക്കിലെ വർധനവ് യാത്രക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് യൂണിയനുകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വരും വർഷത്തിൽ ശരാശരി നിരക്കിൽ 2.6 ശതമാനത്തിന്റെ വർധനവുണ്ടാകും, 2017 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് വർദ്ധനവ് ആണിത്.

ഫെബ്രുവരി 28 വരെ സ്ഥിര യാത്രക്കാർക്ക് തങ്ങൾ മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന അതേ നിരക്കിൽ തന്നെ സീസൺ ടിക്കറ്റുകൾ ഉപയോഗിക്കാൻ കഴിയും. നിരക്ക് വർധന അടുത്ത വർഷത്തേയ്ക്ക് മാറ്റിവെച്ചത് തന്നെ യാത്രക്കാർക്ക് ഈ വർഷം അധികമായ ബുദ്ധിമുട്ട് നൽകാതിരിക്കാനാണെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെട്ടു. യാത്രാനിരക്കിൽ വരുന്ന മാറ്റം പകുതിയോളം വരുമാന വർദ്ധനവിന് കാരണമാകും എന്ന് കരുതുന്നു. റെയിൽവേ ഓപ്പറേറ്റർമാരോട് സീസൺ ടിക്കറ്റ് ഉൾപ്പെടെയുള്ളവയുടെ വർദ്ധനവ് കണക്കുകൂട്ടി തുക നിശ്ചയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരക്കുകൾ വർദ്ധിപ്പിക്കുന്നത് റെയിൽവേയുടെ സുതാര്യമായ നടത്തിപ്പിന് അത്യാവശ്യമാണെന്നും, ടാക്സ് അടക്കുന്ന പൗരന്മാരുടെ കയ്യിൽനിന്നും ചെലവിന് ആവശ്യമുള്ളത് പിടിച്ചെടുക്കുന്നതിന് പരിമിതികളുണ്ടെന്നും, സർവീസിലെ ഫ്രണ്ട് ലൈൻ ജോലികൾ സുഖമായി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെടുന്നു.

റെയിൽ ഡെലിവറി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജാക്വിലിൻ സ്റ്റാർ പറയുന്നത് യാത്രക്കാരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. റെയിൽവേ നടത്തിക്കൊണ്ടുപോകാൻ ഉപഭോക്താക്കളിൽ നിന്നും സാധാരണ പൗരന്മാരിൽ നിന്നും എത്ര തുക ഉപയോഗിക്കണം എന്നത് ബുദ്ധിപരമായി തീരുമാനിക്കേണ്ട വസ്തുതയാണ്. അതിനുപകരം മുഴുവൻ ചെലവും യാത്രക്കാരുടെ ചുമലിൽ വെച്ചു കൊടുക്കുന്നത് മണ്ടത്തരമാണ്.


ട്രാൻസ്പോർട്ട് സാലറീഡ് സ്റ്റാഫ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ആയ ആന്റണി സ്മിത്ത്, ” യാത്രാ വിലക്കുകൾ ഉയർത്തിയശേഷം സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള പാക്കേജുകൾ നൽകി റെയിൽവേയ്ക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആവും” എന്ന അഭിപ്രായക്കാരനാണ്. യൂണിയനുകളുടെ അഭിപ്രായത്തിൽ മില്യൻ കണക്കിന് ആൾക്കാർക്ക് ജോലി നഷ്ടപ്പെടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നിരക്ക് വർദ്ധനവ് ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല.

ലണ്ടൻ : ക്രിസ്മസ് കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്ന് ബ്രിട്ടീഷ് സർക്കാർ. യുകെയിൽ എവിടെയും യാത്ര ചെയ്യാൻ ആളുകൾക്ക് സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡിസംബർ 23 നും 27 നും ഇടയിൽ മൂന്നു വീടുകൾക്ക് കൂടിച്ചേർന്ന് ഒരു താത്കാലിക ക്രിസ്മസ് ബബിൾ രൂപീകരിക്കാം. രാത്രിയിൽ ഒരുമിച്ച് കഴിയാനുള്ള അനുവാദവുമുണ്ട്. നോർത്തേൺ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെയാണ് ഇളവുകൾ. ആരൊക്കെയാണ് കൂടിച്ചേരുന്നതെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ ആരോഗ്യ വിദഗ്ധർ ആളുകളോട് അഭ്യർത്ഥിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കോ ഐസൊലേഷനിൽ കഴിയുന്നവർക്കോ ഒരു ബബിൾ സൃഷ്ടിക്കുവാൻ സാധിക്കില്ല. നിങ്ങളുടെ ക്രിസ്മസ് ബബിളിലെ കുടുംബങ്ങൾക്ക് മറ്റാരുമായും ബബിൾ രൂപീകരിക്കുവാനും അനുവാദമില്ല.

