സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിലെ ഏകദേശം 30 മില്യൺ പൊതുജനങ്ങൾക്കും ഈ വർഷം ഇൻഫ്ലുവൻസ വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ വൈറസ് വ്യാപനം ഉയരുമെന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ആദ്യമായി സെക്കന്ററി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാവും വാക്സിൻ നൽകുക. സ് കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരകമായതും ആശുപത്രികളിൽ ചികിത്സ ആവശ്യമായതുമായ പകർച്ചപ്പനി കോവിഡ് സമയത്ത് കൂടുതൽ ഭീഷണി ഉയർത്തും. എന്നാൽ എത്ര വലിയ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന് അറിവില്ല. കൊറോണ വൈറസ് തടയുന്നതിനുള്ള സാമൂഹിക-അകലം, ശുചിത്വ നടപടികൾ രോഗം കുറയുന്നതിന് കാരണമായേക്കുമെന്നും കരുതുന്നുണ്ട്.
കൊറോണ വൈറസ് രോഗികൾ, അവരോടൊപ്പം കഴിയുന്നവർ, ഗർഭിണികൾ, രണ്ട് വയസ്സിനു മുകളിലുള്ള പ്രീ-സ്കൂൾ കുട്ടികൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വാക്സിൻ ലഭിക്കും. 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് 65 വയസ്സിനു മുകളിലുള്ളവർക്കാവും ലഭിക്കുക. സെപ്റ്റംബറിൽ രോഗപ്രതിരോധ പദ്ധതി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികൾ മുൻനിരയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടിലെ 25 ദശലക്ഷം ആളുകൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയിരുന്നു.
“ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമാണിത്. ശൈത്യകാലത്തേക്ക് നീങ്ങുമ്പോൾ എൻഎച്ച്എസിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.” ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിലൂടെ പനി പകരുന്നത് തടയാനും അപകട സാധ്യത ലഘൂകരിക്കാനും കഴിയുമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. ആരോഗ്യ-പരിചരണ തൊഴിലാളികളെല്ലാം സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് തികച്ചും നിർണായകമാണ്. കഴിഞ്ഞ വർഷം 74% ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു.
സ്വന്തം ലേഖകൻ
ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ നശിപ്പിക്കുന്നതിനായി റഷ്യ, ആയുധ മാതൃകയിലുള്ള സാറ്റ്ലൈറ്റ് വികസിപ്പിച്ചതായി യുഎസും യുകെയും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മുൻപ് തന്നെ യുഎസ് റഷ്യയുടെ സാറ്റ്ലൈറ്റ് പരീക്ഷണങ്ങളെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ആദ്യമായി യുകെയും തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ പ്രവർത്തനങ്ങൾ തങ്ങളെ ബാധിക്കുകയില്ല എന്ന് ബ്രിട്ടന്റെ നിരീക്ഷണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രതികരണം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഒരു ആയുധത്തിനുള്ള എല്ലാ പ്രത്യേകതകളോടും കൂടിയാണ് പുതിയ സാറ്റ്ലൈറ്റ് റഷ്യ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് യു കെ സ്പേസ് ഡയറക്ടറേറ്റ് ഹെഡ്, എയർ വൈസ് മാർഷൽ ഹാർവെയ് സ്മിത്ത് പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങൾ നിലവിലുള്ള സമാധാനം തകർക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ റഷ്യ തങ്ങളുടെ പരിശ്രമത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും, അത് തികച്ചും സമാധാനപരമായി ആയിരിക്കണമെന്നുമുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്ന നൂറോളം രാജ്യങ്ങളിൽ ഉൾപ്പെട്ടവരാണ് യു എസ്, യു കെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ. ബഹിരാകാശത്തേക്ക് ഒരിക്കലും ആയുധങ്ങൾ അയക്കരുത് എന്ന നിർദ്ദേശവും ഈ കരാറിൽ ഉൾപ്പെടുന്നു.