ക്രിസ്മസ് ബബിളുകളിൽ 12 വയസ്സിന് താഴെയുള്ളവർ ഉൾപ്പെടാതെ പരമാവധി എട്ട് പേർ ഉണ്ടായിരിക്കണമെന്ന് സ്കോട്ടിഷ് സർക്കാർ പറയുന്നു. യുകെയുടെ മറ്റ് ഭാഗങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കഴിയുന്നത്ര ചെറുതായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ക്രിസ്മസ് ബബിളിൽ ഒന്നുച്ചേർന്നതിന് ശേഷം ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണപ്പെട്ടാൽ ആ ബബിളിലെ അംഗങ്ങൾ മുഴുവനും ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്.

നിങ്ങളുടെ ക്രിസ്മസ് ബബിളുമായി പബ്ബുകളിലോ റെസ്റ്റോറന്റുകളിലോ കൂടിച്ചേരാൻ നിലവിൽ അനുവാദമില്ല. ആറ് അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകളിൽ ഡോർ-ടു-ഡോർ കരോൾ ആലാപനം അനുവദനീയമാണ്. മാതാപിതാക്കൾ ഒരുമിച്ചില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് ക്രിസ്മസ് ബബിളുകളിൽ അംഗമാകാം. ഇംഗ്ലണ്ടിൽ, കെയർ ഹോം നിവാസികൾക്ക് ക്രിസ്മസ് ബബിളുകളിൽ അംഗമാകാൻ കഴിയില്ല. കെയർ ഹോമുകളിൽ പത്തു ലക്ഷത്തിലധികം പരിശോധന നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ അനുവാദമുണ്ട്.

എന്നാൽ നിയമങ്ങൾ ലഘൂകരിക്കുന്നത് ധാരാളം ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പ്രമുഖ മെഡിക്കൽ ജേണലുകളായ ഹെൽത്ത് സർവീസ് ജേണലും ബ്രിട്ടീഷ് മെഡിക്കൽ ജേണലും പറഞ്ഞു. നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ ഉപദേഷ്ടാക്കളും അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രിസ്മസിന് അധിക സാമൂഹിക സമ്പർക്കം യഥാർത്ഥത്തിൽ വളരെ അപകടകരമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ക്രിസ്മസ് കാലം അടുത്തപ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിന് ശേഷം രോഗവ്യാപനം ഉണ്ടാകുമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ ഏറെ ജാഗ്രതയോടെ പെരുമാറാൻ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം നിയന്ത്രണം കടുപ്പിച്ച രാജ്യങ്ങളുമുണ്ട്.

നെതർലാന്റ്സ്: അഞ്ച് ആഴ്ചത്തെ ലോക്ക്ഡൗൺ

ഡിസംബർ 15 മുതൽ ജനുവരി 19 വരെ അഞ്ച് ആഴ്ചത്തേക്ക് രാജ്യം അടച്ചിടുമെന്ന പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. എല്ലാ സ്കൂളുകളും അനിവാര്യമല്ലാത്ത കടകളും മറ്റ് പൊതുവേദികളും അടയ്ക്കും. മാർച്ച് പകുതി വരെ വിദേശത്ത് അനാവശ്യ യാത്രകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ പ്രഖ്യാപനം. അടുത്തിടെ ഒരു ദിവസം 10,000 ത്തോളം കേസുകൾ രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ് നാളുകളിൽ മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.

യുകെ: താൽക്കാലിക ‘ക്രിസ്മസ് ബബിൾസ്’

ഡിസംബർ 23 നും 27 നും ഇടയിൽ ( വടക്കൻ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെ) യാത്രാ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. രണ്ട് വീടുകളിൽ നിന്നുള്ളവർക്ക് രാത്രി ഒരുമിച്ച് കഴിയാൻ അനുവാദമുണ്ട്. ക്രിസ്മസ് ബബിളിൽ യുകെയിൽ പരമാവധി മൂന്ന് വീടുകളെയോ സ്കോട്ട്ലൻഡിൽ എട്ട് ആളുകളെയൊ ഉൾപ്പെടുത്താം. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സന്ദർശനം നടത്താൻ അനുവാദമുണ്ട്. ഡിസംബർ 16 മുതൽ ഡെലിവറി, ടേക്ക്‌അവേ ഒഴികെ പബ്ബുകളും റെസ്റ്റോറന്റുകളും അടയ്ക്കും, കൂടാതെ മിക്ക ഇൻഡോർ വിനോദ വേദികളും സ്പോർട്സ് സ്റ്റേഡിയങ്ങളും അടയ്ക്കും.