ജൂലൈ 15 നാണ് റഷ്യയുടെ ഈ സാറ്റലൈറ്റ് പരീക്ഷണം നടന്നത്. ഈ പരീക്ഷണത്തിന് എതിരെ അമേരിക്കയും ബ്രിട്ടണും ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
സ്വന്തം ലേഖകൻ
യു കെ :- പ്രശസ്തനായ അമേരിക്കൻ അഭിനേതാവ് ജോണി ഡെപ്പിനെതിരെ കോടതിയിൽ മൊഴി നൽകി മുൻഭാര്യയും, നടിയുമായ ആംബർ ഹെഡ്. ചിലപ്പോഴൊക്കെ സ്നേഹവും, കരുതലും ഉള്ള വ്യക്തിയാണെങ്കിലും, പലപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം തികച്ചും അനിയന്ത്രിതമായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടി വ്യക്തമാക്കി. സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ഗാർഹിക പീഡകനായി ജോണി ഡെപ്പിനെ ചിത്രീകരിച്ച സൺ ദിനപത്രത്തിന്റെ പബ്ലിഷർക്കെതിരെ അദ്ദേഹം കേസ് കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരി പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു വരുന്നതായും നടി ഏറ്റു പറഞ്ഞിട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകളെ പറ്റി നടി അമ്മയ്ക്ക് അയച്ച മെസ്സേജുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്. 2015 മുതൽ 2017 വരെ ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ആംബർ ഹെഡ്. അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചതിനാൽ അദ്ദേഹത്തിന്റെ പല മോശം സ്വഭാവങ്ങളും കണ്ടില്ലെന്ന് നടിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് പ്രതികരിച്ചതെന്ന് നടി പറഞ്ഞു.
എന്നാൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ എല്ലാം തന്നെ ജോണി ഡെപ്പ് നിഷേധിച്ചിട്ടുണ്ട്. തന്നെ മനഃപൂർവം കുടുക്കാൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകൾ എല്ലാം തന്നെ കൃത്രിമമായി തയ്യാറാക്കപ്പെട്ടവ ആണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സൂപ്പർമാർക്കറ്റുകൾ, ഇൻഡോർ ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഇനി മുതൽ ഫേസ് മാസ്ക് നിർബന്ധമാണ്. ഭക്ഷണവും പാനീയവും വാങ്ങുമ്പോഴും അവ ധരിച്ചിരിക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. 11 വയസ്സിന് താഴെയുള്ള കുട്ടികൾ, ശ്വസന ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും സർക്കാർ വ്യക്തമാക്കി. എന്നിരുന്നാലും നിയമങ്ങൾ പാലിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മാർഗനിർദേശം പരിഷ്കരിക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ചില സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. ഉദാഹരണത്തിന് ബാങ്കുകളിലെ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവർ ആവശ്യപ്പെടുമ്പോൾ മാത്രം. കടകളിൽ ജോലി ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും തൊഴിലുടമകൾക്ക് ഈ കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 ൽ നിന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച മറ്റ് ഇടങ്ങളിൽ മുഖം മൂടുന്നത് നിർബന്ധമാക്കിയിട്ടില്ല. ഈറ്റ് ഇൻ റസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രസ്സറുകൾ, ജിമ്മുകൾ, തിയേറ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 10 മുതൽ സ് കോട്ട്ലൻഡിലെ കടകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
മുഖം മറയ്ക്കുന്നതിനുള്ള ഉപദേശങ്ങൾ പോസ്റ്ററുകളിലൂടെയും മറ്റും പൊതുജനങ്ങളെ ഉത്ബോധിപ്പിക്കാൻ കടയുടമകളെ ഉപദേശിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകളുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ലോമാൻ പറഞ്ഞു. ഇംഗ്ലണ്ടിലെയും സ് കോട്ട്ലൻഡിലെയും പൊതു ഗതാഗതത്തിലും വടക്കൻ അയർലണ്ടിലെ ബസുകൾ, ട്രെയിനുകൾ, ബോട്ടുകൾ എന്നിവയിലും മാസ്ക് നിർബന്ധമാണ്. ജൂലൈ 27 മുതൽ വെയിൽസിലെ പൊതുഗതാഗതത്തിലും അവ നിർബന്ധമായിരിക്കും.
സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിൽ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുമായി ബന്ധപ്പെടുന്നതിൽ സർക്കാരിന്റെ ടെസ്റ്റ്-ട്രേസ് സംവിധാനം പരാജയപ്പെട്ടുവെന്ന് കണ്ടെത്തൽ. പ്രാദേശിക നേതാക്കളും പൊതുജനാരോഗ്യ ഡയറക്ടർമാരും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും അധികം രോഗികൾ ഉള്ള ഇടങ്ങളിൽ ടെസ്റ്റ് ആൻഡ് ട്രേസ് ബന്ധപ്പെട്ടത് 80 ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ്. സർക്കാരിന്റെ ഈ സിസ്റ്റം ഫലപ്രദമാകേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ ആവർത്തിച്ചു പറയുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന ആറാമത്തെ അണുബാധ നിരക്ക് ഉള്ള ല്യൂട്ടണിൽ, അപകടസാധ്യതയുള്ളവരിൽ 47% പേരെ മാത്രമാണ് പരിശോധനയും കണ്ടെത്തലും വഴി ബന്ധപ്പെട്ടിരിക്കുന്നത്.
സെർകോ, സിറ്റെൽ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയ കേന്ദ്രീകൃത ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ പ്രാദേശിക ബന്ധപ്പെടൽ കുറഞ്ഞതിൽ പൊതുജനാരോഗ്യ ഡയറക്ടർമാർ നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള നാല് പ്രദേശങ്ങളിലായി 5,500 ൽ അധികം ആളുകളോട് ഐസൊലേഷനിൽ കഴിയാൻ പറയുമ്പോഴും അവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലീസസ്റ്ററിലെ 3,340 പേരും കിർക്ക്ലീസിലെ 984 പേരും റോച്ച്ഡെയ്ലിലെ 759 പേരും ബ്ലാക്ക്ബേണിൽ 448 ആളുകളും ഇതിൽ ഉൾപ്പെടുന്നു. ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം ഫലപ്രദമാകണമെങ്കിൽ രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ 80% പേരെ 48 മുതൽ 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെടണമെന്നും സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിക്കണമെന്നും സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു.
ബ്ലാക്ക്ബേണിൽ 54%, ലീസസ്റ്ററിൽ 65%, റോച്ച്ഡെയ്ലിൽ 66%, കിർക്ക്ലീസിൽ 77% എന്നിങ്ങനെയാണ് ടെസ്റ്റ് ആൻഡ് ട്രേസ് ബന്ധപ്പെട്ടവരുടെ കണക്ക്. ബെഡ്ഫോർഡ്ഷയർ ടൗണിലെ കുറഞ്ഞ നിരക്കിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ല്യൂട്ടൻ ബറോ കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജെറി ടെയ്ലർ പറഞ്ഞു. “47% വളരെ കുറവാണ്. കോൺടാക്റ്റ് ട്രെയ്സിംഗിന്റെ ഭൂരിഭാഗവും നമ്മിൽ നിന്ന് വളരെ അകലെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം പരാജയപ്പെട്ടുവെന്ന് ബ്ലാക്ക്ബേണിന്റെ ലേബർ എംപി കേറ്റ് ഹോളർ പറഞ്ഞു. പ്രാദേശിക രോഗവ്യാപനം നിയന്ത്രിക്കാൻ ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക അധികാരികളുമായി ഈ സേവനം ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ , സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു. നിലവിലെ സിസ്റ്റത്തിന് കീഴിൽ, കോണ്ടാക്റ്റ് ട്രേസർമാർ ടെക്സ്റ്റ്, ഇമെയിൽ അല്ലെങ്കിൽ ഫോൺ കോൾ വഴി 10 തവണ വരെ രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നു.
സ്വന്തം ലേഖകൻ
ഇന്ത്യ :- കൊറോണ ബാധക്കെതിരെ ഹോമിയോ മരുന്നായ ആഴ്സെനിക് ആൽബം ഫലപ്രദമാണെന്ന് മാർച്ച് 6 ന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ ആയുഷ് മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ മൂന്നു ദിവസം ഈ മരുന്ന് വെറുംവയറ്റിൽ കഴിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ ഇത് തെറ്റാണെന്നാണ് പുതിയ കണ്ടെത്തലുകൾ വെളിവാക്കുന്നത്. ഈ മരുന്ന് കൊറോണ ബാധ ക്കെതിരെയുള്ള പൂർണമായ സംരക്ഷണം നൽകുമെന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ ലോക്ക് ഡൗൺ നിയമങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറാകാത്തതും ആശങ്കാജനകമാണ്.