ഇറ്റലി: ക്രിസ്മസ് മാർക്കറ്റുകൾ ഇല്ല. രാജ്യവ്യാപകമായി കർഫ്യൂ

മാർച്ച് അവസാനം മുതൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. ക്രിസ്മസ് രാവിൽ ഒത്തുചേരലുകളും ആലിംഗനങ്ങളും ചുംബനങ്ങളും ഇല്ലാതെ ശാന്തമായി മുന്നോട്ട് നീങ്ങണമെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. പല ഇറ്റാലിയൻ പ്രദേശങ്ങളും ഭാഗികമായി പൂട്ടിയിരിക്കുകയാണ്. ഡിസംബർ 21 മുതൽ ജനുവരി 6 വരെ വിവിധ പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക യാത്രാ നിരോധനത്തിന് മുകളിൽ ക്രിസ്മസ് ദിനം, ബോക്സിംഗ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ ആളുകൾക്ക് അവരുടെ സ്വന്തം പട്ടണം വിട്ടു പുറത്തുപോകാൻ അനുവാദമില്ല.

ഫ്രാൻസ്: ക്രിസ്മസിന് യാത്രാ വിലക്കുകൾ നീക്കി

ദേശീയ ലോക്ക്ഡൗണിന് ശേഷം, നവംബർ 28 മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. എങ്കിലും ഡിസംബർ 15 വരെ ഭൂരിഭാഗം നിയന്ത്രണങ്ങളും നിലനിന്നു. ഇതിനുശേഷം ഫ്രാൻസിലെ യാത്രാ നിയന്ത്രണങ്ങൾ നീക്കംചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് നാളുകളിൽ ആളുകൾക്ക് അവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ കഴിയും. രാത്രി 10 മണി മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഉണ്ടെങ്കിലും ക്രിസ്മസ് രാവിൽ ഇത് നീക്കം ചെയ്യും. പക്ഷേ പുതുവത്സരാഘോഷമില്ല. ബാറുകളും റെസ്റ്റോറന്റുകളും പോലെ തിയേറ്ററുകളും സിനിമാശാലകളും അടച്ചിടും.

ജർമ്മനി: കടുത്ത നിയന്ത്രണങ്ങൾ

കേസുകൾ കുത്തനെ ഉയർന്നതിനാൽ ക്രിസ്മസ് നാളുകളിൽ ജർമ്മനി കടുത്ത ലോക്ക്ഡൗണിലേക്ക് പ്രവേശിക്കും. ഡിസംബർ 16 മുതൽ ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് അവശ്യമല്ലാത്ത കടകളും സ്കൂളുകളും രാജ്യവ്യാപകമായി അടയ്ക്കും. ക്രിസ്മസ് ഷോപ്പിംഗിൽ സാമൂഹ്യ സമ്പർക്കം ഗണ്യമായി വർദ്ധിച്ചതായി ചാൻസലർ ഏഞ്ചല മെർക്കൽ കുറ്റപ്പെടുത്തി. രണ്ടിൽ കൂടുതൽ വീടുകളിൽ നിന്ന് പരമാവധി അഞ്ച് പേരെ ഒരു വീട്ടിൽ ഒത്തുകൂടാൻ നിലവിൽ അനുവദിച്ചിരിക്കുന്നു. എന്നാൽ ഈ പരിധി ഡിസംബർ 24 മുതൽ 26 വരെ ഇളവ് ചെയ്യും. ജർമ്മനിയിലെ മിക്ക പ്രധാന ക്രിസ്മസ് വിപണികളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

സ്‌പെയിൻ: പരിമിതമായ ഒത്തുചേരലുകൾ

ഡിസംബർ 23 നും ജനുവരി 6 നും ഇടയിൽ ആളുകൾ‌ക്ക് സുഹൃത്തുക്കളെയും കുടുംബത്തെയും സന്ദർ‌ശിക്കുവാനായി പ്രദേശങ്ങൾ‌ക്കിടയിലൂടെ യാത്ര ചെയ്യാൻ അനുവാദമുണ്ട്. ക്രിസ്മസ് ഈവ്, ക്രിസ്മസ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ സാമൂഹിക ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും.

ഓസ്ട്രിയ: ഹോട്ടലുകൾ അടച്ചിട്ടു. പരിശോധന വർധിപ്പിച്ചു.

ഡിസംബർ 7 ന് ഓസ്ട്രിയ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിൽ നിന്ന് പുറത്തുവന്നു. തുടർന്ന് ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അവശ്യമല്ലാത്ത കടകളും മറ്റ് ബിസിനസ്സുകളും വീണ്ടും തുറന്നു. എന്നിരുന്നാലും, ഉത്സവനാളുകളിൽ റെസ്റ്റോറന്റുകളും ബാറുകളും അടച്ചിടും. രാജ്യത്തെ പരമ്പരാഗത ക്രിസ്മസ് വിപണികളും അടയ്ക്കും. ബിസിനസ്സിൽ യാത്ര ചെയ്യുന്നവർക്കായി മാത്രമേ ഹോട്ടലുകൾ തുറക്കൂ. കുറഞ്ഞത് എഴുപത് ലക്ഷം ആന്റിജൻ ടെസ്റ്റുകൾക്ക് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

റഷ്യ: പ്രായമായവർ സ്വയം ഒറ്റപ്പെടുന്നു.

മോസ്കോയുടെ വാർഷിക ക്രിസ്മസ്, ന്യൂ ഇയർ ഫെസ്റ്റിവൽ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ മോസ്കോയിൽ ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന പുതിയ നടപടികൾ അധികൃതർ പ്രഖ്യാപിച്ചു. 65 വയസ്സിനു മുകളിലുള്ളവരും ഉയർന്ന അപകടസാധ്യതയുള്ളവരും ഈ തീയതി വരെ സ്വയം ഒറ്റപ്പെടണം. സമീപ ആഴ്ചകളിൽ റഷ്യയിൽ കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ ചില സ്ഥലങ്ങളിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇംഗ്ലണ്ടിൻെറ ചില ഭാഗങ്ങളിൽ  പുതിയ   വൈറസിന്റെ വ്യാപനം നടക്കുന്നതായാണ് വാർത്തകൾ. പുതിയ വൈറസ് മൂലമുള്ള കേസുകൾ അറുപതോളം പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തിയതിനെ കുറിച്ച് ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിൽ ഉടനീളം കർശന നിയന്ത്രണങ്ങളുമായി കൊറോണ വൈറസ് വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നിലവിലെ വാക്സിൻ പുതിയ ജനിതകം രൂപമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കോവിഡ് -19 സ്ഥിരീകരിക്കാനായി നടത്തുന്ന സ്വാപ്പ് ടെസ്റ്റിന് ജനിതകമാറ്റം വന്ന വൈറസ് ബാധയെയും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു.

വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും

ഇതിനിടെ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് ലണ്ടനിൽ നാളെ തൊട്ട് 3- ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതിൻറെ ഫലമായി ഏകദേശം 34 മില്യൺ ജനങ്ങളാണ് കടുത്ത നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നത്. ഇന്നലെ യുകെയിൽ 20,263 കോവിഡ് -19 കേസുകൾ കൂടി രേഖപ്പെടുത്തി. 232 പേരാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടനിൽ ബുധനാഴ്ച മുതൽ 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നതിനെ തുടർന്നതാണ് ഈ നടപടിയിലേക്ക് നീങ്ങാൻ കാരണം. ഇതുകൂടാതെ എസെക്സിൻെറ ചില പ്രദേശങ്ങളിലും ഹെർട്ട്ഫോർഡ്ഷയറിലും 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്ത് ഉടനീളം നടപ്പാക്കിയ ലോക്ക്ഡൗണിന് ശേഷവും ലണ്ടനിൽ ഉയർന്നതോതിലുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പല 3 – ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളേക്കാൾ രോഗ വ്യാപനം ലണ്ടനിൽ ഉണ്ടെന്ന വിവരങ്ങളും നേരത്തെ തന്നെ വാർത്തയായിരുന്നു.

വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും

ഇതിനിടെ ക്രിസ്മസിനോടനുബന്ധിച്ച് നേരത്തെ തന്നെ സ്കൂളുകളും കോളേജുകളും അടയ്ക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലണ്ടനിൽ രോഗവ്യാപനത്തിന് ഒരു പരിധിവരെ സ്കൂൾ, കോളേജ് വിദ്യാർത്‌ഥികൾ കാരണമാകുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ലണ്ടനിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾക്ക് വൈറസ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയും ഗവൺമെൻറ് നടപ്പാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രെക്സിറ്റിനു ശേഷമുള്ള വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച തു​ട​രാ​ൻ ബ്രി​ട്ട​നും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നും യൂ​റോ​പ്യ​ൻ ക​മ്മീഷ​ൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഫോണിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. ”ഇ​നി​യും ഏ​റെ ദൂ​രം മു​ന്നോ​ട്ടു​ പോ​കേ​ണ്ടി​യി​രി​ക്കു​ന്നു…” ചർച്ചയ്ക്ക് ശേഷം ഉർസുല വോൺ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച തുടരണമോ എന്ന തീരുമാനത്തിനുള്ള സമയപരിധി ഞായറാഴ്ചയാണെന്ന് ഇരുകക്ഷികളും നേരത്തെ പറഞ്ഞിരുന്നു. ത​ർ​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ ച​ർ​ച്ച​യി​ൽ ധാരണ​യാ​യി​ല്ലെ​ങ്കി​ൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകേണ്ടി വരുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇരുവരും ഇന്നലെ ചർച്ച നടത്തിയത്. ജോൺസനുമായി നടത്തിയ ഫോൺ സംഭാഷണം ഉപയോഗപ്രദമായിരുന്നുവെന്ന് വോൺ അറിയിച്ചു.

ഇ​രു ക​ക്ഷി​ക​ൾ​ക്കു​മി​ട​യി​ൽ തീ​രു​മാ​ന​മാ​കാ​ത്ത സു​പ്ര​ധാ​ന വി​ഷ​യങ്ങൾ ഇന്നലെ ചർച്ച ചെയ്തു. “ഒരു വർഷത്തോളം നീണ്ട ചർച്ചകൾ വിഫലമായെങ്കിലും അധിക ചർച്ചകളിലേക്ക് പോകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന് ഞങ്ങൾ കരുതുന്നു.” : സംയുക്ത പ്രസ്താവന വായിച്ചുകൊണ്ട് വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇനിയും പ്രതീക്ഷയുണ്ടെന്നും യുകെ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ജോൺസൻ പ്രതികരിച്ചു. ഇപ്പോൾ തീർച്ചയായും ഡബ്ല്യുടിഒ നിബന്ധനകൾക്കായി നാം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഗുരുതരമായതും വളരെ ബുദ്ധിമുട്ടുള്ളതുമായ ചില പ്രശ്നങ്ങളുണ്ട്. അത് നിലവിൽ ഇരുകക്ഷികൾക്കും ഇടയിൽ വേർതിരിവ് ഉണ്ടാക്കുന്നു. എല്ലാവരും ഇപ്പോൾ ചെയ്യേണ്ട ഏറ്റവും മികച്ച കാര്യം ഡബ്ല്യുടിഒ നിബന്ധനകളിൽ വ്യാപാരം നടത്താൻ തയ്യാറാകുക എന്നതാണ്.” ജോൺസൻ അറിയിച്ചു. ചർച്ചകളുടെ തുടർച്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും യുകെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു കരാർ അനിവാര്യവും സാധ്യവുമാണെന്നും ബിസിനസ് ലോബി ഗ്രൂപ്പ് സിബിഐ പറഞ്ഞു. ചർച്ച തുടരുന്നതിനെ നിരവധി കൺസർവേറ്റീവ് എംപിമാർ സ്വാഗതം ചെയ്തിട്ടുണ്ട്. ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​ർ​ക്ക്​ മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം യൂ​റോ​പ്യ​ൻ യൂ​ണിയ​നി​ൽ ത​ങ്ങ​ണ​മെ​ങ്കിൽ വിസ നിർബന്ധമാക്കുമെന്ന് ഫ്ര​ഞ്ച് യൂ​റോ​പ്യ​ൻ കാ​ര്യ​മ​ന്ത്രി ക്ലെ​മ​ൻ​റ്​ ബ്യൂ​ണെ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വന്തം ലേഖകൻ

യു കെ :- കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രതിയായ ജഫ്രി എപ്സ്റ്റിനിന്റെ ഭവനത്തിൽ ആൻഡ്രൂ രാജകുമാരൻ താമസിച്ചതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2001 ഏപ്രിലിൽ തന്റെ യുഎസ് സന്ദർശനത്തിനിടെ രാജകുമാരൻ ജഫ്രിയുടെ ഭവനത്തിൽ അതിഥിയായിരുന്നു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ന്യൂസ്നൈറ്റിലെ എമിലി മെയ്റ്റിലിസിനു ആൻഡ്രൂ രാജകുമാരൻ നൽകിയ അഭിമുഖത്തിൽ താൻ അവിടെ സന്ദർശനം നടത്തിയതായി മാത്രമെ അദ്ദേഹം സമ്മതിച്ചിരുന്നുള്ളൂ. എന്നാൽ മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ അവിടെ താമസിച്ചിരുന്നതായും, വിർജിനിയ റോബർട്ട്സിനോടൊപ്പം ഒരുരാത്രി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിൽ ജഫ്രിയുടെ ഭവനത്തിൽ താമസിച്ചിരുന്നെങ്കിലും, ആ സമയം ഗിസ്‌ലൈൻ മാക്സ്വെല്ലോ, റോബർട്ട്‌സോ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് മറ്റ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്. ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിന്റെ ആദ്യദിവസം ന്യൂയോർക്കിലെ ബ്രിട്ടീഷ് കോൺസൽ ജനറലിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം 24മണിക്കൂർ ബോസ്റ്റണിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. ഈ സമയമത്രയും അദ്ദേഹം തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് എവിടെയാണ് ചെലവഴിച്ചത് എന്ന് രാജകുമാരൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സമയമത്രയും ജഫ്രിയുടെ ഭവനത്തിൽ റോബർട് സിനോടൊപ്പം ആയിരുന്നു രാജകുമാരൻ എന്നാണ് ആരോപണങ്ങൾ വെളിപ്പെടുത്തുന്നത്.

ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപയോഗിച്ചതായാണ് റോബർട് സ് ആരോപിക്കുന്നത്. എന്നാൽ ഇത്തരമൊരു ആരോപണം ശക്തമായി തന്നെ രാജകുമാരൻ നിഷേധിച്ചിട്ടുണ്ട്. താൻ ജഫ്രിയുടെ ഭവനം സന്ദർശിച്ചിട്ടുണ്ടാകാം, എന്നാൽ ഇവരെ കണ്ടതായി പോലും ഓർമ്മയില്ല എന്നാണ് രാജകുമാരൻ അഭിമുഖത്തിൽ പറഞ്ഞത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്രിസ്മസ് നാളുകളിൽ കൂടുതൽ സാമൂഹിക സമ്പർക്കം ഉണ്ടാകുന്നതിനെക്കുറിച്ച് പൊതുജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ. ആഘോഷത്തിനായി ഒത്തുചേരുമ്പോൾ അവിടെ രോഗവ്യാപന സാധ്യതയും ഉയരും. താങ്ക്സ്ഗിവിംഗിനു ശേഷം യുഎസിൽ കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ ഉയർന്നതായി എൻ‌എച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ ചൂണ്ടിക്കാട്ടി. ജനുവരിയിൽ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി. എന്നാൽ ക്രിസ്മസിന് കോവിഡ് നിയമങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പൊതുജനങ്ങൾക്ക് ആവശ്യമാണെന്ന് ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, വർഷാവസാനത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ പുറത്തിറക്കാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് വാക്സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബെർട്ട് അറിയിച്ചു.

ഡിസംബർ 23 നും 27 നും ഇടയിൽ, യുകെയിലുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്. എന്നാൽ അന്നേരത്തെ അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻ‌എച്ച്എസ് പ്രൊവൈഡേഴ്സ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രോഗികളെ ചികിത്സിക്കാനുള്ള എൻഎച്ച്എസിന്റെ കഴിവിനെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് ഹോപ്സൺ പറഞ്ഞു. അതേ സമയം ലണ്ടൻ, എസെക്സ്, കെന്റ്, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചുവരികയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ ക്രിസ്മസ് നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് സർക്കാർ അവലോകനം നടത്താനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. ഈ ഇളവുകൾ, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് എൻ‌എച്ച്എസ് അധികാരികൾ മുന്നറിയിപ്പ് നൽകി. പ്രതിദിനം ഇരുപതിനായിരത്തിലേറെ കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. മരണസംഖ്യയും വർധിച്ചുവരികയാണ്. ക്രിസ്മസിന് ശേഷം രോഗവ്യാപനം വലിയ രീതിയിൽ ഉണ്ടാവുമെന്ന ആശങ്കയിലാണ് ഇപ്പോൾ എൻഎച്ച്എസ് അധികാരികൾ.

RECENT POSTS
Copyright © . All rights reserved