ഗ്ലിസറിൻ, ആൽക്കഹോൾ, വെള്ളം എന്നിവയടങ്ങിയ മിശ്രിതത്തിൽ ആഴ്സെനിക് ട്രൈഓക്സൈഡ് ആദ്യം കലർത്തും. തുടർന്ന് ഒരു മില്ലിലിറ്റർ ഈ മിശ്രിതം 99 മില്ലിലിറ്റർ വെള്ളവും ഏതിൽ ആൽക്കഹോളും അടങ്ങിയ മിശ്രിതത്തിലേക്ക് കലർത്തി നേർപ്പിക്കും. ഇത് പലതവണ ആവർത്തിച്ചാണ് ആഴ്സനിക് 30 ഉണ്ടാക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ ബാധയെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ല.
ഹോമിയോപ്പതി അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സാരീതി ആണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ലെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുകെ നാഷണൽ ഹെൽത്ത് സർവീസസും ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ ആഴ്സെനിക് 30 കൊറോണ ബാധക്കെതിരെയുള്ള മരുന്നായി ഉപയോഗിക്കുന്നത്, ജനങ്ങളിൽ ആശങ്ക പടർത്താൻ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ എന്നാണ് പുതിയ കണ്ടെത്തൽ.
സ്വന്തം ലേഖകൻ
ആഗസ്റ്റ് 4ന് വരാനിരിക്കുന്ന പിറന്നാൾ അടുത്ത സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് മേഗൻ. ആഘോഷത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ എല്ലാം മുൻപേതന്നെ കോവിഡ്19 ടെസ്റ്റ് നടത്തും. അശ്രദ്ധയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങാൻ താൽപര്യമില്ലെന്ന് മേഗൻ പറഞ്ഞു.
മേഗൻ മാർക്കിളും പ്രിൻസ് ഹാരിയും വളരെ കാലമായി വീടിനുള്ളിലിരുന്ന് മനസ്സ് മരവിച്ചു എന്നും, പിറന്നാൾ ആഘോഷത്തിനു വേണ്ടി ചെറിയ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നും അവരുടെ വക്താവ് പറഞ്ഞു. ഓഗസ്റ്റ് നാലിന് നടക്കാനിരിക്കുന്ന പിറന്നാളിന് ഇപ്പോൾ താമസിക്കുന്ന ലോസ് ആഞ്ചൽസിലെ സൗധത്തിൽ നിന്നും മാറി സാന്താ ബാർബറ യുടെ പുറത്തുള്ള മോണ്ടസിറ്റോയിലെ സുഹൃത്ത് ഓഫി യുടെ അടുത്താകും ഇക്കുറി പിറന്നാൾ ആഘോഷം.
മേഗനും ഹാരിയും ഒരു വയസ്സുള്ള മകൻ ആർച്ചിയും ഇപ്പോൾ ഹോളിവുഡ് പ്രൊഡ്യൂസറായ ടൈലർ പെറിയുടെ 18 മില്യൺ മൂല്യം വരുന്ന സൗധത്തിൽ ആണ് താമസിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങളിൽ മാത്രമേ ഇരുവരെയും പുറത്ത് കണ്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. മേഗന്റെ അമ്മയായ 63 കാരിയായ ടോറിയ റാഗ് ലൻഡ് 14 മാസം പ്രായമുള്ള ആർച്ചിയെ പരിചരിച്ചു കൊണ്ട് ഇവർക്കൊപ്പം ആണ് താമസം. കുട്ടി ജനിച്ചതിനു ശേഷം ആദ്യമായാണ് ടോറിയ പേരക്കുട്ടിക്കൊപ്പം തങ്ങുന്നത്.
കഴിഞ്ഞവർഷത്തെ മേഗന്റെ പിറന്നാൾ ഇംഗ്ലണ്ടിലെ വിൻസറിൽ ഉള്ള ഫ്രോഗ്മോർ കോട്ടേജിൽ കുടുംബ ദിനമായാണ് ആഘോഷിച്ചത്. അത്യാഡംബരങ്ങൾ ഇല്ലാതിരുന്ന ചടങ്ങിൽ ക്യാരറ്റ് കേക്ക് ആണ് മേഗൻ മുറിച്ചത്.
വെസ്റ്റ്മിനിസ്റ്റർ ആബിയിലെ രാജകുടുംബാംഗങ്ങളുടെ പിറന്നാൾ ദിനത്തിൽ പ്രത്യേകമായി മുഴങ്ങാറുള്ള പിറന്നാൾ മണി ഇത്തവണ മേഗന് വേണ്ടി മുഴങ്ങില്ല. അതേസമയം 11 ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രിൻസസ് ആനിന് വേണ്ടി മുഴങ്ങും എന്ന് വക്താക്കൾ അറിയിച്ചു. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും, കേംബ്രിഡ്ജ് പ്രഭുവിനെയും പ്രഭ്വിയുടെയും പിന്തുടർച്ചാവകാശികൾക്കും വേണ്ടി മാത്രമുള്ളതാണെന്ന് പിറന്നാൾ മണിയെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെ രാഷ്ട്രീയത്തിലെ റഷ്യൻ സ്വാധീനത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ രഹസ്യാന്വേഷണ, സുരക്ഷാ സമിതി പ്രസിദ്ധീകരിച്ചു. ക്രെംലിൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടുവെന്ന് റഷ്യ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2016 ലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ ഇടപെടാനുള്ള ക്രെംലിന്റെ ശ്രമങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ ബ്രിട്ടീഷ് സർക്കാരും രഹസ്യാന്വേഷണ ഏജൻസികളും പരാജയപ്പെട്ടുവെന്നാണ് റഷ്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സുരക്ഷാ സേവനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. വിദേശ ചാരവൃത്തി തടയുന്നതിനുള്ള നിയമനിർമ്മാണം ഡൗണിംഗ് സ്ട്രീറ്റിന്റെ പരിഗണയിലാണ്. പുതിയ നിയമപ്രകാരം, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സമാന ആവശ്യങ്ങൾക്കനുസൃതമായി വിദേശ ഏജന്റുമാർ യുകെയിൽ രജിസ്റ്റർ ചെയ്യണം. റഷ്യൻ പ്രവർത്തനത്തെ തടയുന്നതിൽ ബ്രിട്ടൻ പരാജയപ്പെട്ടു. റഷ്യൻ ഇടപെടലിന്റെ ഭീഷണിയെ കുറച്ചുകാണുന്നുവെന്ന് എംപിമാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിമാർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
ഈ വിഷയത്തിൽ സർക്കാർ അലംഭാവം പ്രകടിപ്പിച്ചതായും പ്രതിരോധത്തിൽ ഗുരുതര പിഴവ് ഉണ്ടായെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. നിലവിലുള്ള അധികാരങ്ങൾ അപര്യാപ്തമാണെന്ന് 18 മാസം മുമ്പ് അറിഞ്ഞിട്ടും റഷ്യൻ ഇടപെടലിനെ പ്രതിരോധിക്കാനുള്ള നിയമനിർമ്മാണം സർക്കാർ വൈകിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. റഷ്യൻ ഇടപെടലിൽ കൂടുതൽ ജാഗ്രത പുലർത്തുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. “റഷ്യയുടെ സമ്മർദ്ദം കാരണം ഈ രാജ്യത്തെ ജനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ വോട്ട് ചെയ്തില്ല.” ജോൺസൻ വെളിപ്പെടുത്തി.
യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അവകാശവാദങ്ങൾ അന്വേഷിക്കാൻ സർക്കാർ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തി. ഇടപെടൽ നടത്തിയതിന് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. റഷ്യൻ ചാരവൃത്തിയും അട്ടിമറിയും നേരിടാൻ ആവശ്യമായ നടപടികൾ മന്ത്രിമാർ ചർച്ച ചെയ്യുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : എൻഎച്ച്എസ് ജീവനക്കാരിൽ പകുതിയോളം പേർക്കും ഏപ്രിലിൽ കോവിഡ് ഉണ്ടായിരുന്നെന്നും ആവശ്യമായ പരിശോധനകൾ ലഭിച്ചില്ലെന്നും വെളിപ്പെടുത്തൽ. ജീവനക്കാർ ആശുപത്രിയിൽ നിന്ന് അവധി എടുക്കുമെന്ന് ഭയന്ന് രോഗികളായ പല സ്റ്റാഫുകളെയും പരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്ന് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ, രാജ്യത്തെ പ്രമുഖ ശാസ്ത്ര വിദഗ്ധരിൽ ചിലർ കോവിഡ് -19 പ്രതിസന്ധിയോടുള്ള ബ്രിട്ടന്റെ പ്രതികരണത്തെ ആക്ഷേപിക്കുകയും തയ്യാറെടുപ്പിലെ കാലതാമസം ഒരു വലിയ ദുരന്തത്തിലേക്ക് നയിച്ചതായും അവകാശപ്പെട്ടു. ഏപ്രിലിൽ 45 ശതമാനം ആരോഗ്യ പ്രവർത്തകരും കോവിഡ് -19 രോഗബാധിതരായിരുന്നുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിസിൻ വിദഗ്ധനായ പ്രൊഫസർ സർ ജോൺ ബെൽ പറഞ്ഞു. ബ്രിട്ടനിൽ 540 സോഷ്യൽ കെയർ ജീവനക്കാർ രോഗം പിടിപെട്ട് മരണമടഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ നടപ്പിലാക്കാൻ കാലതാമസം നേരിട്ടതായും അവർ പറഞ്ഞു. എന്നാൽ ‘പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ’ ഉണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അറിയിച്ചു.
വീടിന് പുറത്തുള്ള കോണ്ടാക്ടുകളിൽ നിന്ന് വൈറസ് പടരുന്നതിനേക്കാൾ കുടുംബാംഗങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത അഞ്ചു മടങ്ങാണെന്ന് കൊറിയൻ പഠനം സൂചിപ്പിക്കുന്നു. കൊറിയ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ (കെസിഡിസി) ഗവേഷകർ 5,706 രോഗികളെയും അവരുമായി സമ്പർക്കം പുലർത്തിയ 59,000 ത്തിലധികം ആളുകളെയും പരിശോധിച്ചു. രോഗബാധിതരായ 50 പേരിൽ ഒരാൾക്ക് മാത്രമാണ് വീടിന് പുറത്തുള്ള കോൺടാക്റ്റുകളിൽ നിന്ന് വൈറസ് പിടിപെട്ടതെന്ന് അവർ കണ്ടെത്തി. അതേസമയം പത്തിൽ ഒരാൾക്ക് സ്വന്തം കുടുംബാംഗത്തിൽ നിന്ന് വൈറസ് പടർന്നിട്ടുണ്ട്. ഏകദേശം 10,600 ഗാർഹിക കോൺടാക്റ്റുകളിൽ 11.8 ശതമാനം പേർക്ക് കോവിഡ് ഉണ്ടായിരുന്നു. 48,000 ൽ കൂടുതൽ ഗാർഹികേതര കോൺടാക്റ്റുകളിൽ 1.9 ശതമാനം പേർക്ക് മാത്രമാണ് രോഗം.
രോഗവ്യാപനം ഉയരുന്ന ഈ ഘട്ടത്തിൽ സ്കൂളുകൾ തുറക്കണമോ എന്ന ചോദ്യമാണ് പല രാജ്യങ്ങളും മുന്നോട്ട് വെക്കുന്നത്. ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടും എന്നതിനാൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മുതിർന്നവരെപ്പോലെ ശുചിത്വം ഇല്ലെന്നും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാനുള്ള സാധ്യത കുറവാണെന്നും കൊറിയൻ സിഡിസി വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ പൂർണ്ണമായും വീണ്ടും തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പഠന സ്ഥാപനങ്ങൾ പൂർണ്ണമായും വീണ്ടും തുറക്കുന്നില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ബ്രിട്ടനിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്. എന്നാൽ പൂർണമായും സുരക്ഷിതമായി സ്കൂളുകൾക്ക് പ്രവർത്തിക്കുവാൻ കഴിയുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.
സ്വന്തം ലേഖകൻ
ശ്രീയുസ്ബറി, ടെൽഫോർഡ് ട്രസ്റ്റുകളിലായി 496 ഓളം കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹെൽത്ത് സർവീസ് അനാസ്ഥ സംബന്ധിച്ച് ജനങ്ങൾ ആശങ്കയിലായി. ശിശുമരണങ്ങൾ, പ്രസവത്തിനു തൊട്ടുമുമ്പ് നവജാതശിശു മരിച്ച കേസുകൾ, നവജാതശിശുക്കളിലെ ബ്രെയിൻ ഡാമേജ്, ചുരുക്കം കേസുകളിൽ പ്രസവത്തിൽ അമ്മ മരിക്കുന്നത് തുടങ്ങി ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെതന്നെ ഗൂഢമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. എൻ എച്ച് എസ് ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 2000 ആണ്ടിൽ തുടങ്ങി 496 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡോണ ഒക്കൻഡൻ എന്ന മിഡ് വൈഫിന്റെ നേതൃത്വത്തിൽ 1862 ഓളം കേസുകൾ സ്വതന്ത്രമായി അന്വേഷിച്ചിരുന്നു. അവയുടെ വിശദാംശങ്ങൾ കഴിഞ്ഞമാസം ഈ വിഷയത്തിൽ അന്വേഷണം തുടങ്ങിയ വെസ്റ്റ് മെർസിയ പോലീസിന് കൈമാറും. ട്രസ്റ്റിന് എതിരെ കോർപ്പറേറ്റ് നരഹത്യയ്ക്കും, സ്റ്റാഫിനെതിരെ വ്യക്തിഗത നരഹത്യ വകുപ്പിലും കേസ് ചാർജ് ചെയ്യാൻ കഴിയുന്നത്ര തെളിവുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
ഡിജിറ്റലായി രേഖപ്പെടുത്തിയിരുന്ന 496 കേസുകളിൽ മാത്രമാണ് ഇപ്പോൾ എൻഎച്ച്എസ് ഓപ്പൺ ബുക്ക് റിവ്യൂ വെച്ചിരിക്കുന്നത്, പേപ്പർ ഡോക്യുമെന്റികളിൽ രേഖപ്പെടുത്തിയ അഞ്ഞൂറോളം കേസുകൾ ഇനിയും ബാക്കിയുണ്ടെന്നിരിക്കെയാണിത്. 2017ലെ ഹെൽത്ത് സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട്, അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഒക്കെൻഡൻ റിവ്യൂ എന്ന ഈ അന്വേഷണം രണ്ടു കുട്ടികളുടെ മരണത്തെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയും, അതേതുടർന്ന് വെളിച്ചം കണ്ട മറ്റ് 29 കേസുകളും ഉൾപ്പെടുന്നതാണ്. ഇതിൽ ഒരാളായ റിഹാന്നോൻ ഡേവിസ് തന്റെ മകൾ കേറ്റിന്റെ മരണത്തെ തുടർന്ന് എൻഎച്ച്എസിനെതിരെ വ്യാപകമായി ക്യാമ്പയിൻ നടത്തിയിരുന്നു. എൻ എച്ച് എസ് ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചെങ്കിലും അത്ര തുറന്ന രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എൻ എച്ച് എസിൽ നിന്നോ, ഇംഗ്ലണ്ടിന്റെ ആരോഗ്യമേഖലയിൽ നിന്നോ പ്രതിനിധികളെ ഉൾപ്പെടുത്താതെ സ്വതന്ത്രമായ രീതിയിലുള്ള ഒരു അന്വേഷണമാണ് ഒക്കെൻഡൻ റിവ്യൂവിലൂടെ തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ലൂയിസ് ബാർനെറ്റ് സംഭവത്തിൽ ഇരകളായവരോട് പൊതുമാപ്പ് പറഞ്ഞു. കുറച്ച് വ്യക്തികൾക്ക് നേരിട്ട കനത്ത ആഘാതം തനിക്ക് മനസ്സിലാകുന്നുണ്ട് എന്നും, ഇനി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
2005 ജനുവരിക്കും 2009 മാർച്ചിനും ഇടയിൽ 1200 ഓളം രോഗികളാണ് എൻഎച്ച്എസിന്റെ അനാസ്ഥമൂലം മരണപ്പെട്ടത്. റോയൽ കോളേജ് ഓഫ് ഒബ്സ്ട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജി 2018ൽ മറ്റേണിറ്റി കെയർ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാതിരിക്കാനാണ് അന്ന് ട്രസ്റ്റ് ശ്രമിച്ചത്. ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചത് പോലും ഒരു വിധത്തിൽ ട്രസ്റ്റിന് മുഖം രക്ഷിക്കാനുള്ള നീക്കം മാത്രമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